ആവേശത്തിന്റെ നിറശീലകൾ

ലോകകപ്പിന് തിരശീല വീണു. അവസാന മിനുട്ടും അധികസമയവും അഗ്നിപരീക്ഷയും കടന്ന് അർജന്റീന കിരീടമുയർത്തിയപ്പോൾ, കളിയാവേശത്തിന്റെ പോരാട്ടത്തിൽ പതിവ് പോലെ കേരളം എതിരാളികളില്ലാതെ കപ്പടിച്ചു. കേരളത്തിന്റെ ആവേശത്തിന് അർജന്റൈൻ ഫുട്ബോൾ ഫെഡറേഷൻ വരെയും കയ്യടിച്ചു. കേരളത്തിലുയർന്ന ലോകകപ്പ് ബാനറുകളെ ഒന്നോർത്തു നോക്കാനുള്ള ശ്രമമാണ് ഈയെഴുത്ത്.

ലോകകപ്പ് തുടങ്ങുന്നതിന്റെ രണ്ടാഴ്ച മുൻപേ കുറച്ചു കുട്ടികൾ ഇതെഴുതുന്നയാൾ ജോലി ചെയ്യുന്ന പ്രിന്റിങ് സ്ഥാപനത്തിലെത്തി: “ഒരു ബാനർ വേണം”
“എന്താ മാറ്റർ?”
“പോർച്ചുഗൽ”
“സൈസ്?”
“10×6″
വൈകിട്ട് അവരതിന്റെ പ്രിന്റും കൊണ്ട് പോയി. പിറ്റേന്ന് രാവിലെ വേറൊരു കൂട്ടം എത്തി. ഫ്‌ളക്‌സ് വേണം. മാറ്റർ അർജന്റീന”
“സൈസ്?’
“നിങ്ങൾ ഇന്നലെ പോർച്ചുഗലിന്റെ ബാനർ എത്ര സൈസിലാണ് അടിച്ചത്?”
“10×6”
“അതിന്റെ ഇരട്ടി എത്രയാ?”
“10×12”
“എന്നാൽ ആ സൈസിൽ അടിച്ചോ”. അഡ്വാൻസും തന്ന് അവർ പോയി. ലോകകപ്പ് കാലത്ത് കേരളത്തിലുടനീളം നടന്നതെന്താണോ അതിന്റെ തനിപ്പകർപ്പായിരുന്നു ഞങ്ങളുടെ ഓഫീസിലുമരങ്ങേറിയ ഈ രസകരമായ സംഭവം.

പ്രധാനപ്പെട്ട എലാ ടീമുകൾക്കും ബാനറുകൾ ഉയരാറുണ്ടെങ്കിലും പതിവില്ലാത്ത വിധം പോർച്ചുഗൽ ബാനറുകൾ ദൃശ്യമായ ലോകകപ്പായിരുന്നു ഇത്തവണത്തേത്‌. ശക്തമായ സ്ക്വാഡുള്ളതും ക്രിസ്റ്റ്യാനോയുടെ അവസാന ലോകകപ്പ് എന്ന പരിവേഷവും അതിന് നിദാനമായിട്ടുണ്ട്. ഇത്തവണത്തെ മറ്റൊരു സവിശേഷത കട്ടൗട്ടുകളുടെ ആധിക്യമാണ്. പതിവില്ലാത്ത വിധം, പതിവില്ലാത്ത സൈസുകളിൽ താര രാജാക്കന്മാരുടെ കട്ടൗട്ടുകൾ നാടുനീളെ ഉയർന്നു. കോഴിക്കോട് പുള്ളാവൂരിൽ പുഴയ്ക്ക് നടുവിൽ സ്ഥാപിച്ച കട്ടൗട്ടുകൾ ആഗോളശ്രദ്ധ നേടി. ലോകകപ്പ് കളിക്കളങ്ങൾക്ക് പുറത്തുള്ളവർക്കും കട്ടൗട്ടുകളുണ്ടായി. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി, ഖത്തർ അമീർ ശൈഖ് തമീം അൽതാനി എന്നിവരാണ് അതിലധികവും.

ഇന്ത്യ
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ബാനറുകൾ പതിവിലേറെ ഈ ലോകകപ്പ് കാലത്ത് ദൃശ്യമായി. ഐ എസ് എല്ലിന്റെ തിളക്കം നമ്മെ ലോകകപ്പ് സ്വപ്നം കാണാൻ പഠിപ്പിച്ചിരിക്കുന്നു; അത് യാഥാർഥ്യത്തിൽ നിന്നും ഏറെ അകലെയാണെങ്കിലും. ഒരു നാൾ ലോകകപ്പ് വേദിയൊരുങ്ങും, അവിടെ ജനഗണമന മുഴങ്ങും എന്നിങ്ങനെയുള്ള ആശാകിരണങ്ങൾ ബാനറുകളിൽ മഷിപുരണ്ടു. ഇന്ത്യൻ ഫുട്ബോളിനെ ലോകശ്രദ്ധയിൽ എത്തിച്ചിട്ടും ലോകകപ്പ് കളിക്കാൻ യോഗമില്ലാതെ പോയ ക്യാപ്റ്റൻ ലീഡർ ലെജൻഡ് സുനിൽ ഛേത്രിയെ, ഇതര ടീമുകളുടെ ആരാധകരും അവരുടെ ബാനറുകളിൽ പരിഗണിച്ചു. മലപ്പുറത്തും കണ്ണൂർ പാനൂരിലുമെല്ലാം ഛേത്രിയുടെ കൂറ്റൻ കട്ടൗട്ടുകളുയർന്നു.

ഖത്തർ
ഖത്തർ ഫുട്ബോൾ ടീമിന് പിന്തുണയർപ്പിച്ചുള്ള ബാനറുകളാണ് കേരളത്തിൽ നിന്നുള്ള മറ്റൊരു സവിശേഷ വാർത്ത. പ്രവാസി കൂട്ടായ്മകൾ മിക്ക സ്ഥലങ്ങളിലും ഖത്തർ ടീമിനും ശൈഖ് തമീമിനും ആശംസകളറിയിച്ച് ബാനറുകളുയർത്തി. ‘അന്നം തരുന്ന നാട്’ എന്ന ക്ളീഷേ ഡയലോഗിനപ്പുറം പ്രതിസന്ധികളെ അതിജയിച്ച നാടെന്ന വിശേഷണം ബോർഡുകളിൽ ലിഖിതമായി. ചില യൂറോപ്യൻ രാജ്യങ്ങളുടെയും മാധ്യമങ്ങളുടെയും എതിർപ്പിനേക്കാൾ, ഗൾഫ് രാഷ്ട്രങ്ങൾ ഖത്തറിന് ഏർപ്പെടുത്തിയ ഉപരോധത്തെ ഉറച്ച മനസ്സോടെ നേരിട്ട് ലോകകപ്പ് യാഥാർഥ്യമാക്കിയതിന് തമീമിന് നന്ദിയറിയിച്ച് കട്ടൗട്ടുകളും ഉയർന്നു.

ബാനറുകളിലെ മാറ്റർ ഓരോ കളി തീരുന്തോറും ചിരിയുണർത്തുന്നതായി. Hexa is coming എന്നും പറഞ്ഞുവന്ന ബ്രസീൽ പാതിവഴിക്ക് മടങ്ങി. പോർച്ചുഗലിനും കിരീടത്തിനടുത്തെത്താനായില്ല. എതിർ ടീം ഗോളടിക്കണമെങ്കിൽ തന്നെ കൊല്ലണമെന്ന എമി മാർട്ടിനസിന്റെ പ്രസ്താവനയും ഫ്ളക്സായി ഉയർന്നിരുന്നു. ആദ്യ മത്സരത്തിൽ തന്നെ സഊദിയോട് രണ്ട് ഗോളും തോൽവിയും വഴങ്ങിയതോടെ അതും കൂട്ടച്ചിരിയായി മാറി. ആൽപ്‌സ് മലനിരകളും കടന്ന് ഞങ്ങൾ വന്നത് എന്നു തുടങ്ങുന്ന ജർമ്മനിയുടെ ഫ്ളക്സുകൾ ഗ്രൂപ്പ് റൌണ്ട് തീർന്ന മുറയ്ക്ക് ആലയുടെ മുകളിലേക്ക് ചേക്കേറി. അതിനിടെ പുള്ളാവൂരിലെ മെസ്സി കട്ടൗട്ട് നീക്കം ചെയ്യാൻ നിയമത്തിന്റെ വഴിക്കിറങ്ങിയ വക്കീലിന്റെ പബ്ലിസിറ്റി നാടകത്തെ ഫുട്ബോൾ ആരാധകർ ഒന്നായി കൂവിയോടിച്ചു.

ഒടുവിൽ സർക്കാർ നിർദേശാനുസരണം നീക്കം ചെയ്യുന്ന അവസാനത്തെ ബോർഡുകൾ അർജന്റീനയുടേതായി. തെരുവുകളിൽ വീണ്ടും നിഴലുകളഴിഞ്ഞുവീണ് വെളിച്ചം വന്നു തുടങ്ങിയിട്ടും രസമുള്ള ലോകകപ്പോർമ്മകൾ ബാക്കിയാകുന്നു, കൂറ്റൻ കട്ടൗട്ടുകൾ കണക്കെ മനസ്സിലിപ്പോഴും ഇഷ്ടതാരങ്ങളുടെ ലോകകപ്പ് നിമിഷങ്ങൾ പറ്റിപ്പിടിച്ചു നിൽക്കുന്നു.

ശുക്റൻ ഖത്തർ!!

“ദി വിന്നർ ഈസ് ഖത്തർ”

2010 ഡിസംബർ രണ്ടിന് ഫിഫ ആസ്ഥാനത്ത് അന്നത്തെ ഫിഫ പ്രസിഡന്റ് സെപ് ബ്ളാറ്ററുടെ പ്രഖ്യാപനത്തോടെ തുടങ്ങുന്നു ഖത്തർ ലോകകപ്പിലേക്കുള്ള നാൾവഴികൾ. ഒരു ഏഷ്യൻ-അറബ് രാജ്യമായത് കൊണ്ട് യൂറോപ്യൻ തത്പരകക്ഷികൾ സൃഷ്ടിച്ച പുകിലുകളെയെല്ലാം നിശ്ചയദാർഢ്യത്തോടെ മറികടന്നുകൊണ്ട് ഖത്തർ തങ്ങളിലേൽപിക്കപ്പെട്ട ദൗത്യത്തെ അതുല്യമായി പൂർത്തീകരിച്ചിരിക്കുന്നു. ഉദ്ഘാടന ചടങ്ങുകൾ മുതൽ സമാപനം വരെയും നല്ല വിശേഷങ്ങൾ ഖത്തറിൽ നിന്ന് പുറത്തു വന്നുകൊണ്ടിരുന്നു. അതിന് ശേഷവും സുഗന്ധമുള്ള ഓർമ്മകൾ പ്രസരിച്ചു കൊണ്ടേയിരിക്കുന്നു.

ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രം എന്ന ഖ്യാതിയുള്ള ഖത്തറിൽ നിന്ന് പലരും പ്രതീക്ഷിച്ചത് പനക്കൊഴുപ്പിന്റെ പ്രദർശനങ്ങൾ മാത്രമായിരുന്നു. എന്നാൽ സമ്പൽസമൃദ്ധിയേക്കാൾ സാംസ്കാരിക സമ്പന്നതയെ ഉയർത്തിക്കാട്ടാനാണ് ആതിഥേയരാഷ്ട്രം തുടക്കം മുതൽ ശ്രമിച്ചത്. വിഖ്യാത അഭിനേതാവ് മോർഗൻ ഫ്രീമാനും ഭിന്നശേഷിക്കാരനായ ഖത്തരി യുവസംരംഭകൻ ഗനീം അൽമുഫ്തഹും ചേർന്നുള്ള ഉദ്ഘാടന ചടങ്ങിലെ സംഭാഷണം അതിന്റെ മകുടോദാഹരണമായിരുന്നു. ലോകത്ത് നിലനിൽക്കുന്ന വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും, വിഘടനത്തിനും വർഗ്ഗീയതയ്ക്കും ഇന്ധനമാക്കുന്നതിനോടുള്ള സങ്കടമാണ് മോർഗന്റെ വാക്കുകളിൽ നിറഞ്ഞുനിന്നത്. അതിന് പരിഹാരം തേടിക്കൊണ്ടായിരുന്നു ഗനീമിനോട് അദ്ദേഹത്തിന്റെ ചോദ്യം. അതിന് മറുപടിയായി ഗനീം ഒരു ഖുർആൻ സൂക്തം പാരായണം ചെയ്യുകയാണ്: “മനുഷ്യരേ, നിങ്ങളെ നാം ഒരാണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ പല രാജ്യങ്ങളും ഗോത്രങ്ങളും ആക്കിത്തീർത്തത് നിങ്ങൾ പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണ്” എന്ന് വ്യാഖ്യാനിക്കാവുന്ന ഒരു സൂക്തം. തുടർന്ന് നടക്കുന്നതും ഖത്തറിന്റെ ആതിഥേയത്വത്തെ കുറിച്ച് പലരും പ്രകടിപ്പിച്ച ആശങ്കകൾക്കുള്ള മധുരോദാത്തമായ മറുപടികളാണ്. അതിരുകൾക്കെല്ലാമപ്പുറം നമ്മളെല്ലാം സഹോദരങ്ങളാണ് എന്ന് ഗനീം വിളംബരം ചെയ്യുന്നു.

