വാഷിംഗ്ടണ്‍ സുന്ദറിന് തന്നെക്കാള്‍ മികവുണ്ട്, തമിഴ്നാടിന് വേണ്ടി നാലാം നമ്പറില്‍ താരം ബാറ്റ് ചെയ്യണം -രവി ശാസ്ത്രി

ഇന്ത്യുയുടെ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിനെ പ്രശംസ കൊണ്ടുമൂടി ഇന്ത്യന്‍ മുഖ്യ കോച്ച് രവി ശാസ്ത്രി. തനിക്കുള്ളതിനെക്കാള്‍ സ്വാഭാവികമായ കഴിവ് വാഷിംഗ്ടണ്‍ സുന്ദറിനുണ്ടെന്നും താരത്തിന് തമിഴ്നാടിന്റെ ടോപ് 4 സ്ഥാനത്ത് ഇറക്കണമെന്നാണ് തന്റെ അഭിപ്രായം എന്നും രവി ശാസ്ത്രി പറഞ്ഞു. താന്‍ ഇത് തമിഴ്നാട് സെലക്ടര്‍മാരുമായിയോ അല്ലെങ്കില്‍ തമിഴ്നാട് ടീം ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കുമായോ സംസാരിക്കുവാന്‍ തയ്യാറാണെന്നും രവി ശാസ്ത്രി പറഞ്ഞു.

വാഷിംഗ്ടണ്‍ സുന്ദര്‍ ടോപ് ഓര്‍ഡറില്‍ കളിക്കേണ്ട താരമാണെന്നും അവിടെ വളരെ അധികം റണ്‍സ് സ്കോര്‍ ചെയ്യുവാനുള്ള താരമാണ് സുന്ദര്‍ എന്നും രവി ശാസ്ത്രി പറഞ്ഞു. സുന്ദറിന് തന്റെ ബൗളിംഗും മെച്ചപ്പെടുത്താനായില്‍ ഇന്ത്യയുടെ നമ്പര്‍ ആറില്‍ ഇറങ്ങേണ്ട താരം സുന്ദര്‍ അയിരിക്കുമെന്നും ശാസ്ത്രി പറഞ്ഞു. തന്റെ കരിയറിന്റെ സമയത്ത് താന്‍ ചെയ്തിരുന്ന പോലെ 20 ഓവറുകള്‍ എറിയാനും 50ന് മേലുള്ള സ്കോര്‍ നേടുവാനും ഉള്ള ഒരാളുടെ റോളിലേക്ക് സുന്ദര്‍ ഏറ്റവും അനുയോജ്യമായ താരമാണെന്ന് വാഷിംഗ്ടണ്‍ സുന്ദറിനെപ്പറ്റി രവി ശാസ്ത്രി പറഞ്ഞു.

വിരാട് കോഹ്‍ലിയും രവി ശാസ്ത്രിയും തനിക്ക് വേണ്ടത്ര സ്വാതന്ത്ര്യം തന്നിട്ടുണ്ട്

വിരാട് കോഹ്‍ലിയും രവി ശാസ്ത്രിയും തനിക്ക് വേണ്ടത്ര സ്വാതന്ത്ര്യം തന്നിട്ടുണ്ടെന്ന് വ്യക്തമാക്കി ഹാര്‍ദ്ദിക് പാണ്ഡ്യ. അത് തനിക്ക് മാത്രം ലഭിയ്ക്കുന്ന മുന്‍ഗണന അല്ലെന്നും അത് ടീമില്‍ ഏവര്‍ക്കും അവര്‍ നല്‍കി വരുന്ന കാര്യമാണെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ വ്യക്തമാക്കി. ഇപ്പോളത്തെ ഇന്ത്യന്‍ ടീമിന്റെ സൗന്ദര്യം തന്നെ ഈ തീരുമാനം ആണെന്നും അത് താരങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ വ്യക്തമാക്കി.

