ഡ്യൂറന്റ് കപ്പ് സെമി ഫൈനൽ; ഗോവയെ വീഴ്ത്തി മോഹൻ ബഗാൻ, കലാശപ്പോരാട്ടത്തിൽ കൊൽക്കത്ത ഡെർബി

ഡ്യൂറന്റ് കപ്പിൽ ഇന്ന് നടന്ന രണ്ടാം സെമി ഫൈനലിൽ തിരിച്ചു വരവോടെ തകർപ്പൻ ജയം സ്വന്തമാക്കി മോഹൻ ബഗാൻ. ലീഡ് വഴങ്ങിയിട്ടും തളരാതെ പൊരുതി എഫ്സി ഗോവയെയാണ് അവർ കീഴടക്കിയത്. ജേസൻ കമ്മിൻസ്, സദിഖു എന്നിവർ ബഗാന് വേണ്ടി വല കുലുക്കി. നോവ സദോയി ആണ് ഗോവയുടെ ഏക ഗോൾ കണ്ടെത്തിയത്. നേരത്തെ ഈസ്റ്റ് ബംഗാളും ഫൈനലിൽ എത്തിയിരുന്നു. ഇതോടെ കലാശപോരാട്ടത്തിൽ കൊൽക്കത്ത ഡെർബി ആണ് ആരാധകർക്ക് മുന്നിൽ ഒരുങ്ങുക. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ ഈസ്റ്റ് ബംഗാൾ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു.

നോവ സദോയിലൂടെ ഗോവയാണ് മത്സരത്തിലെ ആദ്യ അവസരം സൃഷ്ടിച്ചത്. ഏഴാം മിനിറ്റിൽ ബോക്സിലേക്ക് കടന്ന് കയറി താരം തൊടുത്ത ഷോട്ട് പോസിറ്റിന് മുകളിലൂടെ കടന്ന് പോയി. പിന്നീട് 23ആം നോവയിലൂടെ തന്നെ ഗോവ ഗോൾ കണ്ടെത്തി. എതിർ പകുതിയുടെ മധ്യത്തിൽ നിന്നായി ഹ്യൂഗോ ബൊമസിന്റെ മിസ് പാസ് പിടിച്ചെടുത്തു മുന്നേറിയ താരം, ബോക്സിന് പുറത്തു വെച്ചു തന്നെ ഷോട്ട് ഉതിർത്ത് വല കുലുക്കി. 41ആം മിനിറ്റിൽ കമ്മിൻസിന്റെ പെനാൽറ്റിയിലൂടെ മോഹൻ ബഗാൻ ഗോൾ മടക്കി. എന്നാൽ പെനാൽറ്റിയിലേക്ക് വഴി വെച്ച ഫൗൾ വിവാദമായി. ആഷിഖ് കുരുണിയനെ പെനാൽറ്റി ബോക്സിന്റെ ലൈനിൽ എന്നോണം ജേക്കബ് വീഴ്ത്തിയത് റഫറി ആദ്യം ഫ്രീകിക്ക് വിളിച്ചെങ്കിലും ലൈൻ റഫറി ഇടപെട്ടതോടെ പെനാൽറ്റി നൽകുകയായിരുന്നു. ഗോവ താരങ്ങൾ ഇതിൽ പ്രതിഷേധിച്ചു. ഇതോടെ ആദ്യ പകുതി തുല്യ നിലയിൽ പിരിഞ്ഞു.

അറുപതിയൊന്നാം മിനിറ്റിൽ സദിഖുവിന്റെ ഒന്നാന്തരം ഒരു ഗോളിലൂടെ മോഹൻ ബഗാൻ ലീഡും കരസ്ഥമാക്കി. പിൻ നിരയിൽ നിന്നെത്തിയ പാസ് ക്ലിയർ ചെയ്യുന്നതിൽ സന്ദേഷ് ജിങ്കന് വമ്പൻ പിഴവ് സംഭവിച്ചപ്പോൾ പന്ത് കൈക്കലാക്കിയ സദിഖു സമയം പാഴാക്കാതെ ലോങ് റേഞ്ച് ഷോട്ട് ഉതിർത്തത് കൃത്യമായി വലയിൽ തന്നെ പതിച്ചു. 69ആം മിനിറ്റിൽ കോർണറിൽ നിന്നും റോളൻ ബോർജസ് ഉതിർത്ത ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. മത്സരം മുഴുവൻ സമയം പൂർത്തിയാക്കവെ വിശാൽ ഖേയ്ത്തിന്റെ കരങ്ങൾ മോഹൻ ബഗാന്റെ ലീഡ് നിലനിർത്തി. പൗലോ റെട്രെയുടെ ഫ്രീകിക്കിൽ നിന്നും ജെയ് ഗുപ്ത തൊടുത്ത തകർപ്പൻ ഹെഡർ മുഴുനീള ഡൈവിങ്ങിലൂടെ ഖേയ്ത് സേവ് ചെയ്തു. ബോർജസിന്റെ ശക്തിയേറിയ ഷോട്ട് ലക്ഷ്യം തെറ്റി പറന്നു. അവസാന നിമിഷങ്ങളിൽ ബഗാൻ പ്രതിരോധം ഉറച്ചു നിന്നതോടെ ഗോവയുടെ ഫൈനൽ മോഹങ്ങൾ അവസാനിച്ചു.

ഇഞ്ചുറി ടൈമിൽ സമനില ഗോൾ, ഷൂട്ട് ഔട്ടിൽ വിജയം; വീരോചിതം ഡ്യൂറന്റ് കപ്പ് ഫൈനലിലേക്ക് കടന്ന് ഈസ്റ്റ് ബംഗാൾ

കൈവിട്ടെന്ന് ഉറപ്പിച്ച മത്സരം ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം സമനിലയിൽ എത്തിക്കുക, തുടർന്ന് ഷൂട്ട് ഔട്ടിൽ ഗംഭീര തിരിച്ചു വരവും. ഇന്ന് നടന്ന സെമി ഫൈനൽ പോരാട്ടത്തിന്റെ ഭൂരിഭാഗം സമയവും ലീഡ് കൈവശം വെച്ച നോർത്ത് ഈസ്റ്റിനെ നിമിഷ നേരം കൊണ്ട് കണ്ണീരിൽ ആഴ്ത്തി ഈസ്റ്റ് ബംഗാൾ സ്വപ്നസമാനമായ പോരാട്ടത്തിലൂടെ ഡ്യൂറന്റ് കപ്പ് ഫൈനലിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ്. മുഴുവൻ സമയത്തു രണ്ടു ഗോൾ വീതമടിച്ചു ടീമുകൾ പിരിഞ്ഞതോടെ ഒടുവിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് ജേതാക്കളെ തീരുമാനിച്ചത്. നോർത്ത് ഈസ്റ്റിന് വേണ്ടി സബാക്കോ, ഫാൽഗുണി എന്നിവർ വല കുലുക്കി. ഈസ്റ്റ് ബംഗാളിന്റെ മറുപടി ഗോളുകളിൽ ഒന്ന് സെൽഫ് ഗോൾ ആയിരുന്നു. മറ്റൊരു ഗോൾ നന്ദകുമാർ കണ്ടെത്തി.

