തുടർ തോൽവികൾക്ക് ശേഷം സീസണിലെ ആദ്യ പോയിന്റ് കരസ്ഥമാക്കി ഷെഫീൽഡും എവർടണും

പ്രീമിയർ ലീഗിൽ ഹാട്രിക്ക് തോൽവിക്ക് ശേഷം സീസണിലെ ആദ്യ പോയിന്റ് കരസ്ഥമാക്കി ഷെഫീൽഡ് യുനൈറ്റഡും എവർടണും. ഇന്ന് ഷെഫീൽഡിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചു പിരിയുകയായിരുന്നു. ഡോകൊറെയും ഡാഞ്ചുമയും എവർടണ് വേണ്ടി വല കുലുക്കിയപ്പോൾ കാമറോൺ ആർച്ചർ ഷെഫീൽഡിന്റെ ഗോൾ കണ്ടെത്തി. മറ്റൊരു ഗോൾ പിക്ഫോർഡിന്റെ പേരിൽ സെൽഫ് ഗോൾ ആയി കുറിച്ചു. പോയിൻറ് പട്ടികയിൽ ലൂട്ടൺ ടൗൺ മാത്രമാണ് ഇരു ടീമുകൾക്കും താഴെ ഉള്ളത്.

ഷെഫീൽഡ് മികച്ച രീതിയിൽ തന്നെ സ്വന്തം തട്ടകത്തിൽ മത്സരം ആരംഭിച്ചെങ്കിലും ആദ്യം ഗോൾ വഴങ്ങാൻ ആയിരുന്നു വിധി. പതിനാലാം മിനിറ്റിൽ ഡോകൊറെയിലൂടെ എവർടൺ ലീഡ് എടുത്തു. കോർണറിൽ നിന്നെത്തിയ പന്ത് താരത്തിന്റെ കാലുകളിൽ എത്തിയപ്പോൾ പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ചു വല കുലുക്കുകയായിരുന്നു. ഇരു ടീമുകളും പ്രതിരോധത്തിൽ പിഴവുകൾ ആവർത്തിച്ചതോടെ നിരവധി അവസരങ്ങൾ പിറന്നു. ഹാമർ തൊടുത്ത ഷോട്ട് പിക്ഫോഡ് സേവ് ചെയ്തു. 32ആം മിനിറ്റിൽ ഷെഫീൽഡ് സമനില ഗോൾ കണ്ടെത്തി. മക്ബേർണിയുടെ പാസിൽ നിന്നും തകർപ്പൻ ഫിനിഷിങ്ങുമായി ആർച്ചർ ആണ് സമനില ഗോൾ കണ്ടെത്തിയത്. ഇഞ്ചുറി ടൈമിൽ ഷെഫീൽഡ് ലീഡും കരസ്ഥമാക്കി. ആർച്ചറിന്റെ ഷോട്ട് പോസ്റ്റിൽ ഇടിച്ച ശേഷം പിക്ഫോർഡിൽ തട്ടി വലയിലേക്ക് തന്നെ കയറി.

രണ്ടാം പകുതിയിൽ ഡാഞ്ചുമയെ വീഴ്ത്തിയതിന് എവർടൺ പെനാൽറ്റിക്ക് വേണ്ടി വാദിച്ചെങ്കിലും റഫറി ഫ്രീകിക്ക് അനുവദിച്ചു. പിന്നീട് ബെറ്റോയുടെ ഷോട്ട് അകന്ന് പോയി. 54ആം മിനിറ്റിൽ എവർടണ് ആശ്വാസമായി സമനില ഗോൾ എത്തി. ഗാർനറും ബെറ്റോയും നടത്തിയ നീക്കത്തിനോടുവിൽ പാറ്റെർസൻ തൊടുത്ത ക്രോസിൽ നിന്നും ഡാഞ്ചുമ അനായാസം ലക്ഷ്യം കാണുകയായിരുന്നു. ലരോസിക്ക് ലഭിച്ച മികച്ചൊരു അവസരത്തിൽ ലക്ഷ്യം കാണാൻ ആയില്ല. ഇഞ്ചുറി ടൈമിൽ പിക്ഫോഡിന്റെ കരങ്ങൾ എവർടന്റെ രക്ഷക്കെത്തി. മാക്ബെർണിയുടെ ഹെഡർ തട്ടിയകട്ടിയ താരം, പിറകെ വന്ന ബോളും കൈക്കലാക്കി ടീമിനെ അവസാന നിമിഷം ലീഡ് വഴങ്ങുന്നതിൽ നിന്നും രക്ഷിച്ചു.

