പ്ലേഓഫ് തോൽവിക്ക് പിന്നാലെ ക്രിസ് വൈൽഡറിനെ ഷെഫീൽഡ് യുണൈറ്റഡ് പുറത്താക്കി


പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ക്രിസ് വൈൽഡർ ഷെഫീൽഡ് യുണൈറ്റഡുമായി പിരിഞ്ഞതായി ചാമ്പ്യൻഷിപ്പ് ക്ലബ്ബ് ബുധനാഴ്ച സ്ഥിരീകരിച്ചു. ഈ വർഷം ആദ്യം 2028 വരെ കരാർ ഒപ്പിട്ടിരുന്നുവെങ്കിലും, തീരുമാനം പരസ്പര സമ്മതപ്രകാരമാണെന്ന് ക്ലബ് അറിയിച്ചു.


ലീഗിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്ലേഡ്‌സ്, പ്ലേഓഫ് ഫൈനലിൽ സണ്ടർലാൻഡിനോട് 2-1 ന് ദയനീയമായി തോറ്റു. അധികസമയത്ത് വഴങ്ങിയ വിജയഗോൾ ആണ് ഷെഫീൽഡിന്റെ സ്വപ്നം തകർത്തത്.


ലീഗ് വണ്ണിൽ നിന്ന് പ്രീമിയർ ലീഗിലേക്ക് ബ്ലേഡ്‌സിനെ മുമ്പ നയിച്ച വൈൽഡറിന്റെ ക്ലബിലെ രണ്ടാംഘട്ടം ആയിരുന്നു ഇത്.
300-ലധികം മത്സരങ്ങളിൽ ടീമിനെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

ഷെഫീൽഡ് യുണൈറ്റഡ് പ്രീമിയർ ലീഗ് പ്രൊമോഷൻ പ്ലേ-ഓഫ് ഫൈനലിൽ


ചാമ്പ്യൻഷിപ്പ് പ്ലേ-ഓഫ് സെമി ഫൈനൽ രണ്ടാം പാദത്തിൽ ബ്രിസ്റ്റോൾ സിറ്റിയെ 3-0ന് തകർത്ത ഷെഫീൽഡ് യുണൈറ്റഡ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നതിലെക്ക് അടുത്തു. 6-0 എന്ന അഗ്രിഗേറ്റ് സ്കോറോടെ ബ്ലേഡ്‌സ് മെയ് 24 ന് വെംബ്ലിയിൽ നടക്കുന്ന ഫൈനലിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. അവിടെ അവർക്ക് സണ്ടർലാൻഡിനെയോ കോവെൻട്രിയെയോ നേരിടേണ്ടിവരും.


ഡിസംബറിന് ശേഷമുള്ള കീഫർ മൂറിന്റെ ആദ്യ ഗോൾ അവർക്ക് ലീഡ് നൽകി. രണ്ടാം പകുതിയിൽ ഗുസ്താവോ ഹാമറും കാലം ഒ’ഹാരെയും ഓരോ ഗോൾ വീതം നേടി ഷെഫീൽഡിന്റെ തകർപ്പൻ വിജയം പൂർത്തിയാക്കി.

പ്ലേ ഓഫ് ഫൈനൽ വിജയിച്ചാൽ, ലീഡ്‌സിനും ബേൺലിക്കും പിന്നാലെ ഷെഫീൽഡ് യുണൈറ്റഡും പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തും.

ചാമ്പ്യൻഷിപ്പ് പ്ലേഓഫ് സെമിഫൈനലിൽ ഷെഫീൽഡ് യുണൈറ്റഡിന് മികച്ച ലീഡ്


ചാമ്പ്യൻഷിപ്പ് പ്ലേഓഫ് സെമിഫൈനലിന്റെ ആദ്യ പാദത്തിൽ ബ്രിസ്റ്റോൾ സിറ്റിക്കെതിരെ ഷെഫീൽഡ് യുണൈറ്റഡ് 3-0 ന് തകർപ്പൻ വിജയം നേടി പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവിന് ഒരു പടി കൂടി അടുത്തെത്തി. മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഓട്ടോമാറ്റിക് സ്ഥാനക്കയറ്റം നേടാൻ നേരിയ വ്യത്യാസത്തിൽ സാധിക്കാതെ പോയ ബ്ലേഡ്‌സ്, സീസണിന്റെ അവസാന ദിനത്തിൽ പ്ലേഓഫ് സ്ഥാനം ഉറപ്പാക്കിയ സിറ്റിക്കെതിരെ തങ്ങളുടെ ക്ലാസ് പ്രകടമാക്കി.


