ടി20 ലോകകപ്പിനുള്ള വെസ്റ്റിന്‍ഡീസ് ടീം പ്രഖ്യാപിച്ചു

സ്റ്റഫാനി ടെയിലറെ ഉള്‍പ്പെടുത്തി ടി20 ലോകകപ്പിനുള്ള വെസ്റ്റിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സംഘത്തിലേക്ക് ഷകേര സെൽമാന്‍, ചിനേല്ലെ ഹെന്‍റി, ചെഡീന്‍ നേഷന്‍ എന്നിവരും പരിക്ക് മാറി എത്തുന്നവരാണ്.

സ്റ്റഫാനി ടെയിലര്‍ ഫിറ്റ്നെസ്സ് ടെസ്റ്റ് പാസായാൽ മാത്രമേ ടീമിനൊപ്പം മത്സരിക്കുവാനിറങ്ങു. ദക്ഷിണാഫ്രിക്കയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 2016ൽ വെസ്റ്റിന്‍ഡീസിനെ ടി20 കിരീടത്തിലേക്ക് നയിച്ചത് ടെയിലര്‍ ആയിരുന്നു.

വെസ്റ്റിന്‍ഡീസ് : Hayley Matthews (capt), Shemaine Campbelle, Aaliyah Alleyne, Shamilia Connell, Afy Fletcher, Shabika Gajnabi, Chinelle Henry, Trishan Holder, Zaida James, Djenaba Joseph, Chedean Nation, Karishma Ramharack, Shakera Selman, Stafanie Taylor, Rashada Williams

വെസ്റ്റിന്‍ഡീസിന് പുതിയ ക്യാപ്റ്റന്‍, ഇനി ഹെയ്‍ലി മാത്യൂസ് ടീമിനെ നയിക്കും

വെസ്റ്റിന്‍ഡീസ് വനിത ടീമിനെ ഇനി ഹെയ്‍ലി മാത്യൂസ് നയിക്കും. സ്റ്റഫാനി ടെയിലറിന് പകരം ആണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഹെയ്‍ലി എത്തുന്നത്. വനിതകളുടെ സെലക്ഷന്‍ പാനൽ മുന്നോട്ട് വെച്ച തീരുമാനത്തെ ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് പിന്തുണയ്ക്കുകയായിരുന്നു.

പത്ത് വര്‍ഷത്തോളം ടെയിലര്‍ കരീബിയന്‍ സംഘത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടായിരുന്നു. ടീമിനെ 55 ടി20 മത്സരങ്ങളിലും 62 ഏകദിനങ്ങളിലും ആണ് ടെയിലര്‍ നയിച്ചത്. ഇതിൽ യഥാക്രമം 29, 25 വിജയങ്ങളും സ്വന്തമാക്കുവാന്‍ അവര്‍ക്കായി.

വനിത ലോകകപ്പിൽ വിന്‍ഡീസിനെ സ്റ്റെഫാനി നയിക്കും

ന്യൂസിലാണ്ടിൽ നടക്കുന്ന വനിത ലോകകപ്പിനുള്ള വെസ്റ്റിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. സ്റ്റെഫാനി ടെയിലര്‍ ആണ് ടീമിന്റെ ക്യാപ്റ്റൻ. 15 അംഗ സംഘത്തിൽ അഞ്ച് താരങ്ങള്‍ ആദ്യമായി ലോകകപ്പ് ടീമിൽ ഇടം ലഭിച്ചവരും ഉണ്ട്.

തന്റെ അഞ്ചാം ലോകകപ്പ് കളിക്കുന്ന അനീസ മുഹമ്മദും ടീമിൽ ഇടം നേടിയിട്ടുണ്ട്.

