രണ്ട് വിക്കറ്റ് നഷ്ടത്തിന് ശേഷം തിരിച്ചുവരവിന്റെ പാതയില്‍ ഇംഗ്ലണ്ട്

ആഷസിലെ ലോര്‍ഡ്സ് ടെസ്റ്റിന്റെ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 76/2 എന്ന നിലയില്‍. ജോഷ് ഹാസല്‍വുഡ് ഇരട്ട വിക്കറ്റുമായി ഇംഗ്ലണ്ടിനെ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലാക്കിയെങ്കിലും റോറി ബേണ്‍സും ജോ ഡെന്‍ലിയും ചേര്‍ന്ന് അര്‍ദ്ധ ശതക കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. റോറി ബേണ്‍സ് 34 റണ്‍സും ജോ ഡെന്‍ലി 27 റണ്‍സും നേടി നില്‍ക്കുകയാണ് ക്രീസില്‍.

ജേസണ്‍ റോയ് പൂജ്യത്തിന് പുറത്തായപ്പോള്‍ ജോ റൂട്ട് 14 റണ്‍സാണ് നേടിയത്.

റോയ് ടെസ്റ്റില്‍ വിജയമായി മാറുമെന്ന് സഹതാരം റോറി ബേണ്‍സ്

ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ജേസണ്‍ റോയിയ്ക്ക് ഇംഗ്ലണ്ട് നല്‍കിയ ഇരട്ടി മധുരമാണ് ടെസ്റ്റ് സ്ക്വാഡിലേക്കുള്ള പ്രവേശനം. അയര്‍ണ്ടിനെതിരെ നാളെ ജൂലൈ 24ന് ആരംഭിക്കുന്ന നാല് ദിന ടെസ്റ്റില്‍ ജേസണ്‍ റോയ് അരങ്ങേറ്റം കുറിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. 19 വര്‍ഷമായി അടുത്തറിയുന്ന കൂട്ടുകാരാണ് ജേസണ്‍ റോയിയും ഇംഗ്ലണ്ടിന്റെ മറ്റൊരു ഓപ്പണര്‍ റോറി ബേണ്‍സും. എന്നാല്‍ ഇരുവരും ഇതുവരെ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ ഒരുമിച്ച് ഓപ്പണ്‍ ചെയ്തിട്ടില്ല എന്ന പ്രത്യേകത കൂടിയുണ്ട് ഈ കൂട്ടുകാര്‍ക്കിടയില്‍.

താന്‍ ഈ അവസരത്തിനായി ഏറെ കാത്തിരിക്കുകയാണെന്നും ആവേശത്തിലാണെന്നുമാണ് ബേണ്‍സ് പറഞ്ഞത്. പത്താം വയസ്സ് മുതല്‍ തനിക്ക് നേരിട്ട് അറിയാവുന്ന വ്യക്തിയാണ് ജേസണ്‍ റോയ്. അതിനാല്‍ തന്നെ താരത്തിനൊപ്പം ടെസ്റ്റ് മാച്ച് ഓപ്പണ്‍ ചെയ്യാനായി ഗ്രൗണ്ടിലേക്ക് നടന്ന് അടുക്കുമ്പോള്‍ അത് പ്രത്യേകമായ ഒരു അനുഭവം തന്നെയായിരിക്കുമെന്ന് റോറി ബേണ്‍സ് പറഞ്ഞു.

താന്‍ കാണുന്ന കാലം മുതല്‍ ആക്രമിച്ച് കളിക്കുന്ന ഒരു സ്ട്രോക്ക് പ്ലേയര്‍ ആണ് റോയ്. അത് ടെസ്റ്റിലെത്തുമ്പോള്‍ താരം അല്പം സംയമനം പാലിക്കേണ്ടതായി വരുമെന്ന് ബേണ്‍സ് പറഞ്ഞു. റോയിയുടെ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ കഴിവ് റെഡ് ബോളിലേക്കും മാറ്റുവാന്‍ താരത്തിനാകുമെന്നും നിലയുറപ്പിച്ച് കഴിഞ്ഞാല്‍ എന്ത് മാറ്റമാണ് താരത്തിന് കൊണ്ടുവരാനാകുന്നതെന്നും നമ്മളെല്ലാം കണ്ടവരാണെന്നും ബേണ്‍സ് സൂചിപ്പിച്ചു.

