കേരള ബ്ലാസ്റ്റേഴ്സ് നാളെ പഞ്ചാബ് എഫ് സിയെ നേരിടും

പ്രീസീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നാളെ പഞ്ചാബ് എഫ് സിയെ നേരിടും. കൊൽക്കത്തയിൽ ഇപ്പോൾ പരിശീലനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് നാളെ കൊൽക്കത്തയിലെ എ ഐ എഫ് എഫ് എക്സെലെൻസ് സെന്ററിൽ വെച്ച് ആകും പഞ്ചാബ് എഫ് സിയെ നേരിടുക. ഡ്യൂറണ്ട് കപ്പ് കളിക്കാൻ കൊൽക്കത്തയിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് സൗഹൃദ മത്സരങ്ങളും കൊൽക്കത്തയിൽ പദ്ധയിട്ടിരുന്നു. പഞ്ചാബിനെ കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് ഒരു സൗഹൃദ മത്സരം കൂടെ ഈ വരുന്ന ആഴ്ച കളിക്കും.

ഡ്യൂറണ്ട് കപ്പിൽ നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്ത് പോയിരുന്നു. കൊൽക്കത്തയിലെ സൗഹൃദ മത്സരങ്ങൾ കഴിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് യു എ ഇയിലേക്ക് പറക്കും. നാളെ വൈകിട്ട് 3.30നാകും കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ് സി പോരാട്ടം നടക്കുക.

ഡ്യൂറന്റ് കപ്പ്; പോയിന്റ് പങ്കു വെച്ച് പഞ്ചാബും ബംഗ്ലാദേശ് ആർമിയും

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് എയിൽ ഇന്ന് നടന്ന മത്സരത്തിൽ സമനിലയിൽ പിരിഞ്ഞു പഞ്ചാബ് എഫ്സിയും ബംഗ്ലാദേശ് ആർമിയും. കൊൽക്കത്തയിൽ വെച്ചു നടന്ന മത്സരത്തിൽ ഇരു ടീമുകളും ഗോൾ രഹിതമായി പിരിയുകയായിരുന്നു. ആദ്യ മത്സരത്തിൽ തോൽവിയോടെ ആരംഭിച്ച ബംഗ്ലാദേശ് ടീമിന്റെ തുടർച്ചയായ രണ്ടാം സമനില ആണിത്. പഞ്ചാബിന് ആദ്യ പോയിന്റ് കരസ്ഥമാക്കും ഇന്ന് കഴിഞ്ഞു. ബംഗ്ലാദേശ് ആർമിക്ക് മുന്നോട്ടുള്ള വഴി അടഞ്ഞു കഴിഞ്ഞു. പഞ്ചാബിനും നോക്ഔട്ട് റൗണ്ടിലേക്ക് കടക്കുന്നത് കഠിനം തന്നെ.

ഗോൾ രഹിതമായ മത്സരത്തിൽ ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിക്കുന്നതും കുറവായിരുന്നു. ലഭിച്ച അവസരങ്ങളിൽ കീപ്പർമാരുടെ കരങ്ങൾ ടീമുകളുടെ രക്ഷക്കത്തി. അഞ്ചാം മിനിറ്റിൽ ഫ്രീകിക്കിൽ നിന്നും ഹെഡർ ഉതിർക്കാനുള്ള പഞ്ചാബ് താരം റിക്കിയുടെ ശ്രമം ലക്ഷ്യത്തിൽ നിന്നും അകന്നു. എതിർ ബോക്സിലേക്ക് എത്തിയ പഞ്ചാബ് നീക്കങ്ങളും ഗോൾ കണ്ടെത്താൻ മാത്രം പോന്നതായിരുന്നില്ല. ഇരു കീപ്പർമാരും മികച്ച സേവുകൾ പുറത്തെടുത്തു. ബംഗ്ലാദേശ് താരം കമ്രുൽ ഇസ്‌ലാമിന്റെ ഒരു തകർപ്പൻ ലോങ് റേഞ്ചർ രവി കുമാർ ലോകോത്തര സെവോടെ തട്ടിയകറ്റി. എതിർ താരങ്ങളെ ഒന്നൊന്നായി മറി കടന്ന് ലാലിംപുയ ബോക്സിനുള്ളിൽ നിന്നും തൊടുത്ത ഷോട്ട് കീപ്പർക്ക് നേരെ ആയിരുന്നു. തൊട്ടു പിറകെ ഹ്വാൻ മിറ തൊടുത്ത ഷോട്ടും പുറത്തേക്ക് തട്ടിയകറ്റി കീപ്പർ അഷ്റഫുൽ ബംഗ്ലാദേശ് ടീമിനെ ഗോൾ വഴങ്ങാതെ കാത്തു.