വെസ്റ്റിന്‍ഡീസ് :Stafanie Taylor (c), Anisa Mohammed, Aaliyah Alleyne, Shemaine Campbelle, Shamilia Connell, Deandra Dottin, Afy Fletcher, Cherry Ann Fraser, Chinelle Henry, Kycia Knight, Hayley Matthews, Chedean Nation, Karishma Ramharack, Shakera Selman, Rashada Williams

ട്രാവലിംഗ് റിസര്‍വ്വുകള്‍:Kaysia Schultz, Mandy Mangru, Jannillea Glasgow

സ്മൃതി മന്ഥാന പൂജ്യത്തിന് പുറത്ത്, 23 റൺസ് വിജയവുമായി സത്തേൺ ബ്രേവ്

ട്രെന്റ് റോക്കറ്റ്സിനെതിരെ 23 റൺസ് വിജയവുമായി സത്തേൺ ബ്രേവ്. ആദ്യം ബാറ്റ് ചെയ്ത ബ്രേവ് 100 പന്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് നേടുകയായിരുന്നു. 45 റൺസുമായി പുറത്താകാതെ നിന്ന സ്റ്റഫാനി ടെയിലറും 40 റൺസ് നേടി സ്റ്റഫാനിയ്ക്ക് കൂട്ടായി നിന്ന ക്യാപ്റ്റന്‍ അന്യ ഷ്രുബ്സോളുമാണ് ടീമിനെ മുന്നോട്ട് നയിച്ചത്. ഇന്ത്യന്‍ താരം സ്മൃതി മന്ഥാന പൂജ്യത്തിന് പുറത്താകുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ട്രെന്റിന് വേണ്ടി ക്യാപ്റ്റന്‍ നത്താലി സ്കിവര്‍ 29 പന്തിൽ 44 റൺസ് നേടിയപ്പോള്‍ ഹീത്തര്‍ ഗ്രഹാം(24), കാത്തറിന്‍ ബ്രണ്ട്(22) എന്നിവര്‍ക്ക് ടീമിനെ 7 വിക്കറ്റ് നഷ്ടത്തിൽ 110 റൺസിലേക്ക് എത്തിക്കാനായുള്ളു.

ബ്രേവിന് വേണ്ടി ഷ്രുബ്സോള്‍ നാല് വിക്കറ്റ് നേടി.

ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തി സ്റ്റഫാനി ടെയിലര്‍, മിത്താലിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി

വനിതകളുടെ ഏറ്റവും പുതിയ ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമതെത്തി വിന്‍ഡീസ് നായിക സ്റ്റഫാനി ടെയിലര്‍. പാക്കിസ്ഥാനെതിരെയുള്ള ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ പ്രകടനം ആണ് താരത്തെ വീണ്ടും ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്.

പുറത്താകാതെ 105 റൺസ് നേടിയ ടെയിലര്‍ 4 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്. ഇന്ത്യയുടെ മിത്താലി രാജിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഈ നേട്ടം.

സ്റ്റഫാനിയ്ക്ക് 762 പോയിന്റും മിത്താലിയ്ക്ക് 758 പോയിന്റുമാണ് കൈയ്യിലുള്ളത്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗിലും ടെയിലര്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്.

ആദ്യ ഏകദിനത്തിൽ വിജയം നേടി വിന്‍ഡീസ്, സ്റ്റഫാനിയുടെ ഓള്‍റൗണ്ട് മികവിൽ വിന്‍ഡീസ് നേടിയത് അഞ്ച് വിക്കറ്റ് ജയം

പാക്കിസ്ഥാനെതിരെ ആദ്യ ഏകദിനത്തിൽ 5 വിക്കറ്റ് വിജയം നേടി വിന്‍ഡീസ് വനിതകള്‍. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് നേടിയത്. ലക്ഷ്യം 47.5 ഓവറിൽ വെസ്റ്റിന്‍ഡീസ് 5 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ശതകം നേടി പുറത്താകാതെ നിന്ന സ്റ്റഫാനിയാണ് വിന്‍ഡീസ് വിജയം ഒരുക്കിയത്. ബൗളിംഗിൽ മൂന്ന് വിക്കറ്റും താരം നേടി.

