അവസാന മത്സരത്തിൽ 43 റൺസ് വിജയം, ഒമാൻ ചെയർമാൻ ഇലവനെതിരെ കേരളത്തിന് പരമ്പര

ഒമാൻ ചെയർമാൻ ഇലവനുമായുള്ള ട്വൻ്റി 20 പരമ്പര സ്വന്തമാക്കി കേരള ടീം. മൂന്നാമത്തെ മല്സരത്തിൽ ഒമാൻ ടീമിനെ 43 റൺസിന് തോല്പിച്ചതോടെയാണ് കേരളം പരമ്പര സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. ഓപ്പണർ വിഷ്ണു വിനോദിൻ്റെ തകർപ്പൻ സെഞ്ച്വറിയാണ് കേരളത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ ചെയർമാൻ ഇലവന് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് മാത്രമാണ് നേടാനായത്. ഒമാനിൽ നടന്ന പരമ്പരയിലെ ആദ്യ മല്സരത്തിൽ കേരളം തോറ്റിരുന്നു. പിന്നീട് രണ്ട് മല്സരങ്ങൾ തുടർച്ചയായി ജയിച്ചാണ് കേരള ടീം പരമ്പര നേടിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഇന്നിങ്സിൻ്റെ രണ്ടാം പന്തിൽ തന്നെ ഓപ്പണർ കൃഷ്ണപ്രസാദിൻ്റെ വിക്കറ്റ് നഷ്ടമായി. 11 റൺസെടുത്ത വിനൂപ് മനോഹരനും രണ്ടാം ഓവറിൽ മടങ്ങി. വിഷ്ണു വിനോദും സാലി വിശ്വനാഥും ചേർന്ന 86 റൺസിൻ്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തെ കരകയറ്റിയത്. ആദ്യ ഓവറുകളിൽ കരുതലോടെ ബാറ്റ് വീശിയ വിഷ്ണു വിനോദ് ഒൻപതാം ഓവർ മുതലാണ് കൂറ്റൻ ഷോട്ടുകൾക്ക് തുടക്കമിട്ടത്. 29 പന്തുകളിലാണ് വിഷ്ണു അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഇതിനിടയിൽ 30 റൺസെടുത്ത സാലി വിശ്വനാഥ് മടങ്ങി. എ കെ അർജുൻ അഞ്ചും അഖിൽ സ്കറിയ ഒരു റണ്ണും എടുത്ത് പുറത്തായി. അവസാന ഓവറുകളിൽ വിഷ്ണു വിനോദും അൻഫലും ചേർന്നുള്ള കൂറ്റനടികളാണ് കേരളത്തിൻ്റെ സ്കോർ 190 ൽ എത്തിച്ചത്. അവസാന രണ്ട് ഓവറുകളിൽ നിന്നായി ഇരുവരും 38 റൺസ് നേടി. വിഷ്ണു വിനോദ് 57 പന്തുകളിൽ നിന്ന് 101ഉം അൻഫൽ 13 പന്തുകളിൽ നിന്ന് 32ഉം റൺസുമായി പുറത്താകാതെ നിന്നു. നാല് ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു വിഷ്ണു വിനോദിൻ്റെ ഇന്നിങ്സ്. ചെയർമാൻ ഇലവന് വേണ്ടി ഷക്കീൽ അഹ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെയർമാൻ ഇലവന് ഓപ്പണർമാരായ ജതീന്ദർ സിങ്ങും ആമിർ കലീമും ചേർന്ന് ഭേദപ്പെട്ട തുടക്കം നല്കി. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 45 റൺസ് കൂട്ടിച്ചേർത്തു. ജതീന്ദർ സിങ് 27ഉം ആമിർ കലീം 25ഉം റൺസ് നേടി. എന്നാൽ തുടർന്നെത്തിയവർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ഹമ്മദ് മിർസ 21ഉം വിനായക് ശുക്ല 17 റൺസും നേടി. അവസാന ഓവറുകളിൽ സിക്രിയ ഇസ്ലാമിൻ്റെ കൂറ്റൻ ഷോട്ടുകളാണ് ചെയർമാൻ ഇലവൻ്റെ സ്കോർ 147 വരെയെത്തിച്ചത്. സിക്രിയ ഇസ്ലാം 19 പന്തുകളിൽ നിന്ന് 30 റൺസ് നേടി. കേരളത്തിന് വേണ്ടി അഖിൽ സ്കറിയ നാല് ഓവറുകളിൽ 35 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ജെറിൻ പി എസ് നാല് ഓവറുകളിൽ 23 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും സ്വന്തമാക്കി.

