Picsart 24 04 08 22 35 30 245

കൊൽക്കത്തയുടെ അപരാജിത കുതിപ്പിന് അവസാനമിട്ട് CSK

ഇന്ത്യൻ പ്രീമിയർ ലീഗിൽ അനായാസ വിജയവുമായി ചെന്നൈ സൂപ്പർ കിംഗ്സ് (CSK). ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 138 എന്ന വിജയലക്ഷ്യം തേടി ഇറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് 7 വിക്കറ്റിന്റെ വിജയം നേടി. ക്യാപ്റ്റൻ ഋതുരാജിന്റെ അർദ്ധ സെഞ്ച്വറിയുടെ മികവിൽ പതിനെട്ടാം ഓവറിലേക്ക് ചെന്നൈ വിജയത്തിലെത്തി. തുടർച്ചയായ രണ്ടു പരാജയങ്ങൾക്ക് ശേഷമുള്ള ചെന്നൈയുടെ വിജയം ആണിത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആകട്ടെ സീസണിലെ ആദ്യ പരാജയമാണിത്.

തുടക്കത്തിൽ 15 റൺസ് എടുത്ത രചി‌ രവീന്ദ്രയെ നഷ്ടമായി എങ്കിലും ചെന്നൈ പതറിയില്ല. മിച്ചലും ഗെയ്ക്വാദും ചേർന്ന് ചെന്നൈ സൂപ്പർ കിങ്സിനെ സമ്മർദ്ദത്തിൽ നിന്ന് രക്ഷിച്ചു. മിച്ചൽ 19 പന്തിൽ നിന്ന് 25 റൺസ് എടുത്തു.

ഇതിനു ശേഷം ശിവം ദൂബെക്ക് ഒപ്പം ചേർന്ന് റുതുരാജ് ചെന്നൈയിനെ 18ആം ഓവറിലേക്ക് വിജയത്തിൽ എത്തിച്ചു. റുതുരാജ് 58 പന്തിൽ നിന്ന് 67 റൺസ് എടുത്തു പുറത്താകാതെ നിന്നു. 9 ബൗണ്ടറികൾ റുതുരാജ് അടിച്ചു. ശിവം ദൂബെ 18 പന്തിൽ നിന്ന് 28 റൺസും എടുത്തു പുറത്തായി. 3 സിക്സ് താരം അടിച്ചു. ധോണി 1 റണ്ണുമായി പുറത്താകാതെ നിന്നു.

ഇന്ന് ആദ്യം ബൗൾ ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് (CSK) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വെറും 137-9 റണ്ണില്‍ ഒതുക്കിയിരുന്നു. മികച്ച രീതിയിൽ പന്തറിഞ്ഞ സ്പിന്നർമാരും പൈസർമാരും ഒരു പോലെ ചെന്നൈക്ക് കരുത്തായി. നാല് ഓവറിൽ 18 റൺസ് മാത്രം വാങ്ങി മൂന്ന് വിക്കറ്റ് വിഴ്ത്തിയ ജഡേജയാണ് കൂട്ടത്തിൽ ഏറ്റവും തിളങ്ങിയത്.

മത്സരം ആരംഭിച്ച ആദ്യ പന്തിൽ തന്നെ ഫിൽ സാൾട്ട് പുറത്തായിരുന്നു. തുഷാർ ദേശ്പാണ്ഡയുടെ പന്തിലാണ് സാൾട്ട് ഡക്കിൽ പുറത്തായത്. 27 റൺസ് എടുത്ത നരെയ്നും 24 റൺസ് എടുത്ത് അങ്ക്രിഷ് രഗുവൻഷിയും ഭേദപ്പെട്ട പവർ പ്ലേ കൊൽക്കത്തയ്ക്ക് നൽകി. എന്നാൽ അതിനു ശേഷം കൊൽക്കത്ത ഒന്നിനുപുറകെ ഒന്നായി വിക്കറ്റുകൾ കളയുകയായിരുന്നു.

3 റൺസ് എടുത്ത് വെങ്കിടേഷ് അയ്യർ, 13 റൺസ് എടുത്ത രമൺദീപ് എന്നിവർ നിരാശപ്പെടുത്തി. ഇതിനുശേഷം ക്യാപ്റ്റൻ ശ്രേയസ് അയ്യറും റിങ്കു സിംഗും ചേർന്ന് ഒരു കൂട്ടുകെട്ട് പടുത്തു എങ്കിലും ഇരുവരും ബൗണ്ടറി കണ്ടെത്താൻ പ്രയാസപ്പെട്ടു. 16 ഓവർ കഴിഞ്ഞപ്പോൾ 109 റൺസ് മാത്രമേ കൊൽക്കത്തയ്ക്ക് ഉണ്ടായിരുന്നുള്ളൂ.

റിങ്കു സിങ് 14 പന്തിൽ നിന്ന് 9 റൺസ് മാത്രം എടുത്ത് പുറത്തായി. 10 പന്തിൽ 10 എടുത്ത് റസ്സലും പുറത്തായി. ശ്രേയസ് അയ്യർ ക്രീസിൽ തുടർന്നു എങ്കിലും സ്കോർ ഉയർത്താൻ ശ്രേയസിനും ആയില്ല. ശ്രേയസ് 32 പന്തിൽ നിന്ന് 34 റൺസ് ആണ് എടുത്തത്.

ജഡേജയും തുശാർ ദേശ്പാണ്ഡെയും ചെന്നൈക്ക് ആയി 3 വിക്കറ്റ് വീതം വീഴ്ത്തി. മുസ്തഫിസുർ റഹ്മാൻ രണ്ട് വിക്കറ്റും തീക്ഷണ ഒരു വിക്കറ്റും വീഴ്ത്തി.

Exit mobile version