റണ്ണൗട്ടായി കുശല്‍ മെന്‍ഡിസ് മടങ്ങി, ശ്രീലങ്കയുടെ പതനം പൂര്‍ത്തിയാക്കി പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്

കുശല്‍ മെന്‍ഡിസും റോഷെന്‍ സില്‍വയും പുറത്താകാതെ നിന്ന് ലഞ്ചിനായി പിരിയുമ്പോള്‍ ലങ്ക വിജയം സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. ശ്രമകരമെങ്കിലും അപ്രാപ്യമായൊരു ലക്ഷ്യമായിരുന്നില്ല അത്. ഈ ആറാം വിക്കറ്റ് കൂട്ടുകെട്ട് ഒരു 50-60 റണ്‍സ് കൂടി നേടിയാല്‍ ടീമിനെ ജയിപ്പിക്കുവാന്‍ ശേഷിയുള്ള ബാറ്റ്സ്മാന്മാര്‍ നിരോഷന്‍ ഡിക്ക്വെല്ലയിലും ദില്‍രുവന്‍ പെരേരയിലുമുണ്ടെന്നായിരുന്നു ലങ്ക കണക്ക് കൂട്ടിയത്.

എന്നാല്‍ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി ലഞ്ചിനു ശേഷം 102 റണ്‍സ് ആറാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവില്‍ കുശല്‍ മെന്‍ഡിസ് റണ്ണൗട്ട് രൂപത്തില്‍ പുറത്താകുകയായിരുന്നു. 86 റണ്‍സ് നേടിയ താരത്തെ റണ്ണൗട്ടാക്കുന്നതില്‍ ജാക്ക് ലീഷാണ് പങ്കു വഹിച്ചത്. മെന്‍‍ഡിസ് പുറത്താകുമ്പോള്‍ 184 റണ്‍സാണ് ശ്രീലങ്ക നേടിയത്.

ഏറെ വൈകാതെ നിരോഷന്‍ ഡിക്ക്വെല്ലയെയും(19) റോഷെന്‍ സില്‍വയെയും(65) പുറത്താക്കി ഇംഗ്ലണ്ട് മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. വാലറ്റത്തില്‍ മലിന്‍ഡ പുഷ്പകുമാര പൊരുതി നോക്കിയെങ്കിലും വിക്കറ്റുകള്‍ കൈവശമില്ലാത്തത് ശ്രീലങ്കയ്ക്ക് തിരിച്ചടിയായി.

11 റണ്‍സ് നേടിയ സുരംഗ ലക്മലിനെ പുറത്താക്കി ജാക്ക് ലീഷ് തന്റെ നാലാം വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ മറുവശത്ത് മലിന്‍ഡ പുഷ്പകുമാര 42 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു. 284 റണ്‍സിനാണ് ശ്രീലങ്ക 86.4 ഓവറില്‍ പുറത്തായത്. 42 റണ്‍സിന്റെ വിജയമാണ് മത്സരത്തില്‍ ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

ജാക്ക് ലീഷിനൊപ്പം നാല് വിക്കറ്റുമായി മോയിന്‍ അലിയും ഇംഗ്ലണ്ടിനു മികച്ച പിന്തുണ നല്‍കി.

പരമ്പര തൂത്തുവാരുവാന്‍ ഇംഗ്ലണ്ട് നേടേണ്ടത് 6 വിക്കറ്റുകള്‍

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര വൈറ്റ് വാഷ് ഭീഷണി ഒഴിവാക്കുക ശ്രീലങ്കയ്ക്ക് ഏറെക്കുറെ അസാധ്യമായി മാറിയിരിക്കുന്നു. രണ്ട് ദിവസം അവശേഷിക്കെ ശ്രീലങ്ക തോല്‍വി ഒഴിവാക്കുവാന്‍ 6 വിക്കറ്റുകള്‍ നഷ്ടമാകാതെ നോക്കണമെന്ന നിലയിലാണ്. 327 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്ക 53/4 എന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നത്. 274 റണ്‍സ് പിന്നിലായാണ് ടീം നില്‍ക്കുന്നത്.

രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ 230 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശ്രീലങ്ക മോയിന്‍ അലിയ്ക്ക് രണ്ട് വിക്കറ്റ് നല്‍കി. ജാക്ക് ലീഷ്, ബെന്‍ സ്റ്റോക്സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി ഇംഗ്ലണ്ട് നിരയില്‍ മോയിന്‍ അലിയ്ക്ക് പിന്തുണ നല്‍കി. 15 റണ്‍സുമായി കുശല്‍ മെന്‍ഡിസും 1 റണ്‍സ് നേടിയ ലക്ഷന്‍ സണ്ടകനുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

ആദ്യ ഇന്നിംഗ്സില്‍ തിളങ്ങിയ ദിമുത് കരുണാരത്നേ 23 റണ്‍സ് നേടി പുറത്തായപ്പോള്‍ ധനന്‍ജയ ഡിസില്‍വ പൂജ്യത്തിനു പുറത്തായി.

ശ്രീലങ്കയിലെ ഇംഗ്ലണ്ടിന്റെ പരമ്പര വിജയം 18 വര്‍ഷത്തിനു ശേഷം

ഇംഗ്ലണ്ടിന്റെ രണ്ടാം ടെസ്റ്റിലെ 57 റണ്‍സിന്റെ വിജയവും പരമ്പര 2-0നു സ്വന്തമാക്കിയതും ടീമിനു ഇരട്ടി മധുരമായി മാറുകയാണ്. നീണ്ട 18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടീമിനു ശ്രീലങ്കയില്‍ ഒരു പരമ്പര വിജയം സാധ്യമാകുന്നത്. അഞ്ചാം ദിവസം കളി ആരംഭിച്ച അര മണിക്കൂറിനുള്ളില്‍ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുമ്പോള്‍ മോയിന്‍ അലിയുടെയും ജാക്ക് ലീഷിന്റെയും പ്രകടനം എടുത്ത് പറയേണ്ടതാണ്.

വിജയം കുറിച്ച മലിന്‍ഡ പുഷ്പകുമാരയുടെ വിക്കറ്റ് വീഴ്ത്തി ലീഷ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ മോയിന്‍ അലി നാല് വിക്കറ്റും നേടി. ഇംഗ്ലണ്ടിന്റെ 2015-16 സീസണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ എവേ ജയത്തിനു ശേഷം ഇത് ആദ്യമായാണ് നാട്ടിനു പുറത്ത് ഒരു വിജയം കൊയ്യാനാകുന്നത്.

ശ്രീലങ്കയെ വീഴ്ത്തി മോയിന്‍ അലിയും ജാക്ക് ലീഷും, ഇംഗ്ലണ്ടിന്റെ ജയം 57 റണ്‍സിനു

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ അവസാന ദിവസം ആദ്യ സെഷനില്‍ തന്നെ വിജയം കുറിച്ച് ഇംഗ്ലണ്ട്. 301 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സ് 74 ഓവറില്‍ 243 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ശ്രീലങ്കയുടെ അവസാന പ്രതീക്ഷയായിരുന്നു നിരോഷന്‍ ഡിക്ക്വെല്ലയെയും പുറത്താക്കി മത്സരത്തില്‍ നിന്ന് നാല് വിക്കറ്റ് നേടിയ മോയിന്‍ അലിയും അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജാക്ക് ലീഷുമാണ് ഇംഗ്ലണ്ടിന്റെ വിജയ ശില്പികള്‍.

