സലാക്ക് ഇരട്ട ഗോൾ! ഈജിപ്ത് ഫുട്ബോൾ ലോകകപ്പ് യോഗ്യത നേടി!!

മുഹമ്മദ് സലായുടെ നേതൃത്വത്തിൽ ഈജിപ്ത് ദേശീയ ഫുട്ബോൾ ടീം 2026-ലെ ഫിഫ ലോകകപ്പിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. കാസബ്ലാങ്കയിൽ നടന്ന നിർണ്ണായക മത്സരത്തിൽ ജിബൂട്ടിക്കെതിരെ 3-0 ന്റെ ആധിപത്യ വിജയമാണ് ഈജിപ്ത് നേടിയത്. ഇതോടെയാണ് യോഗ്യത ഉറപ്പായത്.


ഈ നിർണ്ണായക മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ സലാഹ്, താൻ എന്തുകൊണ്ടാണ് ആഫ്രിക്കയിലെ ഏറ്റവും സ്വാധീനമുള്ള ഫുട്ബോൾ താരങ്ങളിൽ ഒരാളായി തുടരുന്നത് എന്ന് ഒരിക്കൽക്കൂടി തെളിയിച്ചു. ഈ വിജയം ഈജിപ്റ്റിന്റെ അഞ്ചാമത്തെ ലോകകപ്പ് യോഗ്യതയാണ് കുറിക്കുന്നത്. 1934, 1990, 2018 എന്നീ വർഷങ്ങളിലും ‘ഫറവോകൾ’ (Pharaohs) യോഗ്യത നേടിയിരുന്നു.


ക്ലബ്ബിനും രാജ്യത്തിനും വേണ്ടി സലാ തിളങ്ങുന്നത് തുടരുകയാണ്. ക്ലബ്ബ് സീസണിൽ താരതമ്യേന മന്ദഗതിയിലുള്ള തുടക്കമായിരുന്നെങ്കിലും, ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഈജിപ്ഷ്യൻ താരത്തിന് മികച്ച റെക്കോർഡാണ്. ആകെ ഒമ്പത് ഗോളുകൾ അദ്ദേഹം ഈ യോഗ്യത ക്യാമ്പയിനിൽ നേടി. ഇപ്പോൾ ഗ്രൂപ്പ് എയിൽ ഈജിപ്ത് ഒന്നാം സ്ഥാനത്താണ്.

ഞങ്ങൾ ലിവർപൂളിൽ എത്തുമ്പോൾ ഡിയാഗോ അവിടെ ഉണ്ടാകില്ല എന്നത് അംഗീകരിക്കാൻ കഴിയുന്നില്ല – സലാ


ലിവർപൂൾ താരം മുഹമ്മദ് സലാഹ്, സഹതാരം ഡിയാഗോ ജോട്ടയുടെ ദാരുണമായ മരണത്തെ തുടർന്ന് ക്ലബ്ബിലേക്ക് മടങ്ങാൻ തനിക്ക് “ഭയമാണെന്ന്” പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ സ്പെയിനിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ജോട്ടയും അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ആന്ദ്രേ സിൽവയും മരണപ്പെട്ടിരുന്നു.


ഈ ദുരന്തവാർത്ത ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു. ഇവർ സഞ്ചരിച്ച കാർ ഹൈവേയിൽ നിന്ന് തെന്നിമാറി തീപിടിച്ചതായാണ് റിപ്പോർട്ട്. ജൂൺ 22-ന് ദീർഘകാല പങ്കാളിയായ റൂട്ട് കാർഡോസോയെ വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ജോട്ടയുടെ മരണം.


ഹൃദയഭേദകമായ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ സലാഹ് തന്റെ ദുഃഖം പങ്കുവെച്ചു:
“എനിക്ക് വാക്കുകളില്ല. ഇന്നലെ വരെ, അവധിക്ക് ശേഷം ലിവർപൂളിലേക്ക് മടങ്ങുന്നത് എന്നെ ഭയപ്പെടുത്തുന്ന ഒന്നായിരിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. സഹകളിക്കാർ വരും പോകും, പക്ഷെ ഇങ്ങനെയല്ല… ഞങ്ങൾ തിരിച്ചുപോകുമ്പോൾ ഡിയാഗോ അവിടെ ഉണ്ടാകില്ല എന്നത് അംഗീകരിക്കാൻ അങ്ങേയറ്റം ബുദ്ധിമുട്ടാണ്.”


