ആദ്യ 4 മിനുട്ടിൽ 2 ഗോളിന് പിറകിൽ, പിന്നെ തിരിച്ചടിച്ച് വിജയം!! ക്ലാസിക് മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിനും ആരാധകർക്കും നഷ്ടമായ ഊർജ്ജം തിരികെ കിട്ടിയ രാത്രിയായി ഇന്ന്. ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒരു ക്ലാസിക് കം ബാക്ക് കണ്ട മത്സരത്തിൽ യുണൈറ്റഡ് നോട്ടിങ്ഹാം ഫോറസ്റ്റിനെ 3-2ന് തോൽപ്പിച്ച് 3 പോയിന്റ് സ്വന്തമാക്കി. ആദ്യ നാലു മിനുട്ടിൽ 2 ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് യുണൈറ്റഡ് ഈ വിജയം സ്വന്തമാക്കിയത്.

ഇന്ന് ഓൾഡ്ട്രാഫോർഡിൽ ഒരു ദുരന്ത സമാനനായ തുടക്കമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചത്. ആദ്യ നാലു മിനുട്ടിൽ തന്നെ നോട്ടിങ്ഹാം ഫോറസ്റ്റ് 2 ഗോളുകൾക്ക് മുന്നിൽ എത്തി. മത്സരം ആരംഭിച്ച് ആദ്യ മിനുട്ടിൽ തന്നെ ഫോറസ്റ്റ് ലീഡ് എടുത്തു. യുണൈറ്റഡിന്റെ ഒരു കോർണറിൽ നിന്ന് കൗണ്ടർ അറ്റാക്ക് നടത്തി മൈതാന മധ്യം മുതൽ ഒറ്റയ്ക്ക് കുതിച്ച ഫോറസ്റ്റ് സ്ട്രൈക്കർ അവോനിയി അവർക്ക് ലീഡ് നൽകി.

ആ ഷോക്കിൽ നിന്ന് യുണൈറ്റഡ് കരകയറും മുമ്പ് രണ്ടാം ഗോളും ഫോറസ്റ്റ് നേടി. ഒരു കോർണറിൽ നിന്ന് ഫ്രീ ഹെഡറിലൂടെ വിലി ബോളിയാണ് അവരുടെ രണ്ടാം ഗോൾ നേടിയത്. അഞ്ചു മിനുട്ടിനകം സന്ദർശകർ 2-0നു മുന്നിൽ. പൊതുവെ ഗോളടിക്കാൻ പ്രയാസപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ വലിയ മലയായി ഈ 2-0 മാറി.

ഈ ഗോളിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പൂർണ്ണമായും അറ്റാക്കിലേക്ക് മാറി. 17ആം മിനുട്ടിൽ റാഷ്ഫോർഡിന്റെ ഒരു പാസിൽ നിന്ന് എറിക്സണിലൂടെ യുണൈറ്റഡ് ഒരു ഗോൾ മടക്കി. അവർ സമനില ഗോളിനായുള്ള ശ്രമം തുടർന്നു എങ്കിലും ഫലം ഉണ്ടായില്ല. കസെമിറോക്ക് ഒരു നല്ല അവസരം കിട്ടിയെങ്കിലും അദ്ദേഹത്തിന്റെ ഹെഡർ ടാർഗറ്റിലേക്ക് എത്തിയില്ല. ആദ്യ പകുതി 1-2ന് പിരിഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 52ആം മിനുട്ടിൽ മനോഹരമായ ഒരു ഫ്രീകിക്കിന് ഒടുവിൽ കസെമിറോ യുണൈറ്റഡിന് സമനില നൽകി. ബ്രൂണോയുടെ അസിസ്റ്റിൽ നിന്ന് ഗോൾ വരയ്ക്ക് തൊട്ടു മുന്നിൽ നിന്നായിരുന്നു കസെമിറോയുടെ ഫിനിഷ്. സ്കോർ 2-2.

