വനിതാ പ്രീമിയർ ലീഗ് 2026 ഷെഡ്യൂൾ പ്രഖ്യാപിച്ചു


ടാറ്റാ വനിതാ പ്രീമിയർ ലീഗിന്റെ (WPL) നാലാം പതിപ്പിനായുള്ള (2026) മുഴുവൻ ഷെഡ്യൂളും ബിസിസിഐ പ്രഖ്യാപിച്ചു. ജനുവരി 9 മുതൽ ഫെബ്രുവരി 5 വരെ നവി മുംബൈയിലും വഡോദരയിലുമായാണ് മത്സരങ്ങൾ നടക്കുക. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള ബ്ലോക്ക്ബസ്റ്റർ ഓപ്പണർ മത്സരത്തോടെയാണ് ടൂർണമെന്റിന് തുടക്കമാകുക. നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ഈ ഉദ്ഘാടന മത്സരം.

ആദ്യ ഘട്ടത്തിൽ ജനുവരി 17 വരെ 11 മത്സരങ്ങൾ നടക്കും. തുടർന്ന് ശേഷിക്കുന്ന ലീഗ് മത്സരങ്ങൾ, പ്ലേഓഫുകൾ, ഫെബ്രുവരി 5-ലെ ഫൈനൽ എന്നിവ വഡോദരയിലെ കോടാമ്പി സ്റ്റേഡിയത്തിലേക്ക് മാറും.
ന്യൂഡൽഹിയിൽ നടന്ന മെഗാ ലേലത്തിന് ശേഷമാണ് ഈ സീസൺ എത്തുന്നത്. 3.2 കോടി രൂപയ്ക്ക് ദീപ്തി ശർമ്മ യുപി വാരിയേഴ്സിലേക്ക് തിരിച്ചെത്തിയതും 3 കോടി രൂപയ്ക്ക് അമേലിയ കെർ മുംബൈ ഇന്ത്യൻസിൽ ചേർന്നതുമെല്ലാം ഈ ലേലത്തിലെ പ്രധാന വാങ്ങലുകളായിരുന്നു.

പ്ലേഓഫുകൾ പഴയ ഫോർമാറ്റിൽ തന്നെയായിരിക്കും: പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാർ നേരിട്ട് ഫൈനലിലേക്ക് പോകുമ്പോൾ, രണ്ടും മൂന്നും സ്ഥാനക്കാർ ഫെബ്രുവരി 3-ന് എലിമിനേറ്ററിൽ ഏറ്റുമുട്ടും. ഇന്ത്യൻ യുവ പ്രതിഭകളെയും ആഗോള താരങ്ങളെയും സമന്വയിപ്പിച്ച് തീവ്രമായ പോരാട്ടം വാഗ്ദാനം ചെയ്യുന്ന വനിതാ ക്രിക്കറ്റിന് ഈ സീസൺ കൂടുതൽ പ്രചോദനമാകും.


മുംബൈ ഇന്ത്യൻസ് WPL കിരീടം സ്വന്തമാക്കി, ഡൽഹിക്ക് കണ്ണീർ!!

വനിതാ പ്രീമിയർ ലീഗ് (WPL) കിരീടം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. ഇന്ന് ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിന് എതിരെ 8 റൺസ് വിജയമാണ് മുംബൈ ഇന്ത്യൻസ് ഫൈനലിൽ നേടിയത്. മുംബൈ ഇന്ത്യൻസിന്റെ രണ്ടാം WPL കിരീടമാണിത്. ഡൽഹി ക്യാപിറ്റൽസിന് മറ്റൊരു ഫൈനൽ തോൽവിയും.

ഇന്ന് മുംബൈ ഉയർത്തിയ 150 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടു. മെഗ് ലാന്നിംഗ് 13, ഷഫാലി വർമ്മ 4, ജോണാസൻ 13, സത്തർലാണ്ട് 2, എന്നിവർ നിരാശപ്പെടുത്തി.