രക്ഷകനായി റോഡ്രി!! മൂന്നാം മത്സരവും ജയിച്ച് സിറ്റി ലീഗിൽ ഒന്നാമത്

മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം ഉറപ്പിച്ചു‌. ഇന്ന് എവേ മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളിനാണ് വിജയിച്ചത്. അവസാന നിമിഷങ്ങളിൽ ഷെഫീൽഡ് സമനില നേടിയെങ്കിലും പതറാതെ പൊരുതി സിറ്റി വിജയം ഉറപ്പിക്കുകയായിരുന്നു.

ഇന്ന് പെപ് ഗ്വാർഡിയോള ടച്ച് ലൈനിൽ ഇല്ലാത്തത് കൊണ്ട് തന്നെ മാഞ്ചസ്റ്റർ സിറ്റിക്ക് പതിവ് താളം കണ്ടെത്താൻ ആയില്ല. ആദ്യ ഗോൾ കണ്ടെത്താൻ അവർ ഏറെ പ്രയാസപ്പെട്ടു. 37ആം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു പെനാൾട്ടി ലഭിച്ചു എങ്കിലും ഹാളണ്ടിന് ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ആദ്യ പകുതി ഗോളില്ലാതെ അവസാനിച്ചു.

രണ്ടാം പകുതിയിൽ ആ മിസ്സിന് ഹാളണ്ട് പ്രായശ്ചിത്തം ചെയ്തു. 63ആം മിനുട്ടിൽ ഗോൾ കണ്ടെത്തി. മാഞ്ചസ്റ്റർ സിറ്റി 1-0. ഹാളണ്ടിന്റെ ലീഗിൽ ഈ സീസണിലെ മൂന്നാം ഗോളായിരുന്നു ഇത്.

85ആം മിനുട്ടിൽ വാൽക്കറിന്റെ ഒരു അബദ്ധം മുതലെടുത്ത് അറ്റാക്ക് ചെയ്ത ഷെഫീൽഡ് യുണൈറ്റഡ് ജെയ്ദൻ ബോഗ്ലെയുടെ സമനില ഗോൾ നേടി. സ്കോർ 1-1. ഇത് കളി ആവേശത്തിൽ എത്തിച്ചു. സിറ്റി പൂർണ്ണമായും ആക്രമണത്തിലേക്ക് തിരിഞ്ഞു. മൂന്നു മിനുട്ടുകൾ മാത്രമെ സമനില നീണ്ടു നിന്നുള്ളൂ. 88ആം മിനുട്ടിൽ റോഡ്രിയുടെ തമ്പിംഗ് ഫിനിഷ് സിറ്റിക്ക് ലീഡ് തിരികെ നൽകി‌. ചാമ്പ്യന്മാർ ചാമ്പ്യന്മാരുടെ ഗുണം കാണിച്ച നിമിഷം.

ഇതിനു ശേഷം ഷെഫീൽഡ് സമനില കണ്ടെത്താൻ ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. 3 മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി സിറ്റി ലീഗിൽ ഒന്നാമത് എത്തി. ഷെഫീൽഡ് കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടു.

ആസ്റ്റൺ വില്ലയുടെ യുവതാരം കാമറൂൺ ആർച്ചറിനെ ഷെഫീൽഡ് യുണൈറ്റഡ് സ്വന്തമാക്കും

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആസ്റ്റൺ വില്ലയുടെ യുവതാരം കാമറൂൺ ആർച്ചറിനെ ഷെഫീൽഡ് യുണൈറ്റഡ് സ്വന്തമാക്കും. പ്രീമിയർ ലീഗിൽ നിലനിൽക്കാനുള്ള ഷെഫീൽഡ് ശ്രമങ്ങൾക്ക് ഇത് ശക്തി പകരും. 18.5 മില്യൺ പൗണ്ട് ആണ് താരത്തിന് ആയി ഷെഫീൽഡ് മുടക്കുക. താരത്തിന് ആയി ബയ് ബാക് ക്ലോസും(താരത്തെ ഭാവിയിൽ ആദ്യം വാങ്ങാനുള്ള അവകാശം വില്ലക്ക് ആയിരിക്കും) വില്ല വെച്ചിട്ടുണ്ട്. നേരത്തെ താരത്തിന് ആയി ക്രിസ്റ്റൽ പാലസ്, ലീഡ്സ് യുണൈറ്റഡ് ടീമുകളും രംഗത്ത് ഉണ്ടായിരുന്നു.

