ആശ്വാസ ജയം നേടി വെസ്റ്റിന്‍ഡീസ്

പരമ്പര കൈവിട്ടുവെങ്കിലും അവസാന ടി20യിൽ വിജയം കുറിച്ച് വൈറ്റ്‍‍വാഷ് ഒഴിവാക്കി വെസ്റ്റിന്‍ഡീസ്. ന്യൂസിലാണ്ടിനെതിരെ മൂന്നാം മത്സരത്തിൽ 8 വിക്കറ്റ് വിജയം ആണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 145/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 19 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടി വെസ്റ്റിന്‍ഡീസ് വിജയം കുറിച്ചു.

26 പന്തിൽ 41 റൺസ് നേടിയ ഗ്ലെന്‍ ഫിലിപ്പ്സ് ആണ് ന്യൂസിലാണ്ടിന്റെ ടോപ് സ്കോറര്‍. കെയിന്‍ വില്യംസൺ 24 റൺസും ഡെവൺ കോൺവേ 21 റൺസും നേടി. മറ്റു താരങ്ങള്‍ക്കാര്‍ക്കും വലിയ സ്കോറുകള്‍ നേടുവാനും സാധിച്ചില്ല. വെസ്റ്റിന്‍ഡീസിനായി ഒഡിയന്‍ സ്മിത്ത് മൂന്നും അകീൽ ഹൊസൈന്‍ രണ്ടും വിക്കറ്റ് നേടി.

ബ്രണ്ടന്‍ കിംഗും ഷമാര്‍ ബ്രൂക്സും നേടിയ അര്‍ദ്ധ ശതകങ്ങള്‍ക്ക് ശേഷം 15 പന്തിൽ 27 റൺസ് നേടിയ റോവ്മന്‍ പവലും വിന്‍ഡീസിന് വിജയം എളുപ്പത്തിലാക്കിക്കൊടുക്കുകയായിരുന്നു. ബ്രൂക്സ് 56 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ബ്രണ്ടന്‍ കിംഗ് 35 പന്തിൽ 53 റൺസ് നേടി കളിയിലെ താരമായി.

Story Highlights: Brandon King, Shamarh Brooks helps West Indies avoid whitewash against New Zealand, T20I series

വെസ്റ്റിന്‍ഡീസിന് 305 റൺസ്, ശതകവുമായി ഷായി ഹോപ്

പാക്കിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിന് 305 റൺസ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസിന് വേണ്ടി ഷായി ഹോപ് ശതകം നേടിയപ്പോള്‍ ഷമാര്‍ ബ്രൂക്സ് 70 റൺസുമായി തിളങ്ങി.

കൈൽ മയേഴ്സിനെ തുടക്കത്തിലെ നഷ്ടമായ ശേഷം 154 റൺസ് കൂട്ടുകെട്ടുമായി ബ്രൂക്സ് – ഹോപ് കൂട്ടുകെട്ടാണ് വെസ്റ്റിന്‍ഡീസിന് മുന്നോട്ട് നയിച്ചത്. പാക്കിസ്ഥാനായി ഹാരിസ് റൗഫ് 4 വിക്കറ്റ് നേടിയപ്പോള്‍ ഷഹീന്‍ അഫ്രീദിയ്ക്ക് 2 വിക്കറ്റ് ലഭിച്ചു.

റോവ്മന്‍ പവൽ(32), റൊമാരിയോ ഷെപ്പേര്‍ഡ്(25) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ക്യാപ്റ്റന്‍ നിക്കോളസ് പൂരന്‍ 21 റൺസ് നേടി.

ഹോപിന്റെ ശതകം, മികച്ച വിജയവുമായി വെസ്റ്റിന്‍ഡീസ്

ഓപ്പണര്‍മാരായ ഷായി ഹോപും ഷമാര്‍ ബ്രൂക്ക്സും നൽകിയ മികച്ച തുടക്കത്തിന്റെ ബലത്തിൽ നെതര്‍ലാണ്ട്സിനെതിരെ 7 വിക്കറ്റ് വിജയം നേടി വെസ്റ്റിന്‍ഡീസ്. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സ് 45 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് നേടിയിരുന്നു.

