നാനാത്വത്തിലെ ഏകത്വം, ഇന്ത്യയുടെ പേസ് ബൗളിംഗിനെക്കുറിച്ച് മുഹമ്മദ് ഷമി

നാനാത്വത്തില്‍ ഏകത്വം, ഇന്ത്യയുടെ പേസ് ബൗളിംഗിനെക്കുറിച്ച് മുഹമ്മദ് ഷമി പറഞ്ഞത് ഒറ്റ വാക്കില്‍ വിശേഷിപ്പിക്കുകയാണെങ്കില്‍ ഇപ്രകാരം വിശേഷിപ്പിക്കാം. ഇന്ത്യയുടെ പേസ് ബൗളിംഗ് നിര വൈവിധ്യമാര്‍ന്നവരാല്‍ സമ്പന്നമാണെങ്കിലും അവരുടെ ലക്ഷ്യം ഒന്നാണെന്നും ആ ലക്ഷ്യത്തിലേക്ക് ഒറ്റക്കെട്ടായി പൊരുതുന്നവരാണെന്നും പറഞ്ഞ് ഇന്ത്യന്‍ സീനിയര്‍ പേസര്‍ മുഹമ്മദ് ഷമി. ശക്തരായ ഓസ്ട്രേലിയയെ വെല്ലുവിളിക്കുവാന്‍ ഈ വൈവിധ്യത്തിലെ ഏകത ടീമിനെ സഹായിക്കുമെന്നും മുഹമ്മദ് ഷമി വ്യക്തമാക്കി. രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയുടെ ചരിത്ര വിജയത്തിന് കാരണമായതില്‍ വലിയ പങ്ക് വഹിച്ചത് പേസ് ബൗളിംഗ് നിരയാണെന്നും അവര്‍ ഇത്തവണയും അവസരത്തിനൊത്തുയരുമെന്നും ഷമി പറഞ്ഞു.

ഒരു കാലത്ത് സ്പിന്നര്‍മാര്‍ക്ക് പേര് കേട്ട ഇന്ത്യയില്‍ നിന്ന് ഇന്ന് ലോകോത്തരമായ ഒരു പേസ് ബൗളിംഗ് നിര തന്നെയാണുള്ളത്. വിദേശത്ത് 61 വിക്കറ്റുകള്‍ നേടിയ ഷമിയുടെ മികവിനെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് 68 വിക്കറ്റുമായി ജസ്പ്രീത് ബുംറയാണ്.

ഈ പേസ് ബൗളിംഗ് സംഘത്തിനിടയിലുള്ള സൗഹൃദമാണ് ഇവരുടെ പ്രകടനത്തിലെ മികവിന് കാരണമെന്നും ഷമി സൂചിപ്പിച്ചു. ഒരൊറ്റ ലക്ഷ്യമെന്നതൊഴിച്ചാല്‍ ഈ സംഘത്തിന്റെ വിജയത്തിന് പിന്നില്‍ വേറെ രഹസ്യമൊന്നുമില്ലെന്നും ഷമി സൂചിപ്പിച്ചു.

മുഹമ്മദ് ഷമി തന്റെ മാന്‍ ഓഫ് ദി മാച്ച് – ക്രിസ് ഗെയില്‍

ഇന്നലെ തുടരെയുള്ള സൂപ്പര്‍ ഓവറുകള്‍ക്ക് ശേഷം കിംഗ്സ് ഇലവന്‍ പഞ്ചാബ് തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം വിജയം കൈപ്പിടിയിലാക്കിയപ്പോള്‍ ലോകേഷ് രാഹുല്‍ ആണ് പ്ലേയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ തന്റെ മാന്‍ ഓഫ് ദി മാച്ച് മുഹമ്മദ് ഷമിയാണെന്നാണ് ഇതിഹാസ താരം ക്രിസ് ഗെയില്‍ വ്യക്തമാക്കിയത്.

മത്സരത്തിനിടെ തനിക്ക് പരിഭ്രമുണ്ടോയെന്ന മയാംഗ് അഗര്‍വാളിന്റെ ചോദ്യത്തിനോട് പ്രതികരിച്ച് കൊണ്ട് ഗെയില്‍ പറഞ്ഞ് , തനിക്ക് ടെന്‍ഷനില്ലായിരുന്നു എന്നാല്‍ ടീം സ്ഥിരമായി ഈ സാഹചര്യത്തിലേക്ക് പോകുന്നതില്‍ തനിക്ക് നല്ല അരിശമുണ്ടായിരുന്നുവെന്ന് താരം പറഞ്ഞു.

