മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് 12 ലക്ഷം പിഴ

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പിഴ. കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ റേറ്റിനാണ് മുംബൈ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പിഴയിട്ടത്. മൊഹാലിയിൽ വെച്ച് നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 8 വിക്കറ്റിനു പരാജയപ്പെടുത്തി കിംഗ്സ് ഇലവന്‍ പഞ്ചാബ് തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കിയിരുന്നു.

ഈ സീസണിലെ മുംബൈ ഇന്ത്യൻസിന്റെ ആദ്യ ഒഫെൻസാണ് ഇത്. 12 ലക്ഷം രൂപയാണ് രോഹിതിന് പിഴയായി വിധിച്ചത്. കിംഗ്സ് ഇലവനു വേണ്ടി ക്രിസ് ഗെയിലും മയാംഗ് അഗര്‍വാളും സീസണിലെ കന്നി അര്‍ദ്ധ ശതകം നേടി ലോകേഷ് രാഹുലൂം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 57 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയ ലോകേഷ് രാഹുലിന്റെ മികവില്‍ 18.4 ഓവറില്‍ കിങ്‌സ് ഇലവൻ പഞ്ചാബ് മുംബൈ ഇന്ത്യൻസിനെതിരെ വിജയം കുറിയ്ക്കുകയായിരുന്നു.

തൊട്ടതെല്ലാം പൊന്നാക്കി മാറ്റി പ‍ഞ്ചാബ് ടോപ് ഓര്‍ഡര്‍, മുംബൈയ്ക്ക് രണ്ടാം തോല്‍വി

പഞ്ചാബിന്റെ ടോപ് ഓര്‍ഡര്‍ താരങ്ങള്‍ യഥേഷ്ടം റണ്‍സ് കണ്ടെത്തിയ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 8 വിക്കറ്റിനു പരാജയപ്പെടുത്തി കിംഗ്സ് ഇലവന്‍ പഞ്ചാബ് തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി. മെല്ലെ തുടങ്ങിയെങ്കിലും തന്റെ സീസണിലെ കന്നി അര്‍ദ്ധ ശതകം നേടി ലോകേഷ് രാഹുലാണ് ടീമിന്റെ വിജയത്തില്‍ മുന്നില്‍ നിന്ന് നയിച്ചത്. കിംഗ് ഇലവനു വേണ്ടി ക്രിസ് ഗെയിലും മയാംഗ് അഗര്‍വാലുമാണ് മിന്നും തുടക്കവുമായി ആദ്യം തിളങ്ങിയതെങ്കിലും ഇരുവരും പുറത്തായ ശേഷം തന്റെ ബാറ്റിംഗ് നിലവാരം രാഹുല്‍ ഉയര്‍ത്തി.

57 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയ ലോകേഷ് രാഹുലിന്റെ മികവില്‍ 18.4 ഓവറില്‍ പഞ്ചാബ് വിജയം കുറിയ്ക്കുകയായിരുന്നു. നിര്‍ണ്ണായകമായ മൂന്നാം വിക്കറ്റില്‍ 31 പന്തില്‍ നിന്ന് 60 റണ്‍സാണ് രാഹുല്‍-മില്ലര്‍ കൂട്ടുകെട്ട് നേടിയത്. ഇതില്‍ 15 റണ്‍സാണ് മില്ലറുടെ സംഭാവന.

ഒന്നാം വിക്കറ്റില്‍ 53 റണ്‍സ് നേടിയ ശേഷം ഗെയില്‍ മടങ്ങുമ്പോള്‍ ആ 53 റണ്‍സില്‍ 40 റണ്‍സും നേടിയാണ് യൂണിവേഴ്സ് ബോസ് നേടിയത്. 24 പന്തില്‍ നിന്ന് 4 സിക്സും 3 ഫോറും സഹിതമായിരുന്നു ഗെയില്‍ താണ്ഡവം. കെഎല്‍ രാഹുല്‍ തന്റെ പതിവു മോശം ഫോം മറികടന്ന് റണ്‍സ് കണ്ടെത്തിയെങ്കിലും ടി20 ശൈലിയില്‍ ഇന്നിംഗ്സ് മുന്നോട്ട് നീക്കുവാന്‍ താരത്തിനു സാധിച്ചിരുന്നില്ല.

രണ്ടാം വിക്കറ്റില്‍ മയാംഗ് അഗര്‍വാല്‍ 21 പന്തില്‍ 43 റണ്‍സ് നേടി മത്സരം മുംബൈയില്‍ നിന്ന് കവര്‍ന്നെടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ക്രുണാല്‍ പാണ്ഡ്യയ്ക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങിയത്. നേരത്തെ ക്രിസ് ഗെയിലിനെയും പുറത്താക്കിയത് ക്രുണാലായിരുന്നു. രണ്ടാം വിക്കറ്റില്‍ മയാംഗ്-രാഹുല്‍ കൂട്ടുകെട്ട് നേടിയത്. 64 റണ്സായിരുന്നു.