മലയാളി താരം ലിയോൺ അഗസ്റ്റിനും പഞ്ചാബ് എഫ് സിയിൽ

മലയാളിയായ ലിയോൺ അഗസ്റ്റിനും പഞ്ചാബ് എഫ് സിയിൽ എത്തി. താരത്തിന്റെ സൈനിങ് ഇന്ന് പഞ്ചാബ് എഫ് സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ നേടി എത്തിയ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സി താരത്തെ രണ്ട് വർഷത്തെ കരാറിൽ ആണ് സ്വന്തമാക്കുന്നത്. 23കാരനായ താരം ബെംഗളൂരു എഫ് സിയിൽ അവസാന രണ്ടു സീസണുകളിലായി സ്ക്വാഡിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു.

ഈ കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ് സിക്ക് ആയി 5 ഐ എസ് എൽ മത്സരങ്ങളിൽ ഇറങ്ങിയിരുന്നു. ഇതുവരെ 19 ഐ എസ് എൽ മത്സരങ്ങൾ താരം മുമ്പ് കളിച്ചിട്ടുണ്ട്. മുമ്പ് ബെംഗളൂരു എഫ് സിയിൽ മികച്ച റിസേർവ് താരത്തിനുള്ള പുരസ്കാരം ലിയോൺ അഗസ്റ്റിൻ സ്വന്തമാക്കിയിരുന്നു.

ബെംഗളൂരു എഫ് സിയുടെ റിസേർവ് ടീമിലൂടെ വളർന്ന് വന്ന താരമാണ്‌. 2016 മുതൽ ബെംഗളൂരു എഫ് സിക്ക് ഒപ്പം ലിയോൺ ഉണ്ട്.

ഔദ്യോഗിക പ്രഖ്യാപനം വന്നു, പ്രശാന്ത് ഇനി പഞ്ചാബ് എഫ് സിയിൽ

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പ്രശാന്ത് മോഹൻ ഇനി ഐ എസ് എൽ ക്ലബായ റൗണ്ട്ഗ്ലാസ് പഞ്ചാബിന് ഒപ്പം. ഇന്ന് പ്രശാന്ത് മോഹന്റെ സൈനിംഗ് പഞ്ചാബ് എഫ് സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു വർഷത്തെ കരാറിലാണ് താരം പഞ്ചാബിൽ എത്തുന്നത്. പ്രശാന്ത് കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ചെന്നൈയിനിൽ എത്തിയിരുന്നു. ചെന്നൈയിനായി 15 മത്സരങ്ങൾ താരം കളിച്ചിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി.

കൂടുതൽ അവസരങ്ങൾ ലഭിക്കാൻ വേണ്ടിയായിരിന്നു പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്. ചെന്നൈയിനിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും എന്ന് പ്രശാന്ത് കരുതിയെങ്കിലും അവിടെയും താരം സ്ഥിരമായി ആദ്യ ഇലവനിൽ എത്തിയില്ല.

