ചെൽസിയുടെ കുതിപ്പിന് മുൻപിൽ ഷെഫീൽഡ് യുണൈറ്റഡും വീണു

ഒരു ഗോളിന് പിറകിൽ പോയിട്ടും ശക്തമായി തിരിച്ചുവന്ന ചെൽസിക്ക് മികച്ച ജയം. ഷെഫീൽഡ് യൂണൈറ്റഡിനെയാണ് ചെൽസി ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ഈ സീസണിൽ ചെൽസിയിൽ എത്തിയ ഹക്കിം സീയെഷിന്റെ മികച്ച പ്രകടനം കണ്ട മത്സരത്തിൽ ചെൽസി അനായാസമാണ് ജയം സ്വന്തമാക്കിയത്. ചെൽസിയുടെ തുടർച്ചയായ നാലാം ജയം കൂടിയായിരുന്നു ഇന്നത്തെ മത്സരം.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മാക്ഗോൾഡറിക്കിന്റെ ഗോളിലാണ് ഷെഫീൽഡ് ചെൽസിക്കെതിരെ ലീഡ് നേടിയത്. എന്നാൽ അധികം താമസിയാതെ ടാമി അബ്രഹാമിലൂടെ സമനില പിടിച്ച ചെൽസി ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് പ്രതിരോധ താരം ബെൻ ചിൽവെല്ലിന്റെ ഗോളിലൂടെ മത്സരത്തിൽ മുൻപിലെത്തി. തുടർന്ന് അങ്ങോട്ട് മത്സരത്തിന്റെ പൂർണ ആധിപത്യം കയ്യിലാക്കിയ ചെൽസി രണ്ടാം പകുതിയിലും ഗോളടി തുടരുകയായിരുന്നു.

രണ്ടാം പകുതിയിൽ തിയാഗോ സിൽവയുടെ ഗോളിലൂടെയാണ് ചെൽസി മൂന്നാമത്തെ ഗോൾ നേടിയത്. സിൽവയുടെ ചെൽസിക്ക് വേണ്ടിയുള്ള ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. തുടർന്ന് മത്സരം അവസാനിക്കുന്നതിന് മുൻപ് വെർണർ ചെൽസിയുടെ നാലാമത്തെ ഗോളും നേടി വിജയം ഉറപ്പിക്കുകയായിരുന്നു. ജയത്തോടെ ചെൽസി പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.

ഏക ഗോളിൽ ഷെഫീൽഡിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി

പ്രീമിയർ ലീഗിൽ ഏക ഗോളിൽ ഷെഫീൽഡ് യുണൈറ്റഡിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി. പ്രതിരോധ താരം കെയ്ൽ വാക്കറിന്റെ ഗോളിലാണ് മാഞ്ചസ്റ്റർ സിറ്റി ഷെഫീൽഡ് യുണൈറ്റഡിനെ മറികടന്നത്. മത്സരത്തിലുടനീളം മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യം കണ്ടെങ്കിലും കൂടുതൽ ഗോൾ കണ്ടെത്താൻ ഷെഫീൽഡ് പ്രതിരോധം അനുവദിച്ചില്ല. ഇന്നത്തെ തോൽവിയോടെ ഷെഫീൽഡ് യുണൈറ്റഡ് സീസണിലെ ആദ്യ ജയത്തിനായുള്ള കാത്തിരുപ്പ് തുടരുകയാണ്.

മത്സരത്തിന്റെ 28ആം മിനുട്ടിലാണ് വാക്കർ മാഞ്ചസ്റ്റർ സിറ്റിക്ക് ലീഡ് നേടിക്കൊടുത്തത്. തുടർന്നും മാഞ്ചസ്റ്റർ സിറ്റി മത്സരത്തിൽ ആധിപത്യം പുലർത്തിയെങ്കിലും രണ്ടാമത്തെ ഗോൾ നേടാൻഅവർക്കായില്ല. രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ഷെഫീൽഡ് ലണ്ട്സ്ട്രമിലൂടെ സമനില ഗോളിന് അടുത്തെത്തിയെങ്കിലും താരത്തിന് മാഞ്ചസ്റ്റർ സിറ്റി ഗോൾ വല കുലുക്കാനായില്ല. ഗോൾ വലക്ക് മുൻപിൽ മികച്ച പ്രകടനം പുറത്തെടുത്ത റാംസ്‌ഡേൽ ആണ് കൂടുതൽ ഗോൾ വഴങ്ങുന്നതിൽ നിന്ന് ഷെഫീൽഡിന് തുണയായത്.

പെനാൽറ്റി നഷ്ട്ടപെടുത്തിയിട്ടും മാഞ്ചസ്റ്റർ സിറ്റിക്ക് ജയം

പ്രീമിയർ ലീഗിൽ ഷെഫീൽഡ് യൂണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ജയം. പകരക്കാരനായി ഇറങ്ങിയ സെർജിയോ അഗ്വേറൊയാണ് സിറ്റിക്ക് വിജയ ഗോൾ നേടിക്കൊടുത്തത്.

ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ജെസൂസ് നഷ്ട്ടപെടുത്തിയിരുന്നു.  ഷെഫീൽഡ് യുണൈറ്റഡ് ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സന്റെ മികച്ച പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റിയെ ആദ്യ പകുതിയിൽ ഗോൾ നേടുന്നതിൽ നിന്ന് തടഞ്ഞത്.

രണ്ടാം പകുതിയിൽ ഷെഫീൽഡ് യുണൈറ്റഡ് കുറച്ചു കൂടെ ഉണർന്നു കളിച്ചെങ്കിലും പകരക്കാരനായി വന്ന അഗ്വേറൊ ഡി ബ്രൂയ്നെയുടെ പാസിൽ നിന്ന് ഗോൾ നേടി സിറ്റിയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.

Exit mobile version