ടി20യില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന താരമായി രോഹിത് ശര്‍മ്മ

ന്യൂസിലാണ്ടിനെതിരെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത രോഹിത് ശര്‍മ്മ മാര്‍ട്ടിന്‍ ഗുപ്ടിലിനെ മറികടന്ന് ഈ ഫോര്‍മാറ്റില്‍ ഏറ്റവും അധികം അന്താരാഷ്ട്ര റണ്‍സ് നേടുന്ന താരം എന്ന ബഹുമതി സ്വന്തമാക്കി. ന്യൂസിലാണ്ടിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തിനിടെ 159 റണ്‍സ് വിജയ ലക്ഷ്യം തേടി ബാറ്റിംഗിനു ഇറങ്ങിയ രോഹിത് തന്റെ അര്‍ദ്ധ ശതകം തികയ്ക്കുന്നതിനിടെയാണ് ഈ നേട്ടം കുറിച്ചത്. 28 പന്തില്‍ നിന്നാണ് രോഹിത് തന്റെ അര്‍ദ്ധ ശതകം തികച്ചത്. താരം നേരിട്ട അടുത്ത പന്തില്‍ പുറത്തായപ്പോള്‍ 2288 റണ്‍സാണ് രോഹിതിന്റെ പേരിലുള്ള ടി20 റണ്‍സ്.

പരിക്കേറ്റ മാര്‍ട്ടിന്‍ ഗുപ്ടില്‍ ഇന്ത്യയ്ക്കെതിരെ കളിക്കുന്നില്ല എന്നതും രോഹിത്തിനു അനുകൂലമാക്കി മാറ്റിയിട്ടുണ്ട്. 2272 റണ്‍സാണ് മാര്‍ട്ടിന്‍ ഗുപ്ടില്‍ നേടിയിട്ടുള്ളത്. ഷൊയ്ബ് മാലിക് 2263 റണ്‍സുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ സ്ഥിരം നായകന്‍ വിരാട് കോഹ്‍ലിയാണ് 2167 റണ്‍സോടെ നാലാം സ്ഥാനത്ത്. വിരാടിനു ടി20 പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കുകയായിരുന്നു. 2140 റണ്‍സ് നേടിയ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ബ്രണ്ടന്‍ മക്കല്ലമാണ് പട്ടികയിലെ അഞ്ചാമന്‍.

ടി20യില്‍ പൊരുതി വീണ് പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്കയ്ക്ക് 6 റണ്‍സ് ജയം

ഷൊയ്ബ് മാലിക് അവസാന നിമിഷം വരെ പൊരുതിയെങ്കിലും പാക്കിസ്ഥാനു കേപ് ടൗണിലെ ആദ്യ ടി20യില്‍ പരാജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. അവസാന ഓവറില്‍ ജയിക്കുവാന്‍ 16 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാനു 9 റണ്‍സ് മാത്രമേ നേടാനായുള്ളു. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് ടീമിനു നേടാനായത്. മാലിക് 31 പന്തില്‍ നിന്ന് 49 റണ്‍സ് നേടി അവസാന ഓവറിലെ മൂന്നാം പന്തില്‍ പുറത്തായത് പാക്കിസ്ഥാന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.

റീസ ഹെന്‍ഡ്രിക്സ് 41 പന്തില്‍ നിന്ന് 74 റണ്‍സും ഫാഫ് ഡു പ്ലെസി 45 പന്തില്‍ 78 റണ്‍സും നേടിയെങ്കിലും അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വീണത് 200 കടക്കുന്നതില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ തടഞ്ഞു. രണ്ടാം വിക്കറ്റില്‍ 131 റണ്‍സ് നേടിയ ഫാഫ്-റീസ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കന്‍ സ്കോറിന്റെ അടിത്തറ. പാക്കിസ്ഥാനു വേണ്ടി ഉസ്മാന്‍ ഷിന്‍വാരി 3 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്റെ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത് ഷൊയ്ബ് മാലിക്(49), ഹുസൈന്‍ തലത്(40), ബാബര്‍ അസം(38) എന്നിവരുടെ സ്കോറുകളായിരുന്നു. മത്സരം പാക്കിസ്ഥാന്‍ ഇന്നിംഗ്സിന്റെ അവസാന 9 ഓവറിലേക്ക് കടന്നപ്പോള്‍ ടീമിനു വിജയിക്കുവാന്‍ 7 വിക്കറ്റ് കൈവശമുള്ളപ്പോള്‍ 93 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. എന്നാല്‍ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെ വട്ടം കറക്കിയെങ്കിലും മാലിക് പൊരുതി നിന്നു. അവസാന ഓവറില്‍ താരം പുറത്തായതോടെ പാക്കിസ്ഥാന്‍ പത്തി മടക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി ക്രിസ് മോറിസ്, തബ്രൈസ് ഷംസി, ബ്യൂറന്‍ ഹെന്‍ഡ്രിക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