ഹാഫ് ടൈമിന് തൊട്ടുമുന്‍പ് ഹാരിസൺ ബറോസ് പെനാൽറ്റിയിൽ നിന്ന് ഗോൾ നേടി ഷെഫീൽഡിന് ലീഡ് നൽകി. ഈ ഫൗളിന് ചുവപ്പ് കിട്ടിയത് ബ്രിസ്റ്റൽ സിറ്റിയെ 10 പേരാക്കി ചുരുക്കി. രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ ആന്ദ്രെ ബ്രൂക്സും Callum O’Hare ഉം ചേർന്ന് രണ്ട് ഗോളുകൾ കൂടി നേടിയതോടെ യുണൈറ്റഡ് തങ്ങളുടെ മേധാവിത്വം മുതലെടുത്തു.


ഇപ്പോൾ കാര്യമായ മുൻതൂക്കം നേടിയ ഷെഫീൽഡ് യുണൈറ്റഡ് തിങ്കളാഴ്ച ബ്രാമൾ ലെയിനിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ വിജയം ഉറപ്പിച്ച് വെംബ്ലിയിലെ പ്ലേഓഫ് ഫൈനലിൽ സ്ഥാനം നേടാൻ ശ്രമിക്കും.

ന്യൂകാസിലിനോട് തോറ്റ ഷെഫീൽഡ് യുണൈറ്റഡ് പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റ് ആയി

ഇന്ന് ന്യൂകാസിൽ യുണൈറ്റഡിനോട് പരാജയപ്പെട്ട ഷെഫീൽഡ് യുണൈറ്റഡ് പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റ് ആയി. ഇന്ന് സെൻറ് ജെയിംസ് പാർക്കിൽ വച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വലിയ പരാജയമാണ് ഷെഫീൽഡ് യുണൈറ്റഡ് വഴങ്ങിയത്. ഇതോടെ അവർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെടുമെന്ന് ഉറപ്പായി. ഇന്ന് തുടക്കത്തിൽ ഒരു ഗോൾ ലീഡ് എടുത്ത ശേഷം ആയിരുന്നു ഷെഫീൽഡ് പരാജയത്തിലേക്ക് വീണത്.

അഞ്ചാം മിനിറ്റിൽ അഹ്മദോവിചിന്റെ ഗോളിൽ ആയിരുന്നു അവർ ലീഡ് എടുത്തത്. 26ആം മിനിറ്റിൽ ഇസാക്കിലൂടെ ന്യൂകാസിൽ സമനില പിടിച്ചു. ആദ്യപകുതിയിൽ ഉടനീളം ഈ സമനില തുടർന്നു. രണ്ടാം പകുതിയിൽ 54ആം മിനിറ്റിൽ ബ്രൂണോയുടെ ഗോളിൽ അവർ ലീഡ് എടുത്തു. 61ആം മിനിറ്റിൽ ഒരു പെനാൽറ്റിയിലൂടെ ഇസാക്ക് വീണ്ടും ന്യൂകാസിലിനായി ഗോൾ നേടി.

ഇതിനു പിന്നാലെ ഒരു സെൽഫ് ഗോളും ന്യൂകാസിലിന് ലഭിച്ചു. 72ആം മിനുട്ടിൽ കാലം വിൽസൺ കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി. ഈ വിജയത്തോടെ ന്യൂകാസിൽ 53 പോയിന്റുമായി ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്. ഷെഫീൽഡ് 16 പോയിന്റുമായി ഇരുപതാം സ്ഥാനത്ത് തന്നെ ഫിനിഷ് ചെയ്യുമെന്ന് ഉറപ്പായി. ഈ സീസണൽ ആകെ മൂന്നു മത്സരങ്ങൾ മാത്രമാണ് അവർ വിജയിച്ചത്.