ഖത്തറിന് എങ്ങനെ ലോകകപ്പ് ആതിഥേയത്വം ലഭിച്ചു എന്നതിന്റെ ഉത്തരം അതിനായി ബിഡ് നൽകുമ്പോൾ ശൈഖ മോസ ബിൻത് നാസർ നടത്തിയ പ്രസംഗത്തിലുണ്ട്:
ബഹുമാനപ്പെട്ട കമ്മിറ്റി മുൻപാകെ എനിക്ക് ഉന്നയിക്കാനുള്ളത് ഒരു ചോദ്യമാണ്. മധ്യപൗരസത്യ ദേശത്തേക്ക് ഫുട്‌ബോൾ ലോകകപ്പ് എന്നാണ് വിരുന്നുവരിക? ഞങ്ങളുടെ ലോകത്തിന്, ഞങ്ങളുടെ പ്രദേശത്തിന് ഈ ലോകമാമാങ്കം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് എപ്പോഴാണ് ബോധ്യപ്പെടുക?
ഖത്തറിനും റഷ്യക്കും ലോകകപ്പ് വേദികൾ അനുവദിക്കുമ്പോൾ, ഫുട്ബോളിന്റെ വികാസത്തെ പറ്റി പറഞ്ഞുകൊണ്ടും സന്തോഷം പങ്കുവെച്ചുമാണ് സെപ് ബ്ലാറ്റർ സംസാരിച്ചത്. റഷ്യക്കും ദക്ഷിണാഫ്രിക്കക്കും വേദി അനുവദിച്ച അതേ ന്യായത്താൽ തന്നെയാണ് ഖത്തറിനും വേദി ലഭിച്ചത്.

അവിടെ സങ്കുചിതത്വമുണ്ടോ? അസഹനീയമായ ചൂടുണ്ടോ? തീവ്രവാദമുണ്ടോ എന്നെല്ലാം ആശങ്കപ്പെട്ടാണ് ചിലരെങ്കിലും ഖത്തറിലേക്ക് കാലെടുത്തുവെച്ചത്. എല്ലാ ആശങ്കകളെയും ദൂരീകരിക്കുന്ന ആതിഥേയത്വമായിരുന്നു ഖത്തറിന്റേത്. സ്റ്റേഡിയത്തിന് സമീപത്ത് മിഠായിയും പാനീയങ്ങളുമായി, പുഞ്ചിരിയുമായി ഖത്തറിന്റെ ബാല്യം അതിഥികളെ എതിരേറ്റു. ഏറ്റവും മികച്ച സുരക്ഷയും താമസ സൗകര്യങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കളിപ്രേമികൾക്കായി ഒരുക്കി. ചൂടിനെ തണുപ്പിക്കാൻ സ്റ്റേഡിയങ്ങൾക്കകത്ത് കേന്ദ്രീകൃത ശീതീകരണ സംവിധാനം സ്ഥാപിച്ച് ഏവരെയും അമ്പരപ്പിച്ചു. മദ്യം ആവശ്യമുള്ളവർക്ക് താമസ സ്ഥലത്തും ഫാൻ പാർക്കുകളിലും അതിനായി സൗകര്യമുണ്ടാക്കി. പ്രഗത്ഭ കളിയെഴുത്തുകാരൻ ഡോ: മുഹമ്മദ് അഷ്‌റഫിന്റെ ഭാഷ കടമെടുത്താൽ, “മതപരവും സാംസ്കാരികവുമായ ആചാരങ്ങൾ കാരണം മത്സരങ്ങൾ ഒഴിവാക്കണമെന്ന് വാശിപിടിച്ചവർക്ക് ഓരോ ഗ്ലാസ് ഷാംപെയിൻ ഒഴിച്ചുകൊടുത്തു കൊണ്ടവർ പറഞ്ഞത്, “അസഹിഷ്ണുതയുള്ളവരല്ല തങ്ങളുടെ ജനത” എന്നായിരുന്നു. അതിഥികളുടെ ഏതാവശ്യവും അവർ നിറവേറ്റും. സന്ദർശകർക്ക് താമസ സ്ഥലങ്ങളിലും റെസ്റ്റോറന്റുകളിലും മദ്യം ഉപയോഗിക്കാം.”

ആതിഥേയത്വത്തിന് പേരുകേട്ട അറബ് പാരമ്പര്യത്തെ ഖത്തർ വെളിവാക്കിയപ്പോൾ, മറ്റു ഏഷ്യൻ രാജ്യങ്ങൾ കളത്തിനകത്ത് കളിമികവിനാൽ വിസ്മയങ്ങൾ കാണിച്ചു. ഓസ്‌ട്രേലിയ അടക്കം 3 എ എഫ് സി രാജ്യങ്ങൾ നോകൗട്ട് റൗണ്ടിൽ പ്രവേശിച്ചത് അതിന്റെ തെളിവായിരുന്നു. ഇക്കുറി കിരീടമണിഞ്ഞ അർജന്റീനയെ ആദ്യമത്സരത്തിൽ തന്നെ തോൽപിച്ച് സൗദി അറേബ്യയാണ് വിപ്ലവങ്ങൾക്ക് തുടക്കമിട്ടത്. ജർമനിയെയും സ്പെയിനിനെയും തകർത്ത് ജപ്പാൻ സമുറായികൾ ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിനെ ഏഷ്യയുടെ പേരിലേക്ക് എഴുതിച്ചേർത്തു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് അവർ മൂന്നാം സ്ഥാനക്കാരായ ക്രൊയേഷ്യയോട് അടിയറവ് പറഞ്ഞത്. വെയിൽസിനെ ഇറാൻ മടക്കിയപ്പോൾ സൗത്ത് കൊറിയ പോർച്ചുഗലിനെ വീഴ്ത്തിയതും ആവേശകരമായി. കളത്തിൽ മികച്ചു നിന്ന ജപ്പാൻ ടീം ഡ്രസിങ് റൂം വൃത്തിയാക്കി മാതൃകയായപ്പോൾ, ഗാലറി മലിനമുക്തമാക്കാൻ ജപ്പാൻ ആരാധകരും രംഗത്തിറങ്ങി. ഏഷ്യൻ രാജ്യങ്ങളുടെ മഹിതമായ സംസ്കാരത്തെ ലോകത്തിന് മുന്നിൽ ഒന്നുകൂടി ഉയർത്തിക്കെട്ടിയാണ് ജാപ്പനീസ് പോരാളികൾ തിരികെ വണ്ടികയറിയത്.

സെമി ലൈനപ് വന്നപ്പോൾ അതിലെ ശ്രദ്ധേയ സാന്നിധ്യം ആഫ്രിക്കൻ രാജ്യമായ മൊറോക്കോ ആയിരുന്നു. യാസീൻ ബോണോ എന്ന ഗോൾകീപ്പറുടെ മികവിൽ സാക്ഷാൽ റൊണാൾഡോയെയും മടക്കിയയച്ചാണ് അവർ സെമി പ്രവേശം സാധ്യമാക്കിയത്. ആദ്യമായി ലോകകപ്പ് സെമിയിലെത്തുന്ന ആഫ്രിക്കൻ രാഷ്ട്രമെന്ന ഖ്യാതി അതോടെ മൊറോക്കോ നേടി. അശ്റഫ് ഹക്കീമിയും സോഫിയാൻ ബൗഫലും അവരുടെ അമ്മമാർക്കൊപ്പം ആഹ്ലാദനൃത്തം ചെയ്തത് ലോകകപ്പിലെ സുന്ദരമായ കാഴ്ചകളിലൊന്നായി.

സംഭവം നടന്നത് ഖത്തറിലാണെങ്കിലും അക്ഷരാർഥത്തിലത് മലയാളികളുടെ കൂടി ലോകകപ്പായി. മിക്ക മലയാള മാധ്യമങ്ങളുടെ പ്രതിനിധികളും ഖത്തറിലേക്ക് പറന്നു. പ്രവാസികൾ കൂട്ടത്തോടെ ഗാലറി കയ്യടക്കി. നിരവധി മലയാളി ചെറുപ്പക്കാർ വോളന്റിയർ ടാഗുമായി നഗരങ്ങൾ കീഴടക്കി. ടിവിയിലും ഫോണിലും മാത്രം കണ്ടിരുന്ന മെസ്സിയും റൊണാൾഡോയും നെയ്മറും എംബാപെയുമടങ്ങുന്ന നക്ഷത്രങ്ങൾ മലയാളികളുടെ കണ്മുന്നിൽ പൂർണ്ണശോഭയോടെ, ഉടലോടെ പ്രത്യക്ഷരായി. ജീവിതാഭിലാഷമായി പലരും കരുതിപ്പോന്നിരുന്ന ലോകോത്തര താരങ്ങളെ കാണലും അവരുടെ കളി കാണലും ഒരു ഫിഫ ലോകകപ്പ് കാണലുമെല്ലാം ഖത്തർ ലോകകപ്പോടെ സാധ്യമായി. ഇതിനെല്ലാം പുറമേ, അർജന്റീനയ്ക്ക് ഏറ്റവുമധികം ആരാധകരുള്ള കേരളത്തിലുള്ളവർക്ക് അർജന്റീന ലോകകപ്പ് ജേതാക്കളാകുന്നത് നഗ്നനേത്രങ്ങളാൽ ദൃശ്യമായി.

യൂറോപ്പിന്റെ മുട്ടാപ്പോക്ക് വാദങ്ങളെല്ലാം എരിഞ്ഞടങ്ങിയ ഖത്തർ മണ്ണിൽ ഒടുക്കം ഒരു യൂറോപ്പേതര രാജ്യം കിരീടം ചൂടി. ലയണൽ മെസ്സിയെന്ന ലാറ്റിനമേരിക്കൻ ഫുട്ബോൾ ദേവൻ ഫിഫ ലോകകപ്പ് കിരീടം തൊട്ടു, ചുംബിച്ചു. ലോക ഫുട്ബോളിന്റെ പുതിയ ‘അമീറി’നെ പട്ടാഭിഷേകം ചെയ്യാൻ ഖത്തർ അമീർ തമീം അൽതാനി ‘ബിശ്ത്‌’ എന്ന പരമ്പരാഗത അറേബ്യൻ രാജകീയ മേൽക്കുപ്പായവുമായെത്തി. തമ്മിൽ തർക്കിക്കാനും തല്ലുകൂടാനുമല്ല, സംവദിക്കാനും ചേർന്നിരിക്കാനുമാണ് വൈവിധ്യങ്ങൾ എന്ന്, ഏഷ്യയും ലാറ്റിനമേരിക്കയും ചേർന്ന് ബിബിസി അടക്കമുള്ള യൂറോപ്യൻ മാധ്യമങ്ങളെ പഠിപ്പിച്ചു.

ഖത്തറിനെ ഉപരോധിച്ച് വിഷമവൃത്തത്തിലാക്കിയ ഗൾഫ് രാഷ്ട്രങ്ങളെ പരാമർശിക്കാതെ ഈ എഴുത്ത് പൂർണ്ണമാകില്ല. അന്ന് ഇച്ഛാശക്തി കൊണ്ട് പിടിച്ചുനിന്ന ഖത്തറിന് വേണമെങ്കിൽ ആ വിഷയം മനസ്സിൽ കൊണ്ടുനടക്കാമായിരുന്നു. എന്നാൽ സഊദി ജയിച്ചപ്പോൾ അവരുടെ സ്‌കാർഫ് ചുമലിലണിഞ്ഞ് ആഹ്ലാദത്തിൽ പങ്കുചേരുന്ന ഖത്തർ അമീർ ശൈഖ് തമീമിനെയാണ് ക്യാമറക്കണ്ണുകളിലൂടെ ലോകം ദർശിച്ചത്. സ്നേഹോഷ്മളതയുടെ, വിട്ടുവീഴ്ചയുടെ നയതന്ത്രപാഠങ്ങൾ കൂടിയാണ് ഖത്തർ ലോകത്തിന് പകർന്നത്.

മുൻധാരണകളുടെ മുഷിഞ്ഞ വാടയെ അകറ്റുന്ന സാംസ്കാരിക സുഗന്ധമാണ് ഖത്തറിൽ അതിഥികൾ അനുഭവിച്ചത്. സ്വദേശികളും പ്രവാസികളുമായ അവിടത്തുകാർ ആതിഥേയത്വത്തിന്റെ നവ്യാനുഭവമാണ് കാണികൾക്ക് സമ്മാനിച്ചത്. ലോകമാമാങ്കത്തിന് തിരശീല വീഴുമ്പോൾ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ അടക്കം ഗുഡ് സർട്ടിഫിക്കറ്റ് നേടിയാണ് ഖത്തർ മിഴിയടക്കുന്നത്. എക്കാലത്തെയും മികച്ച ലോകകപ്പാണിതെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും അടിവരയിടുന്നു. അതിഥികൾക്കും നല്ലതല്ലാത്തതൊന്നും പറയാനില്ല. ആരോപണങ്ങൾക്കും ആശങ്കകൾക്കും ആ കൊച്ചു ഏഷ്യൻ രാജ്യം നമുക്ക് കൂടി അഭിമാനമായ് ഉത്തരമേകിയിരിക്കുന്നു. സെപ് ബ്ലാറ്ററുടെ പ്രഖ്യാപനം ആവർത്തിക്കാം: “ദി വിന്നർ എസ് ഖത്തർ!”. ഹൃദയം ജയിച്ചവരേ, ശുക്റൻ!

റഫറൻസ്: ഖത്തർ ലോകകപ്പ് ഫുട്ബോൾ: കനൽവഴികൾ താണ്ടിയ വിസ്മയം/ഡോ: മുഹമ്മദ് അഷ്റഫ്

സുനിൽ ഛേത്രി: ആരവങ്ങൾക്കുടയവൻ

സുനിൽ ഛേത്രി: ആരവങ്ങൾക്കുടയവൻ

ചരിത്രം എവിടെയും നിശ്ചലമാകുന്നില്ല. അത് ഒഴുകിക്കൊണ്ടേയിരിക്കും. ഒഴുക്കിനെ അതിജീവിക്കുന്ന, നിത്യതയിൽ വസിക്കുന്ന കുറേ പാറക്കല്ലുകളെ നമുക്ക് ചരിത്രത്തിൽ കാണാം. കാലം അവരെ തേച്ചു മിനുക്കുകയേ ഉള്ളൂ. കല്ലുകൾ വെള്ളാരങ്കല്ലുകളായി മാറുന്നത് പോലെ… വീഞ്ഞ് പഴകുമ്പോൾ വീര്യമേറുന്നത് പോലെ…

ഇന്ത്യൻ ഫുട്ബോളിൽ ഏറെ കഥകൾ നടന്നു. ഒളിമ്പിക്‌സ്, ഏഷ്യൻ ഗെയിംസ്, ലോകകപ്പിലേക്കുള്ള ക്ഷണം… അതേപോലെ വ്യക്തികളും. സയ്യിദ് റഹീം നബി, നെവിൽ, വിജയൻ, ബൂട്ടിയ, ഛേത്രി…
ഛേത്രി! ആ നാമത്തിൽ കാലം പോലും കുരുങ്ങിക്കിടന്നേക്കും. ഒരുനിമിഷം രോമാഞ്ചം പൂണ്ട് ഒഴുകാൻ മറന്നേക്കും. അന്താരാഷ്ട്ര ഫുട്ബാളിലെ ഏറ്റവും വലിയ ഗോൾ സ്‌കോറേഴ്‌സിലൊരാൾ എന്ന അസൂയാവഹമായ നേട്ടം ഒരിന്ത്യക്കാരന്റെ കയ്യിലാണെന്ന വസ്തുത കാലങ്ങളെ അതിജയിക്കുമെന്നത് തീർച്ചയും മൂർച്ചയുമുള്ള സത്യമാണ്.