എട്ടാമത്തെ വയസ്സിൽ ആസ്റ്റൺ വില്ല അക്കാദമിയിൽ ചേർന്ന ആർച്ചർക്ക് വില്ല വലിയ ഭാവി കാണുന്നുണ്ട്. വില്ലക്ക് ആയി 2019 ൽ 17 മത്തെ വയസ്സിൽ അരങ്ങേറ്റം കുറിച്ചു എങ്കിലും തുടർന്ന് പല ക്ലബുകളിൽ ലോണിൽ പോയി. കഴിഞ്ഞ ചാമ്പ്യൻഷിപ്പ് ക്ലബ് ആയ മിഡിൽസ്‌പ്രോക്ക് ആയി ലീഗിൽ 20 കളികളിൽ നിന്നു 11 ഗോളുകൾ ആണ് യുവ മുന്നേറ്റനിര താരം നേടിയത്. കഴിഞ്ഞ സീസണിൽ യൂറോ കിരീടം നേടിയ ഇംഗ്ലണ്ട് അണ്ടർ 21 ടീമിന്റെ ഭാഗം ആയ ആർച്ചർ ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ ജർമ്മനിക്ക് എതിരെയും സെമി ഫൈനലിൽ ഇസ്രായേലിനു എതിരെയും താരം ഗോൾ നേടിയിരുന്നു.

പകരക്കാരനായി ഇറങ്ങി ഫോറസ്റ്റിന് ജയം സമ്മാനിച്ചു ക്രിസ് വുഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ തങ്ങളുടെ ആദ്യ ജയം കുറിച്ച് നോട്ടിങ്ഹാം ഫോറസ്റ്റ്. ആദ്യ മത്സരത്തിൽ തോൽവി വഴങ്ങി എത്തിയ ടീമുകൾ തമ്മിലുള്ള മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡിന് എതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ഫോറസ്റ്റ് ജയം കണ്ടത്. തങ്ങളുടെ സിറ്റി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മൂന്നാം മിനിറ്റിൽ തന്നെ ഫോറസ്റ്റ് മുന്നിലെത്തി. സെർജ് ഓറിയറുടെ ക്രോസിൽ നിന്നു തായ്‌വോ അവോണിയിനി ശക്തമായ ഹെഡറിലൂടെ ഫോറസ്റ്റിനെ മത്സരത്തിൽ മുന്നിൽ എത്തിച്ചു.

കഴിഞ്ഞ കളിയിലും താരം ഗോൾ നേടിയിരുന്നു. നന്നായി പൊരുതിയ ഷെഫീൽഡ് രണ്ടാം പകുതിയിൽ 48 മത്തെ മിനിറ്റിൽ സമനില പിടിച്ചു. മികച്ച ഷോട്ടിലൂടെ ഗുസ്താവോ ഹാമർ ആണ് ഷെഫീൽഡിന്റെ ഗോൾ നേടിയത്. നന്നായി പൊരുതി കളിച്ച ഇരു ടീമുകളും വിജയഗോളിന് ആയി പരമാവധി പൊരുതി. തുടർന്ന് 89 മത്തെ മിനിറ്റിൽ സെർജ് ഓറിയറുടെ തന്നെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ പകരക്കാരനായി ഇറങ്ങിയ ക്രിസ് വുഡ് ആണ് ഫോറസ്റ്റിനു സീസണിലെ ആദ്യ ജയം സമ്മാനിച്ചത്.

