32 റൺസ് ലീഡ് നേടി ന്യൂസിലാണ്ട്, 249 റൺസിന് ഓള്‍ഔട്ട്

ഇന്ത്യയ്ക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ 32 റൺസിന്റെ ലീഡ് നേടി ന്യൂസിലാണ്ട്. ഒരു ഘട്ടത്തിൽ 192/7 എന്ന നിലയിലേക്ക് വീണുവെങ്കിലും വാലറ്റത്തിൽ ടിം സൗത്തിയും(30), കൈല്‍ ജാമിസണും(21) നേടിയ ചെറുത്ത് നില്പ് ടീമിനെ 249 റൺസിലേക്ക് നയിക്കുകയായിരുന്നു.

Ishantindia

ക്യാപ്റ്റന്‍‍ കെയിന്‍ വില്യംസൺ 49 റൺസ് നേടി. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാലും ഇഷാന്ത് ശര്‍മ്മ മൂന്നും വിക്കറ്റാണ് നേടിയത്. രവിചന്ദ്രന്‍ അശ്വിന് രണ്ട് വിക്കറ്റ് ലഭിച്ചു.

ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് സൗത്തി പുറത്തായത്. ന്യൂസിലാണ്ട് ഇന്നിംഗ്സ് 99.2 ഓവറാണ് നീണ്ട് നിന്നത്.

രാജ്യത്തിനായി കളിക്കുമ്പോൾ ഫലം എന്ത് തന്നെയായാലും നൂറ് ശതമാനം ശ്രമം പുറത്തെടുക്കാറുണ്ട് -മുഹമ്മദ് ഷമി

രാജ്യത്തിനായി കളിക്കുമ്പോൾ ഫലം എന്ത് തന്നെയായാലും നൂറ് ശതമാനം ആത്മാർത്ഥതയോടെയാണ് മത്സരങ്ങളെ സമീപിക്കാറെന്ന് പറഞ്ഞ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. താനും മറ്റ് കളിക്കാരുമെല്ലാം അപ്പോൾ രാജ്യത്തെയാണ് മുന്നിൽ നിർത്തുന്നതെന്നും ഇംഗ്ലണ്ടിൽ നടക്കുന്ന ഈ ആറ് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ സമാനമായ രീതിയിലാവും കളത്തിലിറങ്ങുകയെന്ന് മുഹമ്മദ് ഷമി വ്യക്തമാക്കി.

അത് ബാറ്റ്സ്മാന്മാരായാലും ബൌളർമാരായാലും ഒരേ പോലെ ആത്മാർത്ഥതയോടെയാണ് കളിക്കാനിറങ്ങുകയെന്നും ഈ രീതിയിൽ വർഷങ്ങളായി ഒരു യൂണിറ്റായി കളിച്ച വരുന്ന ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും പുറത്തെടുക്കുവാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ഷമി അഭിപ്രായപ്പെട്ടു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ന്യൂസിലാണ്ടിന്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ന്യൂസിലാണ്ടിന് എന്ന് പറഞ്ഞ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ജൂൺ 18ന് ന്യൂസിലാണ്ടിനെതിരെ സൌത്താംപ്ടണിൽ ഫൈനലിനിറങ്ങുമ്പോൾ ന്യൂസിലാണ്ടിനാവും നേരത്തെ എത്തിയതിന്റെയും ഇംഗ്ലണ്ടിനെതിരെ ഏതാനും ടെസ്റ്റുകൾ കളിച്ചതിന്റെയും മുൻതൂക്കമെന്നും ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി നേരത്തെ പൊരുത്തപ്പെട്ടതിന്റെ ആനുകൂല്യം അവർക്ക് ഉണ്ടാകുമെന്നും ഷമി പറഞ്ഞു.

എന്നാൽ ഇന്ത്യ ഏറെ വർഷങ്ങളായി ഒരു സംഘമെന്ന നിലയിൽ വളരെ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും അതിനാൽ തന്നെ കിരീടം സ്വന്തമാക്കുവാനാകുമെന്ന വിശ്വാസം ടീമിനുണ്ടെന്നും മുഹമ്മദ് ഷമി വ്യക്തമാക്കി. മുൻതൂക്കം ഉണ്ടെങ്കിലും ഫൈനൽ പോലൊരു സ്റ്റേജിൽ ഏറ്റവും കുറവ് പിഴവുകൾ വരുത്തുന്ന ടീമുകളാവും വിജയിക്കുക എന്ന് ഷമി പറഞ്ഞു.

