“എം.എസ്. ധോണിയാണ് ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ”: മൈക്കിൾ ക്ലാർക്ക്



മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കിൾ ക്ലാർക്ക് 43 വയസ്സിലും എം.എസ്. ധോണിയാണ് ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന് പ്രശംസിച്ചു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ ചെന്നൈയുടെ വിജയത്തിൽ ധോണി ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും മികച്ച പ്രകടനം കാഴ്ചവെച്ചു.
ധോണിയുടെ വിക്കറ്റ് കീപ്പിംഗ് മികവിൽ ശ്രദ്ധേയമായത് ആയുഷ് ബദോണിയുടെ തകർപ്പൻ സ്റ്റംപിംഗ്, ഋഷഭ് പന്തിന്റെ നിർണായക ക്യാച്ച്, അബ്ദുൾ സമദിന്റെ മികച്ച റണ്ണൗട്ട് എന്നിവയായിരുന്നു.

ഈ പ്രകടനങ്ങളിലൂടെ ഐപിഎൽ ചരിത്രത്തിൽ 200 പുറത്താക്കലുകൾ നേടുന്ന ആദ്യത്തെ താരം എന്ന നേട്ടവും ധോണി സ്വന്തമാക്കി.


“ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറയുന്നു—എം.എസ്. ധോണിയാണ് ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ. അദ്ദേഹത്തിന്റെ സ്ഥിരതയും കൃത്യതയും അവിശ്വസനീയമാണ്. ഇന്ന് അദ്ദേഹം ടീമിനെ നയിച്ച രീതി അതിശയകരമായിരുന്നു—സ്പിന്നർമാരെ കൃത്യമായി ഉപയോഗിച്ചു, ഓവറുകൾ വേഗത്തിൽ പൂർത്തിയാക്കി, സമ്മർദ്ദം ചെലുത്തി. ഇതൊരു ക്ലാസിക് എം.എസ്. ശൈലിയാണ്.” സ്റ്റാർ സ്പോർട്‌സിൽ സംസാരിക്കവെ ക്ലാർക്ക് പറഞ്ഞു


ബാറ്റിംഗിലും ധോണി മികച്ച പ്രകടനം കാഴ്ചവെച്ചു. 11 പന്തിൽ നാല് ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ പുറത്താകാതെ 26 റൺസ് അദ്ദേഹം നേടി. ശിവം ദുബെയുമായി ചേർന്ന് അദ്ദേഹം നടത്തിയ കൂട്ടുകെട്ട് സിഎസ്‌കെയെ ഏഴ് വിക്കറ്റിന് വിജയിപ്പിച്ചു. 19.3 ഓവറിൽ ലഖ്‌നൗ ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം അവർ മറികടന്നു.
ഈ പ്രകടനത്തോടെ ധോണിക്ക് കളിയിലെ താരം എന്ന പുരസ്കാരവും ലഭിച്ചു.

വിരാട് കോഹ്‌ലി ടെസ്റ്റിൽ നിന്ന് വിരമിച്ചാൽ ഇന്ത്യക്ക് അത് വലിയ നഷ്ടമാകും എന്ന് മൈക്കൽ ക്ലാർക്ക്

വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചാൽ അത് ഇന്ത്യക്ക് വലിയ നഷ്ടമാകുമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്. മോശം ഫോം കാരണം കോഹ്ലി വിരമിക്കണം എന്ന മുറവിളികൾ ഉയരവെ ആണ് കോഹ്ലിക്ക് പിന്തുണയുമായി ക്ലാർക്ക് എത്തിയത്.

“ഇത് വിരാട് കോഹ്‌ലിയാണ്! ഈ വ്യക്തിക്ക് നാളെ ഡബിൾ സെഞ്ച്വറി നേടാനാകും. അത്രയും നല്ല കളിക്കാരനാണ്. അദ്ദേഹം ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചാൽ, ഇന്ത്യക്ക് മാത്രമാണ് അത് നഷ്ടം ” – ക്ലാർക്ക് പറഞ്ഞു.

“വിരാട് കോഹ്‌ലി ഉള്ള ഏതെങ്കിലും ടീമിൻ്റെ ക്യാപ്റ്റനായിരുന്നു ഞാൻ എങ്കിൽ, അവൻ ആഗ്രഹിച്ചത്ര റൺസ് നേടിയില്ലെന്ന് എനിക്കറിയാമെങ്കിലും, ഞാൻ അവനുവേണ്ടി പോരാടും. എൻ്റെ ടീമിൽ അവനെ നിലനിർത്താൻ ആയി ഞാൻ ശ്രമിക്കും” – ക്ലാർക്ക് പറഞ്ഞു.