ഇതിനു മുമ്പ് അറ് സീസണുകളോളം പ്രശാന്ത് ബ്ലാസ്റ്റേഴ്സിന് ഒപ്പം ആയിരുന്നു. 2017ൽ കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയത് മുതൽ പ്രശാന്ത് ടീമിൽ സജീവമായുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ 61 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

മുൻ ഇന്ത്യൻ അണ്ടർ 20 താരമാണ് പ്രശാന്ത് മോഹൻ. കോഴിക്കോട് സ്വദേശിയാണ് പ്രശാന്ത് മോഹൻ. ഇന്ത്യയെ അണ്ടർ 14, അണ്ടർ 16 വിഭാഗത്തിലും പ്രശാന്ത് മോഹൻ പ്രതിനിധീകരിച്ചിട്ടുണ്ട്. പ്രശാന്ത് മാത്രമല്ല മലയാളി താരം ലിയോൺ അഗസ്റ്റിന്റെ സൈനിംഗും പഞ്ചാബ് ഇന്ന് പ്രഖ്യാപിച്ചു.

അമർജിത് ഇനി പഞ്ചാബ് എഫ് സിക്ക് ഒപ്പം

യുവതാരം അമർജിത് സിംഗ് എഫ് സി ഗോവ വിടും. താരത്തെ ഐ എസ് എല്ലിലേക്ക് പുതുതായി എത്തുന്ന പഞ്ചാബ് എഫ് സി സ്വന്തമാക്കും എന്നാണ് റിപ്പോർട്ടുകൾ. താരം ഉടൻ പഞ്ചാബിൽ കരാർ ഒപ്പുവെക്കും. മുമ്പ് അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ക്യാപ്റ്റനായിരുന്നു അമർജിത് സിംഗ്. അവസാന രണ്ട് സീസണിലും ലോണിൽ ഈസ്റ്റ് ബംഗാളിൽ ആണ് അമർജിത് കളിച്ചത്.

മുമ്പ് ജംഷദ്പൂരിനൊപ്പവും ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. ഇന്ത്യൻ ആരോസിനൊപ്പം ഐ ലീഗിൽ ആയിരുന്നു അമർജിത് സീനിയർ കരിയർ അരംഭിച്ചത്. ജംഷദ്പൂരിനിപ്പം 15 മത്സരങ്ങൾ അമർജിത് ഐ എസ് എല്ലിൽ കളിച്ചിരുന്നു. എന്നാൽ ഗോവയിൽ എത്തിയ ശേഷം താരത്തിന് അവസരങ്ങൾ കുറയുകയായിരുന്നു. 2019ൽ ഇന്ത്യൻ സീനിയർ ടീമിനായി അരങ്ങേറ്റം നടത്തിയിട്ടുള്ള അമർജിത് 5 മത്സരങ്ങൾ ദേശീയ ജേഴ്സിയിൽ കളിച്ചിട്ടുണ്ട്.

ഗോകുലത്തിന്റെ ഐ എസ് എൽ സ്വപ്നം കണക്കിലും അവസാനിച്ചു!! പഞ്ചാബ് എഫ് സി 8 ഗോൾ ജയവുമായി മുന്നോട്ട്

ഇന്ന് റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സി സുദേവയ്ക്ക് എതിരെ വിജയിച്ചതോടെ ഗോകുലത്തിന്റെ ലീഗ് കിരീട പ്രതീക്ഷകളും ഐ എസ് മോഹങ്ങളും കണക്കിലും അവസാനിച്ചു. സുദേവ എഫ് സിയെ ഇന്ന് എതിരില്ലാത്ത എട്ടു ഗോളുകൾക്ക് ആണ് പഞ്ചാബ് എഫ് സി പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ പഞ്ചാബ് 43 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. ഇനി മൂന്ന് മത്സരങ്ങൾ ആണ് ലീഗിൽ ബാക്കിയുള്ളത്. ഗോകുലം അവരുടെ അവസാന മൂന്ന് മത്സരങ്ങളും ജയിച്ചാലും 42 പോയിന്റിൽ മാത്രമെ എത്തൂ.