പിന്നെയും യുണൈറ്റഡ് ആക്രമണം തുടർന്നു‌. 54ആം മിനുട്ടിൽ ആന്റണിയുടെ ഗോൾ എന്ന് ഉറപ്പിച്ച ഷോട്ട് ടർണർ തടഞ്ഞത് സ്കോർ സമനിലയിൽ നിർത്തി. ബ്രൂണോയും വിജയ ഗോളിന് അടുത്ത് എത്തുന്നത് കാണാൻ ആയി‌. മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്ക് ശക്തമാക്കാനായി മാർഷ്യലിനെ പിൻവലിച്ചു സാഞ്ചോയെ അവർ കളത്തിൽ ഇറക്കി.

68ആം മിനുട്ടിൽ ഫോറസ്റ്റിന്റെ വോറൽ ബ്രൂണോ ഫെർണാണ്ടസിനെ ഫൗൾ ചെയ്തതിനു ചുവപ്പ് കാർഡ് വാങ്ങി പുറത്തു പോയി. പിന്നെ യുണൈറ്റഡ് അറ്റാക്ക് മാത്രം ആയി. 75ആം മിനുട്ടിൽ റാഷ്ഫോർഡിനെ ഡനിലോ വീഴ്ത്തിയതിന് മാഞ്ചസ്റ്റർ യുണൈറ്റഡിന് പെനാൾട്ടി ലഭിച്ചു. പെനാൾട്ടി എടുത്ത ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിനെ മുന്നിൽ എത്തിച്ചു. 0-2ൽ നിന്ന് യുണൈറ്റഡ് 3-2ലേക്ക് എത്തിയ നിമിഷം.

മൂന്നാം ഗോൾ നേടിയ ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് കളി നിയന്ത്രിക്കാൻ പാടുപെട്ടു എങ്കിലും അവസാനം അവർ വിജയൻ ഉറപ്പിച്ചു‌. ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റ് ആയി. ഫോറസ്റ്റിന് ഇത് സീസണിലെ രണ്ടാം പരാജയമാണ്.

ചെൽസിയുടെ ബ്രസീലിയൻ താരം ലോണിൽ നോട്ടിങ്ഹാം ഫോറസ്റ്റിൽ ചേർന്നു

ചെൽസിയുടെ 19 കാരനായ ബ്രസീലിയൻ യുവതാരം ആന്ദ്ര സാന്റോസ് ഈ സീസണിൽ ലോണിൽ നോട്ടിങ്ഹാം ഫോറസ്റ്റിൽ ചേർന്നു. ഈ വർഷം ജനുവരിയിൽ ബ്രസീലിയൻ ക്ലബ് വാസ്കോ ഡി ഗാമയിൽ നിന്നു ചെൽസിയിൽ എത്തിയ താരം ലോണിൽ അവർക്ക് വേണ്ടി തന്നെയാണ് കഴിഞ്ഞ സീസണിൽ കളിച്ചത്.

2004 ൽ ജനിച്ച സാന്റോസിൽ വലിയ ഭാവിയാണ് ചെൽസി കാണുന്നത് എന്നതിനാൽ താരം ലോണിന് ശേഷം ക്ലബിൽ തിരിച്ചെത്തും. ബ്രസീലിയൻ ക്ലബിന് ആയി 49 മത്സരങ്ങളിൽ നിന്നു 9 ഗോളുകൾ നേടിയ മധ്യനിര താരം 2023 ൽ കോപ്പ അമേരിക്ക നേടിയ അണ്ടർ 20 ടീമിന്റെയും ഭാഗം ആയിരുന്നു. ഈ വർഷം ബ്രസീൽ ദേശീയ ടീമിന് ആയും താരം അരങ്ങേറിയിരുന്നു.

അർജന്റീനയുടെ ലോകകപ്പ് പെനാൽട്ടി ഹീറോ ഇനി നോട്ടിങ്ഹാം ഫോറസ്റ്റിൽ

അർജന്റീനയുടെ റൈറ്റ് ബാക്കും ലോകകപ്പ് ജേതാവും ആയ ഗോൺസാലോ മോണ്ടിയേലിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് നോട്ടിങ്ഹാം ഫോറസ്റ്റ് സ്വന്തമാക്കി. സ്പാനിഷ് ക്ലബ് സെവിയ്യയിൽ നിന്നു 26 കാരനായ താരത്തെ നിലവിൽ ഈ സീസണിൽ ലോണിൽ ആണ് ഫോറസ്റ്റ് ടീമിൽ എത്തിച്ചത്. 11 മില്യൺ യൂറോ നൽകി താരത്തെ അടുത്ത സീസണിൽ സ്വന്തമാക്കാൻ ഫോറസ്റ്റിന് ആവും. 2021 ൽ അർജന്റീനയിലെ റിവർ പ്ലേറ്റിൽ നിന്നാണ് താരം സെവിയ്യയിൽ എത്തുന്നത്.

