CricketFeatured

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

Resizedimage 2026 09 26 22 33 31 1

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നാളെ( ഞായർ) നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. ഉച്ചയ്ക്ക് 2.30-നാണ് മത്സരം ആരംഭിക്കുന്നത്. സുരക്ഷയുടെ ഭാഗമായി രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധനയുണ്ടാകും. ടിക്കറ്റുള്ള കാണികളെ മാത്രമേ ഈ സമയത്തിന് ശേഷം കാര്യവട്ടം ഭാഗത്തേക്ക് കടത്തിവിടുകയുള്ളൂ.

മത്സരം കാണാനെത്തുന്നവർക്കായി വിവിധ ഇടങ്ങളിലായി വിപുലമായ പാർക്കിങ് സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കാണികൾക്കായി കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ്,കാര്യവട്ടം ഗവൺമെന്റ് കോളേജ്, ബി.എഡ് സെന്റർ കാര്യവട്ടം, എൽ.എൻ.സി.പി.ഇ ഗ്രൗണ്ട്, അൽസാജ് കൺവെൻഷൻ സെന്ററിലെ പാർക്കിങ് ​ഗ്രൗണ്ട്, ​ഗ്രീൻഫീൽഡ് സ്റ്റേഡിയം പാർക്കിങ് ​ഗ്രൗണ്ട് എന്നിവടങ്ങളിലാണ് പാർക്കിങ് ഏർപ്പെടുത്തിയിരിക്കുന്നത്. വിഐപികൾക്കും പൊലീസ് ഉദ്യോ​ഗസ്ഥർക്കും ഹൈവേ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് പുറകിലുള്ള സ്റ്റേഡിയം പാർക്കിങ് ​ഗ്രൗണ്ടിലും വിവിഐപികൾക്ക് ക്ലബ് ഹൗസിന് സമീപവുമാണ് പാർക്കിങ് ഒരുക്കിയിരിക്കുന്നത്. പാർക്കിങ് ഏരിയയിൽ നിന്ന് സ്റ്റേഡിയത്തിലേക്കും തിരികെ മത്സര ശേഷം പാർക്കിങ് ഏരിയയിലേക്കും കെസിഎ പ്രത്യേക വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മണി മുതൽ പാർക്കിങ് ഗ്രൗണ്ടുകൾ പ്രവർത്തിച്ചു തുടങ്ങും. റോഡിലെ തിരക്ക് കുറയ്ക്കുന്നതിനായി കാറുകളിൽ പരമാവധി ആളുകളെ ഉൾപ്പെടുത്തി യാത്ര ചെയ്യാൻ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.

നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കർശന ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെട്ടുറോഡ് വഴി തീരദേശ റോഡ് ഉപയോഗിക്കണം. ശ്രീകാര്യം ഭാഗത്തുനിന്ന് വരുന്നവർ ചാവടിമുക്ക്- കുളത്തൂർ വഴിയാണ് യാത്ര ചെയ്യേണ്ടത്. കൂടാതെ, ചെങ്കോട്ടുകോണം- കാര്യവട്ടം റൂട്ടിലും ഗതാഗത നിയന്ത്രണമുണ്ടാകും. സ്റ്റേഡിയം പരിസരത്തെ തിരക്ക് ഒഴിവാക്കാൻ സ്വകാര്യ വാഹനങ്ങൾ പരമാവധി ഒഴിവാക്കി കാണികൾ കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസുകളോ മറ്റ് പൊതുഗതാഗത സംവിധാനങ്ങളോ പ്രയോജനപ്പെടുത്തണം. ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളോട് പൊതുജനങ്ങൾ പൂർണമായി സഹകരിക്കണമെന്നും സിറ്റി പോലീസ് കമ്മിഷണർ അഭ്യർത്ഥിച്ചു.