ഇന്ത്യയും ന്യൂസിലാണ്ടും മുൻ നിര ടീമുകളാണെന്നും ഇരുവർക്കും ഹോം അഡ്വാന്റേജ് ഈ ഫൈനൽ മത്സരത്തിനില്ലെന്നതും പ്രത്യേകം ഓർക്കേണ്ട കാര്യമാണെന്നും ഷമി സൂചിപ്പിച്ചു. കൃത്യമായി കാര്യങ്ങളും സ്കില്ലും ഉപയോഗിക്കുന്ന ടീമിനൊപ്പം വിജയം ഉണ്ടാകുമെന്നും ഷമി വ്യക്തമാക്കി.

ഇംഗ്ലണ്ട് പരമ്പര വിജയിച്ചാൽ താനത് കോവിഡ് മുൻ നിര പോരാളികൾക്ക് സമർപ്പിക്കും – മുഹമ്മദ് ഷമി

ഇംഗ്ലണ്ട് പരമ്പര ഇന്ത്യ വിജയിക്കുകയാണെങ്കിൽ അത് കോവിഡ് മുൻ നിര പോരാളികൾക്ക് സമർപ്പിക്കും എന്ന് പറഞ്ഞ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഇംഗ്ലണ്ടിൽ തങ്ങൾ വിജയിച്ച് വരട്ടേ എന്നാണ് താൻ പ്രാർത്ഥിക്കുന്നത് അങ്ങനെയെങ്കിൽ ആ വിജയം താൻ പട്ടാളക്കാർക്കും പോലീസുകാർക്കും ഡോക്ടർമാർക്കും ഈ കോവിഡ് കാലത്ത് ജനങ്ങളെ നിസ്സ്വാർത്ഥമായി സേവിച്ച മുൻ നിര പോരാളികൾക്കായി താൻ സമർപ്പിക്കുമെന്ന് ഷമി പറഞ്ഞു.

ഇംഗ്ലണ്ട് പരമ്പര ബാറ്റിന്റെയും ബോളിന്റെയും തുല്യമായ പോരാട്ടമായിരിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും മുഹമ്മദ് ഷമി വ്യക്തമാക്കി. ഇന്ത്യ ഇംഗ്ലണ്ടിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലും ഒരു പോലെ മികവ് പുലർത്തുമെന്നാണ് കരുതുന്നതെന്ന് ഷമി വ്യക്തമാക്കി.

 

ബാറ്റ് ചെയ്യുമ്പോളൊഴികെ ബാക്കി സമയത്തെല്ലാം രോഹിത് കൂള്‍ ആണ് – മുഹമ്മദ് ഷമി

രോഹിത് ശര്‍മ്മ വളരെ വ്യത്യസ്തമായ ക്യാരക്ടറാണെന്ന് പറഞ്ഞ് മുഹമ്മദ് ഷമി. താരം വളരെ കൂള്‍ ആയ വ്യക്തിയാണെങ്കിലും ബാറ്റ് ചെയ്യാനെത്തുമ്പോള്‍ താരം അത്തരത്തില്‍ അല്ലെന്ന് ഷമി പറഞ്ഞു. താന്‍ ഉപദേശവുമായി താരത്തെ സമീപിക്കുമ്പോളെല്ലാം പോസിറ്റീവ് പ്രതികരണങ്ങളാണ് കിട്ടിയിട്ടുള്ളതെന്നും ബൗളര്‍മാരെ അവര്‍ ഉദ്ദേശിക്കുന്ന കാര്യം പ്രോത്സാഹിപ്പിക്കുവാന്‍ രോഹിത് എപ്പോളും ശ്രമിക്കാറുണ്ടെന്നും ഷമി പറഞ്ഞു.

അത് ബൗളര്‍മാരുടെ ആത്മവിശ്വാസത്തിന് ഏറെ ഗുണം ചെയ്യുന്നുണ്ടെന്നും മുഹമ്മദ് ഷമി വ്യക്തമാക്കി. ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റ് ഉപനായകന്‍ ബൗളര്‍മാര്‍ക്ക് അവരുടെ സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും ഷമി പറഞ്ഞു. അതേ സമയം വിരാട് കോഹ്‍ലിയെ അപേക്ഷിച്ച് അത്ര അഗ്രസീവ് അല്ല രോഹിത്തെന്നും ഷമി സൂചിപ്പിച്ചു.