ബ്രൂണോ ഫെർണാണ്ടസ് ഹീറോ, മാഞ്ചസ്റ്റർ യുണൈറ്റഡ് ഷെഫീൽഡിനെ വീഴ്ത്തി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഷെഫീൽഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തി. രണ്ടുതവണ പിറകിൽ നിന്ന ശേഷം പൊരുതുയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വിജയം സ്വന്തമാക്കിയത്. മഞ്ചസ്റ്റർ യുണൈറ്റഡ് ഹോം ഗ്രൗണ്ടായ ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഒനാനയുടെ ഒരു പിഴവിൽ നിന്നായിരുന്നു ആദ്യ ഗോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയത്.

35ആം മിനിറ്റിൽ ഒനാന നൽകിയ ഒരു പാസ്സ് കൈക്ക് ആക്കി ജയ്ദൻ ബോഗ്ലെ ഷെഫീൽഡിന് ലീഡ് നൽകി. 42ആം മിനിറ്റിൽ മാഞ്ചസ്റ്റർ സെന്റർ ബാക്ക് ഹാരി മഗ്വയർ യുണൈറ്റഡിന് സമനില നൽകി. ഗർനാചോയുടെ ഒരു ക്രോസിൽ നിന്ന് ഒരു ഫ്ലിക് ഹെഡ്ഡറിലൂടെ ആയിരുന്നു മഗ്വയറിന്റെ ഗോൾ.

രണ്ടാം പകുതിയുടെ തുടക്കത്തിൽ വീണ്ടും ഷെഫീൽഡ് മുന്നിലെത്തി. ബെരറ്റൺ ഡിയസ് ആയിരുന്നു ഷെഫീൽഡിന്റെ രണ്ടാം ഗോൾ നേടിയത്‌. ഇത്തവണയും പൊരുതിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് 61ആം മിനിറ്റിൽ ഒരു പെനാൽറ്റി കിട്ടി. ആ പെനാൽറ്റി ക്യാപ്റ്റൻ ബ്രൂണോ ലക്ഷ്യത്തിലെത്തിച്ച് സ്കോർ 2-2 എന്നാക്കി.

ഇതിനുശേഷം 81ആം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഒരു ഇടം കാലൻ ലോങ്ങ് റേഞ്ചർ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകി. പിന്നീട് 85ആം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽനിന്ന് റാസ്മസ് ഹൊയ്ലുണ്ട് കൂടെ ഗോൾ നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം പൂർത്തിയാക്കി. 33 മത്സരങ്ങളിൽ നിന്ന് 53 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാം സ്ഥാനത്ത് നിൽക്കുകയാണ്. ഇന്നത്തെ പരാജയത്തോടെ ഷെഫീൽഡിന്റെ റിലഗേഷൻ ഏതാണ്ട് ഉറപ്പായി.

ഇഞ്ച്വറി ടൈമിൽ ഷെഫീൽഡിന് എതിരെ വിജയം കൈവിട്ട് ചെൽസി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് നിരാശ. ഇന്ന് ഇഞ്ച്വറി ടൈമിൽ നേടിയ ഗോളിൽ ഷെഫീൽഡ് യുണൈറ്റഡ് ചെൽസിയെ സമനിലയിൽ പിടിച്ചു. 2-2 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. 94 മിനുട്ട് വരെ 2-1ന് മുന്നിട്ട് നിന്ന് ശേഷമായിരുന്നു സമനില എന്നത് ചെൽസിക്ക് വലിയ നിരാശ നൽകും.

മത്സരത്തിന്റെ 11ആം മിനുട്ടിൽ ഡിഫൻഡർ തിയാഗോ സിൽവ ആണ് ചെൽസിക്ക് ലീഡ് നൽകിയത്. 32ആം മിനുട്ടിൽ ജയ്ദൻ ബോഗ്ലോയിലൂടെ ഷെഫീൽഡ് സമനില കണ്ടെത്തി.

