ടീമിൽ കലഹം ആണെന്ന വാർത്തകൾക്ക് മറുപടി ക്രൊയേഷ്യ മത്സരത്തിന് മുമ്പ് നൽകി ബെൽജിയം ടീം

മൊറോക്കോക്ക് എതിരായ മത്സരത്തിന് പിന്നാലെ ബെൽജിയം ടീമിൽ കലഹം ആണെന്ന വാർത്തകൾ പരന്നിരുന്നു. ഇതിനു മറുപടി ക്രൊയേഷ്യക്ക് എതിരായ മത്സരത്തിന് മുമ്പ് നൽകി ബെൽജിയം ടീം.

മത്സരത്തിന് മുമ്പ് മാധ്യമങ്ങൾക്ക് മുന്നിൽ ടീമിൽ എല്ലാവരും ഒരുമിച്ച് വട്ടമായി നിന്നു തങ്ങൾക്ക് ഇടയിൽ ഒരു പ്രശ്‌നവും ഇല്ല എന്ന സന്ദേശം നൽകുക ആയിരുന്നു. സന്ദേശത്തിനു അപ്പുറം എന്നാൽ ഈ ഒരുമ താരങ്ങൾ തമ്മിൽ ഉണ്ടോ എന്നത് ഇപ്പോഴും സംശയത്തിൽ തന്നെയാണ്.

മൊറോക്കോക്ക് വേണ്ടി രണ്ടു ലോകകപ്പിൽ ഗോൾ നേടുന്ന ആദ്യ താരമായി യൂസുഫ് എൻ-നെസ്റി

മൊറോക്കോക്ക് വേണ്ടി രണ്ടു ലോകകപ്പിൽ ഗോൾ നേടുന്ന ആദ്യ താരമായി യൂസുഫ് എൻ-നെസ്റി. കഴിഞ്ഞ ലോകകപ്പിൽ സ്പെയിനിന് എതിരെ ഗോൾ നേടിയ സെവിയ്യ താരം ഇന്ന് കാനഡക്ക് എതിരെ ഗോൾ നേടിയപ്പോൾ ആണ് ആഫ്രിക്കൻ രാജ്യത്തിനു ആയി ചരിത്രം എഴുതിയത്.

അഷ്‌റഫ് ഹകീമിയുടെ പാസിൽ നിന്നു ഉഗ്രൻ അടിയിൽ നിന്നായിരുന്നു എൻ-നെസ്റിയുടെ ഗോൾ. മത്സരത്തിൽ ആദ്യ പകുതിയിൽ ഒരിക്കൽ കൂടി വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിക്കുക ആയിരുന്നു. മൊറോക്കോ മുന്നേറ്റത്തിൽ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് എൻ-നെസ്റി.

മരുഭൂ തണുപ്പിച്ച കാറ്റേ..

ഖത്തറിൽ നടക്കുന്ന ഫിഫ വേൾഡ് കപ്പ് പത്ത് ദിവസം പിന്നിടുമ്പോൾ, ഫുട്ബോൾ എന്ന മാസ്മരിക കളിക്ക് ഏറെയുണ്ട് ആഹ്ലാദിക്കാൻ. സാധാരണ വേൾഡ് കപ്പ് വേദികളിൽ കാണാറുള്ള, ഏകപക്ഷീയമായ വിജയങ്ങൾ കൊണ്ട് വിരസമാകാറുള്ള ഗ്രൂപ്പ് മത്സരങ്ങളല്ല ഇത്തവണ നാം കണ്ടത്. ഒരു ടീമിനെ പോലും കുറച്ചു കാണാൻ സാധിക്കാത്തത്ര ഉദ്വേഗജനകമായ കളികളായിരിന്നു ഇതുവരെയും. പ്രീക്വാർട്ടറിൽ കടക്കുമോ എന്നറിയാൻ ഫുട്ബോളിന്റെ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചിട്ടുള്ള ടീമുകൾ പോലും അവസാന ഗ്രൂപ്പ് മത്സരത്തിനായി കാത്തിരിക്കേണ്ട സ്ഥിതിയാണ് ദോഹ കണ്ടത്.

