ഇന്ററിനെ വീഴ്ത്തി നാപോളി, ലീഗിൽ തലപ്പത്ത്

ഇറ്റാലിയൻ സീരി എയിൽ വമ്പന്മാരുടെ പോരാട്ടത്തിൽ ഇന്റർ മിലാനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു നാപോളി. ജയത്തോടെ ഇന്ററിനെ നാലാം സ്ഥാനത്തേക്ക് തള്ളി ലീഗിൽ ഒന്നാമത് ഏതാനും അന്റോണിയോ കോന്റയുടെ ടീമിന് ആയി. ചാമ്പ്യൻസ് ലീഗിൽ പി.എസ്.വിക്ക് എതിരെ കനത്ത പരാജയം ഏറ്റുവാങ്ങിയ നാപോളി തിരിച്ചു വരവ് ആണ് ഇന്ന് കാണാൻ ആയത്. ഡി ലോറൻസോയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട കെവിൻ ഡുബ്രയിന ആണ് നാപോളി ഗോൾ വേട്ട തുടങ്ങിയത്. എന്നാൽ നാലു മിനിറ്റിനുള്ളിൽ ബെൽജിയം ഇതിഹാസ താരം പരിക്കേറ്റു പുറത്ത് പോയത് നാപോളിക്ക് തിരിച്ചടിയായി.

രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ ലോകോത്തരമായ ഗോൾ ആണ് സ്‌കോട്ട് മക്ഡോമിന നേടിയത്. ബോക്സിനു പുറത്ത് നിന്ന് അതുഗ്രൻ വോളിയിലൂടെ സ്‌കോട്ടിഷ് താരം നാപോളിക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. എന്നാൽ 5 മിനിറ്റിനുള്ളിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഹകൻ ഇന്ററിന് ആയി ഒരു ഗോൾ മടക്കി. എന്നാൽ 66 മത്തെ മിനിറ്റിൽ നെരസിന്റെ പാസിൽ നിന്നു ഗോൾ നേടിയ അംഗയിസ നാപോളിയുടെ വിലപ്പെട്ട ജയം ഉറപ്പിക്കുക ആയിരുന്നു.

പാർമക്ക് എതിരെ സമനില, ഇന്റർ മിലാന് കിരീട പോരാട്ടത്തിൽ തിരിച്ചടി

ശനിയാഴ്ച സ്റ്റേഡിയോ എനിയോ ടാർഡിനിയിൽ നടന്ന മത്സരത്തിൽ, തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന പാർമയ്‌ക്കെതിരെ ഇന്റർ മിലാൻ 2-2 എന്ന സമനിലയിൽ പിരിഞ്ഞു. സീരി എ കിരീടപ്പോരാട്ടത്തിൽ ഇന്റർ മിലാന് ഇത് തിരിച്ചടിയാണ്. നാപോളി അടുത്ത മത്സരം ജയിച്ചാൽ ഇന്ററുമായുള്ള പോയിന്റ് വ്യത്യാസം ഒന്ന് ആക്കി കുറക്കാം.

മാറ്റിയോ ഡാർമിയന്റെയും മാർക്കസ് തുറാമിന്റെയും ഗോളിൽ ആദ്യ പകുതിയിൽ ഇന്റർ മിലാൻ 2-0ന് മുന്നിൽ എത്തിയിരുന്നു.

രണ്ടാം പകുതിയിൽ പാർമ തിരിച്ചടിച്ചു. ആദ്യം 60-ാം മിനിറ്റിൽ ഒരു ലോംഗ് റേഞ്ചറിലൂടെ അഡ്രിയാൻ ബെർണബെയിലൂ പാർമയുടെ തിരിച്ചുവരവ് ആരംഭിച്ചു. തുടർന്ന് ജേക്കബ് ഒൻഡ്രെജ്കയിലൂടെ പാർമ സമനില നേടി.

മറ്റൊരു സീരി എ മത്സരത്തിൽ, എസി മിലാൻ ഫിയൊറെന്റിനക്ക് എതിരെ 0-2 ന് പിന്നിലായിരുന്നെങ്കിലും തിരിച്ചുവന്ന് 2-2ന്റെ സമനില നേടി.