നിദ ദാര്‍(55), അയേഷ സഫര്‍(46), മുനീബ അലി(36) എന്നിവരാണ് പാക്കിസ്ഥാന്‍ നിരയിൽ തിളങ്ങിയത്. ഓപ്പണര്‍മാരായ മുനീബയും അയേഷയും ചേര്‍ന്ന് 70 റൺസ് ഒന്നാം വിക്കറ്റിൽ നേടിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായത് ടീമിന് തിരിച്ചടിയായി.

മധ്യനിരയിൽ നിദ ദാര്‍ മാത്രമാണ് അര്‍ദ്ധ ശതകം നേടി പൊരുതി നോക്കിയത്. മൂന്ന് വിക്കറ്റ് നേടിയ ക്യാപ്റ്റന്‍ സ്റ്റഫാനി ടെയിലര്‍ വെസ്റ്റിന്‍ഡീസ് ബൗളിംഗ് നിരയിൽ തിളങ്ങി. അനീസ മുഹമ്മദിന് രണ്ട് വിക്കറ്റ് ലഭിച്ചു.

സ്റ്റഫാനി ടെയിലര്‍ പുറത്താകാതെ നേടിയ 105 റൺസാണ് ആതിഥേയരുടെ വിജയം ഉറപ്പാക്കിയത്. ചെഡീന്‍ നേഷന്‍ 23 റൺസ് നേടിയപ്പോള്‍ 17 റൺസുമായി ബ്രിട്നി കൂപ്പര്‍ ക്യാപ്റ്റനൊപ്പം വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു. പാക് നിരയിൽ സാദിയ ഇക്ബാല്‍ രണ്ട് വിക്കറ്റ് നേടി.

തായ്‍ലാന്‍ഡിനെതിരെ ഏഴ് വിക്കറ്റ് വിജയം നേടി വിന്‍ഡീസ് വനിതകള്‍

വനിത ടി20 ലോകകപ്പില്‍ തായ്‍ലാന്‍ഡിനെതിരെ വിജയവുമായി വിന്‍ഡീസ്. വിന്‍ഡീസിനെ തായ്‍ലാന്‍ഡ് ബൗളര്‍മാര്‍ ആദ്യം വിറപ്പിച്ചുവെങ്കിലും മധ്യനിരയുടെ പ്രകടനം ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 78 റണ്‍സിന് തായ്‍ലാന്‍ഡിനെ പിടിച്ച് കെട്ടിയ ശേഷം ലക്ഷ്യം 16.4 ഓവറിലാണ് മൂന്ന് വിക്കറ്റ് നഷ്ടവുമായി വിന്‍ഡീസ് മറികടന്നത്.

റണ്ണൗട്ടുകള്‍ വിന്‍ഡീസിന് വിനയായപ്പോള്‍ ടീം 27/3 എന്ന നിലയില്‍ പരുങ്ങലിലായെങ്കിലും ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയിലറും ഷെമൈന്‍ കാംപെല്ലും ചേര്‍ന്ന് ടീമിനെ നാലാം വിക്കറ്റില്‍ 53 റണ്‍സ് കൂട്ടുകെട്ടുമായി വിജയത്തിലേക്ക് നയിക്കുകയായിരുന്നു. സ്റ്റെഫാനി 26 റണ്‍സും ഷെമൈന്‍ 25 റണ്‍സും നേടിയാണ് അപരാജിത കൂട്ടുകെട്ടിലൂടെ ടീമിന്റെ വിജയം ഉറപ്പാക്കിയത്. ഹെയ്‍ലി മാത്യൂസ് 16 റണ്‍സ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത തായ്‍ലാന്‍ഡിന് വേണ്ടി 33 റണ്‍സ് നേടിയ നാന്നാപാട് കൊഞ്ചാറോയന്‍കായ് ആണ് ടോപ് സ്കോറര്‍. മറ്റാര്‍ക്കും തന്നെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാനായില്ല. സ്റ്റെഫാനി ടെയിലര്‍ ബൗളിംഗില്‍ മൂന്ന് വിക്കറ്റുമായി തിളങ്ങുകയായിരുന്നു.