സെവിയ്യക്ക് ആയി 72 മത്സരങ്ങൾ കളിച്ച മോണ്ടിയേൽ അവർക്ക് ഒപ്പം യൂറോപ്പ ലീഗ് ജയത്തിലും ഭാഗമായി. 2019 ൽ അർജന്റീനക്ക് ആയി അരങ്ങേറ്റം കുറിച്ച മോണ്ടിയേൽ രാജ്യത്തിനു ആയി 23 കളികൾ ആണ് കളിച്ചത്. അർജന്റീനയുടെ കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് വിജയങ്ങളിലും ഭാഗം ആയ താരം ആയിരുന്നു ലോകകപ്പ് ഫൈനലിൽ അർജന്റീനയുടെ കിരീടം ഉറപ്പിച്ച അവസാനത്തെ പെനാൽട്ടി ലക്ഷ്യം കണ്ടത്. താരത്തിന്റെ വരവ് ഫോറസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫോറസ്റ്റിൽ 29 നമ്പർ ജേഴ്‌സി ആവും താരം അണിയുക.

അർജന്റീനയുടെ ഗോൺസാലോ മോണ്ടിയേലിനെ സ്വന്തമാക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ്

അർജന്റീനയുടെ റൈറ്റ് ബാക്കും ലോകകപ്പ് ജേതാവും ആയ ഗോൺസാലോ മോണ്ടിയേലിനെ സ്വന്തമാക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ് ഒരുങ്ങുന്നു. 26 കാരനായ അർജന്റീനൻ താരത്തെ 11 മില്യൺ യൂറോ നൽകി സ്പാനിഷ് ക്ലബ് സെവിയ്യയിൽ നിന്നു സ്വന്തമാക്കാൻ ആണ് ഫോറസ്റ്റ് ശ്രമം. 2021 ൽ അർജന്റീനയിലെ റിവർ പ്ലേറ്റിൽ നിന്നാണ് താരം സെവിയ്യയിൽ എത്തുന്നത്.

സെവിയ്യക്ക് ആയി 72 മത്സരങ്ങൾ കളിച്ച മോണ്ടിയേൽ അവർക്ക് ഒപ്പം യൂറോപ്പ ലീഗ് ജയത്തിലും ഭാഗമായി. 2019 ൽ അർജന്റീനക്ക് ആയി അരങ്ങേറ്റം കുറിച്ച മോണ്ടിയേൽ രാജ്യത്തിനു ആയി 23 കളികൾ ആണ് കളിച്ചത്. അർജന്റീനയുടെ കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് വിജയങ്ങളിലും ഭാഗം ആയ താരം ആയിരുന്നു ലോകകപ്പ് ഫൈനലിൽ അർജന്റീനയുടെ കിരീടം ഉറപ്പിച്ച പെനാൽട്ടി ലക്ഷ്യം കണ്ടത്.

പകരക്കാരനായി ഇറങ്ങി ഫോറസ്റ്റിന് ജയം സമ്മാനിച്ചു ക്രിസ് വുഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ തങ്ങളുടെ ആദ്യ ജയം കുറിച്ച് നോട്ടിങ്ഹാം ഫോറസ്റ്റ്. ആദ്യ മത്സരത്തിൽ തോൽവി വഴങ്ങി എത്തിയ ടീമുകൾ തമ്മിലുള്ള മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡിന് എതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ഫോറസ്റ്റ് ജയം കണ്ടത്. തങ്ങളുടെ സിറ്റി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മൂന്നാം മിനിറ്റിൽ തന്നെ ഫോറസ്റ്റ് മുന്നിലെത്തി. സെർജ് ഓറിയറുടെ ക്രോസിൽ നിന്നു തായ്‌വോ അവോണിയിനി ശക്തമായ ഹെഡറിലൂടെ ഫോറസ്റ്റിനെ മത്സരത്തിൽ മുന്നിൽ എത്തിച്ചു.