ലാസിയോയ്‌ക്കെതിരെ നാപോളിക്ക് സമനില, ഇന്റർ മിലാന് ഒന്നാമത് എത്താൻ അവസരം

ലാസിയോയ്‌ക്കെതിരായ സീരി എ പോരാട്ടത്തിൽ നാപോളൊ 2-2 എന്ന സ്കോറിന്റെ സമനില വഴങ്ങി. ഇതോടെ ലീഗിലെ അവരുടെ ഒന്നാം സ്ഥാനം നഷ്ടപ്പെടും എന്ന സ്ഥിതി ഉയർന്നിരിക്കുകയാണ്. ലാസിയോ തുടക്കത്തിൽ ഇസക്സനിലൂടെ ലീഡ് എടുത്തു എങ്കിലും രാസ്പദോരിയുടെ 13ആം മിനുറ്റിലെ ഗോൾ നാപോളിക്ക് സമനില നൽകി.

ഒരു സെൽഫ് ഗോൾ നാപോളിക്ക് 64ആം മിനുറ്റിൽ ലീഡും നൽകി. എന്നാൽ ബൗലെ ദിയ 87ആം മിനുറ്റിൽ നേടിയ ഗോൾ നാപോളിക്ക് വിജയം നിഷേധിച്ചു.

ഇന്റർ മിലാനേക്കാൾ രണ്ട് പോയിന്റ് മാത്രം മുന്നിലുള്ള നാപോളിക്ക് നാളെ ഇന്റർ യുവന്റസിനെ തോൽപ്പിക്കുക ആണെങ്കിൽ ഒന്നാം സ്ഥാനം നഷ്ടപ്പെടും.

കൊളോ മുവാനി നാപോളിക്കെതിരായ മത്സരത്തിൽ യുവന്റസിനായി അരങ്ങേറ്റം കുറിക്കും

ശനിയാഴ്ച നാപോളിക്കെതിരായ നിർണായക സീരി എ മത്സരത്തിന് പുതിയ സൈനിംഗ് റാൻഡൽ കൊളോ മുവാനി ലഭ്യമാണെന്ന് യുവന്റസ് മാനേജർ തിയാഗോ മോട്ട സ്ഥിരീകരിച്ചു. പാരീസ് സെന്റ് ജെർമെയ്നിൽ നിന്ന് ലോണിൽ ആണ് മുവാനി ഈ ആഴ്ച യുവന്റസിലേക്ക് എത്തിയത്‌. ഗോൾ കണ്ടെത്താൻ ഈ സീസണിൽ ഏറെ പ്രയാസപ്പെട്ട യുവന്റസ് മുവാനിയുടെ വരവോടെ കാര്യങ്ങൾ മാറും എന്ന് പ്രതീക്ഷ പുലർത്തുന്നു.

സീരി എയിൽ തോൽവിയറിയാതെ നിൽക്കുമ്പോഴും, 21 മത്സരങ്ങളിൽ നിന്ന് 13 സമനിലകൾ എന്നത് യുവന്റസിനെ ലീഗ് കിരീട പോരാട്ടത്തിൽ ഏറെ പിറകിൽ നിർത്തുകയാണ്‌. സ്റ്റാൻഡിംഗിൽ അവർ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്‌. ഒന്നാം സ്ഥാനത്തുള്ള നാപോളിയേക്കാൾ 13 പോയിന്റ് പിന്നിലാണ് യുവന്റസ്.

ഇന്റർ മിലാൻ എംപോളിയെ തോൽപ്പിച്ചു, നാപോളിയോട് അടുത്തു

ഞായറാഴ്ച എംപോളിക്കെതിരെ ഇന്റർ മിലാൻ നിർണായകമായ വിജയം നേടി. 3-1 എന്ന സ്കോറിന് വിജയം നേടി, ലീഗ് ലീഡർമാരായ നാപോളിയുമായുള്ള വ്യത്യാസം മൂന്ന് പോയിന്റായി അവർ കുറച്ചു. രണ്ടാം പകുതിയിൽ ലൗട്ടാരോ മാർട്ടിനെസ്, ഡെൻസൽ ഡംഫ്രൈസ്, മാർക്കസ് തുറാം എന്നിവരുടെ ഗോളുകൾ നിലവിലെ ചാമ്പ്യന്മാരായ ഇന്റർ മിലാന് വിജയം ഉറപ്പാക്കി.

