കൊൽക്കത്തയുടെ അപരാജിത കുതിപ്പിന് അവസാനമിട്ട് CSK

ഇന്ത്യൻ പ്രീമിയർ ലീഗിൽ അനായാസ വിജയവുമായി ചെന്നൈ സൂപ്പർ കിംഗ്സ് (CSK). ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 138 എന്ന വിജയലക്ഷ്യം തേടി ഇറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് 7 വിക്കറ്റിന്റെ വിജയം നേടി. ക്യാപ്റ്റൻ ഋതുരാജിന്റെ അർദ്ധ സെഞ്ച്വറിയുടെ മികവിൽ പതിനെട്ടാം ഓവറിലേക്ക് ചെന്നൈ വിജയത്തിലെത്തി. തുടർച്ചയായ രണ്ടു പരാജയങ്ങൾക്ക് ശേഷമുള്ള ചെന്നൈയുടെ വിജയം ആണിത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആകട്ടെ സീസണിലെ ആദ്യ പരാജയമാണിത്.

തുടക്കത്തിൽ 15 റൺസ് എടുത്ത രചി‌ രവീന്ദ്രയെ നഷ്ടമായി എങ്കിലും ചെന്നൈ പതറിയില്ല. മിച്ചലും ഗെയ്ക്വാദും ചേർന്ന് ചെന്നൈ സൂപ്പർ കിങ്സിനെ സമ്മർദ്ദത്തിൽ നിന്ന് രക്ഷിച്ചു. മിച്ചൽ 19 പന്തിൽ നിന്ന് 25 റൺസ് എടുത്തു.

ഇതിനു ശേഷം ശിവം ദൂബെക്ക് ഒപ്പം ചേർന്ന് റുതുരാജ് ചെന്നൈയിനെ 18ആം ഓവറിലേക്ക് വിജയത്തിൽ എത്തിച്ചു. റുതുരാജ് 58 പന്തിൽ നിന്ന് 67 റൺസ് എടുത്തു പുറത്താകാതെ നിന്നു. 9 ബൗണ്ടറികൾ റുതുരാജ് അടിച്ചു. ശിവം ദൂബെ 18 പന്തിൽ നിന്ന് 28 റൺസും എടുത്തു പുറത്തായി. 3 സിക്സ് താരം അടിച്ചു. ധോണി 1 റണ്ണുമായി പുറത്താകാതെ നിന്നു.

ഇന്ന് ആദ്യം ബൗൾ ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് (CSK) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വെറും 137-9 റണ്ണില്‍ ഒതുക്കിയിരുന്നു. മികച്ച രീതിയിൽ പന്തറിഞ്ഞ സ്പിന്നർമാരും പൈസർമാരും ഒരു പോലെ ചെന്നൈക്ക് കരുത്തായി. നാല് ഓവറിൽ 18 റൺസ് മാത്രം വാങ്ങി മൂന്ന് വിക്കറ്റ് വിഴ്ത്തിയ ജഡേജയാണ് കൂട്ടത്തിൽ ഏറ്റവും തിളങ്ങിയത്.

മത്സരം ആരംഭിച്ച ആദ്യ പന്തിൽ തന്നെ ഫിൽ സാൾട്ട് പുറത്തായിരുന്നു. തുഷാർ ദേശ്പാണ്ഡയുടെ പന്തിലാണ് സാൾട്ട് ഡക്കിൽ പുറത്തായത്. 27 റൺസ് എടുത്ത നരെയ്നും 24 റൺസ് എടുത്ത് അങ്ക്രിഷ് രഗുവൻഷിയും ഭേദപ്പെട്ട പവർ പ്ലേ കൊൽക്കത്തയ്ക്ക് നൽകി. എന്നാൽ അതിനു ശേഷം കൊൽക്കത്ത ഒന്നിനുപുറകെ ഒന്നായി വിക്കറ്റുകൾ കളയുകയായിരുന്നു.

