ലോകകപ്പ് ഗോൾ വേട്ടയിൽ മറഡോണയെയും കടന്നു ലയണൽ മെസ്സി

ലോകകപ്പ് ഗോൾ വേട്ടയിൽ സാക്ഷാൽ ഡീഗോ മറഡോണയെ മറികടന്നു ലയണൽ മെസ്സി. ഇന്ന് ഓസ്‌ട്രേലിയക്ക് എതിരെ പ്രീ ക്വാർട്ടറിൽ അതിമനോഹരമായ ആദ്യ ഗോൾ നേടിയ മെസ്സി ലോകകപ്പിൽ തന്റെ ഒമ്പതാം ഗോൾ ആണ് നേടിയത്. തന്റെ 1000 മത്തെ മത്സരത്തിൽ അവിസ്മരണീയ പ്രകടനം ആണ് മെസ്സി നടത്തിയത്.

ഗ്രൂപ്പ് ഘട്ടത്തിൽ അല്ലാതെ മെസ്സി ലോകകപ്പിൽ നേടുന്ന ആദ്യ ഗോളും ഇതാണ്. ഈ ഗോളോടെ മെസ്സി അർജന്റീനക്ക് ആയി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായും മാറി. നിലവിൽ പത്ത് ഗോളുകൾ നേടിയ ഗബ്രിയേൽ ബാറ്റിസ്റ്റൂട്ട മാത്രമാണ് മെസ്സിക്ക് മുന്നിൽ ലോകകപ്പ് ഗോൾ വേട്ടയിൽ മുന്നിലുള്ള താരം.

അമേരിക്കയെ ഖത്തറിൽ നിന്ന് തുരത്തി ഡച്ച് പട!! വാൻ ഹാലിന്റെ ഓറഞ്ച് ആർമി ക്വാർട്ടറിൽ

ഖത്തർ ലോകകപ്പിൽ ക്വാർട്ടറിൽ എത്തുന്ന ആദ്റ്റ ടീമായി നെതർലന്റ്സ്. ആദ്യ പ്രീക്വാർട്ടർ മത്സരത്തിൽ അമേരിക്കയെ നേരിട്ട ഡച്ച് പട ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് നേടിയത്‌. ഒരു ഗോളും രണ്ട് അസിസ്റ്റും നൽകിയ ഫുൾബാക്ക് ഡംഫ്രെസ് ആണ് വാൻ ഹാലിന്റെ ടീമിന്റെ വിജയത്തിൽ വലിയ പങ്ക് വഹിച്ചത്‌. മെംഫിസ് ഡിപായും ബ്ലിൻഡും ആണ് ഇന്നത്തെ മറ്റു സ്കോറേഴ്സ്.

ഇന്ന് ശക്തമായ ലൈനപ്പുമായാണ് ഹോളണ്ട് ഇറങ്ങിയത്. അവർ മത്സരം ആരംഭിച്ച് 10ആം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. കോഡി ഗാക്പോ വലതു വിങ്ങിലേക്ക് നൽകിയ പാസ് സ്വീകരിച്ച് ഡംഫ്രൈസ് ബോക്സിലേക്ക് കൈമാറിയ പാസ് ഡിപായ് വലയിലേക്ക് തൊടുത്തു വിട്ടു. താരത്തിന്റെ 42ആം അന്താരാഷ്ട്ര ഗോൾ ആയിരുന്നു ഇത്. 20 പാസുകളുടെ ബിൽഡ് അപ്പിനു ശേഷമായിരുന്നു ഈ ഗോൾ.

21ആം മിനുട്ടിൽ വീണ്ടും ഹോളണ്ടിന് ഒരു അവസരം ലഭിച്ചു. പക്ഷെ ഇത്തവണ ഡിപേക്ക് ലക്ഷ്യം കാണാൻ ആയില്ല‌. ആദ്യ ഗോൾ മാറ്റി നിർത്തിയാൽ അധികം അവസരങ്ങൾ പിറക്കാത്ത ആദ്യ പകുതിയാണ് ഇന്ന് ഖലീഫ ഇന്റർ നാഷണൽ സ്റ്റേഡിയത്തിൽ കാണാൻ ആയത്. 42ആം മിനുട്ടിലെ ടിം വിയയുടെ ഷോട്ട് ആണ് അമേരിക്കയുടെ ഏക നല്ല ഗോൾ ശ്രമം. ഇത് നൊപേർട് സേവ് ചെയ്യുകയും ചെയ്തു‌.

