രവിശാസ്ത്രി ഉള്‍പ്പെടെ ആറ് പേരുടെ ചുരുക്ക പട്ടിക തയ്യാര്‍

ഇന്ത്യയുടെ മുഖ്യ കോച്ചിനെ തിരഞ്ഞെടുക്കുന്നതിനായി ആറ് പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി കപില്‍ ദേവ് നയിക്കുന്ന ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി. രവി ശാസ്ത്രി, മൈക്ക് ഹെസ്സണ്‍, ടോം മൂഡി, റോബിന്‍ സിംഗ്, ലാല്‍ചന്ദ് രാജ്പുത്, ഫില്‍ സിമ്മണ്‍സ് എന്നിവരെയാണ് അഭിമുഖത്തിനായി ബിസിസിഐ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് വെള്ളിയാഴ്ച എത്തുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

2000 അപേക്ഷകളാണ് വിവിധ പൊസിഷനുകളിലക്കായി ബിസിസിഐയ്ക്ക് ലഭിച്ചത്. മുഖ്യ കോച്ചിന്റെ തിരഞ്ഞെടുപ്പില്‍ മാത്രമാണ് കപില്‍ ദേവ് അംഗമായ കമ്മിറ്റിയുടെ അധികാരം. പിന്തുണ സ്റ്റാഫിനെ ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദ് ആവും തിരഞ്ഞെടുക്കുക. ശാസ്ത്രിയുടെ ഇന്റര്‍വ്യൂ സ്കൈപ്പിലൂടെയാവും നടത്തുക. ഇന്ത്യന്‍ ടീം വിന്‍ഡീസില്‍ പര്യടനം നടത്തുന്നതിനാലാണ് ഇത്.

ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടെ പിന്തുണയുള്ളതിനാല്‍ രവി ശാസ്ത്രിയ്ക്ക് തന്നെയാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.

“രവി ശാസ്ത്രിയെക്കുറിച്ചുള്ള കോഹ്‌ലിയുടെ അഭിപ്രായങ്ങൾ ഞങ്ങളെ സ്വാധീനിക്കില്ല”

രവി ശാസ്ത്രി വീണ്ടും ഇന്ത്യൻ പരിശീലകനാവുന്നതാണ് തന്റെ ആഗ്രഹം എന്ന് ഇന്ത്യൻ വിരാട് കോഹ്‌ലി പറഞ്ഞതിന് പിന്നാലെ അതൊന്നും തങ്ങളെ സ്വാധീനിക്കുന്ന കാര്യമല്ലെന്ന് അൻഷുമാൻ ഗെയ്ക്‌വാദ്. ഇന്ത്യൻ പരിശീലകനെ നിയമിക്കാൻ ബി.സി.സി.ഐ തിരഞ്ഞെടുത്ത കപിൽ ദേവിന്റെ നേതൃത്തിലുള്ള കമ്മിറ്റയിലെ അംഗമാണ് ഗെയ്ക്‌വാദ്. ക്യാപ്റ്റൻ എന്ന നിലക്ക് വിരാട് കോഹ്‌ലിക്ക് അഭിപ്രായം പറയാമെന്നും എന്നാൽ തങ്ങൾ അതൊന്നും പരിഗണിക്കുകയില്ലെന്നും ഗെയ്ക്‌വാദ് പറഞ്ഞു.

പരിശീലകനെ എങ്ങനെ തിരഞ്ഞെടുക്കണമെന്നുള്ള മാനദണ്ഡങ്ങൾ ബി.സി.സി.ഐ നൽകിയിട്ടുണ്ടെന്നും അതിന് അനുസരിച്ച് മാത്രമാണ് കമ്മിറ്റി പ്രവർത്തിക്കുന്നതെന്നും ഗെയ്ക്‌വാദ് പറഞ്ഞു. ഇന്ത്യൻ വനിതാ ടീമിന്റെ പരിശീലകനെ നിയമിച്ചപ്പോഴും വേറെ ആരെയും സമീപിച്ചതിന് ശേഷമല്ല നിയമിച്ചതെന്നും മുൻ ഇന്ത്യൻ പരിശീലകൻ കൂടിയായ ഗെയ്ക്‌വാദ് പറഞ്ഞു.