ഇനി കിരീട പോരാട്ടം ശ്രീനിധിയും പഞ്ചാബും തമ്മിൽ ആണ്. ശ്രീനിധിക്ക് 40 പോയിന്റാണുള്ളത്. ഇന്ന് പഞ്ചാബിനായി ഹുവാൻ മെര ഗോൺസാലസ് ഹാട്രിക്ക് നേടി. തുടക്കം മുതൽ ഇന്ന് പഞ്ചാബിനായി ഗോളുകൾ ഒഴുകി.ലൂക്ക ഇരട്ട ഗോളുകളും നേടി. അഭിഷേക് സിംഗും ഹുവാൻ നെല്ലാറും മഹേസണും കൂടെ ഗോൾ നേടിയതോടെയാണ് ഇത്ര വലിയ വിജയത്തിലേക്ക് ഇന്ന് പഞ്ചാബ് മുന്നേറിയത്.

കെങ്ക്രെയെ തകർത്ത് റൗണ്ട്ഗ്ലാസ് പഞ്ചാബ് വീണ്ടും ഒന്നാമത്

ഐ ലീഗ് ഇന്ന് നടന്ന മത്സരത്തിൽ റൗണ്ട്ഗ്ലാസ് പഞ്ചാബിന് എതിരില്ലാത്ത മൂന്ന് ഗോൾ വിജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ കെങ്ക്രെയെയാണ് പഞ്ചാബ് തകർത്ത് വിട്ടത്. യുവാൻ മെര ഇരട്ട ഗോളുകൾ നേടിയപ്പോൾ ലൂക്കാസ് മെയ്ക്കനും പതിവ് പോലെ സ്കോറിന് പട്ടികയിൽ ഇടം പിടിച്ചു. ഇതോടെ റൗണ്ട്ഗ്ലാസ് ഇരുപതിമൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഒരു മത്സരം കുറച്ച് കളിച്ച ശ്രീനിധി ഒരേയൊരു പോയിന്റ് പിറകിൽ രണ്ടാം സ്ഥാനത്തുണ്ട്. അടുത്ത മത്സരം ഇരു ടീമുകളും തമ്മിലായതിനാൽ ആവേശകരമാവും.

സ്വന്തം തട്ടത്തിൽ മൂന്നാം മിനിറ്റിൽ തന്നെ ഗോൾ കണ്ടെത്തി കൊണ്ട് റൗണ്ട്ഗ്ലാസ് പഞ്ചാബ് തങ്ങളുടെ നിലപാട് വ്യക്തമാക്കി. എതിർ ഹാഫിൽ നിന്നും നേടിയെടുത്ത ബോൾ ബ്രണ്ടൻ നേരെ യുവാൻ മെര നൽകിയപ്പോൾ താരം അനായാസം ലക്ഷ്യം കാണുകയായിരുന്നു. ഇരുപത്തിയേഴാം മിനിറ്റിൽ ഒരു ലോങ്റേഞ്ചറിലൂടെ മെര മത്സരത്തിൽ തന്റെയും ടീമിന്റെയും രണ്ടാം ഗോൾ കണ്ടെത്തി. പിന്നീടും കെങ്ക്രെയിൽ നിന്നും കാര്യമായ മറുപടി ഒന്നും ഉണ്ടായിരുന്നില്ല. എൺപത്തിനാലാം മിനിറ്റിൽ ലൂക്കാസ് മേയ്ക്കൻ കൂടി ഗോൾ കണ്ടെത്തിയതോടെ പട്ടിക പൂർത്തിയായി.

മലയാളി താരം മൊഹമ്മദ് സലാഹ് ഇനി പഞ്ചാബ് എഫ് സിയിൽ, ഔദ്യോഗിക പ്രഖ്യാപനം എത്തി

മലയാളി ലെഫ്റ്റ് വിങ്ങ് ബാക്ക് മൊഹമ്മദ് സലാഹ് ഇനി റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സിക്ക് ഒപ്പം ഐ ലീഗ് കളിക്കും. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു.