കോഹ്‍ലി കളിക്കാര്‍ക്ക് അവരുടെ സ്വാതന്ത്ര്യം നല്‍കുന്ന ക്യാപ്റ്റന്‍

വിരാട് കോഹ്‍ലി തന്റെ ടീമിലെ കളിക്കാര്‍ക്ക് എന്നും പിന്തുണയും എപ്പോളും സ്വാതന്ത്ര്യവും നല്‍കുന്ന ഒരു ക്യാപ്റ്റനാണെന്നും താരങ്ങളുടെ പദ്ധതികള്‍ ശരിയായി മുന്നോട്ട് പോകുന്നില്ലെങ്കില്‍ മാത്രമാണ് വിരാട് ഇടപെടലുകള്‍ നടത്തുന്നതെന്നും പറഞ്ഞ് മുഹമ്മദ് ഷമി. വിരാട് കോഹ്‍ലി കുട്ടിക്കാലത്തെ ഒരു സുഹൃത്തിനെപ്പോലെയാണ് എപ്പോഴും സഹതാരങ്ങളോട് ഇടപെടാറെന്നും ഷമി പറഞ്ഞു.

കോഹ്‍ലി നല്‍കിയ ഈ സ്വാതന്ത്ര്യം ടീമിനെ ഒരു സംഘമെന്ന നിലയില്‍ മുന്നോട്ട് നയിക്കുവാന്‍ ഏറെ സഹായിച്ചിട്ടുണ്ടെന്നും അത് മത്സരഫലങ്ങളിലും കാണുന്നുണ്ടെന്ന് ഷമി പറഞ്ഞു.

15.4 ഓവറില്‍ വിജയം സ്വന്തമാക്കി ചെന്നൈ, ആറ് വിക്കറ്റ് വിജയം

പഞ്ചാബ് കിംഗ്സ് നേടിയ 106/8 എന്ന സ്കോര്‍ 15.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്. റുതുരാജ് ഗായക്വാഡ് തുടക്കത്തില്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് വാങ്കഡേയില്‍ കണ്ടത്. അധികം വൈകാതെ താരം അര്‍ഷ്ദീപ് സിംഗിന് വിക്കറ്റ് നല്‍കി മടങ്ങുകയും ചെയ്തു.

റുതുരാജ് 16 പന്തില്‍ 5 റണ്‍സ് നേടിയാണ് മടങ്ങിയത്. ഗായക്വാഡ് പുറത്തായ ശേഷം ക്രീസിലെത്തിയ മോയിന്‍ അലി അനായാസം ബാറ്റ് വീശിയപ്പോള്‍ മറുവശത്ത് ഫാഫ് ഡു പ്ലെസിയും താരത്തിന് മികച്ച പിന്തുണ നല്‍കി.

ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 66 റണ്‍സാണ് നേടിയത്. 31 പന്തില്‍ 46 റണ്‍സ് നേടിയ മോയിന്‍ അലിയുടെ വിക്കറ്റ് അശ്വിനാണ് നേടിയത്.

ലക്ഷ്യത്തിന് വളരെ അടുത്തെത്തിയപ്പോള്‍ വിക്കറ്റുകള്‍ തുടരെ നഷ്ടമായെങ്കിലും വളരെ ചെറിയ സ്കോര്‍ മാത്രം പഞ്ചാബ് നേടിയതിനാല്‍ തന്നെ അധികം ബുദ്ധിമുട്ടാതെ ശേഷിക്കുന്ന റണ്‍സ് കണ്ടെത്തുവാന്‍ ചെന്നൈയ്ക്ക് സാധിച്ചു. 36 റണ്‍സ് നേടി ഫാഫ് ഡു പ്ലെസി പുറത്താകാതെ നിന്നു.

മുഹമ്മദ് ഷമി പഞ്ചാബ് കിംഗ്സിന് വേണ്ടി രണ്ട് വിക്കറ്റ് നേടി.