എട്ട് വിക്കറ്റുമായി റോഷ്ടണ്‍ ചേസ്, കൂറ്റന്‍ വിജയം നേടി വിന്‍ഡീസ്

ഇംഗ്ലണ്ടിനെതിരെ 381 റണ്‍സിന്റെ വിജയം കരസ്ഥമാക്കി വിന്‍ഡീസ്. ബാര്‍ബഡോസില്‍ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനു രണ്ടാം ഇന്നിംഗ്സില്‍ 246 റണ്‍സ് മാത്രം നേടാനായപ്പോള്‍ ടീം വലിയ തോല്‍വിയേലേക്ക് വീഴുകയായിരുന്നു. നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 77 റണ്‍സില്‍ അവസാനിച്ചിരുന്നു. വിക്കറ്റ് വീഴാതിരുന്ന മൂന്നാം ദിവസത്തിനു ശേഷം ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റുകള്‍ നാലാം ദിവസം വീവുകയായിരുന്നു.

8 വിക്കറ്റ് നേടിയ റോഷ്ടണ്‍ ചേസ് ആണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. ഇംഗ്ലണ്ട് നിരയില്‍ ഓപ്പണര്‍ റോറി ബേണ്‍സ് മാത്രമാണ് പൊരുതി നിന്നത്. 84 റണ്‍സാണ് താരത്തിന്റെ സംഭാവന. ബെന്‍ സ്റ്റോക്സ്(34), ജോണി ബൈര്‍സ്റ്റോ(30), ജോസ് ബട്‍ലര്‍(26) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍. ജേസണ്‍ ഹോള്‍ഡര്‍ ആണ് കളിയിലെ താരമായ തിരഞ്ഞെടുക്കപ്പെട്ടത്.

വിന്‍ഡീസ്: 289, 415/6 ഡിക്ലയര്‍

ഇംഗ്ലണ്ട്: 77, 246 ഓള്‍ഔട്ട്

ശ്രീലങ്ക തിരിച്ചടിയ്ക്കുന്നു, രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനു നാല് വിക്കറ്റ് നഷ്ടം

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം ആദ്യ സെഷന്‍ കഴിയുമ്പോള്‍ ഇംഗ്ലണ്ട് പ്രതിരോധത്തില്‍. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 131/4 എന്ന നിലയില്‍ നില്‍ക്കെ ടീമിനു 85 റണ്‍സിന്റെ ലീഡ് മാത്രമാണ് കൈവശമുള്ളത്. ജോസ് ബട്‍ലര്‍(14*), ജോ റൂട്ട്(26*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

ജാക്ക് ലീഷിനെ നഷ്ടമായ ശേഷം റോറി ബേണ്‍സ്-കീറ്റണ്‍ ജെന്നിംഗ്സ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ 73 റണ്‍സ് നേടി മികച്ച സ്കോറിലേക്ക് ഇംഗ്ലണ്ടിനെ നയിക്കുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് അകില ധനന്‍ജയ കീറ്റണ്‍ ജെന്നിംഗ്സിനെ പുറത്താക്കിയത്. ഏറെ വൈകാതെ 59 റണ്‍സ് നേടിയ റോറി ബേണ്‍സിനെയും റണ്ണൊന്നുമെടുക്കാതെ ബെന്‍ സ്റ്റോക്സിനെയും ഇംഗ്ലണ്ടിനു അടുത്തടുത്ത ഓവറുകളില്‍ നഷ്ടമാവുകയായിരുന്നു.

ബേണ്‍സിനെ മിലിന്‍ഡ പുഷ്പകുമാര പുറത്താക്കിയപ്പോള്‍ സ്റ്റോക്സിനെ ദില്‍രുവന്‍ പെരേരയാണ് പുറത്താക്കിയത്.

ഇംഗ്ലണ്ടിനായി പൊരുതി നോക്കി സാം കറന്‍, ദില്‍രുവന്‍ പെരേരയ്ക്ക് മുന്നില്‍ വീണ്ടും തകര്‍ന്ന് ഇംഗ്ലണ്ട്

ഇംഗ്ലണ്ട് ശ്രീലങ്ക ടെസ്റ്റിന്റെ ആദ്യ ദിവസം ബൗളര്‍മാര്‍ക്ക് മേല്‍ക്കൈ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 285 റണ്‍സില്‍ അവസാനിപ്പിച്ച് ലങ്കയുടെ ബൗളര്‍മാര്‍. ദില്‍രുവന്‍ പെരേരയും മലിന്‍ഡ പുഷ്പകുമാരയും തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ട് ബാറ്റിംഗ് നിര ഒന്നാം ദിവസം തന്നെ തകരുകയായിരുന്നു. പെരേര നാലും പുഷ്പകുമാര മൂന്നും വിക്കറ്റ് നേടിയപ്പോള്‍ അകില ധനന്‍ജയയ്ക്ക് 2 വിക്കറ്റ് ലഭിച്ചു.