രോഹിത്തിനെയും ഡി കോക്കിനെയും പോലുള്ള താരങ്ങള്‍ക്കെതിരെ 6 റണ്‍സ് പ്രതിരോധിക്കുവാന്‍ സാധിച്ച മുഹമ്മദ് ഷമിയാണ് മത്സരത്തിലെ തന്റെ മാന്‍ ഓഫ് ദി മാച്ച് എന്നും യോര്‍ക്കറുകള്‍ താരം എറിഞ്ഞ വിധം വളരെ മനോഹരമായിരുന്നുവെന്നും ഗെയില്‍ പറഞ്ഞു.

നെറ്റ്സില്‍ താരത്തിന്റെ ഈ കഴിവ് തങ്ങള്‍ക്ക് സുപരിചതമാണെന്നും ഇന്ന് അതിന്റെ ബലത്തില്‍ ടീമിന് രണ്ട് പോയിന്റ് ടീമിന് ലഭിച്ചുവെന്നും ഗെയില്‍ വ്യക്തമാക്കി.

നിര്‍ണ്ണായകമായ ഇരട്ട പ്രഹരങ്ങളുമായി മുഹമ്മദ് ഷമി, അവസാന ഓവറില്‍ 24 റണ്‍സ് വിട്ട് കൊടുത്തതും ഷമി

ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റങ്ങള്‍ വരുത്തി നടത്തിയ പരീക്ഷണം വിജയിക്കാതെ വന്നപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 171 റണ്‍സ്. ക്രിസ് മോറിസ് അവസാന ഓവറുകളില്‍ നടത്തിയ പ്രകടനമാണ് ഈ സ്കോറിലേക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എത്തിച്ചത്.

രണ്ടാം വിക്കറ്റ് വീണപ്പോള്‍ എബി ഡി വില്ലിയേഴ്സിന് പകരം ഇടംകൈയ്യന്‍ ബാറ്റ്സ്മാന്മാരായ വാഷിംഗ്ടണ്‍ സുന്ദറിനെയും ശിവം ഡുബേയെയും രംഗത്തിറക്കിയ ആര്‍സിബിയുടെ പരീക്ഷണം വിജയം കണ്ടില്ല. എബിഡിയും കോഹ്‍ലിയും ഷമിയുടെ ഒരേ ഓവറില്‍ പുറത്താകുക കൂടി ചെയ്തുവെങ്കിലും അവസാന രണ്ടോവറില്‍ നിന്ന് 34 റണ്‍സ് നേടിയ ക്രിസ് മോറിസ് – ഇസ്രു ഉഡാന കൂട്ടുകെട്ടാണ് ബാംഗ്ലൂരിന് ആശ്വാസമായ പ്രകടനം പുറത്തെടുത്തത്. ഉഡാന 5 ബോളില്‍ 10 റണ്‍സ് നേടിയപ്പോള്‍ 8 പന്തില്‍ 25 റണ്‍സ് നേടിയ ക്രിസ് മോറിസിന്റെ പ്രകടനം ഏറെ നിര്‍ണ്ണായകമായി.

Chrismorrisisuruudana

പതിവ് പോലെ തന്നെ മികച്ച തുടക്കമാണ് റോയല്‍ ചലഞ്ചേഴ്സ് ഓപ്പണര്‍മാര്‍ ടീമിന് നല്‍കിയത്. 4.1 ഓവറില്‍ ദേവ്ദത്ത് പടിക്കലിനെ(18) നഷ്ടമാകുമ്പോള്‍ ടീം 38 റണ്‍സാണ് നേടിയത്. പിന്നീട് ഫിഞ്ചും കോഹ്‍ലിയും ചേര്‍ന്ന് 24 റണ്‍സ് കൂടി നേടിയെങ്കിലും 20 റണ്‍സ് നേടിയ ഫിഞ്ചിനെ മുരുഗന്‍ അശ്വിന്‍ പുറത്താക്കി. പവര്‍പ്ലേ കഴിഞ്ഞ് ഉടനെയാണ് ബാംഗ്ലൂരിന് ഫിഞ്ചിനെ നഷ്ടമായത്.

ഫിഞ്ച് പുറത്തായപ്പോള്‍ എബിഡിയ്ക്ക് പകരം വാഷിംഗ്ടണ്‍ സുന്ദറിനെയാണ് ബാംഗ്ലൂര്‍ കളത്തിലിറക്കിയത്. പത്തോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടിയത്. എന്നാല്‍ അടുത്ത ഓവറില്‍ 13 റണ്‍സ് നേടിയ വാഷിംഗ്ടണ്‍ സുന്ദറിനെ പുറത്താക്കി മുരുഗന്‍ അശ്വിന്‍ തന്റെ രണ്ടാമത്തെ വിക്കറ്റ് നേടി.