വിന്‍ഡീസിന് കനത്ത തിരിച്ചടി, സ്റ്റെഫാനി ടെയിലര്‍ പരിക്കേറ്റ് പുറത്ത്

ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയില്‍ നിന്ന് പരിക്കേറ്റ് പുറത്തായി വിന്‍ഡീസ് ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയിലര്‍. ഇന്ന് നടക്കേണ്ട രണ്ടാം മത്സരത്തില്‍ താരം പങ്കെടുക്കില്ലെന്ന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് മീഡിയ റിലീസിലൂടെ അറിയിച്ചു. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. ഇതിനെത്തുടര്‍ന്ന് ഇന്നലത്തെ ആദ്യ ടി20 മത്സരത്തില്‍ താരം കളിച്ചിരുന്നില്ല. ടെയിലറുടെ അഭാവത്തില്‍ അനീസ മുഹമ്മദ് ആണ് ആദ്യ ടി20യില്‍ ടീമിനെ നയിച്ചത്.

ടെയിലറുടെ പകരക്കാരിയായി ഗയാനയുടെ ഓള്‍റൗണ്ടര്‍ ചെറി-ആന്‍ ഫ്രേസറെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റെഫാനിയ്ക്ക് രണ്ട് ആഴ്ച വിശ്രമമാണ് മെഡിക്കല്‍ ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

ടി20യിലും ഓസ്ട്രേലിയ തന്നെ

വിന്‍ഡീസ് വനിതകള്‍ക്കെതിരെ ഏകദിനങ്ങള്‍ തൂത്തുവാരിയ ഓസ്ട്രേലിയ ടി20യിലും വിജയത്തോടെ തുടങ്ങി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 106/8 എന്ന നിലയില്‍ വരിഞ്ഞു കെട്ടിയ ശേഷം ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 7 പന്ത് ബാക്കി നില്‍ക്കെയാണ് ഓസ്ട്രേലിയ മറികടന്നത്. 44 റണ്‍സുമായി പുറത്താകാതെ നിന്ന സ്റ്റെഫാനി ടെയിലര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. മെഗാന്‍ ഷട്ട് മൂന്ന് വിക്കറ്റ് നേടി ഓസീസ് ബൗളിംഗില്‍ തിളങ്ങി. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഓസ്ട്രേലിയ വിന്‍ഡീസിനെ 1/2 എന്ന നിലയിലേക്ക് തള്ളിയിടുകയായിരുന്നു. അവിടെ നിന്ന് സ്റ്റെഫാനി പൊരുതിയെങ്കിലും താരത്തിന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ പോയപ്പോള്‍ വിന്‍ഡീസ് ഇന്നിംഗ്സ് 106 റണ്‍സ് വരെ മാത്രമേ എത്തിയുള്ളു.

കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട മെഗ് ലാന്നിംഗിന്റെ അര്‍ദ്ധ ശതകമാണ് ഓസ്ട്രേലിയയുടെ വിജയം സാധ്യമാക്കിയത്. തുടക്കത്തില്‍ തന്നെ ഓസ്ട്രേലിയയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ലാന്നിംഗ് 54 റണ്‍സുമായി പുറത്താകാതെ നിന്ന് വിജയം ഉറപ്പാക്കി. വിന്‍ഡീസ് നിരയില്‍ ചിനെല്ലേ ഹെന്‍റി രണ്ട് വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി.

പാക്കിസ്ഥാന്‍ പരമ്പര, തുടക്കത്തില്‍ തന്നെ കല്ലുകടി

ചരിത്രമായി മാറിയേക്കാവുന്ന വിന്‍ഡീസ് വനിതകളുടെ പാക് സന്ദര്‍ശനത്തില്‍ തുടക്കത്തില്‍ തന്നെ കല്ലുകടി. വിന്‍ഡീസ് വനിത ടീം മൂന്ന് ടി20 മത്സരങ്ങള്‍ക്കായി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന് പാക്കിസ്ഥാന്‍ ബോര്‍ഡ് പ്രഖ്യാപിച്ച ഉടന്‍ തന്നെയാണ് വിന്‍ഡീസ് ടീം നായിക സ്റ്റെഫാനി ടെയിലര്‍ സുരക്ഷ കാരണങ്ങളാല്‍ പാക്കിസ്ഥാനിലേക്കുള്ള ടീമില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചത്. കൂടുതല്‍ താരം സ്റ്റെഫാനിയുടെ പാത പിന്തുടര്‍ന്നേക്കുമെന്നാണ് കരുതപ്പെടുന്നത്.