കഴിഞ്ഞ സീസണിൽ ശ്രീനിധി ഡെക്കാന്റെ താരമായിരുന്നു മുഹമ്മദ് സലാ. ശ്രീനിധി ഡെക്കാനായി ഗംഭീര പ്രകടനം തന്നെ സലാ കാഴ്ചവെച്ചിരുന്നു. 15 മത്സരങ്ങളിൽ ശ്രീനിധി ഡെക്കാനായി ഐ ലീഗിൽ സാല ഈ കഴിഞ്ഞ സീസണിൽ കളിച്ചിരുന്നു. ശ്രീനിധി അവരുടെ ആദ്യ സീസണിൽ ലീഗിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നതും കാണാൻ ആയി.

5 ലക്ഷത്തോളം ട്രാൻസ്ഫർ ഫീ നൽകിയാണ് ശ്രീനിധിയിൽ നിന്ന് സലായെ പഞ്ചാബ് സ്വന്തമാക്കുന്നത്. താരം രണ്ട് വർഷത്തെ കരാറും ഒപ്പുവെക്കും. ഐ ലീഗിലെ തന്നെ ഏറ്റവും കൂടുത വേതനം വാങ്ങുന്ന താരങ്ങളിൽ ഒരാളായി സലാ ഈ നീക്കത്തോടെ മാറും.

മുമ്പ് രണ്ട് ഘട്ടങ്ങളിലായി ഗോകുലം കേരളക്കായി കളിച്ചിട്ടുള്ള താരമാണ് സലാ. കേരള പ്രീമിയർ ലീഗിൽ അടക്കം മികച്ച പ്രകടനം കാഴ്ചവെക്കാനും സലായ്ക്ക് ആയിരുന്നു.

മണിപ്പൂർ സ്റ്റേറ്റ് ലീഗ് ടീമായ സഗോൽബന്ദ് യുണൈറ്റഡിലും സലാ കളിച്ചിരുന്നു. മണിപ്പൂർ സ്റ്റേറ്റ് ലീഗിൽ കളിക്കുന്ന ആദ്യ മലയാളി ആയിരുന്നു അന്ന് സലാഹ്. 27കാരനായ സലാഹ് മുമ്പ് ഡി എസ് കെ ശിവജിയൻസിനു വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്.

അജയ് ഛേത്രി വീണ്ടും ലോണിൽ പോകും

ബെംഗളൂരു എഫ് സിയുടെ യുവതാരം അജയ് ഛേത്രിയെ വീണ്ടും ലോണിൽ അയക്കും. ഇത്തവണ ഐ ലീഗ് ക്ലബായ പഞ്ചാബ് എഫ് സി ആണ് അജയ് ഛേത്രിയെ സൈൻ ചെയ്യുന്നത്. ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു.

കഴിഞ്ഞ സീസണിൽ ഐ എസ്‌ എൽ ക്ലബായ ഈസ്റ്റ് ബംഗാൾ എഫ് സിയിൽ ആയിരുന്നു താരം ലോണിൽ കളിച്ചത്. മധ്യനിര താരമായ അജയ് ഛേത്രി അവസാന ആറു വർഷങ്ങളായി ബെംഗളൂരു എഫ് സിക്ക് ഒപ്പം ഉണ്ട്. ബെംഗളൂരുവിന്റെ യുവ ടീമുകൾക്ക് വേണ്ടി നേരത്തെ കളിച്ചിട്ടുണ്ട്. ബെംഗളൂരു റിസേർവ്സിനൊപ്പം ബെംഗളൂരു സൂപ്പർ ഡിവിഷൻ കിരീടം അജയ് സ്വന്തമാക്കിയിട്ടുണ്ട്.

ഒരു സീസൺ മുമ്പ് ബെംഗളൂരു സീനിയർ സ്ക്വാഡിൽ എത്തിയ താരം ഐ എസ്‌ എല്ലിൽ ചെന്നൈയിനെതിരെ അരങ്ങേറ്റവും നടത്തിയിരുന്നു. ഇതിനു മുമ്പ് ഹൈദരബാദിലും ലോണിൽ താരം കളിച്ചിരുന്നു.

Exit mobile version