3 റൺസ് എടുത്ത് വെങ്കിടേഷ് അയ്യർ, 13 റൺസ് എടുത്ത രമൺദീപ് എന്നിവർ നിരാശപ്പെടുത്തി. ഇതിനുശേഷം ക്യാപ്റ്റൻ ശ്രേയസ് അയ്യറും റിങ്കു സിംഗും ചേർന്ന് ഒരു കൂട്ടുകെട്ട് പടുത്തു എങ്കിലും ഇരുവരും ബൗണ്ടറി കണ്ടെത്താൻ പ്രയാസപ്പെട്ടു. 16 ഓവർ കഴിഞ്ഞപ്പോൾ 109 റൺസ് മാത്രമേ കൊൽക്കത്തയ്ക്ക് ഉണ്ടായിരുന്നുള്ളൂ.

റിങ്കു സിങ് 14 പന്തിൽ നിന്ന് 9 റൺസ് മാത്രം എടുത്ത് പുറത്തായി. 10 പന്തിൽ 10 എടുത്ത് റസ്സലും പുറത്തായി. ശ്രേയസ് അയ്യർ ക്രീസിൽ തുടർന്നു എങ്കിലും സ്കോർ ഉയർത്താൻ ശ്രേയസിനും ആയില്ല. ശ്രേയസ് 32 പന്തിൽ നിന്ന് 34 റൺസ് ആണ് എടുത്തത്.

ജഡേജയും തുശാർ ദേശ്പാണ്ഡെയും ചെന്നൈക്ക് ആയി 3 വിക്കറ്റ് വീതം വീഴ്ത്തി. മുസ്തഫിസുർ റഹ്മാൻ രണ്ട് വിക്കറ്റും തീക്ഷണ ഒരു വിക്കറ്റും വീഴ്ത്തി.

“താൻ ആരുടെയും ഷൂ ഫിൽ ചെയ്യാൻ ശ്രമിക്കില്ല” – റുതുരാജ്

ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് എംഎസ് ധോണിക്ക് പകരം സിഎസ്‌കെ ക്യാപ്റ്റൻ ആയി തന്റെ ആദ്യ മത്സരം കളിച്ച് വിജയിച്ചു. ചെന്നൈയുടെ ക്യാപ്റ്റൻ ആകാനുള്ള ഈ അവസരം താൻ ഒരു പ്രിവിലേജ് ആയി കണക്കാക്കുന്നു എന്ന് റുതുരാജ് പറഞ്ഞു.

ധോണിയുടെ പാത പിന്തുടർന്ന് അദ്ദേഹത്തിന്റെ പാരമ്പര്യം കാക്കുക പ്രയാസമാകില്ലെ എന്ന ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു റുതുരാജ്.

“ഈ അവസരം പ്രിവിലേജ്ഡ് ആയി കാണുന്നു. പക്ഷേ, ആരുടെയും ഷൂസ് നിറയ്ക്കാൻ അല്ല ഞാൻ നോക്കുന്നത്. എൻ്റെ ഷൂസിൽ തന്നെ ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” റുതുരാജ് പറഞ്ഞു.

ക്യാപ്റ്റൻസിയിയെ കുറിച്ച് കഴിഞ്ഞ ആഴ്‌ചയാണ് ഞാൻ അറിഞ്ഞത്, എന്നാൽ കഴിഞ്ഞ വർഷം മഹി ഭായ് അതിനെക്കുറിച്ച് സൂചന നൽകിയിരുന്നു.” റുതുരാജ് പറഞ്ഞു. ഇന്നലെ ആയിരുന്നു റുതുരാജിനെ ക്യാപ്റ്റൻ ആയി സി എസ് കെ പ്രഖ്യാപിച്ചത്.