പിന്നീട് ലക്ഷ്യം 45 ഓവറിൽ 247 റൺസായി പുതുക്കി നിശ്ചയിച്ചപ്പോള്‍ 43.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ടീം ഈ സ്കോര്‍ മറികടന്നു.

ഷായി ഹോപ് പുറത്താകാതെ 119 റൺസ് നേടിയപ്പോള്‍ 60 റൺസുമായി ഷമാര്‍ ബ്രൂക്ക്സ് താരത്തിന് ഒന്നാം വിക്കറ്റിൽ മികച്ച പിന്തുണ നൽകി. 120 റൺസാണ് ഈ കൂട്ടുകെട്ട് ഓപ്പണിംഗ് വിക്കറ്റിൽ നേടിയത്. 120/0 എന്ന നിലയിൽ നിന്ന് ബ്രൂക്ക്സിനെയും ബോണ്ണറിനെയും അടുത്തടുത്ത പന്തുകളിൽ ലോഗന്‍ വാന്‍ ബീക്ക് പുറത്താക്കിയപ്പോള്‍ നിക്കോളസ് പൂരനെ ആര്യന്‍ ദത്ത് പുറത്താക്കി. ഇതോടെ വിന്‍ഡീസ് 133/3 എന്ന നിലയിലേക്ക് വീണു.

അവിടെ നിന്ന് ഷായി ഹോപിന് കൂട്ടായി എത്തിയ ബ്രണ്ടന്‍ കിംഗ് നേടിയ 58 റൺസ് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 116 റൺസാണ് ഈ നാലാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്.

വിൻഡീസിനെ തകര്‍ത്തെറിഞ്ഞ് പ്രസിദ്ധ് കൃഷ്ണ, ഇന്ത്യയ്ക്ക് 44 റൺസ് വിജയം

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തിൽ ബാറ്റിംഗ് അത്ര ശരിയായില്ലെങ്കിലും വെസ്റ്റിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യയ്ക്ക് 44 റൺസ് വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 237/9 എന്ന സ്കോറാണ് നേടിയത്.

അതേ സമയം പ്രസിദ്ധ് കൃഷ്ണയുടെ 4 വിക്കറ്റ് നേട്ടം വിന്‍ഡീസ് ബാറ്റിംഗിനെ തകര്‍ത്തെറിയുകയായിരുന്നു. 46 ഓവറിൽ വെസ്റ്റിന്‍ഡീസ് 193 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 44 റൺസ് നേടിയ ഷമാര്‍ ബ്രൂക്ക്സ് ആണ് വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍. ഷായി ഹോപ് 27 റൺസ് നേടി.

76/5 എന്ന നിലയിലേക്ക് വീണ വിന്‍ഡീസിനെ ഷമാര്‍ ബ്രൂക്ക്സും അകീൽ ഹൊസൈനും ചേര്‍ന്ന് നേടിയ 41 റൺസാണ് മുന്നോട്ട് നയിച്ചത്. ഷമാര്‍ പുറത്തായ ശേഷം ഫാബിയന്‍ അല്ലനെ കൂട്ടുപിടിച്ച് അകീൽ 42 റൺസ് കൂടി നേടി.

എന്നാൽ അല്ലനെ സിറാജും അകീലിനെ താക്കുറും പുറത്താക്കിയതോടെ 159/6 എന്ന സ്കോറിൽ നിന്ന് 159/8 എന്ന നിലയിലേക്ക് വിന്‍ഡീസ് വീണു.

അകീൽ ഹൊസൈന്‍ 34 റൺസ് നേടി പുറത്തായി. ഇരുവരും പുറത്തായ ശേഷം ഒഡീന്‍ സ്മിത്ത് ശര്‍ദ്ധുൽ താക്കൂറിനെ തുടരെ സിക്സുകള്‍ക്ക് പായിച്ചപ്പോള്‍ അവസാന 10 ഓവറിൽ വിന്‍ഡീസിന് ജയിക്കുവാന്‍ വേണ്ടിയിരുന്നത് 67 റൺസായിരുന്നു. എന്നാൽ ടീമിന്റെ കൈവശം വെറും 2 വിക്കറ്റാണുണ്ടായിരുന്നത്.

