13 മെഡലുകളുമായി ഇന്ത്യ മടങ്ങുന്നു

യൂത്ത് ഒളിമ്പിക്സില്‍ നിന്ന് ഇന്ത്യയ്ക്ക് തലയയുര്‍ത്തി മടക്കം. 2014ല്‍ നടന്ന യൂത്ത് ഒളിമ്പിക്സില്‍ ഇന്ത്യ 2 മെഡലുകളാണ് നേടിയത്. ഒന്ന് ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യയ്ക്ക് നേടാനായതെങ്കില്‍ 2018ല്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 13 എണ്ണമായി. 3 സ്വര്‍ണ്ണം ഉള്‍പ്പെടെയാണ് ഈ നേട്ടമെന്നതും ഏറെ ശ്രദ്ധേയം. 9 വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ ഒളിമ്പിക്സ് അവസാനിക്കുമ്പോള്‍ സ്വന്തമാക്കിയിട്ടുള്ളത്. 17ാം സ്ഥാനത്താണ് ഇന്ത്യ.

29 സ്വര്‍ണ്ണവും 18 വെള്ളിയും 12 വെങ്കലവും ഉള്‍പ്പെടെ 59 മെഡലുകളുമായി റഷ്യയാണ് ഒന്നാം സ്ഥാനത്ത്. ചൈന(18, 9, 9 – 36) രണ്ടാം സ്ഥാനത്തും ജപ്പാന്‍ (15, 12, 12 -39) മൂന്നാം സ്ഥാനത്തും നിലകൊള്ളുന്നു.

ഫൈനലില്‍ പൊരുതി തോറ്റ് ലക്ഷ്യ സെന്‍, യൂത്ത് ഒളിമ്പിക്സില്‍ വെള്ളി മെഡല്‍

യൂത്ത് ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെട്ട് ലക്ഷ്യ സെന്‍. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ചൈനയുടെ ഷിഫെംഗ് ലീയോട് നേരിട്ടുള്ള ഗെയിമുകളിലാണ് തോറ്റതെങ്കിലും പൊരുതിയാണ് താരം കീഴടങ്ങിയത്. യൂത്ത് ഒളിമ്പിക്സില്‍ താരം മികച്ച ഫോമില്‍ കളിച്ചാണ് ഫൈനലിലേക്ക് എത്തിയതെങ്കിലും ഫൈനലില്‍ ചൈനീസ് താരം മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യന്‍ താരം പിന്നോട്ട് പോകുകയായിരുന്നു. രണ്ടാം ഗെയിമില്‍ നാല് മാച്ച് പോയിന്റുകള്‍ രക്ഷിച്ചാണ് താരം സ്കോര്‍ 19 വരെ എത്തിച്ചതെങ്കിലും ഗെയിം നേടുവാന്‍ ലക്ഷ്യ സെന്നിനു കഴിഞ്ഞില്ല.

15-21, 19-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം മത്സരത്തില്‍ അടിയറവ് പറഞ്ഞത്.

യൂത്ത് ഒളിമ്പിക്സ്: ഓസ്ട്രേലിയയോട് പൊരുതി തോറ്റ് ഇന്ത്യ

യൂത്ത് ഒളിമ്പിക്സില്‍ നാലാം മത്സരത്തില്‍ ഓസ്ട്രേലിയയോട് പൊരുതി കീഴടങ്ങി ഇന്ത്യ. 3-4 എന്ന സ്കോറിനാണ് ഇന്ത്യയുടെ തോല്‍വി. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ ഏകപക്ഷീയമായ 10 ഗോളിനും രണ്ടാം മത്സരത്തില്‍ ഓസ്ട്രിയയെ 9-1 എന്ന സ്കോറിനും കീഴടക്കിയ ഇന്ത്യ മൂന്നാം മത്സരത്തില്‍ കെനിയയെ 7-1 നു പരാജയപ്പെടുത്തിയിരുന്നു.

