തുടര്‍ച്ചയായ ഏഴാം വര്‍ഷവും തോല്‍വിയോടെ തുടങ്ങി മുംബൈ

ഐപിഎലില്‍ തങ്ങളുടെ സീസണിലെ ആദ്യ മത്സരം തോല്‍ക്കുകയെന്ന മുംബൈ ഇന്ത്യന്‍സിന്റെ പതിവ് ഇന്നും ആവര്‍ത്തിച്ചു. 214 റണ്‍സെന്ന വലിയ ലക്ഷ്യം പിന്തുടരവേ 176 റണ്‍സിനു മുംബൈ ഓള്‍ഔട്ട് ആവുകയായിരുന്നു. ഡി കോക്ക്, കീറണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ മികച്ച തുടക്കം നേടിയ ശേഷം പുറത്തായപ്പോള്‍ യുവരാജ് സിംഗ് തന്റെ അര്‍ദ്ധ ശതകം (53) നേടി പുറത്താകുകയായിരുന്നു.

തുടക്കം മോശമാണെങ്കിലും പിന്നീട് പലപ്പോഴും കളി നിലവാരം ഉയര്‍ത്തി പ്ലേ ഓഫിലേക്കും പിന്നീട് അത് കിരീടത്തിലേക്കും കൊണ്ടെത്തിക്കുവാന്‍ ശേഷിയുള്ള മുംബൈയ്ക്ക് ഈ തോല്‍വി അത്ര പുത്തരിയല്ലെന്ന് വേണം മനസ്സിലാക്കുവാന്‍.

യുവരാജ് മാജിക്കും തുണയായില്ല, മുംബൈയ്ക്ക് 37 റണ്‍സ് തോല്‍വി

214 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്ക്ക് അവസാന ഓവറുകളില്‍ കാലിടറിയപ്പോള്‍ 37 റണ്‍സിന്റെ തോല്‍വി. മുംബൈയ്ക്കായി തന്റെ അരങ്ങേറ്റ മത്സരത്തില്‍ അര്‍ദ്ധ ശതകവുമായി യുവരാജ് സിംഗ് തിളങ്ങിയെങ്കിലും മുംബൈയ്ക്ക്  176 റണ്‍സ് മാത്രമേ നേടാനായുള്ളു. പരിക്കേറ്റ ജസ്പ്രീത് ബുംറ ബാറ്റ് ചെയ്യാനിറങ്ങാതിരുന്നപ്പോള്‍ മുംബൈ ഇന്നിംഗ്സ് 19.2 ഓവറില്‍ അവസാനിച്ചു.

ക്വിന്റണ്‍ ഡി കോക്കും രോഹിത് ശര്‍മ്മയും ടീമിനു മികച്ച തുടക്കം നല്‍കിയെങ്കിലും 14 റണ്‍സെടുത്ത രോഹിത്തിനെ ഇഷാന്ത് ശര്‍മ്മ മടക്കി. ഏറെ വൈകാതെ സൂര്യകുമാര്‍ യാദവ് റണ്ണൗട്ടാവുകയും അധികം വൈകാതെ ക്വിന്റണ്‍ ഡിക്കോക്ക് പുറത്താകുകയും ചെയ്തതോതടെ മുംബൈ 45/3 എന്ന നിലയിലേക്ക് വീണു.

പിന്നീട് യുവരാജ് സിംഗും കീറണ്‍ പൊള്ളാര്‍ഡും അഞ്ചാം വിക്കറ്റില്‍ 50 റണ്‍സ് നേടി മുംബൈയെ വീണ്ടും ട്രാക്കിലേക്കാകുമെന്ന് കരുതിയ നിമിഷത്തില്‍ 13 പന്തില്‍ 21 റണ്‍സ് നേടിയ പൊള്ളാര്‍ഡിനെ കീമോ പോള്‍ മടക്കി. തൊട്ടടുത്ത ഓവറില്‍ അക്സര്‍ പട്ടേല്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ വീഴ്ത്തി. ആറാം വിക്കറ്റില്‍ 39 റണ്‍സ് വളരെച്ചുരുക്കം പന്തുകളില്‍ നേടി ക്രുണാല്‍ പാണ്ഡ്യയും യുവരാജും മുംബൈയുടെ പ്രതീക്ഷകള്‍ സജീവമാക്കിയെങ്കിലും ബോള്‍ട്ട് ക്രുണാലിനെ പുറത്താക്കിയതോടെ വീണ്ടും മുംബൈ പ്രതിരോധത്തിലായി.