കഴിഞ്ഞ കളിയിലും താരം ഗോൾ നേടിയിരുന്നു. നന്നായി പൊരുതിയ ഷെഫീൽഡ് രണ്ടാം പകുതിയിൽ 48 മത്തെ മിനിറ്റിൽ സമനില പിടിച്ചു. മികച്ച ഷോട്ടിലൂടെ ഗുസ്താവോ ഹാമർ ആണ് ഷെഫീൽഡിന്റെ ഗോൾ നേടിയത്. നന്നായി പൊരുതി കളിച്ച ഇരു ടീമുകളും വിജയഗോളിന് ആയി പരമാവധി പൊരുതി. തുടർന്ന് 89 മത്തെ മിനിറ്റിൽ സെർജ് ഓറിയറുടെ തന്നെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ പകരക്കാരനായി ഇറങ്ങിയ ക്രിസ് വുഡ് ആണ് ഫോറസ്റ്റിനു സീസണിലെ ആദ്യ ജയം സമ്മാനിച്ചത്.

ആഴ്‌സണൽ താരം നുനോ ടവാരസിന് ആയി നോട്ടിങ്ഹാം ഫോറസ്റ്റ് ബിഡ്

ആഴ്‌സണലിന്റെ പോർച്ചുഗീസ് യുവ പ്രതിരോധതാരം നുനോ ടവാരസിന് ആയി നോട്ടിങ്ഹാം ഫോറസ്റ്റ് ആദ്യ ബിഡ് സമർപ്പിച്ചു. നേരത്തെ ആഴ്‌സണൽ ഗോൾ കീപ്പർ മാറ്റ് ടർണറിനെ സ്വന്തമാക്കിയ ഫോറസ്റ്റ് നിലവിൽ ലെഫ്റ്റ് ബാക്ക് ആയ 23 കാരനായ താരത്തിന് ആയും രംഗത്ത് വന്നിരിക്കുക ആണ്. താരവും ആയും അവർ ചർച്ചകൾ നടത്തുന്നുണ്ട്.

2021 ൽ ബെൻഫിക്കയിൽ നിന്നു 8 മില്യൺ പൗണ്ടിനു ആണ് താരം ആഴ്‌സണലിൽ എത്തിയത്. ആഴ്‌സണലിന് ആയി 28 മത്സരങ്ങൾ കളിച്ച താരത്തിന് പക്ഷെ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ആയിരുന്നില്ല. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബ് മാഴ്സെയിൽ ലോണിൽ കളിച്ച താരം മികച്ച പ്രകടനം ആയിരുന്നു നടത്തിയത്. താരത്തെ വിൽക്കണം എന്നു തന്നെയാണ് ആഴ്‌സണൽ തീരുമാനവും.

ടോറിനോ വിട്ട നൈജീരിയൻ താരത്തെ ടീമിൽ എത്തിച്ച് നോട്ടിങ്ഹാം

കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ട്രാൻസ്ഫർ മാർക്കറ്റ് ഉഴുതുമറിച്ച നോട്ടിങ്ഹാം എഫ്സി ഇത്തവണ കാര്യമായ നീക്കങ്ങൾ ഇതുവരെ നടത്തിയിരുന്നില്ല.ഇപ്പോൾ പുതിയ സീസണിലെ ആദ്യ സൈനിങ് ആയി നൈജീരിയൻ പ്രതിരോധ താരം ഓല ഐനയെ ടീമിൽ എത്തിച്ചിരിക്കുകയാണ് അവർ. ടോറിനൊയിൽ കരാർ അവസാനിച്ച് ഫ്രീ ഏജന്റ് ആയ താരത്തെ രണ്ടു വർഷത്തെ കരാറിൽ ആണ് നോട്ടിങ്ഹാം സ്വന്തമാക്കുന്നത് എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇത് മറ്റൊരു സീസണിലേക്ക് കൂടി നീട്ടാനുള്ള സാധ്യതയും ചേർത്തിട്ടുണ്ട്. ഇതോടെ മുൻ ഫുൾഹാം താരമായ 27കാരന് പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചു വരവിനും അവസരം ഒരുങ്ങി.