66ആം മിനുട്ട് വരെ ഈ സമനില തുടർന്നു. 66ആം മിനുട്ടിൽ നോനി മദുവേക ചെൽസിക്ക് ലീഡ് നൽകി. ഈ ഗോൾ വിജയഗോളായി മാറും എന്നായിരുന്നു കരുതിയത്‌. എന്നാൽ 94ആം മിനുട്ടിൽ ഒരു സെറ്റ് പീസിൽ നിന്ന് ഷെഫീൽഡ് സമനില കണ്ടെത്തി. ഒലി മക്ബേർണി ആണ് സമനില ഗോൾ നേടിയത്‌.

ഈ സമനിലയീടെ ചെൽസി 44 പോയിന്റുമായി ലീഗിൽ ഒമ്പതാം സ്ഥാനത്ത് നിൽക്കുകയാണ്. ഷെഫീൽഡ് 16 പോയിന്റുമായി ലീഗിൽ അവസാന സ്ഥാനത്ത് നിൽക്കുന്നു.

മാക് അലിസ്റ്ററിന്റെ റോക്കറ്റ്!! ലിവർപൂൾ ജയത്തോടെ ലീഗിൽ ഒന്നാമത്!!

ഷെഫീൽഡ് യുണൈറ്റഡിൻവ് തോൽപ്പിച്ച് കൊണ്ട് ലിവർപൂൾ ലീഗിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്തി. ഇന്ന് ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്ക് ആയിരുന്നു ലിവർപൂളിന്റെ വിജയം. ഈ വിജയത്തോടെ 8 മത്സരങ്ങൾ മാത്രം ശേഷിക്കെ ഒന്നാം സ്ഥാനത്ത് 2 പോയിന്റിന്റെ ലീഡിൽ നിൽക്കുകയാണ് ലിവർപൂൾ.

ഇന്ന് നല്ല രീതിയിൽ കളി ആരംഭിച്ച ലിവർപൂൾ 17ആം മിനുട്ടിൽ ഡാർവിൻ നുനിയസിലൂടെ ലീഡ് എടുത്തു. ഈ ഗോളിന് ശേഷവും കളിയിൽ ലിവർപൂൾ തന്നെ ആധിപത്യം തുടർന്നു. രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു ഷെഫീൽഡ് സമനില പിടിച്ചത്.

ഇത് കളി ആവേശകരമാക്കി. 77ആം മിനുട്ടിൽ മകാലിസ്റ്ററിന്റെ ഒരു ഗംഭീര സ്ട്രൈക്ക് ലിവർപൂളിന് ലീഡ് തിരികെ നൽകി. പെനാൾട്ടി ബോക്സിന്റെ എഡ്ജിൽ നിന്ന് മകാലിസ്റ്റർ തൊടുത്ത ഷോട്ട് ഈ സീസണിൽ കണ്ട മികച്ച ഗോളുകളിൽ ഒന്നായിരിന്നു. ഇതിനു ശേഷം 90ആം മിനുട്ടിൽ ഗാക്പോയുടെ ഗോൾ ലിവർപൂളിന്റെ വിജയം ഉറപ്പിച്ചു.

ഈ വിജയം ലിവർപൂളിനെ 30 മത്സരങ്ങളിൽ നിന്ന് 70 പോയിന്റിൽ നിർത്തുന്നു. രണ്ടാമതുള്ള ആഴ്സണലിന് 68 പോയിന്റാണ് ഉള്ളത്‌.

ഫൈവ് സ്റ്റാർ വിജയവുമായി ബ്രൈറ്റൺ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഷെഫീൽഡ് യുണൈറ്റഡിന് എതിരെ വലിയ വിജയം നേടി ബ്രൈറ്റൺ. എവേ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ആണ് ബ്രൈറ്റൺ വിജയിച്ചത്. 13ആം മിനുട്ടിൽ ഷെഫീൽഡ് താരം ഹോൾഗേറ്റ് മിറ്റോമയെ ഫൗൾ ചെയ്തതിന് ചുവപൊ കാർഡ് വാങ്ങി കളം വിടേണ്ടി വന്നതാണ് ഷെഫീൽഡിന് തിരിച്ചടി ആയത്.