PFA പ്ലെയേഴ്സ് പ്ലെയർ ഓഫ് ദി ഇയർ 2025: മുഹമ്മദ് സലായും ഡെക്ലാൻ റൈസും ഉൾപ്പെടെ ആറ് പേർക്ക് നോമിനേഷൻ


ലിവർപൂളിന്റെ മുഹമ്മദ് സലാ 2024-25 സീസണിലെ PFA പ്ലെയേഴ്സ് പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരത്തിനുള്ള ആറ് പേരുടെ ചുരുക്കപ്പട്ടികയിൽ ഇടം നേടി. പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ടും ഏറ്റവും കൂടുതൽ അസിസ്റ്റുകളും നേടി ലിവർപൂളിനെ ആർനെ സ്ലോട്ടിന്റെ കീഴിൽ ലീഗ് കിരീടം നേടാൻ സഹായിച്ച സലായുടെ മികച്ച പ്രകടനമാണ് ഈ നോമിനേഷന് പിന്നിൽ.


സലാക്ക് ഒപ്പം സഹതാരം അലക്സിസ് മക് അലിസ്റ്റർ, ആഴ്സണലിന്റെ മധ്യനിര താരം ഡെക്ലാൻ റൈസ്, ചെൽസിയുടെ കോൾ പാമർ, ന്യൂകാസിൽ യുണൈറ്റഡിന്റെ അലക്സാണ്ടർ ഇസാക്ക്,, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രൂണോ ഫെർണാണ്ടസ് എന്നിവരും ഈ അഭിമാനകരമായ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.


ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോൾ സംഭാവനകളുമായി സലാ മുന്നിൽ നിന്ന് നയിച്ചു, ഇത് അദ്ദേഹത്തെ ഈ അവാർഡിന്റെ പ്രധാനികളിൽ ഒരാളാക്കി മാറ്റുന്നു. അലക്സിസ് മക് അലിസ്റ്ററും ലിവർപൂളിനായി മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു, പലപ്പോഴും സ്ഥാനമാറ്റം ഉണ്ടായിട്ടും മികച്ച രീതിയിൽ കളിച്ചു.
ആഴ്സണലിന്റെ മധ്യനിരയിലെ പ്രധാനിയായ ഡെക്ലാൻ റൈസ്, പ്രതിരോധത്തിലും ആക്രമണത്തിലും ടീമിനായി സംഭാവനകൾ നൽകി. ലീഗിൽ ആഴ്സണൽ രണ്ടാം സ്ഥാനത്തെത്തിയതിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ട്.


ന്യൂകാസിൽ സ്ട്രൈക്കർ അലക്സാണ്ടർ ഇസാക്കും അർഹമായ നോമിനേഷൻ നേടി. 23 ഗോളുകളും 6 അസിസ്റ്റുകളുമായി ഇസാക്ക് ന്യൂകാസിലിനെ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. സീസണിലുടനീളം മികച്ച പ്രകടനവും കൃത്യമായ ഫിനിഷിംഗും അദ്ദേഹം കാഴ്ചവച്ചു.


കഴിഞ്ഞ വർഷത്തേക്കാൾ ശാന്തമായ ഒരു സീസണായിരുന്നിട്ടും ചെൽസിയുടെ മികച്ച പ്രകടനക്കാർക്കിടയിൽ കോൾ പാമർ തുടർന്നും തിളങ്ങി. അദ്ദേഹത്തിന്റെ 15 ഗോളുകളും 9 അസിസ്റ്റുകളും ചെൽസിയെ നാലാം സ്ഥാനത്തേക്ക് എത്തിക്കുന്നതിൽ പ്രധാനമായിരുന്നു.


ഏറ്റവും ആശ്ചര്യകരമായ നോമിനി ബ്രൂണോ ഫെർണാണ്ടസാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് 15-ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് മോശം പ്രകടനം കാഴ്ചവെച്ചെങ്കിലും, പോർച്ചുഗീസ് മധ്യനിര താരത്തിന് 8 ഗോളുകളും 11 അസിസ്റ്റുകളും ഈ സീസണിൽ ഉണ്ടായിരുന്നു.


PFA അവാർഡുകൾ ഓഗസ്റ്റ് 19-ന് മാഞ്ചസ്റ്ററിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും. രാജ്യത്തുടനീളമുള്ള സഹപ്രൊഫഷണൽ കളിക്കാർ വോട്ട് ചെയ്താണ് വിജയികളെ തീരുമാനിക്കുന്നത്.