ജമീമ പൊരുതി നോക്കി എങ്കിലും 30 റൺസ് എടുത്ത് നിൽക്കെ അമിലിയ കെറിന്റെ പന്തിൽ പുറത്തായി. പിന്നെ മരിസൻ കാപിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു. 5 ഓവറിൽ 52 വേണ്ടപ്പോൾ 16ആം ഓവറിൽ കാപ്പ് 17 റൺസ് അടിച്ചു. ഇത് 4 ഓവറിൽ 35 എന്ന നിലയിലേക്ക് ലക്ഷ്യം കുറച്ചു.

എന്നാൽ 18ആം ഓവറിൽ കാപ് പുറത്തായി. 26 പന്തിൽ നിന്ന് 40 റൺസ് കാപ് എടുത്തു. തൊട്ടടുത്ത പന്തിൽ ശിഘ പാണ്ഡെയും പുറത്തായി. സ്കാവിയർ ബ്രണ്ട് ആണ് 2 വിക്കറ്റും വീഴ്ത്തിയത്. പിന്നാലെ വന്ന മലയാളി താരം മിന്നുമണി ഒരു ബൗണ്ടറിയുമായി ഡൽഹിക്ക് പ്രതീക്ഷ നൽകി.

അവസാന 2 ഓവറിൽ ഡൽഹിക്ക് ജയിക്കാൻ 23 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. അടുത്ത ഓവറിൽ മിന്നു മണി പുറത്തായി. ഇതോടെ ഡൽഹി അവസാന വിക്കറ്റിലേക്ക് എത്തി. നിഖി പ്രസാദ് ഒരു സിക്സ് പറത്തിയതോടെ ഡൽഹിക്ക് 6 പന്തിൽ നിന്ന് 14 റൺസ്.

സ്കിവിയർ ബ്രണ്ടിന്റെ അവസാന ഓവറിൽ ഡൽഹിക്ക് പക്ഷെ 4 റൺസേ എടുക്കാൻ ആയുള്ളൂ. അവരുടെ ഇന്നിംഗ്സ് 141/9-ൽ അവസാനിച്ചു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത മുംബൈ തങ്ങളുടെ 20 ഓവറിൽ 149/7 എന്ന സ്കോർ ഉയർത്തി. 44 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്‌സും സഹിതം 66 റൺസുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആണ് മുംബൈക്ക് പൊരുതാനുള്ള റൺസ് നൽകിയത്.

നാറ്റ് സ്കൈവർ-ബ്രണ്ട് 28 പന്തിൽ 30 റൺസ് സംഭാവന ചെയ്‌തപ്പോൾ, അമൻജോത് കൗർ (7 പന്തിൽ 14) റൺസ് എടുത്തു. എന്നാൽ അവസാന 5 ഓവറിൽ റൺസ് ഉയർത്താൻ മുംബൈക്ക് ആയില്ല.

ഡിസി-ഡബ്ല്യുവിന് വേണ്ടി, മാരിസാൻ കാപ്പ് തൻ്റെ നാല് ഓവറിൽ 2/11 എന്ന നിലയിൽ മികച്ച ബൗളിംഗ് കാഴ്ചവെച്ചു. ശ്രീ ചരണിയും ജെസ് ജോനാസനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഹർമൻപ്രീതിന് ഫിഫ്റ്റി, WPL ഫൈനലിൽ ഡൽഹിക്ക് മുന്നിൽ 150 എന്ന വിജയലക്ഷ്യം വെച്ച് മുംബൈ ഇന്ത്യൻസ്

ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ ഡൽഹി ക്യാപിറ്റൽസ് വനിതകൾക്കെതിരെ മുംബൈ ഇന്ത്യൻസ് വനിതകൾ തങ്ങളുടെ 20 ഓവറിൽ 149/7 എന്ന സ്കോർ ഉയർത്തി. 44 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്‌സും സഹിതം 66 റൺസുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആണ് മുംബൈക്ക് പൊരുതാനുള്ള റൺസ് നൽകിയത്.

നാറ്റ് സ്കൈവർ-ബ്രണ്ട് 28 പന്തിൽ 30 റൺസ് സംഭാവന ചെയ്‌തപ്പോൾ, അമൻജോത് കൗർ (7 പന്തിൽ 14) റൺസ് എടുത്തു. എന്നാൽ അവസാന 5 ഓവറിൽ റൺസ് ഉയർത്താൻ മുംബൈക്ക് ആയില്ല.