തുറന്ന മനസ്സോടെയാണ് കമ്മിറ്റി കാര്യങ്ങളെ സമീപിക്കുന്നതെന്നും ഇന്ത്യയിൽ നിന്നും പുറത്തുനിന്നുമുള്ള ആൾക്കാരുടെ ഒരുപാട് അപേക്ഷകൾ കമ്മിറ്റിക്ക് കിട്ടിയിട്ടുണ്ടെന്നും ഗെയ്ക്‌വാദ് പറഞ്ഞു. കപിൽ ദേവിന്റെ നേതൃത്തിലുള മൂന്നംഗ സംഘമാണ് ഇന്ത്യൻ പരിശീലകനെ നിയമിക്കുക. കപിൽ ദേവിനെയും ഗെയ്ക്‌വാദിനെയും കൂടാതെ ശാന്ത രംഗസ്വാമിയാണ് കമ്മിറ്റിയിലെ മൂന്നാമത്തെ അംഗം.

മധ്യനിരയില്‍ ഒരു സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുവാനാകുന്ന താരത്തെ ഇന്ത്യയ്ക്ക് ലഭിച്ചില്ല

ലോകകപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത് മധ്യനിരയുടെ പ്രകടനമെന്ന് പറഞ്ഞഅ ടീം കോച്ച് രവി ശാസ്ത്രി. ഫൈനലില്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നതാണ് ടീമിന് തിരിച്ചടിയായതെങ്കിലും ടൂര്‍ണ്ണമെന്റിലുടനീളം ഇന്ത്യയ്ക്ക് തലവേദനയായത് മധ്യനിരയായിരുന്നുവെന്ന് ശാസ്ത്രി പറഞ്ഞു. ഇന്ത്യയ്ക്ക് മധ്യനിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുവാനാകുന്ന ഒരു താരത്തെ ലഭിച്ചില്ലെന്ന് ഇന്ത്യന്‍ മുഖ്യ കോച്ച് പറഞ്ഞു.

സന്നാഹ മത്സരങ്ങള്‍ക്ക് ശേഷം നാലാം നമ്പറില്‍ കെഎല്‍ രാഹുലിനെ ഇന്ത്യ പരീക്ഷിച്ചുവെങ്കിലും ശിഖര്‍ ധവാന്റെ പരിക്ക് താരത്തെ ഓപ്പണര്‍ ആയി പരീക്ഷിക്കുവാന്‍ കാരണമായി എന്ന് ശാസ്ത്രി പറഞ്ഞു. രാഹുലിനെ മധ്യനിരയില്‍ ഉപയോഗിക്കാമായിരുന്നുവെങ്കിലും ധവാന്റെ പരിക്കാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയതെന്ന് ശാസ്ത്രി പറഞ്ഞു. ഇതിന് ശേഷം വിജയ് ശങ്കറിന് പരിക്കേറ്റതും തങ്ങളുടെ നിയന്ത്രണത്തിലെ കാര്യമല്ലായിരുന്നവെന്ന് ശാസ്ത്രി വ്യക്തമാക്കി.

ലോകകപ്പിനു ശേഷം ശാസ്ത്രിയുടെ കരാര്‍ നീട്ടും

ലോകകപ്പോടെ അവസാനിക്കാനിരിക്കുന്ന രവി ശാസ്ത്രിയുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും കരാര്‍ നീട്ടുമെന്ന് സൂചന. ലോകകപ്പില്‍ രണ്ട് വിജയങ്ങളുമായി മികച്ച പ്രകടനം പുറത്തെടുത്ത് നില്‍ക്കുന്ന ഇന്ത്യയുടെ കോച്ചിന്റെ കരാര്‍ ലോകകപ്പ് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. മുഖ്യ കോച്ച് രവി ശാസ്ത്രിയ്ക്കൊപ്പം ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍, ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവരുടെ കരാറും ലോകകപ്പിനു ശേഷം അവസാനിക്കുമെങ്കിലും സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ ഇവര്‍ക്ക് 45 ദിവസത്തേക്ക് കരാര്‍ നീട്ടി നല്‍കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.