നോർത്ത് ഈസ്റ്റിന് തന്നെയാണ് മത്സരത്തിലെ ആദ്യ മികച്ച അവസരം ലഭിച്ചത്. മൂന്നാം മിനിറ്റിൽ തന്നെ ബോക്സിനുള്ളിൽ നിന്നും മൻവീർ തൊടുത്ത ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. നോർത്ത് ഈസ്റ്റ് കൗണ്ടറിന് തുടക്കത്തിലെ തടയിട്ട് പന്ത് കൈക്കലാക്കിയ പാഡ്രോ തൊടുത്ത ലോങ് റേഞ്ചർ മിർഷാദ് തട്ടിയകറ്റി. 22ആം മിനിറ്റിൽ ആദ്യ ഗോൾ എത്തി. ബോക്സിന് പുറത്തു നിന്നും ഫാൽഗുണി നൽകിയ ക്രോസ് മികച്ചൊരു ഹെഡറിലൂടെ സബാക്കോ വലയിൽ എത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റ് ലീഡ് ഇരട്ടിയാക്കി. പിൻനിരയിൽ നിന്നും എത്തിയാ ലോങ് ബോൾ കാലിൽ കൊരുത്ത് ബോക്സിനുള്ളിലേക്ക് കുതിച്ച് എതിർ താരങ്ങൾക്കിടയിലൂടെ ഫാൽഗുണി തൊടുത്ത ഷോട്ട് കീപ്പർക്ക് യാതൊരു അവസരവും നൽകാതെ വലയിലേക്ക് തന്നെ കയറി. രണ്ടാം ഗോളും വഴങ്ങിയതോടെ ഈസ്റ്റ് ബംഗാൾ ആക്രമണം മാത്രം ലക്ഷ്യമിട്ട് നീക്കങ്ങൾ മെനഞ്ഞു. ഇതോടെ പലപ്പോഴും ഒഴിച്ചിട്ടു പോയ പ്രതിരോധത്തിലേക്ക് നോർത്ത് ഈസ്റ്റ് കടന്നു കയറിയെങ്കിലും കൂടുതൽ ഗോൾ കണ്ടെത്താൻ ആവർക്കായില്ല. പല കൗണ്ടർ നീക്കങ്ങളും ലക്ഷ്യത്തിൽ എത്തിക്കാൻ സാധിക്കാതെ പോയതിന് അവർ വില നൽകേണ്ടിയും വന്നു. ഇത്തരമൊരു നീക്കത്തിൽ റോമയിന്റെ ഷോട്ട് പോസ്റ്റിന് തൊട്ടരുമി കടന്ന് പോയി.

ഒടുവിൽ 76ആം മിനിറ്റിൽ ഉറച്ചു നിന്ന നോർത്ത് ഈസ്റ്റ് പ്രതിരോധത്തിൽ ഈസ്റ്റ് ബംഗാൾ ആദ്യ വിള്ളൽ വീഴ്ത്തി. നെറോം മഹേഷ് തൊടുത്ത ഷോട്ട് നോർത്ത് ഈസ്റ്റ് താരത്തിൽ തട്ടി ഗതിമാറി പോസ്റ്റിലേക്ക് കയറിയപ്പോൾ മിർഷാദിന് നോക്കി നിൽക്കാനെ സാധിച്ചുള്ളൂ. പിന്നീടും മത്സരം ഈസ്റ്റ് ബംഗാളിന്റെ ആക്രമണവും നോർത്ത് ഈസ്റ്റിന്റെ പ്രതിരോധ കോട്ടയും ആയി തന്നെ തുടർന്നു. ഇഞ്ചുറി ടൈമിൽ ഗോൾ സ്‌കോറർ സബാക്കോ രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്തു പോയത് നോർത്ത് ഈസ്റ്റിന് മറ്റൊരു തിരിച്ചടി ആയി. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ നന്ദകുമാറിന്റെ ഹെഡർ നോർത്ത് ഈസ്റ്റിന്റെ ഹൃദയം പിളർന്ന് കൊണ്ട് വലയിൽ എത്തി. ഫ്രീകിക്കിൽ നിന്നെത്തിയ ഈസ്റ്റ് ബംഗാളിന്റെ ആദ്യ ശ്രമം മിർഷാദ് തടഞ്ഞിട്ടപ്പോൾ ക്ലീറ്റൺ സിൽവ നൽകിയ ക്രോസിൽ നിന്നും നന്ദകുമാർ തൊടുത്ത ഹെഡർ കീപ്പർക്ക് കൈക്കലാക്കാൻ സാധിച്ചില്ല.

തുടർന്ന് മത്സരം പെനാൽറ്റിയിലേക്ക് കടന്നു. ഈസ്റ്റ് ബംഗാൾ അഞ്ച് പെനാൽറ്റികളും വലയിൽ എത്തിച്ചപ്പോൾ നോർത്ത് ഈസ്റ്റിന് നാലെണ്ണമേ ലക്ഷ്യം കാണാൻ ആയുള്ളൂ. പാർത്ഥിബ് ഗോഗോയിൽ എടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി തെറിക്കുകയായിരുന്നു. താരത്തിന്റെ ആദ്യ പെനാൽറ്റി കീപ്പർ സേവ് ചെയ്‌തെങ്കിലും ഗിൽ, ഗോൾ ലൈൻ വിട്ടു കയറിയതിനാൽ റഫറി റീ ടെക്ക് വിളിക്കുകയായിരുന്നു. എന്നാൽ ഈ അവസരവും മുതലാക്കാൻ പാർത്ഥിഭിനായില്ല. ഇതോടെ ഈസ്റ്റ് ബംഗാൾ ഫൈനൽ ഉറപ്പിച്ചു.

