ധോണി മാത്രമല്ല രോഹിത്തും ക്യാപ്റ്റന്‍ കൂള്‍: രവി ശാസ്ത്രി

ഏഷ്യ കപ്പ് വിജയത്തിനു ശേഷം രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയെ പ്രകീര്‍ത്തിച്ച് രവി ശാസ്ത്രി. 31 വയസ്സുകാരന്‍ രോഹിത്തിനെ കോഹ്‍ലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുവാന്‍ സെലക്ടര്‍മാര്‍ ചുമതലപ്പെടുത്തുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമില്‍ കളിച്ച രോഹിത് ടൂര്‍ണ്ണമെന്റിലുടനീളം കൂളായാണ് കാര്യങ്ങള്‍ നടപ്പിലാക്കിയതെന്നാണ് രവി ശാസ്ത്രി അഭിപ്രായപ്പെട്ടത്.

മികച്ച തുടക്കം നേടിയ ബംഗ്ലാദേശ് മത്സരത്തില്‍ പടുകൂറ്റന്‍ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും രോഹിത് ഒട്ടും ഭയചകിതനായി കണ്ടില്ലെന്ന് രവി ശാസ്ത്രി പറഞ്ഞു. അത് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലും പ്രകടമായപ്പോള്‍ ഇന്ത്യ ബംഗ്ലാദേശിനെ 222 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. മത്സരത്തിന്റെ മധ്യ ഓവറുകളില്‍ നിര്‍ണ്ണായക ബൗളിംഗ് മാറ്റങ്ങള്‍ വരുത്തിയതും ഇന്ത്യയുടെ മുഖ്യ കോച്ചിന്റെ പ്രശംസയ്ക്ക് രോഹിത്തിനെ അര്‍ഹനാക്കി.

അവസാന 30 ഓവറില്‍ ഇന്ത്യ 100 റണ്‍സിനടുത്ത് മാത്രമേ വഴങ്ങിയുള്ളുവെന്നും അത് മികച്ച ബൗളിംഗിന്റെ അനന്തരഫലമാണെന്നും രവി ശാസ്ത്രി അഭിപ്രായപ്പെട്ടു.

സന്നാഹ മത്സരങ്ങളുടെ അഭാവം തിരിച്ചടിയായി: രവി ശാസ്ത്രി

ഇംഗ്ലണ്ടില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത് സന്നാഹ മത്സരങ്ങളുടെ അഭാവമെന്ന് ടീം മുഖ്യ കോച്ച് രവി ശാസ്ത്രി. ബൗളര്‍മാര്‍ മികച്ച് നിന്നുവെങ്കിലും ബാറ്റിംഗില്‍ വിരാട് കോഹ്‍ലിയെ അമിതാശ്രയം ടീമിനു തിരിച്ചടിയായി. വേണ്ടത്ര മാച്ച് പ്രാക്ടീസ് ഇല്ലാത്തതാണ് താരങ്ങള്‍ക്ക് തിരിച്ചടിയായി. തനിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് സന്നാഹ മത്സരങ്ങള്‍ വേണ്ടത്രയില്ലാതെ പോയതാണ് ടീമിനു തിരിച്ചടിയായതെന്ന് രവി ശാസ്ത്രി പറഞ്ഞു.

ഓസ്ട്രേലിയയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യ 2-3 സന്നാഹ മത്സരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശാസ്ത്രി വ്യക്തമാക്കി. ഡിസംബറില്‍ നാല് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കായി ഇന്ത്യ ഓസ്ട്രേലിയയിലേക്ക് യാത്രയാകും. മത്സരങ്ങള്‍ക്ക് മുമ്പ് സന്നാഹ മത്സരങ്ങളും കളിക്കുവാനുള്ള സമയമുണ്ടോ എന്നതാണ് പലപ്പോഴും പ്രശ്നമാവുന്നതെന്ന് ശാസ്ത്രി പറഞ്ഞു.