ഈ വിശ്വാസം തങ്ങളില്‍ അര്‍പ്പിക്കുമ്പോള്‍ കാര്യങ്ങള്‍ വേഗത്തില്‍ പഠിച്ച് ഞങ്ങളും അവരുടെ വിശ്വാസത്തെ കാത്ത് രക്ഷിക്കുന്നുണ്ടെന്ന് ഹാര്‍ദ്ദിക് അഭിപ്രായപ്പെട്ടു. ടീമംഗങ്ങളും മാനേജ്മെന്റും പരസ്പരം വിശ്വസിച്ച് പിന്തുണച്ച് മുന്നേറുന്നതാണ് ഇന്ത്യന്‍ ടീമിന്റെ ഇപ്പോളത്തെ കരുത്തെന്നും ഹാര്‍ദ്ദിക് വ്യക്തമാക്കി. തന്റെ മുന്‍ നായകന്‍ എംഎസ് ധോണി ആവശ്യപ്പെട്ടത് താന്‍ തന്റെ തന്റെ അനുഭവങ്ങളില്‍ നിന്ന് കാര്യങ്ങള്‍ സ്വയം പഠിച്ചെടുക്കേണ്ടതാണെന്നാണെന്നും ഹാര്‍ദ്ദിക് വിശദമാക്കി.

ലോകകപ്പിനെക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് പരമ്പരകള്‍ക്ക് – രവി ശാസ്ത്രി

ക്രിക്കറ്റ് പുനരാരംഭിക്കുമ്പോള്‍ ലോകകപ്പ് പോലുള്ള ഐസിസി പരമ്പരയ്ക്കല്ല പകരം ഉഭയ കക്ഷി പരമ്പരകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് പറഞ്ഞ് രവി ശാസ്ത്രി. ഇന്ത്യന്‍ മുഖ്യ കോച്ചിന്റെ അഭിപ്രായത്തില്‍ ഐസിസിയുടെ ടൂര്‍ണ്ണമെന്റിന് മുമ്പ് പരമ്പരകള്‍ കളിച്ച് ക്രിക്കറ്റ് സാധാരണ രീതിയില്‍ ക്രിക്കറ്റിലേക്ക് മടങ്ങി വരികയാണ് ടീമുകള്‍ ശ്രദ്ധയൂന്നേണ്ടതെന്ന് രവി ശാസ്ത്രി വ്യക്തമാക്കി.

ഇപ്പോള്‍ എല്ലാ ബോര്‍ഡുകളും ക്രിക്കറ്റ് പരമ്പരകളെല്ലാം ഉപേക്ഷിച്ച് ഇരിക്കുന്ന സാഹചര്യമാണുള്ളത്. താന്‍ ഉടനൊന്നും അന്താരാഷ്ട്ര തലത്തിലുള്ള ടൂര്‍ണ്ണമെന്റൊന്നും താല്പര്യപ്പെടുന്നില്ലെന്നാണ് രവി ശാസ്ത്രി പറഞ്ഞത്. പ്രാദേശിക ക്രിക്കറ്റും പിന്നീട് ഉഭയ കക്ഷി പരമ്പരകളും കളിച്ച് എല്ലാവരും തിരികെ ക്രിക്കറ്റിലേക്ക് വന്ന ശേഷം മാത്രമാണ് ഇത്തരം ടൂര്‍ണ്ണമെന്റുകളെ സമീപിക്കേണ്ടതെന്ന് ശാസ്ത്രി പറഞ്ഞു.

ഐസിസി ടൂര്‍ണ്ണമെന്റാണെങ്കില്‍ കുറഞ്ഞത് 10-15 ടീമുകള്‍ യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടെന്നും ഉഭയ കക്ഷി പരമ്പരകളാണെങ്കില്‍ സന്ദര്‍ശിക്കുന്ന ടീമുകള്‍ മാത്രം യാത്ര ചെയ്താല്‍ മതിയെന്നും രവി ശാസ്ത്രി വ്യക്തമാക്കി. ഇപ്പോളത്തെ സാഹചര്യത്തില്‍ കഴിവതും യാത്ര കുറയ്ക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.