എവർട്ടണിനെ തോൽപ്പിച്ചു ഫുൾഹാം തുടങ്ങി, ജയം കണ്ടു പാലസും

ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുതിയ സീസണിലെ ആദ്യ മത്സരത്തിൽ എവർട്ടണിനെ അവരുടെ മൈതാനത്ത് തോൽപ്പിച്ചു ഫുൾഹാം തുടങ്ങി. മത്സരത്തിൽ എവർട്ടൺ ആണ് ആധിപത്യം കാണിച്ചത്. എവർട്ടൺ 19 ഷോട്ടുകൾ അടിച്ച മത്സരത്തിൽ 9 ഷോട്ടുകൾ ആണ് ഫുൾഹാം അടിച്ചത്‌. എവർട്ടൺ 9 ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് അടിച്ചപ്പോൾ ഫുൾഹാം വെറും 2 എണ്ണം ആണ് അടിച്ചത്. എന്നാൽ ഫുൾഹാം ഗോൾ കീപ്പർ ലെനോ ആതിഥേയർക്ക് മുന്നിൽ വില്ലനായി. മത്സരത്തിൽ 73 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഡകോർഡോവ റീഡ് ആണ് ഫുൾഹാമിന്റെ വിജയഗോൾ നേടിയത്.

രണ്ടാം പകുതിയിൽ ട്രാൻസ്ഫർ വിഷയത്തിൽ ടീമും ആയി തെറ്റിയ അലക്‌സാണ്ടർ മിട്രോവിച് ഇറങ്ങിയത് ഫുൾഹാമിനു ആശ്വാസമായി. മറ്റൊരു മത്സരത്തിൽ പ്രീമിയർ ലീഗിൽ തിരിച്ചെത്തിയ ഷെഫീൽഡ് യുണൈറ്റഡിനെ അവരുടെ മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു റോയ് ഹഡ്സണിന്റെ ക്രിസ്റ്റൽ പാലസും സീസൺ നന്നായി തുടങ്ങി. മത്സരത്തിൽ 24 ഷോട്ടുകൾ ഉതിർത്ത പാലസ് ആധിപത്യം ആണ് കാണാൻ ആയത്. 49 മത്തെ മിനിറ്റിൽ ജോർദാൻ ആയുവിന്റെ പാസിൽ നിന്നു എഡോർഡ് ആണ് അവരുടെ വിജയഗോൾ നേടിയത്. മത്സരത്തിൽ താരം ഒരു ഗോൾ കൂടി അടിച്ചെങ്കിലും അത് ഓഫ് സൈഡ് ആയി. അതേസമയം പ്രീമിയർ ലീഗ് തിരിച്ചു വരവിൽ പാലസിനെ നന്നായി പരീക്ഷിക്കാൻ പോലും ഷെഫീൽഡ് യുണൈറ്റഡിന് ആയില്ല.

ഷെഫീൽഡ് യുണൈറ്റഡിന്റെ നോർവീജിയൻ താരത്തെ സ്വന്തമാക്കി ബേർൺലി

ഷെഫീൽഡ് യുണൈറ്റഡിന്റെ നോർവീജിയൻ മധ്യനിര താരം സാന്ദർ ബെർജിനെ സ്വന്തമാക്കി ബേർൺലി. പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടി വരുന്ന ഷെഫീൽഡ് യുണൈറ്റഡിന് താരത്തെ മറ്റൊരു സ്ഥാനക്കയറ്റം നേടി വരുന്ന ബേർൺലിയിലേക്ക് തന്നെ താരത്തെ നഷ്ടമാവുന്നത് വലിയ തിരിച്ചടിയാണ്. 2020 ൽ ക്ലബ് റെക്കോർഡ് തുകക്ക് ഷെഫീൽഡ് യുണൈറ്റഡിൽ എത്തിയ 25 കാരനായ ബെർജ് അവർക്ക് ആയി 97 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

നോർവെക്ക് ആയി 36 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഷെഫീൽഡ് യുണൈറ്റഡിനെ പ്രീമിയർ ലീഗിൽ എത്തിക്കാൻ പ്രധാന താരമായ ബെർജിനെ ക്ലബ് വിൽക്കുന്നത് ഞെട്ടലോടെയാണ് ആരാധകർ കാണുന്നത്. അതേസമയം അവരുടെ മറ്റൊരു പ്രധാന താരമായ ഇലിമാൻ നണ്ടെയിയെയും ഷെഫീൽഡ് യുണൈറ്റഡ് വിറ്റിരുന്നു. മുമ്പ് പ്രീമിയർ ലീഗിൽ കളിച്ചു പരിചയമുള്ള നോർവീജിയൻ താരത്തിന്റെ വരവ് ബേർൺലിക്ക് വലിയ കരുത്ത് ആവും പകരുക.