റിഷഭ് പന്തിനെ വിമർശിച്ച് മൈക്കിൾ ക്ലാർക്ക്

ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ തോൽവിക്ക് ശേഷം റിഷഭ് പന്ത് പറഞ്ഞ കാര്യങ്ങളെ വിമർശിച്ച് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കിൾ ക്ലാർക്ക്. ഇന്നലെ ആദ്യം ബാറ്റു ചെയ്യാനുള്ള ഡെൽഹിയുടെ തീരുമാനം ശരി ആയിരുന്നു എന്നും ഒരു 10 റൺസ് കൂടെ ഉണ്ടെങ്കിൽ കെ കെ ആറിനെ തോൽപ്പിക്കാമായിരുന്നു എന്നും പന്ത് പറഞ്ഞിരുന്നു. ഇത് ശരിയല്ല എന്ന് ക്ലാർക്ക് പറഞ്ഞു.

“കളി കഴിഞ്ഞ് പന്ത് പറഞ്ഞതെല്ലാം ഞാൻ അംഗീകരിക്കുന്നില്ല. നിങ്ങൾ വിജയിച്ചാൽ, നിങ്ങൾ ചെയ്തത് എല്ലാം ശരിയായി ചെയ്തു എന്ന് പറയാം, നിങ്ങൾ തോൽക്കുന്നു എങ്കിൽ, ചികത് ശരിയായില്ല എന്ന് സമ്മതിക്കണം. ഈ പിച്ചിൽ ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്തതിൽ അദ്ദേഹത്തിന് തെറ്റ് പറ്റിയെന്ന് ഞാൻ കരുതുന്നു. അവർക്ക് 10 റൺസ് കുറവായിരുന്നുവെന്നല്ല ഞാൻ കരുതുന്നത്, അവർക്ക് 50 റൺസെങ്കിലും കുറവായിരുന്നു, ”ക്ലാർക്ക് സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

“കെ കെ ആർ ജയിക്കുമ്പോൾ ഇനിയും 3.3 ഓവർ ബാക്കിയുണ്ടായിരുന്നു, KKRന് 3 വിക്കറ്റ് മാത്രം ആണ് നഷ്ടപ്പെട്ടത്. 50 ഇല്ലെങ്കിൽ കെകെആർ 40 റൺസെങ്കിലും അവർ എളുപ്പത്തിൽ നേടുമായിരുന്നു. അതിനാൽ, ഡെൽഹി ആദ്യം ബാറ്റ് ചെയ്യാൻ പോകുകയാണെങ്കിൽ 200 റൺസ് എങ്കിലും എടുക്കണമായിരുന്നു.” അദ്ദേഹം പറഞ്ഞു.

രോഹിത് മികച്ച ക്യാപ്റ്റന്‍ തന്നെ – മൈക്കൽ ക്ലാര്‍ക്ക്

രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയ്ക്ക് പിന്തുണയുമായി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കൽ ക്ലാര്‍ക്ക്. ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയ്ക്ക് ശേഷം രോഹിത്തിന്റെ ക്യാപ്റ്റന്‍സിയ്ക്കെതിരെ മുറവിളി ഉയര്‍ന്നിരുന്നു. ഇന്ത്യ തുടര്‍ച്ചയായ രണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തിയത് വലിയ കാര്യമാണെന്നും ഒരു മത്സരത്തിലെ തോൽവിയെ മാത്രം മുന്നിൽ നിര്‍ത്തി രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ വിലയിരുത്തുന്നത് തെറ്റാണെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി.

താന്‍ രോഹിത്തിനെ തന്നെ ക്യാപ്റ്റന്‍സിയിൽ തുടരാന്‍ അനുവദിക്കുമെന്നും അദ്ദേഹം മികച്ച ക്യാപ്റ്റനാണെന്നാണ് വിശ്വസിക്കുന്നതെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി. ഐപിഎലിലും ഒട്ടേറെ കിരീടങ്ങള്‍ സ്വന്തമാക്കിയ നായകനാണ് രോഹിത് എന്നും ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജയിച്ചില്ലെന്ന് കരുതി അദ്ദേഹം മികച്ച നായകനല്ലാതാകുന്നില്ലെന്നും ക്ലാര്‍ക്ക് കൂട്ടിചേര്‍ത്തു.