എന്നാല്‍ എബി ഡി വില്ലിയേഴ്സിനെ പ്രതീക്ഷിച്ച ആരാധകര്‍ക്ക് ശിവം ഡുബേയെ ബാംഗ്ലൂര്‍ ബാറ്റിംഗിനിറക്കുന്നതാണ് കണ്ടത്. ഡുബേയ്ക്ക് ആദ്യം റണ്‍സ് കണ്ടെത്തുവാനായില്ലെങ്കിലും ടൈംഔട്ടിന് ശേഷം രവി ബിഷ്ണോയിയെ രണ്ട് സിക്സര്‍ പറത്തി ഡുബേ കാര്യങ്ങള്‍ മെച്ചപ്പെടുത്തുകയായിരുന്നു.  ഓവറില്‍ നിന്ന് 19 റണ്‍സാണ് പിറന്നത്.

15 ഓവറില്‍ നിന്ന് 122 റണ്‍സാണ് റോയല്‍ ചലഞ്ചേഴ്സ് നേടിയത്. തൊട്ടടുത്ത ഓവറില്‍ 19 റണ്‍സ് നേടിയ ശിവം ഡുബേയെ ക്രിസ് ജോര്‍ദ്ദന്‍ പുറത്താക്കി. കെഎല്‍ രാഹുല്‍ ആണ് ക്യാച്ച് പൂര്‍ത്തിയാക്കിയത്. 5 പന്തുകള്‍ നേരിട്ട എബിഡയെ(2) എളുപ്പത്തില്‍ പുറത്താക്കി മുഹമ്മദ് ഷമി കിംഗ്സ് ഇലവന്‍ പഞ്ചാബിന് നിര്‍ണ്ണായക വിക്കറ്റ് നേടിക്കൊടുത്തു.അതെ ഓവറില്‍ തന്നെ വിരാട് കോഹ്‍ലിയെയും മുഹമ്മദ് ഷമി പുറത്താക്കി.

ഷമി എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്സ് ഉള്‍പ്പെടെ 24 റണ്‍സാണ് മോറിസും ഉഡാനയും ചേര്‍ന്ന് നേടിയത്. ഏഴാം വിക്കറ്റില്‍ 13 പന്തില്‍ 35 റണ്‍സ് നേടിയാണ് 171/6 എന്ന സ്കോറിലേക്ക് ഇവര്‍ ബാംഗ്ലൂരിനെ നയിച്ചത്.

ഓറഞ്ച്-പര്‍പ്പിള്‍ ക്യാപ്പുകള്‍ സ്വന്തമാക്കി കിംഗ്സ് ഇലവന്‍ പഞ്ചാബ് താരങ്ങള്‍

ഐപിഎലില്‍ ഇന്നത്തെ കിംഗ്സ് ഇലവന്‍ പഞ്ചാബ് – റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരം അവസാനിച്ചപ്പോള്‍ ഓറഞ്ച് ക്യാപ്പിനും പര്‍പ്പിള്‍ ക്യാപ്പിനും ഉടമകളായി കിംഗ്സ് ഇലവന്‍ പഞ്ചാബ് താരങ്ങള്‍. ഓറഞ്ച് ക്യാപ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ സ്വന്തമാക്കിയപ്പോള്‍ മുഹമ്മദ് ഷമിയാണ് പര്‍പ്പിള്‍ ക്യാപ്പിന് ഉടമ.

ഇന്ന് പുറത്താകാതെ നേടിയ 132 റണ്‍സ് ഉള്‍പ്പെടെ ലോകേഷ് രാഹുല്‍ 153 റണ്‍സ് നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഫാഫ് ഡു പ്ലെസി 130 റണ്‍സ് നേടിയിട്ടുണ്ട്. നാളെ ഫാഫ് മത്സരിക്കുന്നതിനാല്‍ രാഹുലില്‍ നിന്ന് ക്യാപ് തട്ടിയെടുക്കുവാനും സാധ്യതയുണ്ട്. രാഹുലിന്റെ സഹതാരം മയാംഗ് അഗര്‍വാള്‍ 115 റണ്‍സുമായി മൂന്നാം സ്ഥാനത്തുണ്ട്.

