Picsart 23 07 29 19 16 40 654

ഔദ്യോഗിക പ്രഖ്യാപനം വന്നു, പ്രശാന്ത് ഇനി പഞ്ചാബ് എഫ് സിയിൽ

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പ്രശാന്ത് മോഹൻ ഇനി ഐ എസ് എൽ ക്ലബായ റൗണ്ട്ഗ്ലാസ് പഞ്ചാബിന് ഒപ്പം. ഇന്ന് പ്രശാന്ത് മോഹന്റെ സൈനിംഗ് പഞ്ചാബ് എഫ് സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു വർഷത്തെ കരാറിലാണ് താരം പഞ്ചാബിൽ എത്തുന്നത്. പ്രശാന്ത് കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ചെന്നൈയിനിൽ എത്തിയിരുന്നു. ചെന്നൈയിനായി 15 മത്സരങ്ങൾ താരം കളിച്ചിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി.

കൂടുതൽ അവസരങ്ങൾ ലഭിക്കാൻ വേണ്ടിയായിരിന്നു പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്. ചെന്നൈയിനിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും എന്ന് പ്രശാന്ത് കരുതിയെങ്കിലും അവിടെയും താരം സ്ഥിരമായി ആദ്യ ഇലവനിൽ എത്തിയില്ല.

ഇതിനു മുമ്പ് അറ് സീസണുകളോളം പ്രശാന്ത് ബ്ലാസ്റ്റേഴ്സിന് ഒപ്പം ആയിരുന്നു. 2017ൽ കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയത് മുതൽ പ്രശാന്ത് ടീമിൽ സജീവമായുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ 61 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

മുൻ ഇന്ത്യൻ അണ്ടർ 20 താരമാണ് പ്രശാന്ത് മോഹൻ. കോഴിക്കോട് സ്വദേശിയാണ് പ്രശാന്ത് മോഹൻ. ഇന്ത്യയെ അണ്ടർ 14, അണ്ടർ 16 വിഭാഗത്തിലും പ്രശാന്ത് മോഹൻ പ്രതിനിധീകരിച്ചിട്ടുണ്ട്. പ്രശാന്ത് മാത്രമല്ല മലയാളി താരം ലിയോൺ അഗസ്റ്റിന്റെ സൈനിംഗും പഞ്ചാബ് ഇന്ന് പ്രഖ്യാപിച്ചു.

Exit mobile version