ഒരേയൊരു ഷഖീരി! സ്വിസിന് ആയി സെർബിയൻ പരാജയം ഉറപ്പാക്കിയ അൽബാനിയൻ അഭയാർത്ഥികൾ

വലിയ വേദികളിൽ സ്വിസ് ടീമിന് ആയി തിളങ്ങുക എന്ന പതിവ് തുടർന്ന് ഷഖീരി. ഇന്നലെ സെർബിയക്ക് എതിരെ ടീമിന് ആയി നിർണായക ആദ്യ ഗോൾ നേടിയ താരം തുടർച്ചയായ മൂന്നാം ലോകകപ്പിൽ ആണ് ടീമിന് ആയി ഗോൾ നേടിയത്. സാക്ഷാൽ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ മാത്രമാണ് ഈ മൂന്നു ലോകകപ്പിലും ഗോൾ നേടിയ മറ്റ് രണ്ട് പേർ. മൂന്നു ലോകകപ്പിൽ ഗോൾ നേടുന്ന ആദ്യ സ്വിസ് താരവും ആയി ഷഖീരി ഇതോടെ. ലോകകപ്പുകളിൽ ഷഖീരിയുടെ അഞ്ചാം ഗോൾ കൂടി ആയിരുന്നു ഇത്.

2014 ലോകകപ്പ് മുതൽ കളിച്ച മൂന്നു ലോകകപ്പുകളിലും 2 യൂറോ കപ്പുകളിലും ഗോൾ നേടിയ ഷഖീരി സ്വിസ് ടീമിന് ആയി 3 പ്രധാന ടൂർണമെന്റുകളിൽ ഗോൾ നേടുന്ന ഏക താരം കൂടിയാണ്. 2014 ലോകകപ്പിൽ ഹോണ്ടുറാസിന് എതിരെ ഹാട്രിക് നേടിയ ഷഖീരി സ്വിസ് ടീമിന് ആയി ലോകകപ്പിൽ ഹാട്രിക് നേടിയ ഒരേയൊരു താരം കൂടിയാണ്. ആദ്യ മത്സരത്തിൽ കാമറൂണിനു എതിരെ എംബോള നേടിയ ഗോൾ ഒരുക്കിയതും 31 കാരനായ ഷഖീരി ആയിരുന്നു.

തങ്ങളുടെ ജയം സെർബിയക്ക് എതിരെ ആയതിലും അവരെ ലോകകപ്പിൽ നിന്നു പുറത്താക്കിയതിലും ഇരട്ടിസന്തോഷം ആവും ഷഖീരിക്കും സഹതാരം ഗ്രാനിറ്റ് ശാക്കക്കും ഇത്. വളരെ ചെറുപ്പത്തിൽ കുടുംബത്തിനോടൊപ്പം സെർബിയൻ അധിനിവേശം അനുഭവിക്കുകയും അവരുടെ ക്രൂരതകൾ കാരണം സ്വിസർലാന്റിലേക്ക് കുടിയേറുകയും ചെയ്ത അൽബാനിയൻ അഭയാർത്ഥികൾ ആണ് ഇരുവരും. 2018 ൽ സെർബിയക്ക് എതിരെ ഷഖീരിയും ശാക്കയും ഗോൾ നേടിയിരുന്നു അന്ന് അൽബാനിയൻ പതാകയിലെ കഴുകൻ ചിഹ്നം കാണിച്ചതിന് ഇരുവർക്കും ഫിഫ പിഴ ഇട്ടിരുന്നു. മത്സരശേഷം ഇതേ ചിഹ്നം കാണിച്ച് ആയിരുന്നു ഇരു താരങ്ങളും സ്വിസ് ജയം ആഘോഷിച്ചത്.

ഷഖീരി അമേരിക്കയിലേക്ക്

സ്വിറ്റ്സർലാന്റ് താരം ഷെർദൻ ഷഖീരി ലിയോൺ വിട്ടേക്കും. ലിവർപൂൾ വിട്ട് ലിയോണിൽ എത്തിയ താരം ഇപ്പോൾ എം എൽ എസ് ക്ലബായ ചിക്കാഗോ ഫയറുമായി കരാറിൽ എത്തിയതായാണ് റിപ്പോർട്ടുകൾ‌. ലിയോണ് ഈ ട്രാൻസ്ഫറിൽ 7 മില്യൺ ഡോളറോളം ലഭിക്കും. താരം ഉടൻ തന്നെ അമേരിക്കയിലേക്ക് പോകും.

മൂന്നു വർഷത്തോളം ലിവപൂളിനൊപ്പം ഉണ്ടായിരുന്ന താരം അവിടെ അവസരം കുറഞ്ഞത് കൊണ്ടായിരുന്നു ക്ലബ് വിട്ടത്. ഇംഗ്ലണ്ടിൽ സ്റ്റോക് സിറ്റി, ജർമ്മനിയിൽ ബയേൺ മ്യൂണിച്ച് എന്നിവർക്ക് വേണ്ടിയും ഷഖീരി മുമ്പ് കളിച്ചിട്ടുണ്ട്. സ്വിറ്റ്സർലാന്റിനൊപ്പം നൂറോളം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഷഖീരി.

Exit mobile version