ശനിയാഴ്ച അറ്റലാന്റയിൽ നാപോളി 3-2 ന് ആവേശകരമായ വിജയം നേടിയെങ്കിലും, ഒരു മത്സരം കയ്യിൽ ബാക്കി നിൽക്കെ ഇന്റർ കിരീടപ്പോരാട്ടത്തിൽ സജീവമായി തുടരുന്നു.

ഇന്ററിന്റെ ക്യാപ്റ്റനായ മാർട്ടിനെസ് 55-ാം മിനിറ്റിൽ അതിശയിപ്പിക്കുന്ന ഒരു ലോംഗ് റേഞ്ച് സ്‌ട്രൈക്കിലൂടെ സീസണിലെ തന്റെ എട്ടാമത്തെ ലീഗ് ഗോൾ നേടി. ഡംഫ്രൈസ് ഒരു കോർണറിൽ നിന്ന് ശക്തമായ ഒരു ഹെഡ്ഡറിലൂടെ ആണ് ഗോൽ നേടിയത്. പക്ഷേ എംപോളിയുടെ സെബാസ്റ്റ്യാനോ എസ്പോസിറ്റോ ഒരു തിരിച്ചടി നൽകിയത് ഹോം കാണികളെ അൽപ്പനേരം ആശങ്കയിലാക്കി. തുറാമിന്റെ അവസാന ഗോളാണ് വിജയം ഉറപ്പിച്ചത്.

ഇറ്റാലിയൻ സീരി എയിൽ കുതിപ്പ് തുടർന്ന് അറ്റലാന്റ, ലീഗിൽ ഒന്നാമത്

ഇറ്റാലിയൻ സീരി എയിൽ ഒന്നാം സ്ഥാനത്ത് തുടർന്നു അറ്റലാന്റ. 17 മത്സരങ്ങൾക്ക് ശേഷം രണ്ടാം സ്ഥാനത്തുള്ള നാപോളിയെക്കാൾ 2 പോയിന്റുകൾ മുന്നിൽ ആണ് അവർ ഇപ്പോൾ. ഇന്ന് എമ്പോളിയെ ആദ്യം ഗോൾ വഴങ്ങിയ ശേഷം തിരിച്ചു വന്നു ജയിച്ചു ആണ് അറ്റലാന്റ കരുത്ത് കാട്ടിയത്. 13 മത്തെ മിനിറ്റിൽ ലോറൻസോ കൊളൊമ്പോയുടെ ഗോളിൽ അറ്റലാന്റ പിറകിൽ പോയി.

എന്നാൽ 34 മത്തെ മിനിറ്റിൽ സപകോസ്റ്റയുടെ പാസിൽ നിന്നു ചാൾസ് ഡി കെറ്റലാരെ അറ്റലാന്റയെ മത്സരത്തിൽ ഒപ്പം എത്തിച്ചു. തുടർന്ന് ആദ്യ പകുതിക്ക് തൊട്ടു മുമ്പ് സനിയോളയുടെ പാസിൽ നിന്നു ഗോൾ നേടിയ ലുക്മാൻ അറ്റലാന്റയെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ എസ്പോസിറ്റോയുടെ പെനാൽട്ടിയിലൂടെ എതിരാളികൾ ഒപ്പം എത്തിയെങ്കിലും 86 മത്തെ മിനിറ്റിൽ പാസാലിചിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ ചാൾസ് ഡി കെറ്റലാരെ അറ്റലാന്റക്ക് വിലപ്പെട്ട ജയം സമ്മാനിച്ചു.

2023-2024 സീരി എ പ്ലെയർ ഓഫ് ദ ഇയർ ആയി ലൗട്ടാരോ മാർട്ടിനെസ്

2023-2024 സീരി എ പ്ലെയർ ഓഫ് ദ ഇയർ ആയി ലൗട്ടാരോ മാർട്ടിനെസ് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ സീസണിൽ 24 ഗോളുകൾ നേടിയ മാർട്ടിനെസ് ലീഗിലെ ടോപ് സ്‌കോററായി ഇൻ്ററിനെ സീരി എ ട്രോഫിയിലേക്ക് നയിച്ചിരുന്നു. തിങ്കളാഴ്ച ഇറ്റലിയിൽ നടന്ന ചടങ്ങിലാണ് അർജൻ്റീനക്കാരന് ഈ ട്രോഫി സമ്മാനിച്ചത്.