ആഷസിൽ വാര്‍ണറെ തന്നെ പരിഗണക്കണം – മൈക്കൽ ക്ലാര്‍ക്ക്

ആഷസിനുള്ള ഓസ്ട്രേലിയന്‍ ടീമിൽ ഓപ്പണര്‍ റോളിൽ വാര്‍ണറെ പരിഗണിച്ചേക്കില്ലെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെ താരത്തിന് പിന്തുണയുമായി മുന്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് നായകന്‍ മൈക്കൽ ക്ലാര്‍ക്ക്.

ഓസ്ട്രേലിയ ആഷസിനുള്ള ആദ്യ രണ്ട് ടെസ്റ്റിനുള്ള 17 അംഗ സംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ സെലക്ടര്‍ ജോര്‍ജ്ജ് ബെയിലി എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ വാര്‍ണര്‍ക്ക് ടീമിലെ സ്ഥാനം ഉറപ്പല്ലെന്ന തരത്തിലുള്ള പ്രതികരണം ആണ് നടത്തിയത്.

ഇന്ത്യയ്ക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ വാര്‍ണര്‍ കളിക്കുകയാണെങ്കിൽ താരത്തെ പ്രകടനത്തിനതീതമായി ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിലും കളിപ്പിക്കണമെന്നാണ് മൈക്കൽ ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടത്.

ആഷസ് വിജയം ഉറപ്പിക്കുവാന്‍ ഇന്ത്യയ്ക്കെതിരെയുള്ള പ്രകടനത്തെക്കാള്‍ മികച്ച പ്രകടനം ലയൺ ഇംഗ്ലണ്ടിനെതിരെ പുറത്തെടുക്കണം

ഇന്ത്യയ്ക്കെതിരെയുള്ള പ്രകടനത്തെക്കാള്‍ മികച്ച പ്രകടനം ഓസീസ് സ്പിന്നര്‍ നഥാന്‍ ലയണും പേസര്‍മാരും പുറത്തെടുക്കുമെന്ന് പറഞ്ഞ് മുന്‍ താരം മൈക്കൽ ക്ലാര്‍ക്ക്. നഥാന്‍ ലയണും പേസര്‍മാരും ഇന്ത്യയ്ക്കെതിരെ ഫോം ഔട്ട് ആയതിൽ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് താന്‍ കരുതുന്നതെന്നും ക്ലാര്‍ക്ക് പറഞ്ഞു.

ഇന്ത്യയോട് പരാജയമേറ്റു വാങ്ങിയ ശേഷമുള്ള വിമര്‍ശനങ്ങള്‍ക്ക് ആഷസ് വിജയിച്ച് ഓസ്ട്രേലിയ മറുപടി നല്‍കുമെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി.

ജോഫ്രയില്ലാതെ ഇംഗ്ലണ്ട് ആഷസ് ജയിക്കില്ല – മൈക്കൽ ക്ലാര്‍ക്ക്

ഇംഗ്ലണ്ട് ആഷസ് 2021-22 വിജയിക്കില്ലെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ മൈക്കൽ ക്ലാര്‍ക്ക്. പരിക്ക് കാരണം ഈ വര്‍ഷം അവസാനം വരെ ജോഫ്ര ആര്‍ച്ചര്‍ ക്രിക്കറ്റിൽ നിന്ന് പുറത്ത് നില്‍ക്കുകയാണെന്ന് ഇംഗ്ലണ്ട് ബോര്‍ഡ് അറിയിച്ചിരുന്നു.

ടി20 ലോകകപ്പിലും ആഷസിലും താരം കളിക്കില്ലെന്ന് ഉറപ്പായതോടെ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ് നേരിടുവാന്‍ പോകുന്നതെന്നും ഒരു കാരണവശാലും ആഷസ് പരമ്പര ടീം വിജയിക്കില്ലെന്നും മൈക്കല്‍ ക്ലാര്‍ക്ക് വ്യക്തമാക്കി.

2013-14ൽ ഓസ്ട്രേലിയയിൽ ആഷസിനായി എത്തിയ ഇംഗ്ലണ്ട് 5-0ന് ആണ് പരാജയം ഏറ്റുവാങ്ങിയത്. അന്ന് ക്ലാര്‍ക്കായിരുന്നു ഓസ്ട്രേലിയന്‍ നായകന്‍. 2017-18 സീസണിലും 4-0ന് ഇംഗ്ലണ്ട് പരാജയം ഏറ്റുവാങ്ങി.