മയാംഗ് പുറത്തായ ശേഷം രാഹുലും അടിച്ച് കളിക്കുവാന്‍ തുടങ്ങിയപ്പോള്‍ പഞ്ചാബിനു കാര്യങ്ങള്‍ എളുപ്പമായി. ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ 15ാം ഓവറില്‍ 19 റണ്‍സ് അടിച്ചെടുത്ത് മില്ലറും രാഹുലും മത്സരം മുംബൈയില്‍ നിന്ന് ഏറെക്കുറെ തട്ടിയെടുക്കുകയായിരുന്നു. മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 37 റണ്‍സാണ് പഞ്ചാബിനു നേടേണ്ടിയിരുന്നത്. അതില്‍ നാലോവര്‍ മലിംഗയും ബുംറയും എറിയുമെന്നതിനാല്‍ ലക്ഷ്യം അനായാസമെന്ന് പറയുക പ്രയാസമായിരുന്നു.

മലിംഗയുടെ ഓവറില്‍ നിന്ന് 12 റണ്‍സ് പഞ്ചാബ് നേടിയപ്പോള്‍ ഇതിനിടെ തന്റെ സീസണിലെ ആദ്യ അര്‍ദ്ധ ശതകം കെഎല്‍ രാഹുല്‍ നേടി. 24 പന്തില്‍ നിന്ന് 25 റണ്‍സെന്ന രീതിയിലേക്ക് ലക്ഷ്യം മാറ്റുവാനും പഞ്ചാബിനു സാധിച്ചു. ജസ്പ്രീത് ബുംറയെറിഞ്ഞ അടുത്ത ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം രാഹുല്‍ നേടിയപ്പോള്‍ 12 റണ്‍സാണ് പഞ്ചാബ് നേടിയത്.

ലക്ഷ്യം 18 പന്തില്‍ 14 പന്തായി ചുരുങ്ങിയെങ്കിലും മിച്ചല്‍ മക്ലെനാഗന്‍ എറിഞ്ഞ തകര്‍പ്പന്‍ 18ാം ഓവറില്‍ ആദ്യ അഞ്ച് പന്തില്‍ മൂന്ന് റണ്‍സ് മാത്രം താരം വഴങ്ങിയെങ്കിലും അവസാന പന്തില്‍ വൈഡും ഒരു ബൗണ്ടറിയും വഴങ്ങിയതോടെ വീണ്ടും മത്സരം പഞ്ചാബിന്റെ പക്ഷത്തേക്കായി.

 

ഐപിഎലില്‍ 300 സിക്സ് കടന്ന് യൂണിവേഴ്സ് ബോസ്, നേട്ടത്തിനു ഏഴയലത്ത് വേറെയാരുമില്ല

ഐപിഎലിലെ തന്റെ മുന്നൂറാം സിക്സര്‍ നേടി യൂണിവേഴ്സ് ബോസ് ക്രിസ് ഗെയില്‍. ഈ നേട്ടം നേടുന്ന ഐപിഎലിലെ ഏക താരമാണ് ക്രിസ് ഗെയില്‍. മിച്ചല്‍ മക്ലെനാഗന്‍ എറിഞ്ഞ ഇന്നിംഗ്സിലെ മൂന്നാം ഓവറില്‍ തുടരെ രണ്ട് സിക്സുകള്‍ പറത്തിയാണ് ഗെയില്‍ മുന്നൂറ് സിക്സെന്ന ചരിത്ര നേട്ടത്തിലേക്ക് എത്തിയത്. ഐപിഎലില്‍ മറ്റൊരു താരവും ഇതുവരെ 200 സിക്സ് പോലും നേടിയിട്ടല്ല എന്നത് തന്നെ താരത്തിന്റെ നേട്ടത്തിന്റെ മഹത്വം വിളിച്ചോതുന്നു.

മികച്ച തുടക്കത്തിനു ശേഷം മുംബൈ ഇന്ത്യന്‍സിനെ വരുതിയിലാക്കി കിംഗ്സ് ഇലവന്‍ പഞ്ചാബ്

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ക്വിന്റണ്‍ ഡി കോക്കും നല്‍കിയ സ്വപ്ന തുടക്കത്തിനു ശേഷം മുംബൈ ഇന്ത്യന്‍സിന്റെ റണ്ണൊഴുക്കിനു തടയിട്ട് കിംഗ്സ് ഇലവന്‍ പഞ്ചാബ്. മത്സരത്തില്‍ ടോസ് നേടിയ കിംഗ്സ് ഇലവന്‍ പഞ്ചാബ് മുംബൈയെ ബാറ്റിംഗിനയയ്ച്ചു. തുടര്‍ന്ന് പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ 50 റണ്‍സ് മുംബൈ കടക്കുകയായിരുന്നു. 19 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ രോഹിത്തിനെയാണ് മുംബൈയ്ക്ക് ആദ്യം നഷ്ടമായത്. താരത്തിനെ ഹാര്‍ഡസ് വില്‍ജോയന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. എന്നാല്‍ രോഹിത് തീരുമാനം റിവ്യൂ ചെയ്യാതിരുന്നത് മത്സരത്തിലെ ടേണിംഗ് പോയിന്റായി മാറി. റിവ്യൂ പ്രകാരം അത് ഔട്ട് ആവില്ലായിരുന്നുവെന്നാണ് റിപ്ലേകള്‍ കാണിച്ചത്.