അടുത്തിടെ നടന്ന മീറ്റിംഗിലാണ് ഈ തീരൂമാനം എടുത്തതും തീരുമാനത്തിന്റെ വിശദാംശം ബിസിസിഐ ഔദ്യോഗിക വെബ്സൈറ്റിലും നല്‍കിയിട്ടുണ്ട്. ഈ 45 ദിവസത്തെ കാലയളവില്‍ വിനോദ് റായ് നയിക്കുന്ന സിഒഎ ഇന്ത്യന്‍ ടീമിലെ പരിശീലക സംഘത്തിലേക്കുള്ള ഇന്റര്‍വ്യൂ നടത്തി ഒഴിവുകള്‍ നികത്തുമെന്നാണ് അറിയുന്നത്.

നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യുമെന്ന് നിശ്ചയമില്ല, ആര്‍ക്കും ബാറ്റ് ചെയ്യാം

ഇന്ത്യയുടെ നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യുമെന്നുള്ള വലിയ ചോദ്യത്തിനു നാളുകള്‍ക്ക് മുമ്പ് വരെയുള്ള ഉത്തരം അമ്പാട്ടി റായിഡു എന്നതായിരുന്നു. പിന്നീട് 2019ല്‍ താരം ഫോം ഔട്ട് ആയതോടെ താരത്തെ മറികടന്ന് ലോകകപ്പ് ടീമില്‍ ഇടം നേടിയത് വിജയ് ശങ്കറായിരുന്നു. താരം തന്നെയാവും ഇന്ത്യയുടെ നാലാം നമ്പറില്‍ എത്തുക എന്ന് പലരും അഭിപ്രായപ്പെട്ടപ്പോളും മുന്‍ ചീഫ് സെലക്ടര്‍ ആയ സന്ദീപ് പാട്ടീല്‍ പറയുന്നത്, ആര് ആ പൊസിഷനില്‍ ബാറ്റ് ചെയ്യുമെന്നതില്‍ വ്യക്തയില്ലെന്നാണ്. ആര്‍ക്ക് വേണമെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി നാലാം നമ്പറില്‍ ബാറ്റ് ചെയ്യാമെന്നും അതിനുള്ള താരങ്ങള്‍ ഇന്ത്യന്‍ സംഘത്തിലുണ്ടെന്നുമാണ് പാട്ടീല്‍ അഭിപ്രായപ്പെടുന്നത്.

ധോണിയോ ഹാര്‍ദ്ദിക്കോ കേധാറെ എന്തിനു കോഹ്‍ലി വരെ ആ പൊസിഷനില്‍ ബാറ്റ് ചെയ്യുവാന്‍ യോഗ്യനാണെന്നാണ് സന്ദീപ് പാട്ടീല്‍ പറയുന്നത്. താന്‍ സെലക്ടറായിരുന്നപ്പോള്‍ ധോണി നാലാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ താരത്തിനു താല്പര്യം ആറാം നമ്പറില്‍ ബാറ്റ് ചെയ്യാനായിരുന്നു. കോഹ്‍ലി നാളെ നാലാം നമ്പറില്‍ വരില്ലെന്ന് ആര്‍ക്കും പറയാനാകില്ലെന്നും സന്ദീപ് പാട്ടീല്‍ പറഞ്ഞു.

അതേ സമയം രവിശാസ്ത്രി ഏറെ കാലം മുമ്പ് ലോകകപ്പില്‍ കോഹ്‍ലി നാലാം നമ്പറില്‍ ബാറ്റ് ചെയ്തേക്കാമെന്ന് സൂചന നല്‍കിയിരുന്നു. സാഹചര്യങ്ങള്‍ സ്വിംഗ് ബൗളിംഗിനു അനുകൂലമാണെങ്കില്‍ കോഹ്‍ലി മൂന്നിനു പകരം നാലില്‍ ബാറ്റ് ചെയ്യുമെന്നാണ് ശാസ്ത്രി അന്ന് പറഞ്ഞത്. അതേ സമയം ഇന്ത്യയുടെ സെലക്ടര്‍ എംഎസ്കെ പ്രസാദ് പറഞ്ഞത് വിജയ് ശങ്കറെയാവും നാലാം നമ്പറില്‍ ഇന്ത്യ പരീക്ഷിക്കുകയെന്നതാണ്.

എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ അടിസ്ഥാനരഹിതമാണെന്നാണ് സന്ദീപ് പാട്ടീലിന്റെ വാദം. ഏത് ബാറ്റിംഗ് പൊസിഷനുകളും പ്രാധാന്യമുള്ളതാണ്, അത് ഓപ്പണിംഗായാലും പതിനൊന്നാമനായാലും. ഇന്ത്യയ്ക്ക് നാലാം നമ്പറില്‍ ഒട്ടനവധി സാധ്യതകളുണ്ടെന്നും സന്ദീപ് പാട്ടീല്‍ അഭിപ്രായപ്പെട്ടു.

16 അംഗ ടീമാണ് ഇന്ത്യ ആഗ്രഹിച്ചിരുന്നത് – രവി ശാസ്ത്രി

ഇന്ത്യ ലോകകപ്പില്‍ 16 അംഗ സ്ക്വാഡ് ആണ് പ്രഖ്യാപിക്കുവാന്‍ ആഗ്രഹിച്ചിരുന്നതെന്നും അത് ഐസിസിയോട് അറിയിച്ചിരുന്നതാണെന്നും വ്യക്തമാക്കി രവി ശാസ്ത്രി. ലോകകപ്പില്‍ ഏറ്റവും മുന്‍തൂക്കമുള്ളത് ഇംഗ്ലണ്ടിനാണെന്ന് പറഞ്ഞ ശാസ്ത്രി എന്നാല്‍ ലോകകപ്പില്‍ ഏത് ടീമിനു ഏത് ടീമിനെയും തോല്പിക്കുവാനുള്ള ശേഷിയുള്ളതാണെന്നും വ്യക്തമാക്കി.

താന്‍ പൊതുവേ ടീം സെലക്ഷനില്‍ ഇടപെടാറില്ലെന്നും എന്തെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ അത് ക്യാപ്റ്റനെ അറിയിക്കുകയാണ് പതിവെന്നും രവി ശാസ്ത്രി പറഞ്ഞു. 16 അംഗങ്ങളെ തിരഞ്ഞെടുക്കുവാനാണ് തങ്ങള്‍ ആഗ്രഹിച്ചതെങ്കിലും 15 എന്നത് ഐസിസിയുടെ നിയമമായിരുന്നു. അപ്പോള്‍ സ്വാഭാവികമായി ആരെങ്കിലും പുറത്ത് പോകേണ്ടി വരുമായിരുന്നുവെന്നും രവി ശാസ്ത്രി പറഞ്ഞു.

അധികം റണ്‍സ് പോയേക്കാം എന്നാല്‍ മധ്യ ഓവറുകളില്‍ ഈ സ്പിന്നര്‍മാര്‍ വിക്കറ്റുകള്‍ നല്‍കും

ഇന്ത്യയുടെ റിസ്റ്റ് സ്പിന്നിലേക്കുള്ള മാറ്റം ബോധപൂര്‍വ്വമായ നീക്കമാണെന്ന് പറഞ്ഞ് ഇന്ത്യന്‍ ടീം കോച്ച് രവി ശാസ്ത്രി. ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ പരാജയത്തിനു ശേഷം എടുത്ത തീരുമാനമാണ് അത്. അന്ന് മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ നേടാനാകാതെ പോയതാണ് ടീമിനു തിരിച്ചടിയായത്. ടീം മാനേജ്മെന്റിന്റെ ഈ ആവശ്യം സെലക്ടര്‍മാര്‍ക്ക് വിശ്വാസം വന്നതിനാലാണ് ഈ ഒരു മാറ്റത്തിനു അവരും മുതിര്‍ന്നത്. രവീന്ദ്ര ജഡേജയെയും രവി ചന്ദ്രന്‍ അശ്വിനെയും പോലുള്ള താരങ്ങളെ മാറ്റി നിര്‍ത്തുക എന്നത് അത്ര ചെറിയ കാര്യമല്ലെന്ന് ഓര്‍ക്കണമെന്നും ശാസ്ത്രി പറഞ്ഞു.

കുല്‍ദീപും ചഹാലും മികച്ച സ്പിന്‍ ജോഡിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇരുവരുടെയും ഓവറുകളില്‍ ചിലപ്പോള്‍ റണ്‍സ് അധികം പോയേക്കാം എന്നാലും വിക്കറ്റുകള്‍ സുനിശ്ചിതമാണെന്ന് രവി ശാസ്ത്രി പറഞ്ഞു. മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ത്തിലായി ഇരുവരും മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും രവി ശാസ്ത്രി കൂട്ടിചേര്‍ത്തു. ചഹാല്‍ മാത്രം കളിച്ച വെല്ലിംഗ്ടണ്‍ ഓവല്‍ ഏകദിനത്തിലും താരം മൂന്ന് വിക്കറ്റ് നേടിയെന്നതും രവി ശാസ്ത്രി ചൂണ്ടിക്കാണിച്ചു.