നാലാം ഗോൾഡൻ ബൂട്ട് സ്വന്തമാക്കി സലാ; തിയറി ഒൻറിയുടെ റെക്കോർഡിനൊപ്പമെത്തി


ലിവർപൂൾ താരം മുഹമ്മദ് സലാ തന്റെ നാലാമത്തെ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കി, ഇതോടെ ആഴ്സണൽ ഇതിഹാസം തിയറി ഒൻറിയുടെ റെക്കോർഡിനൊപ്പമെത്തി. ഈ സീസണിൽ 29 ഗോളുകളാണ് ഈ ഈജിപ്ഷ്യൻ താരം നേടിയത്, അവസാന ദിവസത്തെ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെ ലിവർപൂളിന് സമനില നേടിക്കൊടുത്ത നിർണായക ഗോളും ഇതിൽ ഉൾപ്പെടുന്നു.


ഇതിനു മുമ്പ് 2017/18, 2018/19, 2021/22 സീസണുകളിലും സലാ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിൽ പുരസ്കാരം നേടിയ ന്യൂകാസിലിന്റെ അലക്സാണ്ടർ ഐസക്കിനെയും (23 ഗോളുകൾ) എർലിംഗ് ഹാളണ്ടിനെയും (22) മറികടന്നാണ് സലാ ഈ നേട്ടം കൈവരിച്ചത്.


32 വയസ്സുകാരനായ സലാ 18 അസിസ്റ്റുകളും ഈ സീസണിൽ സംഭാവന ചെയ്തു. ഫുട്ബോൾ റൈറ്റേഴ്സ്, പിഎഫ്എ പ്ലെയർ ഓഫ് ദ ഇയർ അവാർഡുകൾ ഉൾപ്പെടെയുള്ള എല്ലാ പ്രധാന വ്യക്തിഗത ബഹുമതികളും അദ്ദേഹം സ്വന്തമാക്കി.

മുഹമ്മദ് സലാ 2024-25 പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി സീസൺ പുരസ്കാരം നേടി


മുഹമ്മദ് സലായെ 2024-25 സീസണിലെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി സീസണായി തിരഞ്ഞെടുത്തു. ലിവർപൂൾ ഫോർവേഡ് ഇത് രണ്ടാം തവണയാണ് ഈ പുരസ്കാരം നേടുന്നത്. ഇതിന് മുമ്പ് ക്ലബ്ബിനൊപ്പമുള്ള തൻ്റെ ആദ്യ സീസണിൽ, 2017-18ലാണ് അദ്ദേഹം ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്.


സലാ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനങ്ങളിലൊന്ന് ഈ സീസണിൽ കാഴ്ചവെച്ചു. നാല് മത്സരങ്ങൾ ബാക്കിനിൽക്കെ ലിവർപൂളിനെ കിരീടം ഉറപ്പിക്കാൻ ഇത് സഹായിച്ചു. സീസണിലെ അവസാന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെ ഇറങ്ങുന്നതിന് മുൻപ് വരെ അദ്ദേഹം ലീഗിൽ 28 ഗോളുകളും 18 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
ഈ പ്രകടനത്തോടെ ലീഗിലെ ടോപ് സ്കോററും ടോപ് അസിസ്റ്റ് പ്രൊവൈഡറും ആകാനുള്ള പാതയിലാണ് അദ്ദേഹം.


സഹതാരങ്ങളായ റയാൻ ഗ്രാവൻബെർച്ച്, വിർജിൽ വാൻ ഡൈക്ക്, കൂടാതെ മോർഗൻ ഗിബ്സ്-വൈറ്റ്, അലക്സാണ്ടർ ഇസാക്, ബ്രയാൻ എംബ്യൂമോ, ഡെക്ലാൻ റൈസ്, ക്രിസ് വുഡ് എന്നിവരെ പിന്തള്ളിയാണ് സലാ ഈ പുരസ്കാരം നേടിയത്.

ഔദ്യോഗികമായി: മുഹമ്മദ് സലാ 2027 വരെ ലിവർപൂളിൽ തുടരും


ലിവർപൂൾ എഫ്‌സിയിൽ മുഹമ്മദ് സലാ പുതിയ കരാർ ഒപ്പുവച്ചതായി ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ ഈജിപ്ഷ്യൻ താരം 2027 ജൂൺ വരെ ആൻഫീൽഡിൽ തുടരും. ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന സലാ റെഡ്‌സിൽ തുടരാനായി സൗദി അറേബ്യയുടെ വലിയ ഓഫറുകൾ വരെ നിരസിച്ചു.