ആഴ്‌സണൽ താരം ആസ്റ്റൺ ത്രസ്റ്റി ഷെഫീൽഡ് യുണൈറ്റഡിലേക്ക്

ആഴ്‌സണൽ പ്രതിരോധതാരം ആസ്റ്റൺ ത്രസ്റ്റി ഷെഫീൽഡ് യുണൈറ്റഡിലേക്ക് അടുക്കുന്നു. 24 കാരനായ അമേരിക്കൻ താരത്തെ 5 മില്യൺ പൗണ്ടിനു വിൽക്കാൻ ആഴ്‌സണൽ ഷെഫീൽഡ് യുണൈറ്റഡും ആയി ധാരണയിൽ എത്തിയത് ആയാണ് റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ ബ്രിമ്മിങ്ഹാമിൽ ലോണിൽ ആണ് താരം കളിച്ചത്.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിൽ ബ്രിമ്മിങ്ഹാമിൽ അവരുടെ സീസണിലെ മികച്ച താരം ആവാനും അമേരിക്കൻ താരത്തിന് ആയിരുന്നു. നിലവിൽ ക്ലബുകൾ തമ്മിൽ ധാരണയിൽ ആയെങ്കിലും വ്യക്തിഗത ധാരണ ആയിട്ടില്ല എങ്കിലും അത് ഒരു പ്രശ്നം ആവില്ല എന്നാണ് റിപ്പോർട്ട്. ഈ സീസണിൽ സ്ഥാനക്കയറ്റം കിട്ടി വരുന്ന ഷെഫീൽഡ് യുണൈറ്റഡിലേക്ക് പോകുന്നത് ലെഫ്റ്റ് ബാക്ക്/സെന്റർ ബാക്ക് ആയ താരത്തിനും ഗുണകരമാണ്.

ഷെഫീൽഡ് യുണൈറ്റഡ് പ്രീമിയർ ലീഗിലേക്ക് തിരികെയെത്തി

ചാമ്പ്യൻഷിപ്പിൽ നിന്ന് ഈ സീസണിൽ പ്രൊമോഷൻ ഉറപ്പിക്കുന്ന രണ്ടാം ക്ലബായി ഷെഫീൽഡ് യുണൈറ്റഡ് മാറി. ഇന്ന് അവർ വെസ്റ്റ് ബ്രോമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് ഷെഫീൽഡ് യുണൈറ്റഡ് പ്രൊമോഷൻ ഉറപ്പിച്ചത്‌. ഇന്നത്തെ വിജയത്തോടെ ഷെഫീൽഡ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യും എന്ന് ഉറപ്പായി. 43 മത്സരങ്ങളിൽ നിന്ന് ഷെൽഫീൽഡിന് 85 പോയിന്റ് ഇപ്പോൾ ഉണ്ട്. മൂന്ന് മത്സരങ്ങൾ ശേഷിക്കെ ആണ് അവർക്ക് ലീഗ് യോഗ്യത ഉറപ്പിക്കൻ ആയത്.

2021ൽ ആയിരുന്നു അവസാനം ഷെഫീൽഡ് യുണൈറ്റഡ് പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റ് ആയത്. ചാമ്പ്യൻഷിപ്പ് കിരീടം ഉറപ്പിച്ച ബേർൺലിയും നേരത്തെ പ്രൊമോഷൻ ഉറപ്പിച്ചിരുന്നു. ഇനി പ്ലേ ഓഫിലൂടെ ഒരു ക്ലബ് കൂടെ പ്രീമിയർ ലീഗിലേക്ക് എത്തും.