ഡ്യൂറന്റ് കപ്പ്; ചെന്നൈയിനെ വീഴ്ത്തി എഫ്സി ഗോവ സെമിയിലേക്ക്

ഡ്യൂറന്റ് കപ്പ് ക്വാർട്ടറിൽ ചെന്നൈയിൻ എഫ്സിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് കൊണ്ട് സെമി ബർത്ത് ഉറപ്പിച്ച് എഫ്സി ഗോവ. നോവ സദോയി, കാർലോസ് മർട്ടിനസ്, കാൾ മാക്ഹ്യുഗ്, വിക്റ്റർ റോഡ്രിഗ്വസ് എന്നിവരാണ് ഇന്ന് നടന്ന മത്സരത്തിൽ ഗോവക്ക് വേണ്ടി ലക്ഷ്യം കണ്ടത്. ചെന്നൈയിന്റെ ഒരേയോരു ഗോൾ ബികാശ് സ്വന്തം പേരിൽ കുറിച്ചു. ലീഡ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചു വന്നാണ് ഗോവ ജയം സ്വന്തമാക്കിയത്. ഗോളും അസിസ്റ്റുമായി നോവ സദോയ് മികച്ച പ്രകടനം പുറത്തെടുത്തു. ഇതോടെ സമ്പൂർണ വിജയവുമായി ഗ്രൂപ്പ് ഘട്ടം കടന്നെത്തിയ ചെന്നൈയിന്റെ ടൂർണമെന്റിലെ പോരാട്ടം അവസാനിച്ചു.

ചെന്നൈയിന്റെ ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ അഞ്ചു മിനിറ്റ് പൂർത്തിയാവും മുൻപ് ലീഡ് എടുക്കാനും അവർക്കായി. കോർണറിൽ നിന്നും ഹെഡറുമായി വല കുലുക്കി ബികാഷ് ആണ് ചെന്നൈയിന് ലീഡ് നൽകിയത്. എന്നാൽ ഗോവ ഉടൻ മത്സരത്തിലേക്ക് തിരികെ വന്നു. പന്ത് കൂടുതലും കൈവശം വെക്കാൻ ശ്രമിച്ച അവർക്ക് വേണ്ടി നോവ സദോയി ആണ് പല നീക്കങ്ങളും മെനഞ്ഞെടുത്തത്. താരത്തിന്റെ ക്രോസിൽ നിന്നും കർലോസിന്റെ ഹെഡർ പോസ്റ്റിലിടിച്ചു മടങ്ങി. തൊട്ടു പിറകെ നോവയുടെ ഷോട്ട് പോസ്റ്റിന് തൊട്ടു മുൻപിലൂടെ കടന്ന് പോയപ്പോൾ അവസാന ടച്ച് നൽകാനും കാർലോസിന് സാധിച്ചില്ല. ഒടുവിൽ 30ആം മിനിറ്റിൽ ഗോവ അർഹിച്ച സമനില ഗോൾ നേടി. വലത് വിങ്ങിൽ നിന്നും ബ്രണ്ടൻ നൽകിയ ക്രോസ് ബോക്സിനുള്ളിൽ നൊവ സദോയി കാൾ മാക്ഹ്യുവിന് ഹെഡറിലൂടെ മറിച്ചു നൽകിയപ്പോൾ താരം അനായാസം വല കുലുക്കി. ആറു മിനിറ്റിനു ശേഷം എതിർ പ്രതിരോധത്തിന്റെ പിഴവിൽ ബോസ്‌കിനുള്ളിൽ പന്ത് കാലിൽ എത്തിയ കാർലോസ് ചിപ്പ് ചെയ്തവണ്ണം ബോക്സിലേക്ക് പന്തെത്തിച്ച് ഗോവക്ക് ലീഡും സമ്മാനിച്ചു.

രണ്ടാം ഭൂരിഭാഗം സമയവും സ്‌കോർ നില മാറ്റമില്ലാതെ തുടർന്നു. ബ്രണ്ടർ ഫെർണാണ്ടസിന്റെ ഫ്രീകിക്കിൽ ജിങ്കന്റെ ഹെഡർ പോസ്റ്റിനിരുമി കടന്ന് പോയി. ആകാഷിന്റെ ഫ്രീകിക്ക് ഗോവ കീപ്പർ ധീരജ്‌ തട്ടിയകറ്റി. പിന്നീട് ഇഞ്ചുറി ടൈമിൽ ഗോവ വീണ്ടും ലക്ഷ്യം കണ്ടു. മക്ഹ്യൂഗ് ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് ഓഫ്സൈഡ് കേട്ടു പൊട്ടിച്ചു നിയന്ത്രിച്ചു കീപ്പറേയും മറികടന്ന് നോവ വല കുലുക്കുകയായിരുന്നു. ഒടുവിൽ ബോറിസിന്റെ അസിസ്റ്റിൽ നിന്നും വിക്റ്റർ റോഡ്രിഗ്വസിന്റെ തകർപ്പൻ ഫിനിഷിങ് കൂടി ആയപ്പോൾ ഗോവ സ്കോർഷീറ്റ് പൂർത്തിയാക്കി.

ഡ്യൂറന്റ് കപ്പ്; ആർമി പോരാട്ട വീര്യത്തെ വീഴ്ത്തി സെമി ഉറപ്പിച്ച് നോർത്ത് ഈസ്റ്റ് യുനൈറ്റഡ്

പൊരുതി കളിച്ച ഇന്ത്യൻ ആർമിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ആദ്യ ക്വർട്ടർ ഫൈനൽ മത്സരത്തിൽ വിജയം കുറിച്ച് നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്സി. പലപ്പോഴും തുല്യ ശക്തികളുടെ പോരാട്ടമായി മാറിയ മത്സരത്തിൽ ഫാൽഗുണി നേടിയ ഏക ഗോളാണ് ഒടുവിൽ വിധി നിർണയിച്ചത്. നാളെ രണ്ടാം ക്വാർട്ടർ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാൾ ഗോകുലത്തെ നേരിടും.