ഹാഫ് ടൈമിന്റെ ഇഞ്ച്വറി ടൈമിൽ ഡംഫ്രെസ് നൽകിയ പാസ് സ്വീകരിച്ച് ഡിപായ് ഹോളണ്ടിന്റെ രണ്ടാം ഗോൾ നേടിയതോടെ ഹാഫ് ടൈം വിസിൽ വന്നു.

രണ്ടാം പകുതിയിൽ കളി കൂടുതൽ ആവേശകരമായി. അമേരിക്ക അറ്റാക്കിലേക്ക് തിരിഞ്ഞതോടെ കൂടുതൽ അവസരങ്ങൾ ഇരുവശത്തേക്കും വരാൻ തുടങ്ങി. 61ആം മിനുട്ടിൽ ഡിപായുടെ ഷോട്ട് ഒരു ഫുൾ സ്ട്രെച്ച് സേവിലൂടെ ആണ് ടർണർ രക്ഷിച്ചത്. 72ആം മിനുട്ടിൽ ഒരു ഡബിൾ സേവും അമേരിക്കൻ കീപ്പർ നടത്തി.

ഈ സേവുകൾ ഒക്കെ അമേരിക്കയ്ക്ക് ഉപകാരമായി. 76ആം മിനുട്ടിൽ ഹാജി റൈറ്റിലൂടെ അമേരിക്കയുടെ ആദ്യ ഗോൾ വന്നു. പുലിസികിന്റെ ഒരു പാസ് ഒരു ഫ്ലിക്കിലൂടെയാണ് റൈറ്റ് ലക്ഷ്യത്തിൽ എത്തിച്ചത്‌. സ്കോർ 2-1.

ഡച്ച് പട ഒന്ന് വിറച്ചു എങ്കിലും 81ആം മിനുട്ടിൽ ഡംഫ്രൈസിന്റെ ഫിനിഷ് അവരുടെ രണ്ട് ഗോൾ ലീഡ് തിരികെ നൽകി. ഡംഫ്രെസിന് ഇതോടെ ഈ മത്സരത്തിൽ 1 ഗോളും 2 അസിസ്റ്റും ആയി. ബ്ലിബ്ഡിന്റെ ഒരു ക്രോസിൽ നിന്ന് ഒരു വോളിയിലൂടെ ആയിരുന്നു ഡംഫ്രെസിന്റെ ഗോൾ.

ഈ ഗോൾ നെതർലന്റ്സിന്റെ വിജയം ഉറപ്പിച്ചു. ഇനി അർജന്റീനയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും അവർ ക്വാർട്ടറിൽ നേരിടുക.

സെർബിയക്ക് എതിരായ മത്സര ശേഷം ഗ്രാനിറ്റ് ശാക്ക അണിഞ്ഞ ജെഴ്‌സി വെറും ജെഴ്‌സി അല്ല!

ഇന്നലെ ഖത്തർ ലോകകപ്പിൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ സെർബിയക്ക് എതിരായ മത്സര വിജയം സ്വിസ് ടീമിന് അവസാന പതിനാറിൽ ഇടം നേടി നൽകിയിരുന്നു. എന്നാൽ മത്സരത്തെ പതിവിൽ കൂടുതൽ ചൂട് പിടിപ്പിച്ചത് അൽബാനിയൻ, കൊസോവൻ വേരുകൾ ഉള്ള സ്വിസ് താരങ്ങൾ ആയ ഗ്രാനിറ്റ് ശാക്ക, ഷഖീരി എന്നിവരുടെ സാന്നിധ്യം ആയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശത്രുത ഇന്നും നിലനിൽക്കുന്ന രാജ്യങ്ങളും ജനവിഭാഗങ്ങളും ആണ് സെർബിയയും അൽബാനിയയും കൊസോവയും. ചെറുപ്പത്തിൽ സെർബിയൻ ക്രൂരതകൾക്കും വേട്ടയാടലുകൾക്കും ശേഷം കുടുംബവും ആയി നാട് വിട്ടു ഓടേണ്ടി വന്ന ചരിത്രം ഉള്ളവർ ആണ് ഇരു താരങ്ങളും. കഴിഞ്ഞ ലോകകപ്പിൽ സെർബിയക്ക് എതിരെ ഗോൾ നേടിയ ശേഷം അൽബാനിയൻ ദേശീയ ചിഹ്നം ആയ കഴുകന്റെ ചിഹ്നം കാണിച്ചതിന് രണ്ടു താരങ്ങൾക്കും എതിരെ ഫിഫ നടപടി എടുത്തിരുന്നു.

