ഇവാൻ പെരിസിച്ച് PSV ഐന്തോവനിൽ തുടരും


ക്രൊയേഷ്യൻ വിംഗർ ഇവാൻ പെരിസിച്ച് PSV ഐന്തോവനുമായി പുതിയ രണ്ട് വർഷത്തെ കരാർ ഒപ്പിടാൻ ഒരുങ്ങുന്നു. കരാറിന്റെ നിബന്ധനകൾ പെരിസിച്ച് അംഗീകരിച്ചതായും, ചെറിയ ചില കാര്യങ്ങൾ കൂടി അന്തിമമാക്കിയ ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും സൂചനയുണ്ട്.


നേരത്തെ ബാഴ്സലോണ പെരിസിച്ചിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, അവരുടെ പ്രധാന ശ്രദ്ധ നിക്കോയിൽ ആയതിനാൽ പെരിസിച്ച് PSV-യിൽ തന്നെ തുടരാൻ തീരുമാനിക്കുക ആയിരുന്നു. ഈ കഴിഞ്ഞ സീസണിൽ പി എസ് വിക്ക് ആയി മികച്ച പ്രകടനം കാഴ്ചവെച്ച പെരിസിച്ച് ടീമിന് ഇപ്പോഴും നിർണ്ണായകമായ ഒരു താരമാണ്.

എമിറേറ്റ്‌സിൽ സമനിലയും ആയി ആഴ്‌സണൽ ക്വാർട്ടർ ഫൈനലിലേക്ക്

യുഫേഫ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ആഴ്‌സണൽ. ഡച്ച് ചാമ്പ്യൻമാർ ആയ പി.എസ്.വിയെ ആദ്യ പാദത്തിൽ 7-1 തകർത്ത ആഴ്‌സണൽ ആദ്യ എട്ടിലെ സ്ഥാനം ഉറപ്പിച്ചു തന്നെയാണ് കളിക്കാൻ ഇറങ്ങിയത്. നിരവധി മാറ്റങ്ങളും ആയി ഇറങ്ങിയ ആഴ്‌സണൽ, മധ്യനിരയിൽ കളിക്കാൻ ഇറങ്ങിയ സിഞ്ചെങ്കോയുടെ ഗോളിൽ ആറാം മിനിറ്റിൽ തന്നെ മുന്നിൽ എത്തി. റഹീം സ്റ്റെർലിങിന്റെ പാസിൽ നിന്നായിരുന്നു ഉക്രൈൻ താരത്തിന്റെ ഗോൾ. എന്നാൽ 18 മത്തെ മിനിറ്റിൽ ആഴ്‌സണൽ പ്രതിരോധത്തിലെ പിഴവിൽ നിന്നു ടിലിന്റെ പാസിൽ നിന്നു പെരിസിച് പി.എസ്.വിക്ക് മത്സരത്തിൽ സമനില സമ്മാനിച്ചു.

37 മത്തെ മിനിറ്റിൽ റഹീം സ്റ്റെർലിങിന്റെ അതുഗ്രൻ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ഡക്ലൻ റൈസ് ആഴ്‌സണലിന് വീണ്ടും മുൻതൂക്കം നൽകി. അതിനു മുമ്പ് ലൂയിസ്-സ്‌കെല്ലിയുടെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ പി.എസ്.വി നന്നായി ആണ് കളിച്ചത്. പലപ്പോഴും റയയെ അവർ പരീക്ഷിക്കുകയും ചെയ്തു. 70 മത്തെ മിനിറ്റിൽ ജോർജീന്യോയുടെ പിഴവിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു ഉഗ്രൻ ഗോളിലൂടെ ഡ്രിയച് ഡച്ച് ടീമിന് ഇന്ന് അർഹിച്ച സമനില സമ്മാനിക്കുക ആയിരുന്നു. 9-3 ന്റെ ജയവും ആയി ക്വാർട്ടറിൽ എത്തുന്ന ആഴ്‌സണൽ മാഡ്രിഡ് ടീമുകളിൽ ഒന്നിനെ ആവും അവസാന എട്ടിൽ നേരിടുക.

