സൂപ്പർ ലീഗ് കേരള സീസൺ -3; ഫോർസ കൊച്ചിക്കെതിരെ ആദ്യ മത്സരത്തിനൊരുങ്ങി മലപ്പുറം എഫ്‌സി

കൊച്ചി: സൂപ്പർ ലീഗ് കേരള മൂന്നാം സീസണിൽ മലപ്പുറം എഫ്‌സിയുടെ ആദ്യ മത്സരം ഇന്ന് (27-09-2026). കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഫോർസ കൊച്ചി എഫ്‌സിയാണ് മലപ്പുറം എഫ്‌സിയുടെ എതിരാളികൾ. രാത്രി 7.30 ന് നടക്കുന്ന മൽസരം സീസണിലെ എംഎഫ്സിയുടെ ആദ്യ എവേ മൽസരം കൂടിയാണ് . കഴിഞ്ഞ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ലീഗ് ഘട്ടത്തിലെ രണ്ടു കളിയിലും മലപ്പുറം ആധികാരിക ജയം നേടിയിരുന്നു. മൊറോക്കൻ പരിശീലകൻ കരീം ബെഞ്ചറിഫയുടെ നേതൃത്വത്തിലാണ് മലപ്പുറം എഫ്‌സി മൂന്നാം സീസണിൽ ഇറങ്ങുന്നത്.
ദക്ഷിണാഫ്രിക്കൻ ദേശീയ താരമായ ബൊംഗാനി സുംഗു, ഘാന സെന്റർ ബാക്ക് അബ്ദുൽ സമദ് അങ്കോ, അമദു സൊകൂന, ഗ്രേസ് യോമൂ, മൊറോക്കൻ മജീഷ്യൻ എൽഫോർസി തുടങ്ങിയ വിദേശ താരങ്ങൾ ടീമിന്റെ പ്രധാന കരുത്താണ്. മലയാളി താരങ്ങളായ അബ്ദുൽ ഹക്കു, അക്ബർ സിദ്ദിഖ്, സാലിം, റിഷാദ് പി.പി., മഷ്ഹൂർ ഷെരീഫ് എന്നിവർക്കൊപ്പം ഗോൾകീപ്പർ അർബാസ് ഉൾപ്പെടെയുള്ള താരങ്ങളും മലപ്പുറം നിരയിലുണ്ട്. പരിചയസമ്പന്നരായ വിദേശ താരങ്ങളും മികച്ച മലയാളി യുവനിരയും ഉൾപ്പെട്ട മികച്ച സംഘവുമായാണ് മലപ്പുറം എഫ്‌സി ഇത്തവണയെത്തുന്നത്.
അതേസമയം ബെൽജിയൻ പരിശീലകൻ വിറ്റൽ ബോർക്കൽമാൻസ് പരിശീലിപ്പിക്കുന്ന ഫോർസ കൊച്ചിയും മികച്ച താരനിരയുമായാണ് സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. രാഹുൽ രാജു,അലൻ സജി, മുഹമ്മദ് സലാ തുടങ്ങിയ താരങ്ങൾക്കൊപ്പം റെനാൻ,പൗലോ എൻറിക്, നഹ്യാൽ പെരേര തുടങ്ങിയ മികച്ച വിദേശ താരങ്ങളും ഫോർസ കൊച്ചി നിരയിലുണ്ട്. കഴിഞ്ഞ സീസണിൽ നിന്ന് വ്യത്യസ്തമായ സ്ക്വാഡുമായാണ് ഫോർസ കൊച്ചി പുതിയ സീസണിലെത്തുന്നത്. കൊച്ചിയിൽ നടക്കുന്ന ആദ്യ പോരാട്ടത്തിൽ ജയത്തോടെ മികച്ച തുടക്കം ലക്ഷ്യമിട്ടാണ് മലപ്പുറം എഫ്സി ഇറങ്ങുന്നത്.