ഇഞ്ച്വറി ടൈം ഗോളിൽ ഷെഫീൽഡ് യുണൈറ്റഡ് എഫ് എ കപ്പ് സെമി ഫൈനലിൽ

ബ്രമാൽ ലെയ്‌നിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ബ്ലാക്ക്‌ബേണിനെതിരെ 3-2ന് ത്രസിപ്പിക്കുന്ന വിജയത്തോടെ ഷെഫീൽഡ് യുണൈറ്റഡ് എഫ്‌എ കപ്പ് സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ഒരു സെൽഫ് ഗോളും പെനാൽറ്റിയും രണ്ട് ലേറ്റ് ഗോളുകളും ഉൾപ്പെടെ നാടകീയത നിറഞ്ഞ മത്സരത്തിൽ 2-1ന് പിന്നിൽ നിന്ന് ആണ് ബ്ലേഡ്‌സ് വിജയം സ്വന്തമാക്കിയത്. 2018 ന് ശേഷം ആദ്യമായി ഷെഫീൽഡ് യുണൈറ്റഡ് വെംബ്ലിയിലേക്ക് പോകും എന്ന് ഈ വിജയം ഉറപ്പാക്കുന്നു.

ആതിഥേയർ മികച്ച രീതിയിൽ കളി തുടങ്ങിയെങ്കിലും ബ്രെറ്റന്റെ പെനാൽറ്റിയിലൂടെ ബ്ലാക്ക്ബേൺ ലീഡ് നേടി. എന്നിരുന്നാലും, ബ്ലേഡ്‌സ് ഗല്ലാഗറിന്റെ സെൽഫ് ഗോളിലൂടെ സ്‌കോർ സമനിലയിലാക്കി. 60ആം മിനുട്ടിൽ Szmodics ബ്ലാക്ക്‌ബേണിനെ വീണ്ടും മുന്നിൽ എത്തിച്ചു‌.

പക്ഷേ, ഷെഫീൽഡ് യുണൈറ്റഡ് വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല. 81-ാം മിനിറ്റിൽ മക്ബർണി ഒരു തകർപ്പൻ ഹെഡറിലൂടെ ഹോം ടീമിന് ആയി സമനില പിടിച്ചു. ഇഞ്ചുറി ടൈമിൽ ഡോയൽ ഒരു മികച്ച സ്‌ട്രൈക്കിലൂടെ വിജയവും ഉറപ്പിച്ചു.

ഷെഫീൽഡ് യുണൈറ്റഡ് പരിശീലകൻ ക്രിസ് വൈൽഡർ സ്ഥാനമൊഴിഞ്ഞു

പ്രീമിയർ ലീഗ് ക്ലബായ ഷെഫീൽഡ് യുണൈറ്റഡിന്റെ പരിശീലകൻ ക്രിസ് വൈൽഡർ സ്ഥാനമൊഴിഞ്ഞു. ക്ലബ് ഉടമകളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് പരിശീലകൻ സ്ഥാനം ഒഴിഞ്ഞത്. 2016ൽ ക്ലബ്ബിന്റെ പരിശീലകനായ ക്രിസ് വൈൽഡർ ലീഗ് 1ൽ നിന്നാണ് ഷെഫീൽഡ് യുണൈറ്റഡിനെ പ്രീമിയർ ലീഗിൽ എത്തിച്ചത്.

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ എത്തിയ ഷെഫീൽഡ് യുണൈറ്റഡ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒൻപതാം സ്ഥാനത്താണ് സീസൺ അവസാനിച്ചത്. എന്നാൽ ഈ സീസൺ തുടങ്ങിയത് മുതൽ ഫോം കണ്ടെത്താൻ വിഷമിച്ച ഷെഫീൽഡ് യുണൈറ്റഡ് ഒരു ജയത്തിനായി ജനുവരി വരെ കാത്തിരിക്കേണ്ടി വന്നു. സീസണിന്റെ ഭൂരിഭാഗ സമയവും പ്രീമിയർ ലീഗിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഷെഫീൽഡ് യുണൈറ്റഡ് നിലകൊണ്ടാണ്.

നിലവിൽ പ്രീമിയർ ലീഗിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഷെഫീൽഡ് യുണൈറ്റഡ്. പ്രീമിയർ ലീഗിൽ 10 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ മറ്റു റെലെഗേഷൻ ടീമുകളേക്കാൾ 12 പോയിന്റ് പിറകിലാണ് ഷെഫീൽഡ് യുണൈറ്റഡ്.