ഡിസി-ഡബ്ല്യുവിന് വേണ്ടി, മാരിസാൻ കാപ്പ് തൻ്റെ നാല് ഓവറിൽ 2/11 എന്ന നിലയിൽ മികച്ച ബൗളിംഗ് കാഴ്ചവെച്ചു. ശ്രീ ചരണിയും ജെസ് ജോനാസനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഒരു WPL സീസണിൽ 400 റൺസ് നേടുന്ന ആദ്യ കളിക്കാരിയായി നാറ്റ് സ്കൈവർ-ബ്രണ്ട്

2025 ലെ വനിതാ പ്രീമിയർ ലീഗ് (WPL) ൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ നാറ്റ് സ്കൈവർ-ബ്രണ്ട് ചരിത്രം സൃഷ്ടിച്ചു, ടൂർണമെന്റിന്റെ ഒരു പതിപ്പിൽ 400 റൺസ് നേടുന്ന ആദ്യ കളിക്കാരിയായി അവൾ മാറി. മുംബൈ ഇന്ത്യൻസിനു വേണ്ടി കളിക്കുന്ന താരം ചൊവ്വാഴ്ച ബ്രാബോൺ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിലാണ് ഈ നാഴികക്കല്ല് പിന്നിട്ടത്.

ഓറഞ്ച് ക്യാപ്പ് റേസിൽ മുന്നിലുള്ള സ്കൈവർ-ബ്രണ്ട് ഇന്നലെ 35 പന്തിൽ നിന്ന് 69 റൺസ് നേടി. ഇതോടെ എട്ട് മത്സരങ്ങളിൽ നിന്ന് 416 റൺസിൽ അവർ എത്തി.

ഒരു WPL സീസണിൽ ഏറ്റവും കൂടുതൽ റൺസ്:

നാറ്റ് സ്കൈവർ-ബ്രണ്ട് (മുംബൈ ഇന്ത്യൻസ്) – 416 (2025)*

എല്ലിസ് പെറി (റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു) – 372 (2025)

എല്ലിസ് പെറി (റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു) – 347 (2024)

മെഗ് ലാനിംഗ് (ഡൽഹി ക്യാപിറ്റൽസ്) – 345 (2023)

നാറ്റ് സ്കൈവർ-ബ്രണ്ട് (മുംബൈ ഇന്ത്യൻസ്) – 332 (2023)

എട്ട് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി മുംബൈ ഇന്ത്യൻസ് ലീഗ് ഘട്ടത്തിൽ രണ്ടാം സ്ഥാനത്തെത്തി, തുടർച്ചയായ മൂന്നാം സീസണിലും ഫൈനലിൽ നേരിട്ടുള്ള സ്ഥാനം നേടാൻ അവർക്ക് ആയില്ല. മാർച്ച് 13 ന് നടക്കുന്ന എലിമിനേറ്ററിൽ അവർ ഗുജറാത്ത് ജയന്റ്സിനെ നേരിടും, വിജയിക്കുന്ന ടീം മാർച്ച് 15 ന് നടക്കുന്ന ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും.

മോശം പെരുമാറ്റത്തിന് ഹർമൻപ്രീത് കൗറിന് പിഴ

യുപി വാരിയേഴ്സിനെതിരായ മത്സരത്തിനിടെ ഡബ്ല്യുപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് മാച്ച് ഫീയുടെ 10% പിഴ ചുമത്തി. അവസാന ഓവറിൽ സ്ലോ ഓവർ റേറ്റിന് എംഐക്ക് പിഴ ചുമത്തിയ സംഭവം ഫീൽഡിംഗ് നിയന്ത്രണങ്ങളിലേക്ക് നയിച്ചു. ഈ തീരുമാനത്തെ ചൊല്ലി ഹർമൻപ്രീത് രോഷാകുല ആവുക ആയിരുന്നു. അമ്പയറോടും പിന്നീട് എക്ല്സ്റ്റോണോടും ഹർമൻപ്രീത് കയർത്തു സംസാരിച്ചു. അവസാനം അമ്പയർ ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

വിവാദങ്ങൾക്കിടയിലും, അമേലിയ കെറിൻ്റെ അഞ്ച് വിക്കറ്റ് നേട്ടത്തിബ്റ്റെയും ഹെയ്‌ലി മാത്യൂസിൻ്റെ 46 പന്തിൽ 68 റൺസിന്റെയും മികവിൽ, എംഐ ആറ് വിക്കറ്റിൻ്റെ വിജയം ഉറപ്പിച്ചു.