അവസാന നാലോവറില്‍ വിജയിക്കുവാന്‍ 64 റണ്‍സായിരുന്നു മുംബൈയ്ക്ക് വേണ്ടിയിരുന്നത്. ക്രുണാല്‍ പാണ്ഡ്യ 15 പന്തില്‍ നിന്ന് 32 റണ്‍സ് നേടി പുറത്തായെങ്കിലും യുവരാജ് സിംഗ് ഫോമില്‍ കളിച്ചത് മുംബൈ ക്യാമ്പില്‍ പ്രതീക്ഷയായി നിന്നു. അടുത്ത ഓവറില്‍ കാഗിസോ റബാഡയ്ക്ക് വിക്കറ്റ് നല്‍കി ബെന്‍ കട്ടിംഗും മടങ്ങിയപ്പോള്‍ ലക്ഷ്യം 18 പന്തില്‍ 55 റണ്‍സ്.

ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ 18ാം ഓവറില്‍ നിന്ന് 9 റണ്‍സാണ് മിച്ചല്‍ മക്ലെനാഗനും യുവരാജും ചേര്‍ന്ന് നേടിയത്. ഇതിനിടെ മുംബൈയ്ക്ക് വേണ്ടിയഉള്ള തന്റെ കന്നി ഐപിഎല്‍ അര്‍ദ്ധ ശതകവും യുവരാജ് സിംഗ് നേടി. കാഗിസോ റബാഡയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ 35 പന്തില്‍ നിന്ന് 53 റണ്‍സാണ് യുവരാജ് സിംഗ് നേടിയത്. 4 ഫോറും 3 സിക്സും അടങ്ങിയതായിരുന്നു യുവരാജിന്റെ ഇന്നിംഗ്സ്. അധികം വൈകാതെ മുംബൈ 176 റണ്‍സിനു ഓള്‍ഔട്ട് ആവുകയും ചെയ്തു.

ശ്രദ്ധേയമായ പ്രകടനവുമായി കോളിന്‍ ഇന്‍ഗ്രാമും ശിഖര്‍ ധവാനും, കത്തിക്കയറി ഋഷഭ് പന്ത്

ഋഷഭ് പന്തിന്റെ വെടിക്കെട്ട് ബാറ്റിംഗും ടി20 സ്പെഷ്യലിസ്റ്റായ കോളിന്‍ ഇന്‍ഗ്രാമിനൊപ്പം ശിഖര്‍ ധവാനും തിളങ്ങിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 213 റണ്‍സ് നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. തങ്ങളുടെ പേര് മാറ്റി അടിമുടി മാറിയെത്തിയ ഡല്‍ഹിയ്ക്ക തുടക്കം പാളിയെങ്കിലും ധവാന്‍-ഇന്‍ഗ്രാം കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

32 പന്തില്‍ നിന്ന് 47 റണ്‍സ് നേടിയാണ് ഇന്‍ഗ്രാം പുറത്തായത്. വിവിധ ടി20 ലീഗുകളില്‍ തന്റെ കളി കൊണ്ട് മുദ്ര പതിപ്പിച്ച താരമാണ് ഇന്‍ഗ്രാം. ശ്രേയസ്സ് അയ്യര്‍ മികച്ച ഫോമിലാണെന്ന് തോന്നിപ്പിച്ചുവെങ്കിലും 16 റണ്‍സ് നേടി മക്ലെനാഗനു വിക്കറ്റ് നല്‍കി മടങ്ങി. നേരത്തെ പൃഥ്വി ഷായെ(7) പുറത്താക്കിയതും മക്ലെനാഗനായിരുന്നു. കോളിന്‍ ഇന്‍ഗ്രാമിന്റെ വിക്കറ്റ് ബെന്‍ കട്ടിംഗ് ആണ് സ്വന്തമാക്കിയത്.

മൂന്നാം വിക്കറ്റ് വീണ ശേഷം ശിഖര്‍ ധവാന്‍ – ഋഷഭ് പന്ത് കൂട്ടുകെട്ടാണ് ‍ഡല്‍ഹിയെ മുന്നോട്ട് നയിക്കേണ്ടിയിരുന്നതെങ്കിലും ധവാന്‍ 36 പന്തില്‍ 43 റണ്‍സ് നേടി മടങ്ങി. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കായിരുന്നു വിക്കറ്റ്. ധവാന്‍ പുറത്താകുമ്പോള്‍ 15.1 ഓവറില്‍ 131/4 എന്ന നിലയിലായിരുന്ന ഡല്‍ഹി അടുത്ത 29 പന്തില്‍ നിന്ന് നേടിയത് 82 റണ്‍സാണ്.

