ഡച്ച് ഓപ്പൺ നിലവിലെ ജേതാവായ ലക്ഷ്യ സെന്നിന് ഫൈനലില്‍ കാലിടറി

ഡച്ച് ഓപ്പൺ ഫൈനലില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് പരാജയം. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ ലക്ഷ്യ ലോ കീന്‍ യെവിനോട് നേരിട്ടുള്ള ഗെയിമിലാണ് പരാജയം ഏറ്റുവാങ്ങിയത്.

ലോക റാങ്കിംഗിൽ 25ാം സ്ഥാനത്തുള്ള ലക്ഷ്യ സെന്‍ നിലവിലെ ഡച്ച് ഓപ്പൺ ജേതാവായിരുന്നു. ടോപ് സീഡായ ഇന്ത്യന്‍ താരം ലോക റാങ്കിംഗിൽ 41ാം സ്ഥാനത്തുള്ള സിംഗപ്പൂര്‍ താരത്തിനോട് 12-21, 16-21 എന്ന സ്കോറിനാണ് പരാജയം ഏറ്റുവാങ്ങിയത്.

ലോക ഒന്നാം നമ്പര്‍ താരത്തോട് പരാജയപ്പെട്ട് എച്ച് എസ് പ്രണോയ്, ലക്ഷ്യ സെന്നിന് വിജയം

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ലക്ഷ്യ സെന്നിന് രണ്ടാം റൗണ്ടില്‍ വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ഫ്രാന്‍സിന്റെ തോമസ് റൗക്സലിനെയാണ് താരം പരാജയപ്പെടുത്തിയത്. 53 മിനുട്ട് നീണ്ട മത്സരത്തില്‍ നേരിട്ടുള്ള ഗെയിമിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. 21-18, 21-17 എന്ന സ്കോറിനായിരുന്നു ലക്ഷ്യ സെന്നിന്റെ വിജയം.

അതേ സമയം എച്ച് എസ് പ്രണോയ് നേരിട്ടുള്ള ഗെയിമില്‍ 15-21, 14-21 എന്ന സ്കോറിന് ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ടയോട് പരാജയം ഏറ്റുവാങ്ങി. ഇത് തുടര്‍ച്ചയായ എട്ടാം തവണയാണ് പ്രണോയ് ജപ്പാന്‍ താരത്തോട് പരാജയപ്പെടുന്നത്. ഇതുവരെ പ്രണോയ്ക്ക് ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരത്തിനോട് വിജയിക്കുവാന്‍ സാധിച്ചിട്ടില്ല.

രണ്ടാം റൗണ്ടില്‍ പൊരുതി കീഴടങ്ങി ലക്ഷ്യ സെന്‍

ഡെന്മാര്‍ക്ക് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ പൊരുതി തോറ്റ് ഇന്ത്യയുടെ ലക്ഷ്യ സെന്‍. ഇന്ന് നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ലോക റാങ്കിംഗില്‍ 37ാം നമ്പര്‍ താരം എച്ച്കെ വിട്ടിംഗസിനോടാണ് ലക്ഷ്യ കീഴടങ്ങിയത്. ആദ്യ ഗെയിം വിജയിച്ച ശേഷമാണ് ലക്ഷ്യ സെന്‍ മത്സരത്തില്‍ പിന്നില്‍ പോയത്.

21-15, 17-21, 17-21 എന്ന നിലയില്‍ 55 മിനുട്ട് നീണ്ട മത്സരത്തിന് ശേഷമാണ് ഇന്ത്യന്‍ യുവ താരം കീഴടങ്ങുന്നത്. ഇനി ടൂര്‍ണ്ണമെന്റില്‍ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ സാന്നിദ്ധ്യം ശ്രീകാന്ത് കിഡംബിയാണ്.

കിഡംബിയ്ക്ക് വിജയം, രണ്ടാം റൗണ്ടിലേക്ക്

ഡെന്മാര്‍ക്ക് ഓപ്പണ്‍ രണ്ടാം റൗണ്ടിലേക്ക് കടന്ന് ശ്രീകാന്ത് കിഡംബി. 21-12, 21-18 എന്ന നിലയില്‍ നേരിട്ടുള്ള ഗെയിമുകളില്‍ ലോക 52ാം നമ്പര്‍ താരം ടോബി പെന്റിയെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് മുന്നോട്ട് നീങ്ങിയത്. കൊറോണ പ്രതിസന്ധി ഉടലെടുത്ത ശേഷമുള്ള ആദ്യത്തെ ടൂര്‍ണ്ണമെന്റാണ് ഇത്.

ഇന്നലെ ലക്ഷ്യ സെന്‍ ക്രിസ്റ്റോ പോപോവിനെതിരെ 21-9, 21-15 എന്ന സ്കോറിന് വിജയം കരസ്ഥമാക്കിയിരുന്നു. വനിത വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങളാരും പങ്കെടുക്കുന്നില്ല.