ഇത് ഖത്തറിന്റെ പ്രത്യേകതയാണ് എന്ന് അവകാശപ്പെടാൻ സാധിക്കില്ലെങ്കിൽ കൂടിയും, ഇത് ഖത്തറിൽ വേൾഡ് കപ്പ് നടത്താൻ എടുത്ത തീരുമാനവുമായി ചേർന്ന് പോകുന്നതാണ് എന്നതാണ് സത്യം. വേൾഡ് കപ്പ് ആരുടെയും കുത്തകയല്ലെന്നും, വേൾഡ് കപ്പ് വേദിയാകാൻ ലോകത്തെ എല്ലാ രാജ്യങ്ങൾക്കും അവകാശമുണ്ടെന്നും ഖത്തർ വേൾഡ് കപ്പ് തെളിയിച്ചു കഴിഞ്ഞു. അത് തന്നെയാണ് പരമ്പരാഗത ടീമുകളോട് സൗദി, ഇറാൻ, സെനഗൽ, ടുണീഷ്യ, ജപ്പാൻ, കോസ്റ്ററിക്ക, ഘാന, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളുടെ പ്രകടനവും വിളിച്ചു പറയുന്നത്.

ഫുട്ബോൾ കളിയെ ഇടുങ്ങിയ മനസ്സുകൾ കൊണ്ടും, മുൻവിധി നിറഞ്ഞ ദൃഷ്ടിയോടെയും നോക്കി കണ്ടിരുന്നവർക്ക് ശക്തമായ സന്ദേശമാണ് 2022 വേൾഡ് കപ്പ് നൽകുന്നത്. അതായത് തഴമ്പിൽ കഴമ്പില്ല എന്നു. മുകളിൽ പേരെടുത്തു പറഞ്ഞ ടീമുകളിൽ ഭൂരിഭാഗവും അടുത്ത റൗണ്ട് കാണില്ല, പക്ഷെ അവരെ മറികടന്ന് പോകുന്നവർക്കെന്ന പോലെ അവർക്കും അഭിമാനിക്കാം, നിസ്സാര കളിക്കല്ല ഖത്തറിലെ ഗാലറികൾ സാക്ഷ്യം വഹിച്ചത്. ഇത് വരെ വേൾഡ് കപ്പ് ഫൈനൽസിൽ ഇടം കിട്ടാത്ത അനേകം രാജ്യങ്ങൾക്ക് ഇവരുടെ പ്രകടനം നൽകുന്ന പ്രത്യാശ, ഇനിയുള്ള വർഷങ്ങളിൽ കൂടുതൽ അത്ഭുതങ്ങൾ നമുക്ക്‌ കാണിച്ചു തന്നേക്കാം എന്നു പ്രതീക്ഷിക്കാം.

ഖത്തർ വേൾഡ് കപ്പ് തീരാൻ ഇനിയുമുണ്ട് 18 ദിവസങ്ങൾ, പക്ഷെ കളിക്കാർക്കും കാണികൾക്കും ഒരു പരാതിക്കും ഇടം കൊടുക്കാതെ ഇത് വരെ നടന്ന ഈ മാമാങ്കത്തിലെ നിറ സ്റ്റേഡിയങ്ങൾ മറ്റ് പല കൊച്ചു രാജ്യങ്ങൾക്കും നൽകുന്ന ധൈര്യവും ചെറുതല്ല. തങ്ങൾ ചോദിച്ചാൽ നൽകില്ല, അല്ലെങ്കിൽ തങ്ങളെക്കൊണ്ട് സാധിക്കില്ല എന്നു പറഞ്ഞ് മാറി നിന്ന പല രാജ്യങ്ങളും ഇനിയുള്ള കാലങ്ങളിൽ വേൾഡ് കപ്പ് വേദിയാകാൻ മുന്നോട്ട് വരുന്ന സാധ്യതക്ക് ഖത്തർ നിമിത്തമായി എന്ന് നമുക്ക് തറപ്പിച്ചു പറയാം.

നവംബർ ഡിസംബർ മാസങ്ങളിൽ ഖത്തറിലെ മരുഭൂ തണുപ്പിച്ച കാറ്റാകുമോ കളികൾ ഇത്ര ആവേശകരമാകാൻ കാരണം? പറയാൻ പറ്റില്ല, അത്ഭുതങ്ങൾ നടന്നതായി പറയുന്ന മണലാരണ്യമാണ് അറേബ്യ മുഴുവൻ! വേൾഡ് കപ്പ് പതിനാറിന്റെ പടിക്കൽ എത്തി നിൽക്കുമ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ തല കുലുക്കി സമ്മതിക്കുന്നുണ്ട്, ഇപ്പഴാണ് ഇതൊരു വിശ്വ കളിയായതെന്നു.