ഇന്ത്യന്‍ ക്യാമ്പിൽ പരിഭ്രാന്തി പരത്തിയ ഒഡീന്‍ സ്മിത്തിനെ വാഷിംഗ്ടൺ സുന്ദര്‍ പുറത്താക്കിയതോടെ ഇന്ത്യ ജയം ഉറപ്പിക്കുകയായിരുന്നു. വിജയത്തോടെ ഇന്ത്യ പരമ്പര 2-0ന് നേടി.

അയര്‍ലണ്ടിനെതിരെ 24 റൺസ് വിജയവുമായി വെസ്റ്റിന്‍ഡീസ്

അയര്‍ലണ്ടിന്റെ വെല്ലുവിളിയെ അതിവീജിവിച്ച് വെസ്റ്റിന്റഡീസ്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 48.5 ഓവറിൽ 269 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ അയര്‍ലണ്ടിന് 49.1 ഓവറിൽ 245 റൺസ് മാത്രമേ നേടാനായുള്ളു.

ഷമാര്‍ ബ്രൂക്ക്സ്(93), കീറൺ പൊള്ളാര്‍ഡ്(69) എന്നിവരുടെ ബാറ്റിംഗ് മികവാണ് വെസ്റ്റിന്‍ഡീസിനെ 269 റൺസിലേക്ക് എത്തിച്ചത്. ഷായി ഹോപ്(29), ഒഡീന്‍ സ്മിത്ത്(8 പന്തിൽ 18) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. അയര്‍ലണ്ടിന് വേണ്ടി മാര്‍ക്ക് അഡയര്‍, ക്രെയിഗ് യംഗ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റും ആന്‍ഡി മക്ബ്രൈന്‍ രണ്ടും വിക്കറ്റ് നേടി.

ആന്‍ഡ്രൂ ബാല്‍ബിര്‍ണേ(71) റൺസ് നേടിയപ്പോള്‍ ഹാരി ടെക്ടര്‍ 53 റൺസ് നേടി. ഇതിനിടെ കൺകഷന്‍ കാരണം പിന്മാറേണ്ടി വന്ന ആന്‍ഡി മക്ബ്രൈന്റെ സേവനം നഷ്ടമായതി അയര്‍ലണ്ടിന് തിരിച്ചടിയായി. 34 റൺസാണ് താരം നേടിയത്.

പിന്നീട് ജോര്‍ജ്ജ് ഡോക്രെൽ(30), മാര്‍ക്ക് അഡയര്‍(9 പന്തിൽ പുറത്താകാതെ 21) എന്നിവരും പൊരുതി നോക്കിയെങ്കിലും 245 റൺസ് മാത്രമേ ടീമിന് നേടാനായുള്ളു. വെസ്റ്റിന്‍ഡീസിന് വേണ്ടി അല്‍സാരി ജോസഫും റൊമാരിയോ ഷെപ്പേര്‍ഡും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ഒഡീന്‍ സ്മിത്ത് 2 വിക്കറ്റ് നേടി.

ഇംഗ്ലണ്ടിനെ നേരിടുവാനുള്ള തയ്യാറെടുപ്പുകള്‍ മികച്ചത് – ഷമാര്‍ ബ്രൂക്ക്സ്

ക്രിക്കറ്റ് ജൂലൈ 8ന് വീണ്ടും മടങ്ങിയെത്തുമ്പോള്‍ ഇംഗ്ലണ്ടിനെ നേരിടുവാനുള്ള സര്‍വ്വ തയ്യാറെടുപ്പുകളും നടത്തിയാണ് തങ്ങളെത്തുന്നതെന്ന് പറഞ്ഞ് വിന്‍ഡീസ് ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്‍ ഷമാര്‍ ബ്രൂക്ക്സ്. മികച്ച പരിശീലനത്തിലാണ് ടീം കഴിഞ്ഞ ദിവസങ്ങളില്‍ ഏര്‍പ്പെട്ടതെന്ന് പറഞ്ഞ ബ്രൂക്ക്സ് പ്രാക്ടീസ് മാച്ചുകളിലും മത്സരത്തിലുള്ള തീവ്രത താരങ്ങള്‍ പുറത്തെടുത്തുവെന്ന് പറഞ്ഞു.