 

മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തോട് പൊരുതി വീണ് ലക്ഷ്യ സെന്‍

മുന്‍ ലോക ഒന്നാം നമ്പര്‍ താരം വിക്ടര്‍ അക്സെല്‍സെന്നിനോട് പൊരുതി കീഴടങ്ങി ഇന്ത്യയുടെ ലക്ഷ്യ സെന്‍. ഇന്ന് ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ സിംഗിള്‍സിന്റെ രണ്ടാം റൗണ്ടിലാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം. ഡെന്മാര്‍ക്ക് താരവും ലോക റാങ്കിംഗില്‍ ഒരു കാലത്ത് ഒന്നാം റാങ്കും നേടിയ താരത്തോടാണ് 45 മിനുട്ട് പോരാട്ടത്തില്‍ ലക്ഷ്യ കീഴടങ്ങിയത്.

സ്കോര്‍: 17-21, 18-21. ഇതോടെ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ പുരുഷ വിഭാഗം സിംഗിള്‍സിലെ സാന്നിദ്ധ്യം അവസാനിച്ചു.

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ കടന്നത് സിന്ധുവും ലക്ഷ്യ സെന്നും മാത്രം

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ 2020ല്‍ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാം റൗണ്ടിലേക്ക് എത്തിയത് പിവി സിന്ധുവും ലക്ഷ്യ സെന്നും മാത്രം. സിംഗിള്‍സില്‍ സൈന, ശ്രീകാന്ത് കിഡംബി, പാരുപ്പള്ളി കശ്യപ്, സായി പ്രണീത് എന്നിവര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. വനിത ഡബിള്‍സ് ടീമിന് വിജയം കൊയ്യാനായിരുന്നു.

പിവി സിന്ധു 21-14, 21-17 എന്ന സ്കോറിന് അമേരിക്കയുടെ ബീവെന്‍ സാംഗിനെ പരാജയപ്പെടുത്തുകയായിരുന്നു. ലക്ഷ്യ സെന്‍ -ഹോങ്കോംഗിന്റെ ചീയുക്ക് യൂ ലീയെ, 17-21, 21-8, 21-17 എന്ന സ്കോറിന് പരാജയപ്പെടുത്തി. 59 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

അകാനെ യമാഗൂച്ചിയോടാണ് സൈനയുടെ തോല്‍വി. സ്കോര്‍: 11-21, 8-21. പാരുപ്പള്ളി കശ്യപ തന്റെ മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. സായി പ്രണീതിന് 12-21, 13-21 എന്ന നിലയിലായിരുന്നു തോല്‍വി. ശ്രീകാന്ത് കിഡംബിയും ആദ്യ റൗണ്ട് കടന്നില്ല. 15-21, 16-21 എന്ന സ്കോറിനായിരുന്നു ശ്രീകാന്തിന്റെ പരാജയം.

വനിത ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടിന്റെ എതിരാളികള്‍ മത്സരത്തിനിടയില്‍ പിന്മാറിയതോടെ ടീമിന് രണ്ടാം റൗണ്ടിലേക്ക് അവസരം ലഭിച്ചു.

കിഡംബിയ്ക്ക് കശ്യപിനെതിരെ ജയം, ലക്ഷ്യ സെന്‍ പുറത്ത്

സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ വിജയം കരസ്ഥമാക്കി ശ്രീകാന്ത് കിഡംബി. സഹ ഇന്ത്യന്‍ താരം പാരുപ്പള്ളി കശ്യപിനെതിരെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് കിഡംബിയുടെ വിജയം. ആദ്യ ഗെയിം കൈവിട്ട ശേഷം രണ്ടാം ഗെയിമില്‍ ആവേശപ്പോരാട്ടത്തിന് ശേഷം 22-20ന് ഗെയിം സ്വന്തമാക്കിയ കിഡംബി മൂന്നാം ഗെയിമും മത്സരവും സ്വന്തമാക്കുകയായിരുന്നു. 67 മിനുട്ട് നീണ്ട മത്സരത്തില്‍ 18-21, 22-20, 21-16 എന്ന സ്കോറിനാണ് കിഡംബിയുടെ വിജയം.

അതേ സമയം മുന്‍ ലോക ഒന്നാം നമ്പര്‍ താരം വാന്‍ ഹോ സണിനോട് നേരിട്ടുള്ള ഗെയിമില്‍ ലക്ഷ്യ സെന്‍ പരാജയപ്പെടുകയായിരുന്നു. സ്കോര്‍ 14-21, 17-21.

ശ്രീകാന്ത് കിഡംബിയ്ക്ക് ആദ്യ റൗണ്ടില്‍ ജയം, രണ്ടാം റൗണ്ടില്‍ എതിരാളി കശ്യപ്

സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ വിജയം കരസ്ഥമാക്കി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. റഷ്യയുടെ വ്ലാഡിമിര്‍ മാല്‍കോവിനെ നേരിട്ടുള്ള ഗെയിമില്‍ 21-12, 21-11 എന്ന സ്കോറിനാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്.

രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ പാരുപ്പള്ളി കശ്യപ് ആണ് ശ്രീകാന്തിന്റെ എതിരാളി. കശ്യപിന് ആദ്യ റൗണ്ടില്‍ വാക്കോവറാണ് ലഭിച്ചത്.

ആദ്യ റൗണ്ടില്‍ വാക്കോവര്‍ ലഭിച്ച മറ്റൊരു ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍ രണ്ടാം റൗണ്ടില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സണ്‍ വാന്‍ ഹോയെ നേരിടും.

ഡച്ച് ഓപ്പണ്‍ വിജയം, റാങ്കിംഗില്‍ കുതിച്ചുയര്‍ന്ന് ലക്ഷ്യ സെന്‍

ഡച്ച് ഓപ്പണിലെ കിരീട ജയം ലക്ഷ്യ സെന്നിനെ തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിലേക്ക് ഉയര്‍ത്തി. 18 വയസ്സുകാരന്‍ താരം 20 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി റാങ്കിംഗില്‍ തന്റെ ഏറ്റവും ഉയര്‍ന്ന റാങ്കായ 52ാം റാങ്കിലേക്ക് എത്തുകയായിരുന്നു. തന്റെ കരിയറിലെ ആദ്യ ബിഡബ്ല്യുഎഫ് ലോക ടൂര്‍ കിരീടമാണ് കഴിഞ്ഞാഴ്ച യുവ താരം നേടിയത്. കഴിഞ്ഞ ഏതാനും മാസമായി മികച്ച ഫോമിലാണ് താരം കളിക്കുന്നത്.

ഡച്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി ലക്ഷ്യ സെന്‍

തന്റെ കരിയറിലെ ആദ്യ ബിഡബ്ല്യുഎഫ് ടൂര്‍ കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ലക്ഷ്യ സെന്‍. ലോക റാങ്കിംഗില്‍ 160ാം സ്ഥാനത്തുള്ള ജപ്പാന്റെ യുസൂക്കേ ഒനോഡേരയെ മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടക്കിയാണ് ഇന്ത്യന്‍ താരം തന്റെ കിരീട നേട്ടം സ്വന്തമാക്കിയത്. ആദ്യ ഗെയിം കൈവിട്ടുവെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യ നടത്തിയത്. 63 മിനുട്ട് നീണ്ട മത്സരത്തിലാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം.

സ്കോര്‍: 15-21, 21-14, 21-15.

ഡച്ച് ഓപ്പണ്‍ ഫൈനലില്‍ കടന്ന് ലക്ഷ്യ സെന്‍

സ്വീഡിഷ് താരം ഫെലിക്സ് ബുറെസ്ട്ഡെടിനെ കീഴടക്കി ഡച്ച് ഓപ്പണ്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ലക്ഷ്യ സെന്‍. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ലക്ഷ്യ ഫെലിക്സിനെ നേരിട്ടുള്ള ഗെയിമില്‍ കീഴടക്കിയാണ് ടൂര്‍ണ്ണമെന്റ് ഫൈനലില്‍ കടന്നത്. 33 മിനുട്ട് നീണ്ട സെമിയില്‍ ഇന്ത്യന്‍ താരം പൂര്‍ണ്ണമായ ആധിപത്യം മത്സരത്തില്‍ നേടിയാണ് വിജയം കരസ്ഥമാക്കിയത്. സ്കോര്‍: 21-12, 21-9. ലോക റാങ്കിംഗില്‍ 75ാം റാങ്കുകാരനായ താരമാണ് ഫെലിക്സ്.

റാങ്കിംഗില്‍ ഉയര്‍ന്ന് ചാടി ലക്ഷ്യ സെന്‍, കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗിലേക്ക്

ബെല്‍ജിയന്‍ ഇന്റര്‍നാഷണല്‍ ചലഞ്ച് ടൂര്‍ണ്ണമെന്റ് വിജയിച്ച ഇന്ത്യന്‍ താരം ലക്ഷ്യ സെന്നിന് ബാഡ്മിന്റണില്‍ വലിയ മുന്നേറ്റം. കഴിഞ്ഞാഴ്ചയാണ് ടൂര്‍ണ്ണമെന്റിലെ രണ്ടാം സീഡായ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ സ്വെന്‍ഡെന്‍സെനിനെ ലക്ഷ്യ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി കിരീടം ചൂടിയത്. 12 സ്ഥാനങ്ങളോളം മെച്ചപ്പെടുത്തി ലോക റാങ്കിംഗില്‍ 67ാം സ്ഥാനത്തേക്കാണ് ലക്ഷ്യ സെന്‍ ഉയര്‍ന്നത്.

Exit mobile version