ആർ സി ബിക്ക് എതിരെ ഡൽഹി ക്യാപിറ്റൽസിന് 9 വിക്കറ്റ് വിജയം

ബംഗളൂരു, മാർച്ച് 1: വനിതാ പ്രീമിയർ ലീഗിൽ 15.3 ഓവറിൽ 148 റൺസ് പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസ് വനിതകൾ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു വനിതകളെ ഒമ്പത് വിക്കറ്റിന് തോൽപിച്ചു. ഷഫാലി വർമ (43 പന്തിൽ 80), ജെസ് ജോനാസെൻ (38 പന്തിൽ 61) എന്നിവരുടെ മികവിൽ, 27 പന്തുകൾ ശേഷിക്കെ, അനായാസ വിജയം അവർ ഉറപ്പാക്കി.

47 പന്തിൽ പുറത്താകാതെ 60 റൺസ് നേടിയ എല്ലിസ് പെറിയുടെ മികവിൽ RCB- 147/5 എന്ന സ്കോർ ആയിരുന്നു നേടിയിരുന്നത്. ശിഖ പാണ്ഡെ (2/24), ശ്രീ ചരണി (2/28) എന്നിവർ ഡെൽഹിക്ക് ആയി നന്നായി ബൗൾ ചെയ്തു.

ഡൽഹി 7 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി നോക്കൗട്ട് യോഗ്യത ഉറപ്പിച്ചു. അവർ ഇപ്പോൾ ലീഗിൽ ഒന്നാമതാണ്. 4 പോയിന്റുമായി ആർ സി ബി നാലാം സ്ഥാനത്താണ്.

ചാമരി അത്തപ്പത്തുവിന് പകരം ജോർജിയ വോൾ യുപി വാരിയേഴ്സ് ടീമിൽ

വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) വിട്ട് ശ്രീലങ്കയുടെ ന്യൂസിലൻഡ് പര്യടനത്തിൽ ചേരാൻ ഒരുങ്ങുന്ന ചമരി അത്തപ്പത്തുവിന് പകരക്കാരുയായി യുപി വാരിയോർസ് (യുപിഡബ്ല്യു) ഓസ്‌ട്രേലിയൻ ബാറ്റർ ജോർജിയ വോളിനെ ടീമിൽ എടുത്തു. ഫെബ്രുവരി 26 വരെ മാത്രമേ അത്തപ്പത്തു WPL-ന് ലഭ്യമായിരുന്നുള്ളൂ. ഈ സീസണിൽ യുപിഡബ്ല്യുവിൻ്റെ ആദ്യ അഞ്ച് മത്സരങ്ങളിൽ ഒന്നിലും താരം കളിച്ചിരുന്നില്ല.

21 കാരിയായ ടോപ്പ് ഓർഡർ ബാറ്ററായ വോൾ ഓസ്‌ട്രേലിയയ്‌ക്കായി മൂന്ന് ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ജനുവരിയിൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ചു. 144 സ്‌ട്രൈക്ക് റേറ്റിൽ 330 റൺസ് നേടിയ അവൾ 2024-25 WBBL-ൽ സിഡ്‌നി തണ്ടറിൻ്റെ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായിരുന്നു.

കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയ്‌ക്കെതിരായ തൻ്റെ രണ്ടാം ഏകദിനത്തിൽ വോൾ സെഞ്ച്വറി നേടി, 86 ശരാശരിയിൽ 173 റൺസുമായി അന്ന് പരമ്പരയിലെ ടോപ് റൺസ് സ്‌കോററും ആയി.