ആവേശപ്പോരാട്ടത്തിൽ ഒമാൻ ടീമിനെതിരെ കേരളത്തിന് ഒരു റൺ വിജയം

ഒമാൻ പര്യടനത്തിലെ രണ്ടാമത്തെ മല്സരത്തിൽ കേരള ക്രിക്കറ്റ് ടീമിന് വിജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്ന മല്സരത്തിൽ കേരളം ഒരു റണ്ണിനാണ് ഒമാൻ ചെയർമാൻ ഇലവനെ തോല്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെയർമാൻ ഇലവന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് മാത്രമാണ് എടുക്കാനായത്.

ടോസ് നേടിയ ചെയർമാൻ ഇലവൻ കേരളത്തെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. കൃഷ്ണപ്രസാദിനൊപ്പം കേരളത്തിന് വേണ്ടി ഇന്നിങ്സ് തുറന്ന വിഷ്ണു വിനോദ് തുടക്കം മുതൽ തകർത്തടിച്ച് മുന്നേറി. 15 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സും അടക്കം 30 റൺസാണ് വിഷ്ണു നേടിയത്. തുടർന്നെത്തിയ അജ്നാസ് എട്ട് റൺസെടുത്ത് പുറത്തായി. മൂന്നാം വിക്കറ്റിൽ കൃഷ്ണപ്രസാദും അഖിൽ സ്കറിയയും ചേർന്ന് 32 റൺസ് കൂട്ടിച്ചേർത്തു. 20 റൺസെടുത്ത അഖിൽ സ്കറിയ പുറത്തായതിന് ശേഷമെത്തിയ ആർക്കും മികച്ച ഇന്നിങ്സ് കാഴ്ച വയ്ക്കാനായില്ല. ക്യാപ്റ്റൻ സാലി വിശ്വനാഥ് നാലും എ കെ അർജുൻ 17ഉം, അൻഫൽ പത്തും, കൃഷ്ണദേവൻ രണ്ടും റൺസെടുത്ത് പുറത്തായി. മറുവശത്ത് ഉറച്ച് നിന്ന കൃഷ്ണപ്രസാദിൻ്റെ ഇന്നിങ്സാണ് കേരളത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. കൃഷ്ണപ്രസാദ് 42 പന്തുകളിൽ 59 റൺസെടുത്തു. ചെയർമാൻ ഇലവന് വേണ്ടി ജിതൻകുമാർ രാമനന്ദി മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെയർമാൻസ് ഇലവന് ആദ്യ പന്തിൽ തന്നെ ഓപ്പണർ ആമിർ കലീമിൻ്റെ വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റൻ സാലി വിശ്വനാഥാണ് വിക്കറ്റ് നേടി കേരളത്തിന് മികച്ച തുടക്കം നല്കിയത്. സ്കോർ 26ൽ നില്ക്കെ 14 റൺസെടുത്ത ഹമ്മദ് മിർസയും പുറത്തായി. എന്നാൽ ഹുസ്നൈൻ ഉൾ വഹാബും മുഹമ്മദ് നദീമും ചേർന്ന് മൂന്നാം വിക്കറ്റിൽ 36 റൺസ് കൂട്ടിച്ചേർത്തു.28 റൺസെടുത്ത ഹുസ്നൈൻ റണ്ണൌട്ടാവുകയായിരുന്നു. തുടർന്നെത്തിയ വിനായക് ശുക്ലയുടെ പ്രകടനമാണ് ഒമാനെ വിജയത്തിന് തൊട്ടരികിൽ വരെയെത്തിച്ചത്. 28 പന്തുകളിൽ നിന്ന് ആറ് ഫോറും മൂന്ന് സിക്സുമടക്കം 58 റൺസാണ് വിനായക് നേടിയത്. 18ആം ഓവറിൽ വിനായകിനെ പുറത്താക്കി കെ എം ആസിഫാണ് കേരളത്തിന് നിർണ്ണായക വഴിത്തിരിവ് സമ്മാനിച്ചത്. 19ആം ഓവറിൽ സിക്രിയ ഇസ്ലാമിനെയും ഹുസ്നൈൻ അലി ഷായെയും അഖിൽ സ്കറിയ പുറത്താക്കി. അവസാന പന്തിൽ രണ്ട് റൺസായിരുന്നു ചെയർമാൻ ഇലവന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ അവസാന പന്തിൽ ജിതൻകുമാർ രാമനന്ദിയെ ക്ലീൻ ബൌൾഡാക്കി കെ എം ആസിഫ് കേരളത്തിന് വിജയമൊരുക്കി. കേരളത്തിന് വേണ്ടി അഖിൽ സ്കറിയ മൂന്നും സാലി വിശ്വനാഥും കെ എം ആസിഫും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ഇത് ഇന്ത്യൻ ഫുട്ബോളിന് പുതുയുഗം!! വമ്പന്മാരായ ഒമാനെതിരെ തകർപ്പൻ ജയം!