ധോണിയെ വിമര്‍ശിക്കാനുള്ള യോഗ്യത ആര്‍ക്കുമില്ല

എംഎസ് ധോണിയെ വിമര്‍ശിക്കുവാനും മാത്രം പോന്ന ആരുമില്ലെന്ന് പറഞ്ഞ് രവി ശാസ്ത്രി. ധോണിയുടെ സിഡ്നിയിലെ ഇന്നിംഗ്സിനെക്കുറിച്ചുയര്‍ന്ന് ചോദ്യത്തിനു മറുപടിയായാണ് രവി ശാസ്ത്രിയുടെ മറുപടി. ധോണി 2008ലെയോ 2011ലെയോ പഴയ ബാറ്റ്സ്മാനായിരിക്കില്ല എന്നാലും ഇത്തരം താരങ്ങള്‍ 30-40 വര്‍ഷങ്ങള്‍ മാത്രം വരുമ്പോളുണ്ടാകുന്ന താരങ്ങളാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കപില്‍ ദേവ്, സുനില്‍ ഗവാസ്കര്‍ എന്നിവരെപ്പോലുള്ള ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമാണ് ധോണി.

വിക്കറ്റിനു പിന്നില്‍ ധോണിയുടെ മികവ് പഴയത് പോലെത്തന്നെ മികച്ച് നില്‍ക്കുന്നതാണ്. സ്പിന്നര്‍മാര്‍ ധോണി വിക്കറ്റിനു പിന്നിലുള്ളപ്പോള്‍ കൂടുതല്‍ അപകടകാരിയാകുന്നു. അത് കൂടാതെ സര്‍ക്കിളിനുള്ളിലെ ഫീല്‍ഡിംഗ് ആംഗിളുകള്‍ ഏറ്റവും അധികം അറിയാവുന്നതും ധോണിയ്ക്ക് തന്നെയാണെന്നും രവിശാസ്ത്രി പറഞ്ഞു.

ക്രിക്കറ്റിനെക്കുറിച്ച് എന്തെങ്കിലും പഠിച്ച ശേഷം മാത്രമാണ് ധോണിയെ കുറ്റം പറയാന്‍ ആളുകള്‍ മുതിരാവുള്ളുവെന്നും രവി ശാസ്ത്രി പറഞ്ഞു.

കോഹ്‍ലിയെ നാലാം നമ്പറില്‍ പരീക്ഷിച്ചേക്കാം: ശാസ്ത്രി

ഇന്ത്യയുടെ ബാറ്റിംഗില്‍ ഏറെ കാലമായി ഒരു സ്ഥിരം സ്ലോട്ടില്‍ കളിക്കാന്‍ ആളില്ലാതിരുന്നത് നാലാം നമ്പറിലായിരുന്നു. അതിനുള്ള പരിഹാരമായാണ് അമ്പാട്ടി റായിഡു കഴിഞ്ഞ കുറച്ച് കാലത്തെ തന്റെ പ്രകടനത്തിലൂടെ സ്ഥാനം ഉറപ്പിച്ചിരുന്നത്. ഓപ്പണര്‍മാരും മൂന്നാമനായി കോഹ്‍ലിയും ഏറെക്കുറെ ഉറപ്പിച്ച ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പില്‍ നാലാം സ്ഥാനത്ത് തന്റെ പേരും ചേര്‍ത്ത താരമാണ് അമ്പാട്ടി റായിഡു. എംഎസ് ധോണി അഞ്ചാം നമ്പറില്‍ താന്‍ തയ്യാറെന്ന് അടുത്ത കാലത്തെ പ്രകടനത്തിലൂടെ വിളിച്ചറിയിക്കുകയും ചെയ്തിരിക്കുന്ന ഘട്ടത്തിലാണ് ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം ഇന്ത്യ വരുത്തിയേക്കുമെന്ന വെളിപ്പെടുത്തലുമായി പരിശീലകന്‍ രവി ശാസ്ത്രി.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ കോഹ്‍ലിയെ നാലാം നമ്പറില്‍ പരീക്ഷിച്ചിക്കുമെന്ന് പറഞ്ഞ രവിശാസ്ത്രി അമ്പാട്ടി റായിഡുവിനെയോ വേറെ ആരെയെങ്കിലും കോഹ്‍ലിയുടെ സ്ഥിരം സ്ഥാനമായ മൂന്നാം നമ്പറില്‍ പരീക്ഷിച്ചേക്കുമെന്ന് പറഞ്ഞു. ഓപ്പണിംഗ് കൂട്ടുകെട്ടിനു യാതൊരു തരത്തിലുള്ള മാറ്റവും വരുത്തില്ലെന്ന് അറിയിച്ച ശാസ്ത്രി ഇന്ത്യയുടെ ശക്തരായ മൂന്ന് താരങ്ങളെ വേര്‍തിരിക്കുന്നത് ബാറ്റിംഗ് ഓര്‍ഡറെ കൂടുതല്‍ ശക്തനാക്കുമെന്നും പറഞ്ഞു.