എല്ലിസ് പെറിയുടെ മികവിൽ RCB-ക്ക് മികച്ച സ്കോർ

വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു വനിതാ ടീം 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടി. 57 പന്തിൽ നിന്ന് ഒമ്പത് ഫോറുകളും മൂന്ന് സിക്‌സറുകളും ഉൾപ്പെടെ 157.89 എന്ന സ്ട്രൈക്ക് റേറ്റിൽ 90 റൺസ് എടുത്ത എല്ലിസ പെറിയുടെ ആർ സി ബി നല്ല സ്കോർ നേടിയത്.

ക്യാപ്റ്റൻ സ്മൃതി മന്ദാന ദീപ്തി ശർമ്മയുടെ പന്തിൽ വെറും 6 റൺസിന് പുറത്തായത് കൊണ്ട് തുടക്കത്തിൽ ആർ സി ബി പ്രയാസപ്പെട്ടിരുന്നു‌. ഡാനിയേൽ വ്യാറ്റ്-ഹോഡ്ജ് 41 പന്തിൽ നിന്ന് നാല് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും ഉൾപ്പെടെ 57 റൺസ് നേടി നല്ല സംഭാവന നൽകി.

യുപി വാരിയേഴ്‌സിനായി ചിനെല്ലെ ഹെൻറി ദീപ്തി ശർമ്മ, തഹ്ലിയ മക്ഗ്രാത്ത് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

WPL 2025: ടൂർണമെന്റ് ഓപ്പണറിൽ ഗുജറാത്ത് ജയന്റ്‌സ് ആർ‌സി‌ബിയെ നേരിടും

വനിതാ പ്രീമിയർ ലീഗ് (WPL) 2025 ഫെബ്രുവരി 14 ന് ആരംഭിക്കും, വഡോദരയിലെ കൊട്ടമ്പി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഗുജറാത്ത് ജയന്റ്‌സിനെ നേരിടും.

ഫെബ്രുവരി 14 നും മാർച്ച് 15 നും ഇടയിൽ വഡോദര, ബെംഗളൂരു, ലഖ്‌നൗ, മുംബൈ എന്നീ നാല് നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ടൂർണമെന്റിൽ 22 മത്സരങ്ങൾ ആകെ നടക്കും. WPL ഒന്നിലധികം നഗരങ്ങളിലായി നടക്കുന്നത് ഇതാദ്യമായാണ്.

വഡോദര അടുത്തിടെ ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ആതിഥേയത്വം വഹിച്ചിരുന്നു. കഴിഞ്ഞ വർഷം ലീഗിന്റെ ആദ്യ പാദം നടന്ന ബെംഗളൂരു ഒരു പ്രധാന വേദിയായി തുടരും.

WPL 2025 ലേലം; 16 വയസ്സുകാരി ജി കമാലിനിയെ മുംബൈ ഇന്ത്യൻസ് 1.6 കോടി രൂപയ്ക്ക് സ്വന്തമാക്കി

16 വയസ്സുള്ള തമിഴ്‌നാട് ഓൾറൗണ്ടർ ജി കമാലിനിയെ 1.6 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് WPL 2025 മിനി ലേലത്തിൽ സ്വന്തമാക്കി. 10 ലക്ഷം രൂപ അടിസ്ഥാന വിലയിൽ ആരംഭിച്ച അൺക്യാപ്ഡ് താരത്തിനായുള്ള ലേലം ആവേശകരമായിരുന്നു. അവസാനം MI ഡൽഹി ക്യാപിറ്റൽസിനെ മറികടന്നാണ് സ്വന്തമാക്കിയത്.

അടുത്തിടെ പാക്കിസ്ഥാനെതിരായ അണ്ടർ 19 ഏഷ്യാ കപ്പ് വിജയത്തിൽ കമാലിനി 29 പന്തിൽ 44 റൺസ് നേടിയിരുന്നു. എട്ട് മത്സരങ്ങളിൽ നിന്ന് 311 റൺസ് നേടിയ അവർ U-19 വനിതാ ടി20 ട്രോഫിയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടോപ് സ്‌കോറർ കൂടിയാണ്.