രണ്ട് വര്‍ഷം മുമ്പത്തെ അവസ്ഥയല്ല, ഇത്തവണ കൂടുതൽ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട് – ക്യാപ്റ്റന്‍സി മാറ്റത്തെക്കുറിച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്

രണ്ട് വര്‍ഷം മുമ്പ് ക്യാപ്റ്റന്‍സി മാറ്റത്തിനായി മുതിര്‍ന്നതിലും മികച്ച തയ്യാറെടുപ്പുകളോടെയാണ് ഇത്തവണ ചെന്നൈ സൂപ്പര്‍ കിംഗ്സ് രംഗത്തെത്തിയിരിക്കുന്നതെന്ന് പറഞ്ഞ് സ്റ്റീഫന്‍ ഫ്ലെമിംഗ്. രണ്ട് വര്‍ഷം മുമ്പ് എംഎസ് ധോണിയിൽ നിന്ന് ക്യാപ്റ്റന്‍സി രവീന്ദ്ര ജഡേജയ്ക്ക് നൽകിയെങ്കിലും പിന്നീട് എട്ട് മത്സരങ്ങള്‍ക്ക് ശേഷം ധോണിയിക്ക് തന്നെ ക്യാപ്റ്റന്‍സി തിരികെ നൽകുന്നതാണ് കണ്ടത്.

എന്നാൽ ഇത്തവണ ഐപിഎലിന് മുമ്പ് ക്യാപ്റ്റന്‍സി റുതുരാജ് ഗായക്വാഡിന് നൽകുമ്പോള്‍ നേരത്തേതിലും മികച്ച തയ്യാറെടുപ്പുകള്‍ ഫ്രാഞ്ചൈസി നടത്തിയിട്ടുണ്ടെന്നാണ് കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് പറയുന്നത്. ധോണിയ്ക്ക് ശേഷമുള്ള കാലത്തെ എങ്ങനെ നോക്കിക്കാണമെന്ന് അന്ന് നമുക്ക് കൂറേ അധികം കാര്യങ്ങള്‍ പഠിക്കുവാന്‍ അവസരം ലഭിച്ചുവെന്നും ഫ്ലെമിംഗ് കൂട്ടിചേര്‍ത്തു.

വലിയ ഷൂ ആണ് ഫിൽ ചെയ്യാനുള്ളത്, റുതുരാജിന് ആശംസ അറിയിച്ച് സൂര്യകുമാർ

ഐപിഎൽ 2024 ന് മുന്നോടിയായി പുതിയ ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട റുതുരാജ് ഗെയ്‌ക്‌വാദിന് ആശംസകൾ നേർന്ന് സൂര്യകുമാർ യാദവ്. എംഎസ് ധോണിയിൽ നിന്ന് സിഎസ്കെയുടെ നായകസ്ഥാനം ഏറ്റെടുക്കുന്ന റുതുരാജിന് വലിയ ഷൂ ആണ് ഫിൽ ചെയ്യാൻ ഉള്ളത് എന്ന് സ്കൈ ഓർമ്മിപ്പിച്ചു.

സൂര്യകുമാർ തൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഒരു സ്റ്റോറിയിലൂടെ ആണ് റുതുരാജിനെ ആശംസിച്ചത്.

“വലിയ ഷൂസ് ആണ് ഫിൽ ചെയ്യാനുള്ളത് എന്ന വസ്തുത നിഷേധിക്കാനാവില്ല. എന്നാൽ നിങ്ങളുടെ ശാന്തവും ശാന്തമായ സ്വഭാവവും ശൈലിയും കൊണ്ട് നിങ്ങൾ ഈ ടീമിൻ്റെ പാരമ്പര്യത്തെ സ്റ്റൈലായി മുന്നോട്ട് കൊണ്ടുപോകുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾക്ക് എല്ലാ സ്നേഹവും ഭാഗ്യവും നേരുന്നു” സൂര്യകുമാർ തൻ്റെ സ്റ്റോറിയിൽ കുറിച്ചു. .