ഇരുപതാം മിനുട്ടിൽ ബോണനെറ്റെയിലൂടെ ബ്രൈറ്റൺ ഗോളടി തുടങ്ങി. 24ആം മിനുട്ടിൽ വെൽബെക്കിലൂടെ അവർ രണ്ടാം ഗോൾ കണ്ടെത്തി. രണ്ടാം പകിതിയിൽ 75ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ബ്രൈറ്റണ് മൂന്നാം ഗോൾ കിട്ടി. അതിനു ശേഷം അഡിങ്രയുടെ ഇരട്ട ഗോളുകൾ ബ്രൈറ്റന്റെ വിജയം പൂർത്തിയാക്കി.

ബ്രൈറ്റൺ ഈ വിജയത്തോടെ 38 പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് മുന്നേറി. ഷെഫീൽഡ് ലീഗിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഉള്ളത്.

അവസാന നിമിഷ ഗോളിൽ ഷെഫീൽഡ് വെസ്റ്റ് ഹാമിനെ സമനിലയിൽ പിടിച്ചു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആറാം സ്ഥാനക്കാരായ വെസ്റ്റ് ഹാമിനെതിരെ സമനില പിടിച്ച് ഷെഫീൽഡ് യുണൈറ്റഡ്. ഇന്ന് നടന്ന ആവേശകരമായ മത്സരം 2-2 എന്ന സമനിലയിലാണ് അവസാനിച്ചത്. നാലു ഗോളുകൾക്കൊപ്പം രണ്ട് ചുവപ്പു കാർഡ് കൂടി കണ്ട മത്സരമായിരുന്നു ഇന്ന് ഷെഫീൽഡിന്റെ ഹോം ഗ്രൗണ്ടിൽ അരങ്ങേറിയത്. ഇന്ന് മത്സരത്തിന്റെ 28ആം മിനിറ്റിൽ കോർണറ്റിലൂടെ വെസ്റ്റ് ഹാം ലീഡ് എടുത്തു‌‌.

ആദ്യപകുതിയുടെ അവസാനം ബരറ്റൻ ഡിയസ് ഷെഫീൽഡ് യുണൈറ്റഡിന് സമനില നൽകി. ആദ്യപകുതി 1-1 എന്ന രീതിയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ 78ആം മിനുട്ടിൽ കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് വാർഡ് പ്രോസ് വെസ്റ്റ് ഹാമിനെ വീണ്ടും മുന്നിലെത്തിച്ചു പക്ഷേ 90 മിനിറ്റൽ ഷെഫീൽഡ് ബ്രൂസ്റ്ററും വെസ്റ്റ് ഹാം താരം സൗഫാലും ചുവപ്പു കണ്ട് പുറത്ത് പോയതോടെ ഇരുടീമുകളും 10 പേരായി ചുരുങ്ങി. കിട്ടിയ പെനാൽട്ടി ഒലി മക്ബണി ഫിനിഷ് ചെയ്ത് ഷെഫീലിഡിന് സമനിലയും നൽകി.

വെസ്റ്റ് ഹാം 35 പോയിന്റുമായി ആറാം സ്ഥാനത്തും ഷെഫീൽഡ് 10 പോയിന്റുമായി അവസാന സ്ഥാനത്തുമാണ്.

ഹാട്രിക്കും ആയി എഡി! 5 സ്റ്റാർ പ്രകടനവും ആഴ്‌സണൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി ആഴ്‌സണൽ. കഴിഞ്ഞ കളിയിൽ ചെൽസിയോട് സമനില വഴങ്ങിയ ആഴ്‌സണൽ ഇന്ന് സ്വന്തം മൈതാനത്ത് എതിരില്ലാത്ത 5 ഗോളുകൾക്ക് ആണ് ലീഗിലെ അവസാന സ്ഥാനക്കാർ ആയ ഷെഫീൽഡ് യുണൈറ്റഡിനെ തകർത്തത്. നിരവധി മാറ്റങ്ങളും ആയി ആഴ്‌സണൽ മത്സരത്തിന് എത്തിയത്. മുന്നേറ്റത്തിൽ പരിക്കേറ്റ ഗബ്രിയേൽ ജീസുസിന് പകരക്കാരനായി ഇറങ്ങിയ എഡി എൻകെതിയയുടെ ആദ്യ പ്രീമിയർ ലീഗ് ഹാട്രിക് ആണ് ആഴ്‌സണലിന് വമ്പൻ ജയം സമ്മാനിച്ചത്. ആഴ്‌സണലിനെ നന്നായി തുടക്കത്തിൽ പ്രതിരോധിക്കാൻ ഷെഫീൽഡിന് ആയിരുന്നു. എന്നാൽ 28 മത്തെ മിനിറ്റിൽ ആ പ്രതിരോധ പൂട്ട് ആഴ്‌സണൽ മറികടന്നു.