ഇന്നലെ ആവട്ടെ ഷഖീരി ഗോൾ നേടിയപ്പോൾ ശാക്ക സെർബിയൻ താരങ്ങളെ പ്രഖ്യാപിച്ചും അവർക്ക് മേൽ ആധിപത്യം നേടിയും മധ്യനിരയിൽ മത്സരം നിയന്ത്രിച്ചു. കളിയിലെ താരവും ആഴ്‌സണൽ മധ്യനിര താരം ആയിരുന്നു. എന്നാൽ മത്സര ശേഷം ശാക്ക അണിഞ്ഞ ജെഴ്‌സി ആണ് നിലവിൽ വിവാദം ആയത്. അൽബാനിയൻ/കൊസോവൻ വേരുകൾ ഉള്ള സ്വിസ് ടീമിലെ മറ്റൊരു അംഗം ‘അർദോൻ ജഷരി’ യുടെ ‘ജഷരി’ എന്നു എഴുതിയ ജെഴ്‌സി തിരിച്ചു അണിഞ്ഞാണ് ശാക്ക ജയം ആഘോഷിച്ചത്. എന്നാൽ സഹതാരത്തിന്റെ പേരിനു അപ്പുറം അൽബാനിയൻ/കൊസോവൻ ദേശീയതകൾക്ക് വളരെ പ്രധാനപ്പെട്ട പേര് ആണ് ജഷരി എന്നത്. കൊസോവയുടെ സ്വാതന്ത്ര്യത്തിന് ആയി അൽബാനിയൻ/കൊസോവൻ വംശജരാൽ രൂപീകരിച്ച കൊസോവ ലിബറേഷൻ ആർമിയുടെ സ്ഥാപകരിൽ ഒരാൾ ആയ ‘ആദം ജഷരി’യെ തന്നെയാണ് ശാക്ക ഈ പ്രവർത്തിയുടെ ഓർമ്മിപ്പിച്ചത്.

അന്നത്തെ യൂഗോസ്ലാവിയയിൽ സെർബിയൻ ഭരണകൂടത്തിന് എതിരെ ആയുധം എടുത്തു പോരാടിയ അദ്ദേഹത്തിനെയും ഭാര്യയെയും കുട്ടിയെയും അടക്കം 57 പേർ അടങ്ങുന്ന കുടുംബത്തെ സെർബിയൻ ഭരണകൂടം കൊലപ്പെടുത്തിയത് കൊസോവക്ക് ഇന്നും പൊറുക്കാൻ ആവാത്ത തെറ്റ് ആണ്. 2008 ൽ കൊസോവ സ്വാതന്ത്ര്യം നേടിയ ശേഷം ‘ആദം ജഷരി’യെ അവർ തങ്ങളുടെ ഹീറോ ആയി പ്രഖ്യാപിച്ചു. നിലവിൽ കൊസോവയിൽ ഫുട്‌ബോൾ സ്റ്റേഡിയം, തിയേറ്റർ, വിമാന താവളം തുടങ്ങി പലതിനും അദ്ദേഹത്തിന്റെ പേര് ഉണ്ട്. സ്റ്റേഡിയത്തിൽ കഴുകൻ ചിഹ്നം കാണിച്ച ആരാധകനെ അധികൃതർ നീക്കം ചെയ്‌തെങ്കിലും മത്സര ശേഷം കഴുകൻ ചിഹ്നം പ്രദർശിപ്പിച്ച് ആയിരുന്നു ശാക്കയും ഷഖീരിയും ജയം ആഘോഷിച്ചത്. കൊസോവ കൂട്ടക്കൊല ഓർമ്മിപ്പിച്ച് ആയിരുന്നു സെർബിയൻ ആരാധകർ ഇന്നലെ ചാന്റ്‌ ചെയ്തത് എന്ന ആരോപണവും നിലവിൽ ഉണ്ട്. നിലവിൽ രാഷ്ട്രീയ സന്ദേശങ്ങൾ ലോകകപ്പിൽ പ്രദർശിപ്പിക്കാൻ പാടില്ല എന്ന നിയമം ഉള്ളപ്പോൾ ശാക്കക്ക് എതിരെ നടപടി വേണം എന്നാണ് സെർബിയൻ പക്ഷം.

ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിനു പിന്നാലെ ഘാന പരിശീലകൻ സ്ഥാനം ഒഴിഞ്ഞു

ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത് പോയതിനു പിന്നാലെ ഘാന പരിശീലകൻ ഓട്ടോ അദ്ദോ ജോലി രാജി വച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണ കൊറിയയോട് ജയിക്കാൻ ആയെങ്കിലും പോർച്ചുഗൽ, ഉറുഗ്വേ ടീമുകളോട് പരാജയപ്പെട്ടു ഘാന ലോകകപ്പിൽ നിന്നു പുറത്ത് പോവുക ആയിരുന്നു.

നിലവിൽ ബൊറൂസിയ ഡോർട്ട്മുണ്ട് സഹപരിശീലകൻ ആയിരുന്ന അദ്ദേഹം ആ പദവിയിൽ ലോകകപ്പിന് ശേഷം തുടരും. ഒരു ഇടവേള കഴിഞ്ഞു ഘാനയെ ലോകകപ്പിൽ എത്തിക്കാൻ ആയി എന്ന നേട്ടവും ആയി ആണ് അദ്ദേഹം ദേശീയ ടീം പരിശീലക സ്ഥാനം ഒഴിയുന്നത്.

ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരവും ജയിച്ച ഒരു ടീം പോലും ഇല്ലാത്ത ഒരു ലോകകപ്പ്

അട്ടിമറികൾ നിരവധി കണ്ട ലോകകപ്പ് ആണ് നിലവിൽ ഖത്തറിൽ നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരവും ജയിച്ച ഒരു ടീം പോലും ഈ ലോകകപ്പിൽ ഇല്ല എന്നത് ശ്രദ്ധേയമാണ്.

1994 ലോകകപ്പിന് ശേഷം ഇത് ആദ്യമായാണ് ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരവും ജയിച്ച ഒരു ടീം പോലും ഇല്ലാത്ത ഒരു ലോകകപ്പ് നടക്കുന്നത്. അതേസമയം ഇംഗ്ലണ്ട്, ഹോളണ്ട്, അമേരിക്ക, മൊറോക്കോ, ക്രൊയേഷ്യ ടീമുകൾ ഇത് വരെ ലോകകപ്പിൽ പരാജയം അറിയാത്ത ടീമുകൾ ആണ്.

സിദാനിന് ശേഷം ലോകകപ്പിൽ ഒരു മത്സരത്തിൽ ഗോളും ചുവപ്പ് കാർഡും നേടുന്ന ആദ്യ താരമായി അബൂബക്കാർ

2006 ലോകകപ്പ് ഫൈനലിൽ സാക്ഷാൽ സിനദിൻ സിദാനിന് ശേഷം ഒരു ലോകകപ്പ് മത്സരത്തിൽ ഗോൾ നേടിയ ശേഷം ചുവപ്പ് കാർഡ് നേടുന്ന ആദ്യ താരമായി കാമറൂണിന്റെ വിൻസെന്റ് അബൂബക്കാർ. 2006 ലോകകപ്പ് ഫൈനലിൽ ഇറ്റലിക്ക് എതിരെ പെനാൽട്ടി ഗോൾ നേടിയ സിദാൻ മറ്ററാസിയെ തല കൊണ്ട് ഇടിച്ചു ചുവപ്പ് കാർഡ് മേടിക്കുക ആയിരുന്നു.

ഇന്നലെ കാമറൂണിന് ആയി ബ്രസീലിനു എതിരെ അവസാന നിമിഷങ്ങളിൽ ഇഞ്ച്വറി സമയത്ത് ഗോൾ നേടിയ അബൂബക്കാർ ജെഴ്‌സി ഊരി ഗോൾ ആഘോഷിച്ചതിനു രണ്ടാം മഞ്ഞ കാർഡ് കാണുക ആയിരുന്നു. അതിനകം മഞ്ഞ കാർഡ് കണ്ട അബൂബക്കാർ ചുവപ്പ് കാർഡ് കിട്ടും എന്ന് അറിഞ്ഞിട്ടും വിജയ ഗോൾ നേടിയ ശേഷം ആഘോഷം നടത്തുക ആയിരുന്നു.