എന്നാല്‍ നാലാം മത്സരത്തില്‍ ഓസ്ട്രേലിയയോട് 4-3 എന്ന സ്കോറിനു ഇന്ത്യ പരാജയമേറ്റു വാങ്ങി. ആദ്യ പകുതിയില്‍ 2-1നു ഓസ്ട്രേലിയ മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ ഇരു ടീമുകളും രണ്ട് വീതം ഗോള്‍ നേടുകയായിരുന്നു. ആദ്യ പകുതിയില്‍ ആദ്യ ആറ് മിനുട്ടില്‍ തന്നെയാണ് മൂന്ന് ഗോളുകളും വീണത്. മൈല്‍സ് ഡേവിസ് രണ്ടാം മിനുട്ടിലും ജെയിംസ് കോളിന്‍സ് മൂന്നാം മിനുട്ടിലും നേടിയ ഗോളില്‍ ഓസ്ട്രേലിയ മുന്നിലെത്തിയപ്പോള്‍ ഇന്ത്യയ്ക്കായി ആറാം മിനുട്ടില്‍ വിവേക് സാഗര്‍ പ്രസാദ് ഗോള്‍ മടക്കി.

രണ്ടാം പകുതിയില്‍ അലിസ്റ്റര്‍ മുറേ ഓസ്ട്രേലിയയുടെ ലീഡ് ഉയര്‍ത്തി. വിവേക് സാഗര്‍ ഇന്ത്യയുടെയും തന്റെയും രണ്ടാം ഗോള്‍ നേടിയപ്പോള്‍ അടുത്ത മിനുട്ടില്‍ തന്നെ മരിയാസ് ബ്രാഡ്‍ലി ഓസ്ട്രേലിയയുടെ ലീഡ് ഉയര്‍ത്തി. ശിവം ആനന്ദ് ഇന്ത്യയ്ക്കായി മൂന്നാം ഗോള്‍ നേടി. 20 മിനുട്ടാണ് യൂത്ത് ഒളിമ്പിക്സില്‍ ഹോക്കിയുടെ സമയം.

ഇന്ത്യ ഇന്ന് അഞ്ചാം മത്സരത്തില്‍ കാനഡയെ നേരിടും. ഹോക്കി 5s എന്ന മത്സരയിനമാണ് യൂത്ത് ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

യൂത്ത് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണ്ണം

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് സൗരഭ് ചൗധരിയുടെ മികവില്‍ യൂത്ത് ഒളിമ്പിക്സില്‍ സ്വര്‍ണ്ണം നേടി ഇന്ത്യ. യൂത്ത് ഒളിമ്പിക്സിലെ ഇന്ത്യയുടെ മൂന്നാമത്തെ സ്വര്‍ണ്ണമാണ് ഇന്ത്യ പുരുഷ വിഭാഗം ഷൂട്ടിംഗിലെ 10മീറ്റര്‍ എയര്‍ പിസ്റ്റളില്‍ നിന്ന് സ്വന്തമാക്കിയത്. ഏഷ്യന്‍ ഗെയിംസിലും ഇതേ മത്സരയിനത്തില്‍ സൗരഭ് ചൗധരി സ്വര്‍ണ്ണം നേടിയിരുന്നു.

16 വയസ്സ് മാത്രമുള്ള സൗരഭ് ജൂനിയര്‍ ഷൂട്ടിംഗ് ലോക ചാമ്പ്യന‍ഷിപ്പിലും സ്വര്‍ണ്ണം നേടിയിരുന്നു. ഈ വര്‍ഷത്തെ മൂന്നാമത്തെ സ്വര്‍ണ്ണ മെഡലാണ് താരം സ്വന്തമാക്കുന്നത്.

യൂത്ത് ഒളിമ്പിക്സ്, ഇന്ത്യയ്ക്ക് വെള്ളി മെഡലോടെ തുടക്കം

അര്‍ജന്റീനയിലെ ബ്യൂണോസ് അയറെസില്‍ ആരംഭിച്ച യൂത്ത് ഒളിമ്പിക്സില്‍ മെഡല്‍ വേട്ട ആരംഭിച്ച് ഇന്ത്യ. 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ഇന്ത്യയുടെ സാഹു തുഷാര്‍ മാനെ വെള്ളി മെഡല്‍ നേടി ഇന്ത്യന്‍ യശസ്സുയര്‍ത്തിയത്. മത്സരയിനത്തില്‍ റഷ്യയുടെ ഗ്രിജോറി ഷാമാകോവ് സ്വര്‍ണ്ണവും സെര്‍ബിയയുടെ അലെക്സ മിട്രോവിച്ച് വെങ്കലവും നേടി.

 

 

Exit mobile version