ഹൈദരാബാദിനെ തോൽപ്പിച്ച് KKR കിരീടം ഉയർത്തും എന്ന് ഹെയ്ഡൻ

ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം KKR സ്വന്തമാക്കും എന്ന് ഓസ്ട്രേലിയൻ ഇതിഹാസ താരം മാത്യു ഹെയ്ഡൻ. സുനിൽ നരെയ്‌നും വരുൺ ചക്രവർത്തിയും ഫൈനലിൽ നിർണായക പങ്ക് വഹിക്കുമെന്നും മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മാത്യു ഹെയ്‌ഡൻ കരുതുന്നു. മെയ് 26 ഞായറാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ എസ്ആർഎച്ചിനെ ആണ് ഹൈദരാബാദ് നേരിടേണ്ടത്.

കൊൽക്കത്തക്ക് ഫൈനലിനു മുമ്പ് കാര്യമായി വിശ്രം ലഭിച്ചതും അവരുടെ മികച്ച സ്പിൻ അറ്റാക്കും ഫൈനലിൽ ഹൈദരാബാദിനു മേൽ ആധിപത്യം നേടാൻ സഹായിക്കും എന്ന് ഹെയ്ഡൻ പറയുന്നു.

“കുറച്ച് ദിവസങ്ങൾ വിശ്രം ഉള്ളതിനാൽ KKR ഫൈനൽ വിജയിക്കുമെന്ന് എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്, സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ ശക്തിയും ദൗർബല്യവും എന്താണെന്ന് മനസ്സിലാക്കാൻ അവർക്ക് ആയി. സ്പിന്നിനെ സഹായിക്കുന്ന പിച്ച നരെയ്ൻ്റെയും വരുൺ ചക്രവർത്തിയുടെയും മികച്ച സ്‌പിന്നുകൾ നിർണായകമാകും എന്ന് എനിക്ക് തോന്നുന്നു, ”സ്റ്റാർ സ്‌പോർട്‌സിൽ മാത്യു ഹെയ്‌ഡൻ പറഞ്ഞു.

ഷമി തിരിച്ചെത്തിയത് മുതൽ എതിർ ബാറ്റേഴ്സിന് കണ്ണീർ മാത്രം എന്ന് ഹെയ്ഡൻ

ഇന്ത്യക്കായി മികച്ച പ്രകടനം നടത്തുന്ന മുഹമ്മദ് ഷമിയ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മാത്യു ഹെയ്‌ഡൻ. ഷമിയുടെ തിരിച്ചുവരവിന് ശേഷം അദ്ദേഹം എതിർ ബാറ്റർമാർ കണ്ണീരൊഴുക്കുക മാത്രമാണ് ചെയ്തത് എന്ന് ഹെയ്ഡൻ പറഞ്ഞു.

“മുഹമ്മദ് ഷമി ഈ ടീമിൽ തിരിച്ചെത്തിയത് മുതൽ, എതിർ ബാറ്റ്‌സ്മാൻമാർക്ക് കണ്ണീർ അല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല. അവൻ സിമ്പിളായ ബൗളിംഗിലൂടെ തന്റെ വഴി കൊത്തിയെടുത്തു. ഒരു അത്ഭുതവുമില്ല, സീമിന്റെ മികച്ച അവതരണം മാത്രമേയുള്ളൂ.” ESPNCricinfo-യിൽ സംസാരിക്കവേ ഹെയ്ഡൻ പറഞ്ഞു.

“അദ്ദേഹത്തിന് പന്ത് രണ്ട് വഴിക്കും ചലിപ്പിക്കാനും കഴിയും. ഇത് പെർഫെക്ഷൻ ആണ്. ഈ ലോകകപ്പിൽ ഞങ്ങൾ പലപ്പോഴും ബാറ്റിംഗിനെക്കുറിച്ച് സംസാരിക്കാറുണ്ട്, പക്ഷേ മുഹമ്മദ് ഷമിയുടെ ബൗളിംഹ് ഗംഭീരമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളെ ഫൈനലില്‍ നേരിടുന്നവര്‍ പേടിക്കണം, കാരണം ടീമിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്ത് വന്നിട്ടില്ല – മാത്യു ഹെയ്ഡന്‍

പാക്കിസ്ഥാന്‍ ടീമിനെ ആരാണോ ഫൈനലില്‍ നേരിടുന്നത് അവര്‍ പേടിക്കേണ്ടതുണ്ടെന്ന് പറഞ്ഞ് ടീം മെന്റര്‍ മാത്യു ഹെയ്ഡന്‍. ടീമിന്റെ ഏറ്റവും മികച്ച പ്രകടനം ഇതുവരെ വന്നിട്ടില്ലെന്നാണ് താന്‍ കരുതുന്നതെന്നും അതിനാൽ തന്നെ തങ്ങളെ ഫൈനലില്‍ നേരിടുന്നവര്‍ കരുതിയിരിക്കണം എന്നും ഹെയ്ഡന്‍ സൂചിപ്പിച്ചു.