രോഹിത് മടങ്ങി അടുത്ത ഓവറില്‍ മുംബൈയ്ക്ക് സൂര്യകുമാര്‍ യാദവിനെ(11) നഷ്ടമായി. മുരുഗന്‍ അശ്വിനായിരുന്നു വിക്കറ്റ്. അതേ സമയം തന്റെ വേഗതയേറിയ ഇന്നിംഗ്സ് തുടര്‍ന്ന ക്വിന്റണ്‍ ഡി കോക്ക് തന്റെ അര്‍ദ്ധ ശതകം തികച്ചു. 39 പന്തില്‍ നിന്ന് 60 റണ്‍സ് നേടിയ ഡി കോക്കിനെ മുഹമ്മദ് ഷമി പുറത്താക്കിയപ്പോള്‍ 18 റണ്‍സ് നേടിയ യുവരാജ് സിംഗിനെ പുറത്താക്കി മുരുഗന്‍ അശ്വിന്‍ തന്റെ രണ്ടാം വിക്കറ്റ് നേടി. 4 ഓവറില്‍ വെറും 25 റണ്‍സിനാണ് മുരുഗന്‍ അശ്വിന്‍ തന്റെ രണ്ട് വിക്കറ്റുകള്‍ നേടിയത്.

19 പന്തില്‍ 31 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയും അവസാന ഓവറില്‍ പുറത്തായപ്പോള്‍ മുംബൈയുടെ ഇന്നിംഗ്സ് 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സില്‍ അവസാനിച്ചു. മുരുഗന്‍ അശ്വിനു പുറമെ മുഹമ്മദ് ഷമി, ഹാര്‍ഡസ് വില്‍ജോയന്‍ എന്നിവരും രണ്ട് വീതം വിക്കറ്റ് നേടി. ആന്‍ഡ്രൂ ടൈയ്ക്ക് ഒരു വിക്കറ്റും ലഭിച്ചു.

വിജയക്കുതിപ്പ് തുടരാൻ മുംബൈ ഇന്ത്യൻസ് പഞ്ചാബിൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്‌സ് ഇലവൻ പഞ്ചാബ് മുംബൈ ഇന്ത്യൻസിനെ നേരിടും. പഞ്ചാബിന്റെ ആദ്യ ഹോം മത്സരമാണ് ഇന്നത്തേത്. ലാസ്റ്റ് ബോൾ ത്രില്ലറിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയ മുംബൈ ഇന്ത്യൻസ് വിജയക്കുതിപ്പ് തുടരാനാണ് മൊഹാലിയിൽ ഇറങ്ങുക. അതെ സമയം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ പരാജയം മറക്കാനാകും പഞ്ചാബിന്റെ ശ്രമം. 2012 ശേഷം മൊഹാലിയിൽ നടന്ന നാല് മത്സരങ്ങളും മുംബൈ ഇന്ത്യൻസ് ആണ് ജയിച്ചിട്ടുള്ളത്.

ഈ സീസണിൽ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ് പഞ്ചാബിനെ. ആദ്യ മത്സരത്തിൽ അശ്വിൻ- ബട്ട്ലർ മങ്കാദിങ് വിവാദമായിരുന്നെങ്കിൽ രണ്ടാം മത്സരത്തിൽ സർക്കിളിനു പുറത്ത് മൂന്നു ഫീൽഡർമാർ മാത്രമായതിനാൽ ആന്ദ്രേ റസലിന് രണ്ടാം ചാൻസ് ലഭിച്ചിരുന്നു. ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയെങ്കിലും 200-പ്ലസ് അടിച്ചു കൂട്ടിയ കൊൽക്കത്തയുടെ ഹോം സൈഡിനെതിരെ കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. കെ എൽ രാഹുലും ക്രിസ് ഗെയ്‌ലും നിഴൽ മാത്രമായി തുടർന്നപ്പോൾ ഡേവിഡ് മില്ലറും മായങ്ക് അഗർവാളും മാത്രമേ പൊരുതി നോക്കിയുള്ളൂ. അശ്വിൻ നേതൃത്വത്തിൽ മികച്ച ബൗളിംഗ് നിര പഞ്ചാബിനുണ്ടെങ്കിലും സമ്മർദ്ദത്തിൽ ആടി ഉലയുമെന്നു ആ മത്സരം കാണിച്ച് തന്നു.

ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് പരാജയപ്പെട്ട മുംബൈ ഇന്ത്യൻസ് രണ്ടാം മത്സരത്തിൽ വമ്പൻ തിരിച്ചുവരവാണ് നടത്തിയത്. റോയൽ ചലഞ്ചേഴ്‌സിനെ പിടിച്ച് കെട്ടാൻ രോഹിത് -ഹിറ്റ്മാൻ- ശർമ്മയുടെ നേതൃതവക്കത്തിലുള്ള മുംബൈ ഇന്ത്യൻസിന് കഴിഞ്ഞു. യുവരാജ് സിങ്ങും (ഹാട്രിക്ക് സിക്സർ ) റോഹിറ്റ്‌മാനും (48) അടിച്ചു തകർക്കുകയും എബിഡിയെ കുരുക്കിയ യോർക്കറുകളുമായി ബുമ്രയും അരങ്ങ് തകർത്തപ്പോൾ മത്സരം മുംബൈ ഇന്ത്യൻസിന് സ്വന്തമായി. പരിക്കേറ്റ ആദം മിൽനെക്ക് പകരം വെസ്റ്റ് ഇൻഡീസ് താരം അൾസറി ജോസഫിനെ മുംബൈ ഇന്ത്യൻസ് ടീമിൽ എത്തിച്ചിട്ടുണ്ട്.

ഇത്തരം തെറ്റുകള്‍ ക്രിക്കറ്റിനു ഗുണകരമല്ല

ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ – മുംബൈ ഇന്ത്യന്‍സ് മത്സരത്തിലെ അവസാന പന്തില്‍ ലസിത് മലിംഗ എറിഞ്ഞ നോ ബോള്‍ അമ്പയര്‍മാര്‍ കാണാതെ പോയത് ഏറെ വിവാദമായി ചര്‍ച്ചയാകുമ്പോള്‍ അതിന്റെ ഗുണം അനുഭവിച്ച ടീമിന്റെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വിമര്‍ശനവുമായി എത്തി. താന്‍ മത്സരം ശേഷം ബൗണ്ടറി റോപ് കടന്നപ്പോളാണ് ഈ വിവരം ആരോ തന്നോട് പറയുന്നത്. ഇത്തരം തെറ്റുകള്‍ ക്രിക്കറ്റിനെയാണ് ബാധിക്കുന്നത്.

സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരം പിഴവുകള്‍ ഒഴിവാക്കാവുന്നതാണ്. ഇതില്‍ താരങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല. അത് ഇന്നിംഗ്സിലെ അവസാന പന്തായിരുന്നു. ജയിച്ച് ആവേശഷത്തില്‍ അവര്‍ കൈ കടുത്ത് പിരിയും എന്നാല്‍ ഇത്തരത്തില്‍ സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ അത് ഏത് ടീമിനാണോ എതിരാവുന്നത് അവര്‍ക്ക് അത് വളരെ വിഷമമേറിയതാകും.

ഓഫ്-ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് ടിവിയുടെ സഹായം ഇത്തരം അവസരങ്ങളില്‍ ഉപയോഗിക്കാം. ടിവിയില്‍ എന്താണ് സംഭവിക്കുന്നത് റിപ്ലേയില്‍ കാണാവുന്നതാണ്. അത് ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരോട് അറിയിച്ച് ഇത്തരം തെറ്റുകള്‍ തിരുത്താവുന്നതാണ്. ഇതിനുള്ള പ്രതിവിധിയെന്താണെന്ന് തനിക്കറിയില്ല. ബോര്‍ഡുകളാണ് ഇതിന്മേല്‍ തീരുമാനം എടുക്കേണ്ടത്.

ഇത്തരം സംഭവങ്ങള്‍ ക്രിക്കറ്റിനു ഗുണമല്ലെന്ന് മാത്രം തനിക്കറിയാം. ചെറിയ തെറ്റുകള്‍ മത്സരങ്ങള്‍ നഷ്ടമാകുവാനും ഐപിഎല്‍ പോലുള്ള ടൂര്‍ണ്ണമെന്റില്‍ ഒരു മത്സരം ചിലപ്പോള്‍ പ്ലേ ഓഫ് സ്ഥാനം തന്നെ മാറ്റി മറിച്ചേക്കാം. ടൂര്‍ണ്ണമെന്റ് വിജയിക്കുവാനായി ഈ ടീമുകളെല്ലാം നല്ല പോലെ കഷ്ടപ്പെടുന്നതാണ് അപ്പോള്‍ ഇത്തരം തെറ്റുകള്‍ അംഗീകരിക്കാനാകില്ല.

വീണ്ടും വിവാദമായി ഐപിഎല്‍, മലിംഗ അവസാന പന്തില്‍ എറിഞ്ഞ നോബോള്‍ കണ്ട് പിടിക്കാതെ അമ്പയര്‍മാര്‍

ഐപിഎലില്‍ വീണ്ടും വിവാദമായി അമ്പയര്‍മാരുടെ ശ്രദ്ധയില്ലായ്മ. ഇന്ന് ബാംഗ്ലൂരിന്റെ മുംബൈയോടുള്ള തോല്‍വിയിലെ അവസാന പന്തില്‍ നിര്‍ണ്ണായകമായ ഒരു നോ ബോള്‍ കോള്‍ ആണ് അമ്പയര്‍മാര്‍ വിട്ട് പോയത്. അവസാന പന്തില്‍ ജയിക്കുവാന്‍ ഏഴ് റണ്‍സ് നേടേണ്ട സമയത്ത് ഒരു റണ്‍സേ നേടുവാനായുള്ളുവെങ്കിലും നോബോള്‍ വിളിച്ചിരുന്നുവെങ്കില്‍ ഫ്രീ ഹിറ്റ് ലഭിയ്ക്കുകയും ആറ് റണ്‍സ് ജയത്തിനെന്ന സ്ഥിതി എത്തിയേനെ.