താനാണ് ക്യാപ്റ്റനെന്ന് ഗ്രൗണ്ടിലെത്തിയ ശേഷം മാത്രമാണ് അറിഞ്ഞത്

സര്‍ഫ്രാസ് അഹമ്മദിനു നാല് മത്സരങ്ങളില്‍ നിന്നുളള വിലക്ക് ഏര്‍പ്പെടുത്തിയത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാലാം ഏകദിനത്തിനു മുമ്പ് തന്നെ അറിഞ്ഞിരുന്നുവെങ്കിലും താനാവും ക്യാപ്റ്റനെന്ന് അവസാന നിമിഷം മാത്രമാണ് അറിഞ്ഞതെന്ന് പറഞ്ഞ് പാക്കിസ്ഥാനെ ഇന്നലെ വിജയത്തിലേക്ക് നയിച്ച നായകന്‍ ഷൊയ്ബ് മാലിക്.

അന്ന് രാവിലെ മാത്രമാണ് സര്‍ഫ്രാസിന്റെ സസ്പെന്‍ഷന്റെ വാര്‍ത്ത അറിയുന്നത്. ഗ്രൗണ്ടിലെത്തിയതിനു ശേഷം മാത്രമാണ് താനാണ് നിയുക്ത ക്യാപ്റ്റനെന്ന് അറിയുന്നതെന്നും മാലിക് പറഞ്ഞു. ബോര്‍ഡും മാനേജ്മെന്റും ആവശ്യപ്പെടുന്ന ഏത് ചുമതലയും വഹിക്കുക എന്നതാണ് തന്റെ ദൗത്യമെന്നും മാലിക് പറഞ്ഞു.

മാലിക്കിന്റെ മികവില്‍ വിജയം പിടിച്ചെടുത്ത് പാക്കിസ്ഥാന്‍

പാക്കിസ്ഥാനു ഏഷ്യ കപ്പില്‍ ആവേശകരമായ ജയം. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് പരാജയമേറ്റു വാങ്ങിയ ശേഷം അഫ്ഗാനിസ്ഥാനെ സൂപ്പര്‍ 4 മത്സരത്തില്‍ നേരിടാനിറങ്ങിയ പാക്കിസ്ഥാന് 3 പന്ത് ശേഷിക്കെയാണ് 3 വിക്കറ്റ് ജയം പിടിച്ചെടുത്തത്. ഇമാം-ഉള്‍-ഹക്ക്(80), ബാബര്‍ അസം(66) എന്നിവര്‍ക്കൊപ്പം ഷൊയ്ബ് മാലിക്കും(51*) അഫ്ഗാന്‍ സ്പിന്നര്‍മാര്‍ ഒരുക്കിയ ശ്രമകരമായ ലക്ഷ്യം ആവേശകരമായ രീതിയില്‍ മറികടക്കുകയായിരുന്നു.

അവസാന മൂന്നോവറില്‍ 29 റണ്‍സ് നേടേണ്ടിയിരുന്ന പാക്കിസ്ഥാന്റെ വിജയ ശില്പിയെന്ന് വിശേഷിപ്പിക്കാവുന്നത് ഷൊയ്ബ് മാലിക് തന്നെയാണ്. 43 പന്തില്‍ നിന്നാണ് ഈ സീനിയര്‍ താരത്തിന്റെ 51 റണ്‍സ് ഇന്നിംഗ്സ്. വാലറ്റത്തില്‍ മാലിക്കിനൊപ്പമെത്തിയ താരങ്ങളും സമയോചിതമായി നേടിയ സിക്സറുകളും പാക്കിസ്ഥാന്‍ വിജയത്തിനു നിര്‍ണ്ണായകമായി.