നിലവിൽ 27 ഗോളുകളോടെ പ്രീമിയർ ലീഗിലെ ടോപ് സ്കോററായ സലാ ഈ സീസണിൽ എല്ലാ മത്സരങ്ങളിൽ നിന്നുമായി 32 ഗോളുകൾ നേടിയിട്ടുണ്ട്. പുതിയ പരിശീലകൻ ആർനെ സ്ലോട്ടിന് കീഴിൽ ക്ലബ്ബിനൊപ്പം തുടരുന്നതിൽ താരം സന്തോഷം പ്രകടിപ്പിച്ചു. കൂടാതെ 22 അസിസ്റ്റുകളും അദ്ദേഹം ഈ സീസണിൽ സ്വന്തമാക്കിയിട്ടുണ്ട്.



“ഞാൻ വളരെ ആവേശത്തിലാണ്. ഞങ്ങൾക്ക് ഇപ്പോൾ മികച്ച ഒരു ടീമുണ്ട്, ഒരുമിച്ച് വലിയ കിരീടങ്ങൾ നേടാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. എൻ്റെ കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളാണ് ഇവിടെ കഴിഞ്ഞത്.” സലാ പറഞ്ഞു.


2017 ൽ എഎസ് റോമയിൽ നിന്ന് ലിവർപൂളിൽ ചേർന്നതിന് ശേഷം സലാ 394 മത്സരങ്ങളിൽ നിന്ന് 243 ഗോളുകൾ നേടി ക്ലബ്ബിൻ്റെ ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന ഗോൾ സ്കോററായി മാറി. പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ്എ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവയുൾപ്പെടെ ഏഴ് പ്രധാന കിരീടങ്ങളും അദ്ദേഹം ഇതിനോടകം ലിവർപൂളിനൊപ്പം നേടിയിട്ടുണ്ട്.

മൊ സലാ പുതിയ കരാർ ഒപ്പുവെക്കും! ലിവർപൂൾ ആരാധകർക്ക് ആശ്വാസം


ഈജിപ്ഷ്യൻ സൂപ്പർതാരം മൊ സലായെ അടുത്ത സീസണിലും നിലനിർത്താമെന്ന ശുഭാപ്തിവിശ്വാസത്തിൽ ലിവർപൂൾ. പുതിയ കരാറിൽ ഒപ്പുവെക്കാൻ മുഹമ്മദ് സലാ അടുത്തെത്തിയതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


ഈ സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന 32-കാരനായ മുന്നേറ്റ താരം 2017 ൽ ലിവർപൂളിൽ ചേർന്നതു മുതൽ ടീമിന്റെ വിജയങ്ങളിലെ ഒരു പ്രധാന വ്യക്തിത്വമാണ്. സഹതാരങ്ങളായ വിർജിൽ വാൻ കഡൈക്കും പുതിയ കരാർ ഒപ്പുവെക്കും എന്നാണ് സൂചനകൾ. ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് പക്ഷെ ലിവർപൂൾ വിടും.


ഈ സീസണിൽ 27 ഗോളുകളുമായി പ്രീമിയർ ലീഗിലെ ടോപ് സ്കോററാണ് സലാ. റെഡ്സിനായി 394 മത്സരങ്ങളിൽ നിന്ന് 243 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. സൗദി അറേബ്യൻ ക്ലബ്ബുകളിൽ നിന്ന് താൽപ്പര്യമുണ്ടായിട്ടും, രണ്ട് തവണ ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം നേടിയ താരം ആൻഫീൽഡിൽ തുടരാനുള്ള ആഗ്രഹം ആവർത്തിച്ച് പ്രകടിപ്പിച്ചിട്ടുണ്ട്.
ഔദ്യോഗിക കരാർ ഇതുവരെ അന്തിമമാക്കിയിട്ടില്ലെങ്കിലും, സലായും വാൻ ഡൈക്കും ക്ലബ്ബിൽ തുടരാൻ സമ്മതിക്കുമെന്ന ശുഭാപ്തിവിശ്വാസം വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മൊ സലായുടെ മികവിൽ എത്യോപ്യയെ തോൽപ്പിച്ച് ഈജിപ്ത്