സെൻട്രൽ ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ നാഷണൽസ് കപ്പ് 2025-ൽ ഒമാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ഇന്ത്യൻ ഫുട്ബോൾ ടീമിന് വെങ്കല മെഡൽ. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതിനെത്തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഫിഫ റാങ്കിങ്ങിൽ 79-ാം സ്ഥാനത്തുള്ള ഒമാനെയാണ് 133-ാം സ്ഥാനത്തുള്ള ഇന്ത്യ പരാജയപ്പെടുത്തിയത്.


മത്സരത്തിന്റെ 55-ാം മിനിറ്റിൽ ജമീൽ അൽ യഹ്മദി നേടിയ ഗോളിലൂടെ ഒമാൻ മുന്നിലെത്തി. പിന്നീട് ഗോൾ മടക്കാൻ ഇന്ത്യ നടത്തിയ ശ്രമങ്ങൾ 80-ാം മിനിറ്റിൽ ഫലം കണ്ടു. പകരക്കാരനായി ഇറങ്ങിയ ഉദാന്ത സിംഗ് നേടിയ ഗോളിലൂടെ ഇന്ത്യ ഒമാന് ഒപ്പമെത്തി. പിന്നീട് അധിക സമയത്ത് ഇരുടീമുകൾക്കും ഗോൾ നേടാനായില്ല.


പെനാൽറ്റി ഷൂട്ടൗട്ടിൽ ഒമാൻ ആദ്യ രണ്ട് കിക്കുകളും പാഴാക്കി. എന്നാൽ ഇന്ത്യക്ക് വേണ്ടി അൻവർ അലിയും ഉദാന്തയും പെനാൽറ്റി പാഴാക്കി. ഒടുവിൽ ഒമാന്റെ അവസാന കിക്ക് തടുത്തിട്ട ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.


ഈ വിജയം ഇന്ത്യക്ക് വെങ്കല മെഡൽ നേടിക്കൊടുത്തത് മാത്രമല്ല, ശക്തരായ എതിരാളികൾക്കെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ടീമിന്റെ പോരാട്ടവീര്യവും വ്യക്തമാക്കുന്നു. ഈ വിജയം വരും മത്സരങ്ങളിൽ ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്.

സുലക്ഷൺ കുൽക്കർണി ഒമാൻ ക്രിക്കറ്റ് ടീം ഡെപ്യൂട്ടി ഹെഡ് കോച്ച്


മുൻ മുംബൈ വിക്കറ്റ് കീപ്പർ സുലക്ഷൺ കുൽക്കർണിയെ ഒമാൻ ക്രിക്കറ്റ് ടീമിൻ്റെ ഡെപ്യൂട്ടി ഹെഡ് കോച്ചായി നിയമിച്ചു. ഒക്ടോബറിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഒമാൻ ടീമിന്റെ പരിശീലക സംഘത്തിൽ ദിലീപ് മെൻഡിസിനൊപ്പമാണ് കുൽക്കർണി പ്രവർത്തിക്കുക.

2026-ൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിൽ യോഗ്യത നേടുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല.


സുലക്ഷൺ കുൽക്കർണിയുടെ നിയമനം ഒമാൻ ക്രിക്കറ്റ് സോഷ്യൽ മീഡിയയിലൂടെയാണ് ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പരിശീലകനായ അദ്ദേഹം ടീമിന് കൂടുതൽ ആഴവും മികച്ച നേതൃത്വവും നൽകുമെന്ന് ഒമാൻ ക്രിക്കറ്റ് വ്യക്തമാക്കി. 58-കാരനായ കുൽക്കർണിക്ക് മുംബൈ, മഹാരാഷ്ട്ര, തമിഴ്നാട്, വിദർഭ, ഛത്തീസ്ഗഡ് തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചുള്ള വലിയ അനുഭവസമ്പത്തുണ്ട്.