എബി ഡി വില്ലിയേഴ്സ് ക്രീസില്‍ നില്‍ക്കുമ്പോള്‍ ബാംഗ്ലൂര്‍ മത്സരം സ്വന്തമാക്കാനാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തേനെ.

സൂപ്പര്‍ ഷോട്ടുകളുമായി സൂപ്പര്‍മാന്‍ എബി ഡി വില്ലിയേഴ്സ്, ജയം പക്ഷേ മുംബൈയ്ക്ക്, താരങ്ങളായി ബുംറയും ലസിത് മലിംഗയും

പൊരുതി നോക്കിയെങ്കിലും അവസാന രണ്ടോവറില്‍ ശക്തമായ തിരിച്ചുവരവ് നടത്തി ജയം പിടിച്ചെടുത്ത് മുംബൈ. ജസ്പ്രീത് ബുംറയും ലസിത് മലിംഗയും എറിഞ്ഞ അവസാന ഓവറുകളില്‍ 22 റണ്‍സ് വിജയലക്ഷ്യമായിരുന്നു ആര്‍സിബി നേടേണ്ടിയിരുന്നതെങ്കിലും ടീമിനു 5 റണ്‍സ് തോല്‍വി ഏറ്റു വാങ്ങുവാനായിരുന്നു വിധി. 19ാം ഓവില്‍ അഞ്ച് റണ്‍സ് മാത്രം ബുംറ വഴങ്ങിയപ്പോള്‍ അവസാന ഓവറിലെ ആദ്യ പന്ത് സിക്സ് വഴങ്ങിയെങ്കിലും പിന്നീട് ശക്തമായ ബൗളിംഗിലൂടെ ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ മലിംഗയ്ക്കായി. 41 പന്തില്‍ 70 റണ്‍സ് നേടി എബി ഡി വില്ലിയേഴ്സ് പുറത്താകാതെ നിന്നു. 4 ഫോറും ആറ് സിക്സുമായിരുന്നു ബാംഗ്ലൂരിന്റെ സൂപ്പര്‍മാന്‍ നേടിയത്.

ഡിവില്ലിയേഴ്സിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് മാത്രമേ നേടാനായുള്ളു.   യുവരാജ് സിംഗ് എബിഡി നല്‍കിയ ആദ്യ പന്തിലെ അവസരം നഷ്ടപ്പെടുത്തിയത് മുംബൈയ്ക്ക് തിരിച്ചടിയാകുമെന്ന് കരുതിയെങ്കിലും മത്സരം തിരിച്ചു പിടിക്കുവാന്‍ മുംബൈ ബൗളര്‍മാര്‍ക്കായി. മയാംഗ് മാര്‍ക്കണ്ടേയുടെ ഓവറിലായിരുന്നു സംഭവം. അവസാന ഓവറില്‍ 17 റണ്‍സ് നേടേണ്ടിയിരുന്ന ബാംഗ്ലൂരിനു

മോയിന്‍ അലിയെ ഓപ്പണിംഗില്‍ പരീക്ഷിച്ച് വിരാട് കോഹ്‍ലിയെ പതിവു മൂന്നാം നമ്പറില്‍ ഇറക്കിയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്ന് ചേസിംഗിനിറങ്ങിയത്. മോയിന്‍ അലിയെ(13) റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായ ശേഷം പാര്‍ത്ഥിവ് പട്ടേലും(31)-വിരാട് കോഹ്‍ലിയും ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 40 റണ്‍സ് നേടി മുന്നേറുകയായിരുന്നു സഖ്യത്തെ മയാംഗ് മാര്‍ക്കണ്ടേയാണ് തകര്‍ത്തത്. പാര്‍ത്ഥിവിന്റെ പുറത്താകലിനു ശേഷം ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയ്ക്കൊപ്പം എബി ഡി വില്ലിയേഴ്സ് എത്തി.

ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 44 റണ്‍സ് നേടി മത്സരം മുംബൈയില്‍ നിന്ന് തട്ടിയെടുക്കുമെന്ന തോന്നിപ്പിച്ച നിമിഷത്തില്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ നായകനെ വീഴ്ത്തി മുംബൈയ്ക്ക് പ്രതീക്ഷകള്‍ നല്‍കി. 32 പന്തില്‍ 46 റണ്‍സായിരുന്നു കോഹ്‍ലിയുടെ സംഭാവന. തന്റെ അടുത്ത ഓവറില്‍ ഷിമ്രണ്‍ ഹെറ്റ്മ്യറെയും പുറത്താക്കി ബുംറ ബാംഗ്ലൂരിനെ പ്രതിരോധത്തിലാക്കി.