മുഹമ്മദ് ഷമി ഓസ്ട്രേലിയന്‍ പരമ്പരയില്‍ നിന്ന് പുറത്ത്

ഇന്ത്യയ്ക്ക് വേണ്ടി രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി അവശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല. താരത്തിന്റെ കൈക്കുഴയ്ക്കേറ്റ പൊട്ടലാണ് താരത്തിനെ ഇനി മത്സരത്തിന് യോഗ്യനല്ലെന്ന് വിധിക്കപ്പെടുവാന്‍ ഇടയായത്. ഷമിയുടെ പരിക്ക് കാരണം ഇന്ത്യയ്ക്ക് 36/9 എന്ന നിലയില്‍ നില്‍ക്കവെ ഇന്നിംഗ്സിന് അവസാനം കുറിയ്ക്കേണ്ടി വരികയായിരുന്നു.

പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് ഇന്ത്യയുടെ പേസര്‍ക്ക് പരിക്കേറ്റത്.

രണ്ടാം സന്നാഹ മത്സരവും സമനിലയിലേക്ക്, ഡിന്നര്‍ ബ്രേക്കിന് പിരിയുമ്പോള്‍ ഓസ്ട്രേലിയ എ 200/4 എന്ന നിലയില്‍

473 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ എയ്ക്ക് മികച്ച ബാറ്റിംഗ് പ്രകടനം. തുടക്കം പാളിയെങ്കിലും പിന്നീട് അലെക്സ് കാറെ – ബെന്‍ മക്ഡര്‍മട്ട് എന്നിവരുടെ കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചത്. ഒരു ഘട്ടത്തില്‍ 25/3 എന്ന നിലയിലായിരുന്ന ടീം പിന്നീട് നാലാം വിക്കറ്റില്‍ 117 റണ്‍സ് കൂടി നേടുകയായിരുന്നു.

മൂന്നാം ദിവസം ഡിന്നറിനായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ എ 200/4 എന്ന നിലയിലാണ്. ഒരു സെഷന്‍ അവശേഷിക്കെ 273 റണ്‍സാണ് ടീം ഇനി നേടേണ്ടത്. അലെക്സ് കാറെ 58 റണ്‍സ് നേടി പുറത്തായപ്പോള്‍ 82 റണ്‍സുമായി ബെന്‍ മക്ഡര്‍മട്ടും 36 റണ്‍സ് നേടി ജാക്ക് വെല്‍ഡര്‍മത്തും ക്രീസില്‍ നില്‍ക്കുകയാണ്.

ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി.

ഓസ്ട്രേലിയ എയെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യന്‍ പേസര്‍മാര്‍

ഓസ്ട്രേലിയ എ യ്ക്കെതിരെയുള്ള സന്നാഹ മത്സരത്തില്‍ ബാറ്റിംഗില്‍ 194 റണ്‍സ് മാത്രമേ നേടാനായുള്ളുവെങ്കിലും എതിരാളികളെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ. മുഹമ്മദ് ഷമിയും നവ്ദീപ് സൈനിയും ജസ്പ്രീത് ബുംറയും അടങ്ങിയ പേസ് ബൗളിംഗ് നിരയ്ക്ക് മുന്നില്‍ ചൂളിയ ഓസ്ട്രേലിയ എ 108 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മത്സരത്തില്‍ 86 റണ്‍സിന്റെ ലീഡ് ഇന്ത്യ നേടി.

32 റണ്‍സ് നേടിയ അലെക്സ് കാറെ ആണ് ടീമിന്റെ ടോപ് സ്കോറര്‍. മാര്‍ക്കസ് ഹാരിസ് 26 റണ്‍സ് നേടിയപ്പോള്‍ ഓസ്ട്രേലിയയ്ക്കായി ആദ്യ ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ജോ ബേണ്‍സ് പൂജ്യത്തിന് പുറത്തായി. ഇന്ത്യയ്ക്കായി ഷമിയും സൈനിയും മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും നേടി. മുഹമ്മദ് സിറാജിന് ഒരു വിക്കറ്റും ലഭിച്ചു. അവസാന വിക്കറ്റ് റണ്ണൗട്ട് രൂപത്തിലാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.