അതെ സമയം മികച്ച എക്കണോമിയുടെ ബലത്തിലാണ് ഷമിയുടെ പര്‍പ്പിള്‍ ക്യാപ്. 4 വിക്കറ്റ് നേടിയ താരത്തിനൊപ്പം നാല് വിക്കറ്റുമായി ഏഴ് താരങ്ങളാണുള്ളത്. ഷമിയുടെ സഹതാരങ്ങളായ ഷെല്‍ഡണ്‍ കോട്രെല്‍, രവി ബിഷ്ണോയി, സാം കറന്‍, ശിവം ഡുബേ, ലുംഗിസാനി ഗിഡി എന്നിവരും ഇടയ്ക്ക് അല്പ നേരം പര്‍പ്പിള്‍ ക്യാപ് കിട്ടിയ യൂസുവേന്ദ്ര ചഹാല്‍ എന്നിവരാണ് ഷമിയോടൊപ്പം വിക്കറ്റ് വേട്ടയിലൊപ്പമുള്ളത്.

ആര്‍സിബി ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞ് പഞ്ചാബ് ബൗളര്‍മാര്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ബൗളര്‍മാര്‍. ഇന്ന് നടന്ന മത്സരത്തില്‍ 207 റണ്‍സ് സ്കോര്‍ ചേസ് ചെയ്യുവാനിറങ്ങിയ ആര്‍സിബിയുടെ തുടക്കം പാളുകയായിരുന്നു. ആദ്യ ഓവറില്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോ ദേവ്ദത്ത് പടിക്കലിനെ(1) നഷ്ടപ്പെട്ട ബാംഗ്ലൂരിന് ബാറ്റിംഗില്‍ സ്ഥാനക്കയറ്റം കിട്ടിയ ജോഷ് ഫിലിപ്പിനെ(0) നഷ്ടമായി.

ദേവ്ദത്തിനെ ഷെല്‍ഡണ്‍ കോട്രെല്ലും ഫിലിപ്പിനെ ഷമിയുമാണ് പുറത്താക്കിയത്. ഇന്നിംഗ്സിലെ മൂന്നാം ഓവറില്‍ വിരാട് കോഹ്‍ലിയെ(1) കൂടി ഷെല്‍ഡണ്‍ കോട്രെല്‍ പുറത്താക്കിയതോടെ 4/3 എന്ന നിലയിലേക്ക് ബാംഗ്ലൂര്‍ വീണു. അടുത്ത ഓവറില്‍ ഫിഞ്ചിനെ ഷമി പുറത്താക്കിയതായി അമ്പയര്‍ വിധിച്ചുവെങ്കിലും തീരുമാനം ഉടന്‍ റിവ്യൂ ചെയ്ത് തടി രക്ഷപ്പെടുത്തി.

മൂന്ന് വിക്കറ്റ് വീണ ശേഷം കടന്നാക്രമിക്കുവാന്‍ തുടങ്ങിയ എബി ഡിവില്ലിയേഴ്സിന്റെ മികവില്‍ ആറോവര്‍ അവസാനിക്കുമ്പോള്‍ 40/3 എന്ന നിലയിലാണ് ബാംഗ്ലൂര്‍. 21 റണ്‍സുമായി എബി ഡി വില്ലിയേഴ്സും 11 റണ്‍സ് നേടി ആരോണ്‍ ഫിഞ്ചുമാണ് ക്രീസിലുള്ളത്.

അയ്യര്‍-പന്ത് കൂട്ടുകെട്ടിന് ശേഷം അവസാന ഓവറുകളില്‍ സ്റ്റോയിനിസിന്റെ വെടിക്കെട്ട്, 20 പന്തില്‍ അര്‍ദ്ധ ശതകം

തുടക്കത്തില്‍ മുഹമ്മദ് ഷമി ഏല്പിച്ച പ്രഹരത്തില്‍ നിന്ന് കരകയറാനാകാതെ ഡല്‍ഹി ക്യാപിറ്റല്‍സ് പതറിയെങ്കിലും അവസാന ഓവറുകളില്‍ 20 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച സ്റ്റോയിനിസിന്റെ മികവില്‍ ഐപിഎല്‍ 2020ന്റെ രണ്ടാമത്തെ മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ 157/8 റണ്‍സ് മാത്രം നേടി ഡല്‍ഹിയുടെ യുവനിര.

13/3 എന്ന നിലയിലേക്ക് വീണ ഡല്‍ഹിയെ ശ്രേയസ്സ് അയ്യര്‍-ഋഷഭ് പന്ത് കൂട്ടുകെട്ട് 73 റണ്‍സ് നേടി മുന്നോട്ട് നയിച്ചുവെങ്കിലും ഇന്നിംഗ്സിന്റെ അവസാന ഘട്ടത്തില്‍ ഇരുവരും പുറത്തായതോടെ ഡല്‍ഹിയുടെ തകര്‍ച്ച പൂര്‍ണ്ണമായി.