എണ്ണം പറഞ്ഞ ഏഴ് ഗോളുകൾ! ഡച്ച് മണ്ണിൽ ആഴ്‌സണൽ അഴിഞ്ഞാട്ടം

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ആദ്യ പാദ മത്സരത്തിൽ ഡച്ച് ചാമ്പ്യന്മാർ ആയ പി.എസ്.വിയെ 7-1 നു തകർത്തു ആഴ്‌സണൽ. കഴിഞ്ഞ 4 കളികളിൽ വെറും ഒരു ഗോൾ മാത്രം അടിക്കാൻ ആയ ആഴ്‌സണലിന് പക്ഷെ ഇന്ന് ഗോളിന് മുമ്പിൽ പതറിയില്ല. നന്നായി തുടങ്ങിയത് ആഴ്‌സണൽ ആണെങ്കിലും പി.എസ്.വിയുടെ ഒരു ശ്രമം ബാറിൽ തട്ടി മടങ്ങിയത് ആഴ്‌സണലിന് ആശ്വാസമായി. തുടർന്ന് 18 മത്തെ മിനിറ്റിൽ ഡക്ലൻ റൈസിന്റെ ഉഗ്രൻ ഇടതുകാലൻ ക്രോസിൽ നിന്നു ഹെഡറിലൂടെ യൂറിയൻ ടിംമ്പർ ആണ് ആഴ്‌സണലിന്റെ ഗോൾ വേട്ട ആരംഭിച്ചത്. തുടർന്ന് 3 മിനുറ്റിനുള്ളിൽ ഉഗ്രൻ നീക്കത്തിന് ഒടുവിൽ 18 കാരൻ മൈൽസ് ലൂയിസ് സ്‌കെല്ലിയുടെ പാസിൽ നിന്നു 17 കാരൻ ഏഥൻ ന്വനേരി ആഴ്‌സണലിന്റെ രണ്ടാം ഗോൾ നേടി. ചാമ്പ്യൻസ് ലീഗിൽ താരത്തിന്റെ രണ്ടാം ഗോൾ ആയിരുന്നു ഇത്.

31 മത്തെ മിനിറ്റിൽ പി.എസ്.വിയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത മിഖേൽ മെറീനോ ആഴ്‌സണലിന്റെ മൂന്നാം ഗോൾ നേടി. ഈ ഗോളിന് പിന്നാലെ മഞ്ഞ കാർഡ് മേടിച്ച സ്‌കെല്ലിയെ ആർട്ടെറ്റ പിൻവലിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ പാർട്ടി വഴങ്ങിയ പെനാൽട്ടി ലക്ഷ്യം കണ്ട നോഹ ലാങ് പി.എസ്.വിക്ക് പ്രതീക്ഷ നൽകി. രണ്ടാം പകുതിയിൽ ആഴ്‌സണലിന്റെ അവിശ്വസനീയ പ്രകടനം ആണ് കാണാൻ ആയത്. രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ന്വനേരിയുടെ ക്രോസിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു മാർട്ടിൻ ഒഡഗാർഡ് ആഴ്‌സണലിന്റെ നാലാം ഗോളും കണ്ടെത്തി. അടുത്ത മിനിറ്റിൽ മികച്ച കൊടുക്കൽ വാങ്ങലുകൾക്ക് ശേഷം കാലഫിയോരിയുടെ പാസിൽ നിന്നു അതിസുന്ദരമായ ഗോളിലൂടെ ട്രൊസാർഡ് ഇംഗ്ലീഷ് ക്ലബിന് അഞ്ചാം ഗോളും സമ്മാനിച്ചു.

തുടർന്നും ഗോളിന് ആയി ആക്രമണം തുടർന്നു ആഴ്‌സണൽ. മെറീനോയുടെ പാസിൽ നിന്നു 73 മത്തെ മിനിറ്റിൽ ഒഡഗാർഡ് അടിച്ച ഷോട്ട് തടുക്കാൻ പി.എസ്.വി ഗോൾ കീപ്പർക്ക് ആവാതിരുന്നതോടെ ആഴ്‌സണൽ ആറാം ഗോളും നേടി. തുടർന്ന് ഒഡഗാർഡ് നൽകിയ അതിസുന്ദരമായ അവിസ്മരണീയ ത്രൂ ബോളിൽ നിന്നു മുന്നേറ്റനിരക്കാരനെ ഓർമ്മിപ്പിച്ചു 85 മത്തെ മിനിറ്റിൽ ഇടത് ബാക്ക് റിക്കാർഡോ കാലഫിയോരി ഗോൾ നേടിയതോടെ ആഴ്‌സണൽ ജയം പൂർത്തിയാക്കി. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ നോക്ക് ഔട്ട് ഘട്ടത്തിൽ എതിരാളികളുടെ മൈതാനത്ത് 7 ഗോളുകൾ നേടുന്ന ആദ്യ ടീമായി ഇന്ന് ആഴ്‌സണൽ മാറി. രണ്ടാം പാദത്തിൽ ചടങ്ങു തീർക്കുന്ന ആവശ്യമേ നിലവിൽ ആഴ്‌സണലിന് ഉള്ളു. പരിക്ക് കാരണം മിക്ക പ്രമുഖ താരങ്ങളും ഇല്ലാതെ ഇത്തരം ഒരു ജയം ആർട്ടെറ്റക്ക് മികച്ച ആത്മവിശ്വാസം ആവും നൽകുക.