താരം ദുബായയില്‍ നടക്കുന്ന വനിത ഐസിസി ചാമ്പ്യന്‍ഷിപ്പിനായി ടീമിനൊപ്പം ചേരുമെന്നും അറിയിച്ചിട്ടുണ്ട്. പകരം മെരീസ്സ അഗ്വില്ലേരിയയെ വിന്‍ഡീസ് ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചിട്ടുണ്ട്. 74 ഏകദിനങ്ങളിലും 70 ടി20കളിലും വിന്‍ഡീസിനെ മെരീസ്സ നയിച്ചിട്ടുണ്ട്.

ആതിഥേയര്‍ക്ക് മികച്ച ജയം, ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത് 31 റണ്‍സിനു

107 റണ്‍സ് മാത്രമേ വിന്‍ഡീസ് വനിതകള്‍ക്ക് നേടാനായുള്ളുവെങ്കിലും ബൗളിംഗ് മികവില്‍ മികച്ച ജയം പിടിച്ചെടുത്ത് വിന്‍ഡീസ്. ഇന്ന് നടന്ന രണ്ടാം ലോക ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനു 107/7 എന്ന സ്കോര്‍ മാത്രമേ 20 ഓവറില്‍ നിന്ന് നേടാനായുള്ളു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 18.4 ഓവറില്‍ പുറത്താക്കി വിന്‍ഡീസ് 31 റണ്‍സിന്റെ ജയം മത്സരത്തില്‍ സ്വന്തമാക്കി.

ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയിലറുടെ മികച്ച ബൗളിംഗ് പ്രകടനമാണ് വിന്‍ഡീസ് വിജയം സാധ്യമാക്കിയത്. 3.4 ഓവറില്‍ 12 റണ്‍സിനു നാല് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകളാണ് ടെയിലര്‍ സ്വന്തമാക്കിയത്. ഒരു ഘട്ടത്തില്‍ 48/1 എന്ന നിലയില്‍ വിജയത്തിലേക്ക് നീങ്ങുമെന്ന് ദക്ഷിണാഫ്രിക്ക തോന്നിപ്പിച്ചുവെങ്കിലും തുടരെ വിക്കറ്റുകള്‍ നഷ്ടമായതോടെ ടീം പ്രതിരോധത്തിലാകുകയായിരുന്നു.

ലിസെല്ലെ ലീ(24), മരിസാനെ കാപ്പ്(26) കൂട്ടുകെട്ട് പുറത്തായ ശേഷം ആര്‍ക്കും തന്നെ രണ്ടക്കം കടക്കാനായില്ല എന്നുള്ളതും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. മൂന്ന് താരങ്ങള്‍ റണ്ണൗട്ട് രൂപത്തില്‍ പുറത്തായതും ദക്ഷിണാഫ്രിക്കയുടെ സാധ്യതകള്‍ക്ക് മങ്ങലേല്പിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ തുണച്ചത് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ്. 29/4 എന്ന നിലയില്‍ നിന്ന് 45 റണ്‍സ് കൂട്ടിചേര്‍ത്ത കൈസിയ നൈറ്റ്(32)-നതാഷ മക്ലീന്‍(28) കൂട്ടുകെട്ടാണ് വിന്‍ഡീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി ഷബിനം ഇസ്മൈല്‍ മൂന്നും ഡെയന്‍ വാന്‍ നീക്കെര്‍ക്ക് രണ്ടും വിക്കറ്റ് നേടി.

Exit mobile version