അടുത്തടുത്ത പന്തുകളിലാണ് 31 റണ്‍സ് നേടിയ ഋഷഭ് പന്തും 39 റണ്‍സ് നേടിയ അയ്യരും പുറത്തായത്. രവി ബിഷ്ണോയ് പന്തിനെ പുറത്താക്കിയപ്പോള്‍ മുഹമ്മദ് ഷമിയ്ക്കാണ് അയ്യരുടെ വിക്കറ്റ്. അവസാന ഓവറുകളില്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ ബാറ്റിംഗ് പ്രകടനമാണ് ഡല്‍ഹിയെ 153 റണ്‍സിലേക്ക് നയിച്ചത്. 7 ഫോറും 3 സിക്സും നേടിയ താരം 21 പന്തില്‍ നിന്ന് 53 റണ്‍സ് നേടുകയായിരുന്നു.

127/7 എന്ന നിലയില്‍ അശ്വിന്‍ പുറത്തായ ശേഷം കാഗിസോ റബാഡയെ കാഴ്ചക്കാരനാക്കിയാണ് എട്ടാം വിക്കറ്റില്‍ സ്റ്റോയിനിസ് 27 റണ്‍സ് നേടിയത്.

ക്രിസ് ജോര്‍ദ്ദന്‍ എറിഞ്ഞ അവസാന ഓവറില്‍ 30 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. വിക്കറ്റൊന്നും ലഭിയ്ക്കാതിരുന്ന താരം 56 റണ്‍സാണ് നാലോവറില്‍ വഴങ്ങിയത്. പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി മൂന്നും ഷെല്‍ഡണ്‍ കോട്രെല്‍ 2 വിക്കറ്റും നേടി. രവി ബിഷ്ണോയിയ്ക്കാണ് ഒരു വിക്കറ്റ്.

ഡല്‍ഹി പതറുന്നു, പവര്‍പ്ലേയ്ക്കുള്ളില്‍ നഷ്ടമായത് മൂന്ന് വിക്കറ്റ്

ഐപിഎല്‍ 2020ല്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഡല്‍ഹിയ്ക്ക് മോശം തുടക്കം. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നഷ്ടമായ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റ് ചെയ്യുകയായിരുന്നു. രണ്ടാം ഓവറില്‍ ശിഖര്‍ ധവാനെ റണ്ണൗട്ടിലൂടെ നഷ്ടമായ ടീമിന് അധികം വൈകാതെ പൃഥ്വി ഷായെയും ഷിമ്രണ്‍ ഹെറ്റ്മ്യറെയും നഷ്ടമായി.

മുഹമ്മദ് ഷമിയ്ക്കാണ് മൂന്ന് വിക്കറ്റുകളും ലഭിച്ചത്. ആറ് ഓവറുകള്‍ കഴിയുമ്പോള്‍ ശ്രേയസ്സ് അയ്യരും ഋഷഭ് പന്തുമാണ് ഡല്‍ഹി ക്യാപിറ്റല്‍സിനായി ക്രീസിലുള്ളത്. 23 റണ്‍സാണ് ടീം നേടിയിട്ടുള്ളത്.

ഐപിഎലിന്റെ ഗുണം ലഭിയ്ക്കുക ഓസ്ട്രേലിയയിലേക്ക് യാത്രയാകുന്ന താരങ്ങള്‍ക്ക് – മുഹമ്മദ് ഷമി

ഇന്ത്യന്‍ താരങ്ങളുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവാണ് ഐപിഎലിലൂടെ സാധ്യമാകുന്നതെങ്കിലും ഇതിന്റെ ഏറ്റവും വലിയ ഗുണം ലഭിയ്ക്കുക ഡൗണ്‍ അണ്ടര്‍ പരമ്പരയ്ക്ക് ഓസ്ട്രേലിയയിലേക്ക് യാത്രയാകുന്ന താരങ്ങള്‍ക്കാകുമെന്ന് വ്യക്തമാക്കി മുഹമ്മദ് ഷമി. ഫെബ്രുവരി 2020ല്‍ ന്യൂസിലാണ്ടിനെതിരെ ടെസ്റ്റ് മത്സരം അവസാനമായി കളിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് അടുത്ത പരീക്ഷണം ഡിസംബര്‍ 2020-2021ലുള്ള ഓസ്ട്രേലിയന്‍ പരമ്പയാണ്.

2018-19 സീസണില്‍ ഓസ്ട്രേലിയയില്‍ ചെന്ന് പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍ സംഘമായി മാറിയിരുന്നു കോഹ്‍ലിയും കൂട്ടുകാരും. ഇത്തവണ അത് സാധ്യമാകുക അല്പം പ്രയാസമാണെങ്കിലും ഐപിഎലിലൂടെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന താരങ്ങള്‍ക്ക് മികച്ച തയ്യാറെടുപ്പ് കൂടിയാവും ഈ ഐപിഎല്‍ സീസണ്‍ എന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബ് താരം കൂടിയായ ഇന്ത്യന്‍ ടെസ്റ്റ് താരം മുഹമ്മദ് ഷമി വ്യക്തമാക്കി.

