ഫൈനലില്‍ രണ്ടാം സീഡിനെ അട്ടിമറിച്ച് ലക്ഷ്യ സെന്‍

ബെല്‍ജിയന്‍ ഇന്റര്‍നാഷണല്‍ ചലഞ്ചില്‍ കിരീട നേട്ടവുമായി ഇന്ത്യയുടെ ലക്ഷ്യ സെന്‍. ഇന്ന് നടന്ന ഫൈനലില്‍ രണ്ടാം സീഡായ വിക്ടര്‍ സ്വെന്‍ഡെന്‍സെനിനെ അട്ടിമറിച്ചാണ് ലക്ഷ്യയുടെ ഈ സീസണിലെ ആദ്യ കിരീട നേട്ടം. ഡെന്മാര്‍ക്കിന്റെ 24 വയസ്സുകാരന്‍ താരത്തെ നേരിട്ടുള്ള ഗെയിമിലാണ് ഇന്ത്യയുടെ 18 വയസ്സുകാരന്‍ കീഴടക്കിയത്.

സ്കോര്‍: 21-14, 21-15.

ലക്ഷ്യ സെന്നിനെ മറികടന്ന് സൗരഭ് വര്‍മ്മ, പ്രണോയയ്ക്ക് വീണ്ടും പൊരുതി നേടിയ വിജയം

യോനക്സ് യുഎസ് ഓപ്പണിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് സൗരഭ് വര്‍മ്മയും എച്ച് എസ് പ്രണോയ്‍യും. സൗരഭ് വര്‍മ്മ സഹ താരം ലക്ഷ്യ സെന്നിനെ മൂന്ന് ഗെയിം പോരാട്ടത്തില്‍ മറികടന്നപ്പോള്‍ പ്രണോയ് ദക്ഷിണ കൊറിയന്‍ താരത്തെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് കീഴടക്കിയത്. സൗരഭ്-ലക്ഷ്യ സെന്‍ പോരാട്ടം 53 മിനുട്ടാണ് നീണ്ട് നിന്നത്. 21-11, 19-21, 21-12 എന്ന സ്കോറിനായിരുന്നു ജയം.

ആദ്യ മത്സരത്തില്‍ അഞ്ച് മാച്ച് പോയിന്റുകള്‍ രക്ഷിച്ച ശേഷം ജയം സ്വന്തമാക്കിയ പ്രണോയ് ഇന്നത്തെ മത്സരത്തില്‍ കൊറിയയുടെ ക്വാംഗ് ഹീ ഹിയോയെ 21-16, 18-21, 21-16 എന്ന സ്കോറിനാണ് കീഴടക്കിയത്. മത്സരം 60 മിനുട്ടാണ് നീണ്ട് നിന്നത്.

5 മാച്ച് പോയിന്റ് രക്ഷിച്ച ശേഷം വിജയം പിടിച്ചെടുത്ത് പ്രണോയ്, ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍ വിജയം ലക്ഷ്യ സെന്നിന്

യുഎസ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ അട്ടിമറി വിജയവുമായി എച്ച് എസ് പ്രണോയ്. ജപ്പാന്റെ യു ഇഗാരാഷിയ്ക്കെതിരെ അഞ്ച് മാച്ച് പോയിന്റുകള്‍ രക്ഷിച്ച ശേഷം തകര്‍പ്പന്‍ ജയമാണ് പ്രണോയ് സ്വന്തമാക്കിയത്. ആദ്യ ഗെയിം 21-23ന് നഷ്ടമായ ശേഷം 16-20 എന്ന നിലയില്‍ മത്സരം കൈവിട്ടുവെന്ന നിലയില്‍ നിന്നാണ് പ്രണോയിയുടെ തിരിച്ചുവരവ്. 21-23, 24-22, 21-18 എന്ന സ്കോറിന് 84 മിനുട്ട് നീണ്ട മത്സരത്തിന് ശേഷമാണ് പ്രണോയ് ആദ്യ റൗണ്ട് കടമ്പ കടന്നത്.

അതേ സമയം ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍ കഴിഞ്ഞാഴ്ച കാനഡ ഓപ്പണ്‍ റണ്ണറപ്പായ പാരുപള്ളി കശ്യപിനെ ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തി ലക്ഷ്യ സെന്‍. നേരിട്ടുള്ള ഗെയിമില്‍ 21-11, 21-18 എന്ന സ്കോറിനായിരുന്നു ലക്ഷ്യ സെന്നിന്റെ വിജയം.

പോളിഷ് ഐസി ഫൈനലിലെത്തി ലക്ഷ്യ സെന്‍

പോളിഷ് ഐസി ബാഡ്മിന്റണ്‍ ഫൈനലില്‍ എത്തി ഇന്ത്യയുടെ യുവ താരം ലക്ഷ്യ സെന്‍. ഇന്നലെ നടന്ന സെമി മത്സരത്തില്‍ ടോപ് സീഡ് ഗോര്‍ കൊയ്‍ലോയെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെന്‍ ഫൈനലിലേക്ക് കടന്നത്. മൂന്ന് ഗെയിം പോരാട്ടത്തില്‍ ആദ്യ ഗെയിം കൈവിട്ട ശേഷമാണ് ആധികാരിക പ്രകടനവുമായി ലക്ഷ്യ വിജയം കുറിച്ചത്.