ഐഎസ്എൽ ടീമിനെതിരെ ഒപ്പത്തിനൊപ്പം തുടങ്ങിയ ഇന്ത്യൻ ആർമിക്ക് തന്നെയാണ് ആദ്യത്തെ മികച്ച അവസരങ്ങളിൽ ഒന്നും ലഭിച്ചത്. ബോക്സിനുള്ളിൽ നിന്നും രാഹുലിന്റെ തകർപ്പൻ ഒരു ഷോട്ട് പക്ഷെ ബാറിനു മുകളിലൂടെ കടന്ന് പോയി. തൊട്ടു പിറകെ റോച്ചാർസല എതിർ താരങ്ങളെ വകഞ്ഞു മാറ്റി നൽകിയ അവസരത്തിൽ തികച്ചും മാർക്ക് ചെയ്യപ്പെടാതെ നിന്ന റൊമായിൻ ഫിലിപ്പോറ്റോവിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു. 36ആം മിനിറ്റിൽ ലോങ് ബോൾ പിടിച്ചെടുത്തു ഒന്ന് ഡ്രിബിൾ ചെയ്ത ശേഷം ലിറ്റൺ ഷിൽ തൊടുത്ത ഷോട്ട് മിർഷാദ് സേവ് ചെയ്‌തു. ഒടുവിൽ 51ആം മിനിറ്റിൽ മത്സരത്തിന്റെ വിധി നിശ്ചയിച്ച ഗോൾ എത്തി. മൻവീറിനെ കണക്കാക്കി നെസ്റ്ററിന്റെ മികച്ചൊരു ക്രോസ് എതിർ ബോക്സിലേക്ക് എത്തിയപ്പോൾ താരം ദുർഷകരമായ ആംഗിളിൽ നിന്നും ഹെഡർ ഉതിർത്തു. എന്നാൽ ശക്തമല്ലാത്ത ഷോട്ട് ക്ലിയർ ചെയ്യുന്നതിൽ ആർമി പ്രതിരോധത്തിന് പിഴച്ചപ്പോൾ ഓടിയെത്തിയ ഫാൽഗുനി വല കുലുക്കുകയായിരുന്നു. അവസാന നിമിഷങ്ങൾ ഇന്ത്യൻ ആർമി സർവ്വ ശക്തിയും എടുത്തു സമനില ഗോളിന് വേണ്ടി ശ്രമിച്ചെങ്കിലും നോർത്ത് ഈസ്റ്റ് പ്രതിരോധം ഉറച്ചു നിന്നു.

ഡ്യൂറന്റ് കപ്പ്; ഹാട്രിക്കുമായി ആരോൺ, ജയത്തോടെ ടൂർണമെന്റിനോട് വിടപറഞ്ഞു ഹൈദരാബാദ്

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ഈയിൽ അവസാന മത്സരത്തിൽ ജയവുമായി ഹൈദരാബാദ് എഫ്സി. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ത്രിഭുവൻ ആർമിയേയാണ് ഐഎസ്എൽ ടീം കീഴടക്കിയത്. ഹാട്രിക്കുമായി തിളങ്ങിയ ആരോൺ ഡി സിൽവയുടെ മികവിൽ ഹൈദരാബാദ് ടൂർണമെന്റിലെ ആദ്യ ജയം സ്വന്തമാക്കുകയായിരുന്നു. ഇരു ടീമുകളും നേരത്തെ നോക്ഔട്ട് കാണാതെ പുറത്തായിരുന്നു.

പതിനാറാം മിനിറ്റിൽ തന്നെ ആരോൺ ഗോളടി ആരംഭിച്ചു. ഇടത് വിങ്ങിൽ നിന്നും ചുങ്ത ഉയർത്തി നൽകിയ ക്രോസിൽ ഹെഡർ ഉതിർത്താണ് താരം ആദ്യ ഗോൾ കണ്ടെത്തിയത്. 24ആം മിനിറ്റിൽ അടുത്ത ഗോൾ എത്തി. എതിർ പ്രതിരോധത്തെ കീറി മുറിച്ചു യാസിർ നൽകിയ ത്രൂ ബോൾ കൃത്യമായി ഓടിയെടുത്ത ആരോൺ ഗോളിയെയും മറികടന്ന് ഗോൾ വല കുലുക്കി. ത്രിഭുവൻ ആർമിക്ക് ലഭിച്ച അവസരങ്ങളിൽ ഒന്നിൽ ഫറ്റെമാന്റെ ശ്രമം കീപ്പർ തടുത്തു.

രണ്ടാം പകുതിയിലും ഗോൾ വഴങ്ങാതെ കീപ്പർ ഹൈദരാബാദിനെ കാത്തു. ത്രിഭുവന്റെ ഒരു ശ്രമം തടഞ്ഞിട്ടപ്പോൾ പിറകെ വന്ന മറ്റൊരു ഷോട്ടും ഗുകർമീത് തടഞ്ഞു. 69ആം മിനിറ്റിൽ ആരോൺ പട്ടിക തികച്ചു. ബോക്സിനുള്ളിൽ എതിർ താരത്തെ വെട്ടിയൊഴിഞ്ഞ താരം കീപ്പറേയും കീഴടക്കിയപ്പോൾ ഹൈദരാബാദ് ജയം ഉറപ്പിച്ചു. ഒടുവിൽ നവയുഗിന്റെ ലോങ് റേഞ്ചറും പോസ്റ്റിന് മുകളിലൂടെ കടന്ന് പോയപ്പോൾ ആശ്വാസ ഗോൾ കണ്ടെത്താമെന്ന നേപ്പാൾ ക്ലബ്ബിന്റെ മോഹവും അവസാനിച്ചു.

ഡ്യൂറന്റ് കപ്പ്; രാജസ്ഥാനേയും പിടിച്ചു കെട്ടി പ്രീ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്ത് ഇന്ത്യൻ ആർമി

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് എഫിൽ നിന്നും പ്രീ ക്വാർട്ടറിലേക്ക് കടക്കുന്ന ടീമായി ഇന്ത്യൻ ആർമി. ഇന്ന് നടന്ന മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനെ ഗോൾ രഹിത സമനിലയിൽ തളച്ചാണ് ആർമി ഈ നേട്ടം സ്വന്തമാക്കിയത്. നേരത്തെ ഒഡീഷ എഫ്സി, ബോഡോലാന്റ് എന്നിവരെ വീഴ്ത്തിയിരുന്ന ടീമിന് ഇന്ന് സമനില തന്നെ ധാരാളം ആയിരുന്നു. എന്നാൽ മികച്ച വിജയം തന്നെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ആവശ്യമായിരുന്ന രാജസ്ഥാന് ഇന്നത്തെ ഫലം നിരാശയുടേതായി. നാളത്തെ മത്സരങ്ങളോടെ പ്രീ ക്വാർട്ടർ ലൈനപ് പൂർണമായി അറിയാം. 2021 ന് ശേഷമുള്ള മിലിട്ടറി ടീമിന്റെ ആദ്യ പ്രീ ക്വാർട്ടർ പ്രവേശനം ആണിത്.