ഇന്ത്യന്‍ ബൗളര്‍മാരെ തല്ലിയോടിച്ച് ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ന് നടന്ന ആദ്യ ഏകദിനത്തില്‍ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. ആരോണ്‍ ഫിഞ്ചിന്റെയും സ്റ്റീവന്‍ സ്മിത്തിന്റെയും ശതകങ്ങള്‍ക്കൊപ്പം ഡേവിഡ് വാര്‍ണറും ഗ്ലെന്‍ മാക്സ്വെല്ലും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സ് നേടി.

ഒന്നാം വിക്കറ്റില്‍ വാര്‍ണറും ചേര്‍ന്ന് 156 റണ്‍സാണ് നേടിയത്. 76 പന്തില്‍ 69 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. സ്മിത്തിനൊപ്പം 108 റണ്‍സ് കൂടി രണ്ടാം വിക്കറ്റില്‍ നേടിയ ശേഷമാണ് ഫിഞ്ച് പുറത്തായത്. ബുംറയ്ക്കായിരുന്നു 114 റണ്‍സ് നേടിയ ഓസ്ട്രേലിയന്‍ നായകന്റെ വിക്കറ്റ്.

താന്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായി മാര്‍ക്കസ് സ്റ്റോയിനിസും മടങ്ങിയപ്പോള്‍ ഓസ്ട്രേലിയ 264/1 എന്ന നിലയില്‍ നിന്ന് 271/3 എന്ന നിലയിലേക്ക് വീണുവെങ്കിലും ഗ്ലെന്‍ മാക്സ്വെല്‍ ക്രീസിലെത്തി അടിച്ച് തകര്‍ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ചഹാലിനാണ് സ്റ്റോയിനിസിന്റെ വിക്കറ്റ്.

19 പന്തില്‍ നിന്ന് 45 റണ്‍സ് നേടി മാക്സ്വെല്‍ മടങ്ങിയെങ്കിലും ഓസ്ട്രേലിയയുടെ സ്കോര്‍ മുന്നൂറ് കടന്നിരുന്നു. സ്മിത്തുമായി ചേര്‍ന്ന് താരം 57 റണ്‍സാണ് 25 പന്തില്‍ നിന്ന് മാക്സ്വെല്‍ നേടിയത്. മുഹമ്മദ് ഷമിയ്ക്കായിരുന്നു വിക്കറ്റ്. തൊട്ടടുത്ത ഓവറില്‍ മാര്‍നസ് ലാബൂഷാനെയെ പുറത്താക്കി സൈനിയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

62 പന്തില്‍ നിന്ന് തന്റെ ശതകം നേടിയ സ്റ്റീവന്‍ സ്മിത്ത് 105 റണ്‍സ് നേടി പുറത്താകുകയായിരുന്നു. അലെക്സ് കാറെ 17 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യന്‍ ബൗളര്‍മാരില്‍ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേടി.

ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും മികച്ച ഓപ്പണിംഗ് ബൗളിംഗ് കൂട്ടുകെട്ട്

ഇന്ത്യയുടെ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ലോകോത്തരമായ ബൗളിംഗ് കൂട്ടുകെട്ടാണെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ഇരുവര്‍ക്കും കഴിവിനെ ഓസ്ട്രേലിയ മതിയ്ക്കുന്നുണ്ടെന്നും ലാംഗര്‍ പറഞ്ഞു. എന്നാല്‍ ഇരുവരെയും കളിച്ച് പരിചയം ഓസ്ട്രേലിയയ്ക്ക് ഉണ്ടെന്നത് അവരെ നേരിടുമ്പോള്‍ ടീമിന് ഗുണം ചെയ്യുമെന്ന് ലാംഗര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ കുറച്ച് വര്‍ഷമായി 14 ഏകദിനങ്ങളില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഏഴ് വീതം മത്സരങ്ങള്‍ ടീമുകള്‍ ജയിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ താരങ്ങള്‍ക്കെല്ലാം പരസ്പരം കളിച്ച് പരിചയമുള്ളതാണെന്നും ലാംഗര്‍ സൂചിപ്പിച്ചു.

ഇന്ത്യയുടെ ഈ പേസ് ബൗളിംഗ് കൂട്ടുകെട്ടിനെയും സ്പിന്നര്‍മാരെയും മറ്റു ബൗളര്‍മാരെയും എല്ലാം ബഹുമാനത്തോടെയാണ് ഓസ്ട്രേലിയ കാണുന്നതെന്നും ലാംഗര്‍ പറഞ്ഞു.

Exit mobile version