റുതുരാജ് ഗെയ്ക്‌വാദ് ധോണിക്ക് ശേഷം CSK ക്യാപ്റ്റൻ ആകണം എന്ന് റെയ്ന

ധോണി ഐ പി എല്ലിൽ നിന്ന് വിരമിച്ചാൽ CSK ക്യാപ്റ്റൻ ആകാൻ അനുയോജ്യൻ ആണ് റുതുരാജ് ഗെയ്ക്‌വാദ് എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. ഐപിഎൽ 2024 സീസണിൻ്റെ അവസാനത്തിൽ ധോണിയുടെ പകരക്കാരനെ സിഎസ്‌കെ കണ്ടുപിടിക്കും എന്ന് താൻ പ്രതീക്ഷിക്കുന്നു എന്നും റെയ്ന പറഞ്ഞു.

“അവരുടെ അടുത്ത ക്യാപ്റ്റൻ ആരായിരിക്കും എന്നതാണ് ഏറ്റവും വലിയ ചോദ്യം? ധോണി ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറിയാലും, അദ്ദേഹം ടീമിനൊപ്പം വ്യത്യസ്ത റോളിൽ ഉണ്ടാകും. എന്നാൽ ചോദ്യം, അവൻ ആരെയാണ് പിൻഗാമി ആക്കാൻ പോകുന്നത് എന്നാണ്” റെയ്‌ന പറഞ്ഞു.

“റുതുരാജ് ഗെയ്‌ക്‌വാദ് ധോണിക്ക് പകരം നല്ലൊരു ഓപ്ഷനാണ്. എംഎസ് ധോണിയെക്കാൾ സിഎസ്‌കെയ്ക്ക് ആണ് ഈ വർഷം വളരെ പ്രധാനപ്പെട്ടത്. കാരണം അദ്ദേഹം ആരെയാണ് ഡെപ്യൂട്ടി ആയി തിരഞ്ഞെടുക്കാൻ പോകുന്നത് എന്ന് നമ്മുക്ക് അറിയാൻ ആകും” റെയ്‌ന കൂട്ടിച്ചേർത്തു.

റായ്പൂരിൽ റിങ്കു വെടിക്കെട്ട്!!! ഒപ്പം കൂടി ജിതേഷ് ശര്‍മ്മയും, അവസാന രണ്ടോവറിൽ ഇന്ത്യയ്ക്ക് നഷ്ടമായത് 5 വിക്കറ്റ്

റായ്പൂരിലെ നാലാം ടി20യിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 174 റൺസ്. 9 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്. ഇന്ത്യയുടെ സ്കോറിംഗിന് വേഗത നൽകിയ റിങ്കു സിംഗും ജിതേഷ് ശര്‍മ്മയും അവസാന ഓവര്‍ വരെ ക്രീസിലുണ്ടാകാതിരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അവസാന രണ്ടോവറിൽ അഞ്ച് വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് നേടാനായത് 13 റൺസ് മാത്രമാണ്

യശസ്വി ജൈസ്വാള്‍ മിന്നും തുടക്കം നൽകിയപ്പോള്‍ പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ ഇന്ത്യ 50 റൺസിലെത്തി. എന്നാൽ പവര്‍പ്ലേയിലെ അവസാന ഓവറിലെ അവസാന പന്തിൽ താരം പുറത്തായി. 28 പന്തിൽ നിന്ന് 37 റൺസായിരുന്നു ജൈസ്വാള്‍ നേടിയത്.

റുതുരാജ് ഗൈക്വാഡിന് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ മറുവശത്ത് ശ്രേയസ്സ് അയ്യരും സൂര്യകുമാര്‍ യാദവും വേഗത്തിൽ മടങ്ങിയപ്പോള്‍ ഇന്ത്യ 63/3 എന്ന നിലയിൽ പ്രതിരോധത്തിലായി.