എന്നാല്‍ ഇംഗ്ലണ്ടിലെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമേ ഇതിന്മേലൊരു തീരുമാനമുണ്ടാകുകയുള്ളുവെന്നും ശാസ്ത്രി പറഞ്ഞു. ബൗളിംഗ് അനുകൂല പിച്ചില്‍ ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണ്ണമെന്റില്‍ തങ്ങളുടെ മുന്‍ നിര ബാറ്റ്സ്മാന്മാരെ നേരത്തെ നഷ്ടപ്പെടുന്നത് ഒരു ടീമും ആഗ്രഹിക്കുകയില്ലെന്നും ശാസ്ത്രി കൂട്ടിചേര്‍ത്തു.

തോറ്റുവെങ്കിലും ഇന്ത്യ കളിച്ചത് ഒന്നാം നമ്പര്‍ ടീമിനെ പോലെ: രവി ശാസ്ത്രി

ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പര പരാജയപ്പെട്ടുവെങ്കിലും കോഹ്‍ലിയുടെയും സംഘത്തിന്റെയും രക്ഷയ്ക്കെത്തി കോച്ച് രവി ശാസ്ത്രി. രണ്ട് ടെസ്റ്റുകളിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിലും ഇന്ത്യയ്ക്ക് ഇരു മത്സരങ്ങളിലും ജയ സാധ്യത സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു. ഇതിനു സാധിച്ചത് ടീം ചില സെഷനുകളിലെങ്കിലും ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് രാജ്യത്തിന്റെ മികവ് പുറത്തെടുത്തത് കൊണ്ടാണ്. ദക്ഷിണാഫ്രിക്കയില്‍ വൈകി എത്തിയതും സന്നാഹ മത്സരങ്ങളില്ലാത്തതും ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്നും ശാസ്ത്രി പറഞ്ഞു.

രണ്ട് മത്സരങ്ങളിലും 20 വിക്കറ്റുകള്‍ വീഴ്ത്തുവാന്‍ ബൗളര്‍മാര്‍ക്കായി. അത് ടീമിന്റെ നല്ല വശമായി കണക്കാക്കണമെന്ന് പറഞ്ഞ രവി ശാസ്ത്രി അടുത്ത തവണ ഇത്തരം ടൂറുകളില്‍ പത്ത് ദിവസം മുമ്പെങ്കിലും ടീം ടൂര്‍ ചെയ്യുന്ന രാജ്യത്തെത്തി സാഹചര്യങ്ങളുമായി ഒത്തിണങ്ങണമെന്ന് പറയുകയുണ്ടായി. ജൊഹാന്നസ്ബര്‍ഗില്‍ ഇന്ത്യ കളിച്ച നാല് ടെസ്റ്റുകളില്‍ ഒന്നില്‍ ജയിക്കാന്‍ ആയപ്പോള്‍ മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ ആവുകയായിരുന്നു. വൈറ്റ് വാഷ് ഒഴിവാക്കുവാനായി ടീം സര്‍വ്വ സന്നാഹത്തോടെയാവും ബുധനാഴ്ച ടെസ്റ്റ് മത്സരത്തിനായി ഇറങ്ങുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version