സൂപ്പര്‍ ലീഗ് കേരള; കണ്ണൂര്‍ വാരിയേഴ്‌സ് പരിശീലനം ആരംഭിച്ചു

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സ് കിരീടം നിലനിര്‍ത്താനുറച്ച് പരിശീലനം ആരംഭിച്ചു. കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ സഹ പരിശീലകന്‍ ഷഫീഖ് ഹസ്സന്റെ നേതൃത്വത്തിലാണ് പരിശീലനം പുരോഗമിക്കുന്നത്. നിലവില്‍ എല്ലാ ഇന്ത്യന്‍ താരങ്ങളും ടീമിനൊപ്പമുണ്ട്. കൂടാതെ കണ്ണൂര്‍ വാരിയേഴ്‌സ് സംഘടിപ്പിച്ച സെലക്ഷന്‍ ട്രയല്‍സില്‍ നിന്ന് തിരഞ്ഞെടുത്ത പതിനൊന്ന് താരങ്ങളും ടീമിനൊപ്പം പരിശീലിക്കുന്നുണ്ട്. അവസാനഘട്ട പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന സെലക്ഷന്‍ ട്രയല്‍സിലെ താരങ്ങള്‍ക്ക് സീനിയര്‍ ടീമില്‍ ഇടം ലഭിക്കു.
മുഖ്യപരിശീലകന്‍ ആന്‍ഡ്രേ ചെര്‍ണിഷോവ്, മധ്യനിര താരങ്ങളായ അസിയര്‍ ഗോമസ്, എര്‍നെസ്റ്റന്‍ ലാവ്സാംബ, ഫ്രെഡറിക് അന്‍സ ബോച്ച്വേ പ്രതിരോധ താരം വാരോ അല്‍വാരസ് എന്നീ താരങ്ങളാണ് നിലവില്‍ കണ്ണൂര്‍ വാരിയേഴ്‌സിലെത്തിയ വിദേശ താരങ്ങള്‍. രണ്ട് അറ്റാക്കിംങ് താരങ്ങള്‍ കൂടി ടീമിലെത്തും. ഇവരുടെ പേര് വിവരം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മുഖ്യപരിശീലകനും വിദേശ താരങ്ങളും വരും ദിവസങ്ങളില്‍ ടീമിനൊപ്പം ചേരും. സെപ്റ്റംബര്‍ 25 ന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലാണ് കണ്ണൂര്‍ വാരിയേഴ്‌സിന്റെ ആദ്യ മത്സരം.
മുഖ്യപരിശീലകന്‍ നാളെ (26-08-2026) എത്തും
കണ്ണൂര്‍ വാരിയേഴ്‌സിന്റെ പുതിയ മുഖ്യപരിശീലകന്‍ ആന്‍ഡ്രേ ചെര്‍ണിഷോവ് ഇന്ന് എത്തും. വൈകീട്ട് 3.15 ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന മുഖ്യപരിശീലകന് കണ്ണൂര്‍ വാരിയേഴ്‌സ് ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്‌സ് സ്വീകരണം നല്‍ക്കും.