റോറി ബേണ്‍സിന്റെ അന്തകനായി വീണ്ടും റോസ്ടണ്‍ ചേസ്, പരമ്പരയില്‍ ബേണ്‍സിനെ ചേസ് പുറത്താക്കുന്നത് മൂന്നാം തവണ

വിന്‍ഡീസ് ഓഫ് ബ്രേക്ക് സ്പിന്നര്‍ റോസ്ടണ്‍ ചേസിന് മുന്നില്‍ മുട്ട് മടക്കി റോറി ബേണ്‍സ്. ഇന്നത്തെ പുറത്താകലും കൂടി ചേര്‍ന്ന് മൂന്നാം തവണയാണ് റോസ്ടണ്‍ ചേസ് റോറി ബേണ്‍സിനെ ഈ പരമ്പരയില്‍ പുറത്താക്കുന്നത്. 57 റണ്‍സ് നേടിയാണ് ബേണ്‍സ് ഇന്ന് പുറത്തായത്.

വിന്‍ഡീസ് ബൗളര്‍മാരില്‍ ചേസിനെതിരെ ബേണ്‍സ് 27 പന്ത് നേരിട്ടപ്പോള്‍ 9 റണ്‍സ് മാത്രമാണ് നേടിയത്. അതില്‍ തന്നെ മൂന്ന് പ്രാവശ്യം താരം പുറത്തായി. മറ്റു ബൗളര്‍മാരുടെ 344 പന്ത് നേരിട്ട താരത്തിന് 135 റണ്‍സ് നേടുവാനായിരുന്നു.

ഒന്നാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 131/4 എന്ന നിലയിലാണ്. 24 റണ്‍സുമായി ഒല്ലി പോപും 2 റണ്‍സ് നേടി ജോസ് ബട്‍ലറുമാണ് ക്രീസിലുള്ളത്.

സ്റ്റോക്സിനെയും വീഴ്ത്തി റോച്ച്, പൊരുതി നേടിയ അര്‍ദ്ധ ശതകവുമായി റോറി ബേണ്‍സ്

വിന്‍ഡീസിനെതിരെ പൊരുതി നേടിയ അര്‍ദ്ധ ശതകവുമായി റോറി ബേണ്‍സ്. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 66/2 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിന് രണ്ടാം സെഷന്‍ ആരംഭിച്ചപ്പോള്‍ ബെന്‍ സ്റ്റോക്സും റോറി ബേണ്‍സും ചേര്‍ന്ന് മുന്നോട്ട് നയിക്കുകയായിരുന്നു.

മൂന്നാം വിക്കറ്റില്‍ 45 റണ്‍സ് കൂട്ടുകെട്ടുമായി മുന്നോട്ട് കുതിയ്ക്കുകയായിരുന്ന കൂട്ടുകെട്ടിനെ കെമര്‍ റോച്ച് ആണ് തകര്‍ത്തത്. 20 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സിന്റെ വിക്കറ്റാണ് റോച്ച് വീഴ്ത്തിയത്. നേരത്തെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഡൊമിനിക് സിബ്ലേയെ റോച്ച് വീഴ്ത്തിയിരുന്നു.

അധികം വൈകാതെ റോറി ബേണ്‍സ് തന്റെ അര്‍ദ്ധ ശതകം നേടുകയായിരുന്നു. 41 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 104 റണ്‍സാണ് നേടിയിട്ടുള്ളത്.

ലഞ്ചിന് മുമ്പ് രണ്ട് വിക്കറ്റ് നഷ്ടമായി ഇംഗ്ലണ്ട്

വിന്‍ഡീസിനെതിരെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ആദ്യ ദിവസത്തെ ആദ്യ സെഷനില്‍ രണ്ട് വിക്കറ്റ് നഷ്ടം. ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിംഗിനയയ്ച്ച ജേസണ്‍ ഹോള്‍ഡറുടെ തീരുമാനം ശരി വയ്ക്കുന്ന തരത്തിലായിരുന്നു വിന്‍ഡീസ് ബൗളര്‍മാര്‍ നല്‍കിയ തുടക്കം. ആദ്യ ഓവറില്‍ തന്നെ ഡൊമിനിക് സിബ്ലേയെ മടക്കി കെമര്‍ റോച്ച് ഇംഗ്ലണ്ടിന് ആദ്യ പ്രഹരം നല്‍കി.