27 പന്തില്‍ നിന്ന് 78 റണ്‍സ് നേടിയ പന്ത് ഏഴ് വീതം സിക്സും ഫോറുമാണ് നേടിയത്. ഇന്നിംഗ്സിന്റെ അവസാനത്തില്‍ മുംബൈ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് താരം സ്കോര്‍ 200 കടത്തുകയായിരുന്നു. 16 പന്തില്‍ 48 റണ്‍സാണ് താരം ഏഴാം വിക്കറ്റില്‍ രാഹുല്‍ തെവാത്തിയയെ കൂട്ടുപിടിച്ച് നേടിയത്.

 

വാങ്കഡേയില്‍ വിജയത്തുടക്കം ലക്ഷ്യമാക്കി മുംബൈ, ടോസ് സ്വന്തം, ബൗളിംഗ് തുടങ്ങി

ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ മൂന്നാം മത്സരത്തില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് മുംബൈ ഇന്ത്യന്‍സ്. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടിയ മുംബൈ എതിരാളികളെ ബാറ്റിംഗിനയയ്ച്ചു. കഴിഞ്ഞ വര്‍ഷം പ്ലേ ഓഫ് യോഗ്യത നേടുവാന് കഴിയാതെ പോയ മുംബൈ ഇത്തവണ പ്ലേ ഓഫും കപ്പും ലക്ഷ്യമായാണ് ഇറങ്ങുന്നത്. അതേ സമയം ഡല്‍ഹിയാകട്ടെ പതിവു പോലെ അവസാന സ്ഥാനത്ത് അവസാനിക്കാതിരിക്കുവാനുള്ള ശ്രമത്തിനായി ജയത്തോടെ ടൂര്‍ണ്ണമെന്റ് ആരംഭിക്കുവാനാവും ആഗ്രഹപ്പെടുക.

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ്സ് അയ്യര്‍, കോളിന്‍ ഇന്‍ഗ്രാം, ഋഷഭ് പന്ത്, കീമോ പോള്‍, അക്സര്‍ പട്ടേല്‍, രാഹുല്‍ തെവാത്തിയ, അമിത് മിശ്ര, കാഗിസോ റബാഡ, ട്രെന്റ് ബോള്‍ട്ട്, ഇഷാന്ത് ശര്‍മ്മ

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ, ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, യുവരാജ് സിംഗ്, ക്രുണാല്‍ പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ബെന്‍ കട്ടിംഗ്, മിച്ചെല്‍ മക്ലെനാഗന്‍, റാസിഖ് സലാം, ജസ്പ്രീത് ബുംറ

മലിംഗ ടൂര്‍ണ്ണമെന്റ് മുഴുവന്‍ കളിക്കുമെന്ന പ്രതീക്ഷയില്‍ മുംബൈ

ശ്രീലങ്കയിലെ പ്രാദേശിക ടൂര്‍ണ്ണമെന്റ് കളിക്കുന്നതിനാല്‍ മുംബൈയുടെ ചില മത്സരങ്ങള്‍ താരത്തിനു നഷ്ടമായേക്കുമെന്ന സ്ഥിതി സംജാതമായിരിക്കുന്ന അവസരത്തില്‍ താരത്തിനു പൂര്‍ണ്ണമായും ഐപിഎലില്‍ മുംബൈയ്ക്കൊപ്പമുണ്ടാകാനാകുമെന്ന പ്രത്യാശ പ്രകടപിപ്പിച്ച് മുംബൈ ഇന്ത്യന്‍സ് കോച്ചും മുന്‍ ശ്രീലങ്കന്‍ താരവുമായി മഹേല ജയവര്‍ദ്ധേനെ. മുംബൈ ഇന്ത്യന്‍സിനെ താരത്തിന്റെ അഭാവമുണ്ടാകുമെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് മഹേല പറയുന്നത്.

