7 വിക്കറ്റ് വിജയവും ചരിത്രവും കുറിച്ച് അഫ്ഗാനിസ്ഥാന്‍

ടെസ്റ്റില്‍ തങ്ങളുടെ കന്നി വിജയം കുറിച്ച് അഫ്ഗാനിസ്ഥാന്‍. ഇന്ന് അയര്‍ലണ്ടിനെതിരെയുള്ള ടെസ്റ്റിന്റെ നാലാം ദിവസം 147 റണ്‍സ് പിന്തുടരാനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 47.5 ഓവറില്‍ 149 റണ്‍സ് 3 വിക്കറ്റ് നഷ്ടത്തില്‍ നേടിയാണ് വിജയം കുറിച്ചത്. 65 റണ്‍സ് നേടി പുറത്താകാതെ നിന്ന ഇഹ്സാനുള്ള ജനതും(65*) റഹ്മത് ഷായും(76) ആണ് ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത്.

മുഹമ്മദ് ഷെഹ്സാദ്(2), മുഹമ്മദ് നബി(1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ജനത്തിനൊപ്പം 4 റണ്‍സുമായി ഹസ്മത്തുള്ള ഷഹീദി വിജയ സമയത്ത് ക്രീസില്‍ നിലയുറപ്പിച്ചു. ജെയിംസ് കാമറൂണ്‍-ഡൗവും ആന്‍ഡി മക്ബ്രൈനും അയര്‍ലണ്ടിനായി ഓരോ വിക്കറ്റ് നേടി. റഹ്മത് ഷാ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

142 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി അഫ്ഗാനിസ്ഥാന്‍

ഡെറാഡൂണില്‍ നടക്കുന്ന അഫ്ഗാനിസ്ഥാന്‍ അയര്‍ലണ്ട് ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 142 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി അഫ്ഗാനിസ്ഥാന്‍. 172 റണ്‍സിനു അയര്‍ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ച അഫ്ഗാനിസ്ഥാന്‍ 314 റണ്‍സിനു ഒന്നാം ഇന്നിംഗ്സില്‍ പുറത്താകുകയായിരുന്നു.

98 റണ്‍സ് നേടിയ റഹ്മത് ഷായ്ക്ക് തന്റെ കന്നി ശതകം നഷ്ടമായെങ്കിലും ഹസ്രത്തുള്ള ഷഹീദി(61), അസ്ഗര്‍ അഫ്ഗാന്‍(67) എന്നിവര്‍ക്കൊപ്പം മുഹമ്മദ് ഷെഹ്സാദും 40 റണ്‍സ് നേടി അഫ്ഗാനിസ്ഥാനു വേണ്ടി തിളങ്ങുകയായിരുന്നു. അയര്‍ലണ്ടിനു വേണ്ടി സ്റ്റുവര്‍ട് തോംപ്സണ്‍ മൂന്നും ജെയിം കാമറൂണ്‍-ഡോവ്, ജോര്‍ജ്ജ് ഡോക്രെല്‍, ആന്‍ഡി മക്ബ്രൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

രണ്ടാം ഇന്നിംഗ്സില്‍ അയര്‍ലണ്ട് രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 22/1 എന്ന നിലയിലാണ്. വില്യം പോര്‍ട്ടര്‍ഫീല്‍ഡ് പൂജ്യത്തിനു പുറത്തായപ്പോള്‍ ആന്‍ഡി ബാല്‍ബിര്‍ണേ 14 റണ്‍സും പോള്‍ സ്റ്റിര്‍ലിംഗ് 8 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുന്നു.

ബാറ്റിംഗില്‍ ആന്റണ്‍ ഡെവിസിച്ച്, ബൗളിംഗില്‍ റഹ്മത്ത് ഷാ, ലെപ്പേര്‍ഡ്സിനു ജയം

കാബുള്‍ സ്വാനനെതിരെ 15 റണ്‍സിന്റെ ജയം സ്വന്തമാക്കി നാംഗാര്‍ഹാര്‍ ലെപ്പേര്‍ഡ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആന്റണ്‍ ഡെവ്സിച്ച്(77 റണ്‍സ്) ബാറ്റിംഗിലും റഹ്മത്ത് ഷാ(3 വിക്കറ്റ്) തിളങ്ങിയ മത്സരത്തിലാണ് കാബുള്‍ സ്വാനനെ കീഴടക്കുവാന്‍ ലെപ്പേര്‍ഡ്സിനായത്. ആദ്യം ബാറ്റ് ചെയ്ത ലെപ്പോര്‍ഡ്സ് 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 182 റണ്‍സ് നേടുകയായിരുന്നു.