35 റണ്‍സാണ് ഡിക്ക്വെല്ല നേടിയത്. ഇന്നിംഗ്സില്‍ ആഞ്ചലോ മാത്യൂസ്(88), ദിമുത് കരുണാരത്നേ(57), റോഷെന്‍ സില്‍വ(37) എന്നിവര്‍ ബാറ്റ് വീശിയപ്പോള്‍ ശ്രീലങ്കയ്ക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ഇംഗ്ലണ്ട് ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ശ്രീലങ്കയെ പ്രതിരോധത്തിലാക്കുകയായിരുന്നു.

46 റണ്‍സിന്റെ നേരിയ ലീഡ് നേടി ശ്രീലങ്ക, രണ്ടാം ടെസ്റ്റ് ആവേശകരമായ നിലയില്‍

ശ്രീലങ്ക-ഇംഗ്ലണ്ട് ടീമുകളുടെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ മത്സരം ആവേശകരമായ നിലയില്‍. ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്സില്‍ 290 റണ്‍സിനു പുറത്താക്കിയ ശേഷം ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് ഇന്ന് 336 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. മത്സരത്തില്‍ 46 റണ്‍സിന്റെ ലീഡ് മാത്രമേ ലങ്കയ്ക്ക് നേടാനായുള്ളു എന്നതില്‍ ഇംഗ്ലണ്ടിനും ആശ്വസിക്കാം.

റോഷെന്‍ സില്‍വയും വാലറ്റവും നടത്തിയ ചെറുത്ത് നില്പിനൊപ്പം ഓപ്പണര്‍ ദിമുത് കരുണാരത്നേ, ധനന്‍ജയ ഡിസില്‍വ എന്നിവരുടെ പ്രകടനങ്ങളുമാണ് ലങ്കയ്ക്ക് ലീഡ് നല്‍കിയത്. 85 റണ്‍സ് നേടിയ റോഷെന്‍ സില്‍വ ഇന്നിംഗ്സിലെ അവസാന വിക്കറ്റായി വീണപ്പോള്‍ ലങ്ക 103 ഓവറില്‍ നിന്ന് 336 റണ്‍സ് നേടിയിട്ടുണ്ടായിരുന്നു.

ഒരു ഘട്ടത്തില്‍ 165/6 എന്ന നിലയിലേക്ക് വീണ ശേഷമാണ് ശ്രീലങ്ക ലീഡ് നേടുന്ന രീതിയിലേക്ക് തിരിച്ചുവരവ് നടത്തിയത്. ദിമുത് കരുണാരത്നേ 63 റണ്‍സ് നേടിയപ്പോള്‍ ധനന്‍ജയ ഡിസില്‍വ 59 റണ്‍സ് നേടി. അകില ധനന്‍ജയ പത്താമനായി ഇറങ്ങി 31 റണ്‍സ് നേടി.

ഇംഗ്ലണ്ടിനായി ആദില്‍ റഷീദും ജാക്ക് ലീഷും 3 വിക്കറ്റ് വീതം നേടിയപ്പോള്‍ മോയിന്‍ അലിയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു. രണ്ടാം ഇന്നിംഗ്സില്‍ ഒരോവര്‍ നേരിട്ട ഇംഗ്ലണ്ട് റണ്ണൊന്നും എടുക്കാതെ നില്‍ക്കുകയാണ്. ജാക്ക് ലീഷും റോറി ബേണ്‍സും ആണ് ക്രീസില്‍ നില്‍ക്കുന്നത്.

ഫോക്സ് കളിയിലെ താരം, ഇംഗ്ലണ്ടിനു 211 റണ്‍സിന്റെ വിജയം

ഗോള്‍ ടെസ്റ്റില്‍ വമ്പന്‍ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ശ്രീലങ്കയ്ക്കെതിരെ 211 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഇന്ന് ഇംഗ്ലണ്ട് നേടിയത്. ലക്ഷ്യമായ 462 റണ്‍സ് തേടിയിറങ്ങിയ ശ്രീലങ്ക 250 റണ്‍സിനു നാലാം ദിവസം തന്നെ ഓള്‍ഔട്ട് ആവുകയായിരുന്നു. മോയിന്‍ അലിയുടെ നാല് വിക്കറ്റിനൊപ്പം മൂന്ന് വിക്കറ്റുമായി ജാക്ക് ലീഷ് കൂടി ചേര്‍ന്നതോടെ ശ്രീലങ്കയുടെ പതനം പൂര്‍ണ്ണമായി.