അശ്വിന്റെ പ്രകടനം, ഇന്ത്യന്‍ ക്യാമ്പില്‍ വ്യത്യസ്ത അഭിപ്രായം

സൗത്താംപ്ടണിലെ മോശം പിച്ചില്‍ ഇന്ത്യന്‍ മുന്‍ നിര സ്പിന്നര്‍ അശ്വിന്റെ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന അവസരത്തില്‍ താരത്തിന്റെ പ്രകടനത്തെക്കുറിച്ച് ഇന്ത്യന്‍ ക്യാമ്പില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍. പല മുന്‍ താരങ്ങളും സൗത്താംപ്ടണിലെ തോല്‍വിയ്ക്ക് കാരണക്കാരന്‍ അശ്വിനാണെന്നാണ് പറഞ്ഞത്. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗും ഇതില്‍ പെടും. മോയിന്‍ അലി മികവ് പുലര്‍ത്തിയ പിച്ചില്‍ അശ്വിന്‍ അടിസ്ഥാന തത്വങ്ങള്‍ പാലിക്കാത്തതാണ് തോല്‍വിയ്ക്ക് കാരണമെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞിരുന്നു.

ഇപ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് തന്നെ താരത്തിന്റെ പ്രകടനത്തില്‍ വ്യത്യസ്തമായ അഭിപ്രായമാണ് താരങ്ങള്‍ പറയുന്നത്. മത്സരശേഷം കോച്ച് രവിശാസ്ത്രി പറഞ്ഞത് മോയിന്‍ അലി കൃത്യമായ സ്ഥലങ്ങളില്‍ പന്തെറിഞ്ഞപ്പോള്‍ അശ്വിനു അതിനു സാധിച്ചിലെന്നാണ്. കൂടാതെ അശ്വിന്‍ അഞ്ചാം ടെസ്റ്റില്‍ കളിക്കാന്‍ താരം പൂര്‍ണ്ണാരോഗ്യവാനാണെന്നും രവി ശാസ്ത്രി പറഞ്ഞിരുന്നു. എന്നാല്‍ അശ്വിന്‍ നെറ്റ്സില്‍ പോലും പന്തെറിയുവാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രതീക്ഷിച്ച പോലെത്തന്നെ അശ്വിന്‍ അഞ്ചാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു.

അതേ സമയം ഇന്ത്യന്‍ ഉപ നായകന്‍ അജിങ്ക്യ രഹാനെ താരം മികച്ച രീതിയിലാണ് നാലാം ടെസ്റ്റില്‍ പന്തെറിഞ്ഞതെന്നാണ് അഭിപ്രായപ്പെട്ടത്. മോശമല്ലാത്ത രീതിയില്‍ ഫീല്‍ഡിംഗും അശ്വിന്‍ ചെയ്തുവെന്നാണ് അജിങ്ക്യയുടെ അഭിപ്രായം. ചേതേശ്വര്‍ പുജാരയും അശ്വിന്റെ സൗത്താംപ്ടണിലെ മോശം പ്രകടനത്തെ ന്യായീകരിക്കുന്നതാണ് കണ്ടത്.

ടീമിലെ പലരും തന്നെ അശ്വിന്റെ ഫോമിനെയും ഫിറ്റ്നെസ്സിനെയും പറ്റി വിരുദ്ധ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ തന്നെ ഇന്ത്യന്‍ ടീമില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്ന് വേണം മനസ്സിലാക്കുവാന്‍. സത്യസന്ധമായ സ്ഥിതിഗതികളെ മറച്ച് വെച്ചാണ് ഇന്ത്യന്‍ ക്യാമ്പ് പ്രതികരണങ്ങള്‍ നടത്തുന്നതെന്ന് വേണം മനസ്സിലാക്കുവാന്‍.