2012-13 സീസണിൽ മുംബൈയെ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചത് അദ്ദേഹമായിരുന്നു. കഴിഞ്ഞ സീസണിൽ മഹാരാഷ്ട്രയുടെ ഹെഡ് കോച്ചായി പ്രവർത്തിക്കുകയായിരുന്നു കുൽക്കർണി.

ഒമാൻ കാർലോസ് ക്വിറോസിനെ പരിശീലകനായി നിയമിച്ചു


2026 ഫിഫ ലോകകപ്പിൽ ഒരു സ്ഥാനം നേടാനുള്ള തങ്ങളുടെ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഒമാൻ പരിചയസമ്പന്നനായ പരിശീലകൻ കാർലോസ് ക്വിറോസിനെ പുതിയ ഹെഡ് കോച്ചായി നിയമിച്ചു. ഏഷ്യൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ നാലാം റൗണ്ടിലേക്ക് യോഗ്യത നേടിയതിന് പിന്നാലെ ചൊവ്വാഴ്ചയാണ് ഈ പ്രഖ്യാപനം വന്നത്.


പോർച്ചുഗൽ, ഇറാൻ, കൊളംബിയ, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെ ദേശീയ ടീമുകളെ പരിശീലിപ്പിച്ച ക്വിറോസ് വലിയ അനുഭവസമ്പത്തുമായാണ് എത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ സർ അലക്സ് ഫെർഗൂസന്റെ അസിസ്റ്റന്റ് കോച്ചായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ ഹെഡ് കോച്ചായും അദ്ദേഹം ഒരു ചെറിയ കാലയളവിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ഫുട്ബോളിലെ, പ്രത്യേകിച്ച് ഇറാനുമായും ഖത്തറുമായും ഏഷ്യയിൽ അദ്ദേഹത്തിനുണ്ടായിരുന്ന ട്രാക്ക് റെക്കോർഡ് ഈ സ്ഥാനത്തേക്ക് അദ്ദേഹത്തെ വളരെയധികം ആകർഷകനാക്കി.


ഗ്രൂപ്പ് ബിയിൽ നാലാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ഒമാൻ, പലസ്തീനുമായി 1-1ന് സമനില നേടിയാണ് യോഗ്യതാ റൗണ്ടിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചത്. ക്വിറോസിന്റെ നിയമനം ഒമാൻ ഫുട്ബോൾ അസോസിയേഷൻ സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചു.