ഫകര്‍ സമന്‍ പൂജ്യത്തിനു പുറത്തായ ശേഷം ബാബര്‍ അസവും ഇമാം-ഉള്‍-ഹക്കും ചേര്‍ന്ന് പതിഞ്ഞ തുടക്കമാണ് പാക്കിസ്ഥാനു നല്‍കിയത്. രണ്ടാം വിക്കറ്റില്‍ കൂട്ടുകെട്ട് മികച്ച കൂട്ടുകെട്ടുമായി പാക്കിസ്ഥാനെ ലക്ഷ്യത്തിലേക്ക് നയിക്കുന്നതിനിടയില്‍ 80 റണ്‍സ് നേടിയ ഇമാം ഉള്‍ ഹക്ക് റണ്ണൗട്ടായത് പാക്കിസ്ഥാനു തിരിച്ചടിയായി.

തുടര്‍ന്ന് ബാബര്‍ അസമും ഏതാനും ഓവറുകള്‍ക്ക് ശേഷം പുറത്തായപ്പോള്‍ പാക്കിസ്ഥാന്‍ 158/3 എന്ന നിലയിലായിരുന്നു. ഷൊയ്ബ് മാലിക്കിന്റെ ഒറ്റയാള്‍ പ്രകടനമാണ് പിന്നീട് അബു ദാബിയില്‍ കണ്ടത്. അവസാന നാലോവറില്‍ ജയത്തിനായി 39 റണ്‍സ് നേടേണ്ടിയിരുന്ന പാക്കിസ്ഥാനായി ക്രീസില്‍ ഷൊയ്ബ മാലിക്കും ആസിഫ് അലിയുമായിരുന്നു.

അടുത്ത ഓവര്‍ എറിയാനെത്തിയ റഷീദ് ഖാനെ സിക്സര്‍ പറത്തിയ ആസിഫ് അലിയെ തൊട്ടടുത്ത പന്തില്‍ പുറത്താക്കി റഷീദ് ഖാന്‍ പാക്കിസ്ഥാനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. അടുത്ത ഓവറില്‍ 11 റണ്‍സ് നേടി ഷൊയ്ബ് മാലിക്കും-മുഹമ്മദ് നവാസും ചേര്‍ന്ന് ലക്ഷ്യം 12 പന്തില്‍ 18 റണ്‍സായി കുറച്ച് പാക് ക്യാമ്പില്‍ പ്രതീക്ഷ നല്‍കി.

റഷീദ് ഖാന്‍ മുഹമ്മദ് നവാസിനെ(10) 49ാം ഓവറില്‍ പുറത്താക്കിയെങ്കിലും തൊട്ടടുത്ത പന്തില്‍ സിക്സര്‍ പറത്തി ഹസന്‍ അലി ലക്ഷ്യം 8 പന്തില്‍ 10 റണ്‍സാക്കി കുറച്ചു. എന്നാല്‍ അടുത്ത രണ്ട് പന്തുകളില്‍ റണ്‍സ് വിട്ട് നല്‍കാതെ റഷീദ് ഖാന്‍ മത്സരം അവസാന ഓവറിലേക്ക് നയിച്ചു. അഫ്താബ് അലം എറിഞ്ഞ അവസാന ഓവറില്‍ സിക്സും ബൗണ്ടറിയും നേടി ഷൊയ്ബ് മാലിക് തന്റെ അര്‍ദ്ധ ശതകവും മൂന്ന് പന്ത് അവശേഷിക്കെ പാക്കിസ്ഥാനെ വിജയത്തിലേക്കും നയിച്ചു.