വിജയം തുടർന്ന് ചെൽസി, ഷെഫീൽഡിനെയും വീഴ്ത്തി

പ്രീമിയർ ലീഗിൽ പുതിയ പരിശീലകൻ തോമസ് ടുഹലിന് കീഴിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ചെൽസിക്ക് വീണ്ടും ജയം. ഇത്തവണ ഷെഫീൽഡ് യുണൈറ്റഡിനെയാണ് ചെൽസി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. പുതിയ പരിശീലകന് കീഴിൽ നാല് മത്സരങ്ങൾ കളിച്ച ചെൽസി മൂന്ന് മത്സരങ്ങളിൽ ജയിക്കുകയും ഒരു മത്സരത്തിൽ സമനിലയുമായിരുന്നു. ജയത്തോടെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് എത്താനും ചെൽസിക്കായി.

ആദ്യ പകുതിയുടെ അവസാന മിനുറ്റിൽ മേസൺ മൗണ്ടിന്റെ ഗോളിൽ ചെൽസിയാണ് മത്സരത്തിൽ ലീഡ് നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ അന്റോണിയോ റുഡിഗറിന്റെ സെൽഫ് ഗോളിൽ ഷെഫീൽഡ് യുണൈറ്റഡ് സമനില പിടിക്കുകയായിരുന്നു. എന്നാൽ അധികം വൈകാതെ ടിമോ വെർണറിനെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി ജോർജിഞ്ഞോ ചെൽസിക്ക് വിജയ ഗോൾ നേടി കൊടുക്കുകയായിരുന്നു. ഇന്നത്തെ മത്സരത്തിൽ തോറ്റതോടെ ഷെഫീൽഡ് യുണൈറ്റഡിന്റെ നില പരുങ്ങലിലായി. നിലവിൽ പ്രീമിയർ ലീഗിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഷെഫീൽഡ് യുണൈറ്റഡ്.

ഷെഫീൽഡ് പ്രതിരോധവും മറികടന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് റെക്കോർഡ് ജയം

മികച്ച പ്രതിരോധം തീർത്ത ഷെഫീൽഡ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിന്റെ തലപ്പത്ത് തങ്ങളുടെ ലീഡ് ഉയർത്തി. മത്സരത്തിന്റെ തുടക്കത്തിൽ ഷെഫീൽഡ് പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്ത് ഗബ്രിയേൽ ജെസൂസ് ആണ് മത്സരത്തിലെ ഏക ഗോൾ നേടിയത്.

മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ തുടർച്ചയായ 12മത്തെ വിജയമാണ് ഇന്ന് ഷെഫീൽഡ് യൂണൈറ്റഡിനെതിരെ സ്വന്തമാക്കിയത്. ഇത് മാഞ്ചസ്റ്റർ സിറ്റിയുടെ ക്ലബ് റെക്കോർഡ് കൂടിയാണ്. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അട്ടിമറിച്ച അതെ പോരാട്ടവീര്യം തന്നെയാണ് ഷെഫീൽഡ് യുണൈറ്റഡ് പുറത്തെടുത്തത്. എന്നാൽ മത്സരത്തിന്റെ തുടക്കത്തിൽ വരുത്തിയ പിഴവ് അവർക്ക് തിരിച്ചടിയാവുകയായിരുന്നു.

മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചെങ്കിലും മാഞ്ചസ്റ്റർ സിറ്റിയെ കൂടുതൽ അവസരങ്ങൾ ശ്രിഷ്ട്ടിക്കുന്നതിൽ നിന്ന് തടയാൻ ഷെഫീൽഡ് യൂണൈറ്റഡിനായി. മത്സരത്തിന്റെ അവസാന നിമിഷത്തിൽ രണ്ടാം ഗോൾ നേടാനുള്ള അവസരം ഗബ്രിയേൽ ജെസൂസിനു ലഭിച്ചെങ്കിലും താരത്തിന്റെ ശ്രമം ഷെഫീൽഡ് ഗോൾ കീപ്പർ ആരോൺ റംസ്ഡെയിൽ രക്ഷപ്പെടുത്തുകയും ചെയ്തു.

Exit mobile version