അവസാന ഏകദിനത്തിൽ ഒമാൻ ചെയർമാൻസ് ഇലവനെതിരെ കേരളത്തിന് തോൽവി, പരമ്പര സമനിലയിൽ

കേരളവും ഒമാൻ ചെയർമാൻസ് ഇലവനുമായുള്ള ഏകദിന പരമ്പര സമനിലയിൽ. അവസാന ഏകദിനത്തിൽ കേരളം അഞ്ച് വിക്കറ്റിൻ്റെ തോൽവി വഴങ്ങിയതോടെയാണ് പരമ്പര സമനിലയിൽ അവസാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 47.3 ഓവറിൽ 233 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ ചെയർമാൻസ് ഇലവൻ ആറ് ഓവർ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരള ബാറ്റിങ് നിരയിൽ ഷോൺ റോജർ മാത്രമാണ് മികച്ച ഇന്നിങ്സ് കാഴ്ച വച്ചത്. മറ്റ് ബാറ്റർമാരുടെ പ്രകടനം ശരാശരിയിൽ ഒതുങ്ങിയതോടെ എതിരാളികൾക്കെതിരെ കൂറ്റൻ സ്കോർ കണ്ടെത്താൻ കേരളത്തിനായില്ല. ഓപ്പണർമാരായ അഭിഷേക് നായർ 32ഉം രോഹൻ കുന്നുമ്മൽ 28ഉം റൺസുമായി മടങ്ങി. മുഹമ്മദ് അസറുദ്ദീൻ 13ഉം അഹമ്മദ് ഇമ്രാൻ മൂന്നും റൺസെടുത്ത് പുറത്തായി. 79 റൺസെടുത്ത ഷോൺ റോജറാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. അക്ഷയ് മനോഹർ 43 റൺസെടുത്തു. ഇരുവരും ചേർന്നുള്ള 117 റൺസ് കൂട്ടുകെട്ടാണ് കേരളത്തെ വലിയൊരു തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഒമാന് വേണ്ടി ഷക്കീൽ അഹമ്മദ് നാലും മൊഹമ്മദ് നദീം ആമിർ കലീം എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ്റെ ഓപ്പണർമാർ വലിയ സംഭാവനകളില്ലാതെ മടങ്ങിയെങ്കിലും മധ്യനിരയിൽ മുജിബുർ അലിയും മൊഹമ്മദ് നദീമും ചേർന്ന കൂട്ടുകെട്ട് കരുത്തായി.മുജിബുർ അലി 68ഉം ഉം മൊഹമ്മദ് നദീം പുറത്താകാതെ 71 റൺസും നേടി. 44ആം ഓവറിൽ ഒമാൻ ചെയർമാൻസ് ഇലവൻ ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി ഷോൺ റോജർ രണ്ട് വിക്കറ്റ് വീഴ്ത്തി. ടൂർണ്ണമെൻ്റിലെ ആദ്യത്തെയും മൂന്നാമത്തെയും മല്സരം കേരളം ജയിച്ചപ്പോൾ രണ്ടാമത്തെയും അവസാനത്തെയും മല്സരം ഒമാൻ സ്വന്തമാക്കി. ഇതോടെ പരമ്പര 2-2ന് സമനിലയിൽ പിരിഞ്ഞു.

ഒമാൻ ചെയർമാൻസ് ഇലവനെ 76 റൺസിന് തോല്പിച്ച് കേരളം

ഒമാൻ ചെയർമാൻസ് ഇലവനുമായുള്ള മൂന്നാം ഏകദിന മത്സരത്തിൽ കേരള ടീമിന് 76 റൺസ് വിജയം. ഇതോടെ നാല് മല്സരങ്ങളടങ്ങിയ പരമ്പരയിൽ കേരളം 2-1ന് മുന്നിലെത്തി. 45 ഓവർ വീതമാക്കി ചുരുക്കിയ മല്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം എട്ട് വിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ ടീമിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് മാത്രമാണ് എടുക്കാനായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി മുൻനിര ബാറ്റർമാർ മികച്ച പ്രകടനം കാഴ്ച വച്ചു. അഭിഷേക് നായരും രോഹൻ കുന്നുമ്മലും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 59 റൺസ് പിറന്നു. അഭിഷേക് നായർ 22 റൺസെടുത്ത് പുറത്തായി. തുടർന്ന് രണ്ടാം വിക്കറ്റിൽ രോഹൻ കുന്നുമ്മലും മൊഹമ്മദ് അസറുദ്ദീനും ചേർന്ന് നേടിയ 156 റൺസാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. രോഹൻ 130ഉം അസറുദ്ദീൻ 78ഉം റൺസെടുത്തു. 95 പന്തുകളിൽ 18 ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു രോഹൻ്റെ ഇന്നിങ്സ്. പരമ്പരയിൽ രോഹൻ്റെ രണ്ടാം സെഞ്ച്വറിയാണ് ഇത്. ആദ്യ മല്സരത്തിലും രോഹൻ സെഞ്ച്വറി നേടിയിരുന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ ചെയർമാൻസ് ഇലവന് വേണ്ടി മൂന്ന് പേർ മാത്രമാണ് ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചത്. ജതീന്ദർ സിങ് 60ഉം മുജീബൂർ അലി 40ഉം, സുഫ്യാൻ മെഹ്മൂദ് 49ഉം റൺസെടുത്തു. തുടർന്ന് എത്തിയവർ അവസരത്തിനൊത്ത് ഉയരാതെ പോയതോടെ ഒമാൻ ചെയർമാൻസ് ഇലവൻ്റെ മറുപടി 219ൽ അവസാനിച്ചു.കേരളത്തിന് വേണ്ടി ബേസിൽ എൻ പി മൂന്നും ബിജു നാരായണൻ രണ്ട് വിക്കറ്റും വീഴ്ത്തി.