ബ്രസീലിനു ആയി ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി ഡാനി ആൽവസ്

ബ്രസീലിനു ആയി ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറി ഡാനി ആൽവസ്. ഇന്നലെ കാമറൂണിന് എതിരെ ബ്രസീൽ ക്യാപ്റ്റൻ ആയി കളത്തിൽ ഇറങ്ങിയാണ് ആൽവസ് ചരിത്രം എഴുതിയത്.

39 വർഷവും 210 ദിവസവും പ്രായമുള്ള ആൽവസ് ഈ ലോകകപ്പിൽ ബ്രസീലിന്റെ രണ്ടാം മത്സരത്തിൽ 38 വർഷവും 67 ദിവസവും പ്രായമുള്ള തിയാഗോ സിൽവ സ്ഥാപിച്ച റെക്കോർഡ് ആണ് മറികടന്നത്. മത്സരത്തിൽ എന്നാൽ ബ്രസീൽ കാമറൂണിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുക ആയിരുന്നു.

ഒരേയൊരു ഷഖീരി! സ്വിസിന് ആയി സെർബിയൻ പരാജയം ഉറപ്പാക്കിയ അൽബാനിയൻ അഭയാർത്ഥികൾ

വലിയ വേദികളിൽ സ്വിസ് ടീമിന് ആയി തിളങ്ങുക എന്ന പതിവ് തുടർന്ന് ഷഖീരി. ഇന്നലെ സെർബിയക്ക് എതിരെ ടീമിന് ആയി നിർണായക ആദ്യ ഗോൾ നേടിയ താരം തുടർച്ചയായ മൂന്നാം ലോകകപ്പിൽ ആണ് ടീമിന് ആയി ഗോൾ നേടിയത്. സാക്ഷാൽ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ മാത്രമാണ് ഈ മൂന്നു ലോകകപ്പിലും ഗോൾ നേടിയ മറ്റ് രണ്ട് പേർ. മൂന്നു ലോകകപ്പിൽ ഗോൾ നേടുന്ന ആദ്യ സ്വിസ് താരവും ആയി ഷഖീരി ഇതോടെ. ലോകകപ്പുകളിൽ ഷഖീരിയുടെ അഞ്ചാം ഗോൾ കൂടി ആയിരുന്നു ഇത്.

2014 ലോകകപ്പ് മുതൽ കളിച്ച മൂന്നു ലോകകപ്പുകളിലും 2 യൂറോ കപ്പുകളിലും ഗോൾ നേടിയ ഷഖീരി സ്വിസ് ടീമിന് ആയി 3 പ്രധാന ടൂർണമെന്റുകളിൽ ഗോൾ നേടുന്ന ഏക താരം കൂടിയാണ്. 2014 ലോകകപ്പിൽ ഹോണ്ടുറാസിന് എതിരെ ഹാട്രിക് നേടിയ ഷഖീരി സ്വിസ് ടീമിന് ആയി ലോകകപ്പിൽ ഹാട്രിക് നേടിയ ഒരേയൊരു താരം കൂടിയാണ്. ആദ്യ മത്സരത്തിൽ കാമറൂണിനു എതിരെ എംബോള നേടിയ ഗോൾ ഒരുക്കിയതും 31 കാരനായ ഷഖീരി ആയിരുന്നു.

തങ്ങളുടെ ജയം സെർബിയക്ക് എതിരെ ആയതിലും അവരെ ലോകകപ്പിൽ നിന്നു പുറത്താക്കിയതിലും ഇരട്ടിസന്തോഷം ആവും ഷഖീരിക്കും സഹതാരം ഗ്രാനിറ്റ് ശാക്കക്കും ഇത്. വളരെ ചെറുപ്പത്തിൽ കുടുംബത്തിനോടൊപ്പം സെർബിയൻ അധിനിവേശം അനുഭവിക്കുകയും അവരുടെ ക്രൂരതകൾ കാരണം സ്വിസർലാന്റിലേക്ക് കുടിയേറുകയും ചെയ്ത അൽബാനിയൻ അഭയാർത്ഥികൾ ആണ് ഇരുവരും. 2018 ൽ സെർബിയക്ക് എതിരെ ഷഖീരിയും ശാക്കയും ഗോൾ നേടിയിരുന്നു അന്ന് അൽബാനിയൻ പതാകയിലെ കഴുകൻ ചിഹ്നം കാണിച്ചതിന് ഇരുവർക്കും ഫിഫ പിഴ ഇട്ടിരുന്നു. മത്സരശേഷം ഇതേ ചിഹ്നം കാണിച്ച് ആയിരുന്നു ഇരു താരങ്ങളും സ്വിസ് ജയം ആഘോഷിച്ചത്.