വിവാദ പരാമർശത്തിന് മെസ്സിയോട് മാപ്പ് ചോദിച്ചു മെക്സിക്കൻ ബോക്‌സർ കാൻസെലോ അൽവാരസ്

മെക്‌സിക്കോക്ക് എതിരായ ജയത്തിനു ശേഷം ഡ്രസിങ് റൂമിൽ വച്ചു നടന്ന ആഘോഷത്തിന് ഇടയിൽ ലയണൽ മെസ്സി മെക്സിക്കൻ ജെഴ്‌സി അപമാനിച്ചു എന്നു പറഞ്ഞു മെസ്സിക്ക് എതിരെ നടത്തിയ പരാമർശത്തിന് മാപ്പ് പറഞ്ഞു മെക്സിക്കൻ ബോക്‌സർ കാൻസെലോ അൽവാരസ്. മെക്സിക്കയെ അപമാനിച്ച മെസ്സി തന്റെ മുന്നിൽ വന്നു പെടാതിരിക്കാൻ ശ്രമിക്കൂ എന്നായിരുന്നു കാൻസെലോ പറഞ്ഞത്. തുടർന്ന് അഗ്യൂറോ, ഫാബ്രിഗാസ്, മെക്സിക്കൻ താരങ്ങൾ തുടങ്ങി പലരും കാൻസെലോ കാര്യം മനസ്സിലാക്കാതെ ആണ് ഈ പരാമർശം നടത്തിയത് എന്നു പറഞ്ഞു രംഗത്ത് വന്നിരുന്നു.

അതിനു ശേഷമാണ് കാൻസെലോ തന്നെ മാപ്പ് പറഞ്ഞു രംഗത്ത് വന്നത്. രാജ്യത്തോടുള്ള സ്നേഹം കാരണം താൻ കാര്യം മനസ്സിലാക്കാതെ എടുത്തു ചാടിയാണ് അഭിപ്രായം പറഞ്ഞത് എന്നു സമ്മതിച്ച കാൻസെലോ ഓരോ ദിവസവും നമുക്ക് പുതിയ കാര്യങ്ങൾ അറിയാൻ സാധിക്കും എന്നും കൂട്ടിച്ചേർത്തു. തുടർന്ന് തന്റെ പരാമർശത്തിന് ലയണൽ മെസ്സിയോടും അർജന്റീനയിലെ ജനങ്ങളോടും അദ്ദേഹം മാപ്പ് പറയുക ആയിരുന്നു. സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെട്ട തെറ്റിദ്ധാരണാജനകമായ വീഡിയോ ആണ് ഈ വിവാദങ്ങൾക്ക് പിറകിൽ.

രാജ്യത്തിനു ആവട്ടെ ക്ലബിന് ആവട്ടെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത് ആവില്ല എന്ന പതിവ് തുടർന്ന് ലയണൽ മെസ്സി

കരിയറിൽ ഒരിക്കലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത് ആവില്ല എന്ന തന്റെ പതിവ് തുടർന്ന് ലയണൽ മെസ്സി. അർജന്റീനക്ക് ഒപ്പം 5 ലോകകപ്പുകളിലും 7 കോപ അമേരിക്കയിലും ഒളിമ്പിക്‌സിലും കളിച്ച മെസ്സി ഒരിക്കൽ പോലും ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്ത് പോയിട്ടില്ല.

അതേസമയം തന്റെ ക്ലബ് കരിയറിലും സമാന റെക്കോർഡ് ആണ് മെസ്സിക്ക് ഉള്ളത്. ബാഴ്‌സലോണക്ക് ഒപ്പം ചാമ്പ്യൻസ് ലീഗിൽ എപ്പോഴും ഗ്രൂപ്പ് ഘട്ടത്തിൽ നിന്നു മുന്നേറുന്ന മെസ്സി ആ പതിവ് പാരീസ് സെന്റ് ജർമനിലും തുടർന്നു.