അവസാന മൂന്നോവറില്‍ 40 റണ്‍സായിരുന്നു ജയിക്കുവാന്‍ റോയല്‍ ചലഞ്ചേഴ്സിനു വേണ്ടിയിരുന്നത്. പ്രതീക്ഷ മുഴുവന്‍ എബി ഡി വില്ലിയേഴ്സിന്റെ മേലും. ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ പതിനെട്ടാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും ഡി വില്ലിയേഴ്സ് നേടിയപ്പോള്‍ ഓവറില്‍ 18 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്.

അവസാന രണ്ടോവറില്‍ 22 റണ്‍സ് നേടേണ്ട ബാംഗ്ലൂരിനു ആദ്യ കടമ്പ ജസ്പ്രീത് ബുംറയുടെ ഓവറായിരുന്നു. ആദ്യ രണ്ട് പന്തുകള്‍ നിന്ന് ബൗണ്ടറിയൊന്നും നേടുവാന്‍ ബാംഗ്ലൂരൂവിനു സാധിക്കാതിരുന്നപ്പോള്‍ മൂന്നാം പന്തില്‍ ബുംറ കോളിന്‍ ഡി ഗ്രാന്‍ഡോമിനെ പുറത്താക്കി. ഓവറില്‍ നിന്ന് വലിയ അടികള്‍ നേടുവാന്‍ ബാംഗ്ലൂരിനു സാധിച്ചില്ല.

ബുംറ തന്റെ നാലോവറില്‍ 20 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. 19ാം ഓവറില്‍ വെറും അഞ്ച് റണ്‍സാണ് ബാംഗ്ലൂരിനു നേടാനായത്. അവസാന ഓവറില്‍ ജയിക്കുവാന്‍ 17 റണ്‍സെന്ന ശ്രമകരമായ ദൗത്യമായിരുന്നു ബാംഗ്ലൂരിനു മുമ്പില്‍. ലസിത് മലിംഗ എറിഞ്ഞ ആദ്യ പന്ത് സിക്സര്‍ പറത്തി തന്റെ രണ്ടാം മത്സരത്തില്‍ മാത്രം കളിക്കുന്ന ഡുബേ വീണ്ടും മത്സരം ആര്‍സിബി പക്ഷത്തേക്ക് തിരിച്ചു.

എന്നാല്‍ അടുത്ത പന്തില്‍ ഡുബേ നല്‍കിയ അവസരം ജസ്പ്രീത് ബുംറ കൈവിട്ടപ്പോള്‍ സ്ട്രൈക്ക് വീണ്ടും എബിഡിയ്ക്കായി. എന്നാല്‍ അടുത്ത രണ്ട് പന്തില്‍ സിംഗിളുകള്‍ മാത്രമേ ആര്‍സിബിയ്ക്ക് നേടാനായുള്ളു. അവസാന രണ്ട് പന്തില്‍ നിന്ന് എട്ട് റണ്‍സായിരുന്നു ബാംഗ്ലൂര്‍ നേടേണ്ടിയിരുന്നത്. എന്നാല്‍ രണ്ട് റണ്‍സ് മാത്രമാണ് നേടാനായത്. അവസാന പന്തില്‍ ലസിത് മലിംഗ് എറിഞ്ഞ നോ ബോള്‍ അമ്പയര്‍മാര്‍ കാണാതിരുന്നതും വിവാദമായി മാറി.

പത്തോവറിനു ശേഷം ചഹാലിന്റെ നാല് വിക്കറ്റില്‍ ആടിയുലഞ്ഞ മുംബൈയെ രക്ഷിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ

200 റണ്‍സിനു മുകളില്‍ സ്കോര്‍ ചെയ്യുമെന്ന് യുവരാജും സൂര്യകുമാര്‍ യാദവും ക്രീസില്‍ നിന്നപ്പോള്‍ തോന്നിപ്പിച്ച മുംബൈയെ 200നു താഴെ സ്കോറിനു പിടിച്ചു കെട്ടി ബാംഗ്ലൂര്‍. യൂസുവേന്ദ്ര ചഹാലിന്റെ നാല് വിക്കറ്റുകളാണ് മുംബൈയുടെ കുതിപ്പിനു തടയിട്ടത്. 20 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ മുംബൈയ്ക്ക് 187 റണ്‍സാണ് നേടാനായത്. 5 റണ്‍സിനിടെ നാല് വിക്കറ്റാണ് മുംബൈയ്ക്ക് ഇന്നിംഗ്സിന്റെ അവസാനത്തോടെ നഷ്ടമായത്.