പരിശീലകനായി രവി ശാസ്ത്രി തന്നെ മതിയെന്ന് വിരാട് കോഹ്‌ലി

ഇന്ത്യൻ പരിശീലകനായി രവി ശാസ്ത്രി തന്നെ തുടരുമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. വെസ്റ്റിൻഡീസ് പരമ്പരക്ക് വേണ്ടി ഇന്ത്യൻ ടീം യാത്രതിരിക്കുന്നതിന് മുൻപ് നടത്തിയ പത്ര സമ്മേളനത്തിലാണ് കോഹ്‌ലി തന്റെ അഭിപ്രായം പറഞ്ഞത്. ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയുടെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ പരിശീലകൻ രവി ശാസ്ത്രിയെ മാറ്റണമെന്ന അഭിപ്രായങ്ങൾ ഉയർന്നുവരുന്നതിനിടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ രവി ശാസ്ത്രിക്ക് പിന്തുണയുമായി എത്തിയത്. നിലവിൽ ഇന്ത്യൻ പരിശീലകന്റെയും സപ്പോർട്ടിങ് സ്റ്റാഫുകളുടെയും കാലാവധി ലോകകപ്പോടെ അവസാനിച്ചെങ്കിലും വെസ്റ്റിൻഡീസ് പരമ്പര തീരുന്നത് വരെ കാലാവധി നീട്ടി നൽകുകയായിരുന്നു.

പുതിയ പരിശീലകനെ തീരുമാനിക്കാനുള്ള അപേക്ഷകൾ ബി.സി.സി.ഐ നേരത്തെ തന്നെ സ്വീകരിച്ചു തുടങ്ങിയിരുന്നു. അടുത്ത മാസം പകുതിയോടെ പുതിയ പരിശീലകരെ തേടിയുള്ള ബി.സി.സി.ഐയുടെ ഇന്റർവ്യൂകൾ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാവും പുതിയ പരിശീലകനെ കണ്ടെത്തുക. കപിൽ ദേവിനെ കൂടാതെ അൻഷുമാൻ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് കമ്മിറ്റിയിലെ മറ്റു അംഗങ്ങൾ.

പുതിയ കോച്ചിന് അപേക്ഷ ക്ഷണിക്കാനൊരുങ്ങി ബിസിസിഐ, രവി ശാസ്ത്രി വീണ്ടും അപേക്ഷിക്കണം

ലോകകപ്പിലെ തിരിച്ചടിയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി പുതിയ കോച്ചിനെ തേടുവാനൊരുങ്ങി ബിസിസിഐ. നിലവിലെ മുഖ്യ കോച്ച് രവി ശാസ്ത്രിയ്ക്ക് സ്ഥാനത്ത് തുടരണമെങ്കില്‍ വീണ്ടും അപേക്ഷിക്കണമെന്നാണ് അറിയുന്നത്. നിലവിലെ കോച്ചിംഗ് സ്റ്റാഫിന്റെ കാലാവധി ഇന്ത്യയുടെ വിന്‍ഡീസ് പരമ്പര വരെ മാത്രമാണുള്ളതെന്നതാണ് പുതിയ കോച്ചിനുള്ള അപേക്ഷ ക്ഷണിക്കുവാന്‍ ബിസിസിഐയെ പ്രേരിപ്പിക്കുന്നത്.

ലീഗ് ഘട്ടങ്ങളില്‍ ഇംഗ്ലണ്ടിനെതിരെ ഒഴികെ മറ്റ് മത്സരങ്ങളില്ലൊം വ്യക്തമായ ആധിപത്യത്തോടെ ഇന്ത്യ വിജയിച്ച് കയറിയെങ്കിലും സെമി ഫൈനലില്‍ ന്യൂസിലാണ്ടിനെതിരെ ടീമിന് കാലിടറിയത് വലിയ തിരിച്ചടിയായി മാറുകയായിരുന്നു. ഓഗസ്റ്റില്‍ വിന്‍ഡീസിനെതിരെ നടക്കുന്ന പൂര്‍ണ്ണ പരമ്പരയാണ് ഇന്ത്യയുടെ അടുത്ത ദൗത്യം. ശാസ്ത്രിയ്ക്ക് തുടര്‍ന്ന് ഇന്ത്യന്‍ കോച്ചായി നിലനില്‍ക്കണമെങ്കില്‍ വീണ്ടും അപേക്ഷിക്കണമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