ഗൈക്വാഡ് പിന്നീട് റൺ റേറ്റ് ഉയര്‍ത്തിയെങ്കിലും 28 പന്തിൽ 32 റൺസ് നേടി താരം പുറത്തായി. 58 റൺസാണ് റിങ്കു – ഗൈക്വാഡ് കൂട്ടുകെട്ട് നാലാം വിക്കറ്റിൽ നേടിയത്. റിങ്കുവിന് കൂട്ടായി എത്തിയ ജിതേഷ് ശര്‍മ്മയും തകര്‍ത്ത് ബാറ്റ് വീശിയപ്പോള്‍ അവസാന ഓവറുകളിൽ ഇന്ത്യയുടെ റൺ റേറ്റ് കുതിച്ചുയര്‍ന്നു.

19 പന്തിൽ 35 റൺസ് നേടി ജിതേഷ് ശര്‍മ്മ പുറത്തായെങ്കിലും അഞ്ചാം വിക്കറ്റിൽ ഇന്ത്യ 56 റൺസാണ് ക്ഷണനേരം കൊണ്ട് കൂട്ടിചേര്‍ത്തത്. അതേ ഓവറിൽ അക്സര്‍ പട്ടേലിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. അവസാന ഓവറിൽ റിങ്കു സിംഗും പുറത്തായപ്പോള്‍ ഇന്ത്യയുടെ കുതിപ്പിന് തടയിടുവാന്‍ ഓസ്ട്രേലിയയ്ക്കായി.

റിങ്കു 29 പന്തിൽ 46 റൺസാണ് നേടിയത്. ഓസ്ട്രേലിയയ്ക്കായി ബെന്‍ ഡ്വാര്‍ഷുയിസ് മൂന്നും ജേസൺ ബെഹ്രെന്‍ഡോര്‍ഫ് രണ്ടും വിക്കറ്റ് നേടി.

സഞ്ജുവിന് ഏകദിനത്തിൽ അവസരം, മൂന്ന് ഫോര്‍മാറ്റുകള്‍ക്കുമുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

ദക്ഷിണാഫ്രിക്കയിലേക്കുള്ള ഇന്ത്യന്‍ ഏകദിന ടീമിൽ സഞ്ജു സാംസണ് അവസരം. ടീമിനെ കെഎൽ രാഹുല്‍ ആണ് നയിക്കുന്നത്. മൂന്ന് ഫോര്‍മാറ്റുകളിലേക്കുമുള്ള ടീമിനെയും ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ടി20യിൽ ടീമിനെ സൂര്യകുമാര്‍ യാദവ് തന്നെയാണ് നയിക്കുന്നത്. ടെസ്റ്റ് സ്ക്വാഡിൽ രോഹിത് ക്യാപ്റ്റനായി എത്തുമ്പോള്‍ റുതുരാജ് ഗൈക്വാഡ് ആദ്യമായി അവസരം ലഭിയ്ക്കുന്നുണ്ട്.

അതേ സമയം ടെസ്റ്റ് സ്ക്വാഡിൽ സീനിയര്‍ താരങ്ങളായ അജിങ്ക്യ രഹാനെയെയും ചേതശ്വര്‍ പുജാരയെയും തിരഞ്ഞെടുത്തിട്ടില്ല. ഷമിയ്ക്ക് ടീമിൽ അവസരം ലഭിച്ചുവെങ്കിലും താരത്തിന് ബിസിസിഐയിൽ നിന്ന് മെഡിക്കൽ ക്ലിയറന്‍സ് ആവശ്യമാണ്.

ടി20 സ്ക്വാഡ്: Yashasvi Jaiswal, Shubman Gill, Ruturaj Gaikwad, Tilak Varma, Suryakumar Yadav (C), Rinku Singh, Shreyas Iyer, Ishan Kishan (wk), Jitesh Sharma (wk), Ravindra Jadeja (VC), Washington Sundar, Ravi Bishnoi, Kuldeep Yadav, Arshdeep Singh, Mohd. Siraj, Mukesh Kumar, Deepak Chahar.

ടെസ്റ്റ് സ്ക്വാഡ്: Rohit Sharma (C), Shubman Gill, Yashasvi Jaiswal, Virat Kohli, Shreyas Iyer, Ruturaj Gaikwad, Ishan Kishan (wk), KL Rahul (wk), Ravichandran Ashwin, Ravindra Jadeja, Shardul Thakur, Mohd. Siraj, Mukesh Kumar, Mohd. Shami(മെഡിക്കൽ ക്ലിയറന്‍സ് ആവശ്യം), Jasprit Bumrah (VC), Prasidh Krishna.