പാക്കിസ്ഥാനെ അവരുടെ ദിവസത്തിൽ ആര്‍ക്കും പിടിച്ച് കെട്ടാനാവില്ലെന്നും ബാബറും റിസ്വാനും ഇന്ന് ചെയ്തത് അവര്‍ വര്‍ഷങ്ങളായി ചെയ്യുന്ന കാര്യം ആണെന്നും ഹെയ്ഡന്‍ കൂട്ടിചേര്‍ത്തു.

അവിശ്വസനീയമായ ഫാസ്റ്റ് ബൗളിംഗ് ആണ് ടീം ടൂര്‍ണ്ണമെന്റിലുടനീളം കാഴ്ചവെച്ചതെന്നും ഹെയ്ഡന്‍ പറഞ്ഞു.

ഓസ്ട്രേലിയന്‍ ടീമിൽ “ഫ്രഷ്നെസ്സ്” ആവശ്യം – മാത്യു ഹെയ്‍ഡന്‍

ടി20 ലോകകപ്പിൽ നിന്ന് പുറത്തായ ഓസ്ട്രേലിയന്‍ ടീമിൽ ഏറെ മാറ്റങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞ് മാത്യു ഹെയ്ഡന്‍. ടീമിൽ ഫ്രഷ് ഫേസുകള്‍ ആണ് വേണ്ടതെന്നും മാത്യു ഹെയ്ഡന്‍ വ്യക്തമാക്കി. ഓസ്ട്രേലിയന്‍ ടീമിൽ ഇടം നേടിയ താരങ്ങളോടെല്ലാം തനിക്ക് ബഹുമാനം ആണെന്നും അവരെല്ലാം ടീമിൽ ഇടം നേടുവാന്‍ അര്‍ഹരാണെങ്കിലും ടീമിൽ പുതുമുഖങ്ങളെ പരീക്ഷിക്കേണ്ട ഘട്ടം എത്തിയെന്നാണ് ഹെയ്ഡന്‍ പറഞ്ഞത്.

2003 ലോകകപ്പ് സമയത്ത് ഏകദിന ടീമിൽ നിന്ന് ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ മാര്‍ക്ക് വോയെ ഒഴിവാക്കി തന്നെ ഓപ്പണര്‍ ആയി പരീക്ഷിച്ചത് ഇത്തരത്തില്‍ ഒരു നീക്കം ആയിരുന്നുവെന്നും. ഇനിയും ഇത്തരത്തിൽ പ്രഭാവം സൃഷ്ടിക്കാന്‍ കഴിവുള്ള പ്രതിഭകള്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റിൽ ധാരാളം ഉണ്ടെന്നും ഹെയ്ഡന്‍ വ്യക്തമാക്കി.

ഹെയ്ഡൻ വീണ്ടും പാകിസ്താൻ ടീമിനൊപ്പം

ഐ‌സി‌സി പുരുഷ ടി20 ലോകകപ്പിനായി ഒരുങ്ങുന്ന പാകിസ്താൻ അവരുടെ ടീം മെന്ററായി ഓസ്‌ട്രേലിയയുടെ ഇതിഹാസ ബാറ്റർ ഹെയ്ഡനെ നിയമിച്ചു. ഇത് രണ്ടാം തവണയാണ് ഹെയ്ഡൻ ഈ ചുമതലയേൽക്കുന്നത്‌. മുമ്പ് 2021 ലോകകപ്പിലും ഹെയ്ഡൻ പാകിസ്താനൊപ്പം ഉണ്ടായിരുന്നു‌. അന്ന് പാകിസ്ഥാൻ ടൂർണമെന്റിൽ സെമിഫൈനലിൽ എത്തിയിരുന്നു.