കോച്ചിനെ മാത്രമല്ല പുതിയ സപ്പോര്‍ട്ട് സ്റ്റാഫിനു വേണ്ടിയുള്ള അപേക്ഷയും ബിസിസിഐ വിളിക്കുന്നുണ്ടെന്നാണ് അറിയുന്നത്. വരും ദിവസങ്ങളില്‍ ബിസിസിഐ വെബ്സൈറ്റില്‍ ഇത് സംബന്ധിച്ച വിജ്ഞാപനം വരുമെന്നും ബിസിസിഐ അറിയിച്ചു. 2017ല്‍ അനില്‍ കുംബ്ലൈ സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് രവി ശാസ്ത്രി ഇന്ത്യയുടെ കോച്ചായി എത്തുന്നത്. അന്ന് അനില്‍ കുംബ്ലൈ വിരാട് കോഹ്‍‍ലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് സ്ഥാനം ഒഴിഞ്ഞത്.

നിലവില്‍ ശാസ്ത്രിയുടെയും സഹ സ്റ്റാഫുകളുടെയും കരാര്‍ 45 ദിവസത്തേക്ക് ബിസിസിഐ നീട്ടുകയായിരുന്നു. സെപ്റ്റംബറില്‍ വിന്‍ഡീസ് ടൂര്‍ അവസാനിക്കുന്നതിന് മുമ്പ് പുതിയ സ്റ്റാഫുകളുടെയും കോച്ചിന്റെ അഭിമുഖം നടത്തുവാനായിരിക്കും ബിസിസിഐ ശ്രമിക്കുക.

സര്‍വ്വ സന്നാഹകങ്ങളുമായി ഇന്ത്യ തയ്യാര്‍ – രവി ശാസ്ത്രി

ലോകകപ്പിനു ഇന്ത്യ എല്ലാ മേഖലയിലും സര്‍വ്വ സന്നാഹകങ്ങളുമായാണ് ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്നതെന്ന് പറഞ്ഞ് രവി ശാസ്ത്രി. ഏറ്റവും മികച്ച 15 താരങ്ങള്‍ ടീമിലുണ്ട്, ഏതെങ്കിലും ഒരു ഫാസ്റ്റ് ബൗളര്‍ക്ക് പരിക്കേറ്റാല്‍ പകരക്കാരും തയ്യാറാണെന്ന് രവി ശാസ്ത്രി അറിയിച്ചു. മേയ് 22നു ഇന്ത്യ ലോകകപ്പിനായി യാത്രയാകും.

അതേ സമയം ഇന്ത്യ നേരത്തെ ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്ന ജെറ്റ് എയര്‍വേഴ്സ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഫ്ലൈറ്റുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് പകരം എമറൈറ്റ്സ് എയര്‍വേയ്സിന്റെ ഫ്ലൈറ്റുകളിലാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തത്. ബിസിസിഐ താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമെല്ലാം ഒരേ ഫ്ലൈറ്റില്‍ തന്നെ യാത്രാസൗകര്യം അടിയന്തരമായി ഒരുക്കുകയായിരുന്നു.

അവസാന നിമിഷം ജെറ്റ് എയര്‍ക്രാഫ്ടുകളുടെ പ്രശ്നം ഒരു പ്രതിസന്ധി തന്നെയായിരുന്നുവെങ്കിലും പകരം സംവിധാനം ഒരുക്കാന്‍ തങ്ങള്‍ക്കായെന്ന് ബിസിസിഐ വക്താക്കള്‍ അറിയിക്കുകയായിരുന്നു. ഇന്ത്യ പ്രതീക്ഷിച്ചത് പോലെ മേയ് 22നോ അതിനു മുമ്പോ തന്നെ യാത്രയാകുമന്നും ഇദ്ദേഹം അറിയിച്ചു.