ഡെവിസിച്ചിനൊപ്പം ജോണ്‍സണ്‍ ചാള്‍സ്(43), ഹഷ്മത്തുള്ള ഷഹീദി(29*) എന്നിവരും തിളങ്ങിയപ്പോള്‍ മികച്ച സ്കോറിലേക്ക് ലെപ്പേര്‍ഡ്സ് നീങ്ങി. കാബൂളിനായി വെയിന്‍ പാര്‍ണെല്‍ രണ്ട് വിക്കറ്റും മുസ്ലീം മൂസ, സമീര്‍, റഷീദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കാബുളിനു മികച്ച തുടക്കമാണ് ഓപ്പണിംഗ് കൂട്ടുകെട്ട് നല്‍കിയത്. 6.4 ഓവറില്‍ 80 റണ്‍സ് നേടി മിന്നും തുടക്കത്തിനു ശേഷമാണ് 167 റണ്‍സില്‍ ടീമിന്റെ ഇന്നിംഗ്സ് അവസാനിച്ചത്. ഹസ്രത്തുള്ള സാസായി 20 പന്തില്‍ 40 റണ്‍സും ലൂക്ക് റോഞ്ചി 31 പന്തില്‍ 50 റണ്‍സും നേടിയ ശേഷം പുറത്താകുകയായിരുന്നു.

റോഞ്ചിയുടെ വിക്കറ്റ് ഉള്‍പ്പെടെ 3 വിക്കറ്റ് നേടിയ റഹ്മത് ഷായാണ് കളിയിലെ താരം. ഒപ്പം മുജീബ് ഉര്‍ റഹ്മാന്‍ മൂന്നും മിച്ചല്‍ മക്ലെനാഗന്‍ രണ്ടും വിക്കറ്റ് നേടി ടീമിനെ 15 റണ്‍സ് വിജയം നേടുവാന്‍ സഹായിച്ചു.

ലങ്കയ്ക്ക് മടക്കടിക്കറ്റ് നല്‍കി അഫ്ഗാനിസ്ഥാന്‍

ഏഷ്യ കപ്പ് ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട് ശ്രീലങ്ക പുറത്ത്. ഏഷ്യ കപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ജയം സ്വന്തമാക്കിയപ്പോള്‍ ശ്രീലങ്ക രണ്ടാം മത്സരത്തിലും തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ 249 റണ്‍സില്‍ പിടിച്ചുകെട്ടുവാന്‍ ശ്രീലങ്കയ്ക്കായെങ്കിലും 250 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ലങ്ക 158 റണ്‍സിനു 41.2 ഓവറിനുള്ളില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു.

36 റണ്‍സ് നേടിയ ഉപുല്‍ തരംഗയാണ് ടീമിന്റെ ടോപ് സ്കോറര്‍. തിസാര പെരേര(28), ധനന്‍ജയ ഡിസില്‍വ(23), ആഞ്ചലോ മാത്യൂസ്(22) എന്നിവര്‍ക്കും കാര്യമായി ഒന്നും ചെയ്യാനാകാതെ പോയപ്പോള്‍ ശ്രീലങ്കന്‍ ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. മുജീബ് ഉര്‍ റഹ്മാന്‍, ഗല്‍ബാദിന്‍ നൈബ്, റഷീദ് ഖാന്‍ എന്നിവര്‍ രണ്ടും  മുഹമ്മദ് നബി ഒരു വിക്കറ്റുമായി ഏഷ്യയിലെ പുതു ശക്തികളെ 91 റണ്‍സ് വിജയത്തിലേക്ക് നയിച്ചു.

ഏഷ്യ കപ്പില്‍ തുടരാന്‍ ശ്രീലങ്ക നേടേണ്ടത് 250 റണ്‍സ്

കപ്പില്‍ നിന്ന് പുറത്താകാതിരിക്കുവാന്‍ അഫ്ഗാനിസ്ഥാനെതിരെ വിജയം അനിവാര്യമായ ശ്രീലങ്ക നേടേണ്ടത് 250 റണ്‍സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഒരു ഘട്ടത്തില്‍ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും കൃത്യതയോടെ എറിഞ്ഞ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ 50 ഓവറില്‍ 249 റണ്‍സിനു ഓള്‍ഔട്ട് ആക്കി. റഹ്മത് ഷാ(72), ഇഹ്സാനുള്ള ജനത്(45), മുഹമ്മദ് ഷെഹ്സാദ്(34), ഹസ്മത്തുള്ള ഷഹീദി(37) എന്നിവരുടെ പ്രകടനമാണ് ടീമിനെ 249 റണ്‍സിലേക്ക് നയിച്ചത്.