ഫിറ്റ്നെസ്സിലും മത്സര പരിചയത്തിലും എല്ലാം ഈ താരങ്ങളെ തയ്യാറെടുക്കുവാനുള്ള അവസരമായി ഐപിഎല്‍ മാറുമെന്നും ഷമി സൂചിപ്പിച്ചു. ഒരു വലിയ പരമ്പരയ്ക്ക് മുമ്പ് ഐപിഎല്‍ പോലുള്ള ടൂര്‍ണ്ണമെന്റ് കളിക്കുവാനാകുമെന്നത് തന്നെ വലിയൊരു നേട്ടമായാണ് താന്‍ കരുതുന്നതെന്നും അതിന്റെ ഗുണം എല്ലാ താരങ്ങള്‍ക്കും ഉണ്ടാകുമെന്നും മുഹമ്മദ് ഷമി വ്യക്തമാക്കി.

ലോക്ക്ഡൗണില്‍ താനുമായി ഏറ്റവും അധികം സമ്പര്‍ക്കം പുലര്‍ത്തുന്നത് മുഹമ്മദ് ഷമിയാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ ബൗളിംഗ് കോച്ച്

കൊറോണ മൂലം ലോക്ക്ഡൗണിലാണെങ്കിലും കായിക താരങ്ങള്‍ക്കെല്ലാം അവരുടെ ഫിറ്റ്നെസ്സ് റുട്ടീനുകള്‍ പരിശീലകര്‍ നല്‍കിയിട്ടുണ്ട്. ഓരോ താരങ്ങളും ഏര്‍പ്പെടേണ്ട പരിശീലന മുറകള്‍ കൃത്യമായി അതാത് രാജ്യങ്ങളിലെ കായിക സംഘടനകള്‍ അവരുടെ താരങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും സമാനമായ പരിശീലന പരിപാടി അവരുടെ പരിശീലകര്‍ തയ്യാറാക്കിയിട്ടുണ്ട്.

ഈ ലോക്ക്ഡൗണ്‍ കാലത്ത് താനുമായി ഏറ്റവും അധികം സമ്പര്‍ക്കം പുലര്‍ത്തുന്നത് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയാണെന്ന് പേസ് ബൗളിംഗ് കോച്ച് ഭരത് അരുണ്‍ വ്യക്തമാക്കി. താരം തനിക്ക് എന്നും പരിശീലനത്തിന്റെ വീഡിയോകള്‍ അയയ്ക്കാറുണ്ടെന്നും താന്‍ ഷമിയുമായി നിരന്തരം സംസാരിക്കുകയും താരത്തെ പ്രോത്സാഹിപ്പിക്കുവാന്‍ ശ്രമിക്കാറുമുണ്ടെന്ന് ഭരത് അരുണ്‍ വിശദീകരിച്ചു.

ഇത് പോലെ പരിശീലനത്തില്‍ ഏര്‍പ്പെട്ടാല്‍ ഷമിയുടെ കരിയര്‍ രണ്ട് വര്‍ഷം കൂടുതല്‍ ദൈര്‍ഘ്യമുണ്ടാകുമെന്ന് താന്‍ ഇന്ത്യന്‍ പേസറോട് പറഞ്ഞിട്ടുണ്ടെന്നും ഭരത് വ്യക്തമാക്കി. ഇന്ത്യയ്ക്കായി മൂന്ന് ഫോര്‍മാറ്റിലും ടീമില്‍ ഇടം പിടിച്ചിട്ടുള്ള താരമാണ് മുഹമ്മദ് ഷമി.

നെറ്റ്സില്‍ ആര് കൂടുതല്‍ ബാറ്റ്സ്മാന്മാരുടെ ഹെല്‍മറ്റില്‍ പന്ത് കൊള്ളിക്കും എന്നതിനുള്ള മത്സരമാണ് ബുംറയും ഷമിയും തമ്മില്‍ നടക്കുന്നത്

ഇന്ത്യയുടെ നെറ്റ്സ് പരിശീലനത്തില്‍ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും തമ്മില്‍ രസകരമായ ചില മത്സരങ്ങള്‍ നടക്കാറുണ്ടെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. ഇരുവരും തമ്മില്‍ ആരാണ് കൂടുതല്‍ ബാറ്റ്സ്മാന്മാരുടെ ഹെല്‍മറ്റില്‍ പന്ത് കൊള്ളിക്കുക എന്നതില്‍ മത്സരം നടക്കുമെന്നാണ് രോഹിത് ശര്‍മ്മ വ്യക്തമാക്കിയത്.