ആഞ്ചലോ മാത്യൂസ് രണ്ടാം ഇന്നിംഗ്സിലും അര്‍ദ്ധ ശതകം നേടിയപ്പോള്‍ കുശല്‍ മെന്‍ഡിസ് ആണ് ടീമിലെ രണ്ടാമത്തെ ടോപ് സ്കോറര്‍. 53 റണ്‍സാണ് ആഞ്ചലോ മാത്യൂസ് നേടിയത്. കുശല്‍ മെന്‍ഡിസ് 45 റണ്‍സും നേടി. കൗശല്‍ സില്‍വ, ദില്‍രുവന്‍ പെരേര എന്നിവര്‍ 30 റണ്‍സ് വീതം നേടി.

അരങ്ങേറ്റത്തില്‍ ശതകം നേടി ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സിനെ പിടിച്ചുനിര്‍ത്തിയ ബെന്‍ ഫോക്സ് ആണ് കളിയിലെ താരം.

സ്കോര്‍
ഇംഗ്ലണ്ട്: 342, 322/6 decl
ശ്രീലങ്ക: 203, 250-all out

ഗോള്‍ ടെസ്റ്റില്‍ പിടിമുറുക്കി ഇംഗ്ലണ്ട്, ശ്രീലങ്ക 203 റണ്‍സിനു പുറത്ത്

ഗോള്‍ ടെസ്റ്റില്‍ മികച്ച ലീഡ് കരസ്ഥമാക്കി ഇംഗ്ലണ്ട്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 203 റണ്‍സിനു അവസാനിപ്പിച്ച് 139 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് കരസ്ഥമാക്കിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 38 റണ്‍സ് നേടിയിട്ടുണ്ട്. മത്സരത്തില്‍ 177 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിനു ഇപ്പോള്‍ ഉള്ളത്. കീറ്റണ്‍ ജെന്നിംഗ്സ് 26 റണ്‍സും റോറി ബേണ്‍സ് 11 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്.

മുന്‍ നായകന്‍ ആഞ്ചലോ മാത്യൂസ് നേടിയ അര്‍ദ്ധ ശതകം മാത്രമാണ് ആതിഥേയരുടെ നിരയിലെ ശ്രദ്ധേയമായ പ്രകടനം. 52 റണ്‍സ് നേടിയ താരത്തിന്റെയും ദിനേശ് ചന്ദിമലിന്റെയും(33), നിരോഷന്‍ ഡിക്ക്വെല്ലയുടെയും(28) വാലറ്റത്തിന്റെ ചെറുത്ത് നില്പുമാണ് ശ്രീലങ്കയെ 200 കടക്കുവാന്‍ സഹായിച്ചത്.

40/4 എന്ന നിലയില്‍ നിന്ന് ശ്രീലങ്കയെ കരകയറ്റുമെന്ന് തോന്നിപ്പിച്ച അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനു അടിത്തറ പാകിയ മാത്യൂസും-ചന്ദിമലും ചേര്‍ന്ന് 75 റണ്‍സാണ് വിക്കറ്റില്‍ നേടിയത്. എന്നാല്‍ ആദില്‍ റഷീദ് ചന്ദിമലിനെ പുറത്താക്കിയ ശേഷം മറ്റു താരങ്ങള്‍ക്കൊപ്പം മാത്യൂസ് പൊരുതിയെങ്കിലും ഇംഗ്ലണ്ട് ബൗളിംഗിനെ അതിജീവിക്കുവാന്‍ ശ്രീലങ്കയ്ക്കായില്ല.