തിരിച്ചു വന്നു ജയിച്ചു യുവന്റസിനെ പുറത്താക്കി പി.എസ്.വി

ചാമ്പ്യൻസ് ലീഗിൽ അവസാന പതിനാറിലേക്ക് മുന്നേറി ഡച്ച് ക്ലബ് പി.എസ്.വി ഐന്തോവൻ. ആദ്യ പാദത്തിൽ 2-1 നു തോറ്റ അവർ എക്സ്ട്രാ സമയം വരെ നീണ്ട മത്സരത്തിൽ 3-1 നു യുവന്റസിനെ മറികടന്നു ആണ് അവസാന പതിനാറിൽ സ്ഥാനം ഉറപ്പിച്ചത്. ഗോളിനായി സ്വന്തം മൈതാനത്ത് കളിക്കാൻ ഇറങ്ങിയ പി.എസ്.വി തുടക്കം മുതൽ ആക്രമിച്ചു ആണ് കളിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 53 മത്തെ മിനിറ്റിൽ നോ ലാങിന്റെ പാസിൽ നിന്നു ഉഗ്രൻ ഗോളിലൂടെ ഇവാൻ പെരിസിച് ആണ് പി.എസ്.വിക്ക് മത്സരത്തിൽ മുൻതൂക്കം നൽകിയത്. 63 മത്തെ മിനിറ്റിൽ അതുഗ്രൻ ലോങ് റേഞ്ച് ഗോളിലൂടെ ടിം വിയ യുവന്റസിനെ മത്സരത്തിൽ ഒപ്പം എത്തിച്ചു.

ആദ്യം ഓഫ് സൈഡ് വിളിച്ച ഈ ഗോൾ പിന്നീട് വാർ പരിശോധനക്ക് ശേഷം അനുവദിക്കുക ആയിരുന്നു. 74 മത്തെ മിനിറ്റിൽ പെരിസിചിന്റെ ക്രോസിൽ നിന്നു ഡി യോങ് നൽകിയ പാസിൽ നിന്നു ഗോൾ നേടിയ സായ്ബറി പി.എസ്.വി ടൈയിൽ വീണ്ടും ഒപ്പം എത്തിച്ചു. അവസാന നിമിഷം പി.എസ്.വിയുടെ വിജയഗോളിന് ഉള്ള ശ്രമം യുവന്റസ് ഗോൾ കീപ്പർ രക്ഷിക്കുക ആയിരുന്നു. തുടർന്ന് എക്സ്ട്രാ സമയത്ത് 98 മത്തെ മിനിറ്റിൽ ഫ്രീകിക്കിൽ നിന്നു ലഭിച്ച അവസരത്തിൽ ഗോൾ കണ്ടെത്തിയ ഫ്ലാമിങ്കോ പി.എസ്.വിക്ക് സ്വപ്ന വിജയം നൽകുക ആയിരുന്നു. ഈ പരാജയം യുവന്റസ് പരിശീലകൻ തിയാഗോ മോട്ടക്ക് മേൽ വലിയ സമ്മർദ്ദം നൽകും എന്നുറപ്പാണ്. ഇന്നലെ മറ്റു രണ്ടു ഇറ്റാലിയൻ ടീമുകൾ എ.സി മിലാൻ, അറ്റലാന്റ എന്നിവരും അവസാന പതിനാറു കാണാതെ പുറത്ത് ആയിരുന്നു. അവസാന പതിനാറിൽ ആഴ്‌സണലിനെയോ അല്ലെങ്കിൽ ഇന്റർ മിലാനെയോ ആവും പി.എസ്.വി നേരിടുക.

പി.എസ്.ജിയെ സമനിലയിൽ തളച്ചു പി.എസ്.വി, വീണ്ടും ഗോളുമായി ഗ്യോകെറസ്

യുഫേഫ ചാമ്പ്യൻസ് ലീഗിൽ സ്വന്തം മൈതാനത്ത് ഡച്ച് ക്ലബ് പി.എസ്.വിയോട് 1-1 ന്റെ സമനില വഴങ്ങി ഫ്രഞ്ച് ചാമ്പ്യന്മാർ ആയ പി.എസ്.ജി. ആദ്യം ലഭിച്ച അവസരങ്ങൾ പി.എസ്.ജി പാഴാക്കിയപ്പോൾ 34 മത്തെ മിനിറ്റിൽ സായിബാറിയുടെ പാസിൽ നിന്നു ഗോൾ നേടിയ നോഹ ലാങ് പി.എസ്.സിയെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ ഫാബിയൻ റൂയിസിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ അഷ്‌റഫ് ഹകീമി പി.എസ്.ജിക്ക് സമനില സമ്മാനിച്ചു.