എന്നാല്‍ അവസാന ഓവറുകളില്‍ വേണ്ടത്ര വേഗതയില്‍ സ്കോറിംഗ് സാധ്യമല്ലാതെ പോയത് അഫ്ഗാനിസ്ഥാനു തിരിച്ചടിയായി. ഒരു ഘട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ 107/1 എന്ന നിലയിലായിരുന്നുവെങ്കില്‍ പിന്നീട് തുടരെ വിക്കറ്റുകള്‍ വീണത് റണ്‍ സ്കോറിംഗിനെ ബാധിച്ചു. തിസാര പെരേര 5 വിക്കറ്റ് നേടി ശ്രീലങ്ക ബൗളര്‍മാരില്‍ തിളങ്ങിയപ്പോള്‍ അകില ധനന്‍ജയ രണ്ട് വിക്കറ്റ് നേടി. ലസിത് മലിംഗ, ഷെഹാന്‍ ജയസൂര്യ, ദുഷ്മന്ത ചമീര എന്നിവര്‍ ഓരോ വിക്കറ്റും നേടി.

തകര്‍ന്നടിഞ്ഞ് അഫ്ഗാനിസ്ഥാന്‍, പരമ്പരയില്‍ ഒപ്പമെത്തി സിംബാബ്‍വേ

ബ്രണ്ടനും ടെയിലറും(125) സിക്കന്ദര്‍ റാസയും(92) തകര്‍ത്തടിച്ച് നേടിയ സ്കോറിന്റെ ആനുകൂല്യത്തില്‍ ബൗളിംഗിനിറങ്ങിയ സിംബാബ്‍വേ ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ഏകദിന പരമ്പരയില്‍ ഒപ്പമെത്തി സിംബാ‍ബ്‍വേ. 154 റണ്‍സിന്റെ ജയമാണ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ സിംബാബ്‍വേ നേടിയത്. ടെണ്ടായി ചതാരയും ഗ്രെയിം ക്രെമറുമാണ് ബൗളിംഗില്‍ സിംബാബ്‍വേയ്ക്കായി തിളങ്ങിയത്. 30.1 ഓവറില്‍ 179 റണ്‍സിനു ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ സദ്രാന്മാരാണ്(ദവലത്-മുജീബ്) തോല്‍വിയുടെ ഭാരം അഫ്ഗാനിസ്ഥാനായി കുറച്ചത്.

334 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം തേടി ഇറങ്ങിയ അഫ്ഗാനു തുടക്കം തന്നെ പാളി. 36/ എന്ന നിലയിലേക്ക് വീണ ടീമിനെ മുഹമ്മദ് നബി-റഹ്മത് ഷാ എന്നിവരുടെ രക്ഷാപ്രവര്‍ത്തനത്തില്‍ 89 റണ്‍സ് വരെ എത്തിച്ചുവെങ്കിലും ഗ്രെയിം ക്രെമറിന്റെ ഇരട്ട പ്രഹരം വീണ്ടും തകര്‍ത്ത് കളഞ്ഞു. 31 റണ്‍സ് നേടിയ നബിയെയും റണ്ണൊന്നുമെടുക്കാതെ ഗുല്‍ബാദിന്‍ നൈബിനെയും തൊട്ടടുത്ത പന്തുകളിലാണ് അഫ്ഗാനിസ്ഥാനു നഷ്ടമായത്.

43 റണ്‍സ് നേടിയ റഹ്മത് ഷാ പുറത്താകുമ്പോള്‍ 115/9 എന്ന നിലയിലായിരുന്നു അഫ്ഗാനിസ്ഥാന്‍. അവസാന വിക്കറ്റില്‍ ദവലത് സദ്രാന്‍-മുജീബ് സദ്രാന്‍ കൂട്ടുകെട്ടിനു തോല്‍വിയുടെ ഭാരം 200ല്‍ താഴെയെത്തിക്കുവാന്‍ സാധിച്ചു എന്നത് ആശ്വാസമായി. 64 റണ്‍സാണ് അവസാന വിക്കറ്റില്‍ ഇരുവരും നേടിയത്.