മൊറോക്കോയിലെ ലാർബി സാവുലി സ്റ്റേഡിയത്തിൽ എത്യോപ്യയെ 2-0 ന് പരാജയപ്പെടുത്തി 2026 ഫിഫ ലോകകപ്പ് ആഫ്രിക്കൻ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയിൽ ഈജിപ്ത് ലീഡ് വർദ്ധിപ്പിച്ചു. ആദ്യ പകുതിയിൽ മുഹമ്മദ് സലായും സിസോയും നേടിയ ഗോളുകൾ ആണ് ഈജിപ്തിന് ജയം നൽകിയത്‌. രണ്ടാം സ്ഥാനത്തുള്ള ബുർക്കിന ഫാസോയേക്കാൾ അഞ്ച് പോയിന്റിന്റെ ലീഡ് ഈജിപ്തിന് ഇപ്പോൾ ഉണ്ട്.

പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് 31-ാം മിനിറ്റിൽ സലാ ഗോൾ കീപ്പർ അബുബേക്കർ അംബിസയെ മറികടന്ന് ഗോൾ നേടി. ഒമ്പത് മിനിറ്റിനുശേഷം, ലിവർപൂൾ താരം ഗോൾ സൃഷ്ടിച്ചു. സിസോ അത്ര എളുപ്പമല്ലാതിരുന്ന ആംഗിളിൽ നിന്ന് ഗോൾ നേടി.

ഈജിപ്ത് ഇനി അടുത്ത മത്സരത്തിൽ സിയറ ലിയോണിനെ നേരിടും. അതേസമയം എത്യോപ്യ ജിബൂട്ടിയെ നേരിടും.

മൊ സലാക്ക് റെക്കോഡ്, ഏഴാമത്തെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ മന്ത് അവാർഡ്

ലിവർപൂളിൻ്റെ മുഹമ്മദ് സലാ ഫെബ്രുവരിയിലെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി മന്ത് ആയി തിരഞ്ഞെടുക്കപ്പെട്ടു, ഇത് ഏഴാം തവണയാണ് സലാ ഈ അവാർഡ് നേടുന്നത്. ഇത് ഒരു റെക്കോർഡ് ആണ്. ആറ് ഗോളുകൾ നേടുകയും നാല് അസിസ്റ്റുകൾ നൽകുകയും ചെയ്ത സലായ്ക്ക് മികച്ച ഒരു മാസം ആയിരുന്നു കഴിഞ്ഞു പോയത്.

ഈ സീസണിൽ 27 ഗോളുകളും 17 അസിസ്റ്റുകളും നേടിയ അദ്ദേഹം ഇപ്പോൾ ലീഗിലെ ടോപ് സ്കോററും അസിസ്റ്റ് പ്രൊവൈഡറുമാണ്. ഈ അവാർഡ് ഹാരി കെയ്‌നും സെർജിയോ അഗ്യൂറോയ്‌ക്കുമൊപ്പം ഏഴ് തവണ അവാർഡ് നേടിയ മൂന്നാമത്തെ താരമായി സലായെ മാറ്റുന്നു.

മൊ സലാ മെസ്സിയുടെ റെക്കോർഡിനൊപ്പം എത്തി

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ലിവർപൂളിന്റെ 2-0 വിജയത്തിൽ ഗോൾ നേടുകയും അസിസ്റ്റ് ചെയ്യുകയും ചെയ്തുകൊണ്ട് മുഹമ്മദ് സലാ തന്റെ അവിശ്വസനീയമായ ഫോം തുടർന്നു. ഇന്നലെ ഗോളും അസിസ്റ്റും നൽകിയതോടെ ഒരു സീസണിൽ 11 ലീഗ് മത്സരങ്ങളിൽ ഗോൾ നേടുകയും അസിസ്റ്റ് ചെയ്യുകയും ചെയ്ത ലയണൽ മെസ്സിയുടെ റെക്കോർഡിന് ഒപ്പം സലാ എത്തി.

2014/15 സീസണിൽ ആയിരുന്നു മെസ്സി 11 കളിയും ഗോളും അസിസ്റ്റും നൽകിയത്. ഡൊമിനിക് സോബോസ്ലായുടെ അസിസ്റ്റിൽ നിന്നായിരുന്നു ഇന്നലെ സലാ ഗോൾ നേടിയത്. ഇത് സീസണിലെ അദ്ദേഹത്തിന്റെ 25-ാമത്തെ ഗോളായിരുന്നു, പ്രീമിയർ ലീഗ് ചരിത്രത്തിൽ രണ്ട് വ്യത്യസ്ത സീസണുകളിലായി 40+ ഗോൾ ഇൻവോൾവ്മെന്റ് നേടുന്ന ആദ്യ കളിക്കാരനായും ഈ ഈജിപ്ഷ്യൻ കളിക്കാരൻ മാറി.