അവസാന നിമിഷങ്ങളിൽ പി.എസ്.വി ഗോൾ കീപ്പറുടെ മികവ് ആണ് പി.എസ്.ജിയെ വിജയം നേടുന്നതിൽ നിന്നു തടഞ്ഞത്. അവസാന നിമിഷങ്ങളിൽ പി.എസ്.ജിക്ക് പെനാൽട്ടി സാധ്യത കിട്ടിയെങ്കിലും വാർ പരിശോധനക്ക് ശേഷവും റഫറി അത് അനുവദിച്ചില്ല. അതേസമയം പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ് ലിസ്ബൺ ഓസ്ട്രിയൻ ക്ലബ് സ്ട്രം ഗ്രാസിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചു. സീസണിൽ ഗോൾ അടിച്ചു കൂട്ടുന്ന വിക്ടർ ഗ്യോകെറസ് നുനോ സാന്റോസിന്റെ ഗോളിന് അസിസ്റ്റും മറ്റൊരു അതുഗ്രൻ ഗോളും നേടി അവരുടെ വിജയശില്പി ആയി. എതിർ പ്രതിരോധത്തെ നാണം കെടുത്തുന്ന വിധമുള്ള ഗോൾ ആണ് ഗ്യോകെറസ് ഇന്ന് കണ്ടെത്തിയത്.

ഡെസ്റ്റ് ബാഴ്സലോണ വിട്ടു, ഇനി പി എസ് വിയുടെ സ്വന്തം

എഫ്‌സി ബാഴ്‌സലോണ താരം സെർജിനോ ഡെസ്റ്റ് ഇനി പിഎസ്‌വി ഐന്തോവന്റെ താരം. സെർജിനോ ഡെസ്റ്റിൻ്റെ കൈമാറ്റത്തിന് ധാരണയിലെത്തിയതായി ബാഴ്സലോണ ഇന്ന് ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ സീസണിൽ ഡെസ്റ്റ് പി എസ് വിയിൽ ലോണിൽ കളിച്ചിരുന്നു.

സെർജിനോ ഡെസ്റ്റ് 2020-ൽ അയാക്സിൽ നിന്ന് ആയിരുന്നു ബാഴ്‌സലോണയിൽ എത്തിയത്. ആകെ 72 മത്സരങ്ങൾ ബാഴ്സലോണക്ക് ആയി കളിച്ചിട്ടുണ്ട്. ഡെസ്റ്റ് മൂന്ന് ഗോളുകൾ ബാഴ്സ ജേഴ്സിയിൽ നേടുകയും ചെയ്തു. ഒപ്പം നാല് അസിസ്റ്റുകളും സംഭാവന ചെയ്തിട്ടുണ്ട്. കോപ്പ ഡെൽ റേ കിരീടവും അദ്ദേഹം ബാഴ്സക്ക് ഒപ്പം നേടി.

കഴിഞ്ഞ രണ്ട് സീസണുകൾ ലോണിൽ ആയിരിന്നു താരം കളിച്ചത്. ആദ്യം എ സി മിലാനിൽ ആയിരുന്നു ലോണിൽ കളിച്ചത്. അവിടെ 14 മത്സരങ്ങൾ കളിച്ചു. കഴിഞ്ഞ സീസണിൽ പി എസ് വിയിൽ 34 മത്സരങ്ങളും കളിച്ചു.  

ചാമ്പ്യൻസ് ലീഗിലേക്ക് രാജകീയമായി മടങ്ങിയെത്തി ആഴ്‌സണൽ

നീണ്ട ആറു വർഷങ്ങൾക്ക് ശേഷമുള്ള ചാമ്പ്യൻസ് ലീഗ് മടങ്ങിവരവ് രാജകീയമായി ആഘോഷിച്ചു ആഴ്‌സണൽ. ഗ്രൂപ്പ് ബിയിൽ ഡച്ച് ക്ലബ് ആയ പി.എസ്.വിയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് ആഴ്‌സണൽ തകർത്തത്. ആഴ്‌സണൽ ആധിപത്യം കണ്ട മത്സരത്തിൽ പി.എസ്.വിക്ക് വലിയ അവസരം ഒന്നും ആഴ്‌സണൽ നൽകിയില്ല. ഗോളിൽ റയ സ്ഥാനം നിലനിർത്തിയപ്പോൾ മുന്നേറ്റത്തിൽ ഗബ്രിയേൽ ജീസുസും ട്രൊസാർഡും ആദ്യ പതിനൊന്നിൽ എത്തി. നന്നായി തുടങ്ങിയ ആഴ്‌സണൽ എട്ടാം മിനിറ്റിൽ തന്നെ മത്സരത്തിൽ മുന്നിലെത്തി.

