Ruturajgaikwad

രാജകീയം റുതുരാജ്!!! താരത്തിന്റെ കന്നി ടി20 ശതകത്തിന്റെ മികവിൽ ഇന്ത്യയ്ക്ക് 222 റൺസ്

ഓസ്ട്രേലിയയ്ക്കെതിരെ ഗുവഹാത്തിയിലെ മൂന്നാം ടി20 മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 222 റൺസ്. റുതുരാജ് ഗായ്ക്വാഡിന്റെ ബാറ്റിംഗ് മികവാണ് ഇന്ത്യയെ 3 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോറിലേക്ക് എത്തിച്ചത്. താരം 57 പന്തിൽ 123 റൺസ് നേടിയപ്പോള്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മ്മയും മികച്ച പിന്ചുണ നൽകി ഇന്ത്യന്‍ സ്കോറിനെ മുന്നോട്ട് നയിച്ചു.

യശസ്വി ജൈസ്വാളിനെയും ഇഷാന്‍ കിഷനെയും വേഗത്തിൽ നഷ്ടമായെങ്കിലും ഇന്ത്യയെ റുതുരാജ് മുന്നോട്ട് നയിക്കുകയായിരുന്നു. താരത്തിന് പിന്തുണയായി സൂര്യകുമാര്‍ യാദവ് ക്രീസിലെത്തിയപ്പോള്‍ ഇന്ത്യ മൂന്നാം വിക്കറ്റിൽ 57 റൺസ് കൂട്ടിചേര്‍ത്തു. സൂര്യകുമാര്‍ യാദവ് 29 പന്തിൽ 39 റൺസാണ് നേടിയത്.

താരം പുറത്തായ ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് പിന്നീട് കണ്ടത്. 59 പന്തിൽ നിന്ന് 141 റൺസ് നാലാം വിക്കറ്റിൽ റുതുരാജ് – തിലക് വര്‍മ്മ കൂട്ടുകെട്ട് നേടിയപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 200 കടത്തുവാന്‍ ഇവര്‍ക്കായി. 52 പന്തിൽ നിന്ന് തന്റെ കന്നി ശതകം റുതുരാജ് പൂര്‍ത്തിയാക്കിയപ്പോള്‍ തിലക് വര്‍മ്മ 31 റൺസുമായി പുറത്താകാതെ നിന്നു.

മാക്സ്വെൽ എറിഞ്ഞ അവസാന ഓവറിൽ 30 റൺസാണ് ഇന്ത്യന്‍ താരങ്ങള്‍ നേടിയത്.

Exit mobile version