ന്യൂസിലൻഡ് ടി20 ഐ ത്രിരാഷ്ട്ര പരമ്പരയ്ക്ക് ശേഷമാകും ഹെയ്ഡൻ പാകിസ്താൻ ടീമിനൊപ്പം ചേരുക. ഒക്ടോബർ 23ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയ്‌ക്കെതിരെ ആണ് പാകിസ്താന്റെ ലോകകപ്പിലെ ആദ്യ മത്സരം. അതിനു മുമ്പ് പാകിസ്ഥാൻ രണ്ട് സന്നാഹ മത്സരങ്ങൾ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ എന്നിവയർക്കെതിരെ കളിക്കും.

റിയാന്‍ പരാഗിന് ചെറിയൊരു ഉപദേശവുമായി മാത്യു ഹെയ്ഡന്‍

ഐപിഎലില്‍ തേര്‍ഡ് അമ്പയര്‍ ക്യാച്ച് ആണോ അല്ലയോ എന്ന് വിധിക്കുന്നത് ആദ്യമായൊന്നുമല്ല എന്നാൽ താനെടുത്ത ക്യാച്ച് തേര്‍ഡ് അമ്പയര്‍ നിഷേധിച്ചതിൽ പ്രതിഷേധിച്ച അടുത്ത ക്യാച്ച് എടുത്ത ശേഷം തറയിൽ മുട്ടിക്കുന്ന തരത്തിൽ ആംഗ്യം കാണിക്കുകയായിരുന്നു.

ലക്നൗവിനെതിരെയുള്ള രാജസ്ഥാന്റെ മത്സരത്തിലെ 19ാം ഓവറിൽ സ്റ്റോയിനിസിന്റെ ക്യാച്ചാണ് പരാഗ് എടുത്തപ്പോള്‍ അത് തേര്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിധിച്ചത്. വീണ്ടും സ്റ്റോയിനിസിനെ തന്നെ പിടിച്ചാണ് പരാഗ് തന്റെ ഈ ചെയ്തിയുമായി മുന്നോട്ട് വന്നത്.

ഒട്ടനവധി മുന്‍ താരങ്ങള്‍ പരാഗിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ചപ്പോള്‍ യുവ താരത്തിനോട് തനിക്ക് നൽകുവാനുള്ള ഉപദേശം ദൈര്‍ഘ്യമേറിയ കളിയാണ് ക്രിക്കറ്റ് എന്നും അതിനാൽ തന്നെ വിധി ഇന്നൊന്നാണെങ്കിൽ നാളെ മറ്റൊന്നായിരിക്കുമെന്ന് ഓര്‍ക്കണം എന്നായിരുന്നുവെന്നാണ് മുന്‍ ഓസ്ട്രേലിയന്‍ താരം മാത്യൂ ഹെയ്ഡന്‍ പറഞ്ഞത്.

 

ഫകര്‍ സമന്‍ ടീമിനായി നിര്‍ണ്ണായക സേവുകള്‍ നടത്തുന്നു – മാത്യു ഹെയ്ഡന്‍

ബാറ്റിംഗ് ഫോമിലല്ലെങ്കിലും പാക്കിസ്ഥാന്‍ ടീമിൽ നിര്‍ണ്ണായക സംഭാവനകളാണ് ഫകര്‍ സമന്‍ നല്‍കുന്നതെന്ന് പറഞ്ഞ് ടീം ബാറ്റിംഗ് കോച്ച് മാത്യു ഹെയ്ഡന്‍. നാല് ഇന്നിംഗ്സുകളിൽ താരം 54 റൺസാണ് നേടിയിട്ടുള്ളത്. അതേ സമയം ഫീൽഡിംഗിൽ ഓരോ മത്സരത്തിലും 5-10 റൺസ് വരെ താരം സേവ് ചെയ്യുന്നുണ്ടെന്നും അതിനാൽ തന്നെ ടീമിലെ നിര്‍ണ്ണായക താരമാണ് ഫകര്‍ സമന്‍ എന്നും ഹെയ്ഡന്‍ പറഞ്ഞു.

താരം ഫോമിലേക്ക് മടങ്ങിയെത്തുവാന്‍ അധിക സമയം ഒന്നുമില്ലെന്നും അതിനാൽ തന്നെ തനിക്ക് താരത്തിന്റെ ഫോം ഔട്ടിനെക്കുറിച്ച് വലിയ ചിന്തയില്ലെന്നും ഹെയ്ഡന്‍ സൂചിപ്പിച്ചു. പാക്കിസ്ഥാന് ആഡം സംപയ്ക്കെതിരെ മികവ് പുലര്‍ത്തുവാന്‍ ഫകര്‍ സമന്റെ സാന്നിദ്ധ്യം ഗുണം ചെയ്യുമെന്നും ഹെയ്ഡന്‍ വ്യക്തമാക്കി.