മാർട്ടിൻ ഒഡഗാർഡിന്റെ ഷോട്ട് ഗോൾ കീപ്പർ തടഞ്ഞെങ്കിലും റീബോണ്ടിൽ ഗോൾ നേടിയ ബുകയോ സാക തന്റെ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം ഗംഭീരമാക്കി. ഇരുപതാം മിനിറ്റിൽ മികച്ച ഒരു കൗണ്ടർ അറ്റാക്കിൽ ജീസുസിൽ നിന്നു പാസ് സ്വീകരിച്ച സാക പന്ത് ലിയാൻഡ്രോ ട്രൊസാർഡിന് മറിച്ചു നൽകി. ബോക്സിനു പുറത്ത് നിന്ന് അതിമനോഹരമായ കൃത്യതയുള്ള ഷോട്ടിലൂടെ ട്രൊസാർഡ് അത് ഗോളാക്കി മാറ്റി. 38 മത്തെ ട്രൊസാർഡിന്റെ അതിമനോഹരമായ പാസിൽ നിന്നു ബുള്ളറ്റ് ഷോട്ടിലൂടെ ഗോൾ നേടിയ ഗബ്രിയേൽ ജീസുസ് ആഴ്‌സണൽ ജയം ഉറപ്പിച്ചു. രണ്ടാം പകുതിയിൽ പകരക്കാരെ ഇറക്കിയ ആർട്ടെറ്റ ആക്രമണത്തിന്റെ തീവ്രത കുറച്ചു.

70 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ റീസ് നെൽസന്റെ പാസിൽ നിന്നു മികച്ച ഷോട്ടിൽ നിന്നു ഗോൾ കണ്ടത്തിയ ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് ആഴ്‌സണൽ ജയം പൂർത്തിയാക്കുക ആയിരുന്നു. പി.എസ്.വി ഗോൾ കീപ്പറുടെ മികവ് ആണ് കൂടുതൽ ഗോൾ വഴങ്ങുന്നതിൽ നിന്നു അവരെ രക്ഷിച്ചത്. അതേസമയം ആഴ്‌സണൽ പ്രതിരോധം വലിയ ഒരവസരവും ഡച്ച് ടീമിന് നൽകിയില്ല. അതേസമയം ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ സെവിയ്യയും ലെൻസും 1-1 ന്റെ സമനിലയിൽ പിരിഞ്ഞു. സ്പാനിഷ് വമ്പന്മാർ ആയ സെവിയ്യക്ക് ആയി ലൂകാസ് ഒകമ്പോസ് ഗോൾ നേടിയപ്പോൾ ആഞ്ചെലോ ഫുൽഗിനിയുടെ ഫ്രീകിക്ക് ആണ് ഫ്രഞ്ച് ടീമിന് സമനില സമ്മാനിച്ചത്.

നീണ്ട ആറു വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗ് കളിക്കാൻ ആഴ്‌സണൽ ഇറങ്ങുന്നു

2016-2017 സീസണിന് ശേഷം ആദ്യമായി യുഫേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ആഴ്‌സണൽ ഇറങ്ങുന്നു. ഗ്രൂപ്പ് ബിയിൽ രാത്രി 12.30 നു എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഡച്ച് ക്ലബ് പി.എസ്.വി ഐന്തോവൻ ആണ് ആഴ്‌സണലിന്റെ എതിരാളികൾ. കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും മുഖാമുഖം വന്നിരുന്നു. 2006-2007 സീസണിൽ ആഴ്‌സണലിനെ അവസാന 16 ൽ അട്ടിമറിച്ച ചരിത്രവും അവർക്ക് ഉണ്ട്. 2018-19 നു ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് കളിക്കാൻ ഇറങ്ങുന്ന പി.എസ്.വി മികച്ച ഫോമിൽ ആണ്. ചാമ്പ്യൻസ് ലീഗ് കളിക്കാനുള്ള ആവേശത്തിൽ എത്തുന്ന യുവ ആഴ്‌സണൽ ടീം ജയത്തിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല. ഗോളിന് മുന്നിൽ ഡേവിഡ് റയയോ, ആരോൺ റാംസ്ഡേലോ എന്ന ചോദ്യത്തിന് ഉത്തരം പരിശീലകൻ മിഖേൽ ആർട്ടെറ്റക്ക് മാത്രം അറിയാവുന്ന ഒന്നായി തുടരും.