ക്വിന്റണ്‍ ഡി കോക്കും-രോഹിത് ശര്‍മ്മയും ചേര്‍ന്ന് ആദ്യ ഓവറുകളില്‍ ഭേദപ്പെട്ട തുടക്കം മുംബൈയ്ക്ക് നല്‍കിയെങ്കിലും പത്തോവറിനു ശേഷം വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ടപ്പോള്‍ മുംബൈ ബാറ്റിംഗിന്റെ താളം തെറ്റുകയായിരുന്നു. 6.3 ഓവറില്‍ ഡി കോക്കിനെ(23) നഷ്ടമാകുമ്പോള്‍ മുംബൈയുടെ സ്കോര്‍ 54 റണ്‍സായിരുന്നു. പിന്നീട് സ്കോര്‍ 87ല്‍ നില്‍ക്കെ രോഹിത്തിനെയും(48) മുംബൈയ്ക്ക് നഷ്ടമായി. ഡിക്കോക്കിനെ ചഹാലും രോഹിത്തിനെ ഉമേഷ് യാദവുമാണ് പുറത്താക്കിയത്.

തുടര്‍ന്ന് സൂര്യകുമാര്‍ യാദവും(38)-യുവരാജ് സിംഗും(23) ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 37 റണ്‍സ് അതിവേഗത്തില്‍ നേടിയെങ്കിലും യുവരാജ് സിംഗ് പുറത്തായതോടെ മുംബൈയുടെ താളം തെറ്റി. തന്റെ ഓവറിലെ ആദ്യ മൂന്ന് പന്തും യുവരാജ് സിംഗ് സിക്സര്‍ പറത്തിയെങ്കിലും നാലാം പന്തും അതിര്‍ത്തി കടത്തുവാന്‍ ശ്രമിച്ച യുവരാജിനെ പുറത്താക്കി ചഹാല്‍ പ്രതികാരം ചെയ്തു.

12 പന്തില്‍ മൂന്ന് സിക്സ് സഹിതമായിരുന്നു യുവരാജിന്റെ 23 റണ്‍സ്. തന്റെ അടുതത് ഓവറില്‍ സൂര്യകുമാര്‍ യാദവിനെയും പൊള്ളാര്‍ഡിനെയും പുറത്താക്കി ചഹാല്‍ തന്റെ നാലോവര്‍ പൂര്‍ത്തിയാക്കി 4 വിക്കറ്റ് നേടി. 38 റണ്‍സാണ് താരം വഴങ്ങിയത്. 142/3 എന്ന നിലയില്‍ നിന്ന് 147/7 എന്ന നിലയിലേക്ക് മുംബൈ വീഴുന്ന കാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആര്‍സിബി ആരാധകര്‍ക്ക് ആഹ്ലാദകരമായ നിമിഷമായിരുന്നു.

ക്രുണാല്‍ പാണ്ഡ്യയെ മികച്ചൊരു ക്യാച്ചിലൂടെ നവ്ദീപ് സൈനി പിടിച്ച് പുറത്തായപ്പോള്‍ ഉമേഷ് യാദവ് തന്റെ രണ്ടാം വിക്കറ്റ് നേടി. അടുത്ത വിക്കറ്റായി മക്ലെനാഗനെ സിറാജ് ക്ലീന്‍ബൗള്‍ഡായി പുറത്താക്കി. അവസാന ഓവറുകളില്‍ മുംബൈയെ മാന്യമായ സ്കോറിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യം ഹാര്‍ദ്ദിക് പാണ്ഡ്യയിലെത്തുകയായിരുന്നു.

എട്ടാം വിക്കറ്റില്‍ 25 റണ്‍സാണ് മയാംഗ് മാര്‍ക്കണ്ടേയെ ഒരറ്റത്ത് നിര്‍ത്തി ഹാര്‍ദ്ദിക് പാണ്ഡ്യ നേടിയത്. എന്നാല്‍ അവസാന ഓവറില്‍ സിറാജ് മാര്‍ക്കണ്ടേയെ(6) പുറത്താക്കി. അവസാന നാല് പന്തില്‍ നിന്ന് രണ്ട് സിക്സ് കൂടി നേടി ഹാര്‍ദ്ദിക് ടീമിനെ 187 റണ്‍സിലേക്ക് നയിക്കുകയായിരുന്നു. 14 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മത്സരത്തിലെ മുംബൈയുടെ രക്ഷകന്‍. 2 ഫോറും 3 സിക്സുമാണ് താരം നേടിയത്.

റോയല്‍ ചലഞ്ചേഴ്സിനു വേണ്ടി ചഹാല്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ ഉമേഷ് യാദവും സിറാജും രണ്ട് വീതം വിക്കറ്റ് നേടി.

