Picsart 23 09 16 21 56 45 802

എന്താ തിരിച്ചു വരവ്!!! ഇഞ്ച്വറി സമയത്ത് രണ്ടു ഗോളുകൾ അടിച്ചു ജയം കണ്ടു ടോട്ടനം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഷെഫീൽഡ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ടോട്ടനം ഹോട്സ്പർ ലീഗിലെ മികച്ച തുടക്കം തുടരുന്നു. 98 മിനിറ്റ് വരെ പിറകിൽ നിന്ന ശേഷം അവിശ്വസനീയം ആയ തിരിച്ചു വരവ് ആണ് ടോട്ടനം നടത്തിയത്. ടോട്ടനം ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ ആദ്യ പകുതിയിൽ ഗോൾ പിറന്നില്ല. രണ്ടാം പകുതിയിൽ 73 മത്തെ മിനിറ്റിൽ ജാക് റോബിൻസന്റെ പാസിൽ നിന്നു ഗോൾ നേടിയ ഗുസ്റ്റോവ ഹാമർ ടോട്ടനത്തെ ഞെട്ടിച്ചു. അവസാന നിമിഷങ്ങളിൽ ഗോളിന് ആയി ആർത്ത് ഇരമ്പുന്ന ടോട്ടനത്തെ ആണ് മത്സരത്തിൽ കണ്ടത്.

12 മിനിറ്റ് ഇഞ്ച്വറി സമയം ആണ് മത്സരത്തിൽ റഫറി അനുവദിച്ചത്. സ്വന്തം മൈതാനത്ത് പരാജയം ഒഴിവാക്കാൻ ആയി ടോട്ടനം ആക്രമണം അഴിച്ചു വിട്ടു. 98 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ പെരിസിചിന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ മറ്റൊരു പകരക്കാരൻ റിച്ചാർലിസൺ ടോട്ടനത്തിനു സമനില സമ്മാനിച്ചു. 2 മിനിറ്റിനുള്ളിൽ കുലുസെവ്സ്കിയുടെ വിജയഗോളിന് അവസരം കൂടി ഒരുക്കിയ ബ്രസീലിയൻ താരം റിച്ചാർലിസൺ ടോട്ടനം ജയം പൂർത്തിയാക്കി. അവസാന നിമിഷങ്ങളിൽ ഒളിവർ മക്ബെർണി രണ്ടാം മഞ്ഞ കാർഡ് കൂടി കണ്ടു പുറത്ത് പോയതോടെ ടോട്ടനം ജയം ഉറപ്പിച്ചു. ജയത്തോടെ ടോട്ടനം രണ്ടാം സ്ഥാനത്തേക്ക് കയറി, സീസണിലെ അജയ്യ കുതിപ്പും അവർ തുടർന്നു.

Exit mobile version