വിവാദങ്ങള്‍ അവസാനിക്കുന്നില്ല, സാനിയയെയും താരം ശല്യം ചെയ്തുവെന്ന് ഷൊയ്ബ് മാലിക്

6 മാസത്തേക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ബംഗ്ലാദേശ് വിലക്കിയ താരത്തിനെതിരെ പുതിയ ആരോപണവുമായി പാക്കിസ്ഥാന്‍ താരം ഷൊയ്ബ് മാലിക്. തന്റെ ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിര്‍സയെ സബ്ബിര്‍ റഹ്മാന്‍ ശല്യം ചെയ്തുവെന്നാണ് ഇപ്പോള്‍ ഷൊയ്ബ് മാലിക് പറയുന്നത്. നാല് വര്‍ഷം മുമ്പ് ബംഗ്ലാദേശില്‍ ഒരു പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് കളിക്കുവാന്‍ എത്തിയപ്പോളാണ് തങ്ങള്‍ക്ക് ഈ ദുരനുഭവമെന്നാണ് മാലിക് വെളിപ്പെടുത്തുന്നത്.

സോഷ്യല്‍ മീഡിയയില്‍ ആരാധകനെതിരെ മോശം ഭാഷയില്‍ പ്രതികരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ഇപ്പോള്‍ ബോര്‍ഡ് നടപടിയെടുത്തിരിക്കുന്നത്. മുമ്പും പലതവണ താരത്തിനെതിരെ അച്ചടക്ക നടപടികള്‍ ബോര്‍ഡ് എടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്ത പ്രകാരം ഷൊയ്ബ മാലിക് തന്റെ അന്നത്തെ അനുഭവത്തിനു ശേഷം ഇപ്പോള്‍ താരത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ദേശീയ ടീമിനായി 43 ഏകദിനങ്ങളും 39 ടി20 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിട്ടുള്ള താരം മികച്ച ബാറ്റ്സ്മാനായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും കളിക്കളത്തിലെയും പുറത്തെയും മോശം പെരുമാറ്റം താരം ബംഗ്ലാദേശിനു തലവേദന സൃഷ്ടിക്കുക പതിവാണ്.

മാലിക് മടങ്ങുന്നു, പകരം ക്രിസ് ഗ്രീന്‍

ഏഷ്യ കപ്പിനുള്ള പാക്കിസ്ഥാന്‍ പരിശീലന ക്യാമ്പിലേക്ക് ഷൊയ്ബ് മാലിക്ക് മടങ്ങിയതിനെത്തുടര്‍ന്ന് കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ശേഷിക്കുന്ന സീസണില്‍ ക്രിസ് ഗ്രീന്‍ ഗയാന ആമസോണ്‍ വാരിയേഴ്സിനു വേണ്ടി കളിക്കും. ഓഗസ്റ്റ് 17 വരെ ടീമിലുണ്ടാവില്ലെന്ന് അറിയിച്ച കാമറൂണ്‍ ഡെല്‍പോര്‍ട്ടിനു പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തിയ താരമാണ് ക്രിസ് ഗ്രീന്‍. ചില മത്സരങ്ങളില്‍ ടീമിനു വേണ്ടി കളിക്കുകയും അവയില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാനും ഗ്രീനിനു സാധിച്ചിരുന്നു.

ബിഗ് ബാഷ് ലീഗില്‍ സിഡ്നി തണ്ടറിനു വേണ്ടി കളിക്കുന്ന ക്രിസ് ഗ്രീന്‍ ഈ വര്‍ഷം സിപിഎലില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. നിലവില്‍ മൂന്ന് വിജയങ്ങളുള്ള ആമസോണ്‍ വാരിയേഴ്സ് ലീഗില്‍ നാലാം സ്ഥാനത്താണ്. ക്രിസ് ഗ്രീന്‍ ഇതുവരെ അഞ്ച് വിക്കറ്റുകളാണ് സിപിഎലില്‍ ഈ സീസണില്‍ നേടിയിട്ടുള്ളത്.

മാലിക് ഏഴായിരം ക്ലബ്ബില്‍

പാക്കിസ്ഥാനു വേണ്ടി ഏകദിന ക്രിക്കറ്റില്‍ ഏഴായിരം റണ്‍സ് നേടുന്ന താരമായി മാറി ഷൊയ്ബ് മാലിക്. ഇന്ന് സിംബാബ്‍വേയ്ക്കെതിരെയുള്ള തന്റെ ഇന്നിംഗ്സിനിടെ 18 റണ്‍സ് നേടി പുറത്താകുന്നതിനിടെയാണ് പാക് സീനിയര്‍ താരം ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന പാക്കിസ്ഥാന്റെ എട്ടാമത്തെ താരമാണ് ഷൊയ്ബ്.

