മുന്നിൽ നിന്ന് നയിച്ച് ഹര്‍മ്മന്‍പ്രീത്, 162 റൺസ് നേടി മുംബൈ

ഗുജറാത്ത് ജയന്റ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 162 റൺസ് നേടി മുംബൈ ഇന്ത്യന്‍സ്. ഹര്‍മ്മന്‍പ്രീത് കൗര്‍, യാസ്തിക ഭാട്ടിയ എന്നിവരുടെ ബാറ്റിംഗ് മികവാണ് മുംബൈയ്ക്ക് ഈ സ്കോര്‍ നൽകിയത്. 51 റൺസാണ് കൗര്‍ 30 പന്തിൽ നിന്ന് നേടിയത്. താരം അവസാന ഓവറിലാണ് പുറത്തായത്.

ആദ്യ ഓവറിൽ തന്നെ ഹെയ്‍ലി മാത്യൂസിനെ നഷ്ടമായ ടീമിനെ യാസ്തിക ഭാട്ടിയ – നത്താലി സ്കിവര്‍ കൂട്ടുകെട്ട് 74 റൺസ് നേടി മുന്നോട്ട് നയിക്കുകയായിരുന്നു. 11ാം ഓവറിന്റെ അവസാന പന്തിൽ നത്താലിയെ(36) നഷ്ടമായ മുംബൈയ്ക്ക് അധികം വൈകാതെ യാസ്തികയുടെ വിക്കറ്റും നഷ്ടമായി. 44 റൺസായിരുന്നു താരം നേടിയത്.

പിന്നീട് ഹര്‍മ്മന്‍പ്രീത് – അമേലിയ കൂട്ടുകെട്ടാണ് 51 റൺസ് നാലാം വിക്കറ്റിൽ നേടി മുംബൈയെ മുന്നോട്ട് നയിച്ചത്. 19 റൺസ് നേടിയ അമേലിയയെ നഷ്ടമായ മുംബൈയ്ക്ക് മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമാകുകയായിരുന്നു അവസാന ഓവറുകളിൽ.

10 റൺസ് നേടുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ടീം 135/3 എന്ന നിലയിൽ നിന്ന് 145/6 എന്ന നിലയിലേക്ക് വീണു.  ഹര്‍മ്മന്‍പ്രീത് ടീം സ്കോര്‍ 150 കടത്തുകയായിരുന്നു. ഗുജറാത്തിനായി ആഷ്‍ലൈ ഗാര്‍ഡ്നര്‍ 3 വിക്കറ്റ് വീഴ്ത്തി.

മുംബൈയുടെ അപരാജിത കുതിപ്പ് തുടരുന്നു, ഡൽഹിയ്ക്ക് ആദ്യ തോൽവി സമ്മാനിച്ചു

വനിത പ്രീമിയര്‍ ലീഗിലെ അപരാജിത ടീമുകള്‍ തമ്മിലുള്ള മത്സരത്തിൽ വിജയം നേടി മുംബൈ ഇന്ത്യന്‍സ്. ഡൽഹി ക്യാപിറ്റൽസിനെ ഇന്നത്തെ മത്സരത്തിൽ നിഷ്പ്രഭമാക്കിയാണ് മുംബൈ തങ്ങളുടെ അപരാജിത കുതിപ്പ് തുടര്‍ന്നത്.

ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ 18 ഓവറിൽ 105 റൺസിന് എറിഞ്ഞൊതുക്കിയ മുംബൈ ബൗളിംഗ് നിരയിൽ സൈക ഇഷാഖും ഹെയ്‍ലി മാത്യൂസും ഇസ്സി വോംഗും മൂന്ന് വീതം വിക്കറ്റ് നേടിയാണ് ഡൽഹിയുടെ കഥ കഴിച്ചത്. ഹെയ്‍ലി 19 റൺസ് വിട്ട് നൽകിയപ്പോള്‍ സൈക 13 റൺസും വോംഗ് 10 റൺസും മാത്രമാണ് വിട്ട് നൽകിയത്. 43 റൺസ് നേടിയ മെഗ് ലാന്നിംഗ് ആണ് ഡൽഹിയുടെ ടോപ് സ്കോറര്‍. ജെമീമ റോഡ്രിഗസ് 25 റൺസ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്കായി യാസ്തിക ഭാട്ടിയയും ഹെയ്‍ലി മാത്യൂസും ചേര്‍ന്ന് 65 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. യാസ്തിയ 41 റൺസ് നേടി പുറത്തായപ്പോള്‍ 32 റൺസ് നേടിയ ശേഷം ഹെയ്‍ലിയും പുറത്തായി.

എന്നാൽ ചെറിയ ലക്ഷ്യം കാരണം അധികം വെല്ലുവിളി ഉയര്‍ത്തുവാന്‍ ഡൽഹി ബൗളിംഗ് നിരയ്ക്ക് സാധിക്കാതെ വന്നപ്പോള്‍ 15 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മുംബൈ വിജയം ഉറപ്പിച്ചു. നത്താലി സ്കിവര്‍ 23 റൺസും ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് 13 റൺസും നേടി പുറത്താകാതെ നിന്നാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. മൂന്നാം വിക്കറ്റിൽ 32 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.

സൂപ്പര്‍ സ്മൃതി, ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച് ഇന്ത്യ

ഇംഗ്ലണ്ടിനെതിരെ മികച്ച വിജയവുമായി ഇന്ത്യന്‍ വനിതകള്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 227/7 എന്ന സ്കോറിനൊതുക്കിയ ശേഷം ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 44.2 ഓവറിൽ വിജയം കുറിയ്ക്കുകയായിരുന്നു. ഹര്‍മ്മന്‍പ്രീത് കൗര്‍ സിക്സര്‍ പായിച്ചാണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്.