പിന്നീട് റോറി ബേണ്‍സും ജോ റൂട്ടും 46 റണ്‍സ് കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചുവെങ്കിലും റൂട്ട് 17 റണ്‍സ് നേടി റണ്ണൗട്ട് ആകുകയായിരുന്നു. ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 66 റണ്‍സാണ് നേടിയിട്ടുള്ളത്. 33 റണ്‍സ് നേടിയ റോറി ബേണ്‍സിനൊപ്പം 7 റണ്‍സുമായി ബെന്‍ സ്റ്റോക്സ് ആണ് ക്രീസിലുള്ളത്.

ലഞ്ച് ബ്രേക്കിന് തൊട്ടുമുമ്പ് ഇംഗ്ലണ്ടിന് റോറി ബേണ്‍സിനെ നഷ്ടം

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഉച്ച ഭക്ഷണത്തിന് തൊട്ടുമുമ്പ് വിക്കറ്റ് നഷ്ടമായി ഇംഗ്ലണ്ട്. സ്കോര്‍ 29ല്‍ നില്‍ക്കവെയാണ് ഓപ്പണര്‍ റോറി ബേണ്‍സിനെ ഇംഗ്ലണ്ടിന് നഷ്ടമായത്. റോസ്ടണ്‍ ചേസ് ആണ് താരത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. 15 റണ്‍സാണ് ബേണ്‍സ് നേടിയത്.

നേരത്തെ മത്സരത്തിലെ ടോസ് ജേസണ്‍ ഹോള്‍ഡര്‍ നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മഴ മൂലം ടോസ് വൈകിയാണ് നടന്നത്. മത്സരം ആരംഭിച്ച് ഒരു മണിക്കൂറിന് ശേഷം ലഞ്ച് ഉണ്ടാകുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണ്. ലഞ്ചിന് മുമ്പത്തെ അവസാനത്തെ ഓവറിലാണ് ഇംഗ്ലണ്ടിന് വിക്കറ്റ് കൈമോശം വന്നത്.

അതെ സമയം ന്യൂബോളില്‍ വലിയ നേട്ടം കൊയ്യുവാന്‍ വിന്‍ഡീസ് പേസര്‍മാര്‍ക്ക് ആയിരുന്നില്ല. തന്റെ ആദ്യ ഓവര്‍ എറിയാനെത്തിയ റോസ്ടണ്‍ ചേസ് ആണ് വിക്കറ്റ് നേടിയത്.

രണ്ടാം ഇന്നിംഗ്സില്‍ മികച്ച കൂട്ടുകെട്ടുമായി ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍, കൂട്ടുകെട്ട് തകര്‍ത്ത് റോസ്ടണ്‍ ചേസ്

ആദ്യ ഇന്നിംഗ്സിനെ അപേക്ഷിച്ച് മികച്ച ബാറ്റിംഗ് പ്രകടനവുമായി ഇംഗ്ലണ്ട്. ഇന്ന് സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ നാലാം ദിവസം ടീമുകള്‍ ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 79/1 എന്ന നിലയിലാണ്. റോറി ബേണ്‍സും ഡൊമിനിക് സിബ്ലേയും നേടിയ 72 റണ്‍സ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കുന്നത്. 42 റണ്‍സ് നേടിയ റോറി ബേണ്‍സിന്റെ വിക്കറ്റ് വീഴ്ത്തി റോസ്ടണ്‍ ചേസ് ആണ് കൂട്ടുകെട്ട് തകര്‍ത്തത്.

നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 204 റണ്‍സില്‍ അവസാനിച്ചപ്പോള്‍ വിന്‍ഡീസ് 318 റണ്‍സ് നേടി 114 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്സിലെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് പ്രകടനം ടീമിനെ ശക്തമായി തന്നെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നിട്ടുണ്ട്.

വിന്‍ഡീസിന്റെ കൈയ്യില്‍ ഇപ്പോള്‍ 35 റണ്‍സ് ലീഡ് മാത്രമേയുള്ളു. 31 റണ്‍സ് നേടിയ ഡൊമിനിക് സിബ്ലേയും 1 റണ്‍സുമായി ഡോ ഡെന്‍ലിയുമാണ് ക്രീസില്‍.