മൂന്ന് മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ട് നിന്നവരാണെങ്കിലും കഴിഞ്ഞ നാലാഴ്ചത്തെ പരിശീലനം താരങ്ങളെ ഇംഗ്ലണ്ടിനെ നേരിടുവാന്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ബ്രൂക്ക്സ് വ്യക്തമാക്കി. ഇംഗ്ലണ്ട് ബൗളിംഗ് മികച്ചതാണെങ്കിലും അവര്‍ക്കെതിരെ മികച്ച രീതിയില്‍ ബാറ്റ് വീശാനായാല്‍ മത്സരത്തില്‍ വിന്‍ഡീസിനും സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചു.

തങ്ങളുടെ ബൗളര്‍മാരും ഇംഗ്ലണ്ടിന് വെല്ലുവിളി ഉയര്‍ത്തുവാന്‍ പോന്നവരാണെന്നും ഷമാര്‍ വ്യക്തമാക്കി. ബാറ്റ്സ്മാന്മാര്‍ ക്രീസില്‍ സമയം ചെലവഴിക്കുകയാണെങ്കില്‍ ഇംഗ്ലണ്ട് ബുദ്ധിമുട്ടുമെന്ന് ഉറപ്പാണെന്നും ഷമാര്‍ വ്യക്തമാക്കി.

കന്നി ടെസ്റ്റ് ശതകം നേടി ഷമാര്‍ ബ്രൂക്ക്സ്, വിന്‍ഡീസ് ലീഡ് 90 റണ്‍സില്‍ ഒതുക്കി അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാനെതിരെ ലക്നൗ ടെസ്റ്റില്‍ 277 റണ്‍സിന് ഓള്‍ഔട്ട് ആയി വിന്‍ഡീസ്. ഇതോടെ ടീമിന് 90 റണ്‍സിന്റെ ലീഡാണ് നേടാനായത്. 111 റണ്‍സ് നേടി ഒരറ്റത്ത് പൊരുതി നിന്ന ഷമാര്‍ ബ്രൂക്ക്സിന്റെ പ്രകടനമാണ് വിന്‍ഡീസ് നിരയില്‍ വേറിട്ട് നിന്നത്.

ജോണ്‍ കാംപെല്‍(55), ഷെയിന്‍ ഡോവ്റിച്ച്(42) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു വിന്‍ഡീസ് താരങ്ങള്‍.

അഫ്ഗാനിസ്ഥാന് വേണ്ടി അമീര്‍ ഹംസ അഞ്ചും റഷീദ് ഖാന്‍ മൂന്നും വിക്കറ്റ് നേടി തിളങ്ങി. സഹീര്‍ ഖാന് രണ്ട് വിക്കറ്റും ലഭിച്ചു.

ലീഡ് നേടി വിന്‍ഡീസ്, നിര്‍ണ്ണായക ഇന്നിംഗ്സുമായി ഷമാര്‍ ബ്രൂക്ക്സ്

അഫ്ഗാനിസ്ഥാനെതിരെ നേരിയതെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി വിന്‍ഡീസ്. 187 റണ്‍സിന് അഫ്ഗാനിസ്ഥാനെ പുറത്താക്കിയ ശേഷം ഇന്ന് രണ്ടാം ദിവസം 68/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കരീബിയന്‍ സംഘം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 195/5 എന്ന നിലയിലാണ്. 8 റണ്‍സിന്റെ ലീഡാണ് വിന്‍ഡീസിനുള്ളത്.

ജോണ്‍ കാംപെല്‍-ബ്രൂക്സ് കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ 82 റണ്‍സ് നേടി വിന്‍ഡീസിനെ മുന്നോട്ട് നയിച്ചുവെങ്കിലും അമീര്‍ ഹംസ 55 റണ്‍സ് നേടിയ കാംപെല്ലിനെ പുറത്താക്കി അധികം കൈവാതെ ഷിമ്രണ്‍ ഹെറ്റ്മ്യറിനെ(13)റഷീദ് ഖാനും റോഷ്ടണ്‍ ചേസിനെ(2) സഹീര്‍ ഖാനും പുറത്താക്കിയിരുന്നു.