15 പന്തില്‍ നിന്ന് 18 റണ്‍സ് നേടിയ മാലിക്കിനെ ടെണ്ടായി ചതാര വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഷൊയ്ബ് മാലിക്, ഗയാന ആമസോണ്‍ വാരിയേഴ്സ് നായകന്‍

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2018ല്‍ ഗയാന ആമസോണ്‍ വാരിയേഴ്സിനെ പാക്കിസ്ഥാന്‍ താരം ഷൊയ്ബ് മാലിക് നയിക്കും. പാക്കിസ്ഥാനെ 36 ടി20 മത്സരങ്ങളില്‍ നയിച്ചിട്ടുള്ള താരം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2017-18 സീസണില്‍ മുല്‍ത്താന്‍ സുല്‍ത്താന്‍സിനെയും നയിച്ചിട്ടുണ്ട്. 36 വയസ്സുകാരന്‍ ഓള്‍റൗണ്ടര്‍ ബാര്‍ബഡോസ് ട്രിഡന്റ്സിനു വേണ്ടിയാണ് സിപിഎലില്‍ അരങ്ങേറ്റം കുറിച്ചിട്ടുള്ളത്.

ബാര്‍ബഡോസിനു വേണ്ടി 1200ലധികം റണ്‍സ് നേടിയിട്ടുള്ള താരത്തെ ഈ വര്‍ഷം ആമസോണ്‍ വാരിയേഴ്സ് സ്വന്തമാക്കകുയായിരുന്നു. മാലിക്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നാണ് വാരിയേഴ്സ് കോച്ച് ജോണ്‍ ബോത്ത പറഞ്ഞത്.

ടൂര്‍ണ്ണമെന്റില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഓഗസ്റ്റ് 9നു ആമസോണ്‍ വാരിയേഴ്സ് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാക്സ്വെല്‍ മാജിക്കിനു ശേഷം പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ച് ഫകര്‍ സമന്‍

പാക്കിസ്ഥാന്‍ ബാറ്റിംഗ് നിരയില്‍ തനിക്ക് കൂട്ടായി ഓപ്പണിംഗില്‍ പലരുമെത്തി പരാജയപ്പെട്ടുവെങ്കിലും തന്റെ മിന്നും ഫോം തുടര്‍ന്ന പാക്കിസ്ഥാന്‍ ഓപ്പണര്‍ ഫകര്‍ സമന്റെ മികവില്‍ ത്രിരാഷ്ട്ര പരമ്പര ഫൈനല്‍ സ്വന്തമാക്കി പാക്കിസ്ഥാന്‍. ഗ്ലെന്‍ മാക്സ്വെല്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായ പാക്കിസ്ഥാന്‍ തോല്‍വിയിലേക്കാണ് വീഴുന്നതെന്ന തോന്നല്‍ സൃഷ്ടിക്കുവാന്‍ ഓസ്ട്രേലിയയ്ക്കായെങ്കിലും സമനു മറ്റു പദ്ധതികളായിരുന്നുവുണ്ടായിരുന്നത്.

മാക്സ്വെല്ലിനെക്കൊണ്ട് ബൗളിംഗ് ഓപ്പണ്‍ ചെയ്ത ഫിഞ്ചിനു ഇരട്ട നേട്ടമാണ് ആദ്യ ഓവര്‍ കഴിഞ്ഞപ്പോള്‍ സ്വന്തമാക്കുവാനായത്. ആദ്യ പന്തില്‍ അരങ്ങേറ്റക്കാരന്‍ സാഹിബ്സാദ ഫര്‍ഹാനെയും നാലാം പന്തില്‍ ഹുസൈന്‍ തലത്തിനെയും പാക്കിസ്ഥാനു നഷ്ടമായപ്പോള്‍ സ്കോര്‍ ബോര്‍ഡ് 2/2 എന്ന നിലയിലായിരുന്നു. പിന്നീട് സര്‍ഫ്രാസ് അഹമ്മദിനൊപ്പം 45 റണ്‍സ് കൂടി സമന്‍ നേടിയെങ്കിലും 28 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സര്‍ഫ്രാസ് പുറത്തായത് ടീമിനെ വീണ്ടും പ്രതിസന്ധിയിലാക്കി.