സീസണിലെ സീരി എ ടീമിലും ഈ 27 കാരൻ ഉൾപ്പെടുത്തി, ലീഗിലെ ഏറ്റവും വിലയേറിയ കളിക്കാരനായി താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

നാപോളിയെ തകർത്തു കരുത്ത് കാണിച്ചു അറ്റലാന്റ

ഇറ്റാലിയൻ സീരി എയിൽ സ്വന്തം മൈതാനത്ത് ആദ്യമായി ഈ സീസണിൽ പരാജയപ്പെട്ടു ലീഗിലെ ഒന്നാം സ്ഥാനക്കാർ ആയ നാപോളി. അറ്റലാന്റ ആണ് തുടർച്ചയായ രണ്ടാം സീസണിലും മറഡോണ സ്റ്റേഡിയത്തിൽ 3-0 ന്റെ മികച്ച ജയം കുറിച്ചത്. അറ്റലാന്റ ആധിപത്യം കണ്ട മത്സരത്തിൽ അഡമോള ലുക്മാന്റെ ഇരട്ട ഗോളുകൾ ആണ് അറ്റലാന്റക്ക് വലിയ ജയം സമ്മാനിച്ചത്.

മത്സരത്തിൽ പത്താം മിനിറ്റിലും 31 മത്തെ മിനിറ്റിലും ചാൾസ് ഡ കെറ്റലാരെയുടെ പാസുകളിൽ നിന്നായിരുന്നു സീസണിൽ മികച്ച ഫോമിലുള്ള ലുക്മാന്റെ ഗോളുകൾ. മത്സരത്തിൽ ഇഞ്ച്വറി സമയത്ത് ബെല്ലനോവയുടെ പാസിൽ നിന്നു ഉഗ്രൻ ഫോമിലുള്ള മറ്റെയോ റെറ്റഗുയി ആണ് അറ്റലാന്റ ജയം പൂർത്തിയാക്കിയത്. സീസണിൽ താരത്തിന്റെ ലീഗിലെ 11 മത്തെ ഗോൾ ആയിരുന്നു ഇത്. ജയത്തോടെ നാപോളിക്ക് 3 പോയിന്റ് പിറകിൽ രണ്ടാം സ്ഥാനത്ത് ആണ് അറ്റലാന്റ ഇപ്പോൾ.

എന്താ കളി! ഇറ്റാലിയൻ ക്ലാസിക്! ഇന്റർ മിലാൻ 4, യുവന്റസ് 4!

ഇറ്റാലിയൻ സീരി എയിൽ ഇറ്റാലിയൻ ഡാർബിയിൽ ഇന്റർ മിലാൻ യുവന്റസ് മത്സരം 4-4 എന്ന സ്കോറിന് സമനിലയിൽ പിരിഞ്ഞു. രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്ന ടീമുകൾ തമ്മിലുള്ള പോരാട്ടം അതുഗ്രൻ ക്ലാസിക് തന്നെയാണ് കാണികൾക്ക് സമ്മാനിച്ചത്. സാൻ സിറോയിൽ ഇന്ററിന് എതിരെ 5 ഷോട്ട് ഗോളിൽ ഉതിർത്ത യുവന്റസ് നാലു ഗോളുകൾ നേടി മത്സരം സമനിലയിൽ ആക്കുക ആയിരുന്നു. 15 മത്തെ മിനിറ്റിൽ സെലിൻസ്കിയുടെ പെനാൽട്ടിയിലൂടെ ഇന്റർ ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. എന്നാൽ 20, 26 മിനിറ്റുകളിൽ വ്ലാഹോവിച്, ടിം വെയ എന്നിവരുടെ ഗോളുകളിൽ യുവന്റസ് മത്സരത്തിൽ മുൻതൂക്കം പിടിച്ചു.