150/5 എന്ന നിലയില്‍ വീണ ടീമിനെ പിന്നീട് മുന്നോട്ട് നയിച്ചത് ബ്രൂക്ക്സും ഷെയിന്‍ ഡോവ്റിച്ചും ചേര്‍ന്നാണ്. ആറാം വിക്കറ്റില്‍ 45 റണ്‍സാണ് കൂട്ടുകെട്ട് ഇതുവരെ നേടിയിട്ടുള്ളത്.

129 പന്തില്‍ 75 റണ്‍സുമായി ബ്രൂക്ക്സും 25 റണ്‍സ് നേടിയ ഷെയിന്‍ ഡോവ്റിച്ചും വലിയ ലീഡിലേക്ക് വിന്‍ഡീസിനെ രണ്ടാം സെഷനില്‍ നയിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇന്ത്യന്‍ വിജയം ആറ് വിക്കറ്റ് അകലെ

5 സെഷനുകള്‍ അവശേഷിക്കെ വിന്‍ഡീസില്‍ പരമ്പര വിജയത്തിനായി ഇന്ത്യ നേടേണ്ടത് 6 വിക്കറ്റുകള്‍. ഇന്ന് നാലാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ വിന്‍ഡീസ് 145/4 എന്ന നിലയിലാണ്. ഷമാര്‍ ബ്രൂസ്സ്(36*), ജെര്‍മൈന്‍ ബ്ലാക്ക്വുഡ്(33*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്. ഡാരെന്‍ ബ്രാവോയെ പരിക്കേറ്റതിനെത്തുടര്‍ന്ന് വിന്‍ഡീസിന് നഷ്ടമാകുകയായിരുന്നു. ബ്രാവോയ്ക്ക് പരിക്കേറ്റപ്പോളാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി ജെര്‍മൈന്‍ ബ്ലാക്ക്വുഡ് ക്രീസിലെത്തിയത്.

ഇഷാന്ത് ശര്‍മ്മ ഷിമ്രണ്‍ ഹെറ്റ്മ്യറിനെ പുറത്താക്കിയപ്പോള്‍ രവീന്ദ്ര ജഡേജയ്ക്കാണ് റോഷ്ടണ്‍ ചേസിന്റെ വിക്കറ്റ്. ജയത്തിനായി വിന്‍ഡീസ് 323 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

15 റണ്‍സ് ലീഡ് നേടി വിന്‍ഡീസ് എ, ഇന്ത്യ എ തകര്‍ന്നു

ഇംഗ്ലണ്ടിലെ ബെക്കന്‍ഹാമില്‍ വിന്‍ഡീസ്-ഇന്ത്യ എ ടീമുകള്‍ തമ്മിലുള്ള അനൗദ്യോഗിയ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യയെ 133 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ വിന്‍ഡീസ് ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 15 റണ്‍സിന്റെ ലീഡ് ഉള്‍പ്പെടെ 148/3 എന്ന നിലയിലാണ്. സുനില്‍ അംബ്രിസ്(24*), ഷംറ ബ്രൂക്ക്സ്(51*) എന്നിവര്‍ 66 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടുമായി ക്രീസില്‍ നില്‍ക്കുകയാണ്.

ചന്ദര്‍പോള്‍ ഹേംരാജ്(42), ജെര്‍മൈന്‍ ബ്ലാക്ക്‍വുഡ്(18), ജോണ്‍ കാംപെല്‍(2) എന്നിവരാണ് പുറത്തായ താരങ്ങള്‍. ഇന്ത്യയ്ക്കായി അങ്കിത് രാജ്പുത് രണ്ടും ഷഹ്ബാസ് നദീം ഒരു വിക്കറ്റും നേടി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 42.1 ഓവറില്‍ 133 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 37 റണ്‍സ് നേടിയ ഹനുമ വിഹാരിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വിജയ് ശങ്കര്‍(34), കരുണ്‍ നായര്‍(20), ഷഹ്ബാസ് നദീം(15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.

വിന്‍ഡീസിനായി ചെമര്‍ ഹോള്‍ഡര്‍, ഷെര്‍മന്‍ ലൂയിസ് എന്നിവര്‍ നാല് വീതം വിക്കറ്റും റായ്‍മോന്‍ റീഫര്‍ രണ്ടും വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version