ഇരുവര്‍ക്കുമെതിരെ നെറ്റ്സില്‍ ബാറ്റ് ചെയ്യുക പ്രയാസമാണ്. അതിന് കാരണമായി രോഹിത് പറഞ്ഞത് ഇരുവരും തമ്മില്‍ ഉള്ള ഈ മത്സരത്തെക്കുറിച്ചാണ്. നെറ്റ്സില്‍ പൊതുവേ ബൗളിംഗ് അനുകൂലമായ പിച്ചുകളാണ് തയ്യാറാക്കുക. അതില്‍ ഷമി വളരെ മികച്ച രീതിയില്‍ പന്തെറിയുമെന്ന് രോഹിത് പറഞ്ഞു. കൂടാതെ താന്‍ മൂന്ന് നാല് വര്‍ഷം മാത്രമായി കളിക്കുന്ന താരമായതിനാല്‍ ബുംറയെ നേരിടുകയും പ്രയാസമാണെന്ന് രോഹിത് വ്യക്തമാക്കി.

ഷമിയ്ക്കെതിരെ 2013 മുതല്‍ താന്‍ കളിക്കുകയാണ്, എന്നാല്‍ താരം വളെ പ്രയാസമേറിയ ബൗളറാണ് നെറ്റ്സില്‍ നേരിടാനെന്ന് രോഹിത് ശര്‍മ്മ വ്യക്തമാക്കി. ബാറ്റ്സ്മാന്മാരെ ബീറ്റ് ചെയ്യുകയും ഹെല്‍മറ്റില്‍ പന്ത് കൊള്ളിക്കുകയും ചെയ്യുന്നതില്‍ മുന്നിട്ട് നില്‍ക്കുന്നത് ഷമിയും ബുംറയുമാണെന്ന് രോഹിത് പറഞ്ഞു.

രോഹിത് പങ്കെടുത്ത പരിപാടി ആതിഥേയത്വം വഹിച്ചത് വനിത താരങ്ങളായ സ്മൃതി മന്ഥാനയും ജെമീമ റോഡ്രിഗസ്സുമായിരുന്നു. ഇതില്‍ സ്മൃതി താന്‍ ഷമിയെ ഒരിക്കല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ നേരിട്ടപ്പോളുള്ള അനുഭവവും പങ്കുവെച്ചു. അന്ന് ഷമിയുടെ പന്ത് കൊണ്ട് തന്റെ ഉള്ളംതുട നീര് വന്നുവെന്നും അത് ശരിയാകുവാന്‍ ഏറെ നാളെടുത്തുവെന്നുമാണ് സ്മൃതി മന്ഥാന പറഞ്ഞത്.

കുടുംബം ഒപ്പം നിന്നില്ലായിരുന്നുവെങ്കില്‍ തനിക്ക് ക്രിക്കറ്റ് നഷ്ടമായേനെ, താന്‍ മൂന്ന് തവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു

തന്റെ ഏറ്റവും പ്രയാസമേറിയ കാലഘട്ടത്തില്‍ തനിക്കൊപ്പം കുടുംബ നിന്നതാണ് തനിക്ക് ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് സാധ്യമായതെന്ന് പറഞ്ഞ് മുഹമ്മദ് ഷമി. താന്‍ പരിക്കേറ്റ് ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുന്ന സമയത്താണ് താനും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതെന്ന് ഷമി പറഞ്ഞു. അതേ സമയത്ത് തന്നെ താന്‍ കാര്‍ അപകടത്തില്‍ പെടുകയും ചെയ്തു.

അന്ന് ഭാര്യയുമായുള്ള പ്രശ്നം എന്നും മീഡിയയില്‍ ചര്‍ച്ചയാവുന്ന സമയമായിരുന്നു. ആ കാലത്ത് തന്റെ കുടുംബം തനിക്കൊപ്പം നിന്നില്ലായിരുന്നുവെങ്കില്‍ തനിക്ക് ക്രിക്കറ്റ് എന്നെന്നേക്കുമായി നഷ്ടമായേനെ എന്നും ഷമി വ്യക്തമാക്കി. നിങ്ങള്‍ വിശ്വസിക്കുമോ ഇല്ലയോ എന്നറിയില്ല പക്ഷേ താന്‍ മൂന്ന് വട്ടത്തോളം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് ഷമി വ്യക്തമാക്കി.