ഗ്രൂപ്പ് ഘട്ടം കഴിഞ്ഞു, ഇനി പ്രീക്വാർട്ടർ യുദ്ധം

ഗ്രൂപ്പ് എചികലെയും ജിയിലെയും മത്സരങ്ങൾ കൂടെ കഴിഞ്ഞതോടെ ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചു. ഇനി പ്രീക്വാർട്ടർ മത്സരങ്ങളുടെ തുടക്കം ആണ്. ഇന്ന് മുതൽ പ്രീക്വാർട്ടറിലെ കളികൾ തുടങ്ങും. ഇന്ന് നടക്കുന്ന പ്രീക്വാർട്ടർ മത്സരങ്ങളിൽ നെതർലന്റ്സ് അമേരിക്കയെയും അർജന്റീന ഓസ്ട്രേലിയയെയും നേരിടും.

ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് പോളണ്ട് ആണ് പ്രീക്വാർട്ടർ എതിരാളികൾ. പ്രീമിയർ ലീഗിലെ സൂപ്പർ താരങ്ങളാൽ നിറഞ്ഞ ഇംഗ്ലണ്ടിന് സെനെഗൽ ആണ് മുന്നിൽ ഉള്ളത്. ജപ്പാന് കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ ആണ് എതിരെ വരുന്നത്. ബ്രസീൽ vs ദക്ഷിണ കൊറിയ, മൊറോക്കോ vs സ്പെയിൻ, പോർച്ചുഗൽ vs സ്വിറ്റ്സർലാന്റ് എന്നിവയാണ് മറ്റു പ്രീക്വാർട്ടർ അങ്കം.

RO16 Fixtures:

• Netherlands vs USA 🇳🇱🇺🇸
• Argentina vs Australia 🇦🇷🇦🇺
• France vs Poland 🇫🇷🇵🇱
• England vs Senegal 🏴󠁧󠁢󠁥󠁮󠁧󠁿🇸🇳
• Japan vs Croatia 🇯🇵🇭🇷
• Brazil vs South Korea 🇧🇷🇰🇷
• Morocco vs Spain 🇲🇦🇪🇸
• Portugal vs Switzerland 🇵🇹🇨🇭

പൊരുതി ജയിച്ച് സ്വിസ് ആർമി പ്രീക്വാർട്ടറിൽ

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ സ്വിറ്റ്സർലാന്റ് വിജയം കണ്ടെത്തി. സെർബിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് സ്വിറ്റ്സർലാന്റ് പരാജയപ്പെടുത്തിയത്. ഈ വിജയം അവരുടെ പ്രീക്വാർട്ടർ യോഗ്യതയും ഉറപ്പിച്ചു.

ഇന്ന് സ്വിറ്റ്സർലാന്റും സെർബിയയും തമ്മിലുള്ള മത്സരം ഇരു ടീമുകൾക്കും ഒരുപോലെ നിർണായകമായിരുന്നു. അതുകൊണ്ട് തന്നെ അതിന്റെ എല്ലാ ആവേശവും ആ മത്സരത്തിന് ഉണ്ടായിരുന്നു. കളി ആരംഭിച്ച് 20ആം മിനുട്ടിൽ വെറ്ററൻ താരം ഷഖീരിയിലൂടെ സ്വിസ് പട ലീഡ് എടുത്തു. ഇബ്രഹിമ സോയുടെ പാസ് സ്വീകരിച്ചായിരുന്നു ഷഖീരിയുടെ ഫിനിഷ്.

ഈ ഗോളിനോട് നല്ല രീതിയിൽ ആണ് സെർബിയ പ്രതികരിച്ചത്‌. 6 മിനുട്ടുകൾക്ക് അകം സമനില ഗോൾ വന്നു. ടാഡിചിന്റെ ക്രോസിൽ നിന്ന് ഒരു മിട്രോവിച് ഹെഡർ. സ്കോർ 1-1. സെർബിയ അറ്റാക്ക് തുടർന്നു. 35ആം മിനുട്ടിൽ അവർ ലീഡും എടുത്തു. യുവന്റസ് സ്ട്രൈക്കർ വ്ലാഹോവിചിലൂടെ ആയിരിന്നു സെർബിയയുടെ രണ്ടാം ഗോൾ. സ്കോ 2-1. ഇതോടെ തൽക്കാലം ആയെങ്കിലും സെർബിയ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി.