എന്നാൽ 35, 37 മിനിറ്റുകളിൽ 2 മിനിറ്റിൽ 2 ഗോൾ കണ്ടെത്തിയ ഇന്റർ മുൻതൂക്കം തിരിച്ചു പിടിച്ചു. മികിത്യാരൻ ഗോൾ നേടിയ ശേഷം രണ്ടാം പെനാൽട്ടി ഗോൾ കണ്ടെത്തിയ സെലിൻസ്കി ആണ് ഇന്ററിന് 3-2 ന്റെ മുൻതൂക്കം നൽകിയത്. രണ്ടാം പകുതിയിൽ 53 മത്തെ മിനിറ്റിൽ ഡെൻസൽ ഡംഫ്രീസ് നേടിയ ഗോൾ കൂടിയായപ്പോൾ ഇന്റർ ജയം പ്രതീക്ഷിച്ചു. എന്നാൽ 62 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ കെനൻ യിൽദിസ് 71 മത്തെ മിനിറ്റിലും 82 മത്തെ മിനിറ്റിലും നേടിയ ഗോളുകളിൽ യുവന്റസ് സമനില പിടിക്കുക ആയിരുന്നു. ഇറ്റാലിയൻ സീരി എ ക്ലാസിക് മത്സരം തന്നെയാണ് ഇന്ന് ഇരു ടീമുകളും സാൻ സിറോയിൽ സമ്മാനിച്ചത്.

അന്റോണിയോ കോന്റെക്ക് കീഴിൽ നാപോളി ജയം തുടരുന്നു

ഇറ്റാലിയൻ സീരി എയിൽ ജയം തുടർന്നു അന്റോണിയോ കോന്റെയുടെ നാപോളി. ലീഗിൽ 19 സ്ഥാനക്കാർ ആയ ലെകെയെ എതിരില്ലാത്ത ഒരു ഗോളിന് ആണ് നാപോളി ഇന്ന് മറികടന്നത്. വലിയ നാപോളി ആധിപത്യം കണ്ട മത്സരത്തിൽ 27 മത്തെ മിനിറ്റിൽ ജിയോവാണി ഡി ലോറെൻസോ ഗോൾ കണ്ടെത്തിയെങ്കിലും വാർ ഇത് ഓഫ് സൈഡ് ആണെന്ന് കണ്ടെത്തി അനുവദിച്ചില്ല. എന്നാൽ താരം തന്നെ രണ്ടാം പകുതിയിൽ നാപോളി വിജയഗോൾ നേടി.

73 മത്തെ മിനിറ്റിൽ ആണ് ജിയോവാണി ഡി ലോറെൻസോ ലെകെ പ്രതിരോധ പൂട്ട് ഭേദിച്ചത്. 16 തവണ കോർണർ ലഭിച്ച നാപോളി ഗോൾ കണ്ടെത്തിയതും കോർണറിൽ നിന്നായിരുന്നു. കോർണറിൽ നിന്നു മക്ടോമിനെയുടെ ഹെഡറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നാണ് ലോറെൻസോ ഗോൾ നേടിയത്. ജയത്തോടെ 9 കളികളിൽ നിന്ന് 22 പോയിന്റുകളും ആയി നാപോളി ഇറ്റലിയിൽ ഒന്നാം സ്ഥാനത്ത് തുടരും. നിലവിൽ രണ്ടാം സ്ഥാനക്കാർ ആയ ഇന്റർ മിലാനും ആയി 5 പോയിന്റ് മുന്നിൽ ആണ് നാപോളി. നാളെ ഇന്റർ മിലാൻ മൂന്നാം സ്ഥാനക്കാർ ആയ യുവന്റസിനെ ആണ് നേരിടുക.

2 പെനാൾട്ടികൾ സേവ് ചെയ്ത് ഡി ഹിയ, ഫിയൊറെന്റിന മിലാനെ തോൽപ്പിച്ചു

നാടകീയമായ സീരി എ പോരാട്ടത്തിൽ ഫിയോറൻ്റീന 2-1ന് എസി മിലാനെ പരാജയപ്പെടുത്തി. ഡേവിഡ് ഡി ഹിയ രണ്ട് പെനാൽറ്റികൾ രക്ഷപ്പെടുത്തി ഫിയൊറെന്റിനയുടെ ഹീറോ ആയി. യസീൻ അഡ്‌ലി തൻ്റെ മാതൃ ക്ലബ്ബിനെതിരെ സ്‌കോർ ചെയ്‌ത് ഫിയോറൻ്റീനയ്‌ക്കായി സ്‌കോറിംഗ് തുറന്നു. അതിനു മുമ്പ് മോയ്‌സ് കീൻ ഫിയൊറെന്റിനാക്കായി പെനാൽറ്റി നഷ്ടപ്പെടുത്തി.