കുശല്‍ പെരേരയെ അഭിനന്ദിച്ച് രവി ശാസ്ത്രി, വിശ്വ ഫെര്‍ണാണ്ടോയ്ക്ക് പോരാളിയെന്ന വിശേഷണം

ടെസ്റ്റ് ചരിത്രത്തിലെ അവിസ്മരണീയമായ ഇന്നിംഗ്സ് പുറത്തെടുത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു വിക്കറ്റിന്റെ അവിശ്വസനീയ വിജയം സ്വന്തമാക്കുവാന്‍ ശ്രീലങ്കയെ സഹായിച്ച കുശല്‍ പെരേര-വിശ്വ ഫെര്‍ണാണ്ടോ സഖ്യത്തെ അനുമോദനം അറിയിച്ച് ഇന്ത്യയുടെ മുഖ്യ കോച്ച് രവി ശാസ്ത്രി. കുശല്‍ പെരേരയുടെ ഇന്നിംഗ്സിനെ അവിശ്വസനീയമെന്ന് വിശേഷിപ്പിച്ച രവി ശാസ്ത്രി താരത്തിനു സഹായവുമായി നിലയുറപ്പിച്ച വിശ്വ ഫെര്‍ണാണ്ടോയെ പോരാളിയെന്ന് വിശേഷിപ്പിച്ചു.

അവസാന വിക്കറ്റില്‍ 78 റണ്‍സ് നേടിയ കൂട്ടുകെട്ട് ശ്രീലങ്കയെ 1 വിക്കറ്റ് ജയത്തിലേക്ക് നയിക്കുകയായിരുന്നു. പെരേര 153 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ വിശ്വ ഫെര്‍ണാണ്ടോ 27 പന്ത് നേരിട്ട് 6 റണ്‍സ് നേടി മറുവശത്ത് നിലയുറപ്പിക്കുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ സജീവമാകുന്നതിനു വേണ്ടി ഐപിഎല്‍ കരാര്‍ ഉപേക്ഷിച്ച താരമാണ് കുശല്‍ പെരേര.

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് എന്നാണ് ശാസ്ത്രി പെരേരയുടെ ഈ ഇന്നിംഗ്സിനെ വിശേഷിപ്പിച്ചത്. ഏറ്റവും മികച്ച ടെസ്റ്റ് വിജയമാണ് നിങ്ങള്‍ കണ്ടതെന്നും രവി ശാസ്ത്രി തന്റെ ട്വീറ്റില്‍ കുറിച്ചു.

പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ഫെബ്രുവരി 21നു പോര്‍ട്ട് എലിസബത്തില്‍ ആരംഭിക്കും.

ടെസ്റ്റ് പരമ്പര പരാജയപ്പെട്ടാല്‍ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തേ പറ്റൂ: ഗവാസ്കര്‍

ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ഇന്ത്യ തോറ്റാല്‍ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തേ മതിയാകൂ എന്ന് അഭിപ്രായപ്പെട്ട് സുനില്‍ ഗവാസ്കര്‍. അഡിലെയ്ഡില്‍ ഇന്ത്യ 31 റണ്‍സിന്റെ വിജയം നേടി പരമ്പരയില്‍ മുന്നിലെത്തിയെങ്കിലും പെര്‍ത്തില്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. 146 റണ്‍സിന്റെ വിജയമാണ് പെര്‍ത്തില്‍ ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരെ നേടിയത്. മത്സരത്തില്‍ ഇന്ത്യയുടെ ടീം സെലക്ഷനും കോഹ്‍ലിയുടെ ക്യാപ്റ്റന്‍സിയും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

അശ്വിന്‍ പരിക്കേറ്റത്തിനെത്തുടര്‍ന്ന് ജഡേജയെ കളിപ്പിക്കാതെ ഇന്ത്യ ഇറങ്ങിയത് തോല്‍വിയ്ക്ക് കാരണമായി എന്നാണ് പലരും അഭിപ്രായപ്പെട്ടത്. കോഹ്‍ലിയെയും രവി ശാസ്ത്രിയെയും ലക്ഷ്യം വെച്ചാണ് ഇപ്പോള്‍ ഗവാസ്കര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ ടെസ്റ്റ് പരമ്പര തോറ്റാല്‍ തോല്‍വിയുടെ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തേ മതിയാകൂ എന്നാണ് ഗവാസ്കര്‍ പറയുന്നത്.

കോഹ്‍ലി നായകനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും വലിയ വ്യത്യാസങ്ങളുള്ള വ്യക്തിത്വമാണെന്നാണ് ഗവാസ്കര്‍ പറയുന്നത്. അത് ഈ പരമ്പരയില്‍ തെളിഞ്ഞ് വരുകയാണ്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ടീം സെലക്ഷനുകളും ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതുമെല്ലാം കണക്കിലെടുതത്ത് ഈ തീരുമാനങ്ങള്‍ക്കെല്ലാം ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാകൂ എന്ന് ഗവാസ്കര്‍ അഭിപ്രായപ്പെട്ടു.