75.4 ഓവര്‍ മാത്രമാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിര പിടിച്ചു നിന്നത്. ഇംഗ്ലണ്ടിന്റെ രക്ഷകനായി മാറിയത് സാം കറന്‍ ആണ്. വാലറ്റത്തില്‍ ആദില്‍ റഷീദിനൊപ്പം എട്ടാം വിക്കറ്റില്‍ 45 നിര്‍ണ്ണായക റണ്‍സ് ആണ് കറന്‍ നേടിയത്. കറന്‍ 64 റണ്‍സ് നേടിയപ്പോള്‍ ആദില്‍ റഷീദ് 31 റണ്‍സ് നേടി. ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് കറന്‍ പുറത്തായത്.

ജോസ് ബട്‍ലര്‍ 63 റണ്‍സ് നേടിയപ്പോള്‍ റോറി ബേണ്‍സ് 43 റണ്‍സുമായി ടോപ് ഓര്‍ഡറില്‍ തിളങ്ങി. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 26/1 എന്ന നിലയിലാണ്. ജാക്ക് ലീഷ് 6 റണ്‍സ് നേടിയ കൗശല്‍ സില്‍വയെ പുറത്താക്കിയപ്പോള്‍ ദിമുത് കരുണാരത്നേ(19*), മലിന്‍ഡ പുഷ്പകുമാര(1*) എന്നിവരാണ് ശ്രീലങ്കയ്ക്കായി ക്രീസില്‍ നില്‍ക്കുന്നത്.

ജെന്നിംഗ്സ് ശ്രീലങ്കയിലേക്ക്, ബേണ്‍സ് ഉള്‍പ്പെടെ മൂന്ന് പുതുമുഖങ്ങളുമായി ഇംഗ്ലണ്ട് ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു

പലയിടത്ത് നിന്നുള്ള എതിര്‍പ്പുകളെ അതിജീവിച്ച് ഇംഗ്ലണ്ട് ഓപ്പണിംഗ് താരം കീറ്റണ്‍ ജെന്നിംഗ്സ് ഇംഗ്ലണ്ടിന്റെ ശ്രീലങ്ക പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലേക്ക്. ഇന്ത്യ പരമ്പരയിലെ മോശം ഫോമിനു ശേഷം പല മുന്‍ താരങ്ങളും ജെന്നിംഗ്സിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അിസ്റ്റന്റ് കോച്ച് പോള്‍ ഫാര്‍ബ്രേസിന്റെ പിന്തുണ ലഭിച്ചിരുന്ന ജെന്നിംഗ്സിനു ഒരവസരം കൂടി നല്‍കുവാന്‍ ശ്രീലങ്ക മുതിരുകയായിരുന്നു.

എന്നാല്‍ മൂന്ന് പുതുമുഖ താരങ്ങളെ ഇംഗ്ലണ്ട് ശ്രീലങ്കയിലേക്ക് പരിഗണിക്കുന്നുണ്ട്. അലിസ്റ്റര്‍ കുക്ക് വിരമിച്ച ശേഷം ഒഴിവു വരുന്ന ഓപ്പണിംഗ് സ്ഥാനത്തേക്ക് റോറി ബേണ്‍സിനെ പരിഗണിക്കുമ്പോള്‍ ജോ ഡെന്‍ലി, ഒല്ലി സ്റ്റോണ്‍ എന്നിവര്‍ ആദ്യമായി ടെസ്റ്റ് സ്ക്വാഡില്‍ ഇടം പിടിക്കുന്നുണ്ട്. 16 അംഗ സംഘത്തെയാണ് ശ്രീലങ്കയിലെ 3 ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

സറേയെ ചാമ്പ്യന്‍ഷിപ്പ് കിരീടത്തിലേക്ക് നയിച്ചതിനെത്തുടര്‍ന്ന് ബേണ്‍സ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കപ്പെടുവാന്‍ ഏറ്റവും സാധ്യത കല്പിച്ച താരമാണ്. ഈ സീസണില്‍ മാത്രം നാല് ശതകങ്ങളുള്‍പ്പെടെ 69 റണ്‍സ് ശരാശരിയില്‍ ആയിരത്തിനു മേലെ റണ്‍സ് താരം നേടിയിരുന്നു.

സ്ക്വാഡ്: ജോ റൂട്ട്, മോയിന്‍ അലി, ജെയിംസ് ആന്‍ഡേഴ്സണ്‍, ജോണി ബൈര്‍സ്റ്റോ, റോറി ബേണ്‍സ്, സ്റ്റുവര്‍ട് ബ്രോഡ്, ജോസ് ബട്‍ലര്‍, സാം കറന്‍, ജോ ഡെന്‍ലി, കീറ്റണ്‍ ജെന്നിംഗ്സ്, ജാക്ക് ലീച്ച്, ഒല്ലി പോപ്, ആദില്‍ റഷീദ്, ബെന്‍ സ്റ്റോക്സ്, ഒല്ലി സ്റ്റോണ്‍, ക്രിസ് വോക്സ്

Exit mobile version