ആ ആശ്വാസം അധികം നീണ്ടു നിന്നില്ല. ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ സ്വിസ് പട സമനില കണ്ടെത്തി. വിദ്മറിന്റെ പാസ് സ്വീകരിച്ച് എംബോളോ ആയിരുന്നു ഈ ഗോൾ നേടിയത്‌. ആദ്യ പകുതി 2-2.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്വിസ് പട ലീഡിലും എത്തി. 48ആം മിനുട്ടിൽ ഫ്രൂയിലരിന്റെ ഫിനിഷ് ആണ് സ്വിറ്റ്സർലാന്റിൽ 3-2ന് മുന്നിൽ എത്തിച്ചത്. ഈ വിജയത്തോടെ സ്വിറ്റ്സർലാന്റ് 6 പോയിന്റുമായി ഗ്രൂപ്പ് ഘട്ടം രണ്ടാം സ്ഥാനത്ത് അവസാനിപ്പിച്ചു. അവർ പോർച്ചുഗലിനെ ആകും പ്രീക്വാർട്ടറിൽ നേരിടുക.

അത്ഭുതമാണ് ഈ ലോകകപ്പ്!! ഇഞ്ച്വറി ടൈമിൽ കൊറിയ പ്രീക്വാർട്ടർ സ്വർഗ്ഗത്തിലേക്ക്

ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പോർച്ചുഗലിനെ നേരിട്ട കൊറിയ കളി ഇഞ്ച്വറി ടൈമിലേക്ക് കടക്കുമ്പോൾ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാർ ആയിരുന്നു. അവിടെ നിന്ന് അത്ഭുതങ്ങൾ കാണിച്ച് ദക്ഷിണ കൊറിയ പ്രീക്വാർട്ടർ ഉറപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊറിയ ഇന്ന് പോർച്ചുഗലിനെ തോൽപ്പിച്ചത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു ഈ വിജയം. തോറ്റെങ്കിലും പോർച്ചുഗൽ ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്തു.

ഇന്ന് ബ്രൂണോ ഫെർണാണ്ടസ് അടക്കം പല പ്രധാന താരങ്ങൾക്കും വിശ്രമം നൽകിയാണ് പോർച്ചുഗൽ ഇറങ്ങിയത്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ ഉണ്ടായിരുന്നു. ദക്ഷിണ കൊറിയക്ക് വിജയം നിർബന്ധമായിരുന്നപ്പോൾ പരാജയപ്പെട്ടാലും ഒന്നാം സ്ഥാനം ലഭിക്കും എന്ന നിലയിൽ ആയിരുന്നു പോർച്ചുഗൽ കളി ആരംഭിച്ചത്. മത്സരം ആരംഭിച്ച് 5 മിനുട്ട് കൊണ്ട് തന്നെ പോർച്ചുഗൽ ലീഡ് എടുത്തു.

ഈ ലോകകപ്പിൽ ആദ്യമായി ആദ്യ ഇലവനിൽ ഇറങ്ങിയ റിക്കാർഡോ ഹോർത ആണ് പോർച്ചുഗലിന് ലീഡ് നൽകിയത്. റൈറ്റ് ബാക്കായ ഡിയേഗോ ഡാലോട്ടിന്റെ പാസിൽ നിന്നായിരുന്നു ഹോർതയുടെ ഗോൾ. ഈ ഗോളിന് 27ആം മിനുട്ടിൽ കൊറിയ മറുപടി പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മോശം ഡിഫൻഡിംഗ് നൽകിയ അവസരം കിംഗ് യോംഗ് ഗ്വോൻ മുതലെടുത്ത് സമനില നേടുക ആയിരുന്നു‌.

രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയേയും റൊബം ഡയസിനെയും പോർച്ചുഗൽ പിൻവലിച്ചു. നിരന്തരം അറ്റാക്ക് തുടർന്ന കൊറിയ 91ആം മിനുട്ടിൽ വിജയ ഗോൾ നേടി. സോണിന്റെ പാസ് സ്വീകരിച്ച് ഹ്വാങ് ഹീ ചാൻ ആണ് ആ സ്വപ്ന നിമിഷം കൊറിയക്ക് സമ്മാനിച്ചത്‌.