എന്നാല്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശിയ ഫകര്‍ സമന്‍ 11.3 ഓവറില്‍ ആഷ്ടണ്‍ അഗറിനെ സിക്സര്‍ പറത്തി തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. 30 പന്തില്‍ നിന്നാണ് ഫകര്‍ തന്റെ അര്‍ദ്ധ ശതകം നേടിയത്. അര്‍ദ്ധ ശതകം നേടിയതിനു ശേഷം കൂടുതല്‍ ആക്രമിച്ചു കളിച്ച ഫകര്‍ സമന്‍ ഓസ്ട്രേലിയയുടെ വിജയ പ്രതീക്ഷകളെ ഇല്ലാതാക്കുകയായിരുന്നു.

നാലാം വിക്കറ്റില്‍ കൂട്ടായി എത്തിയ ഷൊയ്ബ് മാലിക്കുമായി ചേര്‍ന്ന് 107 റണ്‍സ് നേടി പാക്കിസ്ഥാന്റെ വിജയം ഉറപ്പാക്കുവാന്‍ സമനു സാധിച്ചു. 46 പന്തില്‍ നിന്ന് 91 റണ്‍സ് നേടി ഫകര്‍ പുറത്തായെങ്കിലും പാക്കിസ്ഥാനെ വിജയത്തിനു അടുത്തെത്തിച്ച ശേഷമാണ് താരം മടങ്ങിയത്. 43 റണ്‍സുമായി ഷൊയ്ബ് മാലിക് പുറത്താകാതെ നിന്നപ്പോള്‍ 17 റണ്‍സുമായി ആസിഫ് അലിയും മാലിക്കിനു മികച്ച പിന്തുണയുമായി വിജയ സമയത്ത് ക്രീസില്‍ നിലയുറപ്പിച്ചു. 4 പന്ത് ശേഷിക്കെയാണ് പാക്കിസ്ഥാന്റെ 6 വിക്കറ്റ് ജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തലയ്ക്കേറ്റ ഏറ് ഷൊയ്ബ് മാലിക് ടി20 പരമ്പരയ്ക്കില്ല

ന്യൂസിലാണ്ടിനെതിരെ അഞ്ചാം ഏകദിനത്തില്‍ തലയ്ക്ക് ഏറ് കൊണ്ടതിനാല്‍ ഷൊയ്ബ് മാലിക് ടി20 പരമ്പരയില്‍ കളിക്കുകയില്ല. മെഡിക്കല്‍ ടീമുമായി ചര്‍ച്ച നടത്തിയ ശേഷമാണ് താരത്തിനു വിശ്രമം അനുവദിക്കാമെന്ന് പാക്കിസ്ഥാന്‍ ടൂര്‍ മാനേജ്മെന്റ് കമ്മിറ്റി തീരുമാനത്തിലെത്തിയത്. ഹാമിള്‍ട്ടണിലെ അഞ്ചാം ഏകദിനത്തിനിടെ റണ്‍ ഓടി എടുക്കുന്നതിനിടെയാണ് കോളിന്‍ മണ്‍റോ എറിഞ്ഞ പന്ത് നേരെ മാലികിന്റെ തലയില്‍ ഇടിച്ചത്. തലയിലിടിച്ച പന്ത് ബൗണ്ടറിയിലേക്ക് പോകുകയും ചെയ്തു.

ഹെല്‍മറ്റ് ധരിക്കാതിരുന്ന ഷൊയ്ബ് മാലിക് ഉടന്‍ ഗ്രൗണ്ടില്‍ വീഴുകയും പിന്നീട് ബാറ്റിംഗ് തുടരാന്‍ ഫിസിയോയുടെ സഹായം തേടുകയും ചെയ്തിരുന്നു. സംഭവത്തിനു ശേഷം 6 പന്തുകള്‍ക്ക് ശേഷം മാലിക് പുറത്താകുകയും ചെയ്തു. താരത്തിനു അസ്വാസ്ഥ്യം അനുഭവപ്പെടുന്നുവെന്നും മെഡിക്കല്‍ പദം അനുസരിച്ച് “ഡിലെയ്ഡ് കണ്‍കഷന്‍” ആണെന്നുമാണ് മെഡിക്കല്‍ ടീമിന്റെ വിശദീകരണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version