ഒമാൻ ചെയർമാൻസ് ഇലവനെതിരെ കേരളത്തിന് 32 റൺസ് തോൽവി

ഒമാൻ പര്യടനത്തിലെ രണ്ടാം ഏകദിനത്തിൽ കേരളത്തിന് തോൽവി. ഒമാൻ ചെയർമാൻസ് ഇലവൻ 32 റൺസിനാണ് കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ ചെയർമാൻസ് ഇലവൻ 50 ഓവറിൽ ഏഴ് വിക്കറ്റിന് 294 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 49ആം ഓവറിൽ 262 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഒമാൻ ചെയർമാൻസ് ഇലവന് ഓപ്പണർ പൃഥ്വി മാച്ചിയുടെ ഉജ്ജ്വല ഇന്നിങ്സാണ് കരുത്ത് പകർന്നത്. തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഒരറ്റത്ത് ഉറച്ച് നിന്ന് ഹമ്മദ് മിർസയ്ക്കും മൊഹമ്മദ് നദീമിനുമൊപ്പം പൃഥ്വി ഉയർത്തിയ കൂട്ടുകെട്ടുകളാണ് ഒമാൻ്റെ സ്കോർ 294ൽ എത്തിച്ചത്. പൃഥ്വി 105 റൺസെടുത്തപ്പോൾ മൊഹമ്മദ് നദീം 80ഉം ഹമ്മദ് മിർസ 33ഉം റൺസെടുത്തു. കേരളത്തിന് വേണ്ടി എം ഡി നിധീഷ് രണ്ടും ബേസിൽ എൻ പി, ശ്രീഹരി, അബ്ദുൾ ബാസിദ്, ഷോൺ റോജർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരത്തിന് സ്കോർ ബോർഡ് മുൻപെ തന്നെ ഓപ്പണർ അഭിഷേക് നായരുടെ വിക്കറ്റ് നഷ്ടമായി. എന്നാൽ മൊഹമ്മദ് അസറുദ്ദീനും ഗോവിന്ദ് ദേവ് പൈയും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 111 റൺസ് പിറന്നു. അസറുദ്ദീൻ 63ഉം ഗോവിന്ദ് പൈ 62ഉം റൺസെടുത്തു. ഇരുവരും പുറത്തായ ശേഷമെത്തിയ മൂന്ന് ബാറ്റർമാർ തിളങ്ങാതെ പോയത് കേരളത്തിന് തിരിച്ചടിയായി. ഷോൺ റോജർ റണ്ണെടുക്കാതെ പുറത്തായപ്പോൾ അക്ഷയ് മനോഹർ 13ഉം രോഹൻ കുന്നുമ്മൽ 12ഉം റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ സൽമാൻ നിസാറിൻ്റെ ഉജ്ജ്വല ഇന്നിങ്സ് കേരളത്തിന് പ്രതീക്ഷ നല്കി. എന്നാൽ 34 പന്തുകളിൽ നിന്ന് 58 റൺസെടുത്ത സൽമാൻ്റെ വിക്കറ്റ് നഷ്ടമായതോടെ കേരളത്തിൻ്റെ വിജയപ്രതീക്ഷകൾ അവസാനിച്ചു. നിധീഷ് 37 റൺസെടുത്തു. ഒമാന് വേണ്ടി മുജിബുർ അലി മൂന്നും മൊഹമ്മ് ഇമ്രാനും, ഷക്കീൽ അഹ്മദും, സമയ് ശ്രീവാസ്തവയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

T20 ലോകകപ്പ്; സൂപ്പർ ഓവറിൽ ഒമാനെ തോല്പ്പിച്ച് നമീബിയ

ലോകകപ്പിൽ പിറന്ന ആവേശകരമായ മത്സരത്തിൽ നമീബിയഒമാനെ തോൽപ്പിച്ചു. ഇന്ന് T20 ലോകകപ്പിൽ നടന്ന ഒമാനും നമിബിയയും തമ്മിലുള്ള മത്സരം സൂപ്പർ ഓവർ വരെ എത്തിയിരുന്നു. ആവേശകരമായ മത്സരത്തിൽ ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഒമാന് 109 റൺസ് മാത്രമേ എടുക്കാൻ ആയിരുന്നുള്ളൂ. 34 റൺസ് എടുത്ത ഖാലിദ് കെയ്ലും 22 റൺസ് എടുത്ത സീഷാനും മാത്രമാണ് ഒമാനായി കുറച്ചെങ്കിലും ബാറ്റു കൊണ്ട് സംഭാവന നൽകിയത്.