ടൂര്‍ണ്ണമെന്റ് ഏപ്രിലില്‍ നാല്-അഞ്ച് ദിവസത്തേക്കാണ് എന്നാണ് അറിയുന്നത്. അതിനാല്‍ തന്നെ അതുവരെ താരം നമുക്കൊപ്പമുണ്ടാകും. ലേലത്തില്‍ താരത്തെ സ്വന്തമാക്കിയപ്പോള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ ഷെഡ്യൂളില്‍ ഈ ടൂര്‍ണ്ണമെന്റ് ഇല്ലായിരുന്നു. അതിനാല്‍ തന്നെ ഇപ്പോളൊരു മാറ്റമുണ്ടെങ്കില്‍ അത് വ്യക്തതയോടെ നമ്മളെ അറിയിക്കേണ്ടതുണ്ടെന്നും അതില്‍ ഒരു ചര്‍ച്ച ആവശ്യമാണെന്നുമാണ് മഹേല വ്യക്തമാക്കിയത്.

ബുംറ എത്രത്തോളം കൂടുതല്‍ ഐപിഎല്‍ കളിക്കുന്നുവോ അത്രത്തോളം ലോകകപ്പില്‍ ഗുണം ചെയ്യും

ഐപിഎലില്‍ ജസ്പ്രീത് ബുംറ എത്രയധികം മത്സരം കളിക്കുന്നുവോ അത്രയും ഗുണം താരത്തിനു ലോകകപ്പില്‍ ഉണ്ടാകുമെന്ന അഭിപ്രായവുമായി മഹേല ജയവര്‍ദ്ധനേ. നിങ്ങളുടെ ഏറ്റവും മികച്ച താരങ്ങള്‍ കൂടുതല്‍ മത്സരം കളിക്കണം, അത് സ്വാഭാവികമാണ്. കരുതലെന്ന നിലയില്‍ അവരെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കാതെ ഇരുന്ന ശേഷം ഒരു സുപ്രഭാതത്തില്‍ അവരോട് കളിക്കുവാന്‍ ആവശ്യപ്പെട്ടാല്‍ മികവ് പുറത്തെടക്കുവാന്‍ അവര്‍ക്കായേക്കില്ലെന്ന് മഹേല പറഞ്ഞു.

താരങ്ങള്‍ക്ക് അവരുടെ ഫിറ്റ്നെസ്സും ഫോമും ഒരേ പോലെ നിലനിര്‍ത്തിക്കൊണ്ടുവാന്‍ കഴിയണമെന്നതാണ് ഏറ്റവും പ്രധാനമെന്നും മഹേല പറഞ്ഞു. ലോകകപ്പില്‍ മികച്ച റിഥം കണ്ടെത്തുവാന്‍ ബുംറയെ ഐപിഎല്‍ സഹായിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും മഹേല അഭിപ്രായപ്പെട്ടു.

ജയന്ത് യാദവിനെ മുംബൈയ്ക്ക് നല്‍കി ഡല്‍ഹി ക്യാപിറ്റല്‍സ്

ഹരിയാനയുടെ ഓഫ് സ്പിന്നര്‍ ജയന്ത് യാദവിനെ മുംബൈ ഇന്ത്യന്‍സിനു കൈമാറി ഡല്‍ഹി ക്യാപിറ്റല്‍സ്. 2019 ഐപിഎലില്‍ ജയന്ത് യാദവ് ഇനി കളിയ്ക്കുക മുംബൈ ഇന്ത്യന്‍സിനു വേണ്ടിയായിരിക്കും. 2015 ഐപിഎല്‍ ലേലത്തില്‍ 10 ലക്ഷം രൂപയ്ക്കാണ് അന്നത്തെ മാനേജ്മെന്റ് താരത്തെ സ്വന്തമാക്കിയത്. ടീമിനു വേണ്ടി 10 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരം നാല് വിക്കറ്റ് നേടിയിട്ടുണ്ട്.

ഐപിഎല്‍ 2019 ആരംഭിയ്ക്കുന്നതിനു 30 ദിവസം മുമ്പ് വരെ ട്രേഡിംഗ് അവസരം ടീമുകള്‍ക്ക് ഉപയോഗിക്കാം.

മുംബൈ ഇന്ത്യന്‍സിനോട് നന്ദിയറിയിച്ച് യുവി

ഐപിഎല്‍ 2019ല്‍ തനിയ്ക്ക് അവസരം നല്‍കിയതില്‍ നന്ദി അറിയിച്ച് യുവരാജ് സിംഗ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മുംബൈ ഇന്ത്യന്‍സ് കുടുംബത്തിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞതിന്റെ സന്തോഷം താരം പങ്കുവെച്ചത്. കൂട്ടത്തില്‍ നായകന്‍ രോഹിത് ശര്‍മ്മയോട് ഉടനെ കാണാമെന്ന് പറയുകയും ചെയ്യുന്നുണ്ട് യുവരാജ് സിംഗ്.