45ആം മിനുട്ടിൽ മിലാനും ഒരു പെനാൾട്ടി കിക്ക് ലഭിച്ചു, പക്ഷേ തിയോ ഹെർണാണ്ടസിന്റെ ശ്രമം ഡി ഹിയ രക്ഷപ്പെടുത്തി. പിന്നാലെ ടാമി അബ്രഹാമിന്റെ പെനാൾട്ടിയുൻ ഡി ഹിയ തടഞ്ഞു‌. 60ആം മിനുട്ടിൽ പുലിസിച്ച് ഒരു തകർപ്പൻ വോളിയിലൂടെ സമനില പിടിച്ചു. എന്നാൽ 73ആം മിനുട്ടിൽ ആൽബർട്ട് ഗുഡ്മുണ്ട്സൻ്റെ ഗോളിൽ ഫിയോറൻ്റീന ലീഡ് തിരിച്ചുപിടിച്ചു.

ഫിയൊറെന്റിന 10 പോയിന്റുമായി 11ആം സ്ഥാനത്ത് നിൽക്കുകയാണ്. 11 പോയിന്റുമായി മിലാൻ ആറാം സ്ഥാനത്താണ്.

സീരി എയിൽ ആദ്യമായി ഗോൾ വഴങ്ങി യുവന്റസ്, മത്സരം സമനിലയിൽ

ഇറ്റാലിയൻ സീരി എയിൽ സീസണിൽ ആദ്യമായി ഒരു മത്സരത്തിൽ ഗോൾ വഴങ്ങി യുവന്റസ്. സ്വന്തം മൈതാനത്ത് ആദ്യമായി പോയിന്റ് നഷ്ടപ്പെടുത്തിയ യുവന്റസ് കാഗ്‌ലിയാരിയോട് 1-1 ന്റെ സമനില ആണ് വഴങ്ങിയത്. യുവന്റസിന്റെ വലിയ ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ നിസാര അവസരങ്ങൾ പോലും വ്ലാഹോവിച് അടക്കമുള്ളവർ പാഴാക്കിയത് ആണ് യുവന്റസിന് വിനയായത്. ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ടു വ്ലാഹോവിച് ആണ് 15 മത്തെ മിനിറ്റിൽ തിയാഗോ മോട്ടയുടെ ടീമിനെ മുന്നിൽ എത്തിച്ചത്.

ഗോൾ നേടിയ ശേഷം തന്റെ ഗോൾ ഗുരുതര പരിക്കേറ്റ സഹതാരം ബ്രമറിന് ജേഴ്‌സി ഉയർത്തി കാണിച്ചു താരം സമർപ്പിച്ചു തുടർന്നു നിരവധി അവസരങ്ങൾ ആണ് യുവന്റസ് പാഴാക്കിയത്. 88 മത്തെ മിനിറ്റിൽ ലൂയിസ് വഴങ്ങിയ പെനാൽട്ടി ലക്ഷ്യം കണ്ട രസ്വാൻ മാറിൻ യുവന്റസിനെ ഞെട്ടിക്കുക ആയിരുന്നു. അടുത്ത നിമിഷം താരത്തിന്റെ തന്നെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയില്ലെങ്കിൽ യുവന്റസ് പരാജയം അറിയുമായിരുന്നു. 89 മിനിറ്റിൽ കൊൻസെസിയാവോ രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയതോടെ യുവന്റസ് മത്സരം 10 പേരുമായി ആണ് പൂർത്തിയാക്കിയത്. നിലവിൽ ലീഗിൽ യുവന്റസ് നാപോളി, ഇന്റർ എന്നിവർക്ക് പിറകിൽ മൂന്നാമത് ആണ്.

Exit mobile version