റോയ് ടെസ്റ്റില്‍ വിജയമായി മാറുമെന്ന് സഹതാരം റോറി ബേണ്‍സ്

ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ജേസണ്‍ റോയിയ്ക്ക് ഇംഗ്ലണ്ട് നല്‍കിയ ഇരട്ടി മധുരമാണ് ടെസ്റ്റ് സ്ക്വാഡിലേക്കുള്ള പ്രവേശനം. അയര്‍ണ്ടിനെതിരെ നാളെ ജൂലൈ 24ന് ആരംഭിക്കുന്ന നാല് ദിന ടെസ്റ്റില്‍ ജേസണ്‍ റോയ് അരങ്ങേറ്റം കുറിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. 19 വര്‍ഷമായി അടുത്തറിയുന്ന കൂട്ടുകാരാണ് ജേസണ്‍ റോയിയും ഇംഗ്ലണ്ടിന്റെ മറ്റൊരു ഓപ്പണര്‍ റോറി ബേണ്‍സും. എന്നാല്‍ ഇരുവരും ഇതുവരെ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ ഒരുമിച്ച് ഓപ്പണ്‍ ചെയ്തിട്ടില്ല എന്ന പ്രത്യേകത കൂടിയുണ്ട് ഈ കൂട്ടുകാര്‍ക്കിടയില്‍.

താന്‍ ഈ അവസരത്തിനായി ഏറെ കാത്തിരിക്കുകയാണെന്നും ആവേശത്തിലാണെന്നുമാണ് ബേണ്‍സ് പറഞ്ഞത്. പത്താം വയസ്സ് മുതല്‍ തനിക്ക് നേരിട്ട് അറിയാവുന്ന വ്യക്തിയാണ് ജേസണ്‍ റോയ്. അതിനാല്‍ തന്നെ താരത്തിനൊപ്പം ടെസ്റ്റ് മാച്ച് ഓപ്പണ്‍ ചെയ്യാനായി ഗ്രൗണ്ടിലേക്ക് നടന്ന് അടുക്കുമ്പോള്‍ അത് പ്രത്യേകമായ ഒരു അനുഭവം തന്നെയായിരിക്കുമെന്ന് റോറി ബേണ്‍സ് പറഞ്ഞു.

താന്‍ കാണുന്ന കാലം മുതല്‍ ആക്രമിച്ച് കളിക്കുന്ന ഒരു സ്ട്രോക്ക് പ്ലേയര്‍ ആണ് റോയ്. അത് ടെസ്റ്റിലെത്തുമ്പോള്‍ താരം അല്പം സംയമനം പാലിക്കേണ്ടതായി വരുമെന്ന് ബേണ്‍സ് പറഞ്ഞു. റോയിയുടെ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ കഴിവ് റെഡ് ബോളിലേക്കും മാറ്റുവാന്‍ താരത്തിനാകുമെന്നും നിലയുറപ്പിച്ച് കഴിഞ്ഞാല്‍ എന്ത് മാറ്റമാണ് താരത്തിന് കൊണ്ടുവരാനാകുന്നതെന്നും നമ്മളെല്ലാം കണ്ടവരാണെന്നും ബേണ്‍സ് സൂചിപ്പിച്ചു.

Exit mobile version