കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടു

കണ്ണൂര്‍: സൂപ്പര്‍ ലീഗ് ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടു. സ്‌പെയിനിലെ മൂന്നാം ഡിവിഷന്‍ ക്ലബായ കള്‍ച്ചറല്‍ വൈ ഡിപോര്‍ട്ടിവ ലിയോനെസയുടെ സഹപരിശീലകനായി ചുമതലയേറ്റതോടെയാണ് കണ്ണൂര്‍ വാരിയേഴ്‌സിന്റെ മുഖ്യപരിശീലക സ്ഥാനം ഒഴിഞ്ഞത്.
രണ്ട് സീസണില്‍ കണ്ണൂര്‍ വാരിയേഴ്‌സിനെ പരിശീലിപ്പിച്ച മാനുവല്‍ സാഞ്ചസ്. ആദ്യ സീസണില്‍ ക്ലബിനെ സെമി ഫൈനലിലേക്കും രണ്ടാം സീസണില്‍ കന്നികിരീട നേട്ടത്തിലേക്കും എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. സൂപ്പര്‍ ലീഗ് കേരളയില്‍ നിരവധി റെക്കോര്‍ഡുകള്‍ സ്ഥാപിച്ചാണ് മടക്കം. സൂപ്പര്‍ ലീഗ് കിരീടം നേടുന്ന രണ്ടാമെത്തെ പരിശീലകനാണ് മാനുവല്‍. രണ്ട് സീസണില്‍ നിന്നായി ഒരു എവേ മത്സരം പോലും പരാജയപ്പെട്ടിട്ടില്ല.
എല്ലാ സൂപ്പര്‍ ലീഗ് ടീമുകളെയും പരാജയപ്പെടുത്തിയ പരിശീലകന്‍, തുടര്‍ച്ചയായി രണ്ട് സീസണില്‍ സൂപ്പര്‍ ലീഗ് കേരളയിലെ ടീമിനെ പരിശീലിപ്പിച്ച ആദ്യ പരിശീലകന്‍, തുടര്‍ച്ചയായി രണ്ട് തവണ സെമി ഫൈനലിലേക്ക് യോഗ്യത നേടിയ ആദ്യ പരിശീലകന്‍ എന്നീ റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ കുറിച്ചാണ് മടക്കം.
ഞാന്‍ ഇവിടെ നിന്ന് കൊണ്ടുപോകുന്നത് ഒരു ട്രോഫി മാത്രമല്ല. നമ്മള്‍ ഒരുമിച്ച് സൃഷ്ടിച്ച ഓര്‍മ്മകളാണ്. ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകുന്ന സൗഹൃദങ്ങളാണ്. കണ്ണൂര്‍ എന്റെ മറ്റൊരു വീടാണ്. നിങ്ങളെയെല്ലാം കാണാന്‍ ഞാന്‍ വീണ്ടും ഇവിടെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് നന്ദി. എന്ന് മാനുവല്‍ സാഞ്ചസ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.