സൂപ്പര്‍ ലീഗിന് ഒരുങ്ങി കണ്ണൂർ ജവഹര്‍ സ്റ്റേഡിയം

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണിന് കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ പന്തുരുളും. സെപ്റ്റംബര്‍ 25 വെള്ളിയാഴ്ച രാത്രി 8ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തൃശൂര്‍ മാജിക് എഫ്സിയും ഏറ്റുമുട്ടും.
മത്സരത്തിനായി ജവഹര്‍ സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തി. ഗ്യാലറികളുടെ പെയിന്റിങ്, താല്‍ക്കാലിക ഫ്‌ലഡ് ലൈറ്റുകളുടെ സ്ഥാപിക്കല്‍, ഉപയോഗിക്കാന്‍ കഴിയാത്ത ഈസ്റ്റ് ഗ്യാലറിക്ക് മുന്നിലെ താല്‍ക്കാലിക ഗ്യാലറിയുടെ നിര്‍മാണം എന്നിവ പൂര്‍ത്തിയായി. താരങ്ങള്‍ക്കും ഒഫീഷ്യല്‍ സംഘങ്ങള്‍ക്കുമുള്ള ഡ്രസ്സിങ് റൂം, മെഡിക്കല്‍ റൂം, മീഡിയ റൂം, ബ്രോഡ്കാസ്റ്റിങ് റൂം തുടങ്ങിയവയുടെ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
സെക്യൂരിറ്റി ബാരിക്കേഡുകള്‍ സ്ഥാപിക്കല്‍ ഉള്‍പ്പെടെയുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. മത്സരത്തിനായി സ്റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും പൂര്‍ണ സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
പതിനാറായിരും ആരാധകര്‍ക്ക് കളി കാണാം
35,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ ഒരു വശം നിലവില്‍ ബലക്ഷയം കാരണം ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ 16,000 പേര്‍ക്കായിരിക്കും കളി കാണാന്‍ സാധിക്കുക. സൂപ്പര്‍ ലീഗ് കേരളയുടെ കഴിഞ്ഞ സീസണില്‍ ശരാശരി 15,356 പേരാണ് കണ്ണൂര്‍ വാരിയേഴ്‌സിന്റെ മത്സരം കാണാന്‍ ജവഹര്‍ സ്റ്റേഡിയത്തിലെത്തിയത്.
ടിക്കറ്റ് വില
ഗ്യാലറി മുതല്‍ ഡയറക്ടര്‍ ബോക്സ് വരെയാണ് ടിക്കറ്റുകള്‍. 199 രൂപ മുതല്‍ 1999 രൂപ വരെയാണ് ടിക്കറ്റ് വില വരുന്നത്. 199 രൂപയ്ക്ക് ജനറല്‍ സൗത്ത് ഗ്യാലറി, ബഫ് ഗ്യാലറി, 499 രൂപയുടെ പ്രീമിയം ബോക്സ്, 499 ഫാമിലി ടിക്കറ്റ് (ഫാമിലി ടിക്കറ്റില്‍ മാതാപിതാക്കള്‍ക്ക് പുറമെ 12 വയസ്സിന് താഴെയുള്ള രണ്ട് കുട്ടികള്‍ക്കും പ്രവേശിക്കാം), 1999 രൂപയുടെ ഡയറക്ടര്‍ ബോക്സ് എന്നിവയാണ് ഉള്ളത്.
ടിക്കറ്റ് വാങ്ങാം
സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണില്‍ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന കണ്ണൂര്‍ വാരിയേഴ്സിന്റെ അഞ്ച് ഹോം മത്സരങ്ങളുടെയും ടിക്കറ്റുകള്‍ www.kannurwarriorsfc.com എന്ന വെബ് സൈറ്റിലും www.skillboxes.com വെബ് സൈറ്റിലും അപ്പിളിക്കേഷനിലും ലഭ്യമാണ്. ഓഫ്ലൈന്‍ ടിക്കറ്റുകള്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ കിഴക്കേ കവാടത്തിന് എതിര്‍വശം പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപം പ്രത്യേകം തയ്യാറാക്കിയ ബോക്‌സ് ഓഫീസില്‍ നിന്ന് ലഭ്യമാണ്.
പാര്‍ക്കിംങ്
ജവഹര്‍ സ്റ്റേഡിയത്തില്‍ മത്സരം കാണാനെത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി വിവിധ ഇടങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പഴയ ബസ് സ്റ്റാന്‍ഡ്, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ്, ജി.വി.എച്ച്.എസ്.എസ്. സ്‌പോര്‍ട്‌സ് സ്‌കൂള്‍ ഗ്രൗണ്ട്, പോലീസ് മൈതാനം എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. മത്സരത്തിനെത്തുന്നവര്‍ക്ക് സൗകര്യപ്രദമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരാവുന്നതാണ്.
ടീമില്‍ എട്ട് കണ്ണൂര്‍ക്കാര്‍ കണ്ണൂരുകാര്‍
സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണിലേക്ക് ഒരുങ്ങുന്ന കണ്ണൂര്‍ വാരിയേഴ്സ് ടീമില്‍ എട്ട് കണ്ണൂര്‍ താരങ്ങള്‍. മുഹമ്മദ് സിനാന്‍, സച്ചിന്‍ സുനില്‍, ഷിബിന്‍ സാദ്, മുഹമ്മദ് മുഷ്റഫ്, ഹൃഷഭ് കെ, അദ്വൈദ് പി, ഗൗതം പി, മുഹമ്മദ് ഫിസാന്‍ ജാബിര്‍ എന്നിവരാണ് ടീമിലെ എട്ട് കണ്ണൂര്‍ താരങ്ങള്‍. കിരീടം നേടിയ കഴിഞ്ഞ സീസണില്‍ ഒമ്പത് കണ്ണൂര്‍ താരങ്ങളുണ്ടായിരുന്നു.