നിസ്സാരം നിസ്സങ്ക, നിസ്സാരം ലങ്ക, ഓസ്ട്രേലിയയ്ക്കെതിരെ 8 വിക്കറ്റ് വിജയം

ടി20 ലോകകപ്പിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 181 റൺസ് നേടിയപ്പോള്‍ ശ്രീലങ്ക 18 ഓവറിൽ 184 റൺസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നേടി വിജയം കൈവരിച്ചു. അയര്‍ലണ്ടിനെ സിംബാബ്‍വേ നാളെ പരാജയപ്പെടുത്തുകയാണെങ്കില്‍ ഓസ്ട്രേലിയ ലോകകപ്പിൽ നിന്ന് പുറത്താകും.
രണ്ടാം ഓവറിൽ കുശൽ പെരേരയുടെ വിക്കറ്റ് ശ്രീലങ്കയ്ക്ക് നഷ്ടമായെങ്കിലും പതും നിസ്സങ്ക – കുശൽ മെന്‍ഡിസ് കൂട്ടുകെട്ട് ശ്രീലങ്കയെ മികച്ച സ്കോറിലേക്ക് നയിച്ചു. കുശൽ പെരേരയെ പുറത്താക്കിയ മാര്‍ക്കസ് സ്റ്റോയിനിസ് കുശൽ മെന്‍ഡിസിനെ പുറത്താക്കി ഈ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തുവെങ്കിലും 97 റൺസാണ് ശ്രീലങ്കയുടെ സ്കോറിലേക്ക് കൂട്ടിചേര്‍ത്തത്. 38 പന്തിൽ 51 റൺസാണ് കുശൽ മെന്‍ഡിസ് നേടിയത്.

മൂന്നാം വിക്കറ്റിൽ പതും നിസ്സങ്കയും പവന്‍ രത്നായകേയും ചേര്‍ന്ന് 79 റൺസ് നേടിയപ്പോള്‍ ശ്രീലങ്ക വിജയത്തിലേക്ക് വേഗത്തിലെത്തി. 52 പന്തിൽ നിസ്സങ്ക 100 റൺസ് നേടിയപ്പോള്‍ പവന്‍ രത്നായാകേ 15 പന്തിൽ 28 റൺസുമായി പുറത്താകാതെ നിന്നു.