പെനാൽട്ടി പാഴാക്കിയതിൽ ദേഷ്യം വന്നു എന്നാൽ ടീം നന്നായി പ്രതികരിച്ചു, മെക്സിക്കോയെ അപമാനിച്ചിട്ടില്ല – മെസ്സി

പോളണ്ടിനു എതിരെ പെനാൽട്ടി പാഴാക്കിയതിൽ നല്ല ദേഷ്യം വന്നു എന്നും ടീം അതിനു ശേഷം ഒന്നായി പൊരുതി എന്നും അതിന്റെ ഫലം ആണ് ലഭിച്ചത് എന്നും ലയണൽ മെസ്സി. തന്റെ പിഴവിന് പിന്നാലെ ടീം നന്നായി ആണ് പ്രതികരിച്ചത് എന്നു പറഞ്ഞ മെസ്സി ആദ്യ ഗോൾ പിറന്നാൽ കളി മാറും എന്നു തങ്ങൾക്ക് അറിയാമായിരുന്നു എന്നും പറഞ്ഞു. ഓസ്‌ട്രേലിയക്ക് എതിരായ മത്സരം കടുപ്പമുള്ളത് ആവും എന്നു പറഞ്ഞ മെസ്സി ആർക്ക് ആരെയും ലോകകപ്പിൽ തോൽപ്പിക്കാൻ ആവും എന്നും കൂട്ടിച്ചേർത്തു.

അതേസമയം ലെവൻഡോവ്സ്കിയും ആയി മത്സരശേഷം സംസാരിച്ച കാര്യം കളത്തിൽ തന്നെ നിൽക്കും എന്നും താൻ അത് പറയേണ്ട കാര്യം ഇല്ലെന്നും വ്യക്തമാക്കി. അതേസമയം കഴിഞ്ഞ മത്സരത്തിന് ശേഷം ഡ്രസിങ് റൂമിൽ ആഘോഷത്തിന് ഇടയിൽ താൻ മെക്സിക്കോ ജെഴ്‌സി ചവിട്ടി അവരെ അവഹേളിച്ചു എന്ന കാര്യം മെസ്സി നിഷേധിച്ചു. അതൊരു തെറ്റിദ്ധാരണ ആണെന്ന് പറഞ്ഞ മെസ്സി തന്നെ അറിയാവുന്നവർക്ക് താൻ ആരെയും അപമാനിക്കില്ല എന്നറിയാമെന്നും മെക്സിക്കോയെയോ ടീമിനെയോ ആരെയോ താൻ അവഹേളിക്കാത്തത് കൊണ്ടു അതിൽ താൻ മാപ്പ് പറയേണ്ടത് ഇല്ല എന്നും കൂട്ടിച്ചേർത്തു.

‘വാർ’ അത് പെനാൽട്ടി നൽകില്ലെന്ന് 100 യൂറോക്ക് മെസ്സിയും ആയി ബെറ്റ് വച്ചിരുന്നു – ചെസ്നി

അർജന്റീന, പോളണ്ട് മത്സരത്തിൽ ലയണൽ മെസ്സിക്ക് എതിരായ ഫൗളിന് ‘വാർ’ പെനാൽട്ടി നൽകില്ലെന്ന് താൻ മെസ്സിയും ആയി കളത്തിൽ ബെറ്റ് വച്ചിരുന്നത് ആയി പോളണ്ട് ഗോൾ കീപ്പർ ചെസ്നി. എന്നാൽ ഇത് റഫറി പെനാൽട്ടി അനുവദിക്കുക ആയിരുന്നു. തുടർന്ന് ചെസ്നി മെസ്സിയുടെ പെനാൽട്ടി ഉഗ്രൻ ചാട്ടത്തിലൂടെ രക്ഷിക്കുക ആയിരുന്നു.

പെനാൽട്ടി അനുവദിച്ചു എങ്കിലും മെസ്സിക്ക് താൻ 100 യൂറോ നൽകില്ലെന്ന് പറഞ്ഞ ചെസ്നി 100 യൂറോ ആയതിനാൽ മെസ്സി അത് കാര്യമാക്കില്ലെന്നും കൂട്ടിച്ചേർത്തു. ലോകകപ്പിൽ ബെറ്റിങ് അനുവദനീയമല്ല എന്നതിനാൽ ചിലപ്പോൾ തനിക്ക് വിലക്ക് കിട്ടുമോ എന്ന തമാശയും മുൻ ആഴ്‌സണൽ ഗോൾ കീപ്പർ മത്സരശേഷം പങ്ക് വച്ചു.