സ്കോര്‍: 16-21, 21-17, 21-14. ഫൈനലില്‍ കുന്‍ലാവട് വിടിഡ്സാര്‍ണ് ആണ് ലക്ഷ്യയുടെ എതിരാളി.

സ്വിസ്സ് ഓപ്പണിലെയും ചൈന മാസ്റ്റേഴ്സിലെയും പ്രകടനം ഇന്ത്യന്‍ താരങ്ങള്‍ക്ക് റാങ്കിംഗില്‍ മുന്നേറ്റം

ചൈന മാസ്റ്റേഴ്സിലെയും സ്വിസ്സ് ഓപ്പണിലെയും പ്രകടനത്തിന്റെ ബലത്തില്‍ ഏറ്റവും പുതിയ BWF റാങ്കിംഗില്‍ മികവ് പുലര്‍ത്തി ഇന്ത്യന്‍ താരങ്ങള്‍. ചൈന മാസ്റ്റേഴ്സിലെ പ്രകടനത്തിന്റെ ബലത്തില്‍ 28 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ലോക റാങ്കിംഗില്‍ 76ാം സ്ഥാനത്തേക്കുയര്‍ന്നിട്ടുണ്ട്. അതേ സമയം സ്വിസ്സ് ഓപ്പണിന്റെ ഫൈനല്‍ വരെ എത്തിയ സായി പ്രണീത് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 19ാം റാങ്കിലെത്തി.

ടൂര്‍ണ്ണമെന്റ് അട്ടിമറിയോടെ തുടങ്ങിയ ശുഭാങ്കര്‍ ഡേ തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കായ 43ാം സ്ഥാനത്തേക്ക് എത്തി. നാല് സ്ഥാനങ്ങളാണ് താരം മെച്ചപ്പെടുത്തിയത്.

ചൈന മാസ്റ്റേഴ്സ് സെമിയില്‍ പൊരുതി കീഴടങ്ങി ലക്ഷ്യ സെന്‍

ചൈന മാസ്റ്റേഴ്സിന്റെ പുരുഷ വിഭാഗം സെമി ഫൈനലില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നിനു തോല്‍വി. അത്യന്തം ആവേശകരമായ മത്സരത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് ഇന്ത്യയുടെ യുവതാരത്തിന്റെ പരാജയം. ആദ്യ ഗെയിം നഷ്ടപ്പെട്ടുവെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തി സെന്‍ രണ്ടാം ഗെയിം സ്വന്തമാക്കി മത്സരം മൂന്നാം ഗെയിമിലേക്ക് നീട്ടിയെങ്കിലും ചൈനയുടെ ഹോംഗ്യാംഗ് വെംഗിനോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

സ്കോര്‍: 9-21, 21-12, 17-21.

ചൈനീസ് താരത്തെ കീഴടക്കി ചൈന മാസ്റ്റേഴ്സ് സെമിയില്‍ എത്തി ലക്ഷ്യ സെന്‍

ചൈന മാസ്റ്റേഴ്സ് 2019ന്റെ സെമി ഫൈനലില്‍ കടന്ന് ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ചൈനയുടെ സെകി സോവിനെയാണ് ലക്ഷ്യ സെന്‍ പരാജയപ്പെടുത്തിയത്. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് താരത്തിന്റെ വിജയം. ആദ്യ ഗെയിമില്‍ പിന്നോട്ട് പോയ ശേഷമാണ് സെന്‍ മത്സരം സ്വന്തമാക്കിയത്.

61 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ 16-21, 21-15, 21-19 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ സെമി പ്രവേശനം.

സൈന തന്നെ സൂപ്പര്‍, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സിന്ധുവിനെ തോല്പിച്ച് ദേശീയ ചാമ്പ്യന്‍

കഴിഞ്ഞ വര്‍ഷത്തെ ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ വനിത വിഭാഗം ഫൈനലിന്റെ തനിയാവര്‍ത്തനം തന്നെയായിരുന്നു ഇത്തവണത്തെ ഫൈനലും. നിലവിലെ ചാമ്പ്യന്‍ സൈന നെഹ്‍വാലും പിവി സിന്ധുവും ഏറ്റുമുട്ടിയപ്പോള്‍ ഫലവും കഴിഞ്ഞ തവണത്തേത് തന്നെ. നേരിട്ടുള്ള ഗെയിമുകളില്‍ പിവി സിന്ധുവിനെ കീഴടക്കി സൈന നെഹ്‍വാല്‍ തന്റെ തുടര്‍ച്ചയായ രണ്ടാം കിരീടവും ആകെ നാലാമത്തെ കിരീടവുമാണ് സ്വന്തമാക്കിയത്.

21-18, 21-15 എന്ന സ്കോറിനായിരുന്നു സൈനയുടെ വിജയം.പുരുഷ വിഭാഗത്തില്‍ ലക്ഷ്യ സെന്നിനെ കീഴടക്കി സൗരഭ് വര്‍മ്മ തന്റെ മൂന്നാം കിരീടം സ്വന്തമാക്കി. 21-18, 21-13 എന്ന സ്കോറിനായിരുന്നു സൗരഭിന്റെ വിജയം.