പ്രതിരോധത്തിൽ സലിബ, ഗബ്രിയേൽ എന്നിവർ തുടരുമ്പോൾ ടോമിയാസു, കിവിയോർ എന്നിവർ അവസരം പ്രതീക്ഷിക്കുന്നുണ്ട്, എന്നാൽ വൈറ്റും സിഞ്ചെങ്കോയും തുടരാനും സാധ്യതയുണ്ട്. മധ്യനിരയിൽ റൈസിനും ക്യാപ്റ്റൻ ഒഡഗാർഡിനും ഒപ്പം ഹാവർട്സ് തിരിച്ചെത്തുമോ എന്നു കണ്ടറിയാം. മുന്നേറ്റത്തിൽ ജീസുസ്, സാക എന്നിവർക്ക് ഒപ്പം പരിക്കേറ്റ മാർട്ടിനെല്ലിക്ക് പകരം ട്രൊസാർഡ് ഇറങ്ങാൻ ആണ് സാധ്യത. വിയേര, എഡി, നെൽസൺ, സ്മിത്-റോ എന്നിവരും തങ്ങളുടെ അവസരം പ്രതീക്ഷിക്കുന്നുണ്ട്. മിക്ക ആഴ്‌സണൽ താരങ്ങൾക്കും ഇത് ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം കൂടിയാവും. അതേസമയം ഡി ജോങ്, ലാങ് തുടങ്ങിയർ അടങ്ങിയ പി.എസ്.വി മുന്നേറ്റം ആഴ്‌സണലിന് വെല്ലുവിളി ഉയർത്താൻ പോന്നവർ ആണ്. പി.എസ്.വി പ്രതിരോധം ആഴ്‌സണൽ മുന്നേറ്റത്തെ എങ്ങനെ പ്രതിരോധിക്കും എന്നത് ആവും കളിയുടെ വിധി എഴുതുക.

സെർജിന്യോ ഡെസ്റ്റ് വീണ്ടും ലോണിൽ; താരത്തെ എത്തിച്ച് പി എസ് വി

എഫ്സി ബാഴ്‌സലോണ താരം സെർജിന്യോ ഡെസ്റ്റ് വീണ്ടും ലോണിൽ ടീം വിടും. കഴിഞ്ഞ സീസണിൽ എസി മിലാനിൽ ലോണിൽ എത്തിയിരുന്ന താരത്തിന്റെ ഈ സീസണിലെ തട്ടകം.പി എസ് വി ഐന്തോവനാണ്. ഡച്ച് ലീഗിലേക്ക് തിരിച്ചെത്തുന്ന താരത്തിന്റെ പകുതി സാലറി പി എസ് വി നൽകും. പത്ത് മില്യണിന് ലോൺ കാലവധിക്ക് ശേഷം താരത്തെ സ്വന്തമാക്കാനും അവർക്കാവും. എന്നാൽ ഇത് നിർബന്ധമല്ല.

ഇതോടെ ബാക്കിയുള്ള താരങ്ങളെ കൂടി ലീഗിൽ രെജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സ. രണ്ടാം കീപ്പർ ഇനാകി പെന്യായെ അടക്കമുള്ളവരെ രെജിസ്റ്റർ ചെയ്യാൻ ലെങ്ലെ, ഡെസ്റ്റ് തുടങ്ങിയവരുടെ ട്രാൻസ്‌ഫറിന് വേണ്ടി കാത്തിരിക്കുകയാണ് ബാഴ്സ. കൂടാതെ ജാവോ കാൻസലോയെ അടക്കം എത്തിക്കേണ്ടതായും ഉണ്ട്. മിലാനിൽ നിന്നും തിരിച്ചെത്തിയ ശേഷം സാവി ഡെസ്റ്റിന് അവസരം നൽകിയേക്കും എന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും പ്രീ സീസണിലെ മോശം പ്രകടനം ഒരിക്കൽ കൂടി തിരിച്ചടി ആയി. ഡച്ച് ലീഗിൽ തന്റെ ഫോം വീണ്ടെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷകയിലാണ് മുൻ അയാക്‌സ് താരമായ ഡെസ്റ്റ്.

നോനി മദ്വെകെ പി എസ് വിയിൽ നിന്നും ചെൽസിയിലേക്ക്

ചെൽസിയുടെ ഇടതടവില്ലാത്ത ട്രാൻസ്ഫർ നീക്കങ്ങൾ തുടരുന്നു. പിഎസ് വി ഐന്തോവൻ വിങ്ങർ നോനി മദ്വെക്കെയാണ് ചെൽസി അടുത്തതായി ടീമിലേക്ക് എത്തിക്കുന്ന താരം. മുപ്പത്തിയഞ്ച് മില്യണോളമാണ് കൈമാറ്റ തുക. മദ്രൈക്കിനെ പോലെ തന്നെ ദീർഘകാല കരാറിൽ ആവും താരം ചെൽസിയിലേക്ക് എത്തുക എന്നാണ് സൂചനകൾ.