തുല്യ ശക്തികളുടേതായിരുന്നു ഇന്നത്തെ മത്സരം. പന്ത് കൈവശം വെക്കുന്നതിലും ലക്ഷ്യത്തിലേക്ക് ഷോട്ട് ഉതിർക്കുന്നതിലും ടീമിലും ടീമുകൾ ഒപ്പത്തിനൊപ്പം നിന്നു. എന്നാൽ ആകെ പോസ്റ്റിലേക്ക് മൂന്ന് തവണയെ ഇരു ടീമുകളും ഉന്നം വെച്ചുള്ളൂ. കാര്യമായ അവസരങ്ങൾ പിറക്കാതെ പോയ മത്സരത്തിൽ, ആദ്യ അരമണിക്കൂർ പിന്നിടുമ്പോൾ ഇന്ത്യൻ ആർമിക്ക് ദീപക്കിലൂടെ ഒരു അവസരം വീണു കിട്ടി. എന്നാൽ ഖോങ്സായിയുടെ മികച്ചൊരു പാസും പിടിച്ചെടുത്തു ബോക്സിലെത്തിയ താരത്തിന്റെ ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്നു. രാഘവ് ഗുപ്തയുടെ ഷോട്ട് സേവ് ചെയ്തു കൊണ്ട് കീപ്പർ സയദ് ആർമിയുടെ രക്ഷക്കെത്തി. ക്രോസിൽ നിന്നും രാഹുലിന്റെ ഹെഡർ പോസ്റ്റിന് മുകളിൽ അവസാനിച്ചു. അവസാന നിമിഷങ്ങളിൽ ഗോളിനായി രാജസ്ഥാൻ ടീം മുഴുവൻ ഇറമ്പിയാർത്തപ്പോൾ തുടർച്ചായി കോർണർ വഴങ്ങിയാണ് ആർമി പ്രതിരോധിച്ചത്. ഇത്തരം ഒരു കോർണറിൽ നിന്നും ക്യാപ്റ്റൻ സോമ തൊടുത്ത ഒന്നാം തരം ഒരു ഷോട്ട് എതിർ താരത്തിൽ തട്ടി പുറത്തേക്ക് തന്നെ തെറിച്ചു. ഇതോടെ ആഗ്രഹിച്ച സമനില ആർമി നേടിയെടുത്തു.

ഡ്യൂറന്റ് കപ്പ്; നാലടിച്ച് ഡേവിഡ്, തകർപ്പൻ ജയവുമായി മൊഹമ്മദൻ സ്പോർട്ടിങ്

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ബിയിൽ തകർപ്പൻ ജയവുമായി മൊഹമ്മദൻസ്. ഇന്ന് നടന്ന മത്സരത്തിൽ ജംഷ്ദ്പൂരിനെ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് അവർ തകർത്തത്. യുവതാരം ഡേവിഡ് ലാലൻസാംഗ നാലു ഗോളുമായി തിളങ്ങിയപ്പോൾ രേംസെങ്ങ മറ്റു രണ്ടു ഗോളുകൾ കണ്ടെത്തി. ഇതോടെ ആറു പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ അവർക്കായി. ഒരേയൊരു ജയം മാത്രം സ്വന്തമാക്കാൻ കഴിഞ്ഞ ജംഷദ്പൂർ മൂന്നാം സ്ഥാനത്തുമാണ്.

പത്താം മിനിറ്റിൽ ആദ്യ ഗോൾ വന്നത് മുതൽ മൊഹമ്മദൻസിന്റെ ആധിപത്യം ആയിരുന്നു കളത്തിൽ. എതിർ പകുതിയുടെ മധ്യത്തിൽ നിന്നും കസിമോവ് നീട്ടി നൽകിയ ക്രോസിൽ മികച്ച ഫിനിഷിങ്ങുമായി രേംസെങ്ങയാണ് അക്കൗണ്ട് തുറന്നത്. ആറു മിനിറ്റിന് ശേഷം നഹ്വെൽ ഗോമസ് ഉയർത്തി നൽകിയ പന്തിൽ തകർപ്പൻ ഷോട്ട് ഉതിർത്തു കൊണ്ട് താരം ലീഡ് ഇരട്ടിയാക്കി. 27ആം മിനിറ്റിൽ ഗോമസിന്റെ മറ്റൊരു ബോളിൽ ഹെഡർ ഉതിർത്ത് ഡേവിഡ് മത്സരത്തിലെ ആദ്യ ഗോൾ നേടി. ഇഞ്ചുറി ടൈമിൽ സുയിദിക്കയുടെ ഹെഡർ പോസ്റ്റിൽ കൊണ്ടു മടങ്ങി.

രണ്ടാം പകുതിയിൽ ജംഷ്ദ്പൂരിന് പെനാൽറ്റിയുടെ രൂപത്തിൽ ഗോൾ മടക്കാൻ അവസരം ലഭിച്ചു. എന്നാൽ ആഷ്ലെയുടെ ഷോട്ട് തടുത്തു കൊണ്ട് ജോങ്തെ മൊഹമ്മദൻസിനെ ഗോൾ വഴങ്ങാതെ കാത്തു. പിറകെ ഗോമസിന്റെ ത്രൂ ബോൾ പിടിച്ചെടുത്തു ഡേവിഡ് തന്റെ രണ്ടാം ഗോൾ കുറിച്ചു. 82ആം മിനിറ്റിൽ എതിർ പ്രതിരോധ താരങ്ങൾക്കിടയിലൂടെ പന്ത് വലയിൽ എത്തിച്ച് താരം ഹാട്രിക്കും പൂർത്തിയാക്കി. മുഴുവൻ സമയം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കി നിൽക്കെ ജംഷദ്പൂർ ഡിഫെൻസിന്റെ പിഴവ് മുതലെടുത്ത് ഡേവിഡ് തന്നെ പട്ടിക പൂർത്തിയാക്കി.