മോയിന്‍ അലി നാല് വിക്കറ്റ് നേടിയപ്പോള്‍ ജാക്ക് ലീഷും ആദില്‍ റഷീദും രണ്ട് വീതം വിക്കറ്റ് നേടി. സാം കറന്‍, ജെയിംസ് ആന്‍ഡേഴ്സണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

കൂറ്റന്‍ ജയവുമായി ശ്രീലങ്ക, ഇംഗ്ലണ്ടിനെ തകര്‍ത്തത് 219 റണ്‍സിനു

പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 219 റണ്‍സിന്റെ ജയം സ്വന്തമാക്കി ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത 366 റണ്‍സ് നേടിയ ആതിഥേയര്‍. 26.1 ഓവറില്‍ 132/9 എന്ന നിലയില്‍ ഇംഗ്ലണ്ട് ഓള്‍ഔട്ട് ഭീഷണി നേരിടുന്ന സമയത്ത് മഴ കളി തടസ്സപ്പെടുത്തുകയും പിന്നീട് മഴ നിയമത്തില്‍ ശ്രീലങ്കയെ 219 റണ്‍സിനു ജേതാക്കളാണെന്നും പ്രഖ്യാപിക്കുകയായിരുന്നു. അകില ധനന്‍ജയ, ദുഷ്മന്ത ചമീര എന്നിവരുടെ ബൗളിംഗ് പ്രകടനമാണ് ശ്രീലങ്കയ്ക്ക് ഇംഗ്ലണ്ടിനെതിരെയുള്ള ഏറ്റവും വലിയ വിജയം നേടുവാന്‍ സഹായിച്ചത്.

67 റണ്‍സ് നേടി ബെന്‍ സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. മോയിന്‍ അലി 37 റണ്‍സ് നേടി. ശ്രീലങ്കയ്ക്കായി അകില ധനന്‍ജയ നാലും ദുഷ്മന്ത ചമീര 3 വിക്കറ്റും വീഴ്ത്തി.

ഒസാമ പരാമര്‍ശം, അന്വേഷണം തുടരേണ്ടതില്ലെന്ന നിലപാടില്‍ മോയിന്‍ അലി

2015 ആഷസില്‍ തനിക്കെതിരെ ഒരു ഓസ്ട്രേലിയന്‍ താരം ഒസാമയെന്ന് വിളിച്ചെന്ന ആരോപണത്തില്‍ കൂടുതല്‍ അന്വേഷണത്തിനു പോകേണ്ടതില്ലെന്ന നിലപാടുമായി മോയിന്‍ അലി. തന്റെ ആത്മകഥയിലാണ് ഈ പരാമര്‍ശം ഇംഗ്ലണ്ട് താരം ഉന്നയിച്ചത്. അന്നിത് താന്‍ ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ് വഴി ഓസ്ട്രേലിയന്‍ കോച്ച് ഡാരെന്‍ ലീമാനെ അറിയിച്ചുവെങ്കിലും ആ താരം ഇത് നിഷേധിക്കുകയായിരുന്നു.

ഒരു ഓസ്ട്രേലിയന്‍ പത്രത്തോട് സംസാരിക്കവെയാണ് മോയിന്‍ അലി തന്റെ പുതിയ നിലപാടിനെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ് അഭിപ്രായപ്പെട്ടത്. മോയിന്‍ അലിയ്ക്ക് ഇതില്‍ കൂടുതല്‍ വിവാദമുണ്ടാക്കണമെന്ന് താല്പര്യമില്ലെന്നും ആര്‍ക്കും പ്രശ്നങ്ങളുണ്ടാക്കമെന്നും താരം ആഗ്രഹിക്കുന്നില്ലെന്നും ബെയിലിസ് അഭിപ്രായപ്പെട്ടു.