സ്മൃതി മന്ഥാന 91 റൺസ് നേടിയപ്പോള്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ പുറത്താകാതെ 74 റൺസുമായി മികച്ച പ്രകടനം പുറത്തെടുത്തു. ഷഫാലി വര്‍മ്മയെ തുടക്കത്തിൽ തന്നെ നഷ്ടമായ ശേഷം യാസ്തിക ഭാട്ടിയയ്ക്കൊപ്പം സ്മൃതി 96 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്.

50 റൺസ് നേടിയ യാസ്തിക പുറത്തായ ശേഷം ഹര്‍മ്മന്‍പ്രീത് കൗറുമായി സ്മൃതി  99 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്. ഷഫാലിയെ പുറത്താക്കിയ കേറ്റ് ക്രോസിന് തന്നെയാണ് സ്മൃതിയുടെ വിക്കറ്റും ലഭിച്ചത്.

 

ഡാനിയൽ വയട്ട്(43) നടത്തിയ ചെറുത്തുനില്പിനിടയിലും 128/6 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ ഡേവിഡ്സൺ റിച്ചാര്‍ഡ്സ്(50*), സോഫി എക്ലെസ്റ്റോൺ(31), ചാര്‍ലട്ട് ഡീന്‍(24*) എന്നിവര്‍ ചേര്‍ന്നാണ് 227 റൺസിലേക്ക് എത്തിച്ചത്.

മതിയാകുമോ ഈ റൺസ്!!! ബംഗ്ലാദേശിനെതിരെ 229 റൺസ് നേടി ഇന്ത്യ

ബംഗ്ലാദേശിനെതിരെ വനിത ഏകദിന ലോകകപ്പിലെ നിര്‍ണ്ണായക മത്സരത്തിൽ 229 റൺസ് നേടി ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 229 റൺസാണ് ആണ് 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

യാസ്ടിക ഭാട്ടിയ 50 റൺസ് നേടി ഇന്ത്യയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഷെഫാലി വര്‍മ്മ(42), സ്മൃതി മന്ഥാന(30) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഒന്നാം വിക്കറ്റിൽ 74 റൺസ് നേടിയ ശേഷം അടുത്തടുത്ത ഓവറുകളിൽ ഓപ്പണര്‍മാരെയും ക്യാപ്റ്റന്‍ മിത്താലി രാജിനെയും ഇന്ത്യയ്ക്ക് നഷ്ടമായി.

74/0 എന്ന നിലയിൽ നിന്ന് 74/3 എന്ന നിലയിലേക്കും പിന്നീട് 108/4 എന്ന നിലയിലേക്കും വീണ ഇന്ത്യയെ റിച്ച ഘോഷ്(26) യാസ്ടിക് ഭാട്ടിയ കൂട്ടുകെട്ടാണ് 54 റൺസുമായി മുന്നോട്ട് നയിച്ചത്.  പൂജ വസ്ട്രാക്കര്‍ – സ്നേഹ് റാണ കൂട്ടുകെട്ട് ഏഴാം വിക്കറ്റിൽ നേടിയ 48 റൺസാണ് ടീമിനെ 200 കടത്തിയത്. പൂജ പുറത്താകാതെ 30 റൺസും സ്നേഹ് റാണ 27 റൺസും നേടി.

ബംഗ്ലാദേശിന് വേണ്ടി റിതു മോണി മൂന്നും നാഹിദ അക്തര്‍ 2 വിക്കറ്റും നേടി.

അർദ്ധ ശതകങ്ങൾക്ക് ശേഷം മിത്താലിയും യാസ്ടികയും വീണു, ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ച് ഹർമ്മൻപ്രീത് കൗർ

ഓസ്ട്രേലിയയ്ക്കെതിരെ നിര്‍ണ്ണായകമായ വനിത ഏകദിന ലോകകപ്പിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 277 റൺസ് നേടി. തുടക്കം പാളിയ ഇന്ത്യയെ 130 റൺസ് കൂട്ടുകെട്ടുമായി യാസ്ടിക ഭാട്ടിയ – മിത്താലി രാജ് സഖ്യം ആണ് മുന്നോട്ട് നയിച്ചത്. അവസാന ഓവറുകളിൽ ഹര്‍മ്മന്‍പ്രീത് കൗര്‍ – പൂജ വസ്ട്രാക്കര്‍ സഖ്യവും അടിച്ച് തകര്‍ത്തപ്പോള്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോറിലേക്ക് എത്തി.

59 റൺസ് നേടിയ യാസ്ടിക പുറത്തായി അധികം വൈകാതെ മിത്താലിയും പുറത്തായി. 68 റൺസാണ് താരം നേടിയത്. പിന്നീട് ഇന്ത്യയെ 277 റൺസിലേക്ക് എത്തിച്ചതിൽ ഹര്‍മ്മന്‍പ്രീത് കൗറിന്റെ മികച്ച ഇന്നിംഗ്സായിരുന്നു കാരണം.

ഒപ്പം 34 റൺസ് നേടി പൂജ വസ്ട്രാക്കറും മികച്ച് നിന്നു. ഓസ്ട്രേലിയയ്ക്കായി ഡാര്‍സി ബ്രൗൺ മൂന്ന് വിക്കറ്റ് നേടി. ഏഴാം വിക്കറ്റിൽ 64 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. അവസാന ഓവറുകളിൽ തകര്‍ത്തടിക്കുവാന്‍ ഈ കൂട്ടുകെട്ട് ഇന്ത്യയെ സഹായിച്ചു.

Exit mobile version