ഡ്യൂറന്റ് കപ്പ്; തിരിച്ചടിച്ചു വിജയം സ്വന്തമാക്കി നോർത്ത് ഈസ്റ്റ്, കേരളാ ബ്ലാസ്റ്റേഴ്‌സ് ടൂർണമെന്റിൽ നിന്നും പുറത്ത്

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ഡിയിലെ നിർണായകമായ അവസാന മത്സരത്തിൽ വിജയം നേടി നോർത്ത് ഈസ്റ്റ് യുനൈറ്റഡ്. ഇന്ന് ഡൗൺടൗൺ ഹീറോസിനെയാണ് അവർ കീഴടക്കിയത്. നോക് ഔട്ട് പ്രവേശനത്തിന് വിജയം ഉറപ്പാക്കേണ്ടിയിരുന്ന ഐഎസ്എൽ ടീമിന് വേണ്ടി ഇബ്‌സൻ, ഫിലിപ്പോറ്റൂ, പാർത്ഥിബ് ഗോഗോയി എന്നിവർ വല കുലുക്കി. പർവജ്‌ ബുയ്യ ഡൗൺടൗണിന്റെ ഗോൾ കുറിച്ചു. ജയത്തോടെ ഏഴു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ള ഗോവക്കോപ്പം നോർത്ത് ഈസ്റ്റ് എത്തിയെങ്കിലും ഗോൾ വ്യത്യാസത്തിൽ ഗോവ തന്നെയാണ് മുന്നിൽ. ഇതോടെ നാളെ എയർ ഫോഴ്‌സിനെതിരെ വിജയിച്ചാലും കേരള ബ്ലാസ്റ്റേഴ്‌സിന് പ്രീ ക്വർട്ടറിൽ കടക്കാൻ കഴിയില്ലെന്ന് ഉറപ്പായി.

നോർത്ത് ഈസ്റ്റിനെ ഞെട്ടിച്ചു കൊണ്ട് ഡൗൺടൗണാണ് ആദ്യം വല കുലുക്കിയത്. ഒൻപതാം മിനിറ്റിൽ തന്നെ പർവജിലൂടെ അവർ ലക്ഷ്യം കണ്ടു. എസ്കീലിന്റെ ഷോട്ട് നിയന്ത്രിക്കാനുള്ള കീപ്പറുടെ ശ്രമം പാളിയപ്പോൾ കൃത്യമായി ഇടപെട്ട് താരം വല കുലുക്കുകയായിരുന്നു. മത്സരം അരമണിക്കൂർ പിന്നിടവേ കോർണറിൽ നിന്നും എസ്കീലിന്റെ ഹെഡർ ലക്ഷ്യം കാണാതെ അവസാനിച്ചു.

ആദ്യ പകുതി ലീഡ് വഴങ്ങി കൊണ്ട് അവസാനിപ്പിച്ച നോർത്ത് ഈസ്റ്റ് പക്ഷെ, രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റ് തികയുന്നതിന് മുൻപ് സമനില ഗോൾ നേടി. ബോക്സിലേക്ക് എത്തിയ ക്രോസ് മിഗ്വെൽ സബാകോ ഹെഡറിലൂടെ മറിച്ചു നൽകിയ വലയിൽ എത്തിച്ചു കൊണ്ട് ഇബ്‌സനാണ് വല കുലുക്കിയത്. അൻപതാം മിനിറ്റിൽ ഫിലിപ്പോറ്റൂവിലൂടെ നോർത്ത് ഈസ്റ്റ് ലീഡും കരസ്ഥമാക്കി. എതിർ ബോക്സിന് തൊട്ടു പുറത്തു നിന്നും ഡൗൺടൗൺ താരത്തിൽ നിന്നും പന്ത് റഞ്ചുയെടുത്ത ഫിലിപ്പോറ്റൂ എതിർ താരങ്ങളെ മറികടന്ന് മുന്നേറി വല കുലുക്കുകയായിരുന്നു. 77ആം മിനിറ്റിൽ പിറകിൽ നിന്നെത്തിയ ലോങ് ബോൾ കാലിൽ കൊരുത്തു കൊണ്ട് ബോക്സിലേക്ക് കയറി പാർത്ഥിബ് നേടിയ ഗോളിൽ നോർത്ത് ഈസ്റ്റ് വിജയം ഉറപ്പിച്ചു. പിന്നീട് ഇമാദിന്റെയും അഫ്രീന്റെയും ഷോട്ടുകൾ തടഞ്ഞു കൊണ്ട് കീപ്പർ മിർഷാദും നിർണായ മത്സരത്തിൽ ടീമിന്റെ രക്ഷക്കെത്തി

ഡ്യൂറന്റ് കപ്പ്; വമ്പൻ അട്ടിമറിയിൽ ഒഡീഷ എഫ്സിയെ വീഴ്ത്തി ബോഡോലാന്റ്

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് എഫിൽ ഇന്ന് നടന്ന മത്സരത്തിൽ വമ്പൻ അട്ടിമറിയി. ഒഡീഷ എഫ്സിയെ ബോഡോലാണ്ട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തുകയായിരുന്നു. മാനേശ്വർ, എംബെന്റാ എന്നിവർ ജേതാക്കൾക്കായി വല കുലുക്കി. പുങ്തെ ഒഡീഷയുടെ ഗോൾ സ്വന്തം പേരിൽ കുറിച്ചു. ഇതോടെ ടൂർണമെന്റിലെ തങ്ങളുടെ അവസാന മത്സരത്തിൽ ആദ്യ വിജയം നേടി അഭിമാനത്തോടെ വിടവാങ്ങാൻ ബോഡോലാന്റിനായി. ഒഡീഷക്ക് ആവട്ടെ നോക്ഔട്ട് പ്രതീക്ഷ നിലനിർത്താൻ വിജയം അനിവാര്യമായിരുന്നെങ്കിലും ആ പ്രതീക്ഷകളും അസ്തമിച്ചു. അസമിലെ ബോഡോലാന്റ് മേഖലയിലെ ഫുട്ബോൾ മുന്നേറ്റം ലക്ഷ്യമിട്ട് ആരംഭിച്ച ബോഡോലാണ്ട് എഫ്സിയുടെ ആദ്യ മേജർ ടൂർണമെന്റ് ആയിരുന്നു ഇപ്രാവശ്യത്തെ ഡ്യൂറന്റ് കപ്പ്.