മോയിന്‍ അലിയുടെ ആരോപണം, അന്വേഷണത്തിനു ഉത്തരവിട്ട് ക്രിക്കറ്റ് ഓസ്ട്രേലിയ

മോയിന്‍ അലിയുടെ ആത്മകഥയിലെ പരാമര്‍ശത്തില്‍ അന്വേഷണത്തിനു ഉത്തരവിട്ട് ക്രിക്കറ്റ് ഓസ്ട്രേലിയ. 2015 ആഷസ് പരമ്പരയ്ക്കിടെ തനിക്കെതിരെ ഒരു ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം വംശീയ അധിക്ഷേപം നടത്തിയെന്നാണ് തന്റെ ആത്മകഥയില്‍ മോയിന്‍ അലി പരാമര്‍ശിക്കുന്നത്. തന്നെ ഒസാമ ബിന്‍ ലാദന്‍ എന്ന് താരം വിളിച്ചുവെന്നാണ് മോയിന്‍ അലി പറഞ്ഞത്.

ഇക്കാര്യം അതീവ ഗൗരവത്തോടെയാണ് കണക്കാക്കുന്നതെന്നും ഇത്തരം പ്രവൃത്തികള്‍ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നവരില്‍ നിന്നുണ്ടാകുവാന്‍ പാടില്ലെന്ന് വ്യക്തമാക്കിയ ക്രിക്കറ്റ് ഓസ്ട്രേലിയ വക്താവ് ഇതിന്മേല്‍ അന്വേഷണം ഉണ്ടാകുമെന്ന് അറിയിച്ചു. അന്ന് ഇത് ഓസ്ട്രേലിയന്‍ കോച്ച് ഡാരെന്‍ ലീമാന്‍ ചോദിച്ചപ്പോള്‍ പ്രസ്തുത താരം കാര്യം നിഷേധിക്കുകയായിരുന്നു.

ആഷസിനിടെ വംശീയാധിക്ഷേപം നേരിട്ടു, ഒസാമ എന്ന് തന്നെ ഒരു ഓസ്ട്രേലിയന്‍ താരം വിളിച്ചു

2015 ആഷസ് പരമ്പരയ്ക്കിടെ തനിക്കെതിരെ ഒരു ഓസ്ട്രേലിയന്‍ താരം വംശീയാധിക്ഷേപം നടത്തിയെന്ന് തുറന്ന് പറഞ്ഞ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലി. കാര്‍ഡിഫിലെ ആദ്യ ടെസ്റ്റിനിടെയാണ് സംഭവം. മത്സരത്തില്‍ 77 റണ്‍സും 5 വിക്കറ്റും നേടി മോയിന്‍ തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ട് 169 റണ്‍സിന്റെ വിജയം നേടിയിരുന്നു.

വ്യക്തിപരമായി എനിക്ക് മികച്ച ഒരു ആഷസ് പരമ്പരയായിരുന്നു 2015ലേത്. എന്നാല്‍ ഒരു സംഭവം തനിക്ക് ഏറെ വിഷമമുണ്ടാക്കിയെന്ന് താരത്തിന്റെ പേര് പറയാതെ മോയിന്‍ അലി തന്റെ ആത്മകഥയില്‍ ഇപ്രകാരം സൂചിപ്പിച്ചു. “ടേക്ക് ദാറ്റ്, ഒസാമ”യെന്ന് താരം തനിക്കെതിരെ പറഞ്ഞപ്പോള്‍ ഇത്രമേല്‍ ദേഷ്യം തനിക്ക് ക്രിക്കറ്റ് ഫീല്‍ഡില്‍ ഒരിക്കലും ഉണ്ടായിരുന്നില്ലെന്നും മോയിന്‍ അലി പറയുന്നു.

ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ് ഈ സംഭവം അന്നത്തെ ഓസ്ട്രേലിയന്‍ കോച്ചായിരുന്നു ഡാരെന്‍ ലേമാനോടും പറഞ്ഞിട്ടുണ്ട്. ലേമാന്‍ താരത്തിനോട് ഇത് ചോദിച്ചപ്പോള്‍ താരം നിഷേധിക്കുകയായിരുന്നു. താന്‍ പറഞ്ഞത് “ടേക്ക് ദാറ്റ്, യൂ പാര്‍ട്-ടൈമര്‍” എന്നാണെന്ന് പറഞ്ഞ് താരം കൈകഴുകുകയായിരുന്നുവെന്നും മോയിന്‍ അലി അന്നത്തെ സംഭവത്തെ ഓര്‍ത്ത് പറഞ്ഞു.

മികച്ച തുടക്കത്തിനു ശേഷം ഇംഗ്ലണ്ട് പതറുന്നു, കുക്കിനും മോയിന്‍ അലിയ്ക്കും അര്‍ദ്ധ ശതകം

അലിസ്റ്റര്‍ കുക്കും മോയിന്‍ അലിയും നല്‍കിയ മികച്ച തുടക്കത്തിനു ശേഷം പ്രതിരോധത്തിലായി ഇംഗ്ലണ്ട്. ഒന്നാം വിക്കറ്റില്‍ കുക്കും കീറ്റണ്‍ ജെന്നിംഗ്സും ചേര്‍ന്ന് 60 റണ്‍സ് നേടിയ ശേഷം ജെന്നിംഗ്സിനെ(23) രവീന്ദ്ര ജഡേജ പുറത്താക്കിയ ശേഷം മത്സരത്തില്‍ ഇംഗ്ലണ്ട് കുതിയ്ക്കുകയായിരുന്നു. എന്നാല്‍ 71 റണ്‍സ് നേടിയ കുക്ക് പുറത്തായ ശേഷം ജോ റൂട്ടും ജോണി ബൈര്‍സ്റ്റോയും തുടര്‍ ഓവറുകളില്‍ പുറത്തായതോടെ ഇംഗ്ലണ്ടിന്റെ നില പരുങ്ങലിലാവുകയായിരുന്നു.

133/1 എന്ന നിലയില്‍ നിന്ന് ഇംഗ്ലണ്ട് 134/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. ഒരു റണ്‍സ് എടുക്കുന്നതിനിടയില്‍ 3 വിക്കറ്റാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. 73 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടി കുതിയ്ക്കുകയായിരുന്നു ഇംഗ്ലണ്ടിനെ തിരിച്ചടി നല്‍കിയത് ജസ്പ്രീത് ബുംറ ആയിരുന്നു. ഒരേ ഓവറില്‍ കുക്കിനെയും ജോ റൂട്ടിനെയും പുറത്താക്കിയ ബുംറയ്ക്ക് പിന്തുണയായി അടുത്ത ഓവറില്‍ ബൈര്‍സ്റ്റോയെ ഇഷാന്ത് ശര്‍മ്മ പുറത്താക്കി.

അഞ്ചാം വിക്കറ്റില്‍ മോയിന്‍ അലി ബെന്‍ സ്റ്റോക്സ് കൂട്ടുകെട്ട് 37 റണ്‍സ് കൂടി നേടിയെങ്കിലും സ്റ്റോക്സിനെ(11) ജഡേജ മടക്കിയയ്ച്ചു. ഏറെ വൈകാതെ അര്‍ദ്ധ ശതകം തികച്ചയുടനെ മോയിന്‍ അലിയെയും(50) ഇംഗ്ലണ്ടിനു നഷ്ടമായി. ഇഷാന്ത് ശര്‍മ്മയ്ക്കായിരുന്നു വിക്കറ്റ്. അതേ ഓവറില്‍ തന്നെ ഇംഗ്ലണ്ടിനു സാം കറനെയും നഷ്ടമായി.

ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 198/7 എന്ന നിലയിലാണ്.  ജോസ് ബട്‍ലര്‍ (11*), ആദില്‍ റഷീദ്(4*) എന്നിവരാണ് ക്രീസില്‍. ഇന്ത്യയ്ക്കായി ഇഷാന്ത് ശര്‍മ്മ മൂന്നും ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Exit mobile version