ഏകദിന സ്ക്വാഡ്:Ruturaj Gaikwad, Sai Sudharsan, Tilak Varma, Rajat Patidar, Rinku Singh, Shreyas Iyer, KL Rahul (C)(wk), Sanju Samson (wk), Axar Patel, Washington Sundar, Kuldeep Yadav, Yuzvendra Chahal, Mukesh Kumar, Avesh Khan, Arshdeep Singh, Deepak Chahar.

രാജകീയം റുതുരാജ്!!! താരത്തിന്റെ കന്നി ടി20 ശതകത്തിന്റെ മികവിൽ ഇന്ത്യയ്ക്ക് 222 റൺസ്

ഓസ്ട്രേലിയയ്ക്കെതിരെ ഗുവഹാത്തിയിലെ മൂന്നാം ടി20 മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 222 റൺസ്. റുതുരാജ് ഗായ്ക്വാഡിന്റെ ബാറ്റിംഗ് മികവാണ് ഇന്ത്യയെ 3 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോറിലേക്ക് എത്തിച്ചത്. താരം 57 പന്തിൽ 123 റൺസ് നേടിയപ്പോള്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മ്മയും മികച്ച പിന്ചുണ നൽകി ഇന്ത്യന്‍ സ്കോറിനെ മുന്നോട്ട് നയിച്ചു.

യശസ്വി ജൈസ്വാളിനെയും ഇഷാന്‍ കിഷനെയും വേഗത്തിൽ നഷ്ടമായെങ്കിലും ഇന്ത്യയെ റുതുരാജ് മുന്നോട്ട് നയിക്കുകയായിരുന്നു. താരത്തിന് പിന്തുണയായി സൂര്യകുമാര്‍ യാദവ് ക്രീസിലെത്തിയപ്പോള്‍ ഇന്ത്യ മൂന്നാം വിക്കറ്റിൽ 57 റൺസ് കൂട്ടിചേര്‍ത്തു. സൂര്യകുമാര്‍ യാദവ് 29 പന്തിൽ 39 റൺസാണ് നേടിയത്.

താരം പുറത്തായ ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് പിന്നീട് കണ്ടത്. 59 പന്തിൽ നിന്ന് 141 റൺസ് നാലാം വിക്കറ്റിൽ റുതുരാജ് – തിലക് വര്‍മ്മ കൂട്ടുകെട്ട് നേടിയപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 200 കടത്തുവാന്‍ ഇവര്‍ക്കായി. 52 പന്തിൽ നിന്ന് തന്റെ കന്നി ശതകം റുതുരാജ് പൂര്‍ത്തിയാക്കിയപ്പോള്‍ തിലക് വര്‍മ്മ 31 റൺസുമായി പുറത്താകാതെ നിന്നു.

മാക്സ്വെൽ എറിഞ്ഞ അവസാന ഓവറിൽ 30 റൺസാണ് ഇന്ത്യന്‍ താരങ്ങള്‍ നേടിയത്.

ആ റണ്ണൗട്ടിന്റെ ഉത്തരവാദിത്വം തനിക്ക് തന്നെ – യശസ്വി ജൈസ്വാള്‍

ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടി20 മത്സരത്തിൽ ബോള്‍ ഫേസ് ചെയ്യുന്നതിന് മുമ്പ് തന്നെ റുതുരാജ് ഗായക്വാഡ് റണ്ണൗട്ട് രൂപത്തിൽ പുറത്താകുകയായിരുന്നു. ഈ റണ്ണൗട്ടിന്റെ ഉത്തരവാദി താനാണെന്നും അതിന് താന്‍ റുതുരാജിനോട് മാപ്പ് പറഞ്ഞുവെന്നും യശസ്വി ജൈസ്വാള്‍ പറഞ്ഞു.