ഇംഗ്ലണ്ടിന് മോശം തുടക്കം, അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 106 റണ്‍സ്

വിന്‍ഡീസിനെതിരെ സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം കളി പുരോഗമിക്കുമ്പോള്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. മത്സരത്തിന്റെ രണ്ടാം ദിവസം ടീമുകള്‍ ലഞ്ചിനായി പിരിയുമ്പോള്‍ ഇംഗ്ലണ്ട് 106/5 എന്ന നിലയിലാണ്. ഷാനണ്‍ ഗബ്രിയേലും ജേസണ്‍ ഹോള്‍ഡറുമാണ് ഇംഗ്ലണ്ടിന് കനത്ത പ്രഹരങ്ങളേല്പിച്ചത്.

റോറി ബേണ്‍സ്(30), ഡൊമിനിക് സിബ്ലേ(0), ജോ ഡെന്‍ലി(18) എന്നിവരെ ഷാനണ്‍ ഗബ്രിയേല്‍ മടക്കിയയച്ചപ്പോള്‍ സാക്ക് ക്രോളി(10), ഒല്ലി പോപ്(12) എന്നിവരെ ജേസണ്‍ ഹോള്‍ഡര്‍ പുറത്താക്കി. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സും ജോസ് ബട്‍ലറുമാണ് ക്രീസിലുള്ളത്.

ആറാം വിക്കറ്റില്‍ ഇതുവരെ ഇരുവരും ചേര്‍ന്ന് 19 റണ്‍സാണ് നേടിയിട്ടുള്ളത്. സ്റ്റോക്സ് 21 റണ്‍സും ജോസ് ബട്ലര്‍ 9 റണ്‍സുമാണ് ഇതുവരെ നേടിയിട്ടുള്ളത്.

അലിസ്റ്റര്‍ കുക്കിന് ശേഷം ഇംഗ്ലണ്ടിനായി ആയിരം റണ്‍സ് നേടുന്ന ഇംഗ്ലണ്ട് ഓപ്പണറായി റോറി ബേണ്‍സ്

ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ആയിരം റണ്‍സ് തികച്ച് റോറി ബേണ്‍സ്. അലിസ്റ്റര്‍ കുക്കിന് ശേഷം ഇംഗ്ലണ്ടിനായി ഒരു ഓപ്പണര്‍ ഈ നേട്ടം കൊയ്യുന്നത് ആദ്യമായിട്ടാണ്. ബേണ്‍സ് ആയിരം റണ്‍സ് തികയ്ക്കുന്ന 28ാമത്തെ ഇംഗ്ലണ്ട് ഓപ്പണര്‍ ആണ്. ഇംഗ്ലണ്ട് ഏറെക്കാലമായി നേരിടുന്ന ഓപ്പണിംഗിലെ പ്രതിസന്ധിയ്ക്ക് പരിഹാരമായി താരം മാറിയേക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

മത്സരത്തിന്റെ 19ാം ഓവറില്‍ ജേസണ്‍ ഹോള്‍ഡര്‍ക്കെതിരെ സിംഗിള്‍ നേടിയാണ് ബേണ്‍സ് ഈ നേട്ടം സ്വന്തമാക്കിയത്. നേട്ടം കൈവരിക്കുമ്പോള്‍ താരം 21 റണ്‍സാണ് നേടിയിട്ടുള്ളത്.

 

കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗുമായി റോറി ബേണ്‍സ് വെയിഡിനും ബട്‍ലര്‍ക്കും നേട്ടം

ആഷസിലെ മികച്ച ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ റാങ്കിംഗില്‍ മെച്ചപ്പെട്ട സ്ഥാനങ്ങളിലേക്ക് എത്തി ഇംഗ്ലണ്ട് ഓസ്ട്രേലിയ താരങ്ങള്‍. തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിലേക്ക് ഉയരുവാന്‍ റോറി ബേണ്‍സിന് സാധിച്ചു. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ബേണ്‍സ് 56ാം റാങ്കിലെത്തിയപ്പോള്‍ 10 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ജോസ് ബട്‍ലര്‍ ആദ്യ മുപ്പതിനുള്ളിലേക്ക് എത്തി. നിലവില്‍ 27ാം റാങ്കിലാണ് ജോസ് ബട്‍ലറുടെ സ്ഥാനം.