ദവലത് സദ്രാന്‍ തകര്‍ത്തടിച്ചപ്പോള്‍ മുജീബ് സദ്രാന്‍ ദവലതിനു മികച്ച പിന്തുണ നല്‍കി. 47 റണ്‍സാണ് 29 പന്തില്‍ നിന്ന് ദവലത് നേടിയത്. 6 സിക്സുകളും 2 ബൗണ്ടറിയുമാണ് ഇന്നിംഗ്സില്‍ ഉള്‍പ്പെട്ടത്. 15 റണ്‍സാണ് മുജീബിന്റെ സംഭാവന. അവസാന വിക്കറ്റായി പുറത്തായതും മുജീബാണ് സിംബാബ്‍വേയ്ക്കായി ഗ്രെയിം ക്രെമര്‍ നാലും ടെണ്ടായി ചതാര മൂന്നും വിക്കറ്റ് നേടി. ബ്ലെസ്സിംഗ് മുസര്‍ബാനിയ്ക്കാണ് രണ്ട് വിക്കറ്റ്. ബ്രയാന്‍ വിട്ടോറിയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിംബാബ്‍വേയ്ക്ക് ജയമില്ല, അഫ്ഗാനോട് തോല്‍വി 154 റണ്‍സിനു

അഫ്ഗാനിസ്ഥാനോട് ഏകദിനത്തിലും പരാജയപ്പെട്ട് സിംബാബ്‍വേ. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യത്തേതില്‍ ഇന്ന് സിംബാബ്‍വേ 154 റണ്‍സിന്റെ തോല്‍വി ആണ് വഴങ്ങിയത്. റഹ്മത്ത് ഷാ നേടിയ ശതകത്തിന്റെയും നജീബുള്ള സദ്രാന്റെ വെടിക്കെട്ട് അര്‍ദ്ധ ശതകത്തിന്റെയും ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 333/5 എന്ന സ്കോര്‍ നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേ 34.4 ഓവറില്‍ 179 റണ്‍സിനു ഓള്‍ഔട്ട് ആയി.

മികച്ച തുടക്കത്തിനു ശേഷം ഗ്രെയിം ക്രെമര്‍ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാനിസ്ഥാനെ പ്രതിരോധത്തിലാക്കിയെങ്കിലും റഹ്മത്ത് ഷാ(114)-നജീബുള്ള സദ്രാന്‍(81*) കൂട്ടുകെട്ട് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുകയായിരുന്നു. 110 പന്തില്‍ നിന്ന് 8 ബൗണ്ടറിയുടെയും 4 സിക്സുകളുടെയും സഹായത്തോടെ റഹ്മത്ത് ഷാ 114 റണ്‍സ് നേടി പുറത്തായത്. 51 പന്തില്‍ നിന്നാണ് നജീബുള്ള സദ്രാന്‍ പുറത്താകാതെ 81 റണ്‍സ് നേടിയത്. 5 വീതം ബൗണ്ടറിയും സിക്സുമാണ് താരം പറത്തിയത്.

ഇഹ്സാനുള്ള ജനത്(54), മുഹമ്മദ് ഷെഹ്സാദ്(36), നസീര്‍ ജമാല്‍(31) എന്നിവരും അഫ്ഗാനു വേണ്ടി റണ്‍ കണ്ടെത്തി. ഗ്രെയിം ക്രെമര്‍ നേടിയ മൂന്ന് വിക്കറ്റുകളാണ് മത്സരത്തില്‍ സിംബാബ്‍വേയുടെ മികച്ച മുഹൂര്‍ത്തമെന്ന് പറയാവുന്നത്.

തിരിച്ച് ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേയെ റഷീദ് ഖാന്റെ നാല് വിക്കറ്റ് നേട്ടമാണ് പിന്നോട്ടടിച്ചത്. മുജീബ് സദ്രാന്‍ രണ്ടും ദവലത് സദ്രാന്‍, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നൈബ്, റഹ്മത് ഷാ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 34 റണ്‍സ് നേടിയ സോളമന്‍ മീര്‍ ആണ് സിംബാബ്‍വേയുടെ ടോപ് സ്കോറര്‍. ക്രെയിഗ് എര്‍വിന്‍ 33 റണ്‍സ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version