ഉത്തരവാദികള്‍ ബംഗാറും ശാസ്ത്രിയും: ഗാംഗുലി

ഇന്ത്യയുടെ തോല്‍വിയ്ക്ക് പൂര്‍ണ്ണ ഉത്തരവാദികള്‍ സഞ്ജയ് ബംഗാറും രവി ശാസ്ത്രിയുമാണെന്ന് അഭിപ്രായപ്പെട്ട് സൗരവ് ഗാംഗുലി. 2011 മുതല്‍ ഇന്ത്യയുടെ വിദേശ പരമ്പരയിലെ പ്രകടനം എടുത്താല്‍ വലിയ ടീമുകളോട് പരമ്പര തോല്‍ക്കകുയാണ് പതിവ്. വിരാട് കോഹ്‍ലി നേരിടുമ്പോളുള്ള ബൗളര്‍മാരല്ല മറ്റു ബാറ്റ്സ്മാന്മാര്‍ക്കെതിരെ പന്തെറിയുന്നതെന്ന് പൊതുവേ തോന്നിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് മറ്റു താരങ്ങള്‍ പുറത്തെടുക്കുന്നതെന്ന് പറഞ്ഞ ഗാംഗുലി തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ശാസ്ത്രിയ്ക്കും ബംഗാറിനും ഒഴിയാനാകില്ലെന്നും പറഞ്ഞു.

ബാറ്റിംഗ് കോച്ചിനും മുഖ്യ കോച്ചിനും ഇതിനു ഉത്തരം പറയുവാനുള്ള ബാധ്യതയുണ്ട്. എന്ത് കൊണ്ട് വിദേശ പിച്ചുകളില്‍ ഒരു താരം മാത്രം മികവ് പുലര്‍ത്തുന്നുവെന്നും മറ്റുള്ളവര്‍ക്ക് അതിനു കഴിയാതെ പോകുന്നുവെന്നുമുള്ള ഉത്തരം ഏവരും പ്രതീക്ഷിക്കുന്നു. ഇതിനു ഉത്തരം കണ്ടെത്താനാകുന്നില്ലെങ്കില്‍ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ഇന്ത്യ ഒരിക്കലും പരമ്പര ജയിക്കുകയില്ലെന്നും ഗാംഗുലി പറഞ്ഞു.

അഭ്യൂഹങ്ങള്‍ക്ക് വിട, ധോണി അമ്പയര്‍മാരോട് പന്ത് ചോദിച്ചതിനു കാരണം ഇത്

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയെ കുഴക്കിയ ചോദ്യമാണ് – എംഎസ് ധോണി ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കിടെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണോ എന്നത്. ഇന്ത്യയുടെ എട്ട് വിക്കറ്റ തോല്‍വിയ്ക്ക് ശേഷം മോശം ബാറ്റിംഗ് ഫോമില്‍ തുടരുന്ന ധോണി അമ്പയര്‍മാരുടെ കൈയ്യില്‍ നിന്ന് മാച്ച് ബോള്‍ ചോദിച്ച് വാങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ധോണി ഏകദിനത്തില്‍ നിന്നും വിരമിക്കുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പടര്‍ന്നത്.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വിശദീകരിച്ച് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ബൗളിംഗ് കോച്ച് ഭരത് അരുണിനെ പന്തിന്റെ അവസ്ഥ കാണിക്കുന്നതിനു വേണ്ടിയാണ് പന്ത് ധോണി ആവശ്യപ്പെട്ടതെന്നാണ് രവി ശാസ്ത്രി പറയുന്നത്. പന്തിന്റെ സാഹചര്യം വിലയിരുത്തി മത്സരത്തിലെ പിച്ചിനെക്കുറിച്ച് കൂടുതല്‍ അവലോകനം ചെയ്യുവാന്‍ വേണ്ടിയുള്ളതായിരുന്നു ഈ നീക്കം.

സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങളെ അസംബന്ധമെന്ന് വിശേഷിപ്പിച്ച രവി ശാസ്ത്രി, ധോണി എവിടെയും പോകുന്നില്ലെന്നും റിട്ടയര്‍മെന്റ് എന്നത് അടുത്തൊന്നും ആലോചിക്കുന്നില്ലെന്നും രവി ശാസ്ത്രി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version