വിവാദ പരാമര്‍ശം, വിശദീകരണവുമായി ഹെയ്ഡന്‍

ഇന്ത്യന്‍ താരങ്ങള്‍ ഐപിഎലില്‍ 130 കിലോമീറ്റര്‍ വേഗതയിലുള്ള പന്തുകള്‍ മാത്രം നേരിട്ട ശേഷം ഷഹീന്‍ അഫ്രീദിയുടെ പേസ് ബൗളിംഗിന് മുന്നിൽ ചൂളിപ്പോയതാണെന്നുള്ള പാക്കിസ്ഥാന്‍ ബാറ്റിംഗ് കോച്ച് മാത്യു ഹെയ്‍ഡന്റെ പരാമര്‍ശത്തിൽ വിശദീകരണവുമായി ഹെയ്ഡന്‍ തന്നെ രംഗത്ത്.

താന്‍ ഐപിഎലിലെ പേസര്‍മാരെ വിലകുറച്ച് കണ്ടതല്ല എന്നും മിക്ക ഫ്രാഞ്ചൈസികള്‍ക്കും മികച്ച പേസര്‍മാരുണ്ടെന്നും ഹെയ്ഡന്‍ പറഞ്ഞു. എന്നാൽ ഷഹീന്‍ അഫ്രീദിയ്ക്ക് പേസും സ്വിംഗും ഉണ്ടെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും ഐപിഎലില്‍ മികച്ച പേസ് ബൗളര്‍മാരുണ്ടേലും സ്വിംഗും പേസും ഒരു പോലെ എറിയുന്ന ബൗളര്‍മാരെ മോഡേൺ ക്രിക്കറ്റിൽ അധികം കാണാനില്ലെന്നാണ് താനുദ്ദേശിച്ചതെന്നും ഹെയ്ഡന്‍ വിശദീകരിച്ചു.

2007ലെ ആ സംഭവത്തിന് ശേഷം തന്നോട് രണ്ട് മൂന്ന് വര്‍ഷത്തോളം ഹെയ്ഡന്‍ സംസാരിച്ചിട്ടില്ല – റോബിന്‍ ഉത്തപ്പ

2007ല്‍ താനും മാത്യൂ ഹെയ്ഡനും തമ്മിലുണ്ടായ സ്ലെഡ്ജിംഗ് സംഭവത്തിന് ശേഷം താരം തന്നോട് മൂന്ന് വര്‍ഷത്തോളം സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞ് റോബിന്‍ ഉത്തപ്പ. ഡര്‍ബനില്‍ നടന്ന മത്സരത്തില്‍ തുടങ്ങിയ വാക്പോര് വളരെ മോശം രീതിയിലേക്ക് മാറുകയായിരുന്നുവെന്നും ഉത്തപ്പ പറഞ്ഞു.

ഹെയ്ഡന്‍ വ്യക്തിപരമായും താരമായും തന്നെ പ്രഛോദിപ്പിച്ച ഒരു താരമായിരുന്നുവെന്നും അതിനാല്‍ തന്നെ അദ്ദേഹവുമായി ഒരു വാക്പോര് നടത്തുക വലിയ പ്രയാസമായിരുന്നുവെന്നും റോബിന്‍ ഉത്തപ്പ വ്യക്തമാക്കി. മത്സരം തങ്ങള്‍ വിജയിച്ചുവെങ്കിലും താന്‍ വളരെ അധികം ഉറ്റുനോക്കുന്ന ഒരു വ്യക്തി തന്നോട് ഏതാനും വര്‍ഷങ്ങള്‍ സംസാരിക്കാത്ത സാഹചര്യമുണ്ടാക്കിയെന്നും ഉത്തപ്പ പറഞ്ഞു.