അയാൾക്ക് കളി പഠിക്കാൻ ബാഴ്സയുടെ ലാമാസിയ കളിമുറ്റമുണ്ടായിരുന്നില്ല. വളർത്താൻ യൂറോപ്പിന്റെ ദ്രോണാചാര്യന്മാരുണ്ടായിരുന്നില്ല. അരങ്ങൊരുക്കാൻ മുച്ചൂടും മുടിഞ്ഞ aiff അല്ലാതെ മറ്റൊരു ലാവണമുണ്ടായിരുന്നില്ല. എന്നിട്ടുമയാൾ തൊടുത്ത ബാണങ്ങൾ വൈജയന്തിയായി വലകളെ ഭേദിച്ചു. കാലത്തോടയാൾ സദാ പുഞ്ചിരിച്ചു. യുദ്ധക്കളത്തിൽ ഒറ്റക്കൊരു ഭീമസേനനായി. ആരും മുന്നിൽ നിൽക്കാനില്ലാത്തപ്പോൾ ഭാരം ചുമലിലേറ്റിയ ആഞ്ജനേയനായി. മടുപ്പില്ലാത്ത കടലിനെപ്പോലെ, സദാ വലക്കണ്ണികളിൽ മുത്തമിടുന്ന ഗോളുകൾക്ക് പിന്നിലെ പതിനൊന്നാം കുപ്പായക്കാരനായി.

അയാളാർക്കും സമനല്ല. റൊണാൾഡോയോ മെസ്സിയോ ഛേത്രിയല്ല എന്നതുപോലെ, ഛേത്രി അവരുമല്ല. ഛേത്രി ഛേത്രിയാണ്. അയാൾക്ക് മാത്രം വരക്കാനാവുന്ന അഴകാർന്ന ചരിത്രം കോറിയിട്ട കലാകാരൻ. കഷ്ടപ്പാടിന്റെ പരാതിക്കെട്ടഴിക്കാതെ ഒറ്റക്കൊരു സാമ്രാജ്യം പണിതുയർത്തിയ അതികായൻ. ഉണക്കപ്പുല്ലിലും, കുത്തഴിഞ്ഞ ഫെഡറേഷന് കീഴിലും, പരിമിതികളേറെയുള്ള ക്ലബുകളിലും പന്തുതട്ടി യൂറോപ്പിലും അമേരിക്കയിലും പാദമുദ്ര പതിപ്പിച്ച ഒറ്റയാൻ. ആരവങ്ങൾ കേട്ടല്ല അയാൾ ഗോളുകൾ വർഷിച്ചത്. സദാ തീ തുപ്പുന്ന പാദങ്ങളുടെ ഉടമയെ തേടിയെത്തുകയായിരുന്നു ആരവങ്ങൾ.

വീണ്ടുമൊരു ലോകകപ്പ് കാലം മുന്നിലെത്തുമ്പോൾ, ഛേത്രിയുടെ കട്ടൗട്ടുകളും പ്രതീക്ഷയെ പേറുന്ന വാചകങ്ങളും കാണുമ്പോൾ ചുണ്ടുകോട്ടുന്നവരുണ്ട്. അവരോട് പറയാനുള്ളത് ഛേത്രിയെ കുറിച്ച് ഈ ലോകകപ്പ് കാലത്ത് ഫിഫ ഒരു ഡോക്യൂമെന്ററി പുറത്തിറക്കി എന്നതാണ്. അയാളൊരിക്കൽ പോലും പന്തുതട്ടിയിട്ടില്ലാത്ത ലോകവേദിക്ക് പോലും അയാളെ അവഗണിക്കാൻ കഴിയുന്നില്ലെന്നതാണ്.

കിക്കുകളുടെ അസാധ്യതയിലോ പേരെടുത്ത പെരുമകളിലോ അല്ല അയാളെ വിലയിരുത്തേണ്ടത്. അയാൾ എവിടുന്ന് കേറിവന്നു എന്നത് നോക്കിയാണ്. അന്താരാഷ്ട്ര ഗോൾ സ്കോറിങ്ങിന്റെ നെറുകയിൽ പാദമൂന്നുമ്പോൾ ഛേത്രിയുടെ കാലുകൾ നിറയെ, കാലങ്ങളായി ചവിട്ടിക്കേറി വന്ന ചരൽക്കല്ലുകളുടെ വടുക്കളാണ്. ആ കാലുകളിൽ ഉണങ്ങിത്തീരാത്ത മുറിവുകൾക്കെല്ലാം, ഒരു ഇന്ത്യൻ ഫുട്ബോളറുടെ അവിശ്വസനീയമായ കഥകൾ പറയാനുണ്ട്.ആ കഥകളറിയുന്നവർ അയാളെ വാഴ്ത്തും, അപദാനങ്ങൾ പാടും, കട്ടൗട്ടുകൾ ആകാശമുയരെ ഉയർത്തും. അയാളുടെ വിലാസം ഇന്ത്യയാണെന്നതിലുപരി, ഇന്ത്യയുടെ വിലാസമാണയാൾ.

ആവനാഴിയൊഴിയാത്ത അമരക്കാരനേ, അരുണനും തിങ്കളുമായവനേ, ആരവങ്ങൾക്കുടയവനേ, അനുപമതാരകമേ… ഞങ്ങളെ ഇനിയുമിനിയും അലംകൃത മുഹൂർത്തങ്ങളാൽ വിരുന്നൂട്ടിയാലും.

ഒഡീഷയുടെ ഓർമ്മപ്പെടുത്തലുകൾ | കലിംഗ കനവുകൾ

ഇന്ത്യ ആതിഥ്യമരുളിയ രണ്ടാമത്തെ ഫിഫ ലോകകപ്പിന് പരിസമാപ്തിയായിരിക്കുന്നു. അണ്ടർ 17 വനിതാ ലോകകപ്പിന് തിരശ്ശീല വീഴുമ്പോൾ സ്പാനിഷ് പെൺകുട്ടികൾ കപ്പിൽ മുത്തമിട്ടു. ഇന്ത്യ പങ്കെടുത്ത രണ്ടാമത്തെ ഫിഫ ലോകകപ്പ് എന്ന പ്രത്യേകതയാൽ ഈ ടൂർണമെന്റ് വേറിട്ടുനിൽക്കുന്നു; വലിയ ജനപ്രീതിയൊന്നും നേടാനായില്ലെങ്കിലും.

ഇന്ത്യയെ തേടിവന്ന ലോകകപ്പല്ലേ, എങ്ങനെ കാണാതിരിക്കും എന്ന ചിന്തയിലാണ് ഭുവനേശ്വറിലേക്ക് വണ്ടി കയറിയത്. നാലും മൂന്നും ഏഴ് ഹിന്ദി വാക്കുകളും സുഹൃത്ത് സുഫിയാനുമായിരുന്നു പോകുമ്പോൾ കൂടെ. ഒക്ടോബർ 9 ന് യാത്ര തിരിച്ച ഞങ്ങൾക്ക് ഇന്ത്യ-യുഎസ്എ, യുഎസ്എ-ബ്രസീൽ, ഇന്ത്യ-മൊറോക്കോ മൽസരങ്ങൾ കാണാൻ കഴിഞ്ഞു. ജീവിതത്തിലാദ്യമായി ഒരു ഫിഫ ലോകകപ്പ് കാണാൻ കഴിഞ്ഞു എന്ന നിർവൃതി ഒരുവശത്ത്. ചറപറ ഗോളുകൾ കണ്ടു എന്നത് വേറൊന്ന് (ഗോളുകൾ ഒട്ടുമുക്കാലും ഇന്ത്യയുടെ വലയിലാണ് കേറിയതെങ്കിലും).

വനിതാ ഫുട്ബോൾ ഇന്ത്യയിൽ അത്യുന്നതിയിൽ നിൽക്കുന്ന ഘട്ടമായത് കൊണ്ടുതന്നെ, കൊള്ളാവുന്ന മത്സരഫലങ്ങൾ പ്രതീക്ഷിച്ചിരുന്നു. കുറഞ്ഞത് ഒരു ഗോളെങ്കിലും ടൂർണമെന്റിൽ സ്‌കോർ ചെയ്യാനാവും എന്ന പ്രതീക്ഷയും ഉണ്ടായിരുന്നു. എന്നാൽ ആദ്യമത്സരത്തിൽ തന്നെ കളിമറന്ന ഇന്ത്യയെയാണ് കാണികൾ വീക്ഷിച്ചത്. രണ്ടാമങ്കത്തിൽ ഭേദപ്പെട്ട പ്രകടനമായിരുന്നെങ്കിലും അവസാന മത്സരത്തിലും വൻതോൽവി ഏറ്റുവാങ്ങി. മൂന്ന് കളികളിൽ നിന്നായി 16 ഗോളുകൾ വലയിൽ! ഒറ്റയെണ്ണം തിരിച്ചടിക്കാൻ കഴിഞ്ഞില്ല നീലക്കുപ്പായക്കാർക്ക് എന്നത് വലിയ നിരാശയായി.

ഒഡീഷ സർക്കാർ സ്പോർട്സിന് നൽകുന്ന സഹകരണം സുവിദിതമാണല്ലോ. ഹോക്കി, ഫുട്ബോൾ ടീമുകൾക്ക് സ്പോൺസർഷിപ്പടക്കം കലവറയില്ലാത്ത പിന്തുണയാണ് നവീൻ പട്‌നായിക് സർക്കാർ നല്കിവരുന്നത്. കലിംഗ സ്റ്റേഡിയത്തിനടുത്തുള്ള ബസ് സ്റ്റോപ്പുകളെല്ലാം ലോകകപ്പ് പരസ്യങ്ങളാൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. വഴിനീളെ ജ്വല്ലറി പരസ്യങ്ങളെ അനുസ്മരിപ്പിക്കും വിധം ലോകകപ്പ് ബിൽബോർഡുകൾ. ലോകകപ്പ് ഉദ്‌ഘാടന വേളയിലും മുഖ്യമന്ത്രി സന്നിഹിതനായിരുന്നു. ‘Odisha: India’s Best Kept Secret’ എന്ന ക്യാപ്ഷൻ മിക്ക ഇന്ത്യക്കാരും കണ്ടിട്ടുള്ളത് ദേശീയ ടീമുകളുടെ ജേഴ്സിയിലായിരിക്കും എന്നത് ആശ്ചര്യമുള്ളൊരു കാര്യമല്ല.

ഡൽഹി ഡൈനാമോസ് സാമ്പത്തിക പ്രതിസന്ധിയാൽ പുതിയ തട്ടകം അന്വേഷിച്ചപ്പോൾ കണ്ണിലുടക്കിയത് ഒഡിഷയായിരുന്നുവെന്നത് നമുക്കറിയാം. ഇക്കഴിഞ്ഞ ഇന്ത്യൻ വുമൺസ് ലീഗിൽ ഒഡിഷയിലെ 3 ടീമുകളാണ് പന്തുതട്ടിയത്. ഒഡീഷ എഫ്‌സിയുടെ വനിതാ ടീം കൂടി രൂപീകരിക്കപ്പെട്ടിരിക്കുകയാണിപ്പോൾ. ആദ്യ സൈനിങ്ങായി അവരുടെ ലോക്കൽ ഹീറോയിൻ കൂടിയായ ദേശീയ താരം പ്യാരി സാക്സയെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

രസകരമായ ഒരുപിടി അനുഭവങ്ങളും ഒഡിഷയിൽ നിന്ന് മടങ്ങുമ്പോൾ മനസ്സിലുണ്ട്. ഇംഗ്ലീഷ് തീരെ അറിയാത്ത ധാരാളം സാധാരണക്കാരുണ്ടിവിടെ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മലയാളികൾ വളരെ കുറവുമാണ്. ഹിന്ദി അറിയാതെ കേരളത്തിന് പുറത്തു പോകുന്നത്‌ വളരെ പ്രയാസമുള്ള അനുഭവമായിരിക്കുമെന്ന് ഒഡീഷ യാത്ര പലവുരു ഓർമ്മിപ്പിച്ചു. അവിടുത്തെ രുചികളും വേഗത്തിൽ ഞങ്ങളെ മടുപ്പിച്ചു. യാത്ര തിരിക്കുന്നതിന് മുൻപായി പുരി ജഗന്നാഥ ക്ഷേത്രവും കൊണാർക്ക് സൺ ടെംപിളും കണ്ടു. പൗരാണിക ഇന്ത്യയുടെ വാസ്തു വിസ്മയങ്ങൾ!

ഒരു ഗോളെങ്കിലും തിരിച്ചടിച്ചിരുന്നെങ്കിൽ എന്ന പരിഭവം തന്നെയാണ് മനസ്സിനെ മഥിക്കുന്നത്. എത്ര വാങ്ങിക്കൂട്ടിയാലും സാരമില്ലായിരുന്നു. മൊറോക്കോയ്ക്കെതിരെയെങ്കിലും ഒരു ഗോളടിച്ചിരുന്നെങ്കിൽ! ആയൊരു നിമിഷം മതിയായിരുന്നു കാലങ്ങളോളം അതീവസന്തോഷത്തോടെ ഒഡീഷ യാത്രയെ ഓർത്തിരിക്കാൻ. ജീക്സൻ സിങ് അണ്ടർ 17 ലോകകപ്പിൽ കൊളംബിയക്കെതിരെ ഗോളടിച്ചത് ഓർമ്മവരുന്നു. അങ്ങനെയൊരു നിമിഷം ഒഡിഷയിൽ സംഭവിച്ചില്ല എന്നതാണ് മടക്കവണ്ടിയിലെ ഏറ്റവും വലിയ നിരാശ.