അവസാന ടെസ്റ്റില്‍ ശതകവുമായി ഓസ്ട്രേലിയയ്ക്ക് വേണ്ടി പൊരുതി വീണ മാത്യു വെയിഡ് റാങ്കിംഗില്‍ 5 സ്ഥാനം മെച്ചപ്പെടുത്തി 78ാം റാങ്കിലേക്ക് എത്തി. റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് സ്റ്റീവ് സ്മിത്ത് തന്നെയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 937 റേറ്റിംഗ് പോയിന്റുള്ള സ്മിത്തിന് പിന്നിലായി 903 പോയിന്റുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയാണ് രണ്ടാം സ്ഥാനത്ത്.

അര്‍ദ്ധ ശതകങ്ങളുമായി ജോസ് ബട്‍ലറും ജോ റൂട്ടും, മേല്‍ക്കൈ നേടാനാകാതെ ഓസ്ട്രേലിയ

ഓവല്‍ ടെസ്റ്റിന്റെ ഒന്നാം ദിവസം വ്യക്തമായ മേല്‍ക്കൈ നേടാനാകാതെ ഓസ്ട്രേലിയ. ഇംഗ്ലണ്ടിനെ 205/7 എന്ന നിലയിലേക്ക് എറിഞ്ഞിട്ടുവെങ്കിലും ഒന്നാം ദിവസം അവസാനിപ്പിക്കുമ്പോള്‍ ഇംഗ്ലണ്ടിന് 271/8 എന്ന മെച്ചപ്പെട്ട നിലയിലേക്ക് എത്തുവാന്‍ സാധിച്ചിരുന്നു. മിച്ചല്‍ മാര്‍ഷ് 4 വിക്കറ്റുമായി ഇംഗ്ലണ്ടിന്റെ പതനത്തിന് പ്രധാന കാരണമായെങ്കിലും ജോസ് ബട്‍ലറുടെയും ജോ റൂട്ടിന്റെയും അര്‍ദ്ധ ശതകങ്ങളും ഇംഗ്ലണ്ടിന് മാന്യതയുള്ള സ്കോര്‍ നല്‍കുകയായിരുന്നു.

64 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ജോസ് ബട്‍ലറിന് കൂട്ടായി 10 റണ്‍സുമായി ജാക്ക് ലീഷാണ് ക്രീസിലുള്ളത്. ജോ റൂട്ട് 57 റണ്‍സ് നേടി മടങ്ങിയപ്പോള്‍ റോറി ബേണ്‍സ് 47 റണ്‍സ് നേടി പുറത്തായി. ഇംഗ്ലണ്ട് മധ്യനിരയെ തകര്‍ത്തെറിഞ്ഞത് ഈ ടെസ്റ്റില്‍ ടീമിലേക്ക് എത്തിയ മിച്ചല്‍ മാര്‍ഷായിരുന്നു. മാര്‍ഷിന് പിന്തുണയായി പാറ്റ് കമ്മിന്‍സും ജോഷ് ഹാസല്‍വുഡും രണ്ട് വീതം വിക്കറ്റ് നേടി.

തുടക്കത്തിലെ പതര്‍ച്ചയ്ക്ക് ശേഷം കരുതലോടെ ഇംഗ്ലണ്ട്, ജോ റൂട്ടിന് ലൈഫ് നല്‍കി ഓസ്ട്രേലിയ

ജോ ഡെന്‍ലിയെ തുടക്കത്തില്‍ നഷ്ടമായെങ്കിലും പിന്നീട് ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിച്ച് ഇംഗ്ലണ്ട്. 14 റണ്‍സ് നേടിയ ജോ ഡെന്‍ലിയെ പാറ്റ് കമ്മിന്‍സ് പുറത്താക്കിയ ശേഷം റോറി ബേണ്‍സും ജോ റൂട്ടും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചത്. 42 റണ്‍സുമായി ബേണ്‍സും 28 റണ്‍സ് നേടി ജോ റൂട്ടും രണ്ടാം വിക്കറ്റില്‍ 59 റണ്‍സ് കൂട്ടുകെട്ടാണ് നേടിയിട്ടുള്ളത്.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ടിം പെയിനിന്റെ തീരുമാനം പാളിയെന്നാണ് ക്രിക്കറ്റ് പണ്ഡിതന്റമാരുടെ വിലയിരുത്തല്‍. അതേ സമയം പാറ്റ് കമ്മിന്‍സിന്റെ ബൗളിംഗില്‍ രണ്ട് അവസരങ്ങളാണ് ജോ റൂട്ടിന് ഓസ്ട്രേലിയ നല്‍കിയത്. റൂട്ടിന്റെ സ്കോര്‍ 24ല്‍ നില്‍ക്കെ പീറ്റര്‍ സിഡിലും സ്കോര്‍ 25ല്‍ നില്‍ക്കെ ടിം പെയിനും റൂട്ടിനെ കൈവിട്ടു. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 86/1 എന്ന നിലയിലാണ്.