രണ്ടാം മത്സരത്തിലെ കളിയിലെ താരം പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു ജൈസ്വാള്‍. താന്‍ തെറ്റ് സമ്മതിച്ച് മാപ്പുമായി സമീപിച്ചപ്പോളും റുതു ഭയ്യ വളരെ സംയമനത്തോടെയും വിനയത്തോട് കൂടിയുമാണ് കാര്യങ്ങളെ കണ്ടതെന്നും ജൈസ്വാള്‍ സൂചിപ്പിച്ചു.

ഗില്ലും റുതുരാജും നൽകിയ തുടക്കം മുതലാക്കി ഇന്ത്യ, 5 വിക്കറ്റ് വിജയം

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന മത്സരത്തിലെ മൊഹാലിയിലെ ആദ്യ മത്സരത്തിൽ 5 വിക്കറ്റ് വിജയം നേടി ഇന്ത്യ. 277 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ടീം 48.4  ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് വിജയം കരസ്ഥമാക്കിയത്. ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലും റുതുരാജ് ഗായ്ക്വാഡും നൽകിയ മികച്ച തുടക്കമാണ് ഇന്ത്യന്‍ വിജയത്തിന്റെ അടിത്തറ. ഒപ്പം അര്‍ദ്ധ ശതകങ്ങളുമായി കെഎൽ രാഹുലും സൂര്യകുമാര്‍ യാദവും തിളങ്ങി.

142 റൺസ് നേടിയ ഈ കൂട്ടുകെട്ടിൽ 71 റൺസ് നേടിയ റുതുരാജാണ് ആദ്യം പുറത്തായത്. ഗിൽ 74 റൺസ് നേടി പുറത്തായപ്പോള്‍ പിന്നീട് കെഎൽ രാഹുല്‍ – സൂര്യകുമാര്‍ യാദവ് സഖ്യം ആണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.  80 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.

50 റൺസ് പൂര്‍ത്തിയാക്കിയ ശേഷം സ്കൈ മടങ്ങുമ്പോള്‍ 12 റൺസായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.  58 റൺസ് നേടിയ കെഎൽ രാഹുല്‍ സിക്സര്‍ പറത്തിയാണ് ഇന്ത്യയുടെ വിജയം ഒരുക്കിയത്.

എപ്പോൾ ആക്രമിക്കണം എന്ന് റിങ്കുവിന് അറിയാം, റുതുരാജ്

രണ്ടാം ടി20യിൽ അയർലൻഡിനെതിരായ മികച്ച പ്രകടനം കാഴ്ച റിങ്കു സിംഗിനെ പ്രശംസിച്ച് ഇന്ത്യൻ ബാറ്റർ റുതുരാജ് ഗെയ്‌ക്‌വാദ്. എപ്പോൾ ആക്രമിച്ചു കളിക്കണം എന്ന് റിങ്കുവിന് കൃത്യമായി അറിയാം എന്ന് റുതുരാജ് പറഞ്ഞു. “ഈ വർഷത്തെ ഐപിഎല്ലിന് ശേഷം റിങ്കു എല്ലാവരുടെയും പ്രിയങ്കരിയായി മാറിക്കഴിഞ്ഞു. ഐപിഎല്ലിൽ ഈ വർഷം ബാറ്റ് ചെയ്യുമ്പോൾ അദ്ദേഹം വളരെ പക്വത കാണിച്ചു. റിങ്കുവിന്റെ എടുത്തു പറയേണ്ട കാര്യം അവൻ ആദ്യ പന്തിൽ തന്നെ ആക്രമിക്കുന്ന താരമല്ല എന്നതാണ്.” റുതുരാജ് പറഞ്ഞു.