കൂടാതെ, ഗോർഡൻ ഹോഡ്‌സണിനൊപ്പം 241 ഗോളുകളുമായി ലിവർപൂളിന്റെ എക്കാലത്തെയും മികച്ച സ്‌കോറിംഗ് ചാർട്ടുകളിൽ അദ്ദേഹം ഇപ്പോൾ മൂന്നാം സ്ഥാനത്താണ്.

മാഞ്ചസ്റ്ററിൽ വന്ന് സിറ്റിയെ പാഠം പഠിപ്പിച്ചു!! ലിവർപൂൾ കിരീടത്തിലേക്ക് അടുക്കുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ കിരീടത്തിലേക്ക് അടുക്കുന്നു. അവർ ഇന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ വന്ന് എതിരില്ലാത്ത 2 ഗോളുകൾക്ക് വിജയിച്ചു. പെപ് ഗ്വാർഡിയോളയുടെ ടീമിനു മേൽ സമ്പൂർണ്ണ ആധിപത്യം നേടാൻ ലിവർപൂളിനായി.

14ആം മിനുറ്റിൽ ഒരു കോർണറിൽ നിന്ന് മി സലാ ലിവർപൂളിന് ലീഡ് നൽകി. മനോഹരമായി വർക്ക് ചെയ്ത കോർണർ നീക്കം സിറ്റി ഡിഫൻസിനെ അമ്പരിപ്പിച്ചു.

37ആം മിനുറ്റിൽ സബോസ്ലായിയുടെ ഗോൾ ലിവർപൂളിന്റെ ലീഡ് ഇരട്ടിയാക്കി. സലാ ആയിരുന്നു അസിസ്റ്റ് നൽകിയത്. ഈ വിജയത്തോടെ ലിവർപൂൾ 27 മത്സരങ്ങളിൽ നിന്ന് 64 പോയിന്റിൽ എത്തി. 11 മത്സരങ്ങൾ മാത്രം ബാക്കിയിരിക്കെ അവർ ആഴ്സണലിനേക്കാൾ 11 പോയിന്റ് മുന്നിൽ നിൽക്കുകയാ‌ണ്.

വോൾവ്സിനെ തോൽപ്പിച്ച് ലിവർപൂൾ!! ഒന്നാം സ്ഥാനത്ത് 7 പോയിന്റ് ലീഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ ഒന്നാം സ്ഥാനത്തെ 7 പോയിന്റ് ലീഡ് പുനസ്ഥാപിച്ചു. ഇന്ന് ആൻഫീൽഡിൽ വോൾവ്സിൽ നിന്ന് ശക്തമായ പോരാട്ടം നേരിട്ടു എങ്കിലും 2-1ന്റെ വിജയം ഉറപ്പിക്കാൻ ലിവർപൂളിനായി. ഈ വിജയത്തോടെ ലിവർപൂൾ 25 മത്സരങ്ങളിൽ നിന്ന് 60 പോയിന്റിൽ എത്തി.

ഇന്ന് ആദ്യ പകുതിയിൽ ലിവർപൂൾ 2 ഗോളുകൾ നേടി കൃത്യമായ ആധിപത്യം പുലർത്തി. 15ആം മിനുറ്റിൽ ലൂയിസ് ഡയസിലൂടെ ആയിരുന്നു ആദ്യ ഗോൾ. സലാ നൽകിയ പാസ് ഒരു ഡിഫ്ലക്ഷനിലൂടെ ഡിയസിൽ എത്തി. ഡിയസിന്റെ ദേഹത്ത് തട്ടി പന്ത് നേരെ വലയിൽ എത്തി.

37ആം മിനുറ്റിൽ ഡിയസ് നേടിയ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് സലാ ലിവർപൂളിന്റെ ലീഡ് ഇരട്ടിയാക്കി. സലായുടെ ഈ സീസണിലെ 28ആം ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയിൽ 67ആം മിനുറ്റിൽ മാത്യസ് കുഞ്ഞ്യയുടെ ഗോൾ വോൾവ്സിന് പ്രതീക്ഷകൾ നൽകി. അവർ സമനില ഗോളിനായി ആഞ്ഞു ശ്രമിച്ചു എങ്കിലും രണ്ടാം ഗോൾ വന്നില്ല.

Exit mobile version