2017-19 പരമ്പര 2-2ന് ഇംഗ്ലണ്ടിൽ സമനിലയിൽ അവസാനിച്ചതോടെ ആഷസ് അര്‍ണ്‍ ഇപ്പോള്‍ ഓസ്ട്രേലിയയുടെ കൈവശമാണുള്ളത്.

കോഹ്‍ലിയില്ലാത്ത ഇന്ത്യയെ കാത്തിരിക്കുന്നത് 4-0ന്റെ പരാജയം – മൈക്കല്‍ ക്ലാര്‍ക്ക്

വിരാട് കോഹ്‍ലി ആദ്യ ടെസ്റ്റിന് ശേഷം മടങ്ങുന്ന ഇന്ത്യയ്ക്ക് നേരിടേണ്ടി വരിക 4-0ന്റെ കനത്ത പരാജയമായിരിക്കുമെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ആദ്യ ടെസ്റ്റില്‍ വിരാട് കോഹ്‍ലി ഇന്ത്യയ്ക്കായി അത്ഭുതങ്ങള്‍ കാണിച്ചില്ലെങ്കില്‍ പിന്നീടുള്ള മത്സരങ്ങളില്‍ ഇന്ത്യയുടെ നിസ്സഹായാവസ്ഥ ഏവര്‍ക്കും കാണാനാകുമെന്ന് ക്ലാര്‍ക്ക് പറഞ്ഞു.

പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പര കഴിഞ്ഞ് ആദ്യ ടെസ്റ്റിന് ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി തന്റെ കുഞ്ഞിന്റെ ജനനത്തിനായി ഓസ്ട്രേലിയയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങും. ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തുവാന്‍ ഇന്ത്യയ്ക്ക് ആയാല്‍ മാത്രമേ പരമ്പരയില്‍ വലിയ നാണക്കേടില്ലാതെ ഇന്ത്യയ്ക്ക് മടങ്ങാനാകൂ എന്നും മൈക്കല്‍ ക്ലാര്‍ക്ക് വ്യക്തമാക്കി.

ഡിസംബര്‍ 17ന് അഡിലെയ്ഡിലാണ് ആദ്യ ടെസ്റ്റ് അരങ്ങേറുക. ഏകദിനത്തിലും ടി20യിലും ഇന്ത്യയുടെയും വിരാടിന്റെയും പ്രകടനം മോശമെങ്കില്‍ ടെസ്റ്റ് പരമ്പരയും ടീം 4-0ന് കൈവിടുമെന്ന് മൈക്കല്‍ ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു.

പഴയ കാല ബാറ്റ്സ്മാന്മാരില്‍ ആരുടെ വിക്കറ്റ് നേടണമെന്ന ചോദ്യത്തിന് ഉത്തരം നല്‍കി കുല്‍ദീപ് യാദവ്

തനിക്ക് പന്തെറിയാനാകാത്ത ഇതിന് മുമ്പ് റിട്ടയര്‍ ചെയ്ത അന്താരാഷ്ട്ര ക്രിക്കറ്റര്‍മാരില്‍ ആരുടെ വിക്കറ്റ് നേടുകയെന്നതാണ് ആഗ്രഹമെന്ന ചോദ്യത്തിന് ഉത്തരം നല്‍കി കുല്‍ദീപ് യാദവ്. ഇത്തരത്തില്‍ ഒരു വിക്കറ്റ് നേടണമന്നുണ്ടെങ്കില്‍ അത് സച്ചിന്റെയാണെന്നാണ് കുല്‍ദീപ് യാദവ് പറഞ്ഞത്. എന്നാല്‍ സച്ചിന്‍ ഇന്ത്യന്‍ ടീമിലുള്ള താരമായതിനാല്‍ അത് സാധ്യമല്ലെന്നും പകരം ആരുടെ വിക്കറ്റ് നേടണമെന്നതിനും കുല്‍ദീപിന്റെ കൈയ്യില്‍ ഉത്തരമുണ്ട്.

വിന്‍ഡീസ് താര ബ്രയന്‍ ലാറയും ഓസ്ട്രേലിയന്‍ താരം മൈക്കല്‍ ക്ലാര്‍ക്കിന്റെയും വിക്കറ്റ് നേടുകയെന്നതാണ് തന്റെ നടക്കാതെ പോയ ആഗ്രഹമെന്ന് കുല്‍ദീപ് വ്യക്തമാക്കി.