ആദ്യ പകുതിയിൽ ഇരു ടീമുകളും അവസരങ്ങൾ തുലച്ചു. കീപ്പർ മാത്രം മുന്നിൽ നിൽക്കെ ഒഡീഷ താരം അഫോബയുടെ ഷോട്ട് സൈഡ് നെറ്റിൽ അവസാനിച്ചപ്പോൾ എതിർ പ്രതിരോധത്തെ മാറി കടന്ന് ബോഡോലാന്റ് താരം നിക്കോദം പോസ്റ്റിന് തൊട്ടു മുൻപിൽ നിന്നും തൊടുത്ത ഷോട്ട് ലക്ഷ്യം തെറ്റി പറന്നു.

62ആം മിനിറ്റിൽ ഒഡീഷ മത്സരത്തിൽ ലീഡ് എടുത്തു. അഫോബ ബോക്സിലേക്ക് നൽകിയ പാസ് ക്ലിയർ ചെയ്യുന്നതിൽ ബോഡോലാണ്ട് പ്രതിരോധത്തിന് പിഴച്ചപ്പോൾ ഓടിയെത്തിയ ഇരുപത്തുകരനായ താരം പുങ്തെ വല കുലുക്കുകയായിരുന്നു. എന്നാൽ 80ആം മിനിറ്റിൽ ബോഡോലാണ്ട് സമനില ഗോൾ കണ്ടെത്തി. സിതു ബോക്സിലേക്ക് നൽകിയ ക്രോസിൽ മാനേശ്വർ ഉതിർത്ത ഹെഡർ മുന്നോട്ടാഞ്ഞു വന്ന ഗോളിയെയും മറികടന്ന് വലയിൽ പതിക്കുകയായിരുന്നു. ഒടുവിൽ മുഴുവൻ സമയത്തിന് ഒരു മിനിറ്റ് മാത്രം ശേഷിക്കേ എംബെന്റ ബോക്‌സിനുള്ളിൽ നിന്നും വല കുലുക്കിയതോടെ ബോഡോലാന്റിന് വേണ്ടി ആയിരക്കണക്കിന് കാണികൾ ഹർഷാരവം മുഴക്കി.

ഡ്യൂറന്റ് കപ്പ്; കുതിപ്പ് തുടർന്ന് മുംബൈ സിറ്റി, ഗ്രൂപ്പിൽ സമ്പൂർണ വിജയം

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ബിയിൽ മൂന്നാം മത്സരത്തിലും വിജയം തുടർന്ന് മുംബൈ സിറ്റി എഫ്സി. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യൻ നേവിയേയാണ് ഐഎസ്എൽ ടീം കീഴടക്കിയത്. പേരെര ഡിയാസ്, ഗ്രെഗ് സ്റ്റുവർട്, ഗുർകീരത്, നാഥൻ എന്നിവർ വല കുലുക്കിയപ്പോൾ എതിരില്ലാത്ത നാല് ഗോളിന് ജയിച്ചാണ് മുംബൈ ടൂർണമെന്റിലെ കുതിപ്പ് തുടർന്നത്. ഒറ്റ മത്സരവും വിജയിക്കാൻ ആവാതെ നേവി ടൂർണമെന്റിനോട് വിടവാങ്ങി. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തിന് വേണ്ടി ജംഷദ്പൂരും മുഹമ്മദൻ സ്‌പോർട്ടിങും മാറ്റുരക്കും.

നോക്ക്ഔട്ട് യോഗ്യതക്ക് വലിയ ഭീഷണി ഇല്ലെങ്കിലും മുൻനിര താരങ്ങളെ എല്ലാം അണിനിരത്തിയാണ് മുംബൈ കളത്തിൽ എത്തിയത്. ചാങ്തെ, ഡിയാസ്, ഗ്രെഗ് സ്റ്റുവർട്ട്, നോഗ്വെര, ബിപിൻ തുടങ്ങിയവരെല്ലാം കളത്തിൽ എത്തി. എങ്കിലും ആദ്യ ഗോൾ കണ്ടെത്താൻ 33ആം മിനിറ്റ് വരെ അവർക്ക് കാത്തിരിക്കേണ്ടി വന്നു. ബിപിൻ സിങ്ങിന്റെ പാസിൽ നിന്നും പേരെര ഡിയാസ് ആണ് വല കുലുക്കിയത്. 62ആം മിനിറ്റിൽ മുംബൈ ലീഡ് ഉയർത്തി. ചാങ്തെ ബോക്സിനുള്ളിൽ നിന്നും തൂക്കിയിട്ട് നൽകിയ പന്തിൽ പോസ്റ്റിന് മുൻപിൽ വെച്ചു ഹെഡർ ഉതിർത്ത് ഗ്രെഗ് സ്റ്റുവർട്ട് ഗോൾ നേടുകയായിരുന്നു. ഗ്രെഗ് സ്റ്റുവർട്ടുമായി പാസ് ഇട്ട് മുന്നേറി ബോക്സിലെത്തിയ ശേഷം ഷോട്ട് ഉതിർത്ത് ഗുർകീരത് ടീമിന്റെ മൂന്നാം ഗോൾ നേടി. ഒടുവിൽ ഇഞ്ചുറി ടൈമിൽ കോർണറിൽ നിന്നെത്തിയ പന്തിൽ ഷോട്ട് ഉതിർത്ത് യുവതാരം നാഥൻ ആഷെറും വല കുലുക്കിയതോടെ പട്ടിക പൂർത്തിയായി.

ഡ്യൂറന്റ് കപ്പ്; സമ്പൂർണ വിജയത്തോടെ ഗ്രൂപ്പ് ജേതാക്കളായി ചെന്നൈയിൻ

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ഈയിൽ മൂന്നാം മത്സരത്തിലും വിജയം കരസ്ഥമാക്കി ചെന്നൈയിൻ എഫ്സി. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഡൽഹി എഫ്സിയേയാണ് ചെന്നൈയിൻ കീഴടക്കിയത്. ഇതോടെ ഡൽഹി ടൂർണമെന്റിൽ നിന്നും പുറത്തായി. വിൻസി ബറേറ്റോ, റാഫേൽ ക്രിവല്ലാറോ എന്നിവർ ജേതാക്കൾക്ക് വേണ്ടി വല കുലുക്കിയപ്പോൾ പെപ്പെ അലെസാനെ ഡൽഹിയുടെ ആശ്വാസ ഗോൾ നേടി.