ഡക്ലൻ റൈസ് നൽകിയ മനോഹരമായ പാസിൽ നിന്നു അതി സുന്ദരമായി പന്ത് കാലിലാക്കിയ എഡി ഗോളിലൂടെ ആഴ്‌സണലിനെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. ആദ്യ പകുതിയിൽ തുടർന്നും അവസരം ഉണ്ടാക്കിയെങ്കിലും തുടർന്ന് ഗോൾ നേടാൻ ആഴ്‌സണലിന് ആയില്ല. എന്നാൽ രണ്ടാം പകുതിയിൽ ആഴ്‌സണൽ ആക്രമണം കടുപ്പിച്ചു. ബുകയോ സാകയുടെ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ ഉഗ്രൻ ഷോട്ടിലൂടെ 50 മത്തെ മിനിറ്റിൽ ആഴ്‌സണൽ രണ്ടാം ഗോൾ നേടി. 8 മിനിറ്റിനുള്ളിൽ എമിൽ സ്മിത്ത്-റോ നൽകിയ പാസിൽ നിന്നു ബോക്സിനു പുറത്ത് നിന്ന് അതുഗ്രൻ അവിസ്മരണീയ ബുള്ളറ്റ് ഷോട്ടിലൂടെ എഡി തന്റെ ഹാട്രിക് പൂർത്തിയാക്കുക ആയിരുന്നു. 3 ഗോൾ നേടിയിട്ടും ആഴ്‌സണൽ ആക്രമണം നിർത്തിയില്ല.

ബെൻ വൈറ്റിന്റെ ഉഗ്രൻ ഷോട്ട് ഷെഫീൽഡ് ഗോൾ കീപ്പർ കഷ്ടിച്ച് ആണ് രക്ഷിച്ചത്. 88 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫാബിയോ വിയേര തന്നെ വീഴ്‌ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ടു ആഴ്‌സണലിന്റെ നാലാം ഗോൾ നേടി. സീസണിലെ താരത്തിന്റെ ആദ്യ ഗോൾ ആയിരുന്നു ഇത്. വാർ പരിശോധനക്ക് ശേഷമാണ് ആഴ്‌സണലിന് പെനാൽട്ടി അനുവദിക്കപ്പെട്ടത്. ഇഞ്ച്വറി സമയത്ത് മറ്റൊരു കോർണറിൽ നിന്നു ലഭിച്ച അവസരം ലക്ഷ്യം കണ്ട പകരക്കാരനായി ഇറങ്ങിയ ടോമിയാസു ആണ് ആഴ്‌സണൽ ജയം പൂർത്തിയാക്കിയത്. തന്റെ 50 മത്സരത്തിൽ ആഴ്‌സണലിന് ആയി ജപ്പാൻ താരം നേടുന്ന ആദ്യ ഗോൾ ആയിരുന്നു ഇത്. വമ്പൻ ജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ആഴ്‌സണൽ കയറി.

8 ഗോൾ സ്കോറർമാർ! എട്ട് ഗോളുകൾ അടിച്ചു ജയിച്ചു ന്യൂകാസ്റ്റിൽ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഷെഫീൽഡ് യുണൈറ്റസിനെ എതിരില്ലാത്ത 8 ഗോളുകൾക്ക് തകർത്തു ന്യൂകാസ്റ്റിൽ യുണൈറ്റഡ്. തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ എവെ വിജയം ആണ് അവർ ഇന്ന് കുറിച്ചത്. 8 വ്യത്യസ്ത താരങ്ങൾ അവർക്ക് ആയി ഗോൾ നേടിയത്. ഇത് പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി ആണ് ഒരു ടീമിനു ആയി 8 വ്യത്യസ്ത താരങ്ങൾ ഗോളുകൾ നേടുന്നത്. ആദ്യ 35 മിനിറ്റിൽ ലോങ്സ്റ്റാഫ്, ഡാനിയേൽ ബേൺ, ബോട്ട്മാൻ എന്നിവരുടെ ഗോളിൽ അവർ മുന്നിലെത്തി.