ലേലത്തിന്റെ ആദ്യ റൗണ്ടില്‍ യുവരാജ് സിംഗിനെ സ്വന്തമാക്കുവാന്‍ ടീമുകള്‍ വിമുഖത കാണിച്ചിരുന്നു. രണ്ടാമത് അവസരം വന്നപ്പോള്‍ മുംബൈ ഇന്ത്യന്‍സ് താരത്തിന്റെ അടിസ്ഥാന വിലയായി ഒരു കോടി രൂപ നല്‍കി യുവരാജിനെ മുംബൈ പാളയത്തില്‍ എത്തിച്ചു.

യുവി ആരാധകര്‍ കൂട്ടത്തോടെ മുംബൈ പാളയത്തിലേക്ക് ചേക്കേറുമെന്ന് വേണം ട്വീറ്റിന്റെ സ്വീകാര്യത കണക്കിലാക്കുമ്പോള്‍ മനസ്സിലാക്കേണ്ട്. പ്രതാപ കാലത്ത് ഇന്ത്യയുടെ യുവരാജാവ് എന്ന് വാഴ്ത്തപ്പെട്ട താരത്തെ മുംബൈ ആരാധകരും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

കഴിഞ്ഞ തവണ കോച്ചിംഗ് സ്റ്റാഫില്‍, ഇത്തവണ കളിക്കാരനായി വീണ്ടും മുംബൈയില്‍ മലിംഗയെത്തും

കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ മലിംഗയെ ആരും ലേലത്തില്‍ സ്വന്തമാക്കാതിരുന്നപ്പോള്‍ മുംബൈയുടെ കോച്ചിംഗ് സ്റ്റാഫിലേക്ക് മലിംഗ കുടിയേറിയിരുന്നു. ശ്രീലങ്കന്‍ ബോര്‍ഡിന്റെ പ്രാദേശിക ടൂര്‍ണ്ണമെന്റ് കളിയ്ക്കുവാന്‍ ആവശ്യപ്പെട്ടിട്ടും അത് നിരസിച്ച താരം പിന്നെ ഏറെ കാലം ദേശീയ ടീമിനു പുറത്തായിരുന്നു. എന്നാല്‍ ഇത്തവണ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് താരത്തെ സ്വന്തമാക്കി.

ശ്രീലങ്കന്‍ ഏകദിന-ടി20 നായകനായി നിയമിക്കപ്പെട്ട മലിംഗയ്ക്ക് വീണ്ടും ഐപിഎലിലേക്ക് തിരിച്ചുവരാനാകുമെന്നത് താരത്തിന്റെ ആരാധകര്‍ക്കും ഏറെ ആഹ്ലാദ നിമിഷം നല്‍കും.

സൈമണ്‍സ് മികച്ച ഭാവനയുള്ള എഴുത്തുകാരന്‍, താന്‍ മാപ്പ് പറഞ്ഞിട്ടില്ല

നാല് വര്‍ഷം മുമ്പ് മങ്കി ഗേറ്റ് വിവാദത്തിനു മാപ്പ് പറഞ്ഞ് ഹര്‍ഭജന്‍ സിംഗ് പൊട്ടിക്കരഞ്ഞുവെന്ന ആന്‍ഡ്രൂ സൈമണ്‍സിന്റെ വാദങ്ങളെ തള്ളി ഹര്‍ഭജന്‍ സിംഗ്. ഇതൊക്കെ എന്ന് സംഭവിച്ചതാണെന്ന് കളിയാക്കി ചോദിച്ച ഭജ്ജി, സൈമണ്‍സ് മികച്ച ഭാവനയുള്ള എഴുതുക്കാരനാണെന്നും പറഞ്ഞു. 2008ല്‍ ഒരു കഥ പാടി നടന്ന സൈമണ്‍സ് 2018 ആയപ്പോള്‍ പുതിയ പതിപ്പുമായി എത്തിയിരിക്കുകയാണെന്ന് ഭജ്ജി പറഞ്ഞു.

