Picsart 23 09 21 02 41 50 545

ചാമ്പ്യൻസ് ലീഗിലേക്ക് രാജകീയമായി മടങ്ങിയെത്തി ആഴ്‌സണൽ

നീണ്ട ആറു വർഷങ്ങൾക്ക് ശേഷമുള്ള ചാമ്പ്യൻസ് ലീഗ് മടങ്ങിവരവ് രാജകീയമായി ആഘോഷിച്ചു ആഴ്‌സണൽ. ഗ്രൂപ്പ് ബിയിൽ ഡച്ച് ക്ലബ് ആയ പി.എസ്.വിയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് ആഴ്‌സണൽ തകർത്തത്. ആഴ്‌സണൽ ആധിപത്യം കണ്ട മത്സരത്തിൽ പി.എസ്.വിക്ക് വലിയ അവസരം ഒന്നും ആഴ്‌സണൽ നൽകിയില്ല. ഗോളിൽ റയ സ്ഥാനം നിലനിർത്തിയപ്പോൾ മുന്നേറ്റത്തിൽ ഗബ്രിയേൽ ജീസുസും ട്രൊസാർഡും ആദ്യ പതിനൊന്നിൽ എത്തി. നന്നായി തുടങ്ങിയ ആഴ്‌സണൽ എട്ടാം മിനിറ്റിൽ തന്നെ മത്സരത്തിൽ മുന്നിലെത്തി.

മാർട്ടിൻ ഒഡഗാർഡിന്റെ ഷോട്ട് ഗോൾ കീപ്പർ തടഞ്ഞെങ്കിലും റീബോണ്ടിൽ ഗോൾ നേടിയ ബുകയോ സാക തന്റെ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം ഗംഭീരമാക്കി. ഇരുപതാം മിനിറ്റിൽ മികച്ച ഒരു കൗണ്ടർ അറ്റാക്കിൽ ജീസുസിൽ നിന്നു പാസ് സ്വീകരിച്ച സാക പന്ത് ലിയാൻഡ്രോ ട്രൊസാർഡിന് മറിച്ചു നൽകി. ബോക്സിനു പുറത്ത് നിന്ന് അതിമനോഹരമായ കൃത്യതയുള്ള ഷോട്ടിലൂടെ ട്രൊസാർഡ് അത് ഗോളാക്കി മാറ്റി. 38 മത്തെ ട്രൊസാർഡിന്റെ അതിമനോഹരമായ പാസിൽ നിന്നു ബുള്ളറ്റ് ഷോട്ടിലൂടെ ഗോൾ നേടിയ ഗബ്രിയേൽ ജീസുസ് ആഴ്‌സണൽ ജയം ഉറപ്പിച്ചു. രണ്ടാം പകുതിയിൽ പകരക്കാരെ ഇറക്കിയ ആർട്ടെറ്റ ആക്രമണത്തിന്റെ തീവ്രത കുറച്ചു.

70 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ റീസ് നെൽസന്റെ പാസിൽ നിന്നു മികച്ച ഷോട്ടിൽ നിന്നു ഗോൾ കണ്ടത്തിയ ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് ആഴ്‌സണൽ ജയം പൂർത്തിയാക്കുക ആയിരുന്നു. പി.എസ്.വി ഗോൾ കീപ്പറുടെ മികവ് ആണ് കൂടുതൽ ഗോൾ വഴങ്ങുന്നതിൽ നിന്നു അവരെ രക്ഷിച്ചത്. അതേസമയം ആഴ്‌സണൽ പ്രതിരോധം വലിയ ഒരവസരവും ഡച്ച് ടീമിന് നൽകിയില്ല. അതേസമയം ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ സെവിയ്യയും ലെൻസും 1-1 ന്റെ സമനിലയിൽ പിരിഞ്ഞു. സ്പാനിഷ് വമ്പന്മാർ ആയ സെവിയ്യക്ക് ആയി ലൂകാസ് ഒകമ്പോസ് ഗോൾ നേടിയപ്പോൾ ആഞ്ചെലോ ഫുൽഗിനിയുടെ ഫ്രീകിക്ക് ആണ് ഫ്രഞ്ച് ടീമിന് സമനില സമ്മാനിച്ചത്.

Exit mobile version