തനിക്ക് അത്രമാത്രം സമ്മര്‍ദ്ദം ആ സമയത്ത് ഉണ്ടായിരുന്നുവെന്നും താന്‍ ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാതിരുന്ന ഒരു ഘട്ടമായിരുന്നു അതെന്നും അതാണ് ആത്മഹത്യ ചിന്തയെല്ലാം തന്റെ മനസ്സിലേക്ക് എത്തിയതെന്നും ഷമി വ്യക്തമാക്കി. അന്ന് തന്റെ ചുറ്റും റൂമില്‍ എന്നും ആളുകളുണ്ടായിരുന്നു. താന്‍ അബദ്ധം ഒന്നും കാണിക്കരുതെന്ന് കരുതിയാണ് അവര്‍ എപ്പോളും തനിക്കൊപ്പം ഇരുന്നത്. താന്‍ ഉറങ്ങിയതെപ്പോളാണ് ഉണരുന്നതെപ്പോളാണ് എന്നൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്നും ഷമി പറഞ്ഞു.

ഏതൊരു പ്രശ്നത്തിനും പരിഹാരമുണ്ടെന്നായിരുന്നു എന്റെ കുടുംബാംഗങ്ങള്‍ എന്നോട് അന്ന് പറഞ്ഞിരുന്നത്. എല്ലാവരും പ്രശ്നങ്ങളിലൂടെ കടന്ന് പോകുമെന്നും അപ്പോള്‍ പൊരുതുന്നത് ഉപേക്ഷിക്കുന്നത് പരിഹാരമല്ലെന്നും അവര്‍ ഉപദേശിച്ചുവെന്ന് ഷമി വ്യക്തമാക്കി.

മടങ്ങി വരവിന് ശേഷം 37 ടെസ്റ്റില്‍ നിന്ന് 133 വിക്കറ്റ് നേടി മുഹമ്മദ് ഷമി ഇന്ത്യന്‍ പേസ് നിരയുടെ അവിഭാജ്യ ഘടകമായി മാറിയിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ഫോര്‍മാറ്റിലെ ഒഴിച്ച് നിര്‍ത്താനാകാത്ത ഘടകമായി ഷമി ചുരുങ്ങിയ കാലത്തിനുള്ളില്‍ മാറിക്കഴിഞ്ഞിരുന്നു.

ലോകകപ്പിന് ശേഷമുള്ള 18 മാസത്തെ പരിക്കിന്റെ കാലഘട്ടം തന്റെ ജീവിത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടം

2015ലെ അവിസ്മരണീയമായ ലോകകപ്പ് പ്രകടനത്തിന് ശേഷം കാല്‍മുട്ടിലെ പരിക്ക് മൂലം 18 മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ട് നിന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലഘട്ടമെന്ന് പറഞ്ഞ് മുഹമ്മദ് ഷമി. 2015 ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ താരം ടൂര്‍ണ്ണമെന്റിലെ നാലാമത്തെ മികച്ച വിക്കറ്റ് നേട്ടക്കാരനായിരുന്നു. 17 വിക്കറ്റാണ് താരം അന്ന് ടൂര്‍ണ്ണമെന്റില്‍ നിന്ന് നേടിയത്.

പരിക്കുമായാണ് താരം ടൂര്‍ണ്ണമെന്റ് കളിച്ചത്. അതിന് ശേഷം ലോകകപ്പ് കഴിഞ്ഞ ശേഷം 18 മാസമാണ് തനിക്ക് പൂര്‍ണ്ണമായും ഭേദപ്പെട്ട് തിരികെ ക്രിക്കറ്റിലേക്ക് എത്തുവാന്‍ എടുത്തതെന്നും ഷമി പറഞ്ഞു. റീഹാബ് നടപടികള്‍ എന്നും പ്രയാസകരമായ കാര്യമാണ്, ഒട്ടേറെ ബുദ്ധിമുട്ടുകള്‍ താന്‍ അന്ന് അനുഭവിച്ചുവെന്നും താരം വ്യക്തമാക്കി.

തിരികെ ക്രിക്കറ്റിലേക്ക് എത്തിയപ്പോള്‍ തനിക്ക് തലവേദനയായി കുടുംബത്തിലെ പ്രശ്നങ്ങളും അതിനൊപ്പം തന്നെ താന്‍ ഒരു കാര്‍ ആക്സിഡന്റിലും ഉള്‍പ്പെട്ടുവെന്നു ഷമി പറഞ്ഞു. 2018 ഐപിഎലിന് തൊട്ടു മുമ്പാണ് തനിക്ക് കാര്‍ അപടകം ഉണ്ടാകുന്നത്. അതേ സമയം തന്നെ മീഡിയയില്‍ തന്റെ കുടുംബ പ്രശ്നം ചര്‍ച്ചയായി നില്‍ക്കുകയായിരുന്നുവെന്നും ഷമി വ്യക്തമാക്കി.

Exit mobile version