ഷെയിന്‍ വോണിനെന്നും പ്രിയം സിഗറെറ്റുകള്‍ – മൈക്കല്‍ ക്ലാര്‍ക്ക്

ഷെയിന്‍ വോണിന് മറ്റെന്തിനെക്കാളും പ്രിയം സിഗറെറ്റുകളോടായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ഷെയിന്‍ വോണ്‍ എന്നും വിവാദങ്ങളുടെ നായകനായിരുന്നു. കളിക്കളത്തിലും പുറത്തുമെല്ലാം വോണ്‍ വാര്‍ത്തകള്‍ സൃഷ്ടിച്ച് മുന്നേറുന്നത് അന്നത്തെ പതിവ് കാഴ്ചയായിരുന്നു.

ഷെയിന്‍ വോണിന്റെ കടുംപിടുത്തം വളരെ പ്രസിദ്ധമാണെന്നും സിഗറെറ്റ് വലിക്കുവാന്‍ അനുവദിച്ചാല്‍ മാത്രമേ പരിശീലനത്തിന് വരുവെന്ന് മുഖ്യ കോച്ചുമാരോട് പറയുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും മൈക്കല്‍ ക്ലാര്‍ക്ക് ഓര്‍ത്തെടുത്ത് പറഞ്ഞു. പരിശീലനത്തിനെത്തുമ്പോള്‍ ഒപ്പം സിഗറെറ്റും അനുവദിക്കണമെന്നും അല്ലെങ്കില്‍ തന്നെ നോക്കേണ്ടെന്നും കോച്ച് ജോണ്‍ ബുക്കന്നാനിനോട് താരം പറഞ്ഞിട്ടുണ്ടെന്ന് ക്ലാര്‍ക്ക് സൂചിപ്പിച്ചു.

ആഷസ് 2006-07ന് മുമ്പ് മൂന്ന് ദിവസത്തെ പരിശീലന ക്യാമ്പിന് ടീം തയ്യാറായപ്പോള്‍ താരങ്ങളോട് ടിഷര്‍ട്ട്, പാന്റ്സ്, സോക്സ്, അടിവസ്ത്രങ്ങള്‍ എന്നിങ്ങനെ ആവശ്യമായ സാധനം കരുതുവാന്‍ കോച്ച് ആവശ്യപ്പെട്ടിരുന്നു. കോച്ചിനോട് തര്‍ക്കിച്ച് ഒരു പ്രധാന വസ്തു ഒഴിവാക്കി ഒരു പാക്ക് സിഗറെറ്റ് കൊണ്ടുപോകുവാന്‍ വോണിന് അനുമതി ലഭിക്കുകയുണ്ടായി.

എന്നാല്‍ തന്റെ മൂന്ന് ജോഡി അടിവസ്ത്രവും മൂന്ന് ജോഡി സോക്സും മാറ്റി വോണ്‍ അതില്‍ ആറ് പാക്കറ്റ് സിഗറെറ്റ് നിറയ്ക്കുകയായിരുന്നുവെന്ന് ക്ലാര്‍ക്ക് പറഞ്ഞു. രാത്രി ഇരുട്ടത്ത് വേറെ ഒന്നും കാണുവാനാകില്ലെങ്കിലും വോണ്‍ സിഗറെറ്റ് പുകയ്ക്കുന്നത് കാണാമായിരുന്നുവെന്ന് ക്ലാര്‍ക്ക് പറഞ്ഞു.

വോണിന്റെ അവസാനത്തെ പരമ്പരയായിരുന്നു 2006-07 ആഷസ് പരമ്പര. അതില്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി 22 വിക്കറ്റുകളാണ് ഷെയിന്‍ വോണ്‍ നേടിയത്. ഒരു കാലത്ത് റെക്കോര്‍ഡ് ആയിരുന്ന 708 വിക്കറ്റുകളെന്ന ടെസ്റ്റ് റെക്കോര്‍ഡ് സൃഷ്ടിച്ച ശേഷം വോണ്‍ വിരമിച്ചുവെങ്കിലും പിന്നീട് മുത്തയ്യ മുരളീധരന്‍ അതിനെ മറികടന്നു

ആരോടെങ്കിലും നന്നായി പെരുമാറിയാല്‍ കിട്ടുന്നതല്ല ഐപിഎല്‍ സ്ഥാനം, ക്ലാര്‍ക്കിന് മറുപടിയായി വിവിഎസ് ലക്ഷ്മണ്‍

വിരാട് കോഹ്‍ലി ഓസ്ട്രേലിയന്‍ താരങ്ങള്‍ സ്ലെഡ്ജ് ചെയ്യാത്തത് ഐപിഎല്‍ കരാര്‍ നഷ്ടമാകുമോയെന്ന ഭയത്താലാണെന്ന് മൈക്കല്‍ ക്ലാര്‍ക്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വിവിഎസ് ലക്ഷ്മണ്‍. ഒരാളോട് നന്നായി പെരുമാറിയാല്‍ ലഭിയ്ക്കുന്നതല്ല ഐപിഎല്‍ ടീമിലെ സ്ഥാനം എന്ന് വിവിഎസ് ലക്ഷ്മണ്‍ ക്ലാര്‍ക്കിന്റെ പരാമര്‍ശത്തിന് മറുപടിയായി പറഞ്ഞു.