മറുവശത്ത് ഉറുഗ്വേ 2-0ന് ഘാനയെ തോൽപ്പിച്ചു എങ്കിലും കൊറിയൻ വിജയം ഉറുഗ്വേയെ പുറത്താക്കി. ഒരു ടീമുകൾക്കും പോയിന്റും ഗോൾ ഡിഫറൻസും ഒരേ പോലെ ആയിരുന്നു. ഏറ്റവും കൂടുതൽ ഗോൾ അടിച്ചത് കൊറിയ ആണെന്നതാണ് അവർക്ക് തുണയായത്.

ഈ പരാജയത്തിലും പോർച്ചുഗൽ 6 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്തു. അവർ ബ്രസീലിന്റെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ ആകും നേരിടുക. 4 പോയിന്റുമായി രണ്ടാമത് ഫിനിഷ് ചെയ്ത കൊറിയ ബ്രസീലിനെ ആകും പ്രീക്വാർട്ടറിൽ നേരിടുക.

പന്ത് കാലിൽ ഇല്ലെങ്കിൽ എന്താ ജയിക്കുന്നില്ലേ? ലോകകപ്പിലെ ജപ്പാൻ വിജയഫോർമുല!

ഗ്രൂപ്പ് ഘട്ടത്തിൽ ജർമ്മനിക്ക് പിന്നാലെ സ്പെയിനിനെയും ജപ്പാൻ അട്ടിമറിക്കുമ്പോൾ സംഭവിച്ചത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും അപൂർവമായ കാര്യങ്ങളിൽ ഒന്നാണ്. സ്പെയിനിന് എതിരായ മത്സരത്തിൽ വെറും 17.7% ശതമാനം സമയം മാത്രമെ ജപ്പാന്റെ കാലിൽ പന്ത് ഉണ്ടായിരുന്നുള്ളു. ലോകകപ്പ് ചരിത്രത്തിൽ തന്നെ ഒരു ടീം ഏറ്റവും കുറവ് പൊസഷനും ആയി മത്സരം പൂർത്തിയാക്കുന്നതും ഈ മത്സരത്തിൽ ആണ്. ലോകകപ്പ് ചരിത്രത്തിൽ 1966 ൽ റെക്കോർഡുകൾ സൂക്ഷിക്കാൻ തുടങ്ങിയ ശേഷം 700 ൽ അധികം പാസുകൾ നൽകിയ ശേഷം രണ്ടേ രണ്ടു തവണ മാത്രം ആണ് ആ ടീമുകൾ മത്സരത്തിൽ പരാജയപ്പെട്ടത്.

അത് രണ്ടും ഈ ലോകകപ്പിൽ ജപ്പാന് മുന്നിൽ കീഴടങ്ങിയ ജർമ്മനി, സ്‌പെയിൻ ടീമുകൾ ആയിരുന്നു എന്നത് ആണ് മറ്റൊരു പ്രത്യേകത. ആദ്യ പകുതിയിൽ പരാജയപ്പെട്ടു നിന്ന ശേഷം തിരിച്ചു വന്നു ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടു മത്സരങ്ങൾ ജയിക്കുന്ന മൂന്നാമത്തെ ടീം കൂടിയാണ് ജപ്പാൻ. ഇത് വരെ ജപ്പാന്റെ നാലു ഗോളുകളും നേടിയത് പകരക്കാർ ആണ് എന്ന പ്രത്യേകതയും ഉണ്ട്. പന്ത് കാലിൽ ഇല്ലെങ്കിലും പൊരുതി നിന്നു കാലിൽ കിട്ടുന്ന സമയത്ത് കൗണ്ടർ അറ്റാക്കിലൂടെ അപകടകാരികൾ ആയി ജയം എതിരാളിയിൽ നിന്നു തട്ടിയെടുക്കുക എന്ന ശീലം ആണ് ഇത് വരെ ജപ്പാൻ ഈ ലോകകപ്പിൽ തുടരുന്നത്. പന്ത് കാലിൽ ഇല്ലാതെ നന്നായി കളിക്കുന്ന ജപ്പാൻ വലിയ ടീമുകൾക്ക് മുന്നിൽ വില്ലൻ ആവുന്നത് വെറുതെയല്ല.

Exit mobile version