Picsart 23 09 20 01 17 34 401

നീണ്ട ആറു വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗ് കളിക്കാൻ ആഴ്‌സണൽ ഇറങ്ങുന്നു

2016-2017 സീസണിന് ശേഷം ആദ്യമായി യുഫേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ആഴ്‌സണൽ ഇറങ്ങുന്നു. ഗ്രൂപ്പ് ബിയിൽ രാത്രി 12.30 നു എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഡച്ച് ക്ലബ് പി.എസ്.വി ഐന്തോവൻ ആണ് ആഴ്‌സണലിന്റെ എതിരാളികൾ. കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും മുഖാമുഖം വന്നിരുന്നു. 2006-2007 സീസണിൽ ആഴ്‌സണലിനെ അവസാന 16 ൽ അട്ടിമറിച്ച ചരിത്രവും അവർക്ക് ഉണ്ട്. 2018-19 നു ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് കളിക്കാൻ ഇറങ്ങുന്ന പി.എസ്.വി മികച്ച ഫോമിൽ ആണ്. ചാമ്പ്യൻസ് ലീഗ് കളിക്കാനുള്ള ആവേശത്തിൽ എത്തുന്ന യുവ ആഴ്‌സണൽ ടീം ജയത്തിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല. ഗോളിന് മുന്നിൽ ഡേവിഡ് റയയോ, ആരോൺ റാംസ്ഡേലോ എന്ന ചോദ്യത്തിന് ഉത്തരം പരിശീലകൻ മിഖേൽ ആർട്ടെറ്റക്ക് മാത്രം അറിയാവുന്ന ഒന്നായി തുടരും.

പ്രതിരോധത്തിൽ സലിബ, ഗബ്രിയേൽ എന്നിവർ തുടരുമ്പോൾ ടോമിയാസു, കിവിയോർ എന്നിവർ അവസരം പ്രതീക്ഷിക്കുന്നുണ്ട്, എന്നാൽ വൈറ്റും സിഞ്ചെങ്കോയും തുടരാനും സാധ്യതയുണ്ട്. മധ്യനിരയിൽ റൈസിനും ക്യാപ്റ്റൻ ഒഡഗാർഡിനും ഒപ്പം ഹാവർട്സ് തിരിച്ചെത്തുമോ എന്നു കണ്ടറിയാം. മുന്നേറ്റത്തിൽ ജീസുസ്, സാക എന്നിവർക്ക് ഒപ്പം പരിക്കേറ്റ മാർട്ടിനെല്ലിക്ക് പകരം ട്രൊസാർഡ് ഇറങ്ങാൻ ആണ് സാധ്യത. വിയേര, എഡി, നെൽസൺ, സ്മിത്-റോ എന്നിവരും തങ്ങളുടെ അവസരം പ്രതീക്ഷിക്കുന്നുണ്ട്. മിക്ക ആഴ്‌സണൽ താരങ്ങൾക്കും ഇത് ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം കൂടിയാവും. അതേസമയം ഡി ജോങ്, ലാങ് തുടങ്ങിയർ അടങ്ങിയ പി.എസ്.വി മുന്നേറ്റം ആഴ്‌സണലിന് വെല്ലുവിളി ഉയർത്താൻ പോന്നവർ ആണ്. പി.എസ്.വി പ്രതിരോധം ആഴ്‌സണൽ മുന്നേറ്റത്തെ എങ്ങനെ പ്രതിരോധിക്കും എന്നത് ആവും കളിയുടെ വിധി എഴുതുക.

Exit mobile version