അപകട സാധ്യത മുൻപിൽ കണ്ട് ഇന്ത്യ – ഓസ്ട്രേലിയ പരമ്പര നടത്തേണ്ടെന്ന് ഹെയ്ഡൻ

കൊറോണ വൈറസ് മൂലമുള്ള അപകട സാധ്യത മുൻപിൽകണ്ടുകൊണ്ട് ഇന്ത്യ – ഓസ്ട്രേലിയ പരമ്പര നടത്തേണ്ടെന്ന് മുൻ ഓസ്‌ട്രേലിയൻ താരം മാത്യു ഹെയ്ഡൻ. കൊറോണ വൈറസ് പടരുന്നതിനിടെ ഒക്ടോബർ-നവംബർ മാസത്തിൽ ഓസ്ട്രേലിയയിൽ വെച്ച് ടി20 ലോകകപ്പ് നടക്കാനുള്ള സാധ്യതയില്ലെന്നും ഹെയ്ഡൻ പറഞ്ഞു.

കൊറോണ വൈറസ് ബാധ ലോകത്താകമാനം പടർന്നതിനെ തുടർന്ന്  ഇന്ത്യൻ പ്രീമിയർ ലീഗ് അടക്കം മുഴുവൻ ക്രിക്കറ്റ് മത്സരങ്ങളും നിർത്തിവെക്കേണ്ടി വന്നിരുന്നു. ഇതേ തുടർന്ന് ഈ വർഷം നടക്കേണ്ട ടി20 ലോകകപ്പും ഇന്ത്യ – ഓസ്ട്രേലിയ പരമ്പരയും നടക്കുമോ എന്ന കാര്യം സംശയത്തിലായിരുന്നു.

ഈ ഒരു ഘട്ടത്തിൽ ക്രിക്കറ്റ് മത്സരങ്ങൾ നടക്കാനുള്ള ഒരു സാധ്യതയും താൻ കാണുന്നില്ലെന്നും ടി20 ലോകകപ്പ് നടക്കുകയാണെങ്കിൽ കളിക്കാരുടെയും ആരാധകരുടെയും സുരക്ഷാ ഐ.സി.സി ഉറപ്പുവരുത്തണമെന്നും ഹെയ്ഡൻ പറഞ്ഞു. നിലവിൽ ഓസ്ട്രേലിയയിൽ യാത്രാവിലക്ക് ഉള്ളതുകൊണ്ട് തന്നെ ഒരു ആഗോള ടൂർണമെന്റ് നടക്കാനുള്ള സാധ്യത വളരെ കുറവാണെന്നും ഹെയ്ഡൻ പറഞ്ഞു.

മംഗൂസ് ബാറ്റ് ഉപയോഗിക്കരുതെന്ന് ധോണി തന്നോട് ആവശ്യപ്പെട്ടു – ഹെയ്ഡന്‍

തന്നോട് മംഗൂസ് ബാറ്റ് ഉപയോഗിക്കരുതെന്ന് ധോണി ആവശ്യപ്പെട്ടിരുന്നുവെന്ന് പറഞ്ഞ് മാത്യു ഹെയ്ഡന്‍. 2010 ഐപിഎല്‍ സീസണില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ 43 പന്തില്‍ നിന്ന് 93 റണ്‍സ് നേടിയ മാത്യൂ ഹെയ്ഡന്റെ ഈ ഇന്നിംഗ്സ് തന്റെ ഏറ്റവും മികച്ച ഐപിഎല്‍ നിമിഷമെന്നാണ് സുരേഷ് റെയ്‍ന വ്യക്തമാക്കിയത്. എന്നാല്‍ ധോണി തന്നോട് ഈ ബാറ്റ് ഉപയോഗിച്ചരുതെന്നു ആവശ്യപ്പെടുകയായിരുന്നു അദ്ദേഹത്തിന് ഇത് ഒട്ടും ഇഷ്ടപ്പട്ടിരുന്നില്ലെന്നും ഹെയ്ഡന്‍ വ്യക്തമാക്കി.

തന്നോടൊപ്പം ആ ബാറ്റ് ഇപ്പോളുമുണ്ടെന്നാണ് ഹെയ്ഡന്‍ പറഞ്ഞത്. ധോണി ഐപിഎലില്‍ തന്നോട് അത് ഉപയോഗിക്കരുതെന്ന് പറഞ്ഞുവെങ്കിലും തന്റെ തീരുമാനം വളരെ ശരിയാണെന്നാണ് ഹെയ്ഡന്‍ പറയുന്നത്. താങ്കള്‍ എന്ത് ആവശ്യപ്പെട്ടാലും അത് തരാം പക്ഷേ ഈ ബാറ്റ് ഉപയോഗിക്കരുതെന്നാണ് തന്നോട് ധോണി പറഞ്ഞത്. എന്നാല്‍ താന്‍ പന്ത് അടിക്കുമ്പോള്‍ സാധാരണയിലും കൂടുതല്‍ ദൂരം അത് പോകുന്നുണ്ടായിരുന്നുവെന്നും മാത്യൂ ഹെയ്ഡന്‍ വ്യക്തമാക്കി.