ചെൽസി യൂത്ത് ടീമുകളിലൂടെ വളർന്ന ഓല ഐന മൂന്ന് മത്സരങ്ങൾ സീനിയർ ടീമിന് വേണ്ടിയും കളത്തിൽ ഇറങ്ങിയിട്ടുണ്ട്. പിന്നീട് ഹൾ സിറ്റി, ടോറിനോ എന്നിവർക്ക് വേണ്ടി ലോണിൽ കളിച്ചു. പിന്നീട് താരത്തെ ടോറിനോ സ്വന്തമാക്കി. 2020-21 സീസണിൽ ഫുൾഹാമിലും എത്തി. നൈജീരിയൻ ദേശീയ ടീമിൽ 17 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഫുൾ ബാക്ക് സ്ഥാനത്ത് ആക്രമണത്തിലും കാര്യമായ സഹായങ്ങൾ ചെയ്യുന്ന ഐനയെ പല സ്ഥാനങ്ങളിലും ഒരുപോലെ ഉപയോഗിക്കാൻ ആവും. യുനൈറ്റഡ് താരമായ ആന്റണി എലാങ്ങയേയാണ് നോട്ടിങ്ഹാം അടുത്തതായി ഉന്നമിടുന്നത്.

ക്രിസ് വുഡിനെ ഫോറസ്റ്റ് സ്ഥിര കരാറിൽ സ്വന്തമാക്കി

ന്യൂകാസിൽ യുണൈറ്റഡിൽ നിന്ന് ലോണിൽ നോട്ടിങ്ഹാം ഫോറസ്റ്റിനായി കളിക്കുക ആയിരുന്ന ക്രിസ് വുഡ് ഇനി നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ മാത്രം താരം. ലോൺ അടിസ്ഥാനത്തിൽ ജനുവരിയിൽ ആണ് ഫോറസ്റ്റ് ക്രിസ് വുഡിനെ ടീമിലേക്ക് എത്തിക്കുന്നത്‌. ഇപ്പോൾ 15 മില്യൺ നൽകിയാണ് ഈ നീക്കം ഫോറസ്റ്റ് സ്ഥിരമാക്കി മാറ്റുന്നത്.

ഓക്ക്‌ലൻഡിൽ ജനിച്ച ക്രിസ് വുഡ് ന്യൂസിലൻഡ് രാജ്യത്തിനായി 70 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 33 ഗോളുകളും താരം നേടി. വെസ്റ്റ് ബ്രോംവിച്ച്, ലെസ്റ്റർ സിറ്റി, ബാർൺസ്ലി, ബ്രൈറ്റൺ, ബർമിംഗ്ഹാം സിറ്റി, ബ്രിസ്റ്റോൾ സിറ്റി, മിൽവാൾ എന്നീ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. ന്യൂകാസിലിൽ ഒരു സീസൺ മുമ്പ് എത്തിയ താരം അവുടെ ക്ലബ്ബിനായി 39 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

എവർട്ടണെ റിലഗേഷൻ സോണിൽ നിന്ന് കയറാൻ വിടാതെ ഫോറസ്റ്റ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോട്ടിംഗ്ഹാം ഫോറസ്റ്റും എവർട്ടണും തമ്മിൽ നടന്ന ആവേശകരമായ മത്സരത്തിൽ സിറ്റി ഗ്രൗണ്ടിൽ ഇരു ടീമുകളും 2-2 എന്ന സമനിലയിൽ പിരിഞ്ഞു. ഫലത്തോടെ 22 പോയിന്റുമായി എവർട്ടൺ 18-ാം സ്ഥാനത്തും, നോട്ടിങ്ഹാം ഫോറസ്റ്റ് 26 പോയിന്റുമായി 14-ാം സ്ഥാനത്തും തുടരുന്നു.