ലോകകപ്പിൽ അർജന്റീനക്ക് ആയി ഏറ്റവും അധികം മത്സരങ്ങൾ കളിച്ച താരമായി ലയണൽ മെസ്സി

ഫിഫ ലോകകപ്പിൽ അർജന്റീനക്ക് ആയി ഏറ്റവും അധികം മത്സരങ്ങൾ കളിച്ച താരമായി ലയണൽ മെസ്സി. പോളണ്ടിനു എതിരായ ഖത്തർ ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരം മെസ്സിയുടെ ലോകകപ്പിലെ 22 മത്തെ മത്സരം ആയിരുന്നു. ഇതോടെ സാക്ഷാൽ ഡീഗോ മറഡോണയുടെ റെക്കോർഡ് മെസ്സി മറികടന്നു.

2006 ലോകകപ്പിൽ ഒരു മത്സരത്തിൽ ആദ്യ പതിനൊന്നിൽ ഇടം നേടിയ മെസ്സി രണ്ടു കളികളിൽ പകരക്കാരനായി ഇറങ്ങിയിരുന്നു. 2010 ലോകകപ്പിൽ അഞ്ചു മത്സരം കളിച്ച മെസ്സി 2014 ൽ ഏഴും 2018 ൽ നാലും ലോകകപ്പ് മത്സരങ്ങൾ കളിച്ചു. അവസാന പതിനാറിൽ ഓസ്‌ട്രേലിയ ആണ് മെസ്സിയുടെ അടുത്ത ലോകകപ്പ് മത്സരത്തിലെ എതിരാളികൾ.

ലോകകപ്പിൽ ഒരു മത്സരത്തിൽ അഞ്ചിൽ അധികം അവസരങ്ങൾ സൃഷ്ടിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി മെസ്സി

പെനാൽട്ടി പാഴാക്കി എങ്കിലും ഈ ലോകകപ്പിൽ ലയണൽ മെസ്സി കളിച്ച ഏറ്റവും മികച്ച മത്സരം ആവും പോളണ്ടിനു എതിരെ നടന്ന നിർണായക മത്സരം. ലോകകപ്പിൽ 2018 ൽ ഇതിനു മുമ്പ് പെനാൽട്ടി നഷ്ടമാക്കിയ മെസ്സി പക്ഷെ പെനാൽട്ടി പാഴാക്കിയ ശേഷം കളം നിറഞ്ഞു കളിക്കുന്നത് ആണ് കാണാൻ ആയത്. മത്സരത്തിൽ 7 ഷോട്ടുകൾ ഉതിർത്ത മെസ്സി 5 അവസരങ്ങൾ ഉണ്ടാക്കുകയും 5 തവണയിൽ കൂടുതൽ എതിരാളിയെ ഡ്രിബിൾ ചെയ്യുകയും ചെയ്തു.

1966 ൽ റെക്കോർഡുകൾ സൂക്ഷിക്കാൻ തുടങ്ങിയ ശേഷം ഒരു ലോകകപ്പ് മത്സരത്തിൽ അഞ്ചിൽ അധികം അവസരങ്ങൾ ഉണ്ടാക്കുന്ന, ഷോട്ടുകൾ ഉതിർക്കുന്ന, എതിരാളികളെ ഡ്രിബിൾ ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ താരമായി 35 വർഷവും 159 ദിവസവും പ്രായമുള്ള മെസ്സി ഇതോടെ മാറി. 1994 ലോകകപ്പിൽ നൈജീരിയക്ക് എതിരെ സാക്ഷാൽ ഡീഗോ മറഡോണ സ്ഥാപിച്ച റെക്കോർഡ് ആണ് മെസ്സി പഴയ കഥയാക്കിയത്.