2008 സിഡ്നി ടെസ്റ്റില്‍ ഹര്‍ഭജന്‍ സൈമണ്‍സിനെ കുരങ്ങന്‍ എന്ന് വിളിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് 3 മത്സരങ്ങളില്‍ നിന്ന് താരത്തിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യ ടൂര്‍ ഉപേക്ഷിച്ച് മടങ്ങുമെന്ന ഭീഷണിയെത്തുടര്‍ന്ന് വിലക്ക് നീക്കുകയായിരുന്നു. നാല് വര്‍ഷം മുമ്പ് ഇരു താരങ്ങളും ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിയ്ക്കുമ്പോള്‍ ഹര്‍ഭജന്‍ തന്നോട് മാപ്പ് പറഞ്ഞുവെന്നാണ് സൈമണ്‍സ് പറയുന്നത്.

ബോര്‍ഡ് തടയിട്ടു, മുസ്തഫിസുര്‍ ഐപിഎല്‍ 2019ല്‍ കളിക്കില്ല

ഐപിഎല്‍ 2019 സീസണില്‍ ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്മാന്‍ കളിക്കില്ല. താരത്തിനു ബംഗ്ലാദേശ് ക്രിക്കറ്റിന്റെ അനുമതി ലഭിയ്ക്കാത്തതാണ് കാരണം. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് താരത്തിനുള്ള എന്‍ഒസി കൊടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ലോകകപ്പ് ആസന്നമായ സാഹചര്യത്തില്‍ താരത്തിന്റെ ഫിറ്റ്നെസില്‍ മുമ്പും വീഴ്ച പറ്റിയതിനാലാണ് ഈ തീരുമാനം.

കഴിഞ്ഞ സീസണില്‍ ഐപിഎലിനിടെ പരിക്കേറ്റ് താരത്തിനു ഏറെ നാള്‍ പുറത്തിരിക്കേണ്ടി വന്നിരുന്നു. 2016ല്‍ ഹൈദ്രാബാദിന്റെ കപ്പ് നേടിയ ടീമിലംഗമായിരുന്ന മുസ്തഫിസുറിനെ കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കുകയായിരുന്നു.

അതേ സമയം 9 താരങ്ങള്‍ക്ക് ബംഗ്ലാദേശ് ലേലത്തില്‍ പങ്കെടുക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ട്. തമീം ഇക്ബാല്‍, മുഷ്ഫിക്കുര്‍ റഹിം, മഹമ്മദുള്ള, സൗമ്യ സര്‍ക്കാര്‍, ലിറ്റണ്‍ ദാസ്, നയീം ഹസന്‍, ഇമ്രുല്‍ കൈസ്, അബു ഹൈദര്‍, സബ്ബിര്‍ റഹ്മാന്‍ എന്നിവരാണ് അവര്‍.

മലയാളി താരം ഉള്‍പ്പെടെ പത്ത് താരങ്ങളെ വിട്ട് നല്‍കി മുംബൈ ഇന്ത്യന്‍സ്

ബംഗ്ലാദേശിന്റെ സൂപ്പര്‍ പേസ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാനെയും ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സിനെയും ഉള്‍പ്പെടെ 10 താരങ്ങളെ ഐപിഎലില്‍ നിലനിര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ച് മുംബൈ ഇന്ത്യന്‍സ്. മൂന്ന് വട്ടം ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് 18 അംഗ ടീമിനെ നിലനിര്‍ത്തുലാന്‍ തീരുമാനിക്കുകയായിരുന്നു. മലയാളി താരം എംഡി നിധീഷിനെയും നില നിര്‍ത്തേണ്ടതില്ലെന്ന് മുംബൈ തീരുമാനിച്ചു.

പാറ്റ് കമ്മിന്‍സിനും മുസ്തഫിസുര്‍ റഹ്മാനും പുറമേ വിദേശ താരങ്ങളായ ഓള്‍റൗണ്ടര്‍ ജെപി ഡുമിനി, ശ്രീലങ്കയുടെ സ്പിന്‍ താരം അകില ധനന്‍ജയ എന്നിവരെയും മുംബൈ റിലീസ് ചെയ്തു. കഴിഞ്ഞ സീസണില്‍ ടീമിനൊപ്പം എത്തിയ പാറ്റ് കമ്മിന്‍സിനു സീസണിലെ ഒരു മത്സരം പോലും പരിക്ക് മൂലം കളിയക്കാനായിരുന്നില്ല.

സൗരഭ് തിവാരി, പ്രദീപ് സാംഗ്വാന്‍, മോഹ്സിന്‍ ഖാന്‍, ശരദ് ലുംബ, തജീന്ദര്‍ സിംഗ് ധില്ലണ്‍ എന്നിവരാണ് പുറത്തേക്ക് പോകുന്ന മറ്റു താരങ്ങള്‍.

Exit mobile version