എങ്കിലും ഇന്ത്യ ഒരു ലോകകപ്പ് കൂടി കളിച്ചിരിക്കുന്നു. ഇതെഴുതുന്നയാളെ സംബന്ധിച്ചിടത്തോളം സ്വകാര്യ സന്തോഷമായി ഒരു ഫിഫ ലോകകപ്പിന് സാക്ഷിയായിരിക്കുന്നു. ഇതിലും മികച്ച മത്സരഫലങ്ങൾ ഭാവിയിൽ വരുമായിരിക്കും. വരിക തന്നെ ചെയ്യും. പ്രതീക്ഷയില്ലാതെ എന്ത് ഫുട്ബോൾ!
മംഗളൂരു സെൻട്രൽ എക്സ്പ്രസ് പയ്യെ നിലച്ചു. സാധനങ്ങൾ നിറഞ്ഞ ബാഗും ഓർമ്മകൾ തുളുമ്പുന്ന ഹൃദയവുമായി ഞാൻ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു.

മനം കവരുന്ന മാറ്റങ്ങൾ: ഈ ടീമിൽ പ്രതീക്ഷയുണ്ട് | കലിംഗ കനവുകൾ

ഗ്രൂപ്പിലുള്ളതിൽ വെച്ച് കടുപ്പം കുറഞ്ഞ എതിരാളികളാണ് മൊറോക്കോ എന്നതിനാൽ, ഒരല്പം പ്രതീക്ഷയോടെയാണ് കലിംഗ സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചത്. വഴിയിൽ ജേഴ്സിയും റിബണുമൊക്കെ വിൽക്കുന്ന ഒന്നുരണ്ടുപേർ. കോപ്പി എങ്കിൽ കോപ്പി, ഇന്ത്യയുടെ ഒരു ജേഴ്സി വാങ്ങാമെന്ന് വിചാരിച്ച് അടുത്തേക്ക് നടന്നു. നോക്കുമ്പോൾ ഇന്ത്യയുടെ ക്രിക്കറ്റ് ജേഴ്സി! തൊപ്പിയും ബി സി സി ഐ മുദ്രണം പതിച്ചത് തന്നെ. ഇതൊക്കെ വാങ്ങി സ്റ്റേഡിയത്തിലേക്ക് പോവുന്ന ആൾക്കാരും ഉണ്ടായിരുന്നു എന്നതാണ് അതിലേറെ തമാശ. സ്റ്റേഡിയം പരിസരത്ത് ഫിഫ സ്റ്റോർ കണ്ട് പ്രതീക്ഷയോടെ അങ്ങോട്ട് നീങ്ങി. അവിടെ സ്പെയിന്റെയും മറ്റു ചില രാജ്യങ്ങളുടെയും ടി ഷർട്ടുകൾ മാത്രം. ഇന്ത്യയുടേതായി ഒന്നുമില്ല. സ്പെയിനൊന്നും ഭുബനേശ്വറിൽ കളിക്കുന്നില്ലെന്നത് മറ്റൊരു കോമഡി. വഴിയോരക്കച്ചവടക്കാർ മുതൽ ഫിഫക്ക് വരെയും അയിത്തമുള്ള സംഗതിയായി ഇന്ത്യൻ ഫുട്ബോൾ മാറിപ്പോയി എന്ന സങ്കടത്തോടെ ഗാലറിയിലേക്ക് പ്രവേശിച്ചു.

ഗോൾകീപ്പർ അടക്കം ചില മാറ്റങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ തീർത്തും നിസ്സഹായയായിപ്പോയ അഞ്ജലി മുണ്ടക്ക് പകരം മെലഡി ചാനു. കളി തുടങ്ങി ആദ്യമിനിറ്റുകളിൽ തന്നെ ഇന്ത്യൻ സംഘം തങ്ങളെത്രത്തോളം മാറിയെന്ന് മൊറോക്കോയെയും കാണികളെയും കാണിച്ചു. ഭയമേതുമില്ലാതെ എതിരാളികളെ പ്രതിരോധിക്കാനും ആക്രമിക്കാനും പന്ത് കാലിൽ വെക്കാനും തുനിയുന്ന ഇന്ത്യയെയാണ് ആദ്യപകുതിയിൽ ദർശിച്ചത്‌. മൊറോക്കോയുടെ കീപ്പർക്ക് പലതവണ സേഫ്‌സോൺ വിട്ട് പുറത്തിറങ്ങേണ്ടിവന്നു. കഴിഞ്ഞ തവണ അമേരിക്കൻ കീപ്പർക്ക് പണിയേ ഇല്ലായിരുന്നുവെങ്കിൽ ഇത്തവണ നേരെ വിപരീതമായിരുന്നു അവസ്ഥ. ബ്ലൂപിൽഗ്രിംസിനൊപ്പം ചേർന്ന് ഞങ്ങളും ഇന്ത്യക്കായി ഗാലറിയിൽ ഇടവേളകളില്ലാതെ ആരവം വിതച്ചു. ആദ്യപകുതിയിൽ പിരിയുമ്പോഴുണ്ടായിരുന്ന 0-0 എന്ന സ്‌കോർ ലൈൻ തന്നെയായിരുന്നു ഇന്ത്യൻ സംഘം നേടിയെടുത്ത പുരോഗതിയുടെ സർട്ടിഫിക്കറ്റ്. കഴിഞ്ഞ മത്സരത്തിൽ ഇത് 0-5 ആണെന്നുകൂടി ഓർക്കണം.

രണ്ടാം പകുതിയിലെ നശിച്ച ഒരു പെനാൽറ്റിയിൽ നിന്നാണ് അഭിശപ്ത നിമിഷങ്ങളുടെ ആരംഭം. അനാവശ്യമായി പെനാൽറ്റി വഴങ്ങിയ ഇന്ത്യ മത്സരത്തിൽ ആദ്യമായി പുറകോട്ടുപോയി. അതുവരെ അഭേദ്യമായി നിലകൊണ്ട മെലഡിയുടെ കൈകൾ ചോർന്നുതുടങ്ങിയ നിമിഷംകൂടിയായിരുന്നു അത്. ഒരു ഈസി ഗോൾ കൂടി വലയിൽ കേറിയതോടെ മൊറോക്കോയുടെ ആക്രമണങ്ങൾ തുടരെത്തുടരെയായി. ഇടയിൽ ഇന്ത്യയ്ക്ക് ലഭിച്ച മികച്ച ഒരവസരത്തോടൊപ്പം പുറത്തേക്ക് പോയത് ബോൾ മാത്രമായിരുന്നില്ല, മത്സരത്തിൽ ഇന്ത്യയ്ക്ക് തിരിച്ചുവരാനുള്ള സാധ്യത കൂടിയായിരുന്നു. ഇഞ്ചുറി ടൈമിൽ ഒരുഗോൾ കൂടിവീണതോടെ ചിത്രം പൂർണ്ണമായി.

0-3 എന്ന സ്‌കോർ ന്യായീകരണങ്ങൾക്ക് പഴുതില്ലാത്ത തോൽവി തന്നെയാണ്. എങ്കിലും ഡെന്നർബി പറഞ്ഞത് പോലെ ഇന്ത്യയുടെ കുട്ടികൾ അഭിമാനിക്കാവുന്ന പ്രകടനം കാഴ്ചവച്ചു. കോച്ചിന്റെ അഭിപ്രായത്തിൽ ഇന്ത്യ മെച്ചപ്പെടാനുള്ളത് ശാരീരിക ക്ഷമതയിലല്ല, സാങ്കേതികതയിലാണ്. ഇന്ത്യൻ താരങ്ങളെ തട്ടി പലതവണ മൊറോക്കോയുടെ പെൺകുട്ടികൾ തെറിച്ചുവീണതും കോച്ചിന്റെ നിരീക്ഷണത്തെ സാധൂകരിക്കുന്നു. കഴിഞ്ഞമത്സരത്തിൽ പാലിച്ച ‘അഹിംസ’ നയം വിട്ടിറങ്ങിയ ഇന്ത്യൻ താരങ്ങൾ ‘ഭഗത് സിംഗ് ലൈനി’ലേക്ക് ഗിയർ മാറ്റുന്നതിനും മത്സരം സാക്ഷിയായി. അനാവശ്യ ബഹുമാനം കാണിക്കാതെ മടിയില്ലാതെ നമ്മുടെ താരങ്ങൾ എതിരാളികളെ സമീപിച്ചു.

ബ്രസീലിനെതിരെ ഇതിലേറെ തൃപ്തിപ്പെടുത്തുന്ന പ്രകടനം പ്രതീക്ഷിക്കുന്നു; അതൊട്ടും എളുപ്പമല്ലെങ്കിലും. യാഥാർഥ്യ ബോധത്തോടെ, സ്ഥിരോത്സാഹത്തോടെ നമ്മുടെ കുട്ടികളെ മുന്നോട്ടു നടത്തുന്ന ഡെന്നർബിക്ക് അതിനു കഴിയട്ടെ.

തോറ്റാൽ മടക്കം: ഇന്ത്യയ്ക്കിന്ന് ജീവന്മരണ പോരാട്ടം | കലിംഗ കനവുകൾ

അണ്ടർ 17 ഫിഫ വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്കിന്ന് രണ്ടാം മത്സരദിനം. ആദ്യമത്സരത്തിൽ ലോകോത്തര സംഘമായ അമേരിക്കയോട് എതിരില്ലാത്ത എട്ട് ഗോളുകൾ വഴങ്ങിയതിന്റെ ക്ഷീണവും ഭാരവും താഴെയിറക്കിയാണ് ഇന്ത്യയ്ക്ക് മൊറോക്കോയെ നേരിടേണ്ടത്. ആദ്യമത്സരത്തിൽ ബ്രസീൽ ആയിരുന്നു മൊറോക്കോയുടെ എതിരാളികൾ. എതിരില്ലാത്ത ഒരു ഗോൾ മാത്രമാണ് അവർ സാംബ നർത്തകരോട് വഴങ്ങിയത്. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കിന്നും നേരിടേണ്ടത് ചെറിയ ടീമിനെയല്ല എന്ന് അനുമാനിക്കാം.

അമേരിക്കയ്ക്കെതിരെ കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് തങ്ങളുടെ പ്ലാനിന്റെ ചെറിയ അംശങ്ങളല്ലാതെ മറ്റൊന്നും കളത്തിൽ കാണിക്കാൻ സാധിച്ചില്ലെന്നത് വ്യക്തമാണ്. 79% ബോൾ പൊസിഷൻ അമേരിക്കയ്ക്കായിരുന്നു എന്ന കണക്ക് തന്നെ അമേരിക്കയുടെ സർവ്വാധിപത്യത്തെ വെളിപ്പെടുത്തുന്നു. ഇന്ത്യൻ കുട്ടികളുടെ കാലിലേക്ക് പന്തെത്തിയാൽ തന്നെ ഉടനടി റാഞ്ചിയെടുക്കുന്നതിലും യാങ്കിപ്പട വിജയം കണ്ടെത്തി. നീണ്ട കാലുകളിൽ അപാരമായ പന്തടക്കം പ്രകടിപ്പിച്ച അമേരിക്കൻ സംഘം എല്ലാ അർത്ഥത്തിലും ഇന്ത്യയെ ഹതാശരാക്കിയിരുന്നു. നേഹയുടെയും ലിൻഡ കോമിന്റെയും ഒറ്റപ്പെട്ട ആക്രമണ നീക്കങ്ങൾ മാത്രമായിരുന്നു കാണികൾക്ക് ആശ്വസിക്കാനുണ്ടായിരുന്നത്.

ഇന്ത്യയ്ക്ക് അവസാന മത്സരം.ബ്രസീലിനെതിരെയാണ് എന്നതുകൊണ്ടുതന്നെ, എല്ലാ കഴിവും പുറത്തെടുക്കേണ്ട മത്സരമാണിന്ന് മൊറോക്കോയ്ക്കെതിരെ നടക്കുന്നത്. ഒരു സമനില ലഭിച്ചാൽ, ഒരു ഗോളടിക്കാൻ കഴിഞ്ഞാൽ അതുതന്നെ വിജയമായി കാണാൻ യാഥാർഥ്യ ബോധമുള്ള ആരാധകർ തയ്യാറാകും. ആതിഥേയ രാഷ്ട്രമാണ് എന്നതുകൊണ്ടുതന്നെ, പ്രതീക്ഷയുടെ അമിതഭാരം ഇന്ത്യൻ കുട്ടികൾക്ക് മേലെയില്ല. ഉള്ളതോ, ലോകം ഉറ്റുനോക്കുന്ന ടൂർണമെൻറിൽ ഏറ്റവും മികച്ച പ്രകടനം നടത്തി വലിയ ക്ലബുകളുടെ ശ്രദ്ധയാകർഷിക്കാനും ദേശീയ സീനിയർ ടീമിൽ ഇടം പിടിക്കാനുമുള്ള അവസരവും.

മൊറോക്കോയ്ക്കെതിരെയുള്ളത് മികച്ച അവസരമാണെന്നാണ് ഇന്ത്യൻ കോച്ച് തോമസ് ഡെന്നർബി വിലയിരുത്തുന്നത്. ഗോളടിക്കാനും പോയിന്റ് സ്വന്തമാക്കാനും കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്. അതാത് നിമിഷങ്ങളിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയാതിരുന്നതാണ് യു എസ് എക്കെതിരെ സംഭവിച്ചതെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. മൊറോക്കോയുടെ കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തെ പ്രശംസിക്കാനും ഡെന്നർബി മറന്നില്ല. ബോൾ ഹോൾഡ് ചെയ്യാൻ അറച്ചു നിൽക്കുകയാണെങ്കിൽ തോൽവി സുനിശ്ചിതമാണെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നു. കഴിഞ്ഞ മത്സരത്തിൽ കാണികൾക്ക് നിരാശ സമ്മാനിച്ചെങ്കിലും, ഇത്തവണ ഇന്ത്യയ്ക്ക് മികച്ച ബ്രാൻഡ് ഓഫ് ഫുട്ബോൾ കളിക്കാൻ സാധിക്കുമെന്ന് ബോധ്യപ്പെടുത്തുന്ന പ്രകടനം നടത്താനാണ് ഡെന്നർബിയുടെ ആഗ്രഹവും പരിശ്രമവും. അദ്ദേഹത്തിനും കുട്ടികൾക്കും അതിനായി സാധിക്കട്ടെ എന്ന് നമുക്കും പ്രതീക്ഷ വെക്കാം. ഞങ്ങൾ നിലാദ്രി വിഹാറിലെ ആദിത്യ റെസിഡൻസിയിൽ നിന്നും ഇറങ്ങുകയാണ്. രാത്രി 8 മണിക്ക് ടി.വി ക്ക് മുന്നിൽ നിങ്ങളും ഉണ്ടാവുമല്ലോ.