മുംബൈ നിരയില്‍ മലിംഗ തിരികെ എത്തി, ആദ്യ ജയത്തിനായി ബാംഗ്ലൂരും മുംബൈയും, ബൗളിംഗ് തിരഞ്ഞെടുത്ത് കോഹ്‍ലി

ഐപിഎലിലെ ആദ്യ ജയം തേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും. ആദ്യ മത്സരത്തില്‍ ചെന്നൈയുടെ സ്പിന്‍ കുരുക്കില്‍ ബാംഗ്ലൂര്‍ തകര്‍ന്നപ്പോള്‍ മുംബൈയ്ക്ക് കാലിടറിയത് ഋഷഭ് പന്തിനു മുന്നിലായിരുന്നു. ഇന്നത്തെ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ബാംഗ്ലൂര്‍ നിരയില്‍ മാറ്റങ്ങളൊന്നുമില്ലെന്ന് കോഹ്‍ലി വ്യക്തമാക്കിയപ്പോള്‍ മുംബൈ നിരയില്‍ മലിംഗയും മയാംഗ് മാര്‍ക്കണ്ടേയും തിരികെ എത്തി. ബെന്‍ കട്ടിംഗും റാസിഖ് സലാമുമാണ് പുറത്ത് പോകുന്ന താരങ്ങള്‍.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ, ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, ക്രുണാല്‍ പാണ്ഡ്യ, യുവരാജ് സിംഗ്, കീറണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദ്ദിക് പാണ്ഡ്യ,  മിച്ചല്‍ മക്ലെനാഗന്‍, ലസിത് മലിംഗ, മയാംഗ് മാര്‍ക്കണ്ടേ, ജസ്പ്രീത് ബുംറ

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: പാര്‍ത്ഥിവ് പട്ടേല്‍, വിരാട് കോഹ്‍ലി, മോയിന്‍ അലി, എബി ഡി വില്ലിയേഴ്സ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ശിവം ഡൂബേ, കോളിന്‍ ഡി ഗ്രാന്‍ഡോം, ഉമേഷ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, മുഹമ്മദ് സിറാജ്, നവദീപ് സൈനി

 

ആഡം മില്‍നെയ്ക്ക് പകരം അല്‍സാരി ജോസഫ്

ആഡം മില്‍നെയ്ക്ക് പകരം അല്‍സാരി ജോസഫിനെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. 75 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ സ്വന്തമാക്കിയ ആഡം മില്‍നെ ടൂര്‍ണ്ണമെന്റിനു മുമ്പായി തന്നെ പരിക്കേറ്റ് പുറത്താകുകയായിരുന്നു. പകരം വിന്‍ഡീസ് താരത്തിനെ സ്വന്തമാക്കിയത് എത്ര രൂപയ്ക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഏഴ് ടി20 മത്സരങ്ങളില്‍ നിന്ന് 9 വിക്കറ്റ് നേടിയ താരമാണ് അല്‍സാരി ജോസഫ്.

വിന്‍ഡീസിനായി 9 ടെസ്റ്റുകളിലും 16 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള താരം ഇതാദ്യമായാണ് ഐപിഎലിലേക്ക് എത്തുന്നത്.

തോറ്റത് റിഷഭ് പന്തിന് മുൻപില്ലെന്ന് രോഹിത് ശർമ്മ

ഐ.പി.എല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തോറ്റത് റിഷഭ് പന്തിന്റെ പ്രകടനത്തിന്റെ മുൻപിലാണെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ആണ് മുംബൈ ഇന്ത്യൻസിനെ 37 റൺസിന്‌ തോൽപ്പിച്ചത്. 27 പന്തിൽ പുറത്താവാതെ 78 റൺസ് നേടിയ റിഷഭ് പന്തിന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ ഡൽഹി 213 റൺസ് എടുത്തിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത മുംബൈ 176 റൺസിന്‌ എല്ലാരും ഓൾ ഔട്ട് ആവുകയായിരുന്നു.

ഒരുപാടു പുതുമുഖങ്ങൾ ടീമിൽ ഉള്ളത്കൊണ്ട് ഐ.പി.എല്ലിലെ ആദ്യ മത്സരം മത്സരം കഠിനമാവുമെന്ന് അറിയാമായിരുന്നെന്നും രോഹിത് പറഞ്ഞു. മുംബൈ ഇന്ത്യൻസ് മത്സരത്തിൽ ഒരുപാടു പിഴവുകൾ വരുത്തിയതും തോൽവിക്ക് കാരണമായെന്ന് രോഹിത് പറഞ്ഞു. ആദ്യ 10 ഓവറിൽ മുംബൈ മത്സരത്തിൽ ഉണ്ടായിരുന്നെന്നും എന്നാൽ റിഷഭ് പന്തിന്റെ ബാറ്റിംഗ് മുംബൈ ഇന്ത്യൻസിന്റെ കയ്യിൽ മത്സരം തട്ടിയെടുത്തെന്നും രോഹിത് പറഞ്ഞു.

മുംബൈക്ക് വേണ്ടി യുവരാജ് മികച്ച പ്രകടനം പുറത്തെടുത്തെന്നും എന്നാൽ ടോപ് ഫോറിലെ ഏതെങ്കിലും ഒരു താരം 70ൽ കൂടുതൽ റൺസ് നേടിയിരുന്നെങ്കിൽ മത്സര ഫലം വ്യത്യസ്‍തമാവുമായിരുന്നെന്നും രോഹിത് ശർമ്മ പറഞ്ഞു.

Exit mobile version