ലക്ഷ്യം വിദൂരം, 5 വിക്കറ്റ് നഷ്ടപ്പെട്ട് ഇംഗ്ലണ്ട്, അഞ്ചില്‍ നാല് വിക്കറ്റും വീഴ്ത്തി ഭീതി വിതച്ച് ഹാസല്‍വുഡ്

ഓസ്ട്രേലിയയുടെ 497/8 എന്ന സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിനെ റോറി ബേണ്‍സും ജോ റൂട്ടും മുന്നോട്ട് നയിച്ചുവങ്കിലും ഇരുവരും പുറത്തായ ശേഷം തുടരെ വിക്കറ്റുകള്‍ വീണ് ആതിഥേയര്‍. മൂന്നാം വിക്കറ്റില്‍ 141 റണ്‍സിന്റെ കൂട്ടുകെട്ട് നേടിയ സഖ്യത്തെ ഹാസല്‍വുഡ് ആണ് തകര്‍ത്തത്. 81 റണ്‍സ് നേടിയ റോറി ബേണ്‍സിനെ സ്റ്റീവന്‍ സ്മിത്തിന്റെ കൈകളിലെത്തിച്ച ഹാസല്‍വുഡ് ജോ റൂട്ടിനെയും അധികം വൈകാതെ പുറത്താക്കി. 71 റണ്‍സാണ് താരം നേടിയത്. പിന്നീട് മധ്യനിരയിലേക്ക് ബാറ്റിംഗ് ഓര്‍ഡര്‍ മാറിയ ജേസണ്‍ റോയിയെയും ഹാസല്‍വുഡ് തന്നെ മടക്കി. 22 റണ്‍സായിരുന്നു റോയിയുടെ സംഭാവന.

74 ഓവറില്‍ 200/5 എന്ന നിലയില്‍ ഇംഗ്ലണ്ട് നില്‍ക്കവെയാണ് മോശം വെളിച്ചം കാരണം മൂന്നാം ദിവസത്തെ കളി തടസ്സപ്പെട്ടത്. 7 റണ്‍സുമായി ലോകകപ്പ് ഹീറോ ബെന്‍ സ്റ്റോക്സും 2 റണ്‍സ് നേടി ജോണി ബൈര്‍സ്റ്റോയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. ഇംഗ്ലണ്ട് ഇപ്പോളും ഓസ്ട്രേലിയയുടെ സ്കോറിന് 297 റണ്‍സ് പിന്നിലാണ്.

258 റണ്‍സില്‍ ഇംഗ്ലണ്ട് ഇന്നിംഗ്സിന് അവസാനം

ഓസ്ട്രേലിയയ്ക്കെതിരെ ലോര്‍ഡ്സില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 258 റണ്‍സിന് ഓള്‍ഔട്ട്. റോറി ബേണ്‍സും ജോണി ബൈര്‍സ്റ്റോയും അര്‍ദ്ധ ശതകങ്ങള്‍ നേടിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് ശ്രദ്ധേയമായ പ്രകടനം പുറത്ത് വരാത്തതിനാല്‍ ഇംഗ്ലണ്ട് ബാറ്റിംഗ് 77.1 ഓവറില്‍ ടീം ഓള്‍ഔട്ട് ആയി. 52 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോയാണ് അവസാന വിക്കറ്റായി പുറത്തായത്. റോറി ബേണ്‍സ് 53 റണ്‍സ് നേടി പുറത്തായപ്പോള്‍ ക്രിസ് വോക്സ് 32 റണ്‍സും ജോ ഡെന്‍ലി 30 റണ്‍സും നേടി പുറത്തായി.

ഓസ്ട്രേലിയയ്ക്ക് വേണ്ടി നഥാന്‍ ലയണും പാറ്റ് കമ്മിന്‍സും ജോഷ് ഹാസല്‍വുഡും മൂന്ന് വീതം വിക്കറ്റ് നേടി.

Exit mobile version