നേരത്തെ പ്രീ ക്വർട്ടർ ഉറപ്പിച്ചതിനാൽ കഴിഞ്ഞ മത്സരത്തിൽ നിന്നും ഏഴു മാറ്റങ്ങളുമായാണ് ചെന്നൈയിൻ ഡെൽഹിക്കെതിരെ ഇറങ്ങിയത്. നിലനിൽപ്പിന് ജയമല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ ഡൽഹി ആക്രമിച്ചു തന്നെ കളിച്ചു. പതിനെട്ടോളം തവണ ഷോട്ട് ഉതിർക്കാൻ അവർക്കായി. എന്നാൽ ലക്ഷ്യത്തിലേക്ക് വളരെ കുറച്ചു മാത്രമേ എത്തിയുള്ളൂ. തുടക്കത്തിൽ ക്രിവല്ലറോ ഒരുക്കി നൽകിയ സുവർണാവസരത്തിൽ നിൻതോയിയുടെ ഷോട്ട് കീപ്പർക്ക് നേരെ ആയി. പെപ്പെയുടെ ഫ്രീകിക്കിൽ നിന്നും ഗോൾ നേടാനുള്ള ഡൽഹിയുടെ ശ്രമവും ഇഞ്ചുകൾ മാത്രം അകന്ന് പോയി. 37ആം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറക്കുന്നത്. ബോക്സിനകത്ത് പന്ത് സ്വീകരിച്ച് എതിർ പ്രതിരോധ താരങ്ങളെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞു ക്രിവല്ലറോ ആണ് വല കുലുക്കിയത്.

അൻപതാം മിനിറ്റിൽ വിൻസി രണ്ടാം ഗോൾ കണ്ടെത്തി. പകരക്കാരനായി എത്തിയ താരം ഇടത് വിങ്ങിലൂടെ കുതിച്ച സച്ചുവിന്റെ പാസ് സ്വീകരിച്ച് ബോക്സിനുള്ളിൽ നിന്നാണ് വല കുലുക്കിയത്. തൊട്ടു പിറകെ ഡൽഹി ഒരു ഗോൾ തിരിച്ചടിച്ചു. ബോക്സിന് തൊട്ടു പുറത്തു നിന്നും പെപ്പെ എടുത്ത ഫ്രീകിക്ക് വലയിലേക്ക് താഴ്ന്നിറങ്ങിയപ്പോൾ കീപ്പർക്കും നോക്കിയിരിക്കാനെ സാധിച്ചുള്ളൂ. പിന്നീട് ജെസുരാജ്, ജിതേശ്വർ എന്നിവർ പ്രതിരോധത്തെ മറികടന്ന് എത്തി തൊടുത്ത ഷോട്ടുകൾക്ക് തടയിട്ടു കൊണ്ട് കീപ്പർ നിതീഷ് ഡൽഹിയെ കൂടുതൽ ഗോൾ വഴങ്ങാതെ കാത്തു.

ഡ്യൂറന്റ് കപ്പ്; വിജയം തുടർന്ന് ഇന്ത്യൻ ആർമി, നോക്ക്ഔട്ട് പ്രതീക്ഷകൾ സജീവം

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ഡിയിൽ ഇന്ത്യൻ ആർമിയുടെ കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ ബോഡോലാന്റ് എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അവർ കീഴടക്കിയത്. സമീർ മുർമു, സുരേഷ് മിതായി എന്നിവർ ആർമിക്ക് വേണ്ടി വല കുലുക്കിയപ്പോൾ ബോഡോലാന്റിന്റെ ആശ്വാസ ഗോൾ ജോ ഐഡൂ സ്വന്തം പേരിൽ കുറിച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയം കണ്ടെത്തിയ ആർമി ഇതോടെ നോക് ഔട്ട് പ്രതീക്ഷകൾ സജീവമാക്കി. നേരത്തെ ഒഡീഷയേയും കീഴടക്കിയിരുന്ന ടീമിന്, അവസാന മത്സരത്തിൽ രാജസ്ഥാൻ യുനൈറ്റഡ് ആണ് എതിരാളികൾ.

മത്സരം ആരംഭിച്ച് ആറാം മിനിറ്റിൽ തന്നെ ആർമി വല കുലുക്കി. ക്രിസ്റ്റഫറിന്റെ ക്രോസിൽ നിന്നും തകർപ്പൻ ഹെഡർ ഉതിർത്ത് സമീർ മുർമു ആണ് ടീമിന് ലീഡ് സമ്മാനിച്ചത്. പിറകെ ആർമി പ്രതിരോധത്തിന്റെ പിഴവിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ നിക്കോദിം തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു. ദീപക് സിങ്ങിന്റെ ശ്രമം തടുത്തു കൊണ്ട് ബോഡോലാന്റ് കീപ്പർ ബിർക്കാങ് ടീമിന്റെ രക്ഷകനായി. ക്രിസ്റ്റഫറിന്റെ തകർപ്പൻ ഒരു ഫ്രീകിക്കും താരം പോസ്റ്റിന് മുകളിലൂടെ തട്ടിയകറ്റി. ബോഡോലാന്റ് കോർണറിൽ നിന്നും എച്ചെസോന തൊടുത്ത ഹെഡർ ആർമി കീപ്പർ തകുരി കൈക്കലാക്കി.

മത്സരത്തിലെ നീണ്ട ഗോൾ വരൾച്ചക്ക് ശേഷം ഇഞ്ചുറി ടൈമിൽ രണ്ടു ഗോളുകൾ പിറന്നു. സുരേഷ് മിതായിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി താരം തന്നെ വലയിൽ എത്തിച്ചതോടെ ആർമി ലീഡ് ഇരട്ടിയാക്കി. അവസാന നിമിഷം കോർണറിൽ നിന്നും ഹെഡർ ഉതിർത്ത ജോയിലൂടെ ബോഡോലാന്റ് ഒരു ഗോൾ മടക്കി. തൊട്ടു പിറകെ ആർമി കീപ്പർ തകുരി രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്തു പോയി.

Exit mobile version