ഇരുപതുകാരനായ മദ്വെകെ വിങ്ങർ ആയും അറ്റാക്കിങ് മിഡ്ഫീൽഡർ ആയും തിളങ്ങാൻ കഴിവുള്ള താരമാണ്. ക്രിസ്റ്റൽ പാലസിലും ടോട്ടനത്തിലും പി എസ് വിയിലുമായിട്ടായിരുന്നു യൂത്ത് കരിയർ ചെലവിട്ടത്. ഇംഗ്ലണ്ട് യൂത്ത് ടീമുകളെയും പ്രതിനിധികരിച്ചിട്ടുണ്ട്. 2019ൽ പി എസ് വി സീനിയർ ടീമിനായി അരങ്ങേറി. ഇത്തവണ ഒൻപത് മത്സരങ്ങളിൽ നിന്നും രണ്ടു ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. താരവുമായി ചെൽസിക്ക് വ്യക്തിപരമായ കരാറിൽ കൂടി എത്തേണ്ടതുണ്ട്. ഇതിനുള്ള ചർച്ചകളും ഉടൻ നടക്കും. ഗാക്പൊക്ക് പിറകെ മറ്റൊരു പ്രമുഖ താരത്തെ കൂടി കൈവിടാൻ പി എസ് വിക്ക് വിമുഖത ഉണ്ടായിരുന്നെങ്കിലും ചെൽസിയുടെ ശക്തമായ സമ്മർദ്ദങ്ങൾക്ക് അവർ വഴങ്ങുകയയായിരുന്നു എന്ന് സ്‌കൈ സ്‌പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ജനുവരിയിൽ മാത്രം ചെൽസി ടീമിലേക്ക് എത്തിച്ച ആറാമത്തെ താരമാണ് മദ്വെകെ.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഞെട്ടി! ഡച്ച് യുവതാരം കോഡി ഗാക്പോയെ ലിവർപൂൾ സ്വന്തമാക്കി

പി.എസ്.വി അയിന്തോവന്റെ ഡച്ച് യുവതാരം കോഡി ഗാക്പോയെ സ്വന്തമാക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂൾ. ലോകകപ്പിൽ ഡച്ച് മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച 23 കാരനെ തീർത്തും അപ്രതീക്ഷിതമായി ആണ് ലിവർപൂൾ സ്വന്തമാക്കിയത്. സീസണിൽ ഡച്ച് ലീഗിൽ ഗോൾ അടിച്ചു കൂട്ടുന്ന ഗാക്പോ ലോകകപ്പിൽ മൂന്നു ഗോളുകൾ നേടി തിളങ്ങിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ സ്വന്തമാക്കും എന്ന ദീർഘകാലത്തെ ശക്തമായ അഭ്യൂഹങ്ങൾക്ക് ശേഷമാണ് വളരെ പെട്ടെന്ന് നീക്കം നടത്തിയ ലിവർപൂൾ താരത്തെ ടീമിൽ എത്തിച്ചത്.

നിലവിൽ ക്ലബുകൾ തമ്മിൽ താരത്തെ കൈമാറാനുള്ള കരാറിൽ ഒപ്പിട്ടു എന്നാണ് വാർത്ത. ഏതാണ്ട് 50 മില്യൺ യൂറോ എങ്കിലും താരത്തിന് ആയി ലിവർപൂൾ മുടക്കിയിട്ടുണ്ട് എന്നാണ് സൂചന. വരും ദിനങ്ങളിൽ ഇംഗ്ലണ്ടിൽ എത്തുന്ന ഗാക്പോ മെഡിക്കൽ പൂർത്തിയാക്കുകയും ലിവർപൂളും ആയുള്ള കരാറിൽ ഒപ്പ് വക്കുകയും ചെയ്യും. പരിക്ക് വലക്കുന്ന ലിവർപൂളിന് ഗാക്പോയുടെ സാന്നിധ്യം വലിയ ശക്തിയാണ് പകരുക. അതേസമയം വലിയ തിരിച്ചടിയാണ് എറിക് ടെൻ ഹാഗിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും ഇത്.