കളിയുടെ ആദ്യ പകുതിയിൽ ഗോളുകൾ ഒഴുകുന്നത് കാണാൻ ആയി. ൽഡെമറായി ഗ്രേയുടെ പെനാൽറ്റിയിലൂടെ എവർട്ടൺ ആണ് ആദ്യം മുന്നിലെത്തിയത്. എന്നിരുന്നാലും, നോട്ടിംഗ്ഹാം ഫോറസ്റ്റ് പെട്ടെന്ന് ബ്രണ്ണൻ ജോൺസന്റെ ഒരു ഗോളിലൂടെ മറുപടി നൽകി സ്കോർലൈൻ സമനിലയിലാക്കി. തൊട്ടുപിന്നാലെ അബ്ദുളെ ഡൗകൗറെയുടെ ഹെഡറിലൂടെ എവർട്ടൺ ലീഡ് തിരിച്ചുപിടിച്ചു.

രണ്ടാം പകുതിയിൽ, നോട്ടിംഗ്ഹാം ഫോറസ്റ്റ് ഒരു സമനില ഗോളിനായി ശ്രമിച്ചുകൊണ്ടിരുന്നു, ഒടുവിൽ അത് 77-ാം മിനിറ്റിൽ അതു വന്നു, ജോൺസൺ അണ് രണ്ടാം ഗോളും നേടിയത്. ടീമിന്റെ ഹോം മത്സരങ്ങളിലെ അപരാജിത കുതിപ്പ് ഒമ്പതാക്കി ഉയർത്താൻ ഇതോടെ ഫോറസ്റ്റിനായി.

ചെൽസി ഫോറസ്റ്റിൽ പെട്ടു! റിലഗേഷൻ സോണിലുള്ളവരോട് സമനില

ചെൽസിയെ ഞെട്ടിച്ച് റിലഗേഷൻ സോണിൽ ഉള്ള നോട്ടിങ്ഹാം ഫോറസ്റ്റ്. ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫോറസ്റ്റിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ചെൽസിയെ 1-1ന്റെ സമനിലയിൽ പിടിക്കാൻ ഫോറസ്റ്റിന് ആയി. ചെൽസിയുടെ ടോപ് 4 പ്രതീക്ഷികൾക്ക് വലിയ തിരിച്ചടിയാണ് ഈ സമനില.

ഇന്ന് ആദ്യ പകുതിയിൽ 16ആം മിനുട്ടിൽ തന്നെ ചെൽസി ലീഡ് എടുത്തിരുന്നു. ഇടതു വിങ്ങിൽ നിന്ന് പുലിസിക് കൊടുത്ത ക്രോസ് ഹവേർട്സ് ഒരു ഫ്ലിക്കിലൂടെ ലക്ഷ്യത്തിൽ എത്തിക്കാൻ നോക്കി. ഹവേർട്സിന് ഗോൾ നേടാൻ ആയില്ല എങ്കിലും ആ ബോൾ എത്തിയത് സ്റ്റെർലിംഗിന്റെ കാലിൽ. ഒഴിഞ്ഞ് പോസ്റ്റിലേക്ക് പന്ത് എത്തിച്ച് സ്റ്റെർലിംഗ് ഗോൾ ആഘോഷിച്ചു.

രണ്ടാം പകുതിയിൽ ആയിരുന്നു ഫോറസ്റ്റിന്റെ മറുപടി. 65ആം മിനുട്ടിൽ ഒരു ആക്രൊബാറ്റിക് ഫിനിഷിലൂടെ സെർഹ് ഒറിയെ ആണ് ഫോറസ്റ്റിന് സമനില നൽകിയത്. ഒറിയെയുടെ ഫോറസ്റ്റ് ജേഴ്സിയിലെ ആദ്യ ഗോളായിരുന്നു ഇത്.

ഈ സമനില ചെൽസിയെ 25 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിർത്തുകയാണ്. 14 പോയിന്റുള്ള ഫോറസ്റ്റ് 18ആം സ്ഥാനത്താണ്.