പ്യാരിയും മാനിസയും: ഒഡീഷയുടെ പവിഴങ്ങൾ

കലിംഗ സ്റ്റേഡിയത്തിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള പുരിയിലെ ഗോൾഡൻ ബീച്ചിലായിരുന്നു ഇന്നലത്തെ സായാഹ്നം. സൂര്യനസ്തമിക്കുമ്പോൾ ഉണരുന്ന തെരുവ്. രാത്രിയായിത്തുടങ്ങുമ്പോൾ ഓരോരോ വർണ്ണക്കുടകൾ കടപ്പുറത്ത് വിരിഞ്ഞു തുടങ്ങുന്നു. വെളിച്ചം കൂടി പരക്കുന്നതോടെ നാട്ടിലെ ഉത്സവങ്ങളെ അനുസ്മരിപ്പിക്കുന്ന വാണിജ്യസ്റ്റാളുകൾ അവിടെ ദൃശ്യമാകും. ഞങ്ങൾ ചായ വാങ്ങി അങ്ങോട്ടേക്ക് നടന്നു. മടുപ്പില്ലാതെ ആൾക്കാരെ ഉല്ലസിപ്പിച്ചു കൊണ്ടേയിരിക്കുന്ന കടൽ. തളർച്ചയില്ലാത്ത തിരമാലകൾ. വനിതാ ലോകകപ്പ് കാണാനെത്തിയ ഞങ്ങളോട് കടലമ്മ ഒഡീഷയുടെ അഭിമാന ഭാജനങ്ങളെ കുറിച്ച് വാചാലയായി. പ്യാരി സാക്സ, മാനിസ പന്ന… ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യങ്ങൾ.

ഇന്ത്യൻ വുമൺസ് ലീഗിന്റെ കന്നി സീസണിൽ റൈസിംഗ് സ്റ്റുഡന്റ്സ് ക്ലബിനായാണ് പ്യാരി പന്തുതട്ടിയത്. 11 മത്സരങ്ങളിൽ നിന്നായി 14 ഗോളുകളടിച്ചുകൂട്ടിയാണ് അവർ വരവറിയിച്ചത്. ഇക്കഴിഞ്ഞ സീസണിൽ സ്പോർട്സ് ഒഡീഷയ്ക്കായി 10 മത്സരങ്ങളിൽ 12 ഗോളുകൾ. വേഗതയാർന്ന ചുവടുകളാൽ ‘ഫെറാരി’ എന്ന ഇരട്ടപ്പേരും ഈ താരം സമ്പാദിച്ചിട്ടുണ്ട്. ദേശീയ അണ്ടർ 19 ടീമിൽ കളിച്ച ശേഷം തന്റെ 18ആം വയസ്സിൽ തന്നെ സീനിയർ ടീമിനായി അരങ്ങേറാൻ അവർക്ക് കഴിഞ്ഞു. 19 മത്സരങ്ങളിൽ നിന്നായി 7 ഗോളുകൾ നീലക്കുപ്പായത്തിൽ നേടിയിട്ടുണ്ട്. പുത്തൻ ടീമായ ഒഡീഷ എഫ്സി വനിതാ ടീമിനായാണ് ഈ 25കാരി വരുംസീസണിൽ കളത്തിലിറങ്ങുക.

തിരയൊടുങ്ങാത്ത കടൽ പോലെ പ്രതിസന്ധികൾ വേട്ടയാടിയ ജീവിതച്ചുഴികളെ അതിജീവിച്ചാണ് മാനിസ പന്ന ഇന്ന് നമ്മളറിയുന്ന താരമായി മാറിയത്. ഗ്രാമത്തിൽ ഫുട്ബോൾ കളിക്കുന്ന പെൺകുട്ടികളാരും ഇല്ലാത്തതിനാൽ ആൺകുട്ടികളോടൊപ്പം പന്തുതട്ടിപ്പഠിച്ച ബാല്യം. അച്ഛനായിരുന്നു ആദ്യ പരിശീലകൻ. അദ്ദേഹത്തിന്റെ കാലശേഷവും മാനിസ ഫുട്ബോൾ മോഹങ്ങളുമായി മുന്നോട്ടുനീങ്ങി. കുടുംബത്തിലും അയല്പക്കങ്ങളിലും അപസ്വരങ്ങൾ മുറുമുറുത്തെങ്കിലും, പത്രത്തിലൊക്കെ പേര് വന്ന ശേഷം അവരെല്ലാവരും അംഗീകരിച്ചെന്ന് മാനിസ പറയുന്നു. മുത്തശ്ശിയാണ് അവർക്ക് ഏറ്റവുമധികം പിന്തുണ നൽകിയത്. മൂന്നുനേരം പശിയടക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിലും, സ്വന്തം താത്പര്യങ്ങളുമായി മുന്നോട്ടു നീങ്ങാൻ മുത്തശ്ശി പ്രചോദനം തന്നെന്ന് ഈ മുപ്പത്തൊന്നുകാരി ഓർക്കുന്നു. ജൂനിയർ ടീമുകളിലൂടെ ദേശീയതലത്തിൽ അവതരിച്ച മാനിസ 2015 ൽ സീനിയർ ടീമിന്റെ നീലക്കുപ്പായമണിഞ്ഞു. അതോടെ നാട്ടുകാർ അവരുടെ അഭിമാനമായി തന്നെ കണ്ടെന്നും മാനിസ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യൻ ടീമിന്റെ മധ്യനിരയെ ചലിപ്പിക്കുന്ന ഈ താരം ഇതേവരെ 27 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്.

ഒഡീഷയുടെ വിശേഷങ്ങൾ ഇനിയുമേറെയുണ്ട്; പുരി ബീച്ചിൽ അണഞ്ഞുതീരാത്ത തിരകളെപ്പോലെ…

തോറ്റ മത്സരം; തോൽക്കാത്ത പ്രതീക്ഷകൾ | കലിംഗ കനവുകൾ

നീണ്ട ട്രെയിൻ യാത്രയേക്കാൾ മടുപ്പുളവാക്കുന്ന മറ്റു സംഗതികൾ കുറവായിരിക്കും. ഒരു സ്ഥലത്തേക്ക് അഞ്ചു ട്രെയിനുകളിലായി മൂന്ന് നാൾ യാത്ര ചെയ്യുകയെന്നത് സങ്കൽപ്പിക്കാൻ പറ്റാത്ത കാര്യമായിരുന്നു. എന്നാൽ വിചാരിച്ചത്ര മടുപ്പില്ലാതെ, അല്പസ്വല്പം ആസ്വദിച്ചു തന്നെ യാത്ര പൂർത്തീകരിച്ചിരിക്കുന്നു. ലക്ഷ്യസ്ഥാനത്ത് കാത്തിരിക്കുന്ന അനിതരസാധാരണമായ വിശേഷം ഞങ്ങളെ കൊത്തിവലിക്കുകയായിരുന്നു എന്നുവേണം പറയാൻ.

അണ്ടർ 17 വനിതാലോകകപ്പിന്റെ വേദിയായ ഒഡിഷയിലെ ഭുബനേശ്വറിലുള്ള കലിംഗ സ്റ്റേഡിയത്തിലാണിപ്പോൾ. മൈതാനത്തിന്റെ നാലുപാടും അണപൊട്ടുന്ന ആവേശം!! ഇലവൻ അനൗൻസ് ചെയ്യുമ്പോഴുള്ള ആരവങ്ങൾ..! ലീഗ് മത്സരങ്ങളിൽ ഇതൊക്കെ പലപ്പോഴും അനുഭവിച്ചതാണെങ്കിലും ഇതൊരു ഫിഫ ലോകകപ്പ് വേദിയിലാണെന്നത് സമ്മാനിക്കുന്ന ആനന്ദവും വികാരവും പലമടങ്ങാണ്.
ഇതാ കൗണ്ട് ഡൗൺ… 3…2…1!!!

Come on Indiaaaaaaa..!!!!!

തുടക്കത്തിൽ ആത്മവിശ്വാസത്തോടെ പന്തുതട്ടിയ ഇന്ത്യൻ ടീം അറ്റാക്കിങ് നിമിഷങ്ങൾ കൂടി കാണികൾക്ക് സമ്മാനിച്ചു. പിന്നീട് സാവധാനം പന്തും കളിയും അമേരിക്ക സ്വന്തമാക്കി. ആദ്യഗോൾ വീണതോടെ ഇന്ത്യ പൂർണ്ണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഒന്നിന് പിറകെ ഒന്നായി അഞ്ചു ഗോളുകൾ വലയിൽ വീഴുമ്പോൾ പ്രതിരോധം പോയിട്ട് പ്രതിഷേധം പോലുമില്ലാതെയായിരുന്നു നമ്മുടെ കുട്ടികൾ. അനാവശ്യമായ ബഹുമാനം അമേരിക്കയോട് കാട്ടിയത് പോലെയാണ് അനുഭവപ്പെട്ടത്. ഒരു ഫൗൾ ചെയ്യാനുള്ള ധൈര്യം പോലും ആരും കാണിച്ചില്ല. നേഹയും ലിൻഡയും പ്രകടിപ്പിച്ച ആക്രമണോൽസുകത കാണികളെ ആവേശം കൊള്ളിച്ചു. അപാരമായ സ്കില്ലുകൾ പ്രദർശിപ്പിച്ച അമേരിക്കയുടെ മുന്നേറ്റനിര ഇന്ത്യയുടെ കുട്ടികളെ മാനസികമായി തളർത്തി എന്നുതന്നെ പറയാം.

ഗോൾ പത്തിലേക്ക് എത്തല്ലേ എന്നായിരുന്നു രണ്ടാം പകുതിയിലെ പ്രാർത്ഥന. എണ്ണത്തിൽ കുറവെങ്കിലും ബാന്റുമായി വന്ന് ചാന്റ് പാടി ടീമിനെ ഉണർത്തുന്ന ബ്ലൂ പിൽഗ്രിംസിന്റെ അടുത്തുപോയി ഇരുന്നു. അവരിരുന്ന നിരയിലെ അറ്റത്തുള്ള മാസ്‌കിട്ടയാളെ നല്ല പരിചയമുള്ളതുപോലെ. “ഇത് അഞ്ജു തമാംഗ് ആണോ?” അപ്പോൾ പരിചയപ്പെട്ട ഭുവനേശ്വറുകാരൻ സിദാനോട് ചോദിച്ചു. “അതെ, ഞങ്ങൾ റിക്വസ്റ്റ് ചെയ്തത് കൊണ്ട് ഞങ്ങളുടെ കൂടെ ഇരുന്നതാണ്.” സിദാന്റെ മറുപടി. കളി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അവരുടെ അടുത്തുപോയി സെൽഫിക്ക് അനുവാദം ചോദിച്ചു. സന്തോഷത്തോടെ അഞ്ജു മാസ്‌ക് താഴ്ത്തി. ഒരു സീനിയർ ടീം കളിക്കാരി ആരാധകർക്കൊപ്പമിരുന്ന് കളികാണുന്നു എന്നത് ഞങ്ങളിൽ അത്ഭുതവും സന്തോഷവും പടർത്തി. തിരിച്ചിറങ്ങുമ്പോൾ മാനിസ പന്നയെയും കാണാൻ കഴിഞ്ഞു.

ഗാലറി വിടുമ്പോൾ ഒരുവട്ടം കൂടി ഫുഡ് കോർട്ടിനെ ദയനീയമായി നോക്കി. ഒരു ഗ്ലാസ് ‘maaza’ ജ്യൂസിന് 100 രൂപ. ഒരു ചെറിയ കൂട് പോപ്കോണിന് 50. ബാക്കി സാധനങ്ങളുടെ വില പറയണ്ടല്ലോ. ലോകകപ്പ് ടിക്കറ്റിന് ആകെ 80 രൂപയേ ഉള്ളൂ. കൊച്ചിയിലും ബെംഗളൂരുവിലും സമാനമായ കൊള്ള കണ്ടിരുന്നു. എപ്പോഴാണാവോ ഇതിനൊക്കെ ഒരു പരിഹാരമാവുക?

എതിരാളി അമേരിക്കയാണ് എന്നത് കൊണ്ട് ഈ പരാജയം വലിയ നിരാശയൊന്നും നൽകുന്നില്ല. ഇനി 14 ന് മൊറോക്കോയ്ക്കെതിരെയാണ് കളി. തളരാതെ തിരിച്ചുവരൂ, പ്രിയപ്പെട്ട കുട്ടികളേ…

ഉണരുക, നമ്മളൊരു ലോകകപ്പ് കളിക്കാൻ പോവുകയാണ്

ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ സ്വപ്നങ്ങളുടെയെല്ലാം ഉത്തുംഗഭൂമിക ലോകകപ്പാണെന്നതിൽ സംശയത്തിന് സ്ഥാനമില്ല. ഓരോ ലോകകപ്പ് കാലം വരുമ്പോഴും ഇന്ത്യൻ ഫുട്ബോളിനെ നെഞ്ചോടു ചേർത്തവർ ദീർഘ നിശ്വാസത്തോടെ ചിന്തിക്കും: എന്നാണ് നമ്മുടെ ടീം ഒരു ഫിഫ വേദിയിൽ പന്തുതട്ടുക? എന്നാണ് ഫിഫ വേൾഡ് കപ്പ് എന്ന സുവർണ്ണമുദ്രയുടെ തിളക്കത്തിൽ ജനഗണമനയുടെ താളം മുഴങ്ങിക്കേൾക്കുക? കാലങ്ങളോളം പഴക്കമുള്ള ഈ വേദനയ്ക്ക് താത്ക്കാലികാശ്വാസമേകിയാണ് 2017 ലെ അണ്ടർ 17 ലോകകപ്പ് വേദി ഫിഫ ഇന്ത്യയ്ക്ക് അനുവദിച്ചത്.
ഇന്ത്യൻ ഫുട്ബോളിനെ എല്ലാ മേഖലകളിലും മുന്നോട്ടു നയിച്ച ചുവടുവെപ്പായി അണ്ടർ 17 ലോകകപ്പ് മാറിയത് നമ്മൾ കണ്ടു. ഭരണകൂടം, മാധ്യമങ്ങൾ, പൊതുജനങ്ങൾ എല്ലാം ഫുട്ബോൾ എന്ന വൃത്തത്തിലേക്ക് ചുരുങ്ങിയ ദിനങ്ങളായിരുന്നു അവ.