യൂറോപ്പ ലീഗിൽ ആദ്യ പരാജയം നേരിട്ടു ആഴ്‌സണൽ, ഹോളണ്ടിൽ ആഴ്‌സണലിനെ ഞെട്ടിച്ചു പി.എസ്.വി

സീസണിൽ രണ്ടാം പരാജയം നേരിട്ടു ആഴ്‌സണൽ. യൂറോപ്പ ലീഗിൽ ഇതിനകം ഗ്രൂപ്പ് എയിൽ അടുത്ത റൗണ്ട് ഉറപ്പിച്ച ആഴ്‌സണലിനെ ഹോളണ്ടിൽ പി.എസ്.വി എന്തോവൻ ആണ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. ശക്തമായ ടീമിനെ കളത്തിൽ ഇറക്കിയ ആഴ്‌സണലിന് പക്ഷെ പി.എസ്.വിയുടെ മികച്ച ഫുട്‌ബോളിന് മുന്നിൽ പിടിച്ചു നിൽക്കാൻ ആയില്ല. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ ആഴ്‌സണൽ മുന്നിട്ട് നിന്നെങ്കിലും കൂടുതൽ അപകടകരമായ നീക്കങ്ങൾ നടത്തിയത് പി.എസ്.വി ആയിരുന്നു. 19 മത്തെ മിനിറ്റിൽ കോഡി ഗാക്പോ ആഴ്‌സണൽ വലയിൽ പന്ത് എത്തിച്ചു എങ്കിലും ഇത് ഓഫ് സൈഡ് ആയി വിധി എഴുതി.

തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് മികച്ച ഒരു നീക്കത്തിലൂടെ ചാവി സിമൻസ് പി.എസ്.വിക്ക് ആയി വീണ്ടും വല കുലുക്കി. എന്നാൽ വാർ ഇത് ഓഫ് സൈഡ് ആണെന്ന് കണ്ടത്തുക ആയിരുന്നു. രണ്ടാം പകുതിയിൽ ലൂക് ഡിയോങിന്റെ വരവ് ഡച്ച് ടീമിന് വലിയ ഊർജ്ജം ആണ് പകർന്നത്. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ റാംസ്ഡേലിനെ ഡച്ച് ടീം പരീക്ഷിച്ചു. 55 മത്തെ മിനിറ്റിൽ ഡിയോങിന്റെ പാസിൽ നിന്നു മികച്ച ഷോട്ടിലൂടെ ജോയി വെർമൻ പി.എസ്.വിക്ക് അർഹിച്ച മുൻതൂക്കം സമ്മാനിച്ചു. തുടർന്ന് 63 മത്തെ മിനിറ്റിൽ കോഡി ഗാക്പോയുടെ കോർണറിൽ ഗോൾ കീപ്പർ റാംസ്ഡേലിന്റെ മണ്ടത്തരം പി.എസ്.വിക്ക് രണ്ടാം ഗോൾ സമ്മാനിച്ചു.

ഗാക്പോയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ഡിയോങ് പി.എസ്.വി ജയം ഉറപ്പിക്കുക ആയിരുന്നു. നിരന്തരം ആഴ്‌സണലിന് ചാവി സിമൻസ്, ഗാക്പോ, ഡിയോങ് എന്നിവർ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. യ്6 മത്തെ മിനിറ്റിൽ ഗാക്പോ ഒരിക്കൽ കൂടി ആഴ്‌സണൽ വല കുലുക്കിയെങ്കിലും ഇതും ഓഫ് സൈഡ് ആയി വിളിക്കുക ആയിരുന്നു. പിന്നീടും നിരന്തരം ആക്രമണം അഴിച്ചു വിട്ട പി.എസ്.വി തുടർന്നും ഗോൾ നേടാത്തത് ആഴ്‌സണലിന് ഭാഗ്യമായി. അവസാന നിമിഷങ്ങളിൽ ജീസുസ് അടക്കമുള്ളവരെ ഇറക്കിയെങ്കിലും വലുതായി പി.എസ്.വി പ്രതിരോധം പരീക്ഷിക്കാൻ പോലും ആഴ്‌സണലിന് ആയില്ല. മാർട്ടിനെല്ലി, എഡി എങ്കിതിയ തുടങ്ങിയവർ തീർത്തും നിറം മങ്ങി മത്സരത്തിൽ. തോറ്റെങ്കിലും ഗ്രൂപ്പിൽ ആഴ്‌സണൽ തന്നെയാണ് ഒന്നാമത്. ഈ തിരിച്ചടിയിൽ നിന്നു തിരിച്ചു വരാൻ ആവും ആഴ്‌സണൽ പ്രീമിയർ ലീഗിൽ അടുത്ത മത്സരത്തിൽ ഇറങ്ങുക. വിശ്രമമില്ലാതെ കളിക്കുന്ന താരങ്ങളുടെ ക്ഷീണം തന്നെയാണ് ആർട്ടെറ്റക്ക് വിനയായത്.

Exit mobile version