WPL 2025 ലേലത്തിൽ ആകെ 120 കളിക്കാർ

വനിതാ പ്രീമിയർ ലീഗ് (WPL) 2025 ലേലം ഡിസംബർ 15 ന് ബെംഗളൂരുവിൽ നടക്കും. ലീഗിലെ അഞ്ച് ടീമുകളിലായി ലഭ്യമായ 19 സ്ലോട്ടുകൾക്കായി 120 കളിക്കാർ ലേലത്തിൽ മത്സരിക്കുന്നു.

3 PM IST ന് ആരംഭിക്കുന്ന ലേലത്തിൽ 91 ഇന്ത്യൻ താരങ്ങളെയും 29 വിദേശ താരങ്ങളെയും അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് കളിക്കാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ശ്രദ്ധേയമായ പേരുകളിൽ, വെസ്റ്റ് ഇൻഡീസിൻ്റെ ഓൾറൗണ്ടർ ഡിയാന്ദ്ര ഡോട്ടിൻ, ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹെതർ നൈറ്റ്, മുൻ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ലിസെല്ലെ ലീ എന്നിവർ ഉൾപ്പെടുന്നു.

ഡൽഹി ക്യാപിറ്റൽസ് റിലീസ് ചെയ്ത ലോറ ഹാരിസ്, റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിൽ നിന്ന് വേർപിരിഞ്ഞതിന് ശേഷം പുതിയ ടീമിനെ തേടുന്ന ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ നദീൻ ഡി ക്ലെർക്ക് എന്നിവരും ലേലത്തിൽ ഉള്ള പ്രധാന താരങ്ങളാണ്.

സ്മൃതി മന്ദാന നയിക്കുന്ന നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, എല്ലിസ് പെറി, റിച്ച ഘോഷ്, സോഫി ഡിവിൻ തുടങ്ങിയ പ്രധാന താരങ്ങളെ നിലനിർത്തിയിട്ടുണ്ട്.

വനിതകൾ നേടിയത് പോലെ RCB-യുടെ പുരുഷന്മാരും ഈ വർഷം കിരീടം നേടും എന്ന് എ ബി ഡില്ലിയേഴ്സ്

ഐപിഎല്ലിൻ്റെ 2024 സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB) കിരീടം നേടും എന്ന് മുൻ ആർ സി ബി താരം കൂടിയായ ഡി വില്ലിയേഴ്സ്. പുരുഷ ടീമിന് തങ്ങളുടെ വനിതാ ടീമിൻ്റെ വിജയം ആവർത്തിക്കാനാകുമെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം പറഞ്ഞു. RCB വനിതാ ടീം WPL 2024 കിരീടം നേടിക്കൊണ്ട് ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ആദ്യ കിരീടം എന്ന നേട്ടത്തിൽ എത്തിയിരുന്നു.

“പെൺകുട്ടികൾ കിരീടം നേടി, ഇപ്പോൾ ആൺകുട്ടികളും അവർക്ക് ഒപ്പം ചേരാൻ പോകുന്നു. ആ നിർഭാഗ്യത്തിന്റെ ചങ്ങലകൾ തകർന്നു; ഈ വർഷമാണ് കാത്തിരുന്ന ആ വർഷം എന്ന് ഞാൻ കരുതുന്നു. അവർക്ക് IPL വിജയിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ;അവർ ജയിക്കും” ഡി വില്ലിയേഴ്സ് പറഞ്ഞു.

സ്പോർട്സിൽ ഒന്മും പ്രവചിക്കാൻ കഴിയില്ല എന്നും ഡിവില്ലിയേഴ്സ് ന്യൂസ് 18-ൽ പറഞ്ഞു. “ആർസിബി ഒഴികെ മറ്റ് ഒമ്പത് സൂപ്പർസ്റ്റാർ ടീമുകൾ ഉണ്ട്. ഞങ്ങൾ ഞങ്ങളുടെ മികച്ച പ്രകടനം കാഴ്ചവച്ചു. ഞങ്ങൾ ഫൈനലിൽ മൂന്ന് തവണ തോറ്റു.”ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.

Exit mobile version