എന്നാല്‍ 2010ന് ശേഷം ക്രിക്കറ്റില്‍ അധികമാരും ആ ബാറ്റ് ഉപയോഗിച്ചില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.

ബ്രിസ്ബെയിനില്‍ തന്റെ മുഖത്ത് ഇടിക്കുമെന്ന് പറഞ്ഞ ഹെയ്ഡന്‍ പിന്നീട് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ തന്റെ അടുത്ത സുഹൃത്തായി – പാര്‍ത്ഥിവ് പട്ടേല്‍

ഓസ്ട്രേലിയന്‍ ഓപ്പണറും ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ തന്റെ സഹ ഓപ്പണറുമായിരുന്ന മാത്യു ഹെയ്ഡനുമായുള്ള രസകരമായ അനുഭവം പങ്കുവെച്ച് പാര്‍ത്ഥിവ് പട്ടേല്‍. തനിക്ക് വെറും 18 വയസ്സുള്ളപ്പോളുള്ള കാര്യമാണ് പാര്‍ത്ഥിവ് ഈ ലോക്ക്ഡൗണ്‍ കാലത്ത് ആരാധകരുമായി പങ്കുവെച്ചത്. ബ്രിസ്ബെയിനില്‍ 2004ല്‍ മാത്യു ഹെയ്ഡന്‍ പുറത്തായി പവലിയനിലേക്ക് മടങ്ങുമ്പോളുള്ളതാണ് ഈ സംഭവം.

ഇന്ത്യ നല്‍കിയ 304 റണ്‍സ് ലക്ഷ്യം ചേസ് ചെയ്ത ഓസ്ട്രേലിയയെ മാത്യു ഹെയ്ഡന്‍ ശതകവുമായി മുന്നോട്ട് നയിച്ചുവെങ്കിലും 109 റണ്‍സില്‍ ഇര്‍ഫാന്‍ പത്താന്‍ പുറത്താക്കുകയായിരുന്നു. ഇന്ത്യ പിന്നീട് മത്സരം 19 റണ്‍സിന് വിജയിച്ചു.ഹെയ്ഡന്‍ പുറത്തായ ശേഷം അന്ന് വെള്ളം കൊണ്ടുപോകുകയായിരുന്നു പാര്‍ത്ഥിവ് താരത്തെ കളിയാക്കി – ഹൂ ഹൂ എന്ന് ശബ്ദമുണ്ടാക്കിയിരുന്നു. തിരിച്ച് പാര്‍ത്ഥിവ് മടങ്ങുമ്പോള്‍ ബ്രിസ്ബെയിനിലെ ഡ്രസ്സിംഗ് റൂമിലേക്കുള്ള ടണലിന്റെ അവിടെ ഹെയ്ഡന്‍ തന്നെ കാത്തിരിക്കുകയായിരുന്നുവെന്ന് പാര്‍ത്ഥിവ് പറഞ്ഞു.

ഇത് ഒരു തവണ കൂടി ആവര്‍ത്തിക്കുകയാണെങ്കില്‍ നിന്റെ മുഖത്ത് ഇടി വീഴുമെന്നാണ് അന്ന് ഹെയ്ഡന്‍ പാര്‍ത്ഥിവിനോട് പറഞ്ഞു. താന്‍ മാപ്പ് പറഞ്ഞപ്പോള്‍ താരം നടന്നകന്നുവെന്നും പാര്‍ത്ഥിവ് സൂചിപ്പിച്ചു. പിന്നീട് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എത്തിയപ്പോള്‍ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായെന്നും പാര്‍ത്ഥിവ് വ്യക്തമാക്കി. ഹെയ്ഡന്റെ കൂടെ ഓപ്പണിംഗ് ചെയ്യുക വളരെ അധികം താന്‍ ആസ്വദിച്ചിരുന്നുവെന്നും ബ്രിസ്ബെയിനിലെ സംഭവം മറന്ന് ഞങ്ങള്‍ മികച്ച സുഹൃത്തുക്കളായെന്നും പാര്‍ത്ഥിവ് അഭിപ്രായപ്പെട്ടു.

Exit mobile version