ഫൈനലില്‍ പൊരുതി തോറ്റ് ലക്ഷ്യ സെന്‍, യൂത്ത് ഒളിമ്പിക്സില്‍ വെള്ളി മെഡല്‍

യൂത്ത് ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെട്ട് ലക്ഷ്യ സെന്‍. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ചൈനയുടെ ഷിഫെംഗ് ലീയോട് നേരിട്ടുള്ള ഗെയിമുകളിലാണ് തോറ്റതെങ്കിലും പൊരുതിയാണ് താരം കീഴടങ്ങിയത്. യൂത്ത് ഒളിമ്പിക്സില്‍ താരം മികച്ച ഫോമില്‍ കളിച്ചാണ് ഫൈനലിലേക്ക് എത്തിയതെങ്കിലും ഫൈനലില്‍ ചൈനീസ് താരം മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യന്‍ താരം പിന്നോട്ട് പോകുകയായിരുന്നു. രണ്ടാം ഗെയിമില്‍ നാല് മാച്ച് പോയിന്റുകള്‍ രക്ഷിച്ചാണ് താരം സ്കോര്‍ 19 വരെ എത്തിച്ചതെങ്കിലും ഗെയിം നേടുവാന്‍ ലക്ഷ്യ സെന്നിനു കഴിഞ്ഞില്ല.

15-21, 19-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം മത്സരത്തില്‍ അടിയറവ് പറഞ്ഞത്.

ഇന്തോനേഷ്യ മാസ്റ്റേഴ്സ് 2018, ലക്ഷ്യ സെന്നിനു രണ്ടാം ജയം

ഇന്തോനേഷ്യയ മാസ്റ്റേഴ്സ് ഓപ്പണ്‍ 2018ല്‍ രണ്ടാം ജയം സ്വന്തമാക്കി ലക്ഷ്യ സെന്‍. 21-14, 21-19 എന്ന സ്കോറിനു ഇന്തോനേഷ്യന്‍ താരം ഹാന്‍ഡോകോ യൂസഫിനെയാണ് ലക്ഷ്യ സെന്‍ പരാജയപ്പെടുത്തിയത്. 29 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. ഇന്നലെ ആദ്യ റൗണ്ടിലും ഇന്തോനേഷ്യ താരം ആല്‍ബെര്‍ട്ടോ ആല്‍വിനെ നേരിട്ടുള്ള സെറ്റുകളില്‍ ലക്ഷ്യ സെന്‍ പരാജയപ്പെടുത്തിയിരുന്നു.

35 മിനുട്ട് നീണ്ട ആ പോരാട്ടത്തില്‍ 21-17, 21-14 എന്ന സ്കോറിനാണ് ലക്ഷ്യ സെന്നിന്റെ ആദ്യ ജയം.

ലക്ഷ്യം നേടി ലക്ഷ്യ സെന്‍, ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റണ്‍ സ്വര്‍ണ്ണം

ഇന്ത്യയുടെ 53 വര്‍ഷത്തെ കാത്തിരിപ്പിനു അവസാനം കുറിച്ച് ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം സിംഗിള്‍സ് സ്വര്‍ണ്ണം നേടി ലക്ഷ്യ സെന്‍. ഇന്ന് നടന്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം തായ്‍ലാന്‍ഡിന്റെ കുന്‍ലാവുട് വിടിഡ്സസാണിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി ലക്ഷ്യ തന്റെ കരിയറിലെ ഏറ്റവും മികച്ച മുഹൂര്‍ത്തം സ്വന്തമാക്കുകയായിരുന്നു.

21-19, 21-18 എന്ന സ്കോറിനു ശക്തമായ ചെറുത്ത്നില്പിനെ അതിജീവിച്ചാണ് ഇന്ത്യന്‍ താരം സുവര്‍ണ്ണ നേട്ടം ഉറപ്പാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇനി ലക്ഷ്യം സ്വര്‍ണ്ണം, ലക്ഷ്യ സെന്‍ ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റണ്‍ ഫൈനലില്‍

ഏഷ്യ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിള്‍ ആണ്‍കുട്ടികളുടെ ഫൈനലില്‍ സ്ഥാനം ഉറപ്പിച്ച് ലക്ഷ്യ സെന്‍. നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. 21-14, 21-7 എന്ന സ്കോറിനു ഇന്തോനേഷ്യയുടെ ഐ എല്‍ റുംബൈയെയാണ് ലക്ഷ്യ പരാജയപ്പെടുത്തിയത്. ഫൈനലില്‍ സെന്‍ ഇനി ഒന്നാം സീഡ് തായ്‍ലാന്‍ഡിന്റെ കെ.വിടിഡ്സാര്‍ണിനെ നേരിടും.

2012ല്‍ പിവി സിന്ധു സ്വര്‍ണ്ണം നേടിയപ്പോളാണ് ഇന്ത്യ ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇതിനു മുമ്പ് ഫൈനലിലെത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version