നെതര്‍ലാണ്ട്സിന്റെ അവിശ്വസനീയ ബാറ്റിംഗ്, സൂപ്പർ ഓവറിൽ സൂപ്പർ വിജയം

വെസ്റ്റിന്‍ഡീസിനെതിരെ സൂപ്പര്‍ ഓവറിൽ വിജയം നേടി നെതര്‍ലാണ്ട്സ്. ഇരു ടീമുകളും 374 റൺസ് നേടിയതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിയപ്പോള്‍ സൂപ്പര്‍ ഓവറിൽ 30 റൺസാണ് നെതര്‍ലാണ്ട്സ് നേടിയത്. വെസ്റ്റിന്‍ഡീസ് 8 റൺസ് നേടുന്നതിനിടെ ഇരു വിക്കറ്റുകളും നഷ്ടമായി തോൽവിയിലേക്ക് വീണു.

375 റൺസെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ നെതര്‍ലാണ്ട്സിന് വിജയത്തിന് പടിവാതിൽക്കലെത്തിയെങ്കിലും അവസാന പന്തിൽ ജയിക്കുവാന്‍ ഒരു റൺസ് വേണ്ടപ്പോള്‍ ലോഗന്‍ വാന്‍ ബീക്കിന്റെ വിക്കറ്റ് നഷ്ടമായത് ടീമിന് അര്‍ഹമായ വിജയം കൈവിടുന്ന കാഴ്ചയാണ് കണ്ടത്. 9 വിക്കറ്റ് നഷ്ടത്തിൽ നെതര്‍ലാണ്ട്സ് 374 റൺസിലൊതുങ്ങിയപ്പോള്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് പോയി.

സൂപ്പര്‍ ഓവറിൽ ലോഗര്‍ വാന്‍ ബീക്ക് ജേസൺ ഹോള്‍ഡറെ അടിച്ച് പറത്തിയപ്പോള്‍ ഓവറിൽ നിന്ന് 30 റൺസാണ് പിറന്നത്. 3 സിക്സും മൂന്ന് ഫോറും നേടിയതോടെ വെസ്റ്റിന്‍ഡീസിന്റെ വിജയ ലക്ഷ്യം 31 റൺസായി മാറി. സൂപ്പര്‍ ഓവറിൽ വെസ്റ്റിന്‍ഡീസ് ഇന്നിംഗ്സ് 5 പന്തിൽ 9 റൺസിൽ അവസാനിച്ചു.

നേരത്തെ നെതര്‍ലാണ്ട്സിനായി 76 പന്തിൽ 111 റൺസ് നേടിയ തേജ നിദാമാനുരൂവും സ്കോട്ട് എഡ്വേര്‍ഡ്സ്(67), ലോഗന്‍ വാന്‍ ബീക്ക്(14 പന്തിൽ 28), ആര്യന്‍ ദത്ത്(9 പന്തിൽ 16) എന്നിവര്‍ക്കൊപ്പം വിക്രംജീത്ത് സിംഗ്(37), മാക്സ് ഒദൗദ്(36), ബാസ് ഡി ലീഡ്(33) എന്നിവരുടെ പ്രകടനവും സ്കോറുകള്‍ ഒപ്പമെത്തിക്കുവാന്‍ ടീമിനെ സഹായിച്ചു.

വെസ്റ്റിന്‍ഡീസിനായി റോസ്ടൺ ചേസ് 3 വിക്കറ്റും അൽസാരി ജോസഫ്, അകീൽ ഹൊസൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഹോപിന്റെ ശതകം, മികച്ച വിജയവുമായി വെസ്റ്റിന്‍ഡീസ്

ഓപ്പണര്‍മാരായ ഷായി ഹോപും ഷമാര്‍ ബ്രൂക്ക്സും നൽകിയ മികച്ച തുടക്കത്തിന്റെ ബലത്തിൽ നെതര്‍ലാണ്ട്സിനെതിരെ 7 വിക്കറ്റ് വിജയം നേടി വെസ്റ്റിന്‍ഡീസ്. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സ് 45 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് നേടിയിരുന്നു.

പിന്നീട് ലക്ഷ്യം 45 ഓവറിൽ 247 റൺസായി പുതുക്കി നിശ്ചയിച്ചപ്പോള്‍ 43.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ടീം ഈ സ്കോര്‍ മറികടന്നു.

ഷായി ഹോപ് പുറത്താകാതെ 119 റൺസ് നേടിയപ്പോള്‍ 60 റൺസുമായി ഷമാര്‍ ബ്രൂക്ക്സ് താരത്തിന് ഒന്നാം വിക്കറ്റിൽ മികച്ച പിന്തുണ നൽകി. 120 റൺസാണ് ഈ കൂട്ടുകെട്ട് ഓപ്പണിംഗ് വിക്കറ്റിൽ നേടിയത്. 120/0 എന്ന നിലയിൽ നിന്ന് ബ്രൂക്ക്സിനെയും ബോണ്ണറിനെയും അടുത്തടുത്ത പന്തുകളിൽ ലോഗന്‍ വാന്‍ ബീക്ക് പുറത്താക്കിയപ്പോള്‍ നിക്കോളസ് പൂരനെ ആര്യന്‍ ദത്ത് പുറത്താക്കി. ഇതോടെ വിന്‍ഡീസ് 133/3 എന്ന നിലയിലേക്ക് വീണു.

അവിടെ നിന്ന് ഷായി ഹോപിന് കൂട്ടായി എത്തിയ ബ്രണ്ടന്‍ കിംഗ് നേടിയ 58 റൺസ് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 116 റൺസാണ് ഈ നാലാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്.

Exit mobile version