ട്രമ്പിൽമാൻ നാലു വിക്കറ്റുകൾ നമീബിയക്ക് ആയി തിളങ്ങി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. റൺസ് കണ്ടെത്താൻ അവർ ഏറെ പ്രയാസപ്പെട്ടു. ഫ്രൈലിങ്ക് 45 റൺസ് എടുത്തെങ്കിലും അദ്ദേഹത്തിന് കാര്യമായ പിന്തുണ ലഭിച്ചില്ല. അവസാനം ഒരു ഓവറിൽ അഞ്ച് റൺസായിരുന്നു നമീബിയക്ക് ജയിക്കാൻ വേണ്ടി വന്നിരുന്നത്. എന്നാൽ അവർക്ക് നാല് റൺസ് മാത്രമേ അവസാന ഓവറിൽ എടുക്കാനായുള്ളൂ. അവസാന പന്തൽ ജയിക്കാൻ 2 റൺ വേണ്ടപ്പോൾ ഒരു ബൈ ഓടിയാണ് കളി സൂപ്പർ ഓവറിൽ എത്തിയത്.

സൂപ്പർ ഓവറിൽ ആദ്യ ബാറ്റു ചെയ്ത നമീബിയ 4 പന്തിൽ 13 റൺസ് എടുത്ത വീസെയുടെ മികവിൽ 21 റൺസ് എടുത്തു. വീസ തന്നെയാണ് നമീബിയക്ക് ആയി ബൗളും ചെയ്തത്. വീസ തന്റെ ഓവറിൽ വെറും 10 റൺസ് മാത്രമാണ് വിട്ടു നൽകിയത്‌. ഇതോടെ സൂപ്പർ ഓവറിൽ നമീബിയ വിജയം ഉറപ്പിച്ചു.

ഒമാൻ ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു, അക്വിബ് ഇല്യാസ് ക്യാപ്റ്റൻ

വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഒമാൻ ടീം പ്രഖ്യാപിച്ചു. സീഷാൻ മഖ്‌സൂദിന് പകരം അക്വിബ് ഇല്യാസ് ആകും ലോകകപ്പിൽ ഒമാനെ നയിക്കുക. മക്സൂദ് ടീമിൽ ഉണ്ടെങ്കിലും അക്വിബിനെ നായകനാക്കാൻ ഒമാൻ തീരുമാനിക്കുക ആയിരുന്നു.

2023 ജൂലൈ മുതൽ ഇതുവരെ 2 ഏകദിനങ്ങളിലും 7 T20Iകളിലും ഒമാനെ ഇല്യാസ് നയിച്ചിട്ടുണ്ട്. 31 കാരനായ ഓൾറൗണ്ടർ ഒമാനായി ആകെ 48 T20I മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 36കാരനായ മഖ്സൂദും ഇല്യാസും തന്നെയാകും ഒമാന്റെ പ്രധാന പ്രതീക്ഷ.

ഒരു സെഞ്ചുറിയും 5 അർധസെഞ്ചുറികളും സഹിതം 1295 റൺസ് നേടിയ മഖ്‌സൂദ് അണ് ടി20യിൽ ഒമാനുവേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം. 48 വിക്കറ്റുകളും മുൻ ക്യാപ്റ്റന്റെ പേരിലുണ്ട്.

ജൂൺ 2 ഞായറാഴ്ച ബാർബഡോസിലെ ബ്രിഡ്ജ്ടൗണിലെ കെൻസിംഗ്ടൺ ഓവലിൽ നമീബിയയ്‌ക്കെതിരെ ആണ് ഒമാന്റെ ലോകകപ്പിലെ ആദ്യ മത്സരം. തങ്ങളുടെ കാമ്പെയ്ൻ ആരംഭിക്കും.