ലോകകപ്പിൽ രണ്ടു പെനാൽട്ടികൾ നഷ്ടപ്പെടുത്തുന്ന രണ്ടാമത്തെ താരമായി മെസ്സി

ലോകകപ്പ് ചരിത്രത്തിൽ 1966 ൽ റെക്കോർഡ് സൂക്ഷിക്കാൻ തുടങ്ങിയ ശേഷം രണ്ടു പെനാൽട്ടികൾ അനുവദിച്ച സമയത്ത് പാഴാക്കുന്ന രണ്ടാമത്തെ മാത്രം താരമായി ലയണൽ മെസ്സി. ഘാന താരം അസമോവ ഗ്യാൻ ആണ് ഇങ്ങനെ രണ്ടു പെനാൽട്ടികൾ ലോകകപ്പിൽ പാഴാക്കിയ ആദ്യ താരം.

ഇന്ന് പോളണ്ടിനു എതിരെ പെനാൽട്ടി നഷ്ടമാക്കിയ മെസ്സി 2018 ലോകകപ്പിൽ ഐസ്ലാന്റിന് എതിരെയും പെനാൽട്ടി നഷ്ടമാക്കിയിരുന്നു. ഈ രണ്ടു പെനാൽട്ടികളും ഗോൾ കീപ്പർമാർ രക്ഷിക്കുക ആയിരുന്നു. ലോകകപ്പിൽ രണ്ടു പെനാൽട്ടികളും ഗോൾ കീപ്പർമാർ രക്ഷിക്കുന്ന ആദ്യ താരവും മെസ്സിയാണ്.

ലോകകപ്പിൽ നിന്നു പുറത്തായതിനു പിന്നാലെ മെക്സിക്കൻ പരിശീലകന്റെ ജോലി തെറിച്ചു

ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിനു പിന്നാലെ മെക്സിക്കോ അവരുടെ പരിശീലകൻ ജെറാർഡോ ടാറ്റ മാർട്ടിനോയുടെ കരാർ റദ്ദാക്കി. അർജന്റീന, പോളണ്ട്, സൗദി അറേബ്യ എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പ് സിയിൽ പോളണ്ടിനു പിന്നിൽ മൂന്നാം സ്ഥാനക്കാർ ആയതോടെ ആണ് മെക്സിക്കോ ലോകകപ്പിൽ നിന്നു പുറത്തായത്.

പോളണ്ടിനും മെക്സിക്കോക്കും ഒരേ പോയിന്റുകൾ ആയിരുന്നു എങ്കിലും ഗോൾ വ്യത്യാസത്തിൽ മെക്സിക്കോ പുറത്ത് പോവുക ആയിരുന്നു. 1978 നു ശേഷം ഇത് ആദ്യമായാണ് മെക്സിക്കോ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത് പോവുന്നത്. ഇതിനെ തുടർന്ന് ആണ് മണിക്കൂറുകൾക്ക് അകം ദേശീയ ടീം പരിശീലകനെ മെക്സിക്കോ പുറത്താക്കിയത്. റഫറി അവസാന വിസിൽ അടിച്ചപ്പോൾ തന്റെ കരാർ അവസാനിച്ചു എന്നാണ് മാർട്ടിനോ പ്രതികരിച്ചത്.

മഴവില്ല് ആം ബാന്റ് അണിഞ്ഞു സ്റ്റേഡിയത്തിൽ എത്തിയ ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്താക്കി

LGBTQ+ സമൂഹത്തിനു പിന്തുണയും ആയി മഴവില്ല് ആം ബാന്റ് അണിഞ്ഞു സ്റ്റേഡിയത്തിൽ എത്തിയ അമേരിക്കൻ ആരാധകനെ ഖത്തർ അധികൃതർ സ്റ്റേഡിയത്തിൽ നിന്നു പുറത്താക്കി. അമേരിക്കൻ, ഇറാൻ മത്സരത്തിന് മുമ്പാണ് സംഭവം.

ഇദ്ദേഹത്തിന് എതിരെ അതിൽ കൂടുതൽ നടപടി എടുത്തോ എന്നു നിലവിൽ വ്യക്തമല്ല. നേരത്തെ ടീം ക്യാപ്റ്റന്മാർ മഴവില്ല് ആം ബാന്റ് അണിയുന്നത് ഫിഫ കടുത്ത നടപടികൾ സ്വീകരിച്ചു തടഞ്ഞിരുന്നു. ഖത്തറിന്റെ നടപടികൾക്ക് എതിരെ വലിയ പ്രതിഷേധം ആണ് ആഗോളസമൂഹത്തിൽ നിന്നു ഉണ്ടാവുന്നത്.

Exit mobile version