ജഡേജ മാച്ച് ഫിറ്റ് അല്ലായിരുന്നു: രവി ശാസ്ത്രി

ഒരു മുന്‍ നിര സ്പിന്നറില്ലാതെ പെര്‍ത്തില്‍ ഓസ്ട്രേലിയയെ നേരിടാനിറങ്ങിയ ഇന്ത്യയുടെ തീരുമാനം ഏറെ പഴി കേള്‍ക്കുവാന്‍ ഇടയാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ -രൂമാനത്തെ ന്യായീകരിച്ച് ഇന്ത്യന്‍ കോച്ച് രംഗത്തെത്തിയിരിക്കുകയാണ്. മത്സരത്തിനു 70-80 ശതമാനം മാത്രമായിരുന്നു രവീന്ദ്ര ജഡേജ ഫിറ്റെന്നും അതാണ് താരത്തെ ടീമിലുള്‍പ്പെടുത്താതിരുന്നതെന്നുമാണ് രവി ശാസ്ത്രി പറഞ്ഞത്.

രവിചന്ദ്രന്‍ അശ്വിന് പരിക്കേറ്റതോടെ ഇന്ത്യ സ്പിന്നറെ ഇല്ലാതെയാണ് മത്സരത്തിനിറങ്ങിയത്. എന്നാല്‍ താരം മാച്ച് ഫിറ്റ് അല്ലെങ്കില്‍ 12ാമനായി ഫീല്‍ഡ് ചെയ്യുവാനായി ഇറങ്ങിയത് എന്തിനായിരുന്നുവെന്ന ചോദ്യമാണ് ഇപ്പോള്‍ ശാസ്ത്രിയുടെ മറുപടിയ്ക്കെതിരെ ഉയരുന്നത്. പാര്‍ട്ട് ടൈം സ്പിന്നറായി ഹനുമ വിഹാരിയെയാണ് മത്സരത്തില്‍ ഇന്ത്യ ഉപയോഗിച്ചത്.

പെര്‍ത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത് നഥാന്‍ ലയണ്‍ ആണെന്നിരിക്കെ ജഡേജയെ മത്സരിപ്പിച്ചിരിന്നുവെങ്കില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെട്ടത്.

പൃഥ്വി ഷാ വേഗത്തില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷ: രവി ശാസ്ത്രി

അഡിലെയ്ഡ് ടെസ്റ്റില്‍ നിന്ന് പരിക്ക് മൂലം വിട്ട് നില്‍ക്കേണ്ടി വന്ന ഇന്ത്യയുടെ യുവ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് പെര്‍ത്തിലെ രണ്ടാം ടെസ്റ്റില്‍ കളിയ്ക്കാനാകുമെന്നാണ് തന്റെ വിശ്വാസമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യയുടെ മുഖ്യ കോച്ച് രവി ശാസ്ത്രി. ഓസ്ട്രേലിയന്‍ ബോര്‍ഡ് ഇലവനെതിരെ സന്നാഹ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് പൃഥ്വി ഷായ്ക്ക് പരിക്കേറ്റത്.

പൃഥ്വി പരിക്കേറ്റത് ഹൃദയഭേദകമായ കാഴ്ചയായിരുന്നുവെന്ന് പറഞ്ഞ ശാസ്ത്രി, താരം അതിവേഗത്തില്‍ ഭേദപ്പെട്ട് വരുന്നുണ്ടെന്നാണ് പറഞ്ഞത്. പൃഥ്വി ഷാ വീണ്ടും നടക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ ശാസ്ത്രി, യുവ താരത്തിനു ലഭിയ്ക്കേണ്ടിയിരുന്ന മികച്ച അവസരം നഷ്ടമായതില്‍ സങ്കടമുണ്ടെന്ന് അറിയിച്ചു. നാട്ടില്‍ ഏത് ഫോര്‍മാറ്റിലായാലം റണ്‍സ് കണ്ടെത്തിയ താരമാണ് പൃഥ്വി. ഇവിടെയും താരം മികവ് പുലര്‍ത്തുമെന്നത് തീര്‍ച്ചയായിരുന്നുവെന്നാണ് പൃഥ്വിയിലെ പ്രതീക്ഷയെക്കുറിച്ച് ശാസ്ത്രി പറഞ്ഞത്.