രണ്ടാം പകുതിയിൽ കലം വിൽസൺ പകരക്കാരനായി ഇറങ്ങിയ ആന്റണി ഗോർഡൻ, മിഗ്വൽ ആൽമിറോൺ, ബ്രൂണോ, മറ്റൊരു പകരക്കാരൻ അലക്‌സാണ്ടർ ഇസാക് എന്നിവർ ആണ് ന്യൂകാസ്റ്റിൽ നിരയിൽ ഗോളുകൾ നേടിയത്. 3 ഗോളിന് അവസരം ഉണ്ടാക്കിയ ട്രിപ്പിയർ ഹാട്രിക് അസിസ്റ്റുകളും നേടി. ലീഗ് കപ്പിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ ഇറങ്ങുന്ന അവർക്ക് ഈ ജയം വലിയ ആത്മവിശ്വാസം നൽകും. നിലവിൽ ന്യൂകാസ്റ്റിൽ എട്ടാം സ്ഥാനത്ത് കയറിയപ്പോൾ ഷെഫീൽഡ് ഇരുപതാം സ്ഥാനത്ത് ആണ്.

എന്താ തിരിച്ചു വരവ്!!! ഇഞ്ച്വറി സമയത്ത് രണ്ടു ഗോളുകൾ അടിച്ചു ജയം കണ്ടു ടോട്ടനം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഷെഫീൽഡ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ടോട്ടനം ഹോട്സ്പർ ലീഗിലെ മികച്ച തുടക്കം തുടരുന്നു. 98 മിനിറ്റ് വരെ പിറകിൽ നിന്ന ശേഷം അവിശ്വസനീയം ആയ തിരിച്ചു വരവ് ആണ് ടോട്ടനം നടത്തിയത്. ടോട്ടനം ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ ആദ്യ പകുതിയിൽ ഗോൾ പിറന്നില്ല. രണ്ടാം പകുതിയിൽ 73 മത്തെ മിനിറ്റിൽ ജാക് റോബിൻസന്റെ പാസിൽ നിന്നു ഗോൾ നേടിയ ഗുസ്റ്റോവ ഹാമർ ടോട്ടനത്തെ ഞെട്ടിച്ചു. അവസാന നിമിഷങ്ങളിൽ ഗോളിന് ആയി ആർത്ത് ഇരമ്പുന്ന ടോട്ടനത്തെ ആണ് മത്സരത്തിൽ കണ്ടത്.

12 മിനിറ്റ് ഇഞ്ച്വറി സമയം ആണ് മത്സരത്തിൽ റഫറി അനുവദിച്ചത്. സ്വന്തം മൈതാനത്ത് പരാജയം ഒഴിവാക്കാൻ ആയി ടോട്ടനം ആക്രമണം അഴിച്ചു വിട്ടു. 98 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ പെരിസിചിന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ മറ്റൊരു പകരക്കാരൻ റിച്ചാർലിസൺ ടോട്ടനത്തിനു സമനില സമ്മാനിച്ചു. 2 മിനിറ്റിനുള്ളിൽ കുലുസെവ്സ്കിയുടെ വിജയഗോളിന് അവസരം കൂടി ഒരുക്കിയ ബ്രസീലിയൻ താരം റിച്ചാർലിസൺ ടോട്ടനം ജയം പൂർത്തിയാക്കി. അവസാന നിമിഷങ്ങളിൽ ഒളിവർ മക്ബെർണി രണ്ടാം മഞ്ഞ കാർഡ് കൂടി കണ്ടു പുറത്ത് പോയതോടെ ടോട്ടനം ജയം ഉറപ്പിച്ചു. ജയത്തോടെ ടോട്ടനം രണ്ടാം സ്ഥാനത്തേക്ക് കയറി, സീസണിലെ അജയ്യ കുതിപ്പും അവർ തുടർന്നു.

Exit mobile version