ക്ലാര്‍ക്കിന്റെ ആ പരമാര്‍ശത്തോട് ഒരു തരത്തിലും തനിക്ക് യോജിക്കാനാകുന്നില്ലെന്നാണ് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടത്. കളിക്കാരന്റെ കഴിവ് നോക്കിയാണ് ഏത് ടീമും താരങ്ങള തിരഞ്ഞെടുക്കുന്നത്. കളി ജയിപ്പിക്കുവാനുള്ള കഴിവുള്ള താരങ്ങളെയാണ് ഫ്രാഞ്ചൈസികള്‍ തിരഞ്ഞെടുക്കുന്നത്, അല്ലാതെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നോക്കിയല്ലെന്ന് ലക്ഷ്മണ്‍ വ്യക്തമാക്കി.

ഇന്ത്യന്‍ താരത്തോട് സൗഹൃദം കാത്ത് സൂക്ഷിച്ചുവെന്ന് കരുതി ആര്‍ക്കും ഐപിഎല്‍ കരാര്‍ ലഭിച്ചിട്ടില്ല. ഐപിഎല്‍ ലേലത്തില്‍ സണ്‍റൈസേഴ്സിന്റെ മെന്റര്‍ എന്ന നിലയില്‍ പങ്കെടുക്കുമ്പോള്‍ നമ്മള്‍ നോക്കുന്ന മാനദണ്ഡം ക്ലാര്‍ക്ക് പറഞ്ഞത് പോലെയല്ലെന്നും അന്താരാഷ്ട്ര തലത്തില്‍ മികവ് പുലര്‍ത്തിയ താരങ്ങളെയും കഴിവുള്ള താരങ്ങളെയുമാണ് തങ്ങളെ പോലെ ഏത് ഫ്രാഞ്ചൈസിയും തിരഞ്ഞെടുക്കുക എന്ന് ലക്ഷ്മണ്‍ പറഞ്ഞു.

കുക്കിനു വേണ്ടത്ര അംഗീകാരം ലഭിച്ചിരുന്നില്ല: മൈക്കിള്‍ ക്ലാര്‍ക്ക്

ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ടെസ്റ്റ് താരത്തിനു അര്‍ഹിക്കുന്ന ബഹുമാനം കിട്ടിയില്ലെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക്. അലിസ്റ്റര്‍ കുക്കിനെ മാന്യമായ പ്രവൃത്തിയുടെ ഉടമയെന്നും ക്രിക്കറ്റിന്റെ മികച്ച അംബാസിഡര്‍ എന്നും വിശേഷിപ്പിച്ച ക്ലാര്‍ക്ക് താരം ഒരിക്കലും വിവാദങ്ങളില്‍ പെട്ടിരുന്നില്ലെന്നും പറഞ്ഞു. ഗ്രൗണ്ടിലായാലും പുറത്തായാലും അധികം വാര്‍ത്തകളില്‍ ഇടം പിടിക്കാത്ത താരമായിരുന്നു കുക്കെന്നും തന്റെ കളിയുടെ പേരില്‍ മാത്രം മാധ്യമങ്ങളില്‍ തന്റെ സാന്നിധ്യം തെളിയിച്ച വ്യക്തിയാണ് കുക്കെന്നും ക്ലാര്‍ക്ക് പറഞ്ഞു.

എന്നാല്‍ കുക്കിന്റെ സേവനങ്ങള്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിച്ചുവോയെന്ന് തനിക്ക് സംശയമുണ്ടെന്ന് ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു. ലോകത്ത് വിവിധ പിച്ചുകളിലും മത്സര സാഹചര്യങ്ങളിലും റണ്‍സ് കണ്ടെത്തിയ താരമാണ് കുക്ക്, എന്നാല്‍ അത് വേണ്ടത്ര രീതിയില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടോയെന്ന് തനിക്ക് സംശയമുണ്ടെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി.

Exit mobile version