കളിക്കുമ്പോള്‍ സച്ചിനും വീരുവും നടക്കുമ്പോള്‍ ലാറ, പൃഥ്വിയെ ശാസ്ത്രി വിശേഷിപ്പിക്കുന്നതിങ്ങനെ

ഇന്ത്യയുടെ പുതുമുഖ ടെസ്റ്റ് താരം പൃഥ്വി ഷായ്ക്ക് മേല്‍ പ്രശംസ ചൊരിഞ്ഞ് രവി ശാസ്ത്രി. താരം ക്രിക്കറ്റ് കളിക്കവാനായി ജനിച്ചതാണെന്ന് വ്യക്തമാക്കിയ രവി ശാസ്ത്രി എട്ടാം വയസ്സ് മുതല്‍ ക്രിക്കറ്റ് കളിക്കുന്നൊരാളാണ് പൃഥ്വി ഷാ എന്ന് പറഞ്ഞു. കാണികള്‍ക്ക് സുന്ദര നിമിഷങ്ങള്‍ നല്‍കുന്നൊരു താരമാണ് പൃഥ്വി ഷായെന്നും രവി ശാസ്ത്രി പറഞ്ഞു. ദേവേന്ദ്ര ബിഷുവിനെ കവറിലൂടെ ബൗണ്ടറി പായിച്ച് മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച പൃഥ്വി പരമ്പരയിലെ താരം അവാര്‍ഡും സ്വന്തമാക്കിയിരുന്നു.

പൃഥ്വി ബാറ്റ് ചെയ്യുമ്പോള്‍ സച്ചിന്റെയും വീരുവിന്റെയും ഒരു മിന്നലാട്ടം നമുക്ക് കാണാം, പൃഥ്വി നടക്കുമ്പോള്‍ ബ്രയാന്‍ ലാറയുമായി ചെറിയൊരു സാമ്യം നമുക്ക് തോന്നാം. ഇതെല്ലാം തന്നെ താരത്തെ അത്യപൂര്‍വ്വമായൊരു താരമാക്കി മാറ്റുന്നുണ്ട്. ഇന്ത്യയുടെ ഭാവി താരമാണ് പൃഥ്വി ഷായെന്നതില്‍ ഒരു തര്‍ക്കവുമില്ലെന്നും രവി ശാസ്ത്രി വ്യക്തമാക്കി.

ഷായ്ക്ക് രവി ശാസ്ത്രിയുടെ ഉപദേശം ഇത്

രഞ്ജിയില്‍ എന്താണോ ചെയ്തത്, അത് അന്താരാഷ്ട്ര ക്രിക്കറ്റിലും തുടരുക, ഇതാണ് തന്നോട് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി പറഞ്ഞതെന്ന് അറിയിച്ച് പൃഥ്വി ഷാ. നാളെ ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ അരങ്ങേറ്റം കുറിയ്ക്കുവാനിരിക്കുന്ന പൃഥ്വി ഷായോട് ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് അടിച്ചു കൂട്ടുന്നതിനായി എന്താണോ ചെയ്തിരുന്നത് അത് തന്നെ ആവര്‍ത്തിക്കാനാണ് കോച്ച് ഉപദേശിക്കുന്നത്.

തികഞ്ഞ് ആത്മവിശ്വാസത്തോടെ ബാറ്റ് വീശുവാനാണ് താരത്തിനു വിരാട് കോഹ്‍ലിയും നല്‍കുന്ന ഉപദേശം. നെറ്റ്സിലും പരിശീലന സെഷനുകളിലും മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതും തന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാറുണ്ടെന്ന് ഇന്ത്യയുടെ അടുത്ത മികച്ച താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പൃഥ്വി ഷാ അഭിപ്രായപ്പെട്ടു.

Exit mobile version