“അവൻ എപ്പോഴും സ്വയം സമയം നൽകുന്നു. സാഹചര്യം എന്തുതന്നെയായാലും, അവൻ എല്ലായ്പ്പോഴും അത് ചെയ്യും. കാര്യങ്ങൾ വിലയിരുത്തുകയും തുടർന്ന് ആക്രമണ മോഡിലേക്ക് പോകുകയും ചെയ്യുന്നു.” റുതുരാജ് തുടർന്നു.

“വരാനിരിക്കുന്ന എല്ലാ കളിക്കാർക്കും അല്ലെങ്കിൽ ഫിനിഷർ ആകാൻ ആഗ്രഹിക്കുന്ന ആളുകൾക്കും ഇത് പഠിക്കാനുള്ള നല്ല കാര്യമാണെന്ന് ഞാൻ കരുതുന്നു. നിങ്ങൾ കുറച്ച് സമയമെടുക്കുന്നത് എല്ലായ്പ്പോഴും പ്രധാനമാണ്. എപ്പോൾ ആക്രമിക്കണമെന്ന് അവന് അവനറിയാം. അവൻ ശരിയായ സമയത്ത് അത് ചെയ്യുന്നു. അരങ്ങേറ്റം കൂടിയായതിനാൽ അദ്ദേഹത്തിന് ഇതൊരു സുപ്രധാന ഇന്നിംഗ്‌സായിരുന്നു. ഇത് അദ്ദേഹത്തെ വളരെയധികം സഹായിക്കുമെന്ന് എനിക്ക് തോന്നുന്നു, ”ഗെയ്‌ക്‌വാദ് പറഞ്ഞു.

ഇന്നലെ 21 പന്തിൽ 38 റൺസ് നേടിയ റിങ്കു ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു.

റുതുരാജിന് അര്‍ദ്ധ ശതകം, അടിച്ച് തകര്‍ത്ത് സഞ്ജുവും റിങ്കുവും, ഇന്ത്യയ്ക്ക് 185 റൺസ്

അയര്‍ലണ്ടിനെതിരെ രണ്ടാം ടി20യിൽ മികച്ച സ്കോര്‍ നേടി ഇന്ത്യ. 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണ് ഇന്ത്യ നേടിയത്. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി റുതുരാജ് ഗായക്വാഡ്, സഞ്ജു സാംസൺ കൂട്ടുകെട്ടാണ് തിളങ്ങിയത് തുടക്കത്തിൽ തിളങ്ങിയത്. അവസാന ഓവറുകളിൽ റിങ്കു സിംഗും ശിവം ഡുബേയും റൺസ് കണ്ടെത്തിയപ്പോള്‍ ഇന്ത്യ അയര്‍ലണ്ടിന് മുന്നിൽ മികച്ച വെല്ലുവിളി ഉയര്‍ത്തി.

റുതുരാജ് 43 പന്തിൽ 58 റൺസ് നേടിയപ്പോള്‍ സഞ്ജു സാംസൺ 26 പന്തിൽ 40 റൺസ് നേടി പുറത്തായി. 34/2 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ 71 റൺസ് കൂട്ടുകെട്ടുമായി സഞ്ജു – റുതുരാജ് കൂട്ടുകെട്ട് മുന്നോട്ട് നയിച്ചു. സഞ്ജു പുറത്തായ ശേഷം തന്റെ അര്‍ദ്ധ ശതകം തികച്ച റുതുരാജിന്റെ വിക്കറ്റും ബാരി മക്കാര്‍ത്തി നേടി. നേരത്തെ വൺ ഡൗണായി ഇറങ്ങിയ തിലക് വര്‍മ്മയെയും മക്കാര്‍ത്തിയാണ് പുറത്താക്കിയത്.

അവസാന ഓവറുകളിൽ റിങ്കു സിംഗും ശിവം ഡുബേയും തകര്‍ത്തടിച്ചപ്പോള്‍ അഞ്ചാം വിക്കറ്റിൽ 55 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. റിങ്കു 21 പന്തിൽ 38 റൺസും ശിവം ഡുബേ 16 പന്തിൽ 22 റൺസും നേടി.

Exit mobile version