ആ അണ്ടർ 17 ടീമിലെ മിക്കവരും പിൽക്കാലത്ത് ഇന്ത്യൻ സീനിയർ ടീമിന്റെ ഭാഗമായി മാറി. അൻവർ അലി, രാഹുൽ കെ പി, ആകാശ് മിശ്ര, ആശിഷ് റായ്, ധീരജ്‌ സിങ്, പ്രഭുസുഖൻ സിങ് ഗിൽ തുടങ്ങിയ ഒരുപറ്റം പ്രതിഭാധനരായ താരങ്ങളെ ഇന്ത്യൻ ഫുട്ബോൾ ഏറെ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. അന്നത്തെ ടൂർണമെന്റിലെ മിന്നുംതാരമായ ഫിൽഫോഡനെ ഇന്നറിയാത്തവർ വിരളമായിരിക്കും. അത്തരം താരോദയങ്ങൾ ദേശീയ-അന്താരാഷ്ട്ര തലത്തിൽ ഉണ്ടാകുന്നു എന്നത് ലോകകപ്പിന്റെ സവിശേഷതയാണ്. മറ്റൊരു കാരണത്തിന്റെ ആവശ്യമില്ലാതെ തന്നെ എല്ലാവരുടെയും ശ്രദ്ധയെ നിർബന്ധപൂർവ്വം വലിച്ചടുപ്പിക്കുന്നത്ര മൂല്യമുള്ളതാണ് ഫിഫ ലോകകപ്പുകൾ. കോർപറേറ്റുകൾ അടക്കം താത്പര്യപ്പെടുന്ന വേദിയാണ് എന്നതിനാൽ ആതിഥേയ രാജ്യത്ത് ഫുട്ബോൾ അനുകൂല തരംഗം സൃഷ്ടിക്കാനും ലോകകപ്പിന് സാധിക്കും.

2017 ലെ അണ്ടർ 17പുരുഷ ലോകകപ്പിന്റെ വൻവിജയത്തിൽ സംപ്രീതരായ ഫിഫ ഇന്ത്യയ്ക്ക് ഒരവസരം കൂടി നൽകി. അണ്ടർ 17 വനിത ലോകകപ്പിന്റെ ആതിഥേയത്വം ഇക്കുറി ഇന്ത്യയ്ക്കാണ്. വനിതാഫുട്ബോളിലെ അനിഷേധ്യ ശക്തികളായ അമേരിക്കയും ബ്രസീലും ഉൾപ്പെട്ട ഗ്രൂപ്പിലാണ് ഇന്ത്യയും. ഒഡിഷയിലെ ഭുബനേശ്വറിൽ ഒക്ടോബർ 11ന് ഇന്ത്യ ആദ്യമത്സരത്തിനായി കളത്തിലിറങ്ങും. സങ്കടകരമായ വസ്തുത എന്തെന്നാൽ, ഒരു ദിവസം മാത്രം ശേഷിക്കുന്ന ടൂർണമെന്റിന്റെ കാര്യത്തിൽ ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഇതേവരെയും വലിയ താത്പര്യമൊന്നും കൊടുത്തിട്ടില്ല എന്നതാണ്. സോഷ്യൽ മീഡിയയിൽ ഐ എസ് എൽ ടീമുകൾക്കായി ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്ന ആരാധകർ, കണ്മുന്നിലെത്തിയ ആഗോള മാമാങ്കത്തിനോട് കാര്യമായ ഇമ്പം കാണിക്കുന്നില്ലെന്നത് ദുഃഖകരമാണ്.

ലോകഫുട്ബോളിലെ ഏറ്റവും ഉയർന്ന വേദിയാണല്ലോ ലോകകപ്പ്. ഏജ് കാറ്റഗറി ആയാലും പുരുഷ-വനിതാ ഭേദമുണ്ടായാലും അത് ലോകകപ്പാകാതിരിക്കുന്നില്ല. രണ്ടാമത്തെ കാര്യം, ഇപ്പറഞ്ഞ ലോകവേദിയിൽ പന്തുതട്ടാൻ നമ്മുടെ ടീമിറങ്ങുന്നു എന്നതും. 2020ലെ അണ്ടർ 17 വനിതാ ലോകകപ്പ് കോവിഡ്‌ കാരണം ക്യാൻസലായപ്പോൾ ഇന്ത്യൻ താരങ്ങളോടൊപ്പം ആരാധകർ ദുഃഖം പങ്കുവച്ചിരുന്നു. ഇന്ത്യയുടെ മേൽ ഫിഫ സസ്‌പെൻഷൻ വന്നപ്പോഴും ഏറ്റവും വലിയ ആശങ്ക ലോകകപ്പ് വേദി നഷ്ടപ്പെടുമോ എന്നതായിരുന്നു. അത്തരം പ്രതിസന്ധികളെല്ലാം നീങ്ങിയ ഘട്ടത്തിൽ ലോകകപ്പ് നടക്കാനിരിക്കുമ്പോൾ അതേപ്പറ്റി ചർച്ച ചെയ്യാതിരിക്കുകയോ ആവേശം പ്രകടിപ്പിക്കാതിരിക്കുകയോ ചെയ്യുന്നത് നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന കുട്ടികളോട് ചെയ്യുന്ന അനീതിയാണ്.

വനിതാഫുട്ബോളിൽ അനുദിനം മുന്നേറ്റമറിയിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ബാലദേവി റേഞ്ചേഴ്സിനായി പന്തുതട്ടുന്ന മുഹൂർത്തങ്ങൾക്ക് നമ്മൾ സാക്ഷ്യം വഹിച്ചു. ഈയിടെ മനീഷ കല്യാൺ യുവേഫ ചാമ്പ്യൻസ് ലീഗിൽ അപ്പോളോൺ ലേഡീസിനായി കളത്തിലിറങ്ങി ചരിത്രം രചിച്ചു. ഉസ്ബെക് ക്ലബായ എഫ്‌സി നസാഫ്, ഡാങ്മെയ് ഗ്രേസിനെ സ്വന്തമാക്കി. ഏറ്റവുമൊടുവിലായി ജ്യോതി ചൗഹാൻ, സൗമ്യ ഗുഗുലോത്ത് എന്നിവരുമായി ക്രൊയേഷ്യൻ ക്ലബ് ഡൈനാമോ സാഗ്രെബ് കരാറൊപ്പുവെച്ചിരിക്കുന്നു. ഇന്ത്യൻ വനിതാ ഫുട്ബോളിന്റെ നിറശോഭയാർന്ന ഭാവിയാണ് ഭുവനേശ്വറിൽ നാളെ മുതൽ പന്ത് തട്ടുന്നതെന്ന് പറയാൻ ഇനി സാക്ഷ്യപ്പെടുത്തലുകൾ ആവശ്യമില്ലല്ലോ. അവർക്ക് വേണ്ടി ആരവം മുഴക്കുകയെന്നത് ഓരോ ഇന്ത്യൻ ഫുട്ബോൾ ആരാധകന്റെയും ധാർമ്മിക ബാധ്യത കൂടിയാണ്.

_ഈ ചരിത്ര നിമിഷങ്ങളെ ഒപ്പിയെടുക്കാൻ ഫാൻപോർട്ടിന്റെ പ്രതിനിധികൾ ഒഡിഷയിലുണ്ടാകും. യാത്രയുടെ രണ്ടാം ദിനം ഞങ്ങളിപ്പോൾ ചെന്നൈയിലാണ് ഉള്ളത്. പോകുന്ന വഴികൾക്കത്രയും കാൽപന്തിന്റെ കഥകൾ പറയാനുണ്ട്. അതിമധുരിത വിശേഷങ്ങൾ ഒഡിഷയിൽ കാത്തിരിക്കുകയുമാണ്. വായിച്ചും അഭിപ്രായങ്ങളറിയിച്ചും പ്രിയവായനക്കാരും ഈ യാത്രയിൽ കൂടെയുണ്ടാകുമല്ലോ…_

കളി പറയുന്ന കഥനങ്ങൾ

2014ലെ ഒരു വെക്കേഷൻ ദിവസം. ഇതെഴുതുന്നയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ നേരെ എതിർവശത്തുള്ള ഫ്രൂട്ട് കടയിൽ ഒരു ക്ലിപ്പിൽ തൂങ്ങിയാടുന്ന മാതൃഭൂമി സ്പോർട്സ് മാസികയുടെ ലോകകപ്പ് സ്‌പെഷ്യൽ പതിപ്പ്. വാങ്ങണോ വാങ്ങണ്ടേ എന്ന ചിന്തയുടെ ക്ലിപ്പിൽ കുരുങ്ങി എന്റെ മനസ്സും തൂങ്ങിയാടുകയായിരുന്നു അപ്പോൾ. ആശ ആശയക്കുഴപ്പത്തെ മറികടന്ന ഒരു നിമിഷത്തിൽ ഓടിപ്പോയി റോഡ് ക്രോസ് ചെയ്ത് സ്പോർട്സ് മാസിക വാങ്ങിച്ചോണ്ട് പോന്നു. മാസികയുടെ സ്ഥിരം വായനക്കാരനല്ല എങ്കിലും ആ ലക്കത്തിലൊരു മുഴുനീള ഫുട്ബോൾ നോവലുണ്ട് എന്നതായിരുന്നു ആകർഷണം. മലയാളത്തിൽ ഒരു ഫുട്ബോൾ നോവൽ അന്നേവരെ ഇറങ്ങിയതായി കേട്ടിട്ടില്ല. വാങ്ങിയ അന്നുതന്നെ നോവൽ വായിച്ചു തീർത്തു. തിരക്കഥാകൃത്ത് കലവൂർ രവികുമാറിന്റെ ‘പാവപ്പെട്ടവരുടെ സ്‌കോളാരി’ എന്ന മനോഹരമായ രചന.

ഒരു കളിമൈതാനം അന്യാധീനപ്പെട്ടു പോകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും അതിനെ തുടർന്നുണ്ടാകുന്ന അത്യാവേശകരമായ പശ്ചാത്തലത്തിൽ നടക്കുന്ന ഫുട്ബോൾ മാച്ചുമാണ് നോവലിലെ കഥ. നായകൻ അരവിന്ദനും അയാൾ അണിയിച്ചൊരുക്കുന്ന ടീമും വായനക്കാരെ അനുനിമിഷം ആവേശം കൊള്ളിക്കുന്നു. കുരുക്ഷേത്ര യുദ്ധത്തിൽ ദുര്യോധനനുമായി ഉണ്ടാകാനിടയുള്ള ദ്വന്ദയുദ്ധത്തെ പറ്റി, വനവാസത്തിലായിരുന്ന പതിമൂന്ന് വർഷവും ദിനചര്യയെന്നോണം പകൽസ്വപ്നം കാണുന്ന ഭീമനെക്കുറിച്ച് എംടി എഴുതിയിട്ടുണ്ട് ‘രണ്ടാമൂഴ’ത്തിൽ. അതിനോട് സാമ്യത അനുഭവപ്പെടുന്ന രംഗങ്ങൾ ആവോളമുണ്ട് ‘സ്‌കോളാരി’യിൽ. അരവിയും കുട്ടികളും വരാനിരിക്കുന്ന നിർണായക മത്സരത്തിനായി നടത്തുന്ന തയ്യാറെടുപ്പുകളും മാനസിക വ്യാപാരങ്ങളും വായനക്കാരെ നോവലിലേക്ക് വലിച്ചടുപ്പിക്കുന്നു. അത്രയും കാലം വായിച്ചതിൽ വച്ചേറ്റവും ആവേശം കൊള്ളിച്ചവയിലൊന്നായിരുന്നു ‘പാവപ്പെട്ടവരുടെ സ്‌കോളാരി’. അറിവിൽ പെട്ടിടത്തോളം മലയാളത്തിലെ ആദ്യ സ്പോർട്സ് ത്രില്ലർ നോവൽ. ‘സ്‌കോളാരി’ വായിക്കാൻ താൽപര്യമുള്ളവർക്ക് ഈ ലിങ്ക് സന്ദർശിക്കാം:

https://digital.mathrubhumi.com/284221/Sports-Masika/Sports-2014-June#dual/1/1

ഫുട്ബോളിന്റെ താളത്തിൽ എഴുതപ്പെട്ട കഥയാണ് എൻ എസ് മാധവന്റെ ‘ഹിഗ്വിറ്റ’. സെവൻസും ഹിഗ്വിറ്റയും കൊളംബിയയുമെല്ലാം കഥയിൽ കടന്നുവരുന്നുണ്ടെങ്കിലും അതൊക്കെ കഥയുടെ ഭാഷയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്തി എന്നാണ് വായനാനുഭവം; ഇതിവൃത്തം മറ്റൊന്നാണ്. എങ്കിലും കാൽപന്തിന്റെ ദ്രുതതാളവും ആവേശോജ്ജ്വലതയും കഥ തീരും വരെയും വായനക്കാർക്ക് ദർശിക്കാം. ഉള്ളിൽ തിളയ്ക്കുന്ന ഫുട്ബോൾ വീര്യം ഗീവർഗീസച്ചനെ പള്ളിമേടയുടെ സേഫ്സോണിൽ നിന്ന് ഒരു പ്രശ്ന പരിഹാരത്തിനായി പുറത്തേക്ക് നടത്തുന്നു, കൊളംബിയൻ ഗോൾകീപ്പർ റെനേ ഹിഗ്വിറ്റ മൈതാനമധ്യത്തിലേക്ക് പന്തും തട്ടി വരുന്നതിനു സമാനമായി. തൊണ്ണൂറുകളിലെ ആദ്യപകുതിയിൽ രചിക്കപ്പെട്ടതാണീ കഥ. കഥ ഉൾപ്പെട്ട പുസ്തകം വാങ്ങാൻ:
https://dcbookstore.com/books/higutta