Oman squad for T20 World Cup 2024
Aqib Ilyas (c), Zeeshan Maqsood, Kashyap Prajapati, Pratik Athavale (wk), Ayaan Khan, Shoaib Khan, Mohammad Nadeem, Naseem Khushi (wk), Mehran Khan, Bilal Khan, Rafiullah, Kaleemullah, Fayyaz Butt, Shakeel Ahmad

Reserves: Jatinder Singh, Samay Shrivastava, Sufyan Mehmood, Jay Odedra

ഏഷ്യൻ ഫൈനലിൽ നേപ്പാളിനെ സൂപ്പർ ഓവറിൽ തോൽപ്പിച്ച് ഒമാൻ

ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ ആയുള്ള ഏഷ്യൻ ലോകകപ്പ് പോരാട്ടത്തിലെ ഫൈനലിൽ ഒമാൻ വിജയിച്ചു. സൂപ്പർ ഓവർ വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലായിരുന്നു ഒമാന്റെ വിജയം. ഇന്ന് ആദ്യം ബാറ്റു ചെയ്ത നേപ്പാൾ 20 ഓവറിൽ 184 റൺസ് ആയിരുന്നു എടുത്തത്. 52 റൺസ് എടുത്ത ക്യാപ്റ്റൻ രോഹിത് പദുലും 25 പന്തിൽ നിന്ന് 54 അടിച്ച ഗുൽസാൻ ജാ എന്നിവർ അണ് നേപ്പാളിന്റെ ഇന്നിങ്സിന് കരുത്തായത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഒമാനും 184 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ. അവസന ഓവറിൽ ഏഴ് റൺസ് ആയിരുന്നു ഒമാന് വിജയിക്കാൻ വേണ്ടിയിരുന്നത്. പക്ഷെ 6 റൺസ് മാത്രംസ് അവർക്ക് എടുക്കാൻ ആയുള്ളൂ. ഒമാന് ആയി 63 റൺസുമായി കശ്യപ്പ് ടോപ് സ്കോറർ ആയി. സൂപ്പർ ഓവറൽ ഒമാൻ 21 റൺസ് അടിച്ചു. നേപ്പാൾ 10 റൺസ് മാത്രമേ എടുത്തുള്ളൂ.

ഇരു രാജ്യങ്ങളും ഫൈനലിൽ എത്തിയതോടെ ടി20 ലോകകപ്പ് യോഗ്യത നേടിയിരുന്നു.

ഒമാനും നേപ്പാളും ടി20 ലോകകപ്പ് യോഗ്യത നേടി

നേപ്പാളും ഒമാനും 2024 ലെ പുരുഷ T20 ലോകകപ്പിൽ തങ്ങളുടെ യോഗ്യത ഉറപ്പിച്ചു. ഇന്ന് ഇരു ടീമുകളും സെമി ഫൈനലുകൾ ജയിച്ചാണ് യോഗ്യത ഉറപ്പിച്ചത് ഒമാൻ പത്ത് വിക്കറ്റിന് ബഹ്‌റൈനെ പരാജയപ്പെടുത്തിയപ്പോൾ നേപ്പാൾ എട്ട് വിക്കറ്റിന് യു.എ.ഇയെ പരാജയപ്പെടുത്തി.

ഒമാന്റെ അക്വിബ് ഇല്യാസ് 10 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മത്സരത്തിൽ അവർ ബഹ്‌റൈനെ 9 വിക്കറ്റിന് 106 എന്ന നിലയിൽ ഒതുക്കി. ഓപ്പണർമാരായ കശ്യപ് പ്രജാപതിയും പ്രതീക് അത്താവലെയും ചേർന്ന് ആറ് ഓവറിനുള്ളിൽ ലക്ഷ്യം മറികടന്നു.

നേപ്പാൾ ഇന്ന് യു.എ.ഇ.യെ 9 വിക്കറ്റിന് 134 എന്ന സ്‌കോറിൽ പിടിച്ചുനിർത്തി. നേപ്പാൾ അവരുടെ ഓപ്പണർ ആസിഫ് ഷെയ്ഖിന്റെ മികച്ച ഇന്നിംഗ്സിന്റെ ബലത്തിൽ എട്ടു വിക്കറ്റ് വിജയം നേടി. 63 റൺസ് എടുത്ത് ആസിഫ് ടോപ് സ്കോറർ ആയി.

വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും ആതിഥേയത്വം വഹിക്കുന്ന 2024 ടി20 ലോകകപ്പിൽ നേപ്പാളും ഒമാനും ബെർത്ത് ഉറപ്പിച്ചതോടെ ആകെ 18 ടീമുകൾ ആയി. ഈ മാസാവസാനം സമാപിക്കുന്ന ആഫ്രിക്കൻ യോഗ്യതാ മത്സരത്തിൽ ടൂർണമെന്റിന്റെ അവസാന രണ്ട് സ്ഥാനങ്ങൾ കൂടെ നിർണ്ണയിക്കപ്പെടും.

Exit mobile version