ഫോറസ്റ്റിന് എതിരെ പ്രായം തളർത്താത്ത ആഷ്‌ലി യങ് മാജിക്, വില്ലക്ക് സമനില

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർ പരാജയങ്ങൾ അവസാനിപ്പിച്ചു നോട്ടിങ്ഹാം ഫോറസ്റ്റ്. ആസ്റ്റൺ വില്ലക്ക് എതിരെ അവർ 1-1 നു സമനില പിടിക്കുക ആയിരുന്നു. സമനിലയോടെ ലീഗിൽ അവസാന സ്ഥാനത്ത് നിന്ന് പുറത്ത് കടക്കാൻ ഫോറസ്റ്റിന് ആയി. വില്ല ആധിപത്യം കണ്ട മത്സരത്തിൽ പലപ്പോഴും ഫോറസ്റ്റ് അവസരങ്ങൾ തുറന്നു. 15 മത്തെ മിനിറ്റിൽ മോർഗൻ ഗിബ്സ് വൈറ്റിന്റെ ഫ്രീകിക്കിൽ നിന്നു ഹെഡറിലൂടെ ഇമ്മാനുവൽ ഡെന്നിസ് ഫോറസ്റ്റിന് മുൻതൂക്കം സമ്മാനിച്ചു.

22 മത്തെ മിനിറ്റിൽ വില്ലയുടെ സമനില ഗോൾ വന്നു. ബോക്സിന് പുറത്ത് ലഭിച്ച പന്ത് പിടിച്ചെടുത്ത 37 കാരനായ ആഷ്‌ലി യങ് തന്റെ സുവർണ കാലത്തെ ഓർമ്മിപ്പിക്കുന്ന ഒരു അതുഗ്രൻ റോക്കറ്റ് ഷോട്ടിലൂടെ വില്ലക്ക് സമനില നൽകുക ആയിരുന്നു. ഇടക്ക് വാറ്റ്ക്ൻസ് പന്ത് വലയിൽ എത്തിച്ചു എങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. തുടർന്നും ഇരു ടീമുകളും ഗോളിനായി ശ്രമിച്ചു എങ്കിലും മത്സരം സമനിലയിൽ അവസാനിക്കുക ആയിരുന്നു. നിലവിൽ വില്ല ലീഗിൽ പതിനാറാം സ്ഥാനത്ത് ആണ്.

വീണ്ടും ഞെട്ടിച്ച് നോട്ടിങ്ഹാം, തോൽവികൾ കാര്യമാക്കാതെ കൂപ്പർക്ക് പുതിയ കരാർ

ട്രാൻസ്ഫർ വിൻഡോയിൽ ഇരുപതോളം താരങ്ങളെ എത്തിച്ച് ഞെട്ടിച്ച നോട്ടിങ്ഹാമിൽ നിന്നും വീണ്ടും അപ്രതീക്ഷിത നീക്കങ്ങൾ. താരങ്ങളെ എത്തിച്ച മികവ് ഒന്നും ഗ്രൗണ്ടിൽ കാണാതെ വന്നതോടെ കോച്ച് സ്റ്റീവ് കൂപ്പറിന്റെ തലയുരുളുമെന്ന് തോന്നിച്ച ഘട്ടത്തിൽ നിന്നും അദ്ദേഹത്തിന് പുതിയൊരു കരാർ നൽകിയിരിക്കുകയാണ് ക്ലബ്ബ്. 2025വരെയാണ് പുതിയ കരാർ. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനതാണെങ്കിലും രണ്ടു പതിറ്റാണ്ടിന് ശേഷം ക്ലബ്ബിനെ വീണ്ടും പ്രീമിയർ ലീഗിലേക്ക് എത്തിച്ച കൂപ്പറിൽ തന്നെ വിശ്വാസം അർപ്പിക്കാനാണ് മാനേജ്‌മെന്റിന്റെ ശ്രമം.

നേരത്തെ ആരാധകർക്കിടയിൽ നടത്തിയ ഹിതപരിശോധനയിലും കോച്ചിന് അനുകൂലമായാണ് വിധി വന്നത്. എങ്കിലും ലീഗിൽ അവസാന സ്ഥനക്കാർ ആയിരുന്ന ലെസ്റ്ററിനോടേറ്റ തോൽവിയോടെ കൂപ്പറിനെ ക്ലബ്ബ് പുറത്താക്കും എന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. പ്രീമിയർ ലീഗിലെ “നടപ്പുരീതി” അനുസരിച്ച് കോച്ചിനെ പുറത്താക്കാനുള്ള സമയത്തും വ്യത്യസ്തത പുലർത്തിയിരിക്കുകയാണ് നോട്ടിങ്ഹാം.

Exit mobile version