മലയാള സാഹിത്യത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്പോർട്സ് പ്രമേയമാകുന്ന പരീക്ഷണങ്ങളൊന്നും കാര്യമായി കണ്ടിട്ടില്ല. ഇതെഴുതുന്നയാളുടെ അറിവിൽ അടുത്ത കാലത്തായി അടിമുടി ഫുട്ബോളായ ഒരു കഥ കാണുന്നത് ‘എക്സ്ട്രാടൈം’ മാഗസിന്റെ 2021 ജൂൺ ലക്കത്തിലാണ്. ‘ഫൈനൽ വിസിൽ’ എന്ന കഥ. അബ്ദുൽ റസാക്ക് സൗത്ത്സോക്കേഴ്‌സ് ആവേശത്തിന്റെ മഷിപ്പാത്രത്തിൽ പേനമുക്കിയെഴുതിയ രചന. വയോധികനായ ഒരു പരിശീലകനും, അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്ന മറ്റൊരു യുവപരിശീലകനും തമ്മിൽ ഐ എസ് എൽ ഫൈനലിൽ മാറ്റുരക്കുന്ന കഥയിൽ ഉടനീളം ഉദ്വേഗവും ആവേശവും ചാലിച്ചിരിക്കുന്നു. കഥ സൗജന്യമായി വായിക്കാം:
https://bit.ly/etjune21

2019ൽ ‘എക്സ്ട്രാ ടൈം’ മാഗസിന്റെ ഫേസ്ബുക്ക് പേജിൽ ആഴ്ചതോറും ഓരോ അധ്യായങ്ങളായി പ്രസിദ്ധീകരിച്ച ‘യുഗാരംഭം’ നോവൽ ഈ വർഷം ജനുവരിയിൽ പുസ്തകരൂപത്തിൽ പുറത്തിറങ്ങിയിരുന്നു. അബ്ദുൽറസാക്ക് സൗത്ത്സോക്കേഴ്‌സ് തന്നെയാണ് രചന. എഫ് ബി പേജിൽ പ്രസിദ്ധീകരിച്ചപ്പോൾ ലഭിച്ച അഭൂതപൂർവ്വമായ പിന്തുണയിൽ നിന്നും പ്രചോദനം കണ്ടെത്തിയാണ് നോവൽ പുസ്തകരൂപം പ്രാപിച്ചത്. ഇന്ത്യൻ ദേശീയ ഫുട്ബോൾ പ്രമേയമാകുന്ന നോവൽ എന്ന പ്രത്യേകത കൂടി ‘യുഗാരംഭ’ത്തിനുണ്ട്. ഐ എം വിജയൻ, ബൈചുങ് ബൂട്ടിയ, സുനിൽ ഛേത്രി മുതൽ രാഹുൽ കെ പി, ധീരജ്‌ സിങ്, ശബാസ് അഹമ്മദ് തുടങ്ങിയ ഇന്ത്യൻ ഫുട്ബോളിന് സുപരിചിതരായ താരങ്ങൾ നോവലിൽ കഥാപാത്രങ്ങളായി എത്തുന്നു. ലോകകപ്പ് യോഗ്യതയുടെ അവസാനമത്സരത്തിൽ ഇന്ത്യ ജപ്പാനുമായി ഏറ്റുമുട്ടുന്ന തൊണ്ണൂറ് മിനുട്ടുകളാണ് കഥ. കളത്തിലെ ഓരോ സ്പന്ദനങ്ങളെയും ഒപ്പിയെടുത്ത് വിവരിക്കുന്ന കഥപറച്ചിൽ വായനക്കാരെയും സാൾട്ട്ലേക്കിലേക്ക് ഒപ്പം കൂട്ടുന്നു. പുസ്തകം വാങ്ങാം:

https://www.extratimemagazine.com/novel/yugarambham

കായികസ്പർശമുള്ള മറ്റുചില സാഹിത്യ സൃഷ്ടികൾ ഇവയ്ക്ക് മുൻപും ശേഷവും ഉണ്ടായിട്ടുണ്ട്. ഭാസി മലാപ്പറമ്പിന്റെ ‘സുഷമയുടെ ഒളിമ്പിക് പർവം’, കെ എൽ മോഹനവർമ്മയുടെ ‘ഗോൾ’, കെ എം നരേന്ദ്രന്റെ ‘ഫുട്ബോൾ നോവൽ’ തുടങ്ങിയവയാണ് മുൻപേ ഇറങ്ങിയവ. ഈയടുത്തായി ഇ സന്തോഷ് കുമാറിന്റെ ‘ഏഴാമത്തെ പന്ത്’ എന്ന നോവൽ പുറത്തിറങ്ങി.

കഴിഞ്ഞ ദിവസം രമേശൻ മുല്ലശ്ശേരി രചിച്ച ‘ഷൂട്ടൗട്ട്’ നോവൽ പ്രകാശിതമായി. ആ നോവലിന്റെ കവറിലുള്ള ടാഗ് ലൈനാണ് ഈ ലേഖനമെഴുതാനുള്ള സ്പാർക്ക്. മലയാളത്തിലെ ആദ്യ സ്‌പോർട്സ് ത്രില്ലർ നോവൽ എന്നാണ് പ്രസാധകരായ മാതൃഭൂമി ബുക്സ് ‘ഷൂട്ടൗട്ടി’ന് നൽകിയ നൽകിയ ടാഗ്‌ലൈൻ. 2021 ൽ ഒരു ആനുകാലികപ്രസിദ്ധീകരണത്തിൽ അച്ചടിച്ചു വരികയും ഇക്കഴിഞ്ഞ വാരം പുസ്തകമാവുകയും ചെയ്ത ഷൂട്ടൗട്ട് എങ്ങനെയാണ് മലയാളത്തിലെ ആദ്യ സ്പോർട്സ് ത്രില്ലർ നോവലാകുന്നത്? ഇതിനു മുൻപ്, 2019 ൽ പ്രസിദ്ധീകരിക്കുകയും 2022 ജനുവരിയിൽ പുസ്തകമാവുകയും ചെയ്ത ‘യുഗാരംഭം’ ഉണ്ട്. പോരെങ്കിൽ 2014 ൽ മാതൃഭൂമിയുടെ തന്നെ സ്‌പോർട്സ് മാസികയിൽ പ്രസിദ്ധീകരിച്ച ‘പാവപ്പെട്ടവരുടെ സ്‌കോളാരി’ ഉണ്ട്. മലയാളത്തിലെ ആദ്യ സ്പോർട്സ് ത്രില്ലർ എന്ന ടാഗ് അർഹിക്കുന്നത് മിക്കവാറും ആ നോവലായിരിക്കും. തങ്ങളുടെ തന്നെ പ്രസിദ്ധീകരണത്തിൽ വന്ന ഒരു നോവൽ അർഹിക്കുന്ന ടാഗ് ലൈനാണ് മാതൃഭൂമി ബുക്സ് എട്ടുവർഷങ്ങൾക്കിപ്പുറം പുറത്തിറങ്ങിയ നോവലിന് പതിച്ചുനല്കുന്നത് എന്ന വിരോധാഭാസത്തിന് മുന്നിൽ കണ്ണടക്കുക വയ്യ. സവിശേഷത ചാർത്തുമ്പോൾ പ്രസാധകർ ആവശ്യമായ സൂക്ഷ്‌മപരിശോധനകൾ നടത്തിയാൽ വെറുതെ എയറിൽ കയറുന്നത് ഒഴിവാക്കാം എന്ന് മാത്രമേ പറയാനുള്ളൂ.

ഈയൊരു കാരണത്താൽ മാത്രമായി തിളക്കമറ്റതാകുന്നില്ല ‘ഷൂട്ടൗട്ട്’ എന്നുകൂടെ പറയേണ്ടതുണ്ട്. ഇന്ത്യൻ ഫുട്ബോൾ നിർണായകമായ ദശാസന്ധിയിലൂടെ കടന്നുപോകുമ്പോൾ മലയാളത്തിൽ ഒരു ഫുട്ബോൾ നോവൽ പുറത്തിറങ്ങുന്നു എന്ന വർത്തമാനത്തിന്റെ സന്തോഷം ചെറുതല്ല. പുസ്തകത്തിന് ധാരാളം വായനകളുണ്ടാകട്ടെ എന്നാശംസിക്കുന്നു.

വിലക്കിന്റെ മുറിവുകൾ

എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനത്തിന്റെ പിറ്റേപ്പുലരി ഇന്ത്യൻ ഫുട്ബോൾ ആരാധകരെ വരവേറ്റത് ഫിഫ വിലക്കിന്റെ അസ്വാതന്ത്ര്യത്തിലേക്കാണ്. ഫിഫയുടെ ചട്ടങ്ങൾ ലംഘിച്ചു, അസോസിയേഷനിൽ ബാഹ്യ ഇടപെടലുണ്ടായി എന്നീ കാരണങ്ങൾ നിരത്തിയാണ് ഫിഫയുടെ വിലക്ക്. വിലക്കിന്റെ പ്രഹരങ്ങൾ ഓരോന്നായി ഇന്ത്യൻ ഫുട്ബോളിനെ വേട്ടയാടാൻ തുടങ്ങിക്കഴിഞ്ഞു. അതിലേക്കുള്ള എത്തിനോട്ടമാണ് ചുവടെ.



ഐ എസ് എൽ/ഐലീഗ്

ആഭ്യന്തര ലീഗുകൾ നടത്തുന്നതിനോ താരങ്ങളെ രജിസ്റ്റർ ചെയ്യുന്നതിനോ ഫിഫ വിലക്ക് തടസ്സമല്ല. അതേസമയം വിദേശ ക്ലബുകളുമായി മത്സരങ്ങൾ സംഘടിപ്പിക്കാൻ സാധിക്കില്ല. കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രീസീസൺ ടൂറിനായി യു എ ഇ യിൽ എത്തിയിരുന്നു. യുഎഇയിലെ ക്ലബുകളുമായി ബ്ലാസ്റ്റേഴ്‌സ് നേരത്തെ തീരുമാനിച്ച എല്ലാ മത്സരങ്ങളും വിലക്ക് നിലവിൽ വന്നതോടെ മുടങ്ങി.


ദേശീയ ടീം

ഇന്ത്യയുടെ പുരുഷ-വനിത ടീമുകൾക്ക്-ഏജ് ഗ്രൂപ്പ് ടീമുകൾ അടക്കം- അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിക്കാൻ സാധ്യമല്ല. എ എഫ് സി ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾ, സീനിയർ ടീമിന്റെ വിയറ്റ്‌നാം, സിംഗപ്പൂർ ടീമുകൾക്കെതിരെയുള്ള സൗഹൃദ മത്സരങ്ങൾ എന്നിവ നടക്കാനുള്ള സാധ്യതകൾ തൽക്കാലം അടഞ്ഞിരിക്കുകയാണ്. “തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ് ഇപ്പോൾ. ഫിഫ ബാൻ വന്നാൽ അത് പ്രയാസകരമായിരിക്കും” എന്ന് സുനിൽ ഛേത്രി നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിലക്ക് അനന്തമായി നീളുന്ന പക്ഷം, അടുത്ത വർഷം നടക്കുന്ന എ എഫ് സി ഏഷ്യൻ കപ്പോടെ വിരമിക്കാം എന്ന ക്യാപ്റ്റന്റെ ആഗ്രഹം വെറുതെയാവും. ഒരു വിരമിക്കൽ മത്സരം ലഭിക്കാതെ ഇന്ത്യയുടെ ക്യാപ്റ്റൻ ലീഡർ ലെജൻഡ് പടിയിറങ്ങേണ്ടി വരും എന്ന ആധി കൂടി ഫിഫ വിലക്ക് പങ്കുവെക്കുന്നു. ഇത്തരത്തിൽ ആരാധകരെ സംബന്ധിച്ചിടത്തോളം വൈകാരികമായ മുറിവുകളും വിലക്കിന്റെ ഭാഗമായി രൂപപ്പെടുന്നു.


കോണ്ടിനെന്റൽ ക്ലബ് ടൂർണമെന്റുകൾ

ഫിഫ വിലക്കിന്റെ കനത്ത പ്രഹരങ്ങളിലൊന്നായി മാറി ഗോകുലം കേരള എഫ്‌സിയുടെ എ എഫ് സി ക്ലബ് ചാംപ്യൻഷിപ് പങ്കാളിത്തം നിഷേധിക്കപ്പെട്ടത്. വിലക്ക് വരുന്നതിന് മുൻപേ ഗോകുലം വനിതകൾ എ എഫ് സി ടൂർണമെന്റ് വേദിയായ ഉസ്ബക്കിസ്ഥാനിലെത്തി പരിശീലനം ആരംഭിച്ചിരുന്നു. ശക്തമായ ടീമിനെത്തന്നെ ഒരുക്കിയ മലബാറിയൻസിന്, നേരത്തെ തന്നെ ഗ്രൂപ്പിലെ ഒരു ടീം പിന്മാറിയതിനാൽ അടുത്ത റൗണ്ടിലേക്കുള്ള പ്രതീക്ഷകളും വാനോളമായിരുന്നു. അതൊക്കെയാണ് വിലക്കിന്റെ അഭിശപ്ത നിമിഷത്തോടൊപ്പം ഉടഞ്ഞില്ലാതായത്. എ എഫ് സി കപ്പിൽ ഇന്റർസോൺ സെമി പ്ലെയോഫിൽ പ്രവേശിച്ച എ ടി കെ മോഹൻ ബഗാനും അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്.

ഫിഫ ലോകകപ്പ്
2020ൽ നടക്കേണ്ടിയിരുന്ന അണ്ടർ 17 വനിത ലോകകപ്പിന്റെ ആതിഥേയത്വം ഇന്ത്യയ്ക്കായിരുന്നു. അതിനായി മികച്ച രൂപത്തിൽ തയ്യാറെടുത്ത ടീമിന് ഒടുക്കം കണ്ണീരായിരുന്നു വിധി. കൊവിഡ്‌ 19 കാരണം ടൂർണമെന്റ് റദ്ദായപ്പോൾ കളിക്കാരോടൊപ്പം ആരാധകരും സങ്കടപ്പെടുകയും അവരോട് ഐക്യപ്പെടുകയും ചെയ്‌തു. 2022 അണ്ടർ17 വനിത ലോകകപ്പ് ആതിഥേയത്വം ഇന്ത്യയ്ക്ക് നൽകിയാണ് ഫിഫ ആ സങ്കടം ഭാഗികമായെങ്കിലും പരിഹരിച്ചത്. അങ്ങനെ ആ ടൂർണമെന്റിനായി ഒരുങ്ങിയ കുട്ടികളും കനത്ത നിരാശയുടെ കയത്തിലേക്കാണ് വിലക്കിനോടൊപ്പം മുങ്ങിത്താണത്.ലോകകപ്പിന്റെ ആതിഥേയത്വവും പങ്കാളിത്തത്തിനുള്ള അവസരവും നഷ്ടപ്പെടുന്നതിന്റെ വിഷമം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.

ഇന്ത്യൻ ഫുട്ബോളിൽ മഹാനഷ്ടങ്ങൾ തീർക്കുന്നതും മാനക്കേടിന്റെ നടുക്കടലിലേക്ക് രാജ്യത്തെ വലിച്ചെറിയുന്നതും ഇവിടുത്തെ അധികാര-രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇരിക്കുന്നവരാണെന്ന് പറയാതെ വയ്യ. പ്രഫുൽ പട്ടേൽ പ്രസിഡന്റ് സ്ഥാനത്ത് കടിച്ചു തൂങ്ങാൻ ശ്രമിച്ചതും, സ്റ്റേറ്റ് അസോസിയേഷനുകളുടെ അധികാര വടംവലിയും ഒക്കെയാണ് ഫിഫ നടപടിയെടുക്കുന്ന സാഹചര്യത്തിലേക്ക് ഇന്ത്യയെ എത്തിച്ചത്. സസ്പെൻഷൻ എടുത്തുകളയാൻ ഫിഫ നിർദേശിച്ച കാര്യങ്ങൾ ഉടനടി ചെയ്യാത്ത പക്ഷം നഷ്ടങ്ങളുടെ പരമ്പരയാണ് ഇന്ത്യൻ ഫുട്ബോളിനെ കാത്തിരിക്കുന്നത്. കേന്ദ്രവും സുപ്രീംകോടതിയും അനുകൂല മനോഭാവം കാണിക്കുന്നതിനാൽ നല്ലനാളുകൾ അകലെയല്ല എന്ന് പ്രതീക്ഷ വെക്കാം.

സുനിൽ ഛേത്രി: ആവനാഴിയൊഴിയാത്ത അമരക്കാരൻ

ഇന്ത്യൻ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച മുന്നേറ്റനിരക്കാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐ എം വിജയൻ കളമൊഴിയുമ്പോൾ, അദ്ദേഹത്തിന്റെ ബൂട്ടിന് പാകമാകുന്ന കാലുകളുമായി ബൈചുങ് ബൂട്ടിയ ഉദയം ചെയ്തിരുന്നു. വർഷങ്ങൾ കഴിഞ്ഞ് ബയേൺ മ്യൂണിച്ചുമായുള്ള മത്സരത്തിന് ശേഷം ബൈചുങ് കാണികളോട് വിടചൊല്ലുമ്പോഴും ഇന്ത്യൻ ഫുട്ബോൾ അനാഥമായിരുന്നില്ല. സുനിൽ ഛേത്രി അന്നേ താരമായിരുന്നു, ഒപ്പം ജെജെ ലാൽപെഖ്ലുവയും. പതിനെട്ടു വർഷമായി സുനിൽ ഛേത്രി ഇന്ത്യൻ ദേശീയ ടീമിന്റെ കീപ്ലെയറായും ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും ശ്രദ്ധ നേടുന്ന താരമായും വിരാജിക്കുന്നു.

സുനിൽ ഛേത്രിയുടെ 2005 ലെ ദേശീയ ടീം അരങ്ങേറ്റം മുതലുള്ള കാര്യങ്ങളെല്ലാം എഴുതുകയെന്നത് മണ്ടത്തരമായിപ്പോവും, ഫുട്ബോളിനെ ഇന്ത്യ സാകൂതം വീക്ഷിക്കുന്ന പുതിയ സാഹചര്യത്തിൽ പ്രത്യേകിച്ചും. ഇന്ത്യക്കായി ഏറ്റവുമധികം തവണ കളത്തിലിറങ്ങിയ താരം, ഏറ്റവും കൂടുതൽ ഗോളടിച്ചയാൾ എന്നീ റെക്കോഡുകൾ സുനിൽ ഛേത്രിയുടെ കയ്യിലാണ്, ഈ നാഴികക്കല്ലുകൾ ഇനിയൊരാൾ ഭേദിക്കാത്തത്രയും സുരക്ഷിതമാണുതാനും.

ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞാൽ, നിലവിൽ കളിക്കുന്നവരിൽ രാജ്യത്തിനായി ഗോൾ നേടിയത് രണ്ടുപേരാണ്. 84 ഗോളുകൾ വീതം നേടിയ ലിയോണൽ മെസ്സിയും സുനിൽ ഛേത്രിയും. ഇന്ത്യക്കാരടക്കം പരിഹസിക്കുന്ന ഒരു നേട്ടമാണിത്. ഛേത്രി ആർക്കെതിരെയാണ് ഗോളടിച്ചത് എന്നാണ് ആ ചിരിയുടെ ഉള്ളടക്കം. ഇങ്ങനെ സൂക്ഷ്മനിരീക്ഷണം നടത്തുകയാണെങ്കിൽ ഛേത്രിയുടെ സഹതാരങ്ങൾ ആരൊക്കെ എന്ന് തിരിച്ചു ചോദിക്കേണ്ടി വരും. അയാൾ വളർന്നു വന്ന സാഹചര്യം ചോദിക്കേണ്ടി വരും. അയാൾക്ക് ലഭ്യമായ പരിശീലന സൗകര്യങ്ങൾ, രാജ്യത്തെ ജനങ്ങളും സർക്കാരും ഫുട്ബോൾ അസോസിയേഷനും ഫുട്ബോളിന് കൊടുക്കുന്ന പ്രാധാന്യം ഒക്കെ കുടഞ്ഞു ചോദിക്കേണ്ടി വരും. ഒരു റെക്കോർഡ് എന്നാൽ താരങ്ങൾ തമ്മിലുള്ള മികവിന്റെ താരതമ്യമല്ല. അതേസമയം ഗോളടിച്ച കണക്കിൽ ഛേത്രി മെസ്സിയുടെ തോളൊപ്പം എത്തിനിൽക്കുന്നു. പരിഹാസവാക്കുകൾ കൊണ്ട് വസ്തുതയെ മായ്ച്ചുകളയാനാകില്ല.

ഛേത്രിയെ കുറിച്ചുള്ള ഏറ്റവും മികച്ച ഓർമ്മകളിലൊന്ന് 2018 ലെ ഇന്റർകോണ്ടിനെന്റൽ കപ്പാണ്. ടൂർണമെന്റിലെ ആദ്യമത്സരത്തിൽ സുനിൽ ഛേത്രിയുടെ ഹാട്രിക് മികവിൽ ഇന്ത്യ കെനിയക്കെതിരെ 5-0ന്റെ വിജയം നേടി. ഗാലറി ശുഷ്കമായിരുന്നു. ആ മത്സരത്തിന് ശേഷം ഛേത്രി ഒരു വീഡിയോയിലൂടെ നടത്തിയ അഭ്യർത്ഥന ചരിത്രമായി. ഫുട്ബോൾ പ്രേമികളെ സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്ന ആ വീഡിയോ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി തുടങ്ങിയവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അടുത്ത മത്സരത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നെന്നു മാത്രമല്ല, ഇന്ത്യ ജയം കണ്ടെത്തുകയും ചെയ്തു. ഛേത്രി ഇരട്ടഗോളുകൾ നേടിക്കൊണ്ട് അന്താരാഷ്ട്ര മത്സരങ്ങളിലെ ഗോൾസ്കോറിങ്ങിൽ മെസ്സിക്കൊപ്പമെത്തി. ക്ഷണം സ്വീകരിച്ചെത്തിയ കാണികൾക്ക് മധുരസ്വാഗതമോതുന്ന പ്രകടനം!

ഇതെഴുതുന്നയാൾ ആദ്യമായി ഒരു ഐ എസ് എൽ മത്സരം കാണുന്നത് കൊവിഡിന് തൊട്ടുമുൻപുള്ള സീസണിലാണ്. ഇഷ്ട ടീമായ ബെംഗളൂരു എഫ്‌സി ശ്രീകണ്ഠീരവയിൽ വച്ച് കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടുന്നു. ടീം വാംഅപ്പിനിറങ്ങിയപ്പോൾ ടണലിൽ നിന്നും പുറത്തേക്ക് വരുന്ന ഛേത്രിയെ ഇതാദ്യമായി കണ്ടു. കളി കാണാനല്ല, ഈയൊരു നിമിഷത്തിനാണ് ബെംഗളൂരു വരെ വന്നത് എന്ന് തോന്നിപ്പോയി. മീറ്ററുകൾ മാത്രമകലെ ഇതിഹാസം വാംഅപ്പ് ചെയ്യുന്നു. മൊബൈലിൽ ഫോട്ടോ പകർത്തി കടുത്ത ഛേത്രി ഫാനായ സുഹൃത്തിനയച്ചുകൊടുത്തു. മത്സരം തുടങ്ങി അൻപത്തി അഞ്ചാം മിനിറ്റ്. സ്‌കോർ 0-0. കാര്യമായ നീക്കങ്ങളൊന്നും നടക്കാത്തതിനാൽ മൊബൈലിൽ മുഖം പൂഴ്ത്തി ഇരിക്കുകയായിരുന്നു. പെട്ടെന്ന് ആരവങ്ങളുയർന്നത് കേട്ട് തലയുയർത്തി നോക്കി. ഡിമാസിന്റെ കോർണർ പുറപ്പെട്ടു കഴിഞ്ഞിരുന്നു. ബോക്സിലേക്ക് ഇരച്ചെത്തിയ ഛേത്രിയുടെ കാലുകളിപ്പോൾ നിലത്തല്ല. തല കൊണ്ടുതിർത്ത പന്ത് ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾവലയിൽ! ഗോൾ!! മത്സരം കഴിഞ്ഞപ്പോൾ ആ ഒരൊറ്റ ഗോളിൽ ബ്ലൂസ് ജയിച്ചു. ബെംഗളൂരു എഫ്‌സിയുടെ കളിയും ജയവും കണ്ടു, ഛേത്രിയെ കണ്ടു, ഛേത്രിയുടെ ഗോൾ കണ്ടു… ആനന്ദലബ്ധിക്കിനിയെന്തുവേണം!

പതിനെട്ട് വർഷങ്ങൾക്കിടയിൽ സുനിൽ ഛേത്രി നമ്മെ പലവുരു ആനന്ദിപ്പിച്ചിരിക്കുന്നു. കമന്ററിയുടെ ചാരുതയുള്ള സംസാരം, കാതങ്ങൾ താണ്ടിയാലും ആർക്കുമെത്തിപ്പിടിക്കാനാകാത്ത നാഴികക്കല്ലുകൾ, അങ്ങേയറ്റം ബാലൻസോടെ, പ്രണയത്തോടെ പന്തിനെ കാലിൽ കൊരുത്തു വെക്കാനുള്ള കാന്തികപ്രഭാവമുള്ള പാടവം, ഏഷ്യൻ ഐക്കൺ പുരസ്‌കാരം, അർജുന, പദ്മശ്രീ… അറ്റം കാണാത്ത നദിയൊഴുക്കിന്‌ സമാനമാണ് ഛേത്രി ചുരത്തുന്ന ആനന്ദം.

പ്രായം മുപ്പത്തിയെട്ടും കഴിഞ്ഞ് കരിയറിന്റെ അസ്തമനത്തിലും ആവനാഴിയൊഴിയാതെ ഗോൾവർഷം തുടരുകയാണ് സുനിൽ ഛേത്രി. ദേശീയ ടീമിലെ സ്ഥിരം സ്‌കോറർ ഇപ്പോഴും ഈ വെറ്ററൻ തന്നെ. 2023 എ എഫ് സി ഏഷ്യൻ കപ്പോടെ സുനിൽ ഛേത്രി കളമൊഴിയും. അന്ന് ഇന്ത്യൻ ഫുട്ബോളിനെ നയിക്കാൻ ശേഷിയുള്ള പ്രതിഭാധനർ ടീമിലുണ്ടാകുമായിരിക്കും. ലിസ്റ്റൻ കൊളാസോ, മൻവീർ സിങ്, സഹൽ അബ്ദുൽസമദ്… അങ്ങനെയാരെങ്കിലും, അല്ലെങ്കിൽ മറ്റുചിലർ ഇന്ത്യയെ മുന്നോട്ടുനയിക്കും. പക്ഷേ ഛേത്രി ഒഴിച്ചിടുന്ന വിടവ് ഒരു നഷ്ടത്തിന്റെ സ്‌മാരകമെന്നോണം കാലങ്ങളോളം ഇന്ത്യൻ ഫുട്ബോളിൽ മുഴച്ചുനിൽക്കും. അയാൾക്ക് പകരം നിൽക്കാനാളില്ല എന്നത് തന്നെയാണ് അയാളുടെ വലിപ്പം. അതാണ് ഇന്ത്യൻ ഫുട്ബോളിൽ അയാൾ പതിപ്പിച്ച മുദ്രണത്തിന്റെ ആഴം.
ഇന്ത്യൻ ഫുട്ബോളിന്റെ പകരക്കാരനില്ലാത്ത അമരക്കാരന് പിറന്നാൾ പൊലിവുകൾ…